പേജുകള്‍‌

2010, ജൂലൈ 21, ബുധനാഴ്‌ച

ശ്രീ. കോട്ടക്കല്‍ ശിവരാമന് കണ്ണീര്‍ അഞ്ജലി!

                                                       ശ്രീ. കോട്ടക്കല്‍ ശിവരാമന്‍

ശ്രീ. കോട്ടക്കല്‍ ശിവരാമന്‍ എന്ന കഥകളി കലാകാരന്‍  നമ്മെ വിട്ടു പിരിഞ്ഞു .അദ്ദേഹത്തിന്റെ ശരീരം മാത്രമേ വിട്ടു പോയിട്ടുള്ളൂ. കഥകളിയില്‍  അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള എത്രയോ  കഥാപാത്രങ്ങള്‍ ഇന്നും കലാപ്രേമികളുടെ  ഹൃദയത്തില്‍ ആരോഗ്യത്തോടെ  ജീവിക്കുന്നു.  താന്‍ അവതരിപ്പിക്കുന്ന  കഥാപാത്രത്തെ പരമാവധി ഉള്‍ക്കൊണ്ടു കൊണ്ട് തന്റേതായ അഭിനയ ശൈലിയില്‍ അവതരിപ്പിച്ചു വിജയിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ അപാരമായ കഴിവിനെ കഥകളി ലോകം എന്നും സ്മരിക്കും എന്നതിന് സംശയമേ  ഇല്ല. അദ്ദേഹത്തിന്റെ  ധാരാളം വേഷങ്ങള്‍  കണ്ടിട്ടുണ്ട്. വളരെ കുറച്ചു കാലമെങ്കിലും   ശിവരാമേട്ടനുമായി ശക്തമായ  സ്നേഹ ബന്ധം സ്ഥാപിക്കാനും  എനിക്കും കഴിഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ (70- കളില്‍) ചെങ്ങന്നൂര്‍
മഹാദേവ ക്ഷേത്രത്തില്‍ ദേവയാനി ചരിതം കഥകളി അവതരിപ്പിച്ചു . അന്ന് പള്ളിപ്പുറം ആശാന്റെ കചനും ശിവരാമേട്ടന്റെ ദേവയാനിയും മടവൂര്‍ ആശാന്റെ ശുക്രനും ആയിരുന്നു. അന്നത്തെ   വന്‍ വിജയമായിരുന്ന കഥകളി  കഴിഞ്ഞു വേഷം അഴിക്കുമ്പോള്‍ എന്റെ ചെവിയില്‍ ഏട്ടന്‍ പറഞ്ഞു " പള്ളിപ്പുറം ആശാന്റെ കചനു ദേവയാനി കെട്ടുമ്പോള്‍ എനിക്ക്  ഒരു സ്വാതന്ത്ര്യ കുറവ് തോന്നുന്നുണ്ട് " എന്ന്.  കൂട്ടു വേഷക്കാര്‍ തമ്മിലുള്ള ധാരണയും സ്വാതന്ത്ര്യവും കഥകളിയുടെ വിജയത്തിന്  ഒരു സുപ്രധാന ഘടകം തന്നെയാണ് എന്ന് ശിവരാമേട്ടന്‍ അന്ന് എനിക്ക് വിദമായി മനസിലാക്കി തന്നിരുന്നു. 

1980-ല്‍ എന്ന് കരുതുന്നു  ചെങ്ങന്നൂര്‍  ക്ഷേത്രത്തിലെ   രണ്ടു ദിവസത്തെ കളി.  ശ്രീ. ഗോപി ആശാനും,
ശിവരാമേട്ടനും കളിക്കുണ്ട്. രണ്ടാമത്തെ കളി  ദിവസം ഉത്തരാസ്വയംവരവും കിരാതവും ആയിരുന്നു കഥകള്‍. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ദുര്യോധനന്‍, ഗോപി ആശാന്റെ ബ്രഹന്ദള, ശിവരാമേട്ടനു സൈരന്ധ്രിയും   കിരാതത്തില്‍ ചെന്നിത്തല ആശാന്റെ കാട്ടാളനും, മാത്തൂരിന്റെ കാട്ടാളത്തിയും ഫാക്റ്റ് മോഹനന്റെ അര്‍ജുനനും  ആണ്  നിശ്ചയിച്ചിരുന്ന   വേഷങ്ങള്‍.  അന്നേ ദിവസം   കോട്ടയം കഥകളി ക്ലബ്ബില്‍ ( കളിയരങ്ങ്)  കര്‍ണ്ണശപഥം കഥകളിയുടെ ക്ഷണം വന്നപ്പോള്‍ ഗോപി ആശാനും ശിവരാമേട്ടനും ധൈര്യമായി ആ കളിയും ഏറ്റു. കോട്ടയം ക്ലബ്ബു കളി പത്തു മണിക്ക് തീര്‍ന്നാല്‍ ഒരു കാറില്‍ നാല്‍പ്പതു നിമിഷത്തില്‍   ചെങ്ങന്നൂരില്‍ എത്തുകയും ചെയ്യാമല്ലോ . കോട്ടയത്ത്‌ ശ്രീ.  തോന്നക്കല്‍ പീതാംബരന്റെ ദുര്യോധനനും ശിവരാമേട്ടന്റെ ഭാനുമതിയും ഗോപി ആശാന്റെ കര്‍ണ്ണനും കുടമാളൂരിന്റെ കുന്തിയും ആണ് നിശ്ചയിച്ചിരുന്ന വേഷങ്ങള്‍. ചെങ്ങന്നൂരിലെ ആദ്യ ദിവസത്തെ കളി കഴിഞ്ഞ ഉടനെ രണ്ടാമത്തെ ദിവസത്തെ കഥയ്ക്ക്‌ ഒരു ഭേദം ഉണ്ടായി.  ശിവരാമേട്ടന്റെ ചിത്രലേഖയും മാത്തൂരിന്റെ ഉഷയും ചേര്‍ന്നുള്ള ബാണയുദ്ധം ആദ്യ കഥയായി തീരുമാനിച്ചു. കോട്ടയത്തെ കളിക്ക്   അവസാനത്തെ " പ്രാണസഖ നിന്നുടെയ പ്രാണ സഖിയോടു ചേര്‍ന്ന് ആകര്‍ണ്ണനം ചെയ്ക കര്‍ണ്ണശപഥം " എന്ന ഭാഗത്തിന് ഭാനുമതി നില്‍ക്കാതെ വേഷം തുടച്ചു   ധൃതിയില്‍    ചെങ്ങന്നൂരിലേക്കു  യാത്ര തിരിക്കേണ്ടി വന്നു.


അപ്രതീക്ഷിതമായി   ചിത്രലേഖ കൂടി  ചെയ്യേണ്ടി  വന്നപ്പോള്‍  ഉണ്ടായ ബുദ്ധിമുട്ടില്‍ ശിവരാമേട്ടന്റെ കോപം  ഞാന്‍ കണ്ടിരുന്നു. കോപത്തില്‍  എന്തൊക്കെയാണ് സംസാരിച്ചത് എന്ന്  എനിക്ക്  മനസ്സിലായില്ല . അന്ന് ഒരു സഹ നടന്‍ പറ്റിച്ച പണിയാണെന്ന് ഈ "ഉഷ ചിത്രലേഖ " എന്ന് തെറ്റിധരിച്ചാണ് ശിവരാമേട്ടന്‍  രോഷവാനായത് .   പിന്നീട് രോഷം അടങ്ങി     ആശ്വാസം കണ്ടെത്തിയത് എന്നോട് സംസാരിച്ചു കൊണ്ട് ആയിരുന്നു. സത്യത്തില്‍ കോട്ടക്കല്‍ ശിവരാമനെ ക്ഷണിച്ചു വരുത്തി  ഉത്തരാസ്വയംവരത്തിലെ സൈരന്ധ്രി മാത്രം നല്‍കിയാല്‍ പോരാ എന്ന് പറഞ്ഞു കഥക്ക് മാറ്റം ഉണ്ടാക്കിയത് ചില  കഥകളി ആസ്വാദകര്‍ തന്നെയാണ്.

1981- ല്‍ പള്ളിപ്പുറം ആശാന്‍ മരിക്കുന്നത് ആലപ്പുഴ  മുല്ലക്കല്‍ ക്ഷേത്രത്തിലെ രണ്ടാം ദിവസത്തെ കളി കഴിഞ്ഞു വേഷം തുടച്ചു കഴിഞ്ഞു ചില നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ആണ് . അന്നത്തെ രണ്ടു ദിവസത്തെ കളികള്‍ക്കും ശിവരാമേട്ടന്‍ ഉണ്ടായിരുന്നു. ശിവരാമേട്ടനോടൊപ്പം കാറല്‍മണ്ണ സ്വദേശി ഒരു മാഷും വന്നിരുന്നു. മാഷിന് അവിടം പരിചയം ഇല്ലാത്തതിനാല്‍ മാഷിനു കമ്പനി നല്‍കാനുള്ള ചുമതല ശിവരാമേട്ടന്‍
എന്നെയാണ് ഏല്‍പ്പിച്ചത് .  മാഷ് ആദ്യ ദിവസത്തെ കളി കഴിഞ്ഞു തിരുവനന്തപുരത്ത് ടീച്ചേര്‍സ് അസോസിയേഷന്റെ മീറ്റിങ്ങിനു പോവുകയും ചെയ്തു.


                                                ദമയന്തി (ശ്രീ.കോട്ടക്കല്‍ ശിവരാമന്‍)


                                                       ദമയന്തിയും ഹംസവും
                            (ശ്രീ. കോട്ടക്കല്‍  ശിവരാമനും ശ്രീ.  ചെന്നിത്തല ആശാനും)

ഒരു കഥകളി കലാകാരന്‍ ജനിച്ചാല്‍ കാറല്‍മണ്ണയില്‍ ജനിക്കണം എന്ന് എനിക്ക് തോന്നിപ്പോയി. അത്ര കണ്ടു സ്നേഹമായിരുന്നു മാഷിന് ആ ഭാഗത്തുള്ള എല്ലാ കഥകളി കലാകാരന്മാരോടും പ്രത്യേകിച്ചു  ശിവരാമേട്ടനോട്.  ദമയന്തി എന്ന കഥാപാത്രത്തെ  കോട്ടക്കല്‍ ശിവരാമനെന്ന നടനിലൂടെ അല്ലാതെ വേറെ ആരിലും കണ്ടു തൃപ്തിപ്പെടുവാന്‍ ആവില്ല എന്ന ഉറച്ച  വിശ്വാസം ആയിരുന്നു   ആ മാഷിന് .  ദുര്യോധനവധത്തില്‍ പള്ളിപ്പുറം ആശാന്റെ ദുര്യോധനനും, കുറൂര്‍ വാസുദേവന്‍‌  നമ്പുതിരിയുടെ ദുശാസനനും,  ചെന്നിത്തല ആശാന്റെ കൃഷ്ണനും  ശിവരാമേട്ടന്റെ പാഞ്ചാലിയും, കലാമണ്ഡലം രാമകൃഷ്ണന്റെ രൌദ്രഭീമനും  എന്നിങ്ങിനെ  വേഷങ്ങള്‍ . ശിവരാമേട്ടന്റെ പാഞ്ചാലി  അരങ്ങത്ത് വന്നപ്പോള്‍  അത്രയും നേരം എന്നോടൊപ്പം ഇരുന്ന മാഷ് എന്നെ തള്ളി വിട്ടിട്ടു  അരങ്ങിന്റെ മുന്‍പില്‍ എത്തി. ഇമ പോലും വെട്ടാതെ ശിവരാമേട്ടന്റെ വേഷം ശ്രദ്ധിച്ചിരുന്ന ആ മാഷിനെത്തന്നെയാണ് ഞാന്‍ ശ്രദ്ധിച്ചിരുന്നത് എന്ന് പറയുന്നതാവും ശരി.
1982 - ല്‍ കഥകളി ഗായകന്‍ ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്റെ ചുമതലയില്‍ തട്ടയില്‍ ഒരു വീട്ടില്‍ കഥകളി നടന്നു . സന്താനഗോപാലം, കര്‍ണ്ണശപഥം എന്നീ കഥകള്‍. ചെന്നിത്തല ആശാന്റെ കര്‍ണ്ണനും ശിവരാമേട്ടന്റെ കുന്തിയും. തട്ടയില്‍ കഥകളി ആസ്വാദകര്‍ ധാരാളം ഉള്ള പ്രദേശം ആണ്. അവിടെ കര്‍ണ്ണശപഥം കഥകളി ധാരാളം ഉണ്ടായിട്ടുണ്ട്‌. ചെന്നിത്തല ആശാന്റെ കര്‍ണ്ണന്  അംഗീകാരം ഉള്ള പ്രദേശം ആണ്. അവിടെ ശിവരാമേട്ടന്റെ കുന്തി ആദ്യമാണ്  . സാധാരണ അവിടെ നടന്നിട്ടുള്ള കളികളില്‍ കുന്തിയും കര്‍ണ്ണനും തമ്മിലുള്ള വേര്‍പാടിന് കുന്തി മുന്‍പോട്ടു പോയി ഒന്നോ രണ്ടോ തവണ തിരികെ വന്നു കര്‍ണനെ  ആലിംഗനം ചെയ്തു പിരിയുന്ന രീതിയാണ്‌ അവിടെ പതിവ്. ശിവരാമേട്ടന്റെ കുന്തിയില്‍ അതുണ്ടായില്ല. കര്‍ണ്ണനോട് യാത്ര പറഞ്ഞു പിരിഞ്ഞ കുന്തി എല്ലാ  ദുഖങ്ങളും അടക്കി ധൈര്യം അവലംബിച്ച് കൊണ്ട് വളരെ വേഗം മുന്നോട്ടു നീങ്ങി. കുന്തി ദൂരത്തേക്കു നീങ്ങി മറഞ്ഞപ്പോള്‍ അന്നത്തെ ചെന്നിത്തല ആശാന്റെ കര്‍ണ്ണന്‍ തന്റെ മാതാവിനായി ഒരു തുള്ളി കണ്ണ് നീര്‍ അഞ്ജലിയായി സമര്‍പ്പിച്ചു. (അന്നത്തെ കഥകളിക്ക്  ചെണ്ട കൊട്ടിയ  കലാകാരന്‍ ശ്രീ. കുറൂര്‍ വാസുദേവന്‍‌ നമ്പുതിരി  ആ കര്‍ണ്ണശപഥത്തെ പറ്റി ഈ അടുത്ത സമയത്തു  കണ്ടപ്പോഴും സ്മരിച്ചിരുന്നു. )


അതേ പോലെ കോട്ടക്കല്‍ ശിവരാമന്‍ എന്ന ആ മഹാനായ കലാകാരന്റെ സ്മരണക്കു മുന്‍പില്‍  ഞാനും ഒരു തുള്ളി കണ്ണുനീര്‍ അഞ്ജലിയായി   ഇവിടെ സമര്‍പ്പിച്ചു കൊള്ളുന്നു.

10 അഭിപ്രായങ്ങൾ:

  1. ദു:ഖം പങ്കുവയ്ക്കുന്നു. ഈ പോസ്റ്റ് ഫേസ് ബുക്കില്‍ ലിങ്ക് ആയി നല്‍കിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. എഴുതിയ ഇടം കൊണ്ട്‌ അറിയാം എന്തൊക്കെയോ ഉള്ളിൽ ഉണ്ടെന്ന്. ഇത്രേം മത്യോ ശിവരാമന്‌? ഉള്ളിൽ ഉള്ളതു മുഴുവൻ എഴുതാൻ പറ്റട്ടെ!

    (ശിവരാമന്‌ എന്ന് പറഞ്ഞതുകൊണ്ട്‌ ഞാൻ കോട്ടക്കൽ ശിവരാമനെ ചെറുതാക്കുകയല്ല. വേറെന്തോക്കെയോ ആണ്‌ എനിക്ക്‌ ശിവരാമൻ)

    മറുപടിഇല്ലാതാക്കൂ
  3. മിസ്റ്റര്‍ സുനില്‍,
    ഒരിക്കലും ഇത്രയും പോരാ എന്ന് അറിയാം. പക്ഷെ എന്നേക്കാള്‍ കൂടുതല്‍ ആ മഹാനുഭാവനെ പറ്റി എഴുതാന്‍ കഴിവും അനുഭവവും ഉള്ള ധാരാളം കലാ ആസ്വാദകര്‍ ഉള്ളപ്പോള്‍ ഞാന്‍ എന്റെ വളരെ കുറച്ചു ഓര്‍മ്മകള്‍ പങ്കുവെച്ചു. അത്ര മാത്രം. ഒരിക്കല്‍ മദ്രാസ്സിന് വരേണ്ട ആവശ്യം ഉണ്ട് . മകന്റെ അഡ്രെസ്സ് വേണം എന്ന് എന്റെ പിതാവിനോട് ശിവരാമേട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ സിറ്റി വിട്ടു വളരെ അകലെ ആയിരുന്നതിനാല്‍ അങ്ങിനെ ഒരു അവസരം എനിക്ക് ലഭ്യമായില്ല. ഒരു പക്ഷെ അത് സംഭവിച്ചിരുന്നെങ്കില്‍ വളരെ കൂടുതല്‍ അദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുമായിരുന്നു .

    മിസ്റ്റര്‍. മനോജ്‌,
    വളരെ നന്ദി. താങ്കളുടെ അപ്പൂപ്പനുമായി വളരെ അധികം സംസാരിക്കാനും അദ്ദേഹത്തിന്റെ അധികം വേഷങ്ങള്‍ കാണുവാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ശ്രീ. അയ്മനം കൃഷ്ണകൈമള്‍
    അവര്‍കള്‍ എഴുതിയ ഡോക്ടര്‍ : ഫോസ്റ് എന്ന കഥകളി മുംബൈയില്‍ അവതരിപ്പിക്കാന്‍ മാങ്കുളം, കുറൂര്‍, ചന്ദ്രമന , മാത്തൂര്‍ , ഹരിദാസ്‌ അടങ്ങുന്ന കഥകളി സംഘം എത്തിയ അന്ന് മുതല്‍ മടങ്ങും വരെ ട്രൂപ്പിനോടൊപ്പം ഞനും ഉണ്ടായിരുന്നു. താങ്കളുടെ പിതാവിനോടും വളരെ നല്ല ആത്മബന്ധം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
    ബ്ലോഗില്‍ വന്നതില്‍ വളരെ വളരെ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  4. ദമയന്ത്യം !
    ആ ജീനിയസ്സിന്റെ വേര്‍പാടില്‍ ദു:ഖിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ശിവരാമേട്ടൻ............കഥകളിയിലെ സ്ത്രീവേഷങ്ങൾക്ക് തന്റെതായ ഒരു ‘തലം’ കണ്ടെത്തിയ പ്രതിഭ. ആസ്വാദകർക്ക് പിടികിട്ടാത്ത പ്രഹേളികയായി എന്നും നിലകൊണ്ടിരുന്ന സ്നേഹനിധി. സഹോദരസമാനമായ സ്നേഹം തന്ന് തന്റെ കഥാപാത്രങ്ങളെ കൂടുതൽ കൂടുതൽ ആയി മനസ്സിലാക്കിച്ചു തന്ന ഗുരുസമാനൻ. ശിവരാമേട്ടനു് ഈ എളിയ ആരാധകന്റെ ആദാരാഞ്ജലികൾ.

    മറുപടിഇല്ലാതാക്കൂ
  6. പാതിമുദ്ര


    ആടിക്കാറ്റിന്‍റെ താളത്തില്‍
    കലാശംവച്ചു കാലവും
    കൂടുവിട്ടു പറന്നേപോയ്‌
    മിനുക്കിന്‍ ശിവപക്ഷിയും

    മനയോല മിഴിത്തുമ്പു
    തുടയ്ക്കുന്നുണ്ട് മൂകമായ്
    മൊഴിമുട്ടി വിതുമ്പുന്നു
    മിഴിവിന്‍ കാല്‍ച്ചിലമ്പുകള്‍

    ഭാവപൂര്‍ണ്ണിമയുള്‍ക്കൊണ്ട
    പാതിമുദ്ര നിലയ്ക്കവേ
    വിജനേബത യെന്നെങ്ങും
    നളവിഹ്വലവീചികള്‍

    കലതന്‍ വസ്ത്രമാണിന്നു
    കൊണ്ടുപോയതു പത്രികള്‍
    കാണികള്‍ക്കു തിരുത്തീടാ-
    നാവുമോ കഥയല്‍പവും

    രുക്മാംഗദനകക്കാമ്പി-
    ലുണ്ടാകില്ലിനി മോഹിനി
    സുഖമോദേവി എന്നാരോ -
    ടിനിചൊല്ലുമരങ്ങുകള്‍

    തെക്കോട്ടേയ്ക്കു പുറപ്പെട്ട
    വണ്ടി കൈകാട്ടിനിര്‍ത്തിയും
    ഒരുസീറ്റിനു കെഞ്ചുന്നു -
    ണ്ടാവാം ഉര്‍വ്വശിരംഭമാര്‍.

    നക്ഷത്രക്കണ്ണുകള്‍പ്പൂട്ടി
    നിദ്രതേടുന്നു കൈരളി
    ഇനിയൊന്നുണരാനെത്ര
    യുഗം നാം കാത്തിരിയ്ക്കണം

    മറുപടിഇല്ലാതാക്കൂ
  7. കോട്ടക്കല്‍ ശിവരാമാശാന്‍കാലയവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. അത്യന്തം


    ഖേദത്തോടെയാണ് ആ വാര്‍ത്ത കേട്ടത്. മഹാന്മാരായ കലാകാരന്മാരുടെ ഭൌതിക
    ശരീരമേ നശിക്കുന്നുള്ളൂ, അവര്‍ കലാലോകത്തിനു നല്‍കിയ സംഭാവനകള്‍ ജീവനോടെ
    ഇവിടെത്തന്നെ നിലനില്‍ക്കും. കഥകളി പൂങ്കാവിലെ ആ
    ചെടി എന്നെന്നും പൂത്തുനില്‍ക്കാന്‍ അല്പം ജലം നാം എന്നും അതിനു നല്‍കിയാല്‍ മതി.
    കഥകളി ലോകം സ്നേഹാദരങ്ങളോടെ ആ കര്‍മം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.

    നളചരിതം നാലാം ദിവസത്തില്‍ ‍'ഞാനഖേദ, ധൃതിമോദ. നേരെ നിന്ന് നേരുചോല്‍വതും'
    എന്നത്ര ആര്‍ജവ്ത്ത്തോട് ആരിനി നളനോട് പറയും? ആരും പറയാനില്ല എന്നതാണ് സത്യം.

    ആ മഹാകലാകാരന്റെ സ്മരണക്കു മുന്‍പില്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്തി
    പ്രണമിക്കുന്നു.


    മോഹന്‍ദാസ്‌, ഏവൂര്‍ ‍

    മറുപടിഇല്ലാതാക്കൂ
  8. ശ്രീ. അംബുജാക്ഷൻ നായർ,
    ഉള്ളിൽതട്ടുന്ന ഓർമ്മകുറിപ്പ്. ആ അതുല്യ കലാകാരന്റെ ദേഹവിയോഗത്തിൽ ഉണ്ടായ നിങ്ങളേവരുടേയും ദുഖത്തിൽ ഈയുള്ളവനും പങ്കുചേരുന്നു. പരേതേത്മാവിന്റെ നിത്യശാന്തിയ്ക്കായി സർവ്വശ്ക്തനോട് പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നു.
    മാധവൻ കുട്ടി

    മറുപടിഇല്ലാതാക്കൂ
  9. Dr. മാധവന്‍ കുട്ടി സാര്‍ അവര്‍കള്‍ക്ക്,
    എന്റെ ബ്ലോഗില്‍ വന്നതിനു വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ