പേജുകള്‍‌

2010, ഏപ്രിൽ 12, തിങ്കളാഴ്‌ച

സിനിമാ നടനും വഴിപാട് കഥകളിയും

ഒരിക്കൽ (1978-79 കളിൽ) പ്രസിദ്ധ സിനിമാ നടൻ ശ്രീ. എം. ജി. സോമൻ അവർകൾ തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ ഒരു കഥകളി വഴിപാട് നടത്തുക ഉണ്ടായി. ശ്രീ. നന്ദാവനം കുട്ടൻ പിള്ള എന്ന തിരുവല്ലാ സ്വദേശിയായ കഥകളി നടനായിരുന്നു കളിയുടെ ചുമതല. ശ്രീ. എം. ജി. സോമൻ നടത്തുന്ന വഴിപാട് കഥകളി എന്നു പരസ്യപ്പെടുത്തുവാൻ ശ്രീ. നന്ദാവനം പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു. ശ്രീ. കലാമണ്ഡലം ഗോപി ആശാനാണ് വിശേഷാൽ ക്ഷണിക്കപ്പെട്ടിരുന്ന കഥകളി നടൻ. മറ്റു നടന്മാർ തിരുവല്ലായിൽ നടക്കുന്ന മേജർ കളികളിൽ പങ്കെടുക്കുന്ന സമീപ പ്രദേശങ്ങളിലെ നടന്മാരും. കഥകൾ കർണ്ണശപഥവും ദക്ഷയാഗവും. ഒൻപതര മണിക്കുവിളക്കു വെച്ചപ്പോൾ തന്നെ ക്ഷേത്രത്തിലെ കഥകളി മണ്ഡപവും ക്ഷേത്രനടയുടെ മുൻപിൽ കൂടി വടക്കു ഭാഗം, തെക്കുഭാഗം കിഴക്കു ഭാഗം എന്നീ മൂന്നു അപ്രോച്ചു റോഡുകളിലും വൻ യുവജനക്കൂട്ടം. അണിയറയിൽ നിന്നും വേഷക്കാരന് അരങ്ങിൽ എത്തിച്ചേരുന്നത് അത്ര സുഗമമല്ലാത്ത ഒരു സ്ഥിതി വിശേഷം. കഥകളിക്ക് ഇത്രയും കൂട്ടമോ? ഏതൊരു കഥകളി പ്രേമിക്കും ഈ ജനക്കൂട്ടത്തെ കാണുമ്പോൾ എത്ര ആഹ്ളാദമാവും ഉണ്ടാകുക.


പുറപ്പാടും മേളപ്പദവും കഴിഞ്ഞ് കളി തുടങ്ങി. ദുര്യോധനനും ഭാനുമതിയും അരങ്ങിൽ നിൽക്കുമ്പോൾ ക്ഷേത്രനടയുടെ മുൻപിൽ ഒരു കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ടു. കഥകളി മണ്ഡപത്തിൽ ഇരുന്നു കളി കാണുന്ന സുമാർ എഴുപതോളം ആസ്വാദകർ ഒഴിച്ച് ബാക്കി ജനങ്ങൾ എല്ലാം ശബ്ദമുണ്ടാക്കി കൊണ്ട് കാറിനെ ലക്ഷ്യമാക്കി ഓടി. ജനങ്ങൾ എല്ലാം അവിടെ നിന്നിരുന്ന കാറിനു ചുറ്റും കൂടി. കാറിനുള്ളിൽ പ്രിയ സിനിമാ താരം എം. ജി. സോമനും കുടുബാംഗങ്ങളും. എം. ജി. സോമന് കാറിന്റെ ഡോർ ഒന്നു തുറക്കാനോ പുറത്തേക്ക് ഇറങ്ങുവാനോ സാധിക്കുന്നില്ല. ജനങ്ങൾ കാറിനു ചുറ്റും കൂടി നിൽക്കുകയാണ്. എന്തു ചെയ്യണം എന്ന് അറിയാതെ വിഷമിക്കുയാണ് കാറിലുള്ളവർ. സാഹചര്യം മനസിലാക്കിയ കാർ ഡ്രൈവർ കാർ സ്റ്റാർട്ടു ചെയ്തു വളരെ സാവധാനത്തിൽ റിവേഴ്സെടുത്തു. കൂടവേ കാറിൽ പിടിച്ചു കൊണ്ട് ജനങ്ങളും. മാർക്കറ്റ് റോഡിലേക്കുളള തിരിവ് എത്തിയപ്പോൾ ബുദ്ധിപൂവം ഡ്രൈവർ കാർ മാർക്കറ്റ് റോഡിലേക്കു വളരെ വേഗത്തിൽ ഓടിച്ചു പോയി.


ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ കർണ്ണൻ അരങ്ങിലെത്തി. കളി ഹൃദ്യമായി തുടർന്നു. “എന്തിഹ മൻ മാനസേ സന്ദേഹം വളരുന്നു” എന്ന പദം അരങ്ങിൽ നടക്കുമ്പോൾ ക്ഷേത്രത്തിന്റെ തെക്കേ നടയിലേക്ക് ജനങ്ങൾ ഓടുന്നു. കാരണം വേറൊന്നുമല്ല. എം. ജി. സോമൻ തന്റെ കാർ ക്ഷേത്രത്തിന്റെ തെക്ക് മതിൽഭാഗത്തു നിർത്തിയിട്ട് കഥകളി മണ്ഡപത്തിലേക്ക് നടന്നു വരുവാൻ ഒരു ശ്രമം നടത്തി. ഇവിടെയും സിനിമാ നടന് പരാജയം തന്നെ. നടന്നു വരുവാൻ ഒരു ശ്രമം നടത്തിയ നടൻ ഓടി കാറിൽ കയറി രക്ഷപെടേണ്ടി വന്നു.

കർണ്ണശപഥം കഥകളി ഭംഗിയായി അവസാനിച്ചു. ദക്ഷയാഗത്തിൽ ദക്ഷൻ അരങ്ങത്തെത്തുമ്പോൾ പുലർച്ചെ മൂന്നു മണി. കാവുംഭാഗത്തു നിന്നും കിഴക്കേനടയിലേക്ക് എത്തുന്ന ക്ഷേത്രത്തിന്റെ വടക്കേ റോഡിൽ കൂടി ഒരു കാർ പതുക്കെ റിവേഴ്സിൽ വരുന്നു. ഇതു ശ്രദ്ധിച്ച ചിലർ കാറിനെ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി. ജനങ്ങൾ കാറിനെ ലക്ഷ്യമാക്കി ഓടി വരുന്നതു കണ്ടപ്പോൾ ഡ്രൈവർ കാർ മുൻപോട്ടെടുത്തു വേഗത്തിൽ ഓടിച്ചു പോയി. അങ്ങിനെ എം. ജി. സോമന്റെ കഥകളി കാണുവാനുള്ള മൂന്നാമത്തെ ശ്രമവും കടുത്ത പരാജയത്തിൽ അവസാനിച്ചു.


കളി കഴിഞ്ഞപ്പോൾ പ്രധാന കലാകാരന്മാരെ എം. ജി. സോമന്റെ തിരുവല്ലായ്ക്കു സമീപമുള്ള വസതിയിലേക്കു കൂട്ടി ചെല്ലാൻ രണ്ടു കാർ ക്ഷേത്രനടയിൽ എത്തി. എം. ജി. സോമനെ നേരിൽ കാണുവാൻ എനിക്കുള്ള താൽപ്പര്യം മനസിലാക്കിയിരുന്ന കളിയുടെ ചുമതലക്കാരൻ നന്ദാവനം കുട്ടൻ പിള്ള പ്രധാന കലാകാരന്മാരോടൊപ്പം കാറിനുള്ളിൽ കയറുവാൻ എന്നെയും അനുവദിച്ചു. എല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിച്ച എം. ജി. സോമൻ കഥകളി കാണാൻ താൻ നടത്തിയ പരിശ്രമങ്ങളും പരാജയങ്ങളുമായിരുന്നു കലാകാരന്മാരോട് പ്രധാനമായി സംസാരിച്ചത്. അദ്ദേഹത്തിന്റെ കുടുംബിനി നൽകിയ ചൂടുകാപ്പിയും കുടിച്ച് കളിയുടെ വേതനവും വാങ്ങി കഥകളി കലാകാരന്മാർ കാറിലേക്കു കയറുമ്പോഴും തന്നെ കഥകളി കാണാൻ അനുവദിക്കാതിരുന്ന തന്റെ ആസ്വാദകരോടുള്ള കടുത്ത അമർഷമാണ് എം. ജി. സോമന്റെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നത്. കഥകളിയേക്കാൾ മുഖ്യത്തം കഥകളി വഴിപാട്ടുകാരന്റെ പേരിന് നൽകിയതാണ് ഈ സംഭവത്തിന്റെ പ്രധാന കാരണം.

2 അഭിപ്രായങ്ങൾ: