പേജുകള്‍‌

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

കഥകളിയുടെ കെടാവിളക്ക് - ശ്രീ. കെ. എസ്. മേനോൻ എഴുതിയ ലേഖനം-(ഭാഗം-1).

കേരള കലാമണ്ഡലത്തിൽ  മഹാകവി വള്ളത്തോളിന്റെ    വലംകയ്യായി പ്രവർത്തിച്ച ശ്രീ. എം. മുകുന്ദരാജാവിന്റെ മാതുലപുത്രൻ ശ്രീ.  കെ. എസ്സ്. മേനോൻ അവർകൾ എറണാകുളം കഥകളി ക്ലബ്ബിന്റെ മൂന്നാം വർഷത്തെ സോവനീയറിനു വേണ്ടി (1961- 1962-ൽ) എഴുതിയ ലേഖനം. ദക്ഷിണ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിലെത്തിയ  ഗുരു. കുഞ്ചുക്കുറുപ്പ് ആശാന്റെ വേഷങ്ങളെ പറ്റി ലേഖകൻ സ്മരിക്കുന്നുണ്ട്. ഈ     ഇന്റർനെറ്റ് കാലഘട്ടത്തിലെ  കഥകളിയുടെ വായനക്കാർക്കു വേണ്ടി ഇളകിയാട്ടത്തിൽ പ്രസ്തുത ലേഖനം പ്രസിദ്ധീകരിക്കുന്നു.


ഞാൻ ഒരു കഥകളി ഭ്രാന്തനല്ല; കഥകളി പ്രേമിയാണ്‌. എന്നാൽ കഥകളി ഭ്രാന്തിന്റെ ഒരംശം എന്റെ സിരകളിലൂടെ സദാ ഒഴുകി കൊണ്ടിരിക്കുന്നുണ്ട്. സാമാന്യസങ്കേതത്തിന് വിരുദ്ധമായി, അനുകൂല സാഹചര്യങ്ങളിൽ ഈ പ്രേമം തനി ഭ്രാന്തായി മാറുമെന്നും എനിക്കറിയാം. കാരണം ഈ ലേഖകന്റെ വന്ദ്യ  പിതാവ് 1118-ൽ തീപ്പെട്ട കക്കാട്ട് കാരണവപ്പാട് തമ്പുരാൻ  ഒരു തികഞ്ഞ കഥകളി ഭ്രാന്തനായിരുന്നു എന്നതു തന്നെ.

മുപ്പതു  മുപ്പത്തഞ്ച് കൊല്ലങ്ങൾക്കു മുൻപ് കേരളകലാമണ്ഡലം, യശശ്ശരീരനായ മഹാകവി വള്ളത്തോളിന്റെ ഹൃദയത്തിൽ നിന്ന് ജന്മമെടുക്കുന്നതിനുമുമ്പ്  മദ്ധ്യകേരളത്തിൽ നാലഞ്ചു കഥകളി യോഗങ്ങളുണ്ടായിരുന്നു. പുന്നത്തൂർ കളിയോഗം, ഒളപ്പമണ്ണ കളിയോഗം, കവളപ്പാറ കളിയോഗം, മഞ്ഞക്കുളം കളിയോഗം എന്നിവ അവയിൽ പ്രമുഖങ്ങൾ ആയിരുന്നു. ഇതിൽ മഞ്ഞക്കുളം കളിയോഗത്തിന്റെ ജനയിതാവ്, അന്നത്തെ മഞ്ഞക്കുളം മൂപ്പിലായിരുന്ന വലിയ തമ്പുരാൻ ആയിരുന്നു.  ഇന്നത്തെ വലിയ തമ്പുരാനും കലാമണ്ഡലസ്ഥാപനത്തിൽ മഹാകവിയുടെ വലംകയ്യായി പ്രവർത്തിച്ച ദേഹവുമായ ശ്രീ.എം.മുകുന്ദ  രാജാവിന്റെ   മാതുലൻ; ഈ ലേഖകന്റെ പിതാവ്. സംസ്കൃത വിദ്വാൻ, കവി, സംഗീതജ്ഞൻ, വൈണികൻ, വാദ്യവിദഗ്ദൻ, എന്നുവേണ്ട, ഒരു സകലകലാവല്ലഭൻ എന്ന് തന്നെ വേണം അദ്ദേഹത്തെ പറ്റി പറയുക. സുന്ദരകലകളുടെ ഉറവിടമായിരുന്ന അവിടുന്ന് കേരളീയർക്ക് പൊതുവെ സുപരിചിതനായിരുന്നില്ല 
എങ്കിലും, വളരെ പരിമിതമല്ലാത്ത ഒരു പരിധിക്കകത്ത്- വിശേഷിച്ച് കർണ്ണാടക സംഗീതം, കഥകളി എന്നീ കലകളുമായി ബന്ധപ്പെട്ട കലോപാകസകരുടെയും കലാസ്വാദകരുടെയും ഇടയിൽ- അദ്ദേഹം സുപ്രസിദ്ധനും സമാരാധ്യനും ആയിരുന്നു. 

എറണാകുളം കഥകളി ക്ലബ്ബിന്റെ  മൂന്നാം വാർഷിക (1961 -1962) സോവനീയറിനു വേണ്ടി ഒരു ലേഖനം എഴുതാൻ പുറപ്പെടുമ്പോൾ, സ്വാഭാവികമായി, ഈ ലേഖകൻ ഒരു നാൽപ്പത്തഞ്ചു കൊല്ലം മുൻപുള്ള തന്റെ ബാല്യ കാലത്തേക്ക് തിരിഞ്ഞു നോക്കാൻ നിർബ്ബന്ധിതനായിത്തീരുകയാണ്. അന്ന് കണ്ണിലും കാതിലും, അതുവഴി ഹൃദയത്തിലും പതിഞ്ഞ കേളികൊട്ടും പാട്ടും ചൊല്ലിയാട്ടവും കളിയരങ്ങുകളും, കാലത്തിന്റെ കനത്ത തിരശീല നീക്കി, ഭാവനാരംഗത്ത് വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.

വടക്കാഞ്ചേരി - മുളങ്കുന്നത്തുകാവ് റോഡിൽ 'അത്താണി' എന്നൊരു സ്ഥലമുണ്ട്.  അവിടെനിന്ന്, റയിൽ മുറിച്ചു കടന്ന്, ഏകദേശം ഒന്നരനാഴിക നടന്നു ചെന്നാൽ അമ്പലപ്പുരത്തുള്ള മണക്കുളം കോവിലകത്ത് എത്തുകയായി. അന്ന് നാൽപ്പത്തിഅഞ്ചു കൊല്ലത്തോളം മുൻപ്- അവിടെ ചെല്ലുന്ന ഒരാൾക്ക്‌ കോവിലകത്തിന്റെ തന്നെ ഭാഗമായ ഓടുമേഞ്ഞ ഒരു ഷെഡിൽ നിന്ന്, 
"ന്തത്തീന്ധത്താ, കിടധീത്തീ, ധിത്തിത്തൈ"  എന്നോ  "ഥോം, ന്തത്തീന്ധകത്തോം, ധിത്താ ധികിതത്തൈ" എന്നോ ഇത്യാദി ചില വായ്‌ത്തരികൾ കേൾക്കാമായിരുന്നു.  കോപ്പനാശാൻ - "ആശാരിക്കോപ്പൻ" എന്ന  അപരാഭിദാനത്താൽ പ്രസിദ്ധനായ കൊളപ്പുള്ളി കോപ്പൻ നായർ കഥകളി വിദ്യാർത്ഥികളെ ചൊല്ലിയാടിക്കുന്ന ശബ്ദമാണ് ആ കേട്ടത്.

                                         ശ്രീ. കോപ്പൻനായർ 
ഏറെക്കഴിഞ്ഞില്ല, മൂന്നു ബാലന്മാരുടെയും ഒരു ബാലികയുടെയും അരങ്ങേറ്റം നടക്കുന്ന കാഴ്ചയാണ് അന്നത്തെ പ്രേക്ഷകർ കാണുന്നത്. കഥ, ലവണാസുരവധം. രണ്ടു ബാലന്മാർ കുശലവന്മാർ; മറ്റൊരു ബാലൻ ശത്രുഘ്നൻ; ബാലിക സീത; കോപ്പനാശാൻ ഹനൂമാൻ, ഇത്രയുമായിരുന്നു നടീനടന്മാരും വേഷങ്ങളും. ഇന്ന് ബാലികമാർ കഥകളി വേഷം ചെയ്യുന്നതിൽ പുതുമയൊന്നും ഇല്ലെങ്കിലും, ഏകദേശം അരനൂറ്റാണ്ടിനു മുൻപുള്ള ആ കാലത്തെല്ലാം അതൊരു ധീരമായ കാൽവെപ്പു തന്നെയായിരുന്നുവെന്ന് നിസ്സംശയം പറയാം. ഇതിൽ ശ്ലാഘയർഹിക്കുന്നത് മണക്കുളം രാജാവും, ബാലികയുടെ തറവാട്ടുകാരുമാണെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും ഇതിൽ അന്തർഭവിച്ചിട്ടുള്ള ധീരതയെ അഭിനന്ദിക്കുവാൻ അന്ന് അധികംപേർ ഉണ്ടായിരുന്നില്ല. 

                                    ഗുരു.കുഞ്ചുക്കുറുപ്പ് സിംഹമുദ്രയിൽ

കാലം പിന്നെയും കഴിഞ്ഞു. ഗുരു.കുഞ്ചുക്കുറുപ്പ് എന്ന് ഇന്നും പ്രഖ്യാതനായ തകഴി കുഞ്ചുക്കുറുപ്പെന്ന യുവനടൻ, തെക്ക് തിരുവിതാംകൂറിൽ നിന്നും മദ്ധ്യകേരളത്തിൽ പ്രത്യക്ഷപ്പെടുകയായി. താമസമുണ്ടായില്ല അദ്ദേഹം മണക്കുളം രാജാവിന്റെ കഥകളി വലയത്തിൽ വന്നുചേരാൻ. ഇതിന്നിടെ, അന്നത്തെ അരങ്ങേറ്റരംഗത്ത് നാം കണ്ട ബാലന്മാരിൽ ഒരാൾ മറ്റുള്ളവരേക്കാൾ രംഗശ്രീമാനായി ശോഭിക്കുന്നു. രാജാവിന്റെ വാത്സല്ല്യവർഷം ഈ ബാലന്റെമേൽ ചൊരിയുവാൻ തുടങ്ങി. ഈ ബാലന് നാട്യകലയിൽ സവിശേഷപരിശീലനം നൽകാനുള്ള ചുമതല പുതിയ ആചാര്യനായ കുഞ്ചുക്കുറുപ്പ് ഏറ്റെടുക്കുന്നു. കുന്നംകുളത്തുകാരനായ ഈ ബാലനാണ് തലപ്പിള്ളി അപ്പു. കൗമാരകാലത്തും അതിനുശേഷവും പ്രധാനപ്പെട്ട പല വേഷങ്ങളും ഈയാൾ കെട്ടിയിട്ടുണ്ട്. അരങ്ങത്ത് തന്റെ പ്രാഗത്ഭ്യം എന്നും പ്രകടിപ്പിച്ചിരുന്ന അപ്പു, മിക്കപ്പോഴും തന്റെ ഗുരുനാഥനായ കുഞ്ചുക്കുറുപ്പാശാന്റെകൂടെത്തന്നെയാണ് വേഷം കെട്ടിയിരുന്നത്. കുറുപ്പാശാന്റെ കുചേലനും അപ്പുവിന്റെ കൃഷ്ണനും ചേർന്നുള്ള കുചേലവൃത്തം അന്നത്തെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല.

കൃഷ്ണനു പുറമേ സുഭദ്രാഹരണത്തിൽ അർജുനൻ, നളചരിതത്തിൽ നളൻ, ബാഹുകൻ തുടങ്ങിയ വേഷങ്ങളും ഈ നടൻ ഭംഗിയായി അഭിനയിച്ചിരുന്നു. പ്രായേണ ശാന്ത സ്വഭാവങ്ങളായ പച്ചവേഷങ്ങളിലാണ് അപ്പു ഏറ്റവും ശോഭിക്കാറുള്ളത്. അതിമനോഹരമായ മുഖം, വൃത്തിയായ മുദ്രകൾ, ഒതുക്കവും ചിട്ടയുമൊത്ത ചൊല്ലിയാട്ടം എന്നിവയെല്ലാം ഈ നടന്റെ നേട്ടങ്ങളായിരുന്നു. കണ്ണുകൾക്ക്‌ ഓജസ്സ് സ്വൽപ്പം കുറവായിരുന്നു. എന്നാൽ നെറ്റി, മൂക്ക്, ചുണ്ട്, കവിൾ, താടി എന്നീ ഉപാംഗങ്ങളെ സംബന്ധിച്ചിടത്തോളം കഥകളിക്ക് അനുയോജ്യമായ  ഇതിലും നല്ലൊരു മുഖം കാണാൻ പ്രയാസം. നേത്രരോഗം അപ്പുവിന്റെ കുടുംബത്തിന്റെ പാരമ്പര്യമാണ് എന്നു പറയാം. അവസാനം ഈ ഹതഭാഗ്യവാന് കാഴ്ചതന്നെ നഷ്ടപ്പെട്ടു എന്നാണ് അറിവ്. ഏതായാലും അച്ഛന്റെ വാത്സല്ല്യ ഭാജനമായിരുന്ന ഈ കലാകാരൻ ചെറുപ്പത്തിൽതന്നെ അതായത് ഇരുപത്തിഅഞ്ചു വയസ്സിനിടയ്ക്കാണ് എന്ന് തോന്നുന്നു മരണമടഞ്ഞു.  

ഇതിന്നിടെ, മണക്കുളം മൂപ്പിൽ രാജാവ് തിരുത്തിപ്പറമ്പിലുള്ള (അമ്പലപുരം) കോവിലകത്തുനിന്ന് കുന്നംകുളത്തുള്ള കോവിലകത്തേക്ക് താമസം മാറ്റി. അപ്പോഴേക്കും അദ്ദേഹത്തിൻറെ കീഴിൽ സ്വന്തമായി ഒരു കളിയോഗംതന്നെ രൂപം പ്രാപിച്ചു കഴിഞ്ഞിരുന്നു. താമസംവിനാ അദ്ദേഹം ഒരു സെറ്റ് ഒന്നാംതരം കളിക്കോപ്പിന്റെ ഉടമസ്ഥനായിത്തീർന്നു. കിരീടങ്ങൾ, മെയ്ക്കോപ്പുകൾ, കുപ്പായങ്ങൾ, തിരശീല, ചെണ്ട, മദ്ദളം ഇത്യാദികൾ നിറച്ച അഞ്ചാറുകളിപ്പെട്ടികൾ കുന്നംകുളത്തുള്ള മണക്കുളം കോവിലകത്ത് സ്ഥലംപിടിച്ചു. വേഷക്കാരിൽ പ്രധാനി കുഞ്ചുക്കുറുപ്പാശാനും തലപ്പിള്ളി അപ്പുവും തന്നെ; പാട്ടിന് മൂത്താൻ ഭാഗവതർ; ശങ്കിടിപ്പാട്ടിനും മദ്ദളത്തിനും മണക്കുളത്തിലെ പ്രവൃത്തിക്കാരായ രണ്ട് നമ്പിടിമാർ; ചുട്ടിക്കാരൻ ആറടിയിലധികം ഉയരമുള്ള സാക്ഷാൽ 'ചൊട്ടി ശങ്കുണ്ണി' നായർ. ചെണ്ടയ്ക്കു മാത്രം സ്ഥിരമായ ആളില്ല. ആ കുറവ് അച്ഛൻ തന്നെയാണ് നികത്താറു്. നിന്നുകൊണ്ടല്ല, കസേരയിൽ ഇരുന്നു കൊണ്ടാണ് കൊട്ടുക എന്നൊരു വ്യത്യാസം മാത്രം.
                                                                                 ( തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ