പേജുകള്‍‌

2010, ജൂലൈ 31, ശനിയാഴ്‌ച

സന്താനഗോപാലവും ചില അരങ്ങു കഥകളും-1

മഹാഭാരതയുദ്ധം കഴിഞ്ഞു ഒരു നാള്‍  അര്‍ജുനന്‍  ശ്രീകൃഷ്ണനെ കാണാനായി ദ്വാരകയില്‍  എത്തുന്നു. ശ്രീകൃഷ്ണന്‍  അര്‍ജുനനെ സസന്തോഷം സ്വീകരിക്കുന്നു. കുറച്ചു കാലം തന്നോടൊപ്പം ദ്വാരകയില്‍ താമസിക്കാന്‍  ആവശ്യപ്പെടുന്ന ശ്രീകൃഷ്ണന്റെ ക്ഷണം അര്‍ജുനന്‍ സ്വീകരിച്ചു. അക്കാലത്തു ദ്വാരകയില്‍ നടന്ന ഒരു യാദവ സഭയില്‍ ഒരു നാള്‍  ഒരു ബ്രാഹ്മണന്‍ തന്റെ ശിശുവിന്റെ ശവവുമായി എത്തി "യാദവ വീരന്മാരേ കാണ്മിന്‍" എന്ന് വാവിട്ടു  നിലവിളിച്ചു. തന്റെ എട്ടു പുത്രന്മാര്‍ ഇതുപോലെ മരിച്ചു പോയി എന്നുള്ള വിലാപത്തിന് യാദവ സഭയില്‍ ഉണ്ടായിരുന്ന ശ്രീകൃഷ്ണന്‍ പോലും ശ്രദ്ധിക്കാത്തത് കണ്ടപ്പോള്‍   അര്‍ജുനന്‍ ഇടപെട്ടു. ഇനിമേല്‍ അങ്ങേക്ക്  ജനിക്കുന്ന പുത്രന്മാരെ ഞാന്‍ സംരക്ഷിച്ചു തരാം എന്ന്  ബ്രാഹ്മണന് ഉറപ്പു നല്‍കുന്നു. ലോകപാലകനായ ശ്രീകൃഷ്ണന്‍ എന്റെ വിഷമം കണ്ടു ഒന്നും പറയാതെ ഇനി പുത്രന്‍ ഉണ്ടായി കാണുവാന്‍ താല്‍പ്പര്യം ഇല്ല എന്ന് ബ്രാഹ്മണന്‍ അര്‍ജുനനെ അറിയിക്കുന്നു.
ഇനി ബ്രാഹ്മണനു ജനിക്കുന്ന പുത്രന്മാരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഞാന്‍ ഇന്ദ്രപുത്രന്‍  അല്ലാ എന്നു പറയുക  മാത്രമല്ല അഗ്നിയില്‍ സ്വയം ദഹിക്കും എന്ന് അര്‍ജുനന്‍ ബ്രാഹ്മണനു സത്യവും ചെയ്തു കൊടുത്തു. ശിശു ശവം   മറവു ചെയ്തു സമാധാനത്തോടെ ഗൃഹത്തിലേക്ക് പോകാന്‍ ഉപദേശം നല്‍കി ബ്രാഹ്മണനെ അര്‍ജുനന്‍ യാത്രയാക്കി. സന്തോഷവാനായി ബ്രാഹ്മണന്‍ ഗൃഹത്തില്‍ എത്തി പത്നിയെ വിവരം അറിയിച്ചു. ബ്രാഹ്മണപത്നി വീണ്ടും  ഗര്‍ഭം ധരിച്ചു. പ്രസവ ദിനം അടുത്തപ്പോള്‍ ബ്രാഹ്മണന്‍അര്‍ജുനനെ തേടി എത്തി. അര്‍ജുനന്‍ ബ്രാഹ്മണ വസതിയില്‍ എത്തി. ശരകൂടം നിര്‍മ്മിച്ച്‌ ഗര്‍ഭിണിയായ ബ്രാഹ്മണപത്നിയെയും വയറ്റാട്ടിയെയും അതില്‍ താമസിപ്പിച്ചു അര്‍ജുനന്‍ ശരകൂടതിന്റെ വാതിലില്‍ കാവല്‍ നിന്നു. ബ്രാഹ്മണപത്നിക്ക് പ്രസവം നടന്നു. എന്നാല്‍ ഇക്കുറി പ്രസവിച്ച ശിശുവിന്റെ ശരീരം അപ്രത്യക്ഷമായി. ഇത് അറിഞ്ഞ ബ്രാഹ്മണന്‍ ബോധരഹിതനായി നിലം പതിച്ചു. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍  കോപാകുലനായ ബ്രാഹ്മണന്   അര്‍ജുനനെ ഭല്‍സിക്കുന്നു. അര്‍ജുനന്‍ ബ്രാഹ്മണപുത്രന്മാരെ തേടി കാലപുരിയില്‍ എത്തി.  യമധര്‍മ്മനെ കണ്ടു വണങ്ങിയ അര്‍ജുനന്‍ താന്‍ ബ്രാഹ്മണപുത്രന്മാരെ തേടി എത്തിയതാണെന്നു അറിയിച്ചു. ബ്രാഹ്മണപുത്രന്മാര്‍ക്ക് മരണം സംഭവിച്ചത് താന്‍ അറിയാതെയാണ് എന്ന് യമധര്‍മ്മന്‍ അറിയിച്ചപ്പോള്‍ അര്‍ജുനന്‍ ബ്രാഹ്മണപുത്രന്മാരെ തേടി  ദേവലോകത്ത്‌ എത്തി.  സ്വപിതാവായ ഇന്ദ്രനും കൈ മലര്‍ത്തിയപ്പോള്‍ നിരാനായ  അര്‍ജുനന്‍ തീകുണ്ഡം നിര്‍മ്മിച്ച്‌ അതില്‍ ചാടാന്‍ മുതിര്‍ന്നു. അപ്പോള്‍  ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു  അര്ജുനനെ   തടഞ്ഞു. ബ്രാഹ്മണപുത്രന്മാര്‍ എല്ലാവരും സുരക്ഷിതരായി ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞു അര്‍ജുനനെയും കൂട്ടി കൃഷ്ണന്‍ വൈകുണ്ഡത്തേക്ക് തിരിച്ചു. മഹാവിഷ്ണു സവിധത്തില്‍എത്തി. അവിടെ സുഖമായി കഴിഞ്ഞിരുന്ന  ബ്രാഹ്മണപുത്രന്മാരെ കൂട്ടി വന്നു ബ്രാഹ്മണനെയും ബ്രാഹ്മണപത്നിയെയും ഏല്‍പ്പിക്കുന്നു. ഇതാണ് സന്താനഗോപാലം കഥ.
 (യാദവ സഭയില്‍ ബ്രാഹ്മണ വിലാപം. ബ്രാഹ്മണന്‍: ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള )

 (ശ്രീകൃഷ്ണന്‍ : ശ്രീ.കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ , അര്‍ജുനന്‍ : ശ്രീ.സദനം കൃഷ്ണന്‍ കുട്ടി, ബ്രാഹ്മണന്‍:  ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരന്‍. പണ്ട് നിലവില്‍ നിന്നിരുന്ന രീതിയില്‍ ഉള്ള അവതരണം)
 (യാദവസഭയില്‍ അര്‍ജുനന്‍. ഇന്നത്തെ രീതി.  ബ്രാഹ്മണന്‍ :ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍ ആശാന്‍, അര്‍ജുനന്‍ : ശ്രീ.രാമന്‍കുട്ടി ആശാന്‍, കൃഷ്ണന്‍: ശ്രീ. ഗോപി ആശാന്‍.)

സന്താനഗോപാലം കഥകളിയുടെ അവതരണത്തില്‍ നാം ഇന്ന് കാണുന്ന അരങ്ങുകളില്‍ യാദവ സഭയില്‍  കൃഷ്ണന് പിന്നില്‍ അമര്‍ന്നിരിക്കുന്ന ക്ഷത്രിയനായ അര്‍ജുനനെയാണ് കാണുന്നത്. ഈ രീതി തെറ്റാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല.  യാദവ സഭയില്‍ എന്താണ് നടക്കുന്നത് എന്ന് അറിയുവാന്‍, അവിടെ താമസിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍  അര്‍ജുനന്‍ സഭയില്‍ എത്തിയതായി കരുതുന്നതില്‍ തെറ്റ് ഉണ്ടാവില്ലല്ലോ?
എന്നാല്‍ പണ്ടത്തെ രീതി   "യാദവ വീരന്മാരെ" എന്ന ബ്രാഹ്മണ വിലാപത്തിന് ഇടയിലോ, "കഷ്ടം ഇത് കാണ്ക " എന്ന് പുത്രശവം  കയ്യില്‍ എടുത്തു ശ്രീകൃഷ്ണന്റെയും ബാലരാമന്റെയും അടുത്തേക്ക് ബ്രാഹ്മണന്‍  കാട്ടുമ്പോഴോ ആകും     അര്‍ജുനപ്രവേശം.   അര്‍ജുനന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍  ചില നടന്മാരുടെ കൃഷ്ണന്‍  ശ്രദ്ധിക്കുകയും അര്‍ജുനനോടു ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. എന്നാല്‍  അര്‍ജുനന്‍ സഭയില്‍ ഇരിക്കുന്നതായി പണ്ട് കണ്ടു അനുഭവം ഇല്ല.

ഈ മാറ്റം എങ്ങിനെ സംഭവിച്ചു എന്നതിന് കഥകളിയിലെ പ്രഗല്‍ഭ (സീനിയര്‍) നടന്മാര്‍ ചില സാഹചര്യത്തില്‍ ചെയ്യുന്ന അരങ്ങു പ്രയോഗങ്ങള്‍ കാലക്രമേണ ജൂനിയര്‍ നടന്മാര്‍ പ്രാവര്‍ത്തികം ആക്കി തീര്‍ത്തതിലൂടെയാണ് എന്ന് ധരിക്കേണ്ടിയിരിക്കുന്നു. അര്‍ജുനന്‍ ദ്വാരകയില്‍ എത്തിച്ചേരുന്ന ആദ്യ രംഗം കഴിഞ്ഞാല്‍ അടുത്ത രംഗം യാദവസഭയില്‍  ശിശുശവവുമായി ബ്രാഹ്മണന്‍ പ്രവേശിക്കുന്നതാണ്.  അരങ്ങും അണിയറയും തമ്മില്‍ അല്‍പ്പം ദൂരം ഉണ്ടെങ്കില്‍ അര്‍ജുനനടന്‍ ബ്രാഹ്മണന്റെ       " കഷ്ടം ഇത് കാണ്ക " എന്ന പദം തുടങ്ങുന്നതു വരെ സ്റ്റേജിനു പിറകില്‍ നില്‍ക്കണം. അവിടെ ഇരിക്കാന്‍ ഒരു പക്ഷെ സൗകര്യം ഒന്നും ഉണ്ടായെന്നും വരികയില്ല. അങ്ങിനെയുള്ള ഏതോ ഒരു സാഹചര്യത്തില്‍ ഏതെങ്കിലും ഒരു പ്രഗല്‍ഭ  നടന്റെ അര്‍ജുനന്‍ സൌകര്യത്തിനായി അരങ്ങില്‍ കയറി ഇരുന്നതാവണം ഈ രീതിക്ക് തുടക്കം കുറിച്ചത്. 

കഥകളിയിലെ ഭീഷ്മാചാര്യന്‍ എന്ന് വര്‍ണ്ണിക്കപ്പെടാവുന്ന ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാനുമായി ചില കഥകളി ആസ്വാദകര്‍  ഒരിക്കല്‍ ഒരു അണിയറയില്‍ നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. അപ്പോള്‍ ആ ആസ്വാദകരില്‍ ഒരാള്‍ സന്താനഗോപാലം കഥയിലെ ആദ്യ രംഗത്തിലെ അര്‍ജുനന്റെ സ്വഭാവവും രണ്ടാമത്തെ രംഗത്തിലെ സ്വഭാവവും തമ്മിലുള്ള വ്യത്യാസത്തെ പറ്റിയാണ് ആശാനോട് സംശയം പ്രകടിപ്പിച്ചത്. ആദ്യ രംഗത്തില്‍ തന്റെ എല്ലാ വിജയങ്ങള്‍ക്കും കൃഷ്ണന്‍ തന്നെ എന്ന് സമ്മതിക്കുന്ന അര്‍ജുനന്‍ " കൃഷ്ണനും അല്ല അഹം ബലഭദ്രനും അല്ല  അറിക എന്ന് അഹങ്കരിക്കാന്‍ കാരണം എന്താണ് എന്ന് ഒരു ചോദ്യമിട്ടു.  പൊതുവാള്‍ ആശാന്‍ ഒന്ന് മന്ദഹസിച്ചു കൊണ്ട് അതിനു രസകരമായ ഒരു സങ്കല്‍പ്പീക കഥയാണ്   മറുപടിയായി നല്‍കിയത്.
   
തന്റെ എല്ലാ വിജയങ്ങള്‍ക്കും കൃഷ്ണന്‍ തന്നെ എന്ന് സമ്മതിക്കുന്ന അര്‍ജുനന്‍  ദ്വാരകയില്‍ താമസിക്കുമ്പോള്‍ യാദവ സഭയില്‍ ഒരു ബ്രാഹ്മണന്‍ ശിശുശവവുമായി വന്നു അലമുറയിട്ടു കരയുന്നു എന്ന് ആരോ പറഞ്ഞു അറിഞ്ഞു. ഇത് അറിഞ്ഞപ്പോള്‍ ക്ഷത്രിയനായ അര്‍ജുനന് എന്താണ് സഭയില്‍ നടക്കുന്നത് എന്ന് അറിയുവാനുള്ള വ്യഗ്രതയില്‍ സഭാസ്ഥലം നോക്കി വേഗത്തില്‍ ഗമിച്ചു. ബലരാമന്‍ ദ്വാരകയുടെ പരിസരത്ത് എവിടെയോ ഇരുന്നു മദ്യപിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്പും വില്ലും ധരിച്ചു വളരെ വേഗത്തില്‍ പോകുന്ന അര്‍ജുനനെ കണ്ടത്.  അര്‍ജുനന്റെ ആ വേഗത്തിലുള്ള യാത്ര കണ്ടപ്പോള്‍ എന്തോ പന്തികേട്‌ ഉണ്ടെന്നു മനസിലാക്കിയ ബലരാമന്‍ അര്‍ജുനനെ വിളിച്ചു വിവരം തിരക്കി . യാദവ സഭയില്‍ ഒരു ബ്രാഹ്മണന്‍  ശിശുശവവുമായി വന്നു അലമുറയിട്ടു കരയുന്നു എന്ന് അറിഞ്ഞു .  എന്താണ് വിവരം എന്ന് അറിയുവാന്‍ ഞാന്‍ സഭയിലേക്ക് പോവുകയാണ് എന്ന് അര്‍ജുനന്‍ പറഞ്ഞപ്പോള്‍ താന്‍ കഴിച്ചു കൊണ്ടിരുന്ന മീതി മദ്യം അര്‍ജുനന്റെ കയ്യില്‍ കൊടുത്തിട്ട് ബലരാമന്‍ സഭയിലേക്ക് പോയി. ബലരാമന്‍ തന്ന മദ്യം ഉപേക്ഷിച്ചാല്‍ നിന്ദയാകും.  സഭയില്‍ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് അറിയുവാന്‍ ഉള്ള വ്യഗ്രതയാല്‍ ആലോചിച്ചു സമയം  കളയാനും പറ്റാതെ അര്‍ജുനന്‍  ഒരു പക്ഷെ ആ മദ്യം കുടിച്ചിട്ടാവും സഭയില്‍ എത്തിയിരിക്കുക. ഇത് തന്നെ ആയിരിക്കാം " കൃഷ്ണനും അല്ല അഹം  ബലഭദ്രനുമല്ലറിക" എന്ന് അഹങ്കരിക്കാന്‍ അര്‍ജുനന് തോന്നാന്‍ ഉണ്ടായ കാരണം എന്ന് പറഞ്ഞു ആശാന്‍ സംസാരം മതിയാക്കി  അണിയറയില്‍ നിന്നും എഴുനേറ്റു. 

ആശാന്റെ ഈ സങ്കല്‍പ്പീക കഥയിലെ ബലരാമന്റെ മദ്യപാനം, അര്‍ജുനന്റെ മദ്യപാനം എന്നിവ ഒഴിച്ച് നിര്‍ത്തി  യാദവ സഭയില്‍   ഒരു ബ്രാഹ്മണന്‍  പുത്രശവവുമായി എത്തി വിലപിക്കുന്നു എന്ന് അറിഞ്ഞു കൊണ്ടുള്ള   അര്‍ജുനന്റെ രംഗപ്രവേശം  തന്നെ അല്ലേ ഉചിതം എന്ന് കരുതാം.

( ആശാന്റെ ഈ നര്‍മ്മ കഥ വായിച്ച ശേഷം  സന്താനഗോപലത്തില്‍ അര്‍ജുനന്‍ മദ്യപിച്ചിരുന്നു എന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും അപേക്ഷിക്കുന്നു.)

6 അഭിപ്രായങ്ങൾ:

  1. “എന്നാല്‍ ഇക്കുറി പ്രസവിച്ച ശിശുവിന്റെ മൃതശരീരം അപ്രത്യക്ഷമായി.“
    ഈ പ്രസ്താവന തെറ്റല്ലേ? മൃതശരീരം ആണ് അപ്രത്യക്ഷമാവുന്നത് എന്ന് പറയുന്നത് ഉചിതമാണോ? ശരീരം തന്നെ അപ്രത്യക്ഷമായാല്‍ എങ്ങന്യാ മൃതമാണോ ജീവനുള്ളതാണോ ശരീരം എന്നൊക്കെ അറിയുന്നത്?
    അതിനാല്‍ ഈ വാചകം പെട്ടെന്ന് മാറ്റണമെന്ന് അപേക്ഷിക്കുന്നു. :)

    അര്‍ജ്ജുനന്‍ ഇടയില്‍ കേറി വന്നാലും അവിടെ തന്നെ ഇരുന്നാലും വലിയ വ്യത്യാസമൊന്നും ഇല്ല എന്ന് ഞാനും പ്രസ്താവിക്കുന്നു. :)

    മറുപടിഇല്ലാതാക്കൂ
  2. മിസ്റ്റര്‍ സുനില്‍, താങ്കളുടെ അഭിപ്രായം അനുസരിച്ച് മാറ്റം ചെയ്തിട്ടുണ്ട്. വളരെ നന്ദി.
    അതുവരെ പുത്രന്മാരുടെ ശവം ലഭിച്ചിരുന്നു. ഇക്കുറി ശവം പോലും ലഭിച്ചില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
    അഭിപ്രായത്തിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. ശ്ലോകവും പദങ്ങളും അനുസരിച്ച് ആ ബലഭദ്രമദ്യപാനക്കഥയ്ക്ക് യുക്തിയില്ലല്ലൊ. ബ്രാഹ്മണൻ സഭയിൽ വിലപിയ്ക്കുമ്പോൾ ബലരാമനും അവിടെ ഉണ്ട്. “ശ്രുത്വാ വിപ്രവരസ്യ.....” എന്ന ശ്ലോകത്തിൽ ‘സീരായുധ..’എന്നുണ്ട്. ബലരാമൻ ഉൾപ്പടെ പ്രദ്യുംനൻ വരെയുള്ളവരെ നോക്കിയാണ് ബ്രാഹ്മണൻ ആവലാതി ഉണർത്തിച്ചത്. ഇവരാരും മിണ്ടുന്നില്ലെന്നു കണ്ടപ്പോഴാണ് അർജുനൻ ബ്രാഹ്മണനെ സമീപിയ്ക്കുന്നത്.

    പെട്ടെന്നു വന്ന് ബ്രാഹ്മണനെ സമീപിയ്ക്കുന്നതിലാണ് നാടകീയത കൂടുതൽ. നേരത്തെ അവിടെയുണ്ടാ‍ായിരുന്ന കൃഷ്ണനും ബലരാമനും രംഗം വിട്ട ശേഷമാണ് അർജ്ജുനൻ “കൃഷ്ണനല്ലഹം ബലഭദ്രനല്ലറിക നീ” എന്നു പറയുന്നത്. അതോ “ഭക്തവത്സലൻ ദൈത്യവൈരിയും ശക്തരായ ബലഭദ്രാദികളുംസാദ്ധ്യമല്ലെന്നു വച്ചിട്ടിളകാഞ്ഞ്” എന്ന് ബ്രാഹ്മണൻ വിളിച്ചുപറഞ്ഞതിനാലാണ് ‘ഞാൻ അവരൊന്നുമല്ല’ എന്ന് അർജ്ജുനന് ധരിപ്പിക്കേണ്ടി വരുന്നത്. മാത്രമല്ല തൊട്ടുമുൻപ് ‘ശരണാഗത ഭരണാവഹിതം തവ കരുണാമൃതം’ എന്ന് കൃഷ്ണനെ വിശേഷിപ്പിച്ചതേ ഉള്ളു അർജ്ജുനൻ. (‘നാഥാ ഭവച്ചരണ“ പദം) ആ വിശേഷണങ്ങൾ വെറുതെ ആകുന്നുവല്ലൊ എന്ന കുണ്ഠിതവും അർജ്ജുനന് ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  4. മിസ്റ്റര്‍. എതിരന്‍ കതിരവന്‍ ,
    എന്റെ ബ്ലോഗില്‍ വന്നു അഭിപ്രായം പങ്കു വെച്ചതില്‍ വളരെ അധികം നന്ദിയുണ്ട്.
    ബലരാമന്റെ മദ്യപാന കഥ സന്താനഗോപാലം കഥയുമായി ഒരു ബന്ധവും ഇല്ല . ഇത് പൊതുവാള്‍ ആശാന്റെ നര്‍മ്മ സൃഷ്ടിയാണ്. ശ്രീ. വാരണാസി നാരായണന്‍ നമ്പുതിരിയാണ് ആശാന്റെ ഈ നര്‍മ്മ കഥ എന്നോട് പറഞ്ഞത്. ആശാന്‍ ഏതോ മാസികയില്‍ ഈ നര്‍മ്മ കഥ പബ്ലിഷ് ചെയ്തിരുന്നതായും അറിയുന്നു. അത് വായിച്ച ശേഷം ഒരു കഥകളി ആസ്വാദകന്‍ എന്നോട് " സന്താന ഗോപാലത്തില്‍ അര്‍ജുനന്‍ മദ്യപിച്ചിരുന്നു "എന്ന് ഒരു കഥ വായിച്ചു എന്ന് പറഞ്ഞിട്ടുണ്ട്.

    ആദ്യ രംഗത്തില്‍ ( ശ്രീമാന്‍ സഖേ) അര്‍ജുനന്റെ പദം മാത്രമല്ല ഇളകിയാട്ടത്തില്‍ സ്മരിക്കുന്ന ആട്ടങ്ങളും കണക്കില്‍ എടുക്കണം.
    ( ഒരു രസത്തിനായി നാം ഈ മദ്യപാന കഥ നാം അംഗീകരിച്ചാല്‍ തന്നെ " യാദവ വീരന്മാരെ! എന്ന പദം ആടുമ്പോള്‍ ചില നടന്മാരുടെ അര്‍ജുനന്‍ രംഗത്ത് പ്രവേശിക്കുന്നുണ്ട് എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ. അതിനു മുന്‍പേ തീര്‍ച്ചയായും ബലരാമന്‍ എത്തിയതായും കരുതാം.)
    വടക്കന്‍ രാജസൂയം ആട്ടക്കഥയില്‍ ഉള്‍പെടുത്തിയുള്ള "വിവിദവധം " ശ്രീ. കലാമണ്ഡലം വാസു പിഷാരോടി ചിട്ട ചെയ്യിച്ചു അദ്ദേഹത്തിന്റെ ശിഷ്യന്‍ ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ ബലരാമന്‍ വേഷം കെട്ടി തിരുവനന്തപുരത്ത് അവതരിപ്പിച്ചിരുന്നു. ആ കളി ഞാന്‍ കണ്ടിരുന്നു. ബലരാമന്റെ മദ്യപാനം രംഗത്തുണ്ട്.

    കുചേലവൃത്തം കഥകളിയിലും കുചേലന്‍ കൃഷ്ണനോട് ബലരാമനെ പറ്റി ചോദിക്കുമ്പോള്‍ " അദ്ദേഹം മദ്യ സേവയുമായി കഴിയുന്നു" എന്നാവും പല കൃഷ്ണ നടന്മാരും ആടി കാട്ടുക.

    മറുപടിഇല്ലാതാക്കൂ
  5. എന്റെ അഭിപ്രായത്തില്‍ അര്‍ജുനന്‍ സ്റ്റേജില്‍ തന്നെ ഇരുന്നാലും ഇടയില്‍ കേറി വന്നാലും വലിയ വിത്യാസം ഒന്നും ഇല്ല.
    വേറൊരു വിത്യാസം ഞാന്‍ ശ്രധിച്ചിട്ടള്ളത് ചില അര്‍ജുനന്മാര്‍ 'എട്ടു ബാലന്മാര്‍ ഈവണ്ണം' എന്ന് ബ്രാഹ്മണന്‍ പറയുമ്പോള്‍ ,അതില്‍ ദുഖവും അതോടൊപ്പം അത്ഭുതവും പ്രകടിപിച്ചു ബ്രാഹ്മണന്റെ അടുത്തെ വന്നു തരിച്ചു പോയി ഇരികാറുണ്ട് , എന്നാല്‍ ചിലര്‍ 'പരിദേവിതം' പദം വരുന്ന വരെ കൃഷ്ണനു പുറകില്‍ തന്നെ ഇരികുന്നതാ പതിവ്.

    തന്റെ വിജയങ്ങള്‍ക്ക് പിറകില്‍ കൃഷ്ണന്‍ തന്നെ അറിയാമെങ്കിലും , ഈ കഥ സമയത്ത് കുറച്ചു 'അഹങ്കാരം' ഉണ്ടെന്നു തന്നെ വേണം കരുതാന്‍. 'അത് ശമിപികാന്‍ ആണല്ലോ ഈ കഥ തന്നെ. 'കൃഷ്ണനും അല്ല അഹം ബലഭദ്രനും അല്ല അറിക' എന്ന് ബ്രാഹ്മണനോട് പറയുമ്പോള്‍ അത് കൂടുതല്‍ അദേഹത്തെ സമാധാനിപ്പിക്കാന്‍ ആണ് എന്ന് വേണം കരുതാന്‍,. ഇത് കൃഷ്ണനു അസാധ്യമായ ഒന്നല്ല, മറിച്ചു വേണ്ടെന്നു വെച്ചിട്ടാണ് എന്ന് അര്‍ജുനന് നന്നായി അറിയാം. അതുകൊണ്ട് തന്നെ ആണ് 'ഇത് തന്നെ പരീക്ഷികാനുള്ള കൃഷ്ണന്റെ സൂത്രം ആണെന്ന്' അര്‍ജുനന്‍ ആടി കണ്ടിടുള്ളത്.
    Vikar

    മറുപടിഇല്ലാതാക്കൂ
  6. മിസ്റ്റര്‍. വികര്‍,
    എന്റെ ഈ ബ്ലോഗ്‌ വായിച്ച ഉടന്‍ തന്നെ ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ആശാന്റെ മൂത്ത മകന്‍ ശ്രീ. രാജന്‍ പൊതുവാള്‍ അവര്‍കള്‍ എന്നോട് ഫോണില്‍ കൂടി ബന്ധപ്പെട്ടു സംസാരിച്ചു. ഈ അടുത്ത കാലത്ത് അന്തരിച്ച ശ്രീ. അകവൂര്‍ നാരായണനോട് (പൊതുവാള്‍ ആശാന്റെ ഇളയ മകന്‍ ) കലാമണ്ഡലം വിജയകൃഷ്ണന്‍ ഈ കഥ പറഞ്ഞത് ഓര്‍ക്കുന്നു എന്ന് പറഞ്ഞു. അന്ന് വെറും തമാശായി മാത്രമേ ഈ കഥയെ ശ്രീ. രാജന്‍ പൊതുവാള്‍ കരുതിയിരുന്നുള്ളൂ എന്നും അതില്‍ അര്‍ത്ഥവത്തായ എന്തോ ഒന്ന് ഉണ്ട് എന്ന തോന്നല്‍ എന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍ തോന്നിയിരിക്കുന്നു എന്നാണ് പറഞ്ഞത്. എന്റെ ബ്ലോഗില്‍ ഒരു അഭിപ്രായം എഴുതുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു എങ്കിലും എന്ത് കൊണ്ടോ അതിനു അദ്ദേഹം തയ്യാര്‍ ആയില്ല.

    ശ്രീ. പൊതുവാള്‍ ആശാന്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്ന എന്തോ ഒരു അഭിപ്രായം ജനങ്ങളിലേക്ക് പകരുവാന്‍ ആശാന്‍ ഒരു കഥ സൃഷ്ടിച്ചു. നമുക്ക് വേണ്ടിയത് സ്വീകരിച്ചിട്ടു ആവശ്യം ഇല്ലാത്തതു ഉപേക്ഷിക്കാം.
    ഒരു ചെറിയ പേപ്പര്‍ സ്വല്പ ദൂരത്തേക്കു വീശിയാല്‍ പേപ്പര്‍ അവിടെ ചെന്ന് എത്തുകയില്ല. പേപ്പറിന് ഉള്ളില്‍ ഒരു ചെറിയ കല്ല്‌ വെച്ച് പേപ്പര്‍ ചുരുട്ടി വീശിയാല്‍ ഒരു പക്ഷെ കല്ലിന്റെ ഭാരം കൊണ്ട് പേപ്പര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയെന്ന് വരാം. ലക്‌ഷ്യം സ്ഥാനത് പേപ്പറും ഒപ്പം കല്ലും എത്തിച്ചേര്‍ന്നാല്‍ പിന്നീട് ആ കല്ല്‌ ആവശ്യം ഇല്ലല്ലോ. കല്ല്‌ ഉപേക്ഷിച്ചു നമുക്ക് ആവശ്യമുള്ള പേപ്പര്‍ മാത്രം എടുക്കുക.

    അതെപോലെ ഈ സങ്കല്പ്പീക കഥയിലെ അര്‍ജുനന്റെയും ബാലരാമന്റെയും മദ്യപാനം കല്ല്‌ പോലെ വീശി കളഞ്ഞാല്‍ നമുക്ക് ആശാന്‍ മനസ്സില്‍ പ്രതീക്ഷിച്ചത് ലഭിക്കും എന്നാണ് ഞാന്‍ കരുതുന്നത്.

    മറുപടിഇല്ലാതാക്കൂ