രാമകൃഷ്ണപിള്ളയ്ക്ക് ഏറ്റവും തൃപ്തിയുണ്ടായിരുന്ന കൂട്ടുവേഷക്കാരൻ ചെന്നിത്തല ചെല്ലപ്പൻ പിള്ള ആയിരുന്നു. ബാലിവിജയത്തിൽ രാവണനും നാരദനും, സുഭദ്രാഹരണത്തിൽ ബലഭദ്രനും കൃഷ്ണനും, സൗഗന്ധികത്തിൽ ഹനുമാനും ഭീമനും, കിരാതത്തിൽ കാട്ടാളനും അർജുനനും, നിഴൽകുത്തിൽ ദുര്യോധനനും മാന്ത്രികനും ഹരിശ്ചന്ദ്രചരിതത്തിൽ വിശ്വാമിത്രൻ ഹരിശ്ചന്ദ്രൻ, രാജസൂയത്തിൽ ജരാസന്ധൻ ഭീമസേനൻ എന്നിങ്ങിനെയുള്ള കൂട്ടുവേഷങ്ങളുടെ അവതരണം ദക്ഷിണ കേരളത്തിലെ ആസ്വാദകർക്കു വളരെ താൽപ്പര്യം ആയിരുന്നു.
കഥകളി അഭ്യാസത്തിനായി പല സ്ഥാപനങ്ങൾ ഉണ്ടായി. സ്ഥാപനങ്ങളിൽ കഥകളി അഭസിച്ച ദക്ഷിണ കേരള നടന്മാരും ഉണ്ടായി. അഭ്യാസ ബലവും മുദ്രകളുടെ വടിവും കലാശത്തിന്റെ ഭംഗിയും എല്ലാം സ്ഥാപന നടന്മാരിൽ അധികം പ്രകടമാണ് എന്ന അഭിപ്രായം കഥകളി ആസ്വാദകരിൽ ഉണ്ടായിരുന്നു എങ്കിലും രാമകൃഷ്ണപിള്ളയുടെയും ചെല്ലപ്പൻ പിള്ളയുടെയും കൂട്ടുവേഷങ്ങളോട് ആസ്വാദകർക്ക് മാത്രമല്ലാ പല കലാകാരന്മാർക്കും പ്രിയം ഉണ്ടായിരുന്നു. സാധാരണ കഥകളി ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന നിഴൽകുത്ത് കഥയിൽ പരികർമ്മി എന്ന ഒരു കഥാപാത്രം കഥാകൃത്തിന്റെ സൃഷ്ടിയല്ല. ചെല്ലപ്പൻ പിള്ളയുടെ മാന്ത്രികൻ പ്രസിദ്ധിനേടി വന്നപ്പോൾ മന്ത്രവാദ രംഗത്തിന് ഒരുക്കിന് ഒരു സഹായി എന്ന ഉദ്ദേശത്തിൽ അദ്ദേഹം ഉൾപ്പെടുത്തിയതാണ്. കാലം പരികർമ്മിയെ ഒരു കോമഡിക്കാരനാക്കി മാറ്റി. ദുര്യോധനൻ നൽകുന്ന ഒരുക്കുകൾ കൊണ്ട് പാണ്ഡവന്മാരെ നിഴൽകുത്തി കൊന്നുകൊള്ളാം എന്ന് മാന്ത്രികൻ സമ്മതിച്ചശേഷം ഒരുക്കുകളുമായി എത്തുന്ന കൊട്ടാരത്തലെ സേവകനാണ് പരികർമ്മി. അപ്പോൾ രംഗത്ത് മൂന്നു പരികർമ്മിമാർ ആയലോ, അതും സ്ഥാപനത്തിലെ നടന്മാരാണെങ്കിൽ.
കൊല്ലം ജില്ലയിൽ പോരുവഴി പെരുന്തുരുത്തി മലനട എന്ന് അറിയപ്പെടന്ന ഒരു പ്രസിദ്ധ ക്ഷേത്രം ഉണ്ട്. മദ്യവും കോഴിയുമെല്ലാം അവിടെ നേർച്ചയായി എത്തും. മാന്ത്രീക ബന്ധമുള്ള അവിടുത്തെ പ്രതിഷ്ഠ ദുര്യോധനൻ എന്നാണ് സങ്കൽപ്പം. അതുകൊണ്ടു തന്നെ ദുര്യോധനൻ സന്തോഷവനായി കാണുന്ന നിഴൽകുത്ത് കഥകളി അവിടെ പ്രധാനമാണ്. ഒരിക്കൽ (രാജൻ എന്ന വിദ്യാർത്ഥിയെ കക്കയം ക്യാമ്പിൽ വെച്ച് ഉരുട്ടി കൊന്ന കേസ് (രാജൻ കേസ്) ജനങ്ങളുടെ മനസിൽ നിറഞ്ഞു നിന്നിരുന്ന കാലം) സീതാസ്വയംവരവും നിഴൽകുത്തും അവിടെ അവതരിക്കപ്പട്ടു. നിഴൽകുത്തിൽ രാമകൃഷ്ണപിള്ളയുടെ ദുര്യോധനൻ ചെല്ലപ്പൻ പിള്ളയുടെ മാന്ത്രികൻ. പാണ്ഡവരെ നിഴൽകുത്തി കൊല്ലാൻ ആവശ്യപ്പെടുന്ന ദുര്യോധനനും ആ ഗതി പിഴയ്ക്കുന്ന കർമ്മം ചെയ്യില്ലാ എന്നു മാന്ത്രികനും. ദുര്യോധനൻ മാന്ത്രികനെ ഉപദ്രവിക്കുന്നു. അപ്പോഴതാ പ്രവേശിക്കുന്നു മൂന്നു കഥാപാത്രങ്ങൾ. പരികർമ്മിമാർ എന്നോ രാജഭടന്മാർ എന്നോ എന്തു വേണമെങ്കിലും പേരിടാം. മൂന്നു പേരും ദുര്യോധന മഹാരാജാവിനെ വണങ്ങി. അങ്ങയുടെ ആജ്ഞ അനുസരിക്കാത്ത ഈ മാന്ത്രികനെ ഞങ്ങൾ ശിക്ഷിക്കാം. ഞങ്ങൾ ഇവനെ കിടത്തി ഉലക്ക കൊണ്ട് ഉരുട്ടിച്ച് ഇവനെ കൊണ്ട് അങ്ങയുടെ ഇഷ്ട കൃത്യം ചെയ്യാൻ സമ്മതിപ്പിച്ചു കൊള്ളാം എന്നു പറഞ്ഞ് മാന്ത്രികനെ പിടിച്ചു താഴെ കിടത്തുവാൻ ഒരു ശ്രമവും നടത്തി. ഫലിത രസപ്രിയനായ കലാണ്ഡലം കേരളവർമ്മയും, കലാണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും, മയ്യനാട് (RLV) കേശവൻ പോറ്റിയും ആയിരുന്നു ഈ മൂവർ. ഇവർ പരികർമ്മിമാരായി രംഗത്തെത്തും എന്ന് രാമകൃഷ്ണപിള്ളയ്ക്കോ ചെല്ലപ്ൻ പിള്ളയ്ക്കോ ഒരു മുന്നറിയിപ്പും നൽകാതെ വളരെ രഹസ്യമായ ഒരു പദ്ധതിയാണ് ചെയ്തത്. കലാകാരന്മാരിൽ സ്ഥാപന നടന്മാര്‍ എന്നോ സ്ഥാപന ബന്ധമില്ലാത്ത നടന്മാര്‍ എന്നോ വ്യത്യാസമില്ലാത്ത ആത്മാർത്ഥമായ സഹകരണത്തിന് ഇതിൽപ്പരം എന്ത് ഉദാഹരണമാണ് വേണ്ടത്.
1986-ൽ ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ളയുടെ അറുപതാമത് ജന്മദിനം ഹരിപ്പാട് തലത്തോട്ടാ മഹാദേവർ ക്ഷേത്രത്തിൽ വെച്ച് ഭംഗിയായി ആഘോഷിച്ചു. ധാരാളം കഥകളി കലാകാരന്മാരും ആസ്വാദകരും പങ്കെടുത്ത ആഘോഷങ്ങളിൽ കഥകളിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിരുന്നത് നിശ്ചയിച്ചിരുന്ന കഥയ്ക്കനുസരിച്ചുള്ള ചുരുക്കം നടന്മാർ മാത്രം. നളചരിതം ഭാഗം രണ്ടും രംഭാപ്രവേശവും ആയിരുന്നു അന്ന് നിശ്ചയിച്ചിരുന്ന കഥകൾ. നളചരിതത്തിൽ ശ്രീ. മങ്കൊമ്പു ശിവശങ്കരപിള്ളയുടെ നളൻ, ശ്രീ. കലാമണ്ഡലം (ഓയൂര്‍ ) രാമചന്ദ്രന്റെ ദമയന്തി, ശ്രീ. മടവൂർ വാസുദേവൻ നായരുടെ പുഷ്ക്കരൻ, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ കാട്ടാളൻ. രംഭാപ്രവേശത്തിൽ ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ളയുടെ രാവണൻ, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയുടെ രംഭ എന്നിങ്ങനെ നിശ്ചയിച്ചിരുന്ന വേഷങ്ങൾ. കളി ആരംഭിക്കുന്നതിനു മുൻപ് ശ്രീ. കലാമണ്ഡലം കേരളവർമ്മ തലത്തോട്ടാ മഹാദേവർ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. സഹപ്രവർത്തകനായ കേരളവർമ്മ എത്തിയ സ്ഥിതിക്ക് അദ്ദേഹത്തിന് ഒരു വേഷം നൽകി മാനിക്കണം എന്ന തോന്നൽ ചെല്ലപ്പൻ പിള്ളയ്ക്ക് ഉണ്ടായി. അതിന് സുഗമമായ മാർഗ്ഗവും കണ്ടെത്തി. അണിയറയിൽ എഴുതി വെച്ചിരുന്ന വേഷത്തിന്റെ ലിസ്റ്റിൽ രാമകൃഷ്ണപിള്ളയെ കൊണ്ടു തന്നെ ഒരു ചെറിയ മാറ്റം ചെയ്യിപ്പിച്ചു. കാട്ടാളവേഷം കലാമണ്ഡലം കേരളവർമ്മയ്ക്കു നൽകി. രംഭാപ്രവേശത്തിൽ രാമകൃഷ്ണപിള്ളയുടെ രാവണനോടൊപ്പം ഉള്ള ദൂതൻ ചെല്ലപ്പൻ പിള്ളയ്ക്കും. ഇതും കലാകാരന്മാർ തമ്മിലെ സഹകരണം വെളിപ്പെടുത്തുന്ന മറ്റൊരു തെളിവാണ്.
പത്മശ്രീ. ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ , പത്മശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ , ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ എന്നിവരുടെ കീചകന് ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള വലലനായും ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ളയുടെ കീചകന് ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ വലലനായും വേഷമിട്ടു കണ്ടിട്ടുണ്ട്.ഒരിക്കൽ ശ്രീ. രാമകൃഷ്ണപിള്ള വലലന്റെ വേഷമിടാതെ തന്നെ ഒരു മല്ലനെ അടക്കിയ ഒരു കഥയും ഉണ്ട്. പിള്ളയുടെ ചെറുപ്പത്തിൽ പരവൂർ കഥകളി യോഗത്തിലെ നടനായി കുറച്ചു കാലം കഴിഞ്ഞിരുന്നു. ആ കളിയോഗത്തിന് കളി ഇല്ലെങ്കിൽ മാത്രമേ മറ്റു കളികൾക്കു പോകാൻ അനുവാദമുള്ളൂ. ഉത്സവ സീസൺ ആയാൽ പരവൂരിൽ തന്നെ താമസിക്കണം. ആഹാരവും താമസ സൗകര്യവും എല്ലാം കഥകളിയോഗം മാനേജരുടെ ചുമതലയിലാണ്. അന്ന് രാമകൃഷ്ണപിള്ളയെ കൂടാതെ ഓയൂർ കൊച്ചു ഗോവിന്ദപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ആലാ വാസുദേവൻ നമ്പ്യാതിരി, മുഖത്തല ചെല്ലപ്പൻ പിള്ള (കഥകളി സംഗീതം വിട്ട് പിന്നീട് ഭാഗവത പാരായണത്തിലേക്കു മാറി ശ്രീ.മുഖത്തല ചെല്ലപ്പൻ പിള്ള) തുടങ്ങിയവർ കളിയോഗത്തിൽ ഉണ്ടായിരുന്നു. ഒരു നാൾ കളി കഴിഞ്ഞ് ഇവർ താമസസ്ഥലത്ത് എത്തി, ശരീരമാസകലം എണ്ണ തേച്ച് കുളിക്കുവാനുള്ള തയ്യാറെടുപ്പിൽ ഇരിക്കുമ്പോൾ ആടിനെ വാങ്ങി വിൽപ്പന ചെയ്യുന്ന സുമാർ നാൽപ്പത്തി അഞ്ചുവയസ്സു തോന്നിപ്പിക്കുന്ന ഒരു മുസൽമാൻ അവിടെ എത്തി. സംസാരമദ്ധ്യേ കഥകളിക്കാരുടെ അഭ്യാസം, ചവിട്ടിത്തിരുമ് ഇവയെല്ലാം കേട്ട് അറിഞ്ഞപ്പോൾ ആഗതന് രസകരമായി. താൻ ഒരു അഭ്യാസിയാണെന്നും കഥകളി അഭ്യാസികളായ നിങ്ങളിൽ ആർക്കെങ്കിലും എന്നെ മൽപ്പിടുത്തത്തിൽ അടക്കാമോ എന്നായി അയാൾ. ആദ്യം ഇവരാരും ഈ വെല്ലുവിളിയോട് താൽപ്പര്യം കാട്ടിയില്ല. കാരണം മൽപ്പിടുത്തം നടത്തി കയ്യോ കാലോ ഒടിഞ്ഞാൽ പിന്നെ കളിയ്ക്കു പോകാൻ സാധിക്കില്ലല്ലോ! എന്നാൽ മുസൽമാനുണ്ടോ വിടുന്നു. അയാൾ ആവേശത്തോടെ ഉച്ചത്തിൽ വെല്ലുവിളിക്കാൻ തുടങ്ങി. വെല്ലുവിളി ശബ്ദം കേട്ട് അയൽവാസികളും എത്തിയപ്പോൾ കലാകാരന്മാർക്ക് വിരാടരാജധാനിയിൽ മല്ലനെയാണ് ഓര്‍മ്മയില്‍ എത്തിയത് . ഈ മല്ലനെ ആരെങ്കിലും നേരിട്ടേ പറ്റൂ . അതിന് പറ്റിയ ഒരു വലലൻ ഈ കൂട്ടത്തിൽ ആര്? ആകാരം കൊണ്ടും ധൈര്യശക്തി കൊണ്ടും ഈ മല്ലനെ നേരിടാൻ പറ്റിയ വലലനായി കണ്ടത് രാമകൃഷ്ണപിള്ളയെ തന്നെ. സുഹൃത്തുക്കളും അയൽവാസികളും പിള്ളയെ ഈ മല്ലനെ അടക്കാൻ പിള്ളയെ നിർബ്ബന്ധിക്കാൻ തുടങ്ങിയപ്പോൾ മല്ലൻ ധരിച്ചിരുന്ന ഷർട്ട് ഊരി വെച്ച് മൽപ്പിടുത്തത്തിന് തയ്യാറെടുത്ത് ഗുസ്തിമുറകൾ പ്രകടിപ്പിക്കാൻ തുടങ്ങി. സുഹൃത്തുക്കളുടെയും അയൽവാസികളുടെയും പ്രേരണയും ആരവാരവും മുഴങ്ങിയപ്പോൾ ഗുസ്തിമുറകൾ പ്രകടിപ്പിച്ചു കൊണ്ടിരുന്ന മല്ലന്റെ ശരീരത്തേക്കു പിള്ള പെട്ടെന്ന് ചാടി വീണു. മല്ലന്റെ രണ്ടു കൈകളും ചേർത്തുവെച്ച് ഒരു പിടി. അതെ വലലന്റെ പിടി! സുമാർ അരമണി നേരത്തെ മൽപ്പിടിത്തത്തം. ഒടുവിൽ മല്ലൻ തോൽവി സമ്മതിച്ച ശേഷമാണ് വലലൻ പിടി വിട്ടത്.
നളൻ, ബ്രാഹ്മണൻ, മണ്ണാൻ, ദുര്യോധനൻ : ശ്രീ. രാമകൃഷ്ണ പിള്ള .
ഹംസം ( ഓയൂർ) , മണ്ണാത്തി ( മങ്കൊമ്പ് ), മാന്ത്രികൻ (ചെന്നിത്തല)
“ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി” എന്ന വരി ഉൾപ്പെടുത്തിക്കൊണ്ട് “ഉത്തരാസ്വയംവരം കഥകളി കാണുവാൻ” എന്ന സിനിമാ ഗാനം എഴുതിയ ശ്രീകുമാരൻ തമ്പി ഈ കഥ അറിഞ്ഞിരുന്നുവോ എന്ന് അറിവില്ല.
"അഭ്യാസ ബലവും മുദ്രകളുടെ വടിവും കലാശത്തിന്റെ ഭംഗിയും എല്ലാം സ്ഥാപന നടന്മാരില്‍ അധികം പ്രകടമാണ് എന്ന അഭിപ്രായം കഥകളി ആസ്വാദകരില്‍ ഉണ്ടായിരുന്നു"
മറുപടിഇല്ലാതാക്കൂഈ വാദത്തോടു യോജിക്കാന്‍ പറ്റുന്നില്ല. ചിട്ടയായ പരിശീലനം കൊടുക്കുന്ന ഗുരുനാഥന്‍മാരും അതു നന്നായി പഠിക്കുന്ന വിദ്യാര്ത്ഥികളും ആണെങ്കില്‍ ഒരു സ്ഥാപനത്തിലാണെങ്കിലും അല്ലെങ്കിലും എന്താണു വ്യത്യാസം? വിശേഷിച്ചും പഴയ കാലത്തു. ഇക്കാലത്താണെങ്കില്‍ അതിനു കൂടുതല്‍ പ്രസക്തിയുണ്ട്. സ്കൂള്‍ കോളേജ് പഠനതിന്റെ കൂടെ അവധി ദിവസങ്ങളില്‍ മാത്രം പരിശീലിക്കുന്നവര്‍ക്ക് അതിന്റേതായ ന്യൂനതകള്‍ കാണും.
രാമകൃഷ്ണപ്പിള്ളയാശാന്റെ പഴയ കഥകള്‍ വായിക്കാന്‍ നല്ല രസം തന്നെയാണ്. ചേട്ടന്‍ സാരസ്യത്തോടു കൂടി ആ പഴയ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. രണ്ടാം ഭാഗമാണ് എനിക്കേറ്റവുമിഷ്ടപ്പെട്ടത്. ഫോട്ടോകള്‍ ചേര്‍ത്തതും ഉചിതമായി. ഇത് അവസാനത്തെ ഭാഗമാണോ? കഴിയുമെങ്കില്‍ കുറച്ചുകൂടി അദ്ദേഹത്തെപ്പറ്റി എഴുതൂ. അതുപോലെ മറ്റു യുഗപ്രഭാവന്മാരെപ്പറ്റിയും.
മറുപടിഇല്ലാതാക്കൂചേട്ടന് ശ്രീ. അര്‍.എസ്സ്. ആശാരിയുമായി പരിചയമുണ്ടോ? പഴയ പ്രഗല്‍ഭരെക്കുറിച്ച് അദ്ദേഹം സോവനീറിലും മറ്റും നല്ല സരസതയോടെ എഴുതുമായിരുന്നു. അദ്ദേഹത്തെക്കുറിച്ചും അറിയാന്‍ ആഗ്രഹമുണ്ട്.
Mr.കപ്ളിങ്ങാട്,
മറുപടിഇല്ലാതാക്കൂആർ. എസ്. ആശാരിയുടെ കഥകളി വിമർശനങ്ങൾ വായിച്ചിട്ടുണ്ട്. ഒരിക്കൽ കഥകളിയെ പറ്റി അദ്ദേഹം സരസമായി പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്.
ഹരിപ്പാട്ട് ആശാന് നാലു പെൺമക്കളായിരുന്നു. ഈ കാരണത്താൽ ഒരു മകനോട് എന്ന പോലെ അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നു. താങ്കളുടെ താൽപ്പര്യത്തെ കണക്കിലെടുത്ത് അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു കഥ ബ്ളോഗിൽ എഴുതുവാൻ ഉദ്ദേശിക്കുന്നുണ്ട്. ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി എന്ന പോസ്റ്റിന്റെ അവസാന ഭാഗം ഒരു മല്ലയുദ്ധത്തോടെ തൽക്കാലം അവസാനിപ്പിച്ചിരിക്കുന്നു.
2009- ൽ എറണാകുളത്ത് പത്തു കത്തി വേഷങ്ങളെ അവതരിപ്പിച്ച് കത്തിയരങ്ങ് നടന്നു . 1965 -70 കാലഘട്ടം. ഭക്ഷ്യ ദൗർബല്യത്തിനും വിലക്കയറ്റത്തിനും എതിരായി കേരളം കണ്ട പൂർണ്ണ ബന്ദ്. എങ്കിൽ ആ പൂർണ്ണ ബന്ദിന് എറണാകുളത്ത് തുടക്കമിട്ടത് മൂന്നു കത്തി വേഷക്കാരുടെ അരങ്ങാണ്. അതും അപ്രതീക്ഷിതമായി. അന്ന് എറണാകുളം ശിവക്ഷേത്രത്തിൽ ഇരിങ്ങാലക്കുട കലാനിലയം ട്രൂപ്പിന്റെ കഥകളി. കലാനിലയം ട്രൂപ്പിന്റെ പ്രിൻസിപ്പാൾ പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ അന്ന് കൊല്ലത്ത് ഒരു കളി ഏറ്റിരുന്നതിനാൽ പകരം മടവൂർ വാസുദേവൻ നായരെ കളിക്കു ക്ഷണിച്ചിരുന്നു. മടവൂർ ആശാൻ ബന്ദിനു മുൻപു തന്നെ എറണാകുളത്ത് എത്തി. പള്ളിപ്പുറത്തിന് കൊല്ലത്തു പോകാൻ സാധിക്കാതെ എറണാകുളത്തു കുടുങ്ങി. പെരുമ്പാവൂരിൽ കളിക്കു പോകാൻ എറണാകുളം വരെ എത്തിയ ഹരിപ്പാട്ടു രാമകൃഷ്ണപിള്ള ആശാന് പിന്നീട് യാത്ര തുടരാനായില്ല. ഒടുവിൽ അപ്രതീക്ഷിതമായി ഈ മൂന്നു കത്തി വേഷക്കാരും എറണാകുളം ശിവക്ഷേത്രത്തിൽ സംഗമിച്ചു
.
Mr.ഗിരീഷ്,
താങ്കളുടെ അഭിപ്രായം ശരിയാണ്. എന്നാൽ ദക്ഷിണ കേരളത്തിലെ ഗുരു ചെങ്ങന്നൂരാശാന്റെ ശിഷ്യ൪ ഉൾപ്പെടുന്ന പല പഴയ കലാകാരന്മാരും കളരി അഭ്യാസം നേടിയിരുന്നവർ അല്ല. അക്കൂട്ടത്തിൽ ചെന്നിത്തലയുടെ കഥകളി അഭ്യാസതതിന്റെ സ്ഥിതി വളരെ പരിതാപരം തന്നെ ആയിരുന്നു. ഗുരുക്കന്മാരുടെയോ ജഗദീശ്വരന്റെയോ അനുഗ്രഹത്താൽ കഥകളി കൊണ്ടു ജീവിക്കാൻ സാധിച്ചു എന്ന മഹാഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നു പറയുന്നതാവും ശരി. ഇതു സംബന്ധിച്ച് ചില വിവരങ്ങൾ ഒരു പോസ്റ്റായി ഇടാം.
chetta, Photos um koodi aayapol ee post valare manoharam aayi. aa kaalakhattangalilleku kai pidichu kondu poyathinu valare Nanni ..
മറുപടിഇല്ലാതാക്കൂOru thiruthu: Harippad ramakrishnapillai kku 5 penmakkal aanu
സഞ്ജു,
മറുപടിഇല്ലാതാക്കൂക്ഷമിക്കുക. ഒരു സഹോദരിയെ വിട്ടു പോയിใ
Mr. Nair,
മറുപടിഇല്ലാതാക്കൂYour all write ups were very interesting to read. Through my father I know about Ramakrishna Pilla asan, Sivasankara Pilla Asan and Chellappan Pilla asan. My house is at Perinadu in Pathanamthitta District and our sree krishna swamy temple festival these three of them were regularly invited for Kathakali.
My father told me that Sri. Ramakrishna Pilla Asan was an Arangile Raudi.
ശ്രീമന്‍,
മറുപടിഇല്ലാതാക്കൂതാങ്കള് എഴൂതിയ പല കാര്യങ്ങളും കേട്ടു കേള്‍വി പോലും ഇല്ലാത്തതാണ്.കൂടൂതല്‍ എഴുതൂ.വായിക്കാന്‍ രസമുണ്ട്.നന്ദി.