പേജുകള്‍‌

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

കഥകളിയുടെ കെടാവിളക്ക് - ശ്രീ. കെ. എസ്. മേനോൻ എഴുതിയ ലേഖനം-(ഭാഗം-3).

കേരള കലാമണ്ഡലത്തിൽ  മഹാകവി വള്ളത്തോളിന്റെ    വലംകയ്യായി പ്രവർത്തിച്ച ശ്രീ. എം. മുകുന്ദരാജാവിന്റെ മാതുലപുത്രൻ ശ്രീ.  കെ. എസ്സ്. മേനോൻ അവർകൾ എറണാകുളം കഥകളി ക്ലബ്ബിന്റെ മൂന്നാം വർഷത്തെ സോവനീയറിനു വേണ്ടി (1961- 1962-ൽ) എഴുതിയ ലേഖനം. ദക്ഷിണ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിലെത്തിയ  ഗുരു. കുഞ്ചുക്കുറുപ്പ് ആശാന്റെ വേഷങ്ങളെ പറ്റി ലേഖകൻ സ്മരിക്കുന്നുണ്ട്. ഈ     ഇന്റർനെറ്റ് കാലഘട്ടത്തിലെ  കഥകളിയുടെ വായനക്കാർക്കു വേണ്ടി ഇളകിയാട്ടത്തിൽ പ്രസ്തുത ലേഖനത്തിന്റെ മൂന്നാം  ഭാഗം പ്രസിദ്ധീകരിക്കുന്നു.


അപ്പോഴിതാ കഥകളി നഭോമണ്ഡലത്തിൽ ഒരു പുതിയ താരം ഉദിച്ചുയരുന്നു- മഹാകവി വള്ളത്തോൾ. ഒപ്പം അച്ഛന്റെ ഭാഗിനേയനായ ശ്രീ.മുകുന്ദരാജാവുമുണ്ട്. കാരണവപ്പാടു സ്ഥാനം കിട്ടുന്നതിനു മുൻപ് അച്ഛൻ മണക്കുളം കോവിലകത്തു താമസിക്കുന്ന കാലത്തുതന്നെ മഹാകവിയും അച്ഛനുമായി അടുപ്പമായിരുന്നു. കഥകളി പരിജ്ഞാനത്തിൽ വള്ളത്തോൾ അന്നും അദ്വിതീയൻ തന്നെയായിരുന്നു. കോവിലകത്തെ ചൊല്ലിയാട്ടം കാണാൻ മഹാകവി നിത്യമെന്നോണം വരാറുണ്ട്. അങ്ങിനെയിരിക്കെ കളിയോഗത്തിന്റെ ഭാരം ചുമക്കാൻ തനിക്ക് ഇനിയെത്രകാലം സാധിക്കുമെന്ന് അച്ഛന് ആശങ്ക തുടങ്ങി. 1097-ലാണെന്ന് തോന്നുന്നു, ഒരു ദിവസം മഹാകവിയും അച്ഛനും മുകുന്ദരാജാവും തമ്മിൽ നടന്ന സംഭാഷണത്തിനിടയ്ക്ക് ഈ വിഷയവും പരാമർശിക്കപ്പെട്ടു. കഥകളിയുടെ ഭാവി ഭദ്രമാകണമെങ്കിൽ സംഘടിതമായ ഒരു ഉദ്യമം കൂടാതെ പറ്റില്ല എന്ന തീരുമാനത്തിലാണ്, ക്രമത്തിൽ ഗൌരവ പൂർണ്ണമായിത്തീർന്ന ആ ചർച്ച ചെന്നെത്തിയത്. ആ ഉദ്യമത്തിന് മഹാകവി തന്നെ നേതൃത്വം നൽകാനും നിശ്ചയിച്ചു. പിന്നീടുള്ള സംഭവങ്ങളെല്ലാം കഥകളിപ്രിയർക്ക് സുപരിചിതം ആയിരിക്കുമല്ലോ? കേരള കലാമണ്ഡലത്തിന്റെ സംസ്ഥാപനത്തിലാണ് ആ സംഭവം ചെന്നു കലാശിച്ചത്. കലാമണ്ഡലദ്വാരാ മഹാകവിയും മുകുന്ദരാജാവും കൂടി കഥകളിക്കു നൽകിയ പുനരുജ്ജീവനവും നവചൈതന്യവും സീമാതീതമാണ്. ആ ചരിത്രമൊക്കെ അധുനാതനമാകയാൽ, കൂടുതൽ പറയേണ്ട ആവശ്യമില്ല. 

1106-ൽ കക്കാട്ടു കോവിലകത്ത്, അച്ഛന്റെ സാന്നിധാനത്തിൽ വെച്ചാണ്, കേരള കലാമണ്ഡലം ഉൽഘാടനം ചെയ്യപ്പെട്ടത്. തന്റെ കളിയോഗംവക കളിക്കോപ്പുകളെയും, വേഷക്കാരേയും, മേളക്കാരേയുമെല്ലാം അച്ഛൻ, ഭാവി കണ്ടറിഞ്ഞിട്ടോ എന്നു തോന്നുമാറ് കലാമണ്ഡലത്തിന് സമർപ്പിച്ചു. കോപ്പുകളും വാദ്യോപകരണങ്ങളുമെല്ലാം ദാനമായിട്ടുതന്നെയാണ് ആ ഔദാര്യനിധി കലാമണ്ഡലത്തിനു നൽകിയത്. അങ്ങിനെ തന്റെ വേഷം ആദ്യവസാനമായി ത്തന്നെ ആടിയിട്ട് സ്മര്യപുരുഷൻ തിരശീലക്കുള്ളിൽ മറഞ്ഞു- അതിനു ശേഷം "കഥകളിഅരങ്ങത്തേക്ക് " വന്നിട്ടില്ല. 1118 കന്നിയിൽ 82-ആം വയസ്സിൽ, വാർദ്ധക്ക്യസഹജമായ, സുഖക്കേട്‌ കൊണ്ട്; അച്ഛൻ ദിവംഗതനായി. 

"വാമനാവതാരത്തിനു" പുറമേ മൂന്നു ആട്ടക്കഥകൾ കൂടി അച്ഛൻ എഴുതുകയുണ്ടായി. ഓരോന്നിനുമുണ്ട് ഓരോ സവിശേഷത. വാമാനാവതാരത്തിൽ വാമനന്റെ 'വടു'വേഷമാണ് പുതുമയുടെ വശം. പ്രസിദ്ധീകൃതമായ മറ്റൊരു ആട്ടക്കഥയാണ് "ഗോപാലഘൃതകുംഭം". ഇത് കുഞ്ചുക്കുറുപ്പാശാൻ ചിട്ടപ്പെടുത്തി  അരങ്ങേറുകയും ചെയ്തിട്ടുണ്ട് എന്നാണ് ഓർമ്മ. ഭക്തിനിർഭരമാണ് കഥ. ഒരു ബ്രഹ്മചാരി ബാലനും, ഉണ്ണികൃഷ്ണനും, ബാലന്റെ അമ്മയും, ഗുരുവും, ഗുരുപത്നിയുമാണ്‌ പ്രധാനപാത്രങ്ങൾ. ഇന്ന് കയ്യെഴുത്തുപ്രതിപോലും കിട്ടാനില്ലാത്ത "നാഗാനന്ദ'വും "ദേവീമാഹാത്മ്യ"വുമാണ് മറ്റു രണ്ടു കഥകൾ. നാഗാനന്ദത്തിലെ ഇതിവൃത്തം സാക്ഷാൽ സംസ്കൃതനാടകത്തിലേതുതന്നെ. അഹിംസയാണ് പ്രധാന പ്രമേയം. ഇത് മറ്റു കഥകളിൽനിന്ന് ഇതിനെ ഒറ്റപ്പെടുത്തിയിരുന്നു. ഗാന്ധിജിയുടെ അഹിംസാ സന്ദേശം ആസേതുഹിമാലയം അലയടിക്കുന്ന കാലത്താണ് ഇതെഴുതപ്പെടുന്നത്. ദേവീമാഹാത്മ്യത്തിന്റെ പ്രത്യേകത, അതിലെ ആദ്യാവസാന കഥാപാത്രം ദുർഗ്ഗാദേവിയാണെന്നത്രേ. ഈ കഥകൾ രണ്ടും ഇന്നെവിടെയാണെന്നറിയില്ല. 

അച്ഛന്റെ  കലോപാസനാത്മകമായ ജീവിതത്തെക്കുറിച്ചുള്ള ഈ വിനീതപുത്രന്റെ സ്മരണ ബ്രുഹത്താണ്; സുന്ദരകലകളുടെ പരിപോഷണത്തിന്നായിത്തന്നെ സ്വജീവിതം സമർപ്പണം ചെയ്ത ആ കലോപാസകന്റെ സ്മരണയ്ക്കുമുമ്പിൽ നമോവാകം.
                                                                           (അവസാനിച്ചു.)

2 അഭിപ്രായങ്ങൾ:

  1. ഇത് കണ്ടുപിടിച്ച് പുന:പ്രസിദ്ധീകരിക്കാൻ സന്മനസ്സ് ഉണ്ടായതിനു നന്ദി രേഖപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  2. മൂന്നു ഭാഗങ്ങളും മനസ്സിരുത്തി വായിച്ചു. ഈ പുന: പ്രസിദ്ധീകരണത്തിനു നന്ദി. അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ