പേജുകള്‍‌

2010, മേയ് 5, ബുധനാഴ്‌ച

ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി (ഭാഗം-2)

                                   Sri. Harippad Ramakrishna Pillai

ഹരിപ്പാട്ടു രാമകൃഷ്ണപിള്ളയുടെ ആട്ടങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. ഉദാഹരണമായി കർണ്ണശപഥം കഥ തന്നെ എടുക്കാം. മഹാഭാരതയുദ്ധത്തിൽ ദുര്യോധനന് ജീവഹാനി സംഭവിക്കും എന്ന് ഭയക്കുന്ന ഭാനുമതിയെ ദുര്യോധനൻ ആശ്വാസിപ്പിക്കാൻ ശ്രമിക്കുന്നതാണ് ആദ്യരംഗം. ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവ പക്ഷത്താണ് അതുകൊണ്ട് വിജയം പാണ്ഡവർക്കാവില്ലേ എന്ന ഭാനുമതിയുടെ ചോദ്യത്തിന് ഉത്തരമായി ദുര്യോധനൻ യുദ്ധത്തിൽ തന്റെ പക്ഷത്തു നിൽക്കണം എന്ന് കൃഷ്ണനെ ക്ഷണിക്കാൻ ചെന്നതും അപ്പോൾ കൃഷ്ണൻ നിദ്രയിൽ ആയിരുന്നതും ഉണർന്നപ്പോൾ ആദ്യം കൃഷ്ണന്റെ കാൽക്കൽ ഇരുന്ന അർജുനനെ കണ്ടു, പിന്നീട് തലയ്ക്കൽ ഇരുന്ന ദുര്യോധനനെയും. രണ്ടുപേരുടെയും ആവശ്യം ഒന്ന്. ആദ്യം കണ്ട അർജുനനനോട് ഒപ്പം കൃഷ്ണൻ. കൃഷ്ണന്റെ സൈന്യം മുഴുവനും ദുര്യോധനനോട് ഒപ്പവും. യുദ്ധത്തിൽ കൃഷ്ണൻ ആയുധം തൊടുക പോലും ഇല്ലെന്ന് ഒരു സത്യവും. ഇതാണ് ദുര്യോധനൻ ഭാനുമതിയോട് പറഞ്ഞ് ആശ്വസിപ്പിക്കുന്ന കഥ. പിള്ളയുടെ ദുര്യോധനനിൽ ഈ കഥയൊന്നും പ്രതീക്ഷിക്കുകയേ വേണ്ടാ. ആട്ടത്തിൽ മിതത്വം, അതാണല്ലോ കഥകളി നടനു വേണ്ടിയ ഗുണങ്ങളിൽ ഒന്ന്. അത് ഇവിടെ ഉണ്ടാകും. കൃഷ്ണനോ? (പുശ്ചത്തിൽ) യുദ്ധത്തിൽ ആയുധം എടുക്കില്ല. ആ കള്ളൻ വെണ്ണ കട്ടു തിന്നാനും ഗോപികമാരുടെ വസ്ത്രം കവരാനും നടന്നു കൊള്ളും എന്നു പറഞ്ഞ് നിസ്സാരമായി അവസാനിപ്പിക്കും. ഇതു ശരിക്കും സാധാരണ ആസ്വാദകന്റെ മനസിൽ ചെന്നെത്തുകയും ചെയ്യും.
കർണ്ണനും കുന്തിയും തമ്മിലുള്ള സംഗമം ദൂതൻ വഴി മനസിലാക്കുന്ന ദുശാസനൻ വിവരം ദുര്യോധനനെ അറിയിക്കുന്നു. കർണ്ണനെ രാത്രിയിൽ വധിക്കാൻ അനുവാദം ചോദിക്കുന്നുണ്ട് ദുശാസനൻ. തസ്സമയം കുപിതനായ ദുര്യോധനൻ കർണ്ണന്റെ നിരപരാധിത്തം ഞാൻ നിനക്കു തെളിയിച്ചു തരാം കർണ്ണനെ കൂട്ടി വരൂ എന്ന് ആജ്ഞാപിക്കുന്നു. കർണ്ണന്റെ നിരപരാധിത്തം മനസിലായ ശേഷം ദുര്യോധനൻ ദുശാസനന് ഒരു താക്കീത് നൽകുന്നുണ്ട്. ഇനി പിള്ളയുടെ കർണ്ണശപഥത്തിലെ ദുര്യോധനാണെങ്കിൽ ഈ ഭാഗത്തെ ഇളകിയാട്ടം ദുശാസനനായി വരുന്ന കലാകാരനെ ആശ്രയിച്ചിരിക്കും. പിള്ളയ്ക്കു പിടിച്ച വേഷക്കാരാണ് ദുശാസനൻ എങ്കിൽ “ ഇവൻ ഒരു എടുത്തു ചാട്ടക്കാരനാണ്. മനസിൽ കപടമൊന്നും ഇല്ല. നമ്മുടെ സഹോദരനല്ലേ നമുക്കു ക്ഷമിക്കാം” എന്നാവും രംഗത്ത് അവതരിപ്പിക്കുക. ഇനി അണിയറയിൽ പൊങ്ങച്ചം പറയുന്ന ഒരു നടനാണ് ദുശാസനൻ എങ്കിൽ “നിനക്ക് എടുത്തുചാട്ടം കുറെ കൂടുന്നുണ്ട്. കർണ്ണനെ തെറ്റിധരിച്ചതിന് ശിക്ഷയായി എണ്ണി പത്ത് ഏത്തം ഇടീച്ചിരിക്കും.

ദുര്യോധനവധത്തിൽ ദൂതു രഗത്തിൽ ദൂതിന്റെ പകുതിയിലാവും ദുശാസനൻ പ്രവേശിക്കുക. പ്രിയമുള്ള നടനാണ് ദുശാസനൻ എങ്കിൽ ദൂതു രംഗത്തിനു പോകുമ്പോൾ ദുശാസനനെയും കൂട്ടിയാവും പിള്ളയുടെ ദുര്യോധനൻ പോവുക. “പാരിലിന്നൊരു മന്ദിരം നൃപാ പാണ്ഡവർക്കു കൊടുക്കണം” എന്ന് ആയാൽ ദുശാസനനോട് ഒരു ചോദ്യവും ഉണ്ട്.
ഒരു വീട് ! കൊടുത്തേക്കാം അല്ലേ? (ദുശാസനൻ പാടില്ല എന്നല്ലേ പറയൂ ) (ദുശാസനനെ ഒന്നു കൈകൊണ്ടു മെല്ലെ തട്ടി)പോടാ! ഞാൻ കൊടുക്കുമോടാ ?
മാങ്കുളമാണ് കൃഷ്ണനെങ്കിൽ ദുശാസനൻ ദൂതിൽ കൂടുതൽ സ്വാതന്ത്ര്യം കാണിച്ചാൽ അതിന് എതിരായി പ്രതികരിക്കും. “ഞാൻ രാജാവിനോടാണ് സംസാരിക്കുന്നത് എന്നാവും കൃഷ്ണൻ. അപ്പോൾ (പ്രിയമുള്ള നടനാണ് ദുശാസനൻ എങ്കിൽ) ദുശാസനനെ പിടിച്ചു കൊണ്ട് ഇവൻ എന്റെ സഹോദരനാണ്. ഇവന് അതിനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട് എന്നാവും പിള്ളയുടെ ദുര്യോധനൻ. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചില ദുശാസനന്മാരോട് ശബ്ദം ഉണ്ടാക്കാതെ നിൽക്കുക. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി എന്ന് ഒരു താക്കീതാവും നൽകുക.
ഒരിക്കൽ തിരുവല്ലായിൽ ഒരു വഴിപാട് കളിക്ക് രജസൂയവും സന്താനഗോപാലവും കഥകളാണ് നിശ്ചയിച്ചിരുന്നത്. പിളളയുടെ ജരാസന്ധൻ. സന്താനഗോപാലത്തിൽ ബ്രാഹ്മണനും രജസൂയത്തിലെ ഒരു ബ്രാഹ്മണനും ഒരു പ്രസിദ്ധ നടനു തന്നെയാണ് നിശ്ചയിച്ചിരുന്നത്. ഈ നടന് ഒരു കഥകളി സ്ഥാപനത്തിൽ കഥകളി അദ്ധ്യാപകനായി (പ്രൊഫസർ) നിയമിതനായ ശേഷം ആദ്യമായി തിരുവല്ലായിൽ ഒരു കളിക്ക് എത്തിയതാണ്. അതിന്റെ പൊങ്ങച്ചം അണിയറയിൽ കാണിക്കണ്ടേ? ചില ആസ്വാദകരുമായി അണിയറയിൽ ഈ നടൻ സ്ഥാപനത്തിലെ വിശേഷങ്ങൾ പങ്കിട്ടു കൊണ്ടിരുന്നപ്പോഴാണ് മുഖത്തെ തേപ്പിനായി പിളള ഇരുന്നത്. നടൻ തന്റെ പദവിയുടെ വലിപ്പം പിള്ള കൂടി അറിയട്ടെ എന്നു കരുതി “ഇനി രാജസൂയത്തിലെ ബ്രാഹ്മണന്റെ വേഷത്തിനൊക്കെ എന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല” എന്നൊരു ഡയലോഗ് തട്ടിവിട്ടു. ഇതു മനസിലാക്കിയ പിള്ള “എങ്കിൽ പ്രൊഫസർ കെട്ടിക്കോളൂ ജരാസന്ധൻ, ഞാൻ ബ്രാഹ്മണൻ ആയിക്കോളാം” എന്നായി മറുപടി. അതോടെ ആ നടൻ രാമകൃഷ്ണപിള്ള ഉളളപ്പോൾ പൊങ്ങച്ചം പറയുന്നതു അവസാനിപ്പിച്ചു.
എനിക്ക് രാമകൃഷ്ണപിള്ളയുടെ ധാരാളം പച്ചവേഷങ്ങൾ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. കൃമ്മീരവധത്തിൽ ധർമ്മപുത്രർ കാലകേയവധത്തിൽ അർജ്ജുനൻ, രുഗ്മാംഗദചരിതത്തിൽ രുഗ്മാംഗദൻ, നളചരിതത്തിൽ നളൻ, ബാഹുകൻ എന്നീ വേഷങ്ങൾ അധികവും കണ്ടിട്ടുള്ളത് ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വഴിപാട്ടു കളികളിലാണ്. കൊല്ലം ജില്ലയിലെ പല ക്ഷേത്രകളികളിലും രാമകൃഷ്ണപിള്ളയ്ക്ക് കർണ്ണൻ, അർജ്ജുനൻ തുടങ്ങിയ പച്ച വേഷങ്ങളാവും നിശ്ചയിക്കുക. ഒരിക്കൽ കൊല്ലത്ത് ഒരു കളിക്ക് കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ ബ്രാഹ്മണനും രാമകൃഷ്ണപിള്ളയുടെ അർജുനനുമായി ഒരു സന്താനഗോപാലം നടന്നു. ഇളകിയാട്ടത്തിൽ ബ്രാഹ്മണൻ അർജുനനെ കൊണ്ട് മൂന്നു സത്യം ചെയ്യിക്കുക പതിവാണ്.. കൃഷ്ണൻ നായർ ആശാന്റെ ഒരു താൽപ്പര്യവും അരങ്ങത്തു നടന്നില്ല. “ഞാൻ ക്ഷത്രിയനാണ്. ഒരു സത്യം ചെയ്താൽ അതു പാലിക്കും. അതാണ് ക്ഷത്രിയധർമ്മം” അല്ലാതെ പലമുറ സത്യം ചെയ്യുകയല്ല എന്ന നിലപാടിൽ ഉറച്ചുനിന്നു രാമകൃഷ്ണപിള്ളയുടെ അർജുനൻ. കളി ഭംഗിയായി സമാപിച്ചു എങ്കിലും കൃഷ്ണൻ നായർ ആശാന് ഒട്ടും തന്നെ തൃപ്തിയായില്ല. ഒരു ആഴ്ചക്കുള്ളിൽ തന്നെ ഏവൂർ ക്ഷേത്രത്തിൽ ഒരു കഥകളി. കൃഷ്ണൻനായർ ആശാൻ, ഹരിപ്പാട് രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ചമ്പക്കുളം പാച്ചുപിള്ള, ചിറക്കര മാധവൻ കുട്ടി തുടങ്ങിയ നടന്മാരാണ് ക്ഷണിക്കപ്പെട്ടിരുന്നത്. അണിയറയിൽ വേഷത്തിന്റെ ലിസ്റ്റു കണ്ടപ്പോൾ കൃഷ്ണൻനായർ ആശാന് ശുണ്ഠിയായി. കൃഷ്ണൻ നായർ ആശാന്റെ സന്താനഗോപാലത്തിൽ ബ്രാഹ്മണനും രാമകൃഷ്ണപിള്ളയുടെ അർജുനനുമാണ് നിശ്ചയിച്ചിരിക്കുന്നത്. അർജുനനെ മാറ്റിക്കിട്ടണം എന്ന ആവശ്യവുമായി കളിയോഗം മാനേജർ ഏവൂർ പരമേശ്വരൻ നായരെയും കളിയുടെ ചുമതലക്കാരെയും ആശാൻ സമീപിച്ചു. രാമകൃഷ്ണപിള്ളയോടും ചെന്നിത്തലയോടും ആലോചിച്ചാണ് വേഷം തീരുമാനിച്ചതെന്നും ഇനി വേഷം മാറ്റാനാവില്ലെന്നായി ചുമതലക്കാർ. ആശാൻ അർജുനനെ മാറ്റിക്കിട്ടണം എന്ന ആവശ്യപ്പെട്ട് കളിയുടെ ചുമതലക്കാരുമായി സംവാദത്തിലാണെന്ന് അറിഞ്ഞ് അവിടെ എത്തിയ രാമകൃഷ്ണപിള്ള, ആശാനെ സമാധാനിപ്പിച്ച് അണിയറയിലേക്ക് കൂട്ടിപ്പോയി. വേഷത്തിന് മാറ്റം ഇല്ലാതെ കളി നടന്നു. അന്നത്തെ രാമകൃഷ്ണപിള്ളയുടെ അർജുനൻ ആശാന്റെ ബ്രാഹ്മണനോട് വളരെ യോജിച്ചു പോവുകയുണ്ടായി. കളികഴിഞ്ഞ് വളരെ സന്തോഷത്തോടെ അണിയറയിൽ എത്തിയ ആശാൻ ഒരു കമന്റും പാസാക്കി. “ക്ഷത്രിയൻ ഒരു സത്യമേ ചെയ്യുകയുള്ളൂ. അതു പാലിക്കുകയും ചെയ്തു”. അർജുനനെ മാറ്റിക്കിട്ടണം എന്നു ശഠിച്ച ആശാനെ അണിയറയിലേക്ക് കൂട്ടി പോകുമ്പോൾ രംഗത്ത് ആശാനോട് സഹകരിച്ചു പ്രവർത്തിച്ചു കൊള്ളാമെന്ന് പിള്ള ഉറപ്പു കൊടുത്തിരുന്നുവത്രേ. അതാണ് ആശാൻ സൂചിപ്പിച്ച സത്യം.
(തുടരും)

5 അഭിപ്രായങ്ങൾ: