പേജുകള്‍‌

2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

കൈപ്പുഴ മഠത്തിൽ ഗണപതി - തോട്ടം ശങ്കരൻ നമ്പൂതിരിയുടെ സമകാലീകൻ.


ബ്രഹ്മശ്രീ. തോട്ടം ശങ്കരൻ നമ്പൂതിരിയുടെ സമകലീകനായ പ്രശസ്ത കഥകളി നടൻ ശ്രീ. തിരുവല്ലാ കൈപ്പുഴ മഠത്തിൽ ശ്രീ. ഗണപതി  അവർകളെ  പറ്റി പ്രൊഫസ്സർ: അമ്പലപ്പുഴ രാമവർമ്മ  എഴുതി 1980- ൽ പ്രസിദ്ധീകരിച്ച ലേഖനം.


തിരുവല്ലാ താലൂക്ക് അനവധി പ്രശസ്ത നടന്മാരെ കഥകളി ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അവരിൽ ബ്രഹ്മസ്വം കുഞ്ഞുപിള്ള കേരളത്തിന്റെ തെക്കും വടക്കും ഒരു പോലെ കേൾവി കേട്ട മഹാനടനായിരുന്നു. പിൽക്കാലത്ത് തോട്ടം ശങ്കരൻ നമ്പൂതിരിയോടൊപ്പം കൽക്കട്ടയിൽ പോയി ഉദയശങ്കറുടെ പ്രീതി ബഹുമാനങ്ങൾ ആർജ്ജിക്കുവാൻ ഭാഗ്യം സിദ്ധിച്ച അതിപ്രഗത്ഭനായ ഒരു നടനായിരുന്നു ശ്രീ. തിരുവല്ലാ കൈപ്പുഴ മഠത്തിൽ ഗണപതി (ഗണപതിപ്പണ്ടാരത്തിൽ അഥവാ  ഗണപതി തമ്പാൻ)

 ഗണപതിയെപറ്റി ഇന്നത്തെ കഥകളി പ്രേമികളിൽ മുതിർന്ന തലമുറയിൽപ്പെട്ടവർക്ക് പോലും വേണ്ടത്ര അറിവുണ്ടെന്നും തോന്നുന്നില്ല. ആ അനുഗഹീത നടൻ യവ്വനദശയിൽത്തന്നെ കാലയവനികയിൽ മറഞ്ഞതാവാം അതിനു കാരണം. അദ്ദേഹത്തിൻറെ വേഷങ്ങൾ പലതും കണ്ടിട്ടുള്ള വയോവൃദ്ധന്മാർ അത്യാവേശത്തോടെ അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നതു കേട്ടിട്ടുണ്ട്. ഈ ലേഖകന്റെ ബാല്യകാലത്ത് അദ്ദേഹത്തിൻറെ ഒരു കൃഷ്ണൻ (ദുര്യോധനവധത്തിൽ) കാണാൻ ഇടയായത് ഇന്നും അവ്യക്ത കാന്തിയോടെ പച്ചപിടിച്ചു നിൽക്കുന്നു. 

അന്നത്തെ കഥകളി പ്രേമികളുടെ കണ്ണിലുണ്ണിയും ആരാധ്യ പുരുഷനുമായിരുന്നു ഗണപതി. കേരളത്തിലുടനീളം അരങ്ങുകളിൽ പ്രത്യക്ഷപ്പെട്ട് ബഹുജന പ്രീതിനേടാൻ അൽപ്പായുസായിരുന്ന ആ ഹതഭാഗ്യവാനു കഴിഞ്ഞില്ല. കഥകളി  ലോകത്ത് ഏതാനും വർഷങ്ങൾ അനൽപ്പമായ കാന്തി പ്രചുരിമ പരത്തി പ്രേക്ഷകരുടെ കണ്ണും കരളും കവർന്നശേഷം പെട്ടെന്നു പൊലിഞ്ഞു പോയ ഒരുജ്ജ്വല താരമായിരുന്നു ഗണപതി. 

തിരുവല്ലാ താലൂക്കിൽ മതിൽ ഭാഗം മുറിയിൽ കൈപ്പുഴ മഠത്തിൽ കൊല്ലവർഷം 1080- ലാണ്‌ ഗണപതിയുടെ ജനനം. അമ്മ കുഞ്ഞുലക്ഷ്മിത്തമ്പുരാട്ടിയും അച്ഛൻ ചെറുകുടൽ ഇല്ലത്തെ ഒരു പോറ്റിയുമായിരുന്നു. ബാല്യത്തിൽത്തന്നേ ഗണപതിയിൽ കഥകളിക്കമ്പം മൊട്ടിട്ടു. നാലാം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന ആ ബാലൻ പള്ളിക്കൂടത്തിൽ പോകാതെ, അടുത്തുണ്ടായിരുന്ന കഥകളിക്കളരിയിൽ ചെന്ന്  അവിടത്തെ അഭ്യാസമുറകൾ നോക്കി നിൽക്കുമായിരുന്നു. ബാലന്റെ കലാവാസന കണ്ടറിഞ്ഞ ആശാൻ അയാളെ കച്ചകെട്ടിക്കുവാൻ അച്ഛനമ്മമാരെ പ്രേരിപ്പിച്ചു. അങ്ങിനെ പന്ത്രണ്ടാമത്തെ വയസ്സിൽ ഗണപതി, അരയാക്കീഴ് ഇല്ലത്ത് പരമേശ്വരൻ പോറ്റിയുടെ ശിഷ്യത്വം സ്വീകരിച്ച്‌  കഥകളിക്ക് കച്ചകെട്ടി. കളരിയിലെ ക്ലേശങ്ങൾ സഹിച്ച് ആ ബാലൻ അടിക്കടി അഭ്യാസത്തിൽ തെളിഞ്ഞു വന്നു. പതിനഞ്ചാം വയസ്സിൽ രുഗ്മിണീസ്വയംവരത്തിൽ കൃഷ്ണനായി അരങ്ങേറി.

പിന്നീട് പല പ്രധാന നടന്മാരുമായുള്ള സമ്പർക്കം കൊണ്ടും വിദ്വജ്ജന സഹവാസം കൊണ്ടും സ്വപരിശ്രമം കൊണ്ടും ഗണപതി, കളിയരങ്ങുകളിൽ ഒന്നിനൊന്നു ശോഭിച്ചു വന്നു. സംസ്കൃതത്തിൽ ശാസ്ത്രി ബിരുദം അദ്ദേഹം നേടിയിരുന്നു. ആദ്യ കാലത്ത് കുറേനാൾ മുത്തുറ്റ് സംസ്കൃത കോളേജിൽ ആദ്ധ്യാപകനും   ആയിരുന്നു. 

ഗണപതിയുടെ വേഷങ്ങളിൽ ഏറ്റവും മികച്ചവ ശ്രീകൃഷ്ണനും ശ്രീരാമനുമായിരുന്നു. രുഗ്മിണീസ്വയംവരം, ദുര്യോധനവധം, കുചേലവൃത്തം എന്നീ കഥകളിൽ അദ്ദേഹത്തിൻറെ കൃഷ്ണനെ ജയിക്കുവാൻ അക്കാലത്ത് ആരുമുണ്ടായിരുന്നില്ല എന്നാണ് ദൃക് സാക്ഷികളുടെ അഭിപ്രായം. അന്ന് രാമായണം കഥ മുഴുവൻ തിരുവല്ലാ ക്ഷേത്രത്തിൽ തുടർച്ചയായി ആടി വന്നിരുന്നു. ഗണപതിയുടെ ശ്രീരാമനും, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ലക്ഷ്മണനും കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു.  ഗണപതിയുടെ ചിട്ടകളും അഭിനയ രീതികളും  മാങ്കുളത്തിനെ നല്ലതുപോലെ സ്വാധീനിച്ചിരുന്നു. മുദ്ര, കലാശം, ചുറുചുറുക്ക് എന്നിവയിലെല്ലാം മാങ്കുളം ഗണപതിയെയാണ് അനുകരിച്ചിരുന്നത്. 

ഒന്നാം ദിവസത്തെ നളൻ, കചൻ, 'സന്താനഗോപാല'ത്തിലും 'കാലകേയവധ'ത്തിലും 'കിരാത'ത്തിലും അർജുനൻ മുതലായവയാണ് ഗണപതിയുടെ മറ്റു പ്രധാന പച്ച വേഷങ്ങൾ. 'സന്താനഗോപാല'ത്തിൽ ബ്രാഹ്മണൻ, സുന്ദരബ്രാഹ്മണൻ, മാതലി തുടങ്ങിയ മിനുക്ക്‌ വേഷങ്ങളും അതീവ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. 'ബകവധ'ത്തിൽ ആശാരി, ഹംസം, നിഴൽക്കുത്തിലെ മലയൻ, നളചരിതത്തിലെയും, കിരാതത്തിലെയും കാട്ടാളൻ എന്നിവയും ഗണപതിയുടെ പ്രസിദ്ധിയാർജ്ജിച്ച വേഷങ്ങളാണ്. കത്തിയും താടിയും വേഷങ്ങൾ അദ്ദേഹം കെട്ടാറില്ലായിരുന്നു. 

അസാമാന്യമായ വേഷഭംഗി, കൈമുദ്രയുടെ വെടിപ്പ്, കലാശത്തിന്റെ അനായാസത, പ്രസരിപ്പ്, രസസ്പുരണപാടവം, പുരാണപരിജ്ഞാനം മുതലായവയിൽ ഗണപതി അദ്വിതീയനായിരുന്നു. അദ്ദേഹത്തിൻറെ വേഷം ഒരിക്കൽ കണ്ടാൽ മതി അതങ്ങിനെ മായാതെ മനസിൽ പതിഞ്ഞു കിടക്കുമായിരുന്നു. അത്ഭുതാവഹമായ ഓജസ്സും തേജസ്സും കളിയാടിയിരുന്ന ആ കൃഷ്ണന്റെ മുൻപിൽ ഭക്തജനങ്ങൾ കൂപ്പുകൈയ്യുമായി ചെന്ന് വന്ദിച്ച് അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. 

തോട്ടം  ശങ്കരൻ നമ്പൂതിരിയുടെ പ്രധാന സഹനടനായിരുന്നു ഗണപതി. ഉദയശങ്കറിന്റെ ക്ഷണപ്രകാരം തോട്ടം കൽക്കട്ടയിലേക്ക് പോയപ്പോൾ, തന്റെ യുവസുഹൃത്തും കൂട്ടുവേഷക്കരനുമായ ഗണപതിയേയും കൂട്ടിപ്പോയിരുന്നു. അവരിരുവരുടെയും അഭിനയചാതുരിയിൽ ഉദയശങ്കറിന് അളവറ്റ മതിപ്പു തോന്നി. കൽക്കട്ടയിൽ വെച്ച് തോട്ടവും ഗണപതിയും പ്രേക്ഷകരുടെ കരകവിഞ്ഞ ആദരാഭിനന്ദനങ്ങൾ  നേടി. ബോംബെ, ഡെൽഹി മുതലായ നഗരങ്ങളിൽ കഥകളി പ്രകടനങ്ങൾ നടത്തി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു തുടങ്ങിയ മഹാന്മാരിൽ നിന്ന് അനവധി പാരിതോഷികങ്ങൾ വാങ്ങിയിട്ടുണ്ട്. 

കൽക്കത്തയിൽ വെച്ച് ഒരിക്കൽ രംഗത്ത് അഭിനയിച്ചു തീർന്നയുടൻ ഗണപതി അന്ത്യ ശ്വാസം വലിക്കുകയാണ്‌ ഉണ്ടായത്. തോട്ടത്തിന്റെ അന്ത്യവും അങ്ങിനെ തന്നെ ആയിരുന്നുവല്ലോ. മരണത്തിലും അഭേദ്യമായ സൗഹൃദവും സഹകരണവും പുലർത്തണമെന്നായിരുന്നുവോ വിധി നിശ്ചയം? കേവലം മുപ്പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു ആ ദാരുണ മരണം.

ഗണപതിയുടെ മരണവാർത്ത കേരളത്തിലറിഞ്ഞപ്പോൾ കഥകളി പ്രേമികൾ പൊട്ടിക്കരഞ്ഞു പോയി: സാക്ഷാൽ ശ്രീകൃഷ്ണഭഗവാന്റെ ദേഹവിയോഗത്തിൽ ദ്വാരകാവാസികളെന്ന പോലെ.

ഗണപതിയുടെ ജീവിതം കലാരംഗത്തു വൻപിച്ച   വിജയമായിരുന്നുവെങ്കിലും, ഒട്ടേറെ ദു:ഖാനുഭവങ്ങൾ  വ്യക്തിപരമായി അദ്ദേഹത്തിനു സഹിക്കേണ്ടിവന്നുചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു. മുത്തൂറ്റ് ഒരു നല്ല നായർ തറവാട്ടിൽ നിന്നാണ് അദ്ദേഹം വിവാഹം ചെയ്തിരുന്നത്. വിവാഹ ശേഷം മൂന്നു കുട്ടികൾക്ക് ജന്മം നൽകിയിട്ട് ആ സഹധർമ്മിണിയും അദ്ദേഹത്തെ വിട്ടു പരലോകത്തേക്കു പോയി. അതിന്റെ പത്താം ദിവസം മൂത്ത മകളും അമ്മയെ അനുഗമിച്ചു. താമസിയാതെ ഇളയ മകളും ദിവംഗതയായി.ഈ ദുർയോഗങ്ങൾ താങ്ങാൻ ആർക്കു സാധിക്കും? ഭാര്യയും രണ്ടു മക്കളും മരിച്ചതിനു ശേഷമാണ് ഗണപതി തോട്ടത്തോടൊപ്പം കൽക്കട്ടാക്കു പോയത്. നാടുവിട്ടു പോയാൽ ഒരു പക്ഷേ തനിക്കു മന:സ്വാസ്ഥ്യം ലഭിച്ചേക്കാം എന്നു കരുതിയാവാം അങ്ങിനെ ചെയ്തത്. അവിടെയും ദുർവിധി അദ്ദേഹത്തെ വെറുതേ വിട്ടില്ല. വിലമതിക്കാനാവാത്ത ആ ജീവൻ തന്നെ വിധി അപഹരിച്ചു കളഞ്ഞു.

രണ്ടാമത് കൽക്കട്ടാക്ക്  പോയപ്പോഴായിരുന്നു ആ കലാകാരന്റെ എന്നെന്നേക്കുമായുള്ള വേർപാട്. തന്റെ അൽപ്പായുസിനെ പറ്റി അദ്ദേഹത്തിന് നന്നേ ബോധ്യമുണ്ടായിരുന്നുവെന്ന് തോന്നുന്നു. അന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് അദ്ദേഹം തന്റെ ജാതകം പരിശോധിച്ചു; മനസു കൊണ്ടു ചില നിശ്ചയങ്ങൾ ചെയ്തു. സ്വത്തുക്കൾ ജ്യേഷ്ഠത്തിയുടെ പേർക്ക് ഇഷ്ടദാനമായി എഴുതിക്കൊടുത്തു. ഇരുനൂറുരൂപ അവശേഷിച്ച ഏകപുത്രനു കൊടുക്കണമെന്നും വ്യവസ്ഥ ചെയ്തു. 

ജ്യേഷ്ഠത്തിയോട് യാത്ര ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങിനെയായിരുന്നു. 'ചേച്ചീ ഞാൻ പോകട്ടെ.'  അത് ജ്യേഷ്ഠത്തിയെ വല്ലാതെ സ്പർശിച്ചു. 
അവർ പറഞ്ഞു:- ' നീ അങ്ങിനെ പറയാതെ. പോയിട്ട് വരാമെന്നു പറഞ്ഞു പോകൂ'. ഉടൻ തന്നെ ആ അനുജൻ  പറയുകയാണ്:- 'മനുഷ്യന്റെ സ്ഥിതിയല്ലേ? വരണമെന്ന് തന്നെയാണ് കരുതുന്നത്. വരുന്നെങ്കിൽ ആറുമാസത്തിനകം വരും.'

കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ആ കലാകാരൻ അന്തരിച്ചതായി കൽക്കട്ടയിൽ നിന്നും ജ്യേഷ്ഠന്റെ പേർക്ക് കമ്പി സന്ദേശം ലഭിച്ചു. എഴുമറ്റൂർ ഉത്സവം നടക്കുന്നതിനിടയിലാണ് നാട്ടുകാർ ഈ ദു:ഖവാർത്തയറിഞ്ഞത്. അത് അവരെ കണ്ണീർക്കയത്തിൽ ആറാടിച്ചു. 
ഗണപതിയുടെ ജ്യേഷ്ഠസഹോദരനും പുത്രനും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ജ്യേഷ്ഠനായ രാമവർമ്മ പാണ്ടാരത്തിലിന് തൊണ്ണൂറ്റിമൂന്നു വയസ്സു കഴിഞ്ഞു. ചേർത്തല പുത്തൻ കോവിലകത്ത് തങ്കം നമ്പിഷ്ടാതിരിയെയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറെ പുത്രീ ഭർത്താവായിരുന്നു യശശരീരനായ ശ്രീ. വയലാർ രാമവർമ്മ.

ഗണപതിക്ക്‌ ഒരു അനന്തിരവൻ ഉണ്ട്, കവിയും ആട്ടക്കഥാകൃത്തുമായ ശ്രീ. ചേർത്തല കേരളവർമ്മ. ഈ ലേഖനത്തിന് അവശ്യം ആവശ്യമായ വിവരങ്ങൾ തന്നു സഹായിച്ചത് അദ്ദേഹമാണെന്നുകൂടി കൃതജ്ഞതാപുരസ്സരം ഇവിടെ സ്മരിച്ചു കൊള്ളട്ടെ.

ഗണപതി ഈ ലോകത്തുനിന്നു നിഷ്ക്രമിച്ചു എന്നേയുള്ളൂ. അദ്ദേഹത്തിന്റെ സദ്‌യശസ്സ് കഥകളി രംഗത്ത് എന്നെന്നും നൂതന ചൈതന്യത്തോടെ നിലനിൽക്കും എന്നതിന് സംശയം ഇല്ല.
                                                           

1 അഭിപ്രായം:

  1. ചരിത്രത്തിന്റെ ഏടുകൾ ഇപ്രകാരം അനാവരണം ചെയ്തു തന്നതിന് നന്ദി. തിരുവല്ല ദേശ വാസിയെങ്കിലും ഇത്രയും പ്രഗല്ഭനായ ഒരു നടനെപ്പറ്റി എനിക്ക് അറിവുണ്ടായിരുന്നില്ല. തുടര്ന്നും അങ്ങയുടെ ലേഖനങ്ങൾക്കായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ