പേജുകള്‍‌

2010, ഏപ്രിൽ 4, ഞായറാഴ്‌ച

മദ്ദളവിദഗ്ദനും സംഗീതപ്രേമിയും

കലാകാരന്മാരുടെ രസകരമായ കഥകൾ എന്ന് എടുത്താൽ മദ്യവുമായി ബന്ധപ്പെടുന്നവയാവും അധികവും. മദ്യപിച്ച് കളിക്കെത്തി കളി അലങ്കോലമാക്കിയ നടന്മാരും, പാടാതെ കളി തീരും വരെ അണിയറയിൽ കിടന്നുറങ്ങി രാവിലെ കയ്യും വീശി യാത്രയായിട്ടുള്ള ഗായകന്മാരും ഉണ്ട്. പണ്ടത്തെ ചില കലാകാരന്മാരെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്നുള്ള കലാകാരന്മാർ ഈ വിഷയത്തിൽ വളരെ ഭേദമാണ് എന്നാണ് എനിക്കു തോന്നുന്നത്. ഒരു മദ്ദളക്കാരൻ മദ്യപിച്ചു കളിക്ക് എത്തിയപ്പോൾ ഉണ്ടായ രസകരമായ അനുഭവമാണ് ഇന്ന് ഇവിടെ ഇളകിയാടുന്നത്.

മാവേലിക്കരയിൽ നിന്നും തിരുവല്ലാ റൂട്ടിൽ രണ്ടു കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ചെറുകോൽ ശുഭാനന്ദാശ്രമം കാണാം. പണ്ട് ആശ്രമത്തിൽ വർഷത്തിൽ ഒരു കളി പതിവായിരുന്നു. അവിടുത്തെ കളികൾ ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്ന ശ്രീ. ഒ. കുട്ടൻ സാറിന്റെ ചുമതലയിലാവും നടത്തുക. ഒരു വർഷം കുട്ടൻ സാറിന് എന്തോ അസൗകര്യം കാരണം ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാനെ കളിയുടെ ചുമതല ഏൽപ്പിച്ചു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള തുടങ്ങിയ കഥകളി കലാകാരന്മാർ വളരെ നേരത്തേ തന്നെ എത്തിച്ചേർന്നിരുന്നു. കളിക്കു മുൻപ് ഏഴര മുതൽ ഒൻപതര വരെ ഒരു സംഗീത കച്ചേരിയും നിശ്ചയിച്ചിട്ടുണ്ട്.

അന്നത്തെ കളിക്കുള്ള പ്രധാന മദ്ദള കലാകാരൻ* ( ഒരു സങ്കൽപ്പ നാമമാണ് *ബാബു. ബാബു എന്ന പേരിൽ മദ്ദള കലാകാരൻ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.) എത്തിയത് അമിത മദ്യ ലഹരിയിലാണ്. യാത്രാക്ഷീണം മാറ്റാൻ ആശ്രമ സങ്കേതത്തിൽ തന്നെ കുളിയും കഴിഞ്ഞ് നെറ്റിയിലും കൈത്തോളുകളിലും മൂന്നു വിരൽ ഭസ്മക്കുറിയും ഇട്ട ശേഷം ബാഗു തുറന്ന് ശേഷമുണ്ടായിരുന്ന മദ്യവും അകത്താക്കിയിട്ട് അണിയറയിൽ നിന്നും ഒരു ചാക്കുമെടുത്ത് വെളിയിൽ വന്നു. അണിയറയിൽ നിന്നും അൽപ്പം മാറി ആൾ തിരക്കില്ലാത്ത ഇടത്തു ചാക്കു വിരിച്ച് അതിൽ ഇരുപ്പുറച്ചു. 

വൈകിട്ട് സമയം സുമാർ ആറേമുക്കാൽ മണിക്ക് അതു വഴി കടന്നു പോയ ഒരു സംഗീത പ്രേമിയായ മദ്ധ്യവയസ്ക്കൻ ബാബുവിനെ ഒന്നു ശ്രദ്ധിച്ചു. ഒരു പരിചയം ഉള്ളതു പോലെ തോന്നൽ, ഒന്നു ശങ്കിച്ചു നിന്നു. പിന്നീട് സന്തോഷത്തോടെ വേഗത്തിൽ ബാബുവിന് അടുത്തെത്തി. ബാബുവിനോട് എന്തോ ചോദിച്ചു. ബാബുവിന് ശബ്ദമില്ല, പകരം ചിരിച്ചു കൊണ്ട് തലയൊന്ന് അനക്കി. അയാൾ ബാബുവിനെ തൊഴുതിട്ട് നേരെ എതിരിൽ ഇരുന്നു. സംഗീതത്തെ പറ്റി സംസാരിക്കാൻ തുടങ്ങി. സംഗീതത്തിൽ തനിക്കുള്ള ജ്ഞാനത്തെ അറിയിക്കാനെന്ന വിധത്തിൽ കർണ്ണാടക സംഗീതത്തിന്റെ പല കീർത്തനങ്ങൾ അയാൾ ആലപിക്കാൻ തുടങ്ങി. ബാബുവും വിട്ടില്ല. തുടയിൽ കൈതട്ടി ഭേഷ്! ബലേഭേഷ്! എന്നായി. ആവേശത്തോടെ കച്ചേരിയും ബലേഭേഷും തുടർന്നു. “വാതാപി ഗണപതി, ഭാവയാമി” എന്നിങ്ങിനെ ആലാപനം തുടർന്നു കൊണ്ടിരിക്കെ ഏഴര മണിക്ക് ആശ്രമത്തിലെ മൈക്കിൽ കൂടി ഒരു അറിയിപ്പ് വന്നു. “സംഗീതജ്ഞൻ ഇതുവരെയും എത്തിയിട്ടില്ല. അതിനാൽ പരിപാടികളിൽ ചേർത്തിരുന്ന സംഗീതസദസ്സ് ഉണ്ടായിരിക്കുന്നതല്ല”. ഇതു കേട്ട ഉടൻ തന്നെ ബാബുവിന്റെ മുന്നിലിരുന്ന സംഗീത പ്രേമി എന്തോ ഉച്ചത്തിൽ വിളിച്ചു കൂവിക്കൊണ്ട് വളരെ വേഗം ആശ്രമ മണ്ഡപത്തിലേക്ക് ഓടി. ഒരു ചില നിമിഷങ്ങൾക്കുള്ളിൽ നാലു പേരുമായി അയാൾ മടങ്ങി എത്തി.

അണിയറയിൽ നിന്നും എന്തിനോ പുറത്തേക്കുവന്ന ചെല്ലപ്പൻ പിള്ള ആശാൻ ഒരു ബഹളം കേട്ട് വെളിയിലേക്ക് ശ്രദ്ധിച്ചപ്പോൾ നാലുപേർ ചേർന്ന് ബാബുവിനെ പിടിച്ച് എഴുനേൽപ്പിച്ച് എവിടേക്കോ കൊണ്ടു പോകാൻ ശ്രമിക്കുന്നതാണ് കണ്ടത്. ആശാൻ അവിടേക്ക് ഓടി എത്തി. ആശാൻ അവിടെ ഉള്ളവർക്ക് സുപരിചിതനാകയാൽ സ്വാതന്ത്ര്യത്തോടെ ബാബുവിനെ പിടിച്ചു വലിച്ചു കൊണ്ടിരുന്ന നാലുപേരെയും എന്താണ്? എന്തുപറ്റി? എന്ന് ചോദിച്ചു കൊണ്ട് തള്ളിമാറ്റി. ഈ സംഗീതജ്ഞനെ സ്റ്റേജിലേക്ക് കൊണ്ടു പോവുകയാണെന്നുള്ള അവരുടെ മറുപടി കേട്ടപ്പോൾ ആശാൻ പുഞ്ചിരിച്ചു കൊണ്ട് ബാബുവിന്റെ കയ്യിൽ ബലമായി പിടിച്ചു. ഹേയ് “ഇതു നിങ്ങളുടെ സംഗീതജ്ഞനൊന്നുമല്ലാ ഞങ്ങൾ കഥകളിക്കാരുടെ ബാബുവാണ് ” എന്നു പറഞ്ഞ് ബാബുവിനെയും കൂട്ടി അണിയറയിലേക്ക് പോയി.

സംഗീതജ്ഞൻ എന്നു തെറ്റിദ്ധിച്ച് ഒരു മദ്ദളക്കാരന്റെ മുൻപിൽ വാതാപിയും ഭാവയാമിയും മറ്റും പാടിയത് ഓർത്ത് ഒരു നാണക്കേടോടെ നീങ്ങിയ സംഗീത പ്രേമിയും ഒരു വലിയ കാര്യം സാധിക്കാനെത്തിയ അയാളുടെ കൂട്ടാളികൾ നാലുപേരും നിരാശയോടെ ആശ്രമ മണ്ഡപത്തിലേക്ക് നീങ്ങുമ്പോൾ നടന്ന സംഭവകഥ ചെല്ലപ്പൻ പിള്ള ആശാൻ വിവരിക്കുന്നതു കേട്ട് മാങ്കുളവും മങ്കൊമ്പും ഉൾപ്പടെയുള്ള കലാകാരന്മാരുടെ പൊട്ടിച്ചിരി അണിയറയിൽ നിന്നും ഉയർന്നു വന്നു. ചെല്ലപ്പൻ പിള്ള ആശാൻ അവിടെ എത്തിയതുകൊണ്ട് മദ്ദളക്കാരൻ ബാബുവിന്റെ “വാതാപിയും, ഭാവയാമിയും” ചെറുകോൽ വാസികൾക്ക് ആസ്വദിക്കാനുള്ള ഒരു സുവർണ്ണ അവസരം നഷ്ടമായിപോയി എങ്കിലും ആ വർഷത്തെ കഥകളി അണിയറകളിൽ എല്ലാം ബാബുവിന്റെ ഈ കഥ കലാകാരന്മാർക്ക് രസികത്തം പകർന്നു കൊണ്ടിരുന്നു.

6 അഭിപ്രായങ്ങൾ:

  1. എന്റെ നാട്ടിൽ ബാബു എന്നു പറയുന്ന ഒരു മദ്ദളം കൊട്ടുന്ന ആളുണ്ട്‌ കേട്ടോ...ത്രിശൂർ പൂരത്തിൽ തിരുവമ്പാടി പ്രമാണിയായിരുന്ന തിചൂർ മണിയേട്ടന്റെ മകൻ..അദ്ദേഹത്തിന്റെ ചേട്ടൻ തിച്ചൂർ ശശിയും, പ്രകാശനും മദ്ദളക്കാരാണ​‍്‌. ശശി ആശാൻ എന്റെ ആശാനും കൂടിയാണ​‍്‌....ഈ തിച്ചൂരിൽ തന്നെയാണ​‍്‌ ഇടക്കയിലെ ഇപ്പോഴത്തെ മുടി ചൂടാമന്നനായ തിച്ചൂർ മോഹനനും അകാലത്തിൽ പൊലിഞ്ഞു പോയ മദ്ദള ചക്രവർത്തി വാസുവാരിയറും ഉള്ളത്‌.

    മറുപടിഇല്ലാതാക്കൂ
  2. കഥകളിക്കാരെ മദ്യപാനവുമായി ബന്ധിപ്പിക്കുന്ന പല കഥകളുമുണ്ടല്ലൊ. ഒരു കാലത്തെ കഥകൾ. പക്ഷേ ഇന്ന് മദ്യപാനം സർവ്വസാധാരണമായിരിക്കുന്നതിനാൽ ഇതൊക്കെ ലൈഫ് സ്റ്റൈലിന്റെ ഭാഗമെന്നു കരുതി വിശേഷത്തിൽ നിന്നും സാമാന്യത്തിൽ എത്തിച്ചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അയ്യോ മാഷേ, പേരു മാറ്റുന്നതല്ലേ നല്ലത്? :) തെക്കന്‍ കേരളതില്‍ സാമാന്യം അറിയപ്പെടുന്ന ഒരു കഥകളി മദ്ദളം കലാകാരന്‍ ഈ പേരില്‍ ഉണ്ട്. അദ്ദേഹത്തെ അറിയാവുന്നവര്‍ ഈ കഥ വായിച്ചാല്‍ തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് :))

    മറുപടിഇല്ലാതാക്കൂ
  4. Mr.Gireesh
    ഈ കഥയ്ക്ക് അനുയോജ്യമായ ഒരു പേര് ഇതാണ് എന്ന് തോന്നി. താങ്കൾ ഉദ്ദേശിച്ച മദ്ദള കലാകാരൻ എനിക്ക് സുപരിചിതനായിരുന്നു. തമ്മിൽ കണ്ടിട്ട് ഇരുപതിലേറെ വർഷങ്ങളിലായി. എന്തായാലും അദ്ദേഹമല്ലാ നമ്മുടെ കഥാനായകൻ. എഡിറ്റിംഗ് ചെയ്യാൻ പഠിച്ചിട്ട് പേരു മാറ്റാൻ ശ്രമിക്കാം.
    ( ഒരു സങ്കൽപ്പ നാമമാണ് *ബാബു. സദയം ക്ഷമിക്കുക.)

    മറുപടിഇല്ലാതാക്കൂ
  5. പേരു മാറ്റാന്‍ വേണ്ടി പറഞ്ഞതൊന്നുമല്ല. ഇതു വായിച്ചപ്പോള്‍ പെട്ടെന്നു അദ്ദേഹത്തെ ഓര്‍മ്മ വന്നു. അതുകൊണ്ടു എഴുതിയെന്നെയുള്ളൂ. കൂടുതലായൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല. :)

    മറുപടിഇല്ലാതാക്കൂ