കേരള കലാമണ്ഡലത്തിൽ മഹാകവി
വള്ളത്തോളിന്റെ വലംകയ്യായി പ്രവർത്തിച്ച ശ്രീ. എം. മുകുന്ദരാജാവിന്റെ
മാതുലപുത്രൻ ശ്രീ. കെ. എസ്സ്. മേനോൻ അവർകൾ എറണാകുളം കഥകളി ക്ലബ്ബിന്റെ മൂന്നാം വർഷത്തെ സോവനീയറിനു വേണ്ടി (1961- 1962-ൽ) എഴുതിയ
ലേഖനം. ദക്ഷിണ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിലെത്തിയ ഗുരു.
കുഞ്ചുക്കുറുപ്പ് ആശാന്റെ വേഷങ്ങളെ പറ്റി ലേഖകൻ സ്മരിക്കുന്നുണ്ട്. ഈ ഇന്റർനെറ്റ് കാലഘട്ടത്തിലെ കഥകളിയുടെ വായനക്കാർക്കു വേണ്ടി ഇളകിയാട്ടത്തിൽ പ്രസ്തുത ലേഖനത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുന്നു.
കോവിലകത്തുവെച്ചുള്ള കളികൾ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് നടത്താറുള്ളത്. "ഇന്ന് കളി വേണം. എല്ലാവരും ഇല്ലേ?" ഉച്ച തിരിഞ്ഞ് മൂന്നോ നാലോ മണിയാകുമ്പോഴായിരിക്കും കൽപ്പന പുറപ്പെടുന്നത്. കഥയും വേഷക്കരേയും മറ്റും ഉടൻ നിശ്ചയിക്കും. ഈ കളികൾ നാലു മണിക്കൂറിലധികം നീണ്ടു നിൽക്കാറില്ല. അന്ന്, കഥകളിയെ സംബന്ധിച്ചിടത്തോളം, അതൊരു നീണ്ട സമയമല്ലല്ലൊ. കോവിലകത്തിന്റെ പടിഞ്ഞാറെ തിണ്ണയിലാണ് ഇത്തരം അരങ്ങുകൾ അധികവും നടത്തുക പതിവ്.
ഈ അരങ്ങുകളിൽ തന്റെ രസികത്തം മുഴുവൻ പ്രകടിപ്പിക്കാൻ അച്ഛൻ മടിക്കാറില്ല. കുഞ്ചുക്കുറുപ്പിനെക്കൊണ്ട് എന്തെല്ലാം വേഷങ്ങളാണ് കെട്ടിച്ചിട്ടുള്ളത്!. ഹനൂമാൻ, കാട്ടാളൻ, ലളിത- ഇതെല്ലാം അദ്ദേഹം കെട്ടിയത് ഈ ലേഖകൻ കണ്ടിട്ടുണ്ട്; ചുവന്ന താടി കെട്ടി കണ്ടിട്ടില്ല. ഒരു ഒന്നാംകിട നടന് എതു നിസ്സാരവേഷവും കെട്ടാമെന്നും അത് ഒന്നാംതരമാക്കാമെന്നും അച്ഛൻ കരുതിയിരുന്നു. ആ ധാരണ തികച്ചും ശരിയാണെന്ന് കുറുപ്പാശാൻ അനേകം തവണ തെളിയിച്ചിട്ടുണ്ട്. അവർക്ക് പരസ്പരം ഉണ്ടായിരുന്ന സ്നേഹാദരങ്ങൾക്ക് തെളിവാണ് ഈ സംഭവങ്ങൾ.
കോവിലകത്തിന്റെ മുറ്റത്ത് തയാറാക്കുന്ന പന്തലിൽ വെച്ച് നടത്തുന്ന 'മുഴുവൻ കളി'കളിൽപ്പോലും, പുലരുന്നതുവരെ അച്ഛൻ ചെണ്ട കൊട്ടിയിട്ടുണ്ട്- പുറപ്പാടും മേളപ്പദവുമടക്കം. ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞതിനുശേഷമുണ്ടായ ഇത്തരം രണ്ടു സംഭവങ്ങൾക്ക് ഈ ലേഖകൻ ദൃക്സാക്ഷിയാണ്. ഇവയിൽ ഒന്ന് വിശേഷിച്ചും എടുത്തു പറയേണ്ടതാണ്; സ്ഥലം ചിറ്റഞ്ഞൂർ കോവിലകം; കഥ ദക്ഷയാഗം- വീരഭദ്രനും ഭദ്രകാളിയും ദക്ഷന്റെ യാഗശാല തകർക്കുന്നതും, ദക്ഷനുമായി ഏറ്റുമുട്ടി യുദ്ധം ചെയ്യുന്നതുമായ ശബ്ദായമാനമായ രംഗം കൂടി, യാതൊരു കൂസലും കൂടാതെ, വാർദ്ധക്ക്യം പോലും മറന്ന്, ചെണ്ടമേൽ കൈകാര്യം ചെയ്തതോർക്കുമ്പോൾ ഇപ്പോഴാണ് അത്ഭുതം തോന്നുന്നത്. ഇതാണ് ശരിയായ കളിഭ്രാന്ത്.
ഈ ഭ്രാന്തിന് മറ്റൊരു ഉദാഹരണം പറയാം: അച്ഛൻ കുന്നംകുളത്ത് മണക്കുളം കോവിലകത്ത് താമസിക്കുന്ന കാലത്താണ് ഇതും സംഭവിക്കുന്നത്. യശശ്ശരീരനായ കാവുങ്കൽ ശങ്കരപ്പണിക്കരെന്ന അനുഗ്രഹീത നടനെ പറ്റി കേട്ടിട്ടില്ലാത്ത കഥകളി പ്രേമികൾ ഉണ്ടാകാൻ ഇടയില്ല. (കഥകളി രംഗത്തിന് കഴിവുറ്റ നടന്മാരെ സംഭാവന ചെയ്യുന്ന പാരമ്പര്യം കാവുങ്കൽ തറവാട് വളരെക്കാലമായി പുലർത്തിവരുന്നുണ്ട്. ഇന്നത്തെ കാവുങ്കൽ ശങ്കരൻകുട്ടിപ്പണിക്കരും, ചാത്തുണ്ണിപ്പണിക്കരും ആ പാരമ്പര്യത്തിന്റെ അവകാശികളാണ്.) എന്നാൽ ഒരു കാര്യം, അന്ന് പരക്കെ അറിവുള്ള സംഗതിയായിരുന്നുവെങ്കിലും, ഇന്ന് അധികംപേരും അറിഞ്ഞിരിക്കനിടയില്ല. അന്നത്തെ രാജശാസനപ്രകാരം ജാതിഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരിൽ ഒരാളായിരുന്നു കാവുങ്കൽ ശങ്കരപ്പണിക്കർ. അതുകാരണം പണിക്കരെ ക്ഷേത്രത്തിലേക്കും ഇല്ലങ്ങളിലേക്കും കളിക്ക് ക്ഷണിക്കാറില്ല. പക്ഷേ, അച്ഛന് ശങ്കരപ്പണിക്കരുടെ വേഷം കാണണമെന്ന് വലിയ ആഗ്രഹം. പണിക്കർക്കാകട്ടെ തന്റെ വേഷം അച്ഛനെ കാണിക്കണമെന്ന് അതിലധികം ആഗ്രഹം. ഈ ആഗ്രഹങ്ങൾ രണ്ടും ഒന്നിച്ചുചേർന്നപ്പോൾ ചിലതൊക്കെ സംഭവിച്ചു. അച്ഛൻ തന്റെ "വാമനാവതാരം" ആട്ടക്കഥ എഴുതിയതും പ്രസിദ്ധീകരിച്ചതും അതിനു കുറച്ചുമുമ്പായിരുന്നു. അത് ചിട്ടപ്പെടുത്തിയതും, അതിലെ പ്രധാന കഥാപാത്രമായ മഹാബലിയുടെ വേഷം ഇദംപ്രഥമമായി കെട്ടിയതും കുഞ്ചുക്കുറുപ്പാണ്. ശങ്കരപ്പണിക്കരെക്കൊണ്ട് 'മഹാബലി' കെട്ടിക്കണമെന്ന് അച്ഛനൊരു മോഹം. സ്വന്തം കോവിലകമുറ്റത്ത് പണിക്കരെ കേറ്റാൻതന്നെ പാടില്ല. പിന്നെയല്ലേ കളിപ്പിക്കുന്ന കാര്യം. എന്തു ചെയ്യും? അവസാനം അടുത്തുതന്നെയുള്ള ഒരു നായർവീട്ടിൽ വെച്ച് കളി നിശ്ചയിച്ചു. അച്ഛൻ അവിടെ പോയി കളികണ്ടു. കഥകളിയോഗം ശങ്കരപ്പണിക്കരുടേതുതന്നെ. മഹാബലി "വിശ്വജിദാഖ്യം മുഖ്യമഖം" നടത്തുവാൻ തീരുമാനിച്ച്, അതിന്റെ പ്ലാൻ കുലഗുരുവായ ശുക്രമഹർഷിക്ക് വിവരിച്ചു കൊടുക്കയാണ്. പ്രസ്തുത പദത്തിൽ ഇങ്ങിനെയൊരു ഭാഗമുണ്ട്;
"ദേവമാമുനികളൊക്കെ വരേണം;
ദേവോപദേവകുലവും വരേണം;
ഭാവമാർന്നപല നാരികളും, നര-
ദേവരും പലരുമിങ്ങുവരേണം."
ഇതിൽ "ഭാവമാർന്ന പല നാരികളും" എന്ന ഭാഗവും, അവരുടെ വരവും ശങ്കരപ്പണിക്കർ ഒന്നു വിസ്തരിച്ചഭിനയിച്ചു. അതെങ്ങിനെയായിരുന്നുവെന്ന് പണിക്കരുടെ വേഷം കണ്ടിട്ടുള്ളവരോട് പറയേണ്ട ആവശ്യമില്ല. ഇതിന്റെ ഫലം എന്തായിരുന്നു എന്നല്ലേ? അടുത്ത ദിവസമോ, അടുത്ത മറ്റൊരു അവസരത്തിലോ എന്ന് ഓർമ്മയില്ല, പണിക്കരെക്കൊണ്ട് സ്വന്തം കോവിലകമുറ്റത്തുതന്നെ അച്ഛൻ കളിപ്പിച്ചു! ആരും ഒന്നും പറഞ്ഞില്ല. അച്ഛന് ധൈര്യമായി. വീണ്ടും കളിപ്പിച്ചു. അപ്പോഴും ഒന്നുമുണ്ടായില്ല. അതിനു ശേഷം അച്ഛന്റെ നിർദ്ദേശം അനുസരിച്ച് പലപ്രാവശ്യവും മണക്കുളം കോവിലകമുറ്റത്ത് ശങ്കരപ്പണിക്കരുടെ കളിയുണ്ടായിട്ടുണ്ട്. ഭ്രഷ്ടിനെ കളിവാതിലിന് അകത്തേക്ക് കടത്താത്ത വിശിഷ്ടന്മാർ പലരും അച്ഛനോടൊപ്പം മുൻവരിയിൽത്തന്നെയിരുന്ന് കളി കണ്ട് തലകുലുക്കി "ബലേ, ഭേഷ്" എന്ന് പറഞ്ഞിട്ടുണ്ട്.
ഭ്രഷ്ട് എന്നെല്ലാം കേൾക്കുമ്പോൾ ഇന്നു നമുക്ക് ചിരിയാണ് വരുക. അന്നത്തെ സാമൂഹ്യ പരിതസ്ഥിതികളിൽ അത് സ്ത്രീ പുരുഷന്മാർക്ക് വരാവുന്ന ഗുരുതരമായ ഒരു പതിത്വമായിരുന്നു. ആദ്യമാദ്യം ശങ്കരപ്പണിക്കർ മുറ്റത്തു നിന്നുകൊണ്ടും, അച്ഛൻ മാളികമുകളിലിരുന്ന് ജനലിൽ കൂടി നോക്കിയുമാണ് സംസാരിച്ചിരുന്നത്. ക്രമേണ പണിക്കർ ഇറയത്തുകയറാനും, അച്ഛൻ താഴേക്കിറങ്ങിവന്ന് നേരിട്ട് സംസാരിക്കാനും തുടങ്ങി. ഒടുവിൽ, നിറഞ്ഞ സദസ്സിൽ വെച്ച് അച്ഛൻ ശങ്കരപ്പണിക്കർക്ക് ഓണപ്പുടവ നൽകാനും സന്നദ്ധനായി. അങ്ങിനെ, ജാതിഭ്രഷ്ടിനെ അച്ഛന്റെ കളിഭ്രാന്ത് നാമാവിശേഷമാക്കി.
1099-ലാണ് അച്ഛന് ചരിത്രപ്രസക്തിയുള്ള കക്കാട്ട് കാരണവപ്പാട് സ്ഥാനം ലഭിച്ചത്. തന്റെ ദേഹവും ദേഹിയുമായ കഥകളിയോഗത്തോടൊന്നിച്ച് അച്ഛൻ കക്കാട്ട് കോവിലകത്തേക്ക് താമസം മാറ്റി. ചൊട്ടിശങ്കുണ്ണി നായരും, കുഞ്ചുക്കുറുപ്പും, തലപ്പിള്ളി അപ്പുവും, മൂത്താൻ ഭാഗവതരും എല്ലാം ഒന്നിച്ചുണ്ടായിരുന്നു. അരക്കളിയായിട്ടും മുഴുക്കളിയായിട്ടും മറ്റും അവിടെയുമുണ്ടാകാറുണ്ട് ഇടയ്ക്കിടെ കളിയരങ്ങുകൾ. അരക്കളിയാണെങ്കിൽ കോവിലകത്തിനകത്ത്; മുഴുക്കളിയാണ് എങ്കിൽ പുറത്ത് ഇതായിരുന്നു ചിട്ട. മുഴുക്കളിയാണെങ്കിൽ മേളക്കാരെയും ചിലപ്പോൾ വേറെ വേഷക്കാരേയും പുറമേനിന്ന് ക്ഷണിച്ചുവരുത്തും. ഇങ്ങിനെ കഴിഞ്ഞു ചില വർഷങ്ങൾ.
( തുടരും )
തുടരട്ടെ തുടരട്ടെ. ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ