പേജുകള്‍‌

2010, ഏപ്രിൽ 26, തിങ്കളാഴ്‌ച

ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി (ഭാഗം-1)


ദക്ഷിണ കേരളത്തിലെ കഥകളി നടന്മാരിൽ അധികം ജനപ്രീതി നേടിയ പ്രധാനി ആയിരുന്നു ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള. ആകാര ഭംഗികൊണ്ടും പ്രകൃത്യാലുള്ള ഗാംഭീര്യം കൊണ്ടും അലർച്ചയുടെ ഘനം കൊണ്ടും കത്തി വേഷങ്ങൾക്ക് ഇത്രയധികം മികവു സിദ്ധിച്ചിരുന്ന നടൻ വേറെ ഉണ്ടോ എന്നു സംശയമാണ്. രാമകൃഷ്ണപിള്ളയുടെ രൗദ്രഭീമൻ, ബലഭദ്രൻ, സൗഗന്ധികത്തിലെയും ബകവധത്തിലെയും ഭീമസേനൻ എല്ലാ കത്തി, വെള്ളത്താടി, കരി വേഷങ്ങൾ ഹരിശ്ചന്ദ്രചരിതത്തിൽ വിശ്വാമിത്രൻ, അംബരീക്ഷ  ചരിതത്തിൽ ദുർവാസാവ് തുടങ്ങിയ മിനുക്കു വേഷങ്ങൾ പ്രസിദ്ധമായിരുന്നു. “മത്തദ്വിഗ്ഗജങ്ങളുടെ മസ്തകം പിളർക്കുമൊരു മൽക്കരബലം തടുപ്പാൻ മർക്കടനാളാമോഎന്ന ബാലി വിജയത്തിലെ രാമകൃഷ്ണപിള്ളയുടെ രാവണന്റെ ആട്ടത്തിന് ഒരു അലർച്ച ഉണ്ട്. അലർച്ച അല്ല, സിംഹ ഗർജ്ജനമാണ്  അത്.


കലാലയങ്ങളിൽ കഥകളി അഭ്യാസം പൂർത്തിയാക്കി അവസരങ്ങൾ തേടി തെക്കൻ കേരളത്തിൽ എത്തുമ്പോൾ പല യുവ കലാകാരന്മാർക്കും ഏതെങ്കിലും ഒരു വേഷം ലഭിച്ചാൽ മതി എന്നതാവും നില. രാമകൃഷ്ണപിള്ളയുടെ ദുര്യോധനനോടൊപ്പമോ രൗദ്രഭീമനോടൊപ്പമോ ദുശാസനവേഷമാവും ഇവരിൽ പലർക്കും ആരംഭത്തിൽ ലഭിക്കുക. പിള്ളയ്ക്ക് ഒരു ചെറിയ കുഴപ്പം ഉണ്ടായിരുന്നു. അരങ്ങിലെ യുദ്ധരംഗങ്ങളിൽ ശരീരത്തെങ്ങാനും അടിപെട്ട് വേദനിച്ചാൽ സഹനടൻ ആരായിരുന്നാലും തിരിച്ചടി ലഭിച്ചിരിക്കും. ഇക്കാര്യത്തിൽ കൃഷ്ണൻ നായരാശാനു പോലും വിട്ടു വീഴ്ച നൽകുന്ന പ്രശ്നമേ ഇല്ലായിരുന്നു. അതുകൊണ്ട് രാമകൃഷ്ണപിള്ളയുടെ രൗദ്രഭീമനാണെങ്കിൽ പല ദുശാസനന്മാരും രംഗം കഴിഞ്ഞാവും ശരിക്കൊന്ന് ആശ്വസിക്കുക.




ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ (1977-78) ഒരിക്കൽ ശ്രീ. കലാമണ്ഡലം കേശവൻ രചിച്ച അശ്വത്ഥാമാവ് എന്ന കഥകളി അവതരിപ്പിക്കുക ഉണ്ടായി. ദുര്യോധനവധത്തെ തുടർന്നാണ് ഈ കഥ അവതരിപ്പിക്കപ്പെട്ടത്. അതുതന്നെയാണ് ഉചിതവും. ഭീമസേനന്റെ ഗദയടി തുടയിൽ പെട്ട് മരണശയ്യയിൽ ദുര്യോധനൻ കിടക്കുമ്പോൾ കൃപരും ദ്രോണരുടെ പുത്രനായ അശ്വത്ഥാമാവും (ഏതാണ്ട് പരശുരാമ വേഷം) അവിടെ എത്തി പാണ്ഡവരെ നശിപ്പിക്കും എന്നു സത്യം ചെയ്യുന്നു. അശ്വത്ഥാമാവ് പാണ്ഡവരുടെ വാസസ്ഥലത്തിനു തീ കൊളുത്തിയ ശേഷം ദ്രോണരെ ചതിച്ചു കൊന്ന ദൃഷ്ടദ്യുമ്നനെ ചവിട്ടി കൊല്ലുകയും ചെയ്തു. ദൃഷ്ടദ്യുമ്നനെ വധിച്ച അശ്വത്ഥാമാവിനെ ഭീമൻ തേടി പിടിച്ച് ഏറ്റുമുട്ടി. ഭീമനും അർജുനനും ചേർന്ന് അശ്വത്ഥാമാവിന്റെ ശിരോമണി പിഴുത് എടുത്തു. കൃഷ്ണൻ അശ്വത്ഥാമാവിനെ ശപിച്ചു.


ഒരു കഥകളി സ്ഥാപനത്തിൽ അഭ്യാസം പൂർത്തിയാക്കി ദക്ഷിണ കേരളത്തിലെ കഥകളി അരങ്ങുകളിൽ അക്കാലത്ത് അംഗീകാരം നേടിക്കൊണ്ടിരുന്ന സാമാന്യം ആരോഗ്യവാനായ ഒരു യുവ കഥകളി കലാകാരൻ (നടന്റെ പേര് ഓർമ്മയിൽ ഇല്ല) ആയിരുന്നു അന്ന് അശ്വത്ഥാമാവായത്. ഹരിപ്പാട് രാമകൃഷ്ണപിള്ള ആയിരുന്നു ഭീമസേനൻ. ദൃഷ്ടദ്യുമ്നനായി എത്തിയത് രാമകൃഷ്ണപിള്ളയുടെ ഒരു ശിഷ്യനും. ദുര്യോധനന്റെ മരണശയ്യയിൽ അശ്വത്ഥാമാവും കൃപരും വില്ലും അമ്പുമായി പ്രവേശിച്ച് ദുര്യോധനനെ ചതിച്ച കൃഷ്ണനോടും പാണ്ഡവരോടുമുള്ള കോപ പ്രകടനങ്ങളും (പരശുരാമൻ മോഡൽ) പാണ്ഡവരെ നശിപ്പിക്കും എന്ന സത്യം ചെയ്യലും കഴിഞ്ഞപ്പോൾ ഈ കലാകാരന് യുവ കഥകളി ആസ്വാദകരുടെ മനസിൽ സ്ഥാനം പിടിക്കാനായി. പ്രോത്സാഹന സമ്മാനങ്ങൾ അരങ്ങിൽ എത്തിയപ്പോൾ നടൻ പരിസര ബോധം പോലും മറന്നു എന്നു പറയുന്നതാവും ശരി. ആദ്യ രംഗം കഴിഞ്ഞപ്പോൾ തന്നെ സ്ററേജിനു പിറകിൽ വെച്ച് അൽപ്പം വിദേശവും നടൻ അകത്താക്കി. അശ്വത്ഥാമാവ് ദൃഷ്ടദ്യുമ്നനെ (പച്ച വേഷം) ചവിട്ടി കൊല്ലുന്ന രംഗം ഒന്നാം തരമായി. ദൃഷ്ടദ്യുമ്നനെ അവതരിപ്പിച്ച നടൻ (രാമകൃഷ്ണപിള്ളയുടെ ശിഷ്യൻ) അണിയറയിൽ എത്തി, കീരീടം അഴിച്ചു വെച്ച ശേഷം ഉച്ചത്തിൽ കരച്ചിൽ തുടങ്ങി. അശ്വത്ഥാമാവുമായുള്ള രംഗത്തിന് പോകാൻ കിരീടം വെച്ചുമുറുക്കി കൊണ്ടിരുന്ന ഭീമനടൻ ശിഷ്യന്റെ ശോക കാരണം തിരക്കി. അശ്വത്ഥാമാവ് ദൃഷ്ടദ്യുമ്നനെ ചവിട്ടി കൊല്ലുന്നതായി അഭിനയിക്കുന്നതിനു പകരം എന്റെ കൈക്കും കാലിനും കഠിനമായി ചവിട്ടുക തന്നെ ചെയ്തു എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോൾ അത്യധികം കോപത്തോടെ ശിഷ്യ വാത്സല്യം നിറഞ്ഞ ഗുരുനാഥൻ ചോദിച്ചു “ എന്നിട്ട് നീ ഒരു അടി പോലും തിരിച്ചു നൽകിയില്ലേ”? മരിച്ചു കിടക്കുന്നതായി അഭിനയിക്കുന്ന ഞാൻ എങ്ങിനെ തിരിച്ച് അടിക്കാനാവും എന്ന് ശിഷ്യൻ തന്റെ ദയനീയമായ അവസ്ഥ ഗുരുനാഥനെ ബോദ്ധ്യപ്പെടുത്തി. മകന് തുല്യനാണ് ശിഷ്യൻ. അപ്പോൾ മകനെ ചവിട്ടിയവനെ ശിക്ഷിക്കേണ്ടത് അച്ഛന്റെ കടമയാണ്. അടുത്ത രംഗം ഭീമനും അശ്വത്ഥാമാവും തമ്മിലുള്ള യുദ്ധമാണ്. ഇവിടെ ഒരു യുദ്ധം വെറുതേ അഭിനയിക്കാനാവുമോ ഈ ഭീമനടന് ? തിരശീല താഴ്ത്തുമ്പോൾ അരങ്ങിൽ പാണ്ഡവ സേനയെ ചുട്ടു കൊന്ന അശ്വത്ഥാമാവിനെ തേടുന്ന ഭീമൻ. സദസ്യർക്കു നടുവിൽ അശ്വത്ഥാമാവ്. ഒട്ടും അമാന്തിച്ചില്ല. നേരെ സദസ്യർക്കു നടുവിലേക്കു ചാടി അശ്വത്ഥാമാവിനെ ഒരു പിടി. അശ്വത്ഥാമാവിന്റെ കഴുത്ത് തന്റെ കക്ഷത്തിലാക്കി ഭീമൻ സ്റ്റേജിലേക്ക് ഓടിക്കയറി.


കൃഷ്ണന്റെ ശാപം മൂലം പഴുത്ത് അളിഞ്ഞ് ദുർഗ്ഗന്ധം വമിക്കുന്ന ശരീരവുമായി വനത്തിലേക്ക് മറയുകയാണ് കഥയിലെ അശ്വത്ഥാമാവ്. കഥകളിയിൽ ദൃഷ്ടദ്യുമ്നനായി എത്തിയ കലാകാരന്റെ മനശാപം നിമിത്തം കളി കഴിഞ്ഞ് അണിയറയിൽ എത്താൻ ധൈര്യപ്പെടാതെ അലഞ്ഞ് ക്ഷേത്രപരിസരത്ത് എവിടെയോ വെച്ച് വേഷം തുടച്ച് ആരുടേയോ സഹായത്തോടെ അണിയറയിൽ നിന്നും ബാഗും ഡ്രസ്സും എടുപ്പിച്ച് എങ്ങിനെയോ രക്ഷപെടുകയാണ് ചെയ്തത് അശ്വത്ഥാമാവ് നടൻ.


ഈ സംഭവം വെച്ചു കൊണ്ട് രാമകൃഷ്ണപിള്ളയെ ഒരിക്കലും നാം തെറ്റിധരിക്കുവാൻ പാടില്ല. തന്റെ ജന്മനാട്ടിൽ ഒരു കഥകളി കലാകാരൻ അപമാനപ്പെടാൻ പാടില്ല എന്നു ചിന്തിച്ചിരുന്ന മഹാനായിരുന്നു അദ്ദേഹം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു ഉത്സവക്കളി. കല്യാണസൗഗന്ധികം ആയിരുന്നു ആദ്യകഥ. ഹനൂമാന്റെ സമുദ്രലംഘനസമയത്തെ രൂപം കണ്ട് ഭീമൻ മയങ്ങി വീണു. എന്നാൽ പടിപ്പടിയായുള്ള ഹനുമാന്റെ രൂപ വളർച്ചയ്ക്കുള്ള ചെണ്ടക്കാരന്റെ കൊട്ട് പിടിക്കാതെ ഹനൂമാൻ രംഗം വിട്ടു വെളിയിൽ വന്ന് അണിയറയിലേക്കു നീങ്ങി. രംഗം നിശ്ചലമായി. പൊന്നാനി ഭാഗവതരും ഉത്സവത്തിന്റെ ചുമതലക്കാരും ചില ആസ്വാദകരും ഇടപെട്ട് ഹനൂമാനെ സ്വാന്തനപ്പടുത്തി തിരിച്ച് രംഗത്തേക്ക് തിരിച്ചയയ്ക്കാൻ കുറച്ചു സമയമെടുത്തു. ഇത്രയും സമയം എന്താണ് സംഭവിച്ചത് ? കളി തുടരുമോ ? എന്നുള്ള വിവരങ്ങൾ അറിയാതെ അരങ്ങിൽ കിടക്കുന്നു ഭീമൻ. ഈ ഭീമൻ വേറ് ആരുമല്ല! ഹരിപ്പാട് രാമകൃഷ്ണപിള്ള. താൻ എഴുനേറ്റു അണിയറയിലേക്കു പോയാൽ കളി മുടങ്ങും. കളി മുടങ്ങിയാൽ പ്രശസ്തനായ തന്റെ സഹനടൻ അപമാനിക്കപ്പെടും. അതും ഹരിപ്പാട്ടിൽ. എന്റെ ജന്മനാട്ടിൽ അങ്ങിനെ ഒന്നും സംഭവിക്കാൻ പാടില്ലാ എന്ന സസുദ്ദേശം തന്നെ ആയിരുന്നു ആ കിടപ്പിന്റെ മർമ്മം.


എനിക്ക് വ്യക്തമായി അറിയാവുന്ന ഇത്രയും സംഭവത്തിന്റെ ബാക്കി ഭാഗങ്ങൾ കഥകളിയിലെ ചെണ്ടമേള വിദഗ്ദനായ ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരിയിൽ നിന്നും കുറച്ചു നാളുകൾക്കു മുൻപാണ് അറിയുവാൻ സാധിച്ചത്. രംഗം കഴിഞ്ഞ് ഭീമൻ (ഹരിപ്പാട് ക്ഷേത്രത്തിലെ ഊട്ടുപുരയിൽ) അണിയറയിൽ എത്തിയപ്പോൾ കളിക്കു കൊട്ടിയ ചെണ്ടക്കാരന്റെ സ്നേഹിതർ ചിലർ സംഘം ചേർന്ന് ശബ്ദമുണ്ടാക്കി കൊണ്ട് ഹനൂമാൻ നടനെ ചോദ്യം ചെയ്യാനായി അണിയറയിലേക്ക് തള്ളിക്കയറാൻ ഒരു ശ്രമം നടത്തി. സംഗതി വഷളാകുമെന്ന് ഭയന്നപ്പോൾ രാമകൃഷ്ണപിള്ള വേഷത്തോടെ അണിയറയുടെ വാതിലിൽ എത്തി തള്ളിക്കയറാൻ വന്നവരെ തടഞ്ഞു നിന്നു കൊണ്ട് ഉച്ചത്തിൽ ഗർജ്ജിച്ചു. “ആർക്കെടാ അദ്ദേഹത്തെ നേരിടണ്ടത്, അവർ ആരായിരുന്നാലും ശരി ആദ്യം ഈ എന്നെ, ഹരിപ്പാട് രാമകൃഷ്ണനെ അടിച്ചു വീഴ്ത്തി എന്റെ നെഞ്ചിൽ ചവിട്ടി വേണമെടാ അണിയറയിലേക്ക് കയറാൻ“. രാമകൃഷ്ണപിള്ളയുടെ ഘന ഗംഭീരമായ ശബ്ദത്തിന് ഒരു മറുപടി പറയാൻ ധൈര്യം ആർക്കുണ്ട്? സംഘം ചേർന്ന് വന്നവരെല്ലാം തലകുനിഞ്ഞ് പിറുപിറുത്തു കൊണ്ട് സാവധാനം മടങ്ങി പോയി.
(തുടരും)

10 അഭിപ്രായങ്ങൾ:

  1. നല്ല പോസ്റ്റ്. ഹരിപ്പാട് രാമകൃഷ്ണപ്പിള്ളയാശാന്‌ എന്റെ നമസ്കാരം ! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. chetta, ingane oru post nu engane nanni parayanam ennariyilla.. appuppane patti ulla ee anubhavangal enikum veettukarkkum oru puthiya arivayirunnu, oppam njangade santhoshavum nanniyum paranjariyikkan pattaathathanu. ariyavunna kaaryangalum kathakalum chettante postukalkku iniyum vishayam aakum ennum viswasikkunnu

    മറുപടിഇല്ലാതാക്കൂ
  3. നിഴല്‍കുത്തില്‍ ദുര്യോധനനായി വന്ന ഹരിപ്പാടിന്റെ താഡനം സഹിക്കാനാവാതെ മന്ത്രവാദി അദ്ദേഹത്തെ കാലില്‍ പിടിച്ചു വലിച്ചു പുറകോട്ടു മലര്‍ത്തിയടിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ എന്നൊന്നും അറിയില്ല!!

    മറുപടിഇല്ലാതാക്കൂ
  4. ദുര്യോധനന്റെ കാലിൽ പിടിച്ചു വലിച്ചിടുകയോ ? അങ്ങിനെ ഒരു കഥ എനിക്ക് അറിവില്ല.
    ഹരിപ്പാട്ട് ആശാനും ചെന്നിത്തല ആശാന്റെയും ദുര്യോധനനും മാന്ത്രികനെയുമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ആ അടിയും വീഴ്ചയുമെല്ലാം a combination trick മാത്രം. മാന്ത്രികന് അടിയും ഇടിയും തൊഴിയും എല്ലാം ഉണ്ടാകും. അതൊന്നും ശരീരത്തു പെടില്ല. ഉപദ്രവിച്ചു കൊണ്ട് ഒരു കഥകളിക്കാരന് തൊഴിൽ നടത്താൻ ആവുമോ? രാമകൃഷ്ണപിള്ള മരിച്ചപ്പോൾ പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളി യോഗത്തിന്റെ മാനേജർ മാത്രം രാമകൃഷ്ണപിള്ളയെ ക്ഷണിച്ചിരുന്ന കളി പതിനേഴ് ആയിരുന്നു.
    അശ്വത്ഥാമാവ് സമ്മാനം വാങ്ങിയശേഷം ഈ തോന്നൽ ഉണ്ടാവുക സഹജമാണ്. ഹരിപ്പാട് ദാമുവിന്റെ അരങ്ങേറ്റത്തിന്റെ കളികഴിഞ്ഞ് ഹൈദരാലി, വൈക്കം കരുണാകരനാശാൻ, കലാ: കേശവൻ, ഫാക്ട് ഭാസ്ക്കരൻ തുടങ്ങിയവരോട് ഒന്നിച്ചാണ് ഞാൻ ബസ് സ്റ്റാന്റിലേക്കു പോയത്. ഹരിപ്പാട്ട് ആശാന്റെ രൗദ്രഭീമനോടൊപ്പം (കത്തി വേഷത്തിലുള്ള) ദുശാസനനെ അവതരപ്പിച്ച ഫാക്ട് ഭാസ്ക്കരൻ പറഞ്ഞത് ഇതാണ്.
    “രൗദ്രഭീമനോടൊപ്പം അരങ്ങത്തു പോയത് ഭയന്നാണ്. പക്ഷേ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല.”

    മറുപടിഇല്ലാതാക്കൂ
  5. ഈ കഥ എന്റെ ആശാന്‍ പറഞ്ഞു കേട്ടിട്ടുള്ളതാണു. ഇവിടെ മന്ത്രവാദി ചെന്നിത്തല ആശാന്‍ അല്ല, മുട്ടാര്‍ ശിവരാമന്‍ ആണെന്നാണ് എന്റെ ഓര്‍മ്മ.ഉപദ്രവം സഹിക്കാതായപ്പോള്‍, ദുര്യോധനന്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ചു് വാള്‍ കുത്തിപ്പിടിച്ചു് ഇരിക്കുന്ന സമയത്ത് നമസ്കരിക്കുകയാണെന്ന വ്യാജേന അദ്ദേഹം ആ കാല്‍ പിടിച്ചു ഒറ്റ പൊക്കു പൊക്കിയെന്നും ബാലന്‍സ് തെറ്റി ഹരിപ്പാട് ആശാന്‍ പുറകോട്ടു മറിഞ്ഞെന്നുമൊക്കെയാണ്! കുറേയൊക്കെ അതിശയോക്തി കാണും, എനിക്കറിയില്ല. ഒരിക്കല്‍ മാത്രമാണു ഞാന്‍ ഹരിപ്പാട് ആശാന്റെ വേഷം കണ്ടിട്ടുള്ളത്.

    മറുപടിഇല്ലാതാക്കൂ
  6. ഗിരീഷ്,
    ശ്രീ. മുട്ടാർ ശിവരാമനെ അറിയാം. അദ്ദേഹം എന്റെ പിതാവിന്റെ സുഹൃത്തായിരുന്നു. കിടങ്ങറാ സ്വാമി എന്ന് അറിയപ്പെട്ടിരുന്ന ഒരു ബഹുമാന്യ വ്യക്തിയാണ് ശ്രീ. മുട്ടാർ ശിവരാമനെ വീട്ടിൽ കൂട്ടി വന്നത്. കഥകളി ഭാഗവതരും, ചുട്ടി ആർട്ടിസ്റ്റുമായ ശ്രീ.വർക്കല ശ്രീനിവാസൻ സാറും മുട്ടാർ ശിവരാമനും എന്റെ പിതാവും നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷേ താങ്കൾ പറഞ്ഞ കഥ ഇതുവരെ ആരും പറഞ്ഞ് അറിവില്ല.
    Mr. പരദൂഷണൻ,
    രാമൻകുട്ടി ആശാന്റെ ഹനുമാനും രാമകൃഷ്ണപിള്ളയുടെ ഭീമനും ഏവുർ ക്ഷേത്രത്തിൽ വെച്ചു് കണ്ടിട്ടുണ്ട്. എന്റെ കഥയിലെ ഹനുമാനും ദൃഷ്ടദ്യുമ്നനും ആരായിരുന്നു എന്ന് അറിയുന്നതിൽ അർത്ഥം ഇല്ല. രാമകൃഷ്ണപിള്ളയാണ് എന്റെ കഥയിലെ നായകൻ.

    മറുപടിഇല്ലാതാക്കൂ
  7. Dear Nair,

    Brilliant write-up. You have presented late Harippad Ramakrishna Pillai exactly as he was. Harippadan was an unchallenged king, a colossus who ruled the thekkan kathakali stages until he decided to leave the scene. His kathi veshams were truly outstanding. I don’t know if he presented the kathis as Kaplingad thirumeni desired, but whatever Harippadan presented became the norm of kathivesham in the south in his heydays. Unlike other artists, Harippadan did not do much of acting on stage as he knew his very presence and few special gestures were good enough to create all the effects of the kathiveshams he handled. Well, the orthodox had a point in the way Harippdan pushed sampradayam to the background, but none dared to question the hero. I vividly remember Harippadan’s ‘thirakkinokku’, which was a treat to watch. What a stage presence? One could not have seen Ramakrishna Pillai in the role, only the mighty Ravanans and Keechakans were out there in flesh and blood! The effect of traditional decorations of a kathivesham, both in the aaharyam and stage, peaked in its beauty when Harippadan Ramakrishna Pillai donned the role. A true hero indeed!

    Thank you Nair for giving me an opportunity to remember the great Harippadan. I am waiting for the second part of your write-up.

    Regards

    Dr. Evoor Mohandas

    മറുപടിഇല്ലാതാക്കൂ
  8. My dear Kathakali Friends, Namaskaram. As Ambujakshan Chettan mentioned right in one of his article about me that I was the person insisting Ambujakshan Chettan to start a new Blog and put his experiences in that Blog. The following is a communication between two Kathkali Families. (S/Shri Harippad Ramakrishna Pillai and Chennithala Chellappan Pillai). The following is a letter written by Harippad Ramakrishna Pillai's Grand Son (Harippad Ramakrishna Pillai's Daughter's Son Shri Rajneesh Kiran) to Ambujakshan Chettan. Please go through the letter and you can experience the relationship and friendship between S/Shri Harippad Ramakrishna Pillai and Chennithala Chellappan Pillai:-

    My dear Ambujakshan Sir, Namaskaram. Thank you very much for sharing these photos. The photo of Appuppan and your father, is it really a colour photo or is it a black and white photo converted to color? Anyway I will treasure all these photos. Even Amma (Harippad Ramakrishna Pillai's Daughter) might not have seen these photos. Amma used to say that Chellappan Pillai Aasan was very good in all pacha veshams and he was best in portraying Karnan, and she told that she used to feel the pain in real when Chellappan Pillai Aasan enacts the padam "Enthiha manmaanase sandeham valarunnu" and she also told that he was the best during that time to perform Hamsam and Maanthrikan in Nizhalkuthu. Eventhough I was not a serious kathakali fan earlier I too remember some of the pacha veshams he played in Thalathotta temple and Haripad temple. Sir, the photo from Nizhalkuthu is not clear. Please send me more photos if you have. I never thought i could see these photos again. Thanks once again, Sanju "Rajneesh Kiran" rajneeshkiran@gmail.com

    The following is the reply letter written by me to Ambujakshan Chettan:-

    My dear Ambujakshan Chettan, Namaskaram. I did gone through the e-mail of Rajneesh Kiran. “Aananda labdhikku vere enthu vendu”............ ennoke kettittale ollu! I am so happy. Oru Kathakali Kalakarante kudumbavum veroru Kalakarante kudumbavum thammillulla sangamam ennil koodi nadannu ennu vicharikkumbol ...... ente kannu nirayunnu. I can feel the attachment and understanding Chellappan Pilla Chettan had with Harippad Ramakrishna Pillai Chettan. (I remember you have narrated many stories and incidents that went on between them). Even though Rajneesh says that he is not a serious Kathakali fan, but through his Mother’s words I can feel Chellappan Pilla Chettan’s GREATNESS. She is exactly right in portraying Chellappan Pilla Chettan’s enactment of padam “enthiha man manase sandeham valarunnu……………”. One cannot sit before the ‘arangu’ without tears rolling through his chin, in that padam. Ofcourse her evaluation is 100% CORRECT. Regarding Hamsam and Mantavadi also, I think she might have seen Chellappan Pilla Chettan’s many of these veshams. Chetta, we should be proud of ourselves that we posted those photos in Orkut and it reached to proper hands. THANK YOU. Once again I thank you for your GREAT EFFORTS. Regards, VAIDYANATHAN.

    മറുപടിഇല്ലാതാക്കൂ
  9. Mr. Vaidyanathan,

    സുദീർഘമായ ഒരു വിവരണമാണ് താങ്കളുടേത്. കഥകളി അരങ്ങുകൾ തോറും നടന്നപ്പോൾ കിട്ടിയ അനുഭവങ്ങൾ, പല അറിവുകൾ, കലാകാരന്മാർ തമ്മിൽ സംസാരിക്കുന്നത് ശ്രദ്ധിക്കൽ തുടങ്ങിയവയിലൂടെ മനസിൽ ചേർത്തു വെച്ചിരുന്നത് എല്ലാം പങ്കിടാൻ താങ്കളെ കിട്ടുകയും ചെയ്തു. തുടർന്ന് ശ്രീ. ഏറ്റുമാനൂർ കണ്ണന്റെ കഥകളി ഗ്രൂപ്പിൽ എന്തൊക്കെയോ എഴുതിയതു മൂലം ധാരാളം കഥകളി മിത്രങ്ങളും ലഭിച്ചു. താങ്കളുടെയും പല കഥകളി മിത്രങ്ങളുടെയും താൽപ്പര്യമാണ് ഇളകിയാട്ടം എന്ന ഈ ബ്ളോഗിന്റെ തുടക്കം.

    Dear friends,
    1981 വരെയുള്ള കാലഘട്ടങ്ങളിൽ മാവേലിക്കര, തിരുവല്ലാ ഭാഗങ്ങളിലെ കളിയരങ്ങുകളാണ് എനിക്ക് കാണുവാൻ അവസരം ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ അക്കാലത്ത് ആഭാഗങ്ങളിൽ അരങ്ങു സ്വാധീനം ഉണ്ടായിരുന്ന കഥകളി നടന്മാരാവും എന്റെ ബ്ളോഗിൽ സ്ഥാനം പിടിക്കുക. വിജ്ഞാനപ്രദമായ കഥകളി ബ്ളോഗുകൾ പലതുണ്ട്. നിങ്ങൾക്ക് ചില ചില്ലറ രസികത്തങ്ങളും ചില അരങ്ങു കഥകളും അണിയറ കഥകളും അരങ്ങിനു വെളിയിലെ കഥകളും കഥകളി കലാകാരന്മാരുമായി ബന്ധപ്പെട്ട കഥകളുമാണ് ഈ ഇളകിയാട്ടത്തിലൂടെ സമ്മാനിക്കുന്നത്.
    വായിക്കുക. അഭിപ്രായവും മറക്കാതെ എഴുതുക.

    മറുപടിഇല്ലാതാക്കൂ