പേജുകള്‍‌

2010, ജൂലൈ 10, ശനിയാഴ്‌ച

പൊന്നാനിയും ശിങ്കിടിയും

ഒരു കാലത്ത് ദക്ഷിണ കേരളത്തില്‍ അറിയപ്പെടുന്ന ഒരു കഥകളി ശിങ്കിടി ഗായകന്‍ ആയിരുന്നു ശ്രീ. ചെന്നിത്തല കൊച്ചുപിള്ള . പ്രസിദ്ധ കഥകളി ആചാര്യനായിരുന്ന ശ്രീ ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍ ആശാനില്‍ നിന്നുമാണ് കൊച്ചുപിള്ള കഥകളി സംഗീതം അഭ്യസിച്ചത്‌. കൊച്ചു പിള്ളക്ക് ഉച്ചഭാഷിണിയുടെ ആവശ്യം ഇല്ല. രാത്രി മുഴുവന്‍ കഥകളിക്കു പാടിയാലും ശബ്ദം ഇടറുകയോ തൊണ്ട കെട്ടുകയോ ചെയ്യുകയില്ല. കഥകളിക്കു പിള്ള പാടിയാല്‍ രാത്രിയുടെ നിശബ്ദതയില്‍ മൈലുകള്‍ക്ക് അപ്പുറം കേള്‍ക്കാന്‍ സാധിക്കും എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ശ്രീ. ഇറവങ്കര ഉണ്ണിത്താന്മാരുടെ ശിങ്കിടി ഗായകനായി ദക്ഷിണ കേരളത്തിലെ എല്ലാ കളിയരങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. എന്റെ ചെറുപ്പത്തില്‍ കഥകളി ഗായകന്‍ ശ്രീ.നീലമ്പേരൂര്‍ കുട്ടപ്പപണിക്കരുടെ ശിങ്കിടിയായി പിള്ള പല കളികള്‍ക്കും പാടിയിട്ടുള്ളത് ഓര്‍ക്കുന്നുണ്ട്. കൂസലില്ലാത്ത പ്രകൃതം. തെറ്റ് എന്ന് തോന്നിയാല്‍, എതിരാളി ആര്, എവിടെ എന്നൊന്നും നോക്കാതെ ശക്തമായി എതിര്‍ക്കാന്‍ അദ്ദേഹംമടിച്ചിരുന്നില്ല.

ഒരിക്കല്‍ കോട്ടയം പരിസരത്ത് ഒരു കഥകളി. കളിയുടെ ചുമതല ഏറ്റിരുന്നത് കോട്ടയം സ്വദേശി ഒരു രാമവാര്യര്‍ ആണ്. പാട്ടിനു കൊച്ചുപിള്ളയെ ക്ഷണിക്കണം എന്ന് ഉത്സവകമ്മറ്റി രാമവാര്യരോട് പ്രത്യേകം പറഞ്ഞിരുന്നു . വാര്യര്‍ കൊച്ചുപിള്ളയെ ക്ഷണിക്കാതെ അദ്ദേഹത്തിന് താല്‍പ്പര്യം ഉള്ള ഏതോ ഒരു ഗായകനെ ഏര്‍പ്പാട് ചെയ്തിട്ട് കൊച്ചുപിള്ളക്ക് അസൗകര്യമാണ് എന്ന് കമ്മറ്റിയെ അറിയിക്കയും ചെയ്തു. വാര്യരുടെ കപട നാടകം പിള്ളയും ഉത്സവകമ്മറ്റിക്കാരും അറിയുവാനിടയായി. കൊച്ചുപിള്ള അന്നത്തെ കളിക്ക് എത്തിയില്ലാ എങ്കില്‍ മൊത്തം കളിക്കുള്ള തുകയുടെ പകുതി അപരാധമായി കുറയ്ക്കും എന്ന് കമ്മറ്റി വാര്യരെ അറിയിച്ചപ്പോള്‍ വാര്യര്‍ കൊച്ചുപിള്ളയെ തേടി ചെന്നിത്തലക്ക് യാത്ര തിരിച്ചു. രാമവാര്യര്‍ എത്തിയത് കണ്ടപ്പോള്‍ കൊച്ചുപിള്ളക്കു കാര്യം മനസിലായി." ഇറങ്ങടാ വെളിയില്‍ " എന്നായിരുന്നു പിള്ളയുടെ വാര്യരോടുള്ള പ്രതികരണം. വാര്യരോടു സംസാരിക്കാന്‍ പോലും പിള്ള കൂട്ടാക്കിയില്ല. ധര്‍മ്മ സങ്കടത്തില്‍ ആയ വാര്യര്‍ ഒരു പകല്‍ മുഴുവനും കൊച്ചുപിള്ളയുമായി സംസാരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. കൊച്ചുപിള്ളയെ എങ്ങിനെ എങ്കിലും കളിക്ക് പങ്കെടുപ്പിക്കണം. അദ്ദേഹത്തെ സ്വാധീനിക്കുവാന്‍ പറ്റിയ ഒരുവരെ കണ്ടുപിടിക്കുക എന്ന ലക്ഷ്യവുമായാണ് വാര്യര്‍മടങ്ങിയത്.
ചെന്നിത്തല ഒരിപ്പുറം കരയില്‍, തെക്കേ പുളിവേളില്‍ വീട്ടില്‍ ശ്രീ. ഗോപാലപ്പണിക്കര്‍ എന്ന വ്യക്തി കൊച്ചുപിള്ളയുടെ ആത്മ സുഹൃത്ത്‌ ആണെന്നും ഗോപാലപ്പണിക്കരുടെ ഒരു മകളെ കോട്ടയം ജില്ലയില്‍ വെന്നിമലയിലാണ് വിവാഹം ചെയ്തു അയച്ചിരിക്കുന്നതെന്നും വാര്യര്‍ എങ്ങിനെയോ മനസിലാക്കി. ഈ ബന്ധം പ്രയോജനപ്പെടുത്തിക്കൊണ്ട് വാര്യര്‍ പണിക്കരുടെ വീട്ടില്‍ എത്തി സങ്കടങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. പണിക്കര്‍ വാര്യരെയും കൂട്ടി കൊച്ചുപിള്ളയുടെ വീട്ടില്‍ എത്തി. പണിക്കരുടെ അതീവ പരിശ്രമത്തിനു ശേഷമാണ് കൊച്ചുപിള്ളയെ സ്വാധീനിക്കാന്‍ ആയത്‌.

ശ്രീ. ചേര്‍ത്തല കുട്ടപ്പകുറുപ്പ് എന്ന പ്രസിദ്ധനായ ഒരു കഥകളി ഭാഗവതര്‍ ഉണ്ടായിരുന്നു. ഹരിപ്പാട്‌ ക്ഷേത്രത്തിലെ ഒരു ഉത്സവക്കളിക്ക് കുട്ടപ്പ കുറുപ്പിന് ശിങ്കിടിക്കാരന്‍ ആയത് കൊച്ചുപിള്ളയും . വന്ദനശ്ലോകം, പുറപ്പാടു മേളപ്പദം എല്ലാം പരമാവധി ഉച്ചസ്ഥായിയില്‍ കുറുപ്പ് പാടി. ഒട്ടും വിടാതെ കൂടെ ശിങ്കിടിയും. കളിയുടെ ആദ്യരംഗം കഴിഞ്ഞു അടുത്ത ഗായകര്‍ അരങ്ങു ചുമതല എടുത്തു കഴിഞ്ഞപ്പോള്‍ കുറുപ്പ് കൊച്ചുപിള്ളയുടെ കൈക്ക് പിടിച്ച്‌ " ബലേ ഭേഷ് !കൊച്ചു പിള്ളേ "എന്ന് അഭിനന്ദിച്ചു. കുറുപ്പിന്റെ ഈ അഭിനന്ദനത്തെ കൊച്ചുപിള്ള നിഷേധിക്കുകയാണ് ഉണ്ടായത്‌. കൊച്ചുപിള്ള തന്റെ അതി ശക്തമായ പ്രതിഷേധം ആണ് കുറുപ്പിനെ അറിയിച്ചത്.
പാടില്ല കുറുപ്പേ! ഇങ്ങിനെ ഒരിക്കലും ചെയ്യരുത്. ഒരു ചാണ്‍ വയറു നിറക്കാനോ അല്ലെങ്കില്‍ ഒരു കുടുംബത്തെ പോറ്റാനോ കൈമിണിയുമായി നില്‍ക്കുന്ന ഒരു ശിങ്കിടിക്കാരനെ അരങ്ങില്‍ വെച്ച് ഇങ്ങിനെ കൊല്ലാ കൊല ചെയ്യുന്നത് പാപമാണ്. നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ. ഞാന്‍ ആയതുകൊണ്ട് താങ്കളോട് ഒപ്പം നിന്നു. എനിക്ക് പകരം ഏതെങ്കിലും സാധു മനുഷ്യന്‍ ശിങ്കിടിക്കാരന്‍ ആയി എത്തിയിരുന്നാല്‍ അയാളുടെ നില ഇന്ന് എന്താകുമായിരുന്നു?. കൊച്ചുപിള്ളയുടെ ഈ പ്രതികരണം ഒന്നും കുറുപ്പിന്റെ രീതിക്ക് ഒരു മാറ്റവും വരുത്തിയിരുന്നില്ല.

ശ്രീ. ചേര്‍ത്തല കുട്ടപ്പകുറുപ്പ് കളിയരങ്ങുകളില്‍ തനിക്കെന്നു ഒരു വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന കഥകളി ഗായകന്‍ ആയിരുന്നു.ഒരു കളിയരങ്ങില്‍ കുറുപ്പിന്റെ " നൈഷധന്‍ ഇവന്‍ താന്‍" എന്ന പാട്ടു കേട്ട് അന്ന് അവിടെ സംഗീത കച്ചേരിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന പ്രബല സംഗീത സാമ്രാട്ട് ശ്രീ. മധുരൈ മണി അയ്യര്‍ കുറുപ്പിനെ അഭിനന്ദിച്ചതായി പറയപ്പെടുന്നു.

പ്രസിദ്ധനായിരുന്ന ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരും ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പും. ഇവർ തമ്മിലും ഒരു ബന്ധം ഉണ്ട്. ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതർ ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പിനെ മനസാ ശപിക്കേണ്ടിവന്ന ഒരു കഥയാണ് ആ ബന്ധം.  ചേർത്തലയിൽ ഒരു രുഗ്മാംഗദചരിതം. ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരുടെ രുഗ്മാംഗദനും ശ്രീ. കുടമാളൂരിന്റെ മോഹിനിയും ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരും ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശനും ചെങ്കിലയും കൈമണിയുമായി അരങ്ങിൽ. 'മധുരതര കോമള വദനേ!" എന്ന പദം ഭാഗവതർ പാടിക്കൊണ്ടിരിക്കുംപോൾ സദസ്യരുടെ ഇടയിൽ ഒരു ബഹളം ഉണ്ടായതിനെ തുടര്‍ന്ന് കഥകളി ചില നിമിഷങ്ങള്‍ നിലച്ചു. ഗായകരുടെ നേര്‍ക്കുള്ള പ്രതിഷേധമാണ് ബഹളത്തിനു കാരണം എന്ന് മനസിലായപ്പോള്‍ ഭാഗവതര്‍ ചേങ്കില താഴെ വെച്ചു. അപ്പോള്‍ സദസ്യരുടെ ഇടയില്‍ നിന്നും " കേറി പാടടോ കുറുപ്പേ " എന്ന് ഒരു ആജ്ഞയാണ് ഉയര്‍ന്നത് . സദസ്യരുടെ ഇടയിൽ നിന്നും അരങ്ങിലെക്കെത്തിയ ശ്രീ. ചേര്ത്തല കുട്ടപ്പക്കുറുപ്പ് ഭാഗവതരിൽ നിന്നും ചേങ്കില വാങ്ങി "മധുരതര കോമള വദനേ!" എന്ന പദം പാടിത്തുടങ്ങി. ദയനീയ അവസ്ഥയിൽ ഭാഗവതരെ നോക്കിയാ നമ്പീശനോട് ശങ്കിടി പാടുവാൻ ഭാഗവതർ അനുവാദം നല്കി. കാണികളിൽ ഒരാളായി ശ്രീ.ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതർ.

ശ്രീ. കുട്ടപ്പക്കുറുപ്പ് പൊന്നാനിയും ശ്രീ. നമ്പീശന് ശങ്കിടിയുമായി അന്നത്തെ പാട്ട് കഥകളിയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.  അത്ര ഗംഭീരമായിരുന്നു അന്നത്തെ പാട്ട്. പക്ഷെ അധികം നാൾ അങ്ങിനെ പാടി വിജയിക്കാൻ ശ്രീ. കുറുപ്പിന്  സാധിച്ചില്ല. അദ്ദേഹത്തിൻറെ തൊണ്ട അടച്ചു. പിന്നീടുള്ള പല അരങ്ങുകൾ വിജയിക്കുകയും പല അരങ്ങുകൾ പരാജയപ്പെടുകയും ചെയ്തു.ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതരുടെ ശാപമാണ് ഇതിന്റെ കാരണം എന്ന് കഥകളി ലോകം പ്രഖ്യാപിച്ചു. ഒരിക്കലെങ്കിലും ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരെ കണ്ട് ക്ഷമ ചോദിച്ചാൽ ഈ ശാപം മാറിക്കിട്ടും എന്ന് ആസ്വാദകരും കലാകാരന്മാരും ഉപദേശിച്ചു നോക്കി. കുറുപ് അതിനു വശം വദനായില്ല.
 
1971-ല്‍ എടത്വക്ക് സമീപമുള്ള ചങ്ങംകേരി ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഒരു കഥകളിക്കു കുറുപ്പും അദ്ദേഹത്തിന്റെ ശിഷ്യന്‍ ശ്രീ. തണ്ണീര്‍മുക്കം വിശ്വംഭരനും കൂടി രാവണ വിജയവും, ദുര്യോധനവധവും പാടി. അന്ന് കഥകളി കണ്ടു ആസ്വദിക്കാനോ സംഗീതം കേട്ട് അഭിപ്രായം പറയുവാനോ എനിക്ക് പ്രായവും കഴിവും ഇല്ലായിരുന്നു എങ്കിലും അന്നത്തെ ആസ്വാദകര്‍ക്കും കഥകളി കലാകാരന്മാര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു എന്ന് മനസിലാക്കുവാന്‍ സാധിച്ചിരുന്നു. കാലക്രമേണ കുറുപ്പിന്റെ കളിയരങ്ങുകള്‍ അപൂര്‍വമായി മാത്രം സ്മരിക്കാനാവുന്നവായി തീര്‍ന്നതു കാരണം അദ്ദേഹത്തിന്റെ കലാജീവിതം വിജയകരമായിരുന്നു എന്ന് അവകാശപ്പെടുവാന്‍ സാധിക്കാതെ പോയി. കുറുപ്പാണ് കഥകളിക്കു പാടിയതെന്ന് അറിഞ്ഞാല്‍ ആസ്വാദകര്‍ സാധാരണ ചോദിക്കുന്ന ചോദ്യം " കഥ തോന്നിയോ? തൊണ്ട തെളിഞ്ഞോ? എന്നാവും . കുറുപ്പിന് ഉണ്ടായ ഈ ദുര്‍സ്ഥിതിക്ക് കാരണം ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരുടെ ശാപം ആണെന്നും അദ്ദേഹത്തെ കണ്ടു ക്ഷമാപണം നടത്തണമെന്നും പല കഥകളി സ്നേഹികളും കുറുപ്പിനെ ഉപദേശിച്ചിരുന്നതയും പറയപ്പെടുന്നു.

കുറുപ്പ് കഥകളി ലോകത്ത് ജ്വലിച്ചു നിന്നിരുന്ന കാലത്ത് കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒരു ഉത്സവം. കൊല്ലത്തെ തമിഴ് ജനങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ തമിഴ് നാട്ടില്‍ നിന്നും പ്രശസ്ത സംഗീത വിദ്വാന്മാരെയോ ‍, നാദസ്വര വിദ്വാന്മാരെയോ പരിപാടികളില്‍ പങ്കെടുപ്പിക്കുക പതിവായിരുന്നു. ഒരിക്കല്‍ പ്രസസ്തനായ നാദസ്വര വിദ്വാന്‍ ശ്രീ. ടി. എന്‍. രാജരത്തിനം പിള്ളൈ പങ്കെടുത്ത ഗംഭീര നാദസ്വര കച്ചേരിക്ക്‌ ശേഷം ആയിരുന്നു കഥകളി. കുട്ടപ്പകുറുപ്പ് ആയിരുന്നു ഗായകന്‍. ശ്രീ. രാജരത്തിനം പിള്ളൈ അന്നത്തെ നാദസ്വര കച്ചേരിക്ക്‌ വായിച്ച ചില രാഗങ്ങളുടെ  പ്രയോഗങ്ങള്‍ കഥകളിയിലെ വന്ദനശ്ലോകം മുതല്‍ കുറുപ്പ് പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ നാദസ്വര കച്ചേരി കഴിഞ്ഞു ക്ഷേത്രത്തിനു സമീപം വിശ്രമിച്ചു കൊണ്ടിരുന്ന ശ്രീ. രാജരത്തിനം പിള്ളൈ എന്ന നാദസ്വര ചക്രവര്‍ത്തിക്ക് കുറുപ്പിനെ അനുമോദിക്കാതെ ഇരിക്കുവാന്‍ സാധിച്ചില്ല . അദ്ദേഹം നേരെ അരങ്ങിലേക്ക് എത്തി. പാടിക്കൊണ്ടിരുന്ന കുറുപ്പിനെ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു പറഞ്ഞു. " നീ താന്‍ടാ മലയാളി".

3 അഭിപ്രായങ്ങൾ:

  1. നല്ല ലേഖനം സർ,ഇങ്ങനെ ഒരു ബ്ലോഗ് കഥകളി സ്നേഹികൾക്ക് സന്തോഷം നൽകുന്നു .നല്ല ഉദ്യമം ,ഇനിയും പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു,ലേഖനങ്ങൾ എല്ലാം ചേർത്ത് ഒരു പുസ്തകം ആക്കിയാൽ അത് നല്ല കുറേ കഥകളി ഓർമ്മകളുടെ കലവറ ആയിരിക്കും,..ആശംസകൾ സർ,...

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂലൈ 10 7:49 AM

    കൊള്ളാം.. നന്നായിട്ടുണ്ട്...
    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
    ആശംസകളോടെ
    അനിത
    JunctionKerala.com

    മറുപടിഇല്ലാതാക്കൂ
  3. Dear Ambujan Chettan,

    really true story (Kochupillai asan), which i too heard from my grandfather. Great effort to share it in this stage. Thank you very much

    Jayan

    മറുപടിഇല്ലാതാക്കൂ