പേജുകള്‍‌

2010, ജൂൺ 12, ശനിയാഴ്‌ച

കുറിച്ചിയിൽ ഒരു നിഴൽക്കുത്ത്


കഥകളിയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ കാലത്തിന് നിരക്കാത്ത പലതും ഇകിയാട്ടത്തില്‍ ഒരു ചില നടന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആസ്വാദകര്‍ക്ക് താല്‍പ്പര്യമുള്ള നടന്‍മാര്‍ ആണ് ചെയ്യുന്നെങ്കില്‍ അവര്‍ ആസ്വദിക്കയും താല്‍പ്പര്യമില്ലാത്ത നടന്‍മാര്‍ ആണ് ചെയ്യുന്നതെങ്കില്‍ അവരെ വിമര്‍ശിക്കുകയും ചെയ്യുന്ന രീതി പണ്ട് മുതല്‍ക്കേ ഉള്ളത് തന്നെ ആണ്. ഏതാനും ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രശസ്ത നടന്‍മാര്‍ അവതരിപ്പിച്ച  ഒരു  കുചേലവൃത്തം കഥകളിയില്‍  കുചേലനെ രുഗ്മിണി ദേവി  ചാമരം കൊണ്ട് വീശുമ്പോള്‍ കുചേലന്‍ രുഗ്മിണിയോട് (മുകളിലേക്ക് ചൂണ്ടി കാട്ടി) ഫാന്‍ ഉണ്ടല്ലോ അതുകൊണ്ട്  വീശണ്ടാ എന്ന് കട്ടിയാതായി കളി കണ്ടവര്‍ വിമര്‍ശിക്ക ഉണ്ടായി.
ഒരു ദുര്യോധനവധം കഥകളി. രണ്ടു  പ്രശസ്തര്‍ ദുര്യോധനനും ദുശ്ശാസനനുമായി അരങ്ങില്‍. ദുര്യോധനനും ദുശ്ശാസനനും. ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുന്ന ദുര്യോധനാദികൾ പാണ്ഡവരുടെ സഭാസ്ഥലം കാണുവാനായി  യാത്ര തിരിക്കുന്നതിനുള്ള   ഒരുക്കങ്ങള്‍ക്ക്  ടയില്‍ മേള താളങ്ങള്‍ക്ക് ഒപ്പം തവിലും നാദസ്വരവും ദുശ്ശാസന നടന്‍ ഭാവനയില്‍ കണ്ടു. എന്നിട്ട് ഒരു നിര്‍ദ്ദേശം. സ്വിച്ചില്‍ ( current) വര്‍ക്ക് ചെയ്യുന്ന ഹാര്‍മോണിയം വേണ്ടത്രേ. ഈ കളികണ്ട എല്ലാ ആസ്വാദകരും  പൊട്ടിച്ചിരിച്ചു ആസ്വദിക്കയാണ് ഉണ്ടായത് . ഇതേപോലെ നിഴല്‍കുത്തു കഥകളിയില്‍ മണികണ്ഠന്‍ ദുര്യോധന മഹാരാജാവിന്റെ കൊട്ടാരത്തില്‍ പോയി വരുമ്പോള്‍ ക്രിക്കറ്റ് ബാളും ബാറ്റും വാങ്ങി വരണം എന്ന് പിതാവായ മലയനോട് ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ട്.  കഥാപാത്രത്തിന്റെ പ്രായത്തിനു കഥകളിയില്‍ കഥകളിയില്‍ മുഖ്യത്തം ഇല്ലല്ലോ? കഥകളിക്കു വലിപ്പം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാരുടെ വലിപ്പമാണ്. കലകേയവധത്തില്‍ ഇന്ദ്രനെ യുവനടനും ഇന്ദ്രപുത്രനായ  അര്‍ജുനനെ സീനിയർ നടനോ അല്ലെങ്കില്‍ യുവനടന്റെ ഗുരുനാഥനോ അവതരിപ്പിക്കുക ആണല്ലോ പതിവ്. എന്നാല്‍ നിഴല്‍കുത്തു കളിയില്‍  മണികണ്ഠന്‍ എന്ന കഥാപാത്രത്തെ എഴുപതു വയസ്സിനു മേല്‍ പ്രായമുള്ള ഒരു നടന്‍ അവതരിപ്പിക്കേണ്ടി വന്ന ഒരു സാഹചര്യം ഉണ്ടായി. അന്ന് മണികണ്ഠന്‍ ക്രിക്കറ്റ്‌ ബാറ്റും ബാളും വേണം എന്ന് മലയനോട് കാട്ടുകയും ചെയ്തു. വളരെ അരോചകമായ അവസ്ഥയാണ്  അക്കളി കണ്ടവര്‍ക്ക് അനുഭവപ്പെട്ടത്.

എന്റെ വളരെ ചെറുപ്പത്തില്‍  മാവേലിക്കര വാരണാസി മഠത്തിനു സമീപം ഉള്ള പൊന്നാരം തോട്ടം ക്ഷേത്രത്തില്‍ ഒരു നിഴല്‍കുത്തു കഥകളി ഉണ്ടായി.  ഗുരു. ചെങ്ങന്നൂര്‍ ആശാന്‍ ആയിരുന്നു ദുര്യോധനന്‍. കലാമണ്ഡലം കേരളവര്‍മ്മ ആയിരുന്നു മലയന്‍. കഥകളി പഠിച്ചു കൊണ്ടിരുന്ന ഒരു ചെറിയ  പെണ്‍കുട്ടി ആയിരുന്നു മണികണ്ഠന്‍ വേഷത്തിന്. കേരളവര്‍മ്മ വന്നപ്പോള്‍ മുതല്‍ ആ പെണ്‍കുട്ടി വേഷം കേട്ടില്ല എന്ന് വാശിപിടിച്ചു നില്‍ക്കുകയാണ് . ഒടുവില്‍ കേരളവര്‍മ്മ ആ കൊച്ചു കുട്ടിയോട് സംസാരിച്ചു നോക്കി.വാശിയുടെ കാരണം നിസ്സാരം. വൃതനിഷ്ട  കഴിഞ്ഞു വരുന്ന മലയന്‍ (രംഗത്ത്) മണികണ്ഠന സ്നേഹപൂര്‍വ്വം എടുത്തു ഒക്കത്ത് വെയ്ക്കമത്രേ. ഒടുവില്‍ കേരളവര്‍മ്മ ആ കുട്ടിയുടെ താൽപ്പര്യത്തിന്  സമ്മതിച്ച ശേഷമാണ് ആ കുട്ടി വേഷം കെട്ടിയത്.  ഇതാണ് മണികണ്ടന്റെ സുമാറായ പ്രായം എന്ന് ഞാന്‍ വിശ്വസിക്കുന്നു.ചെറു മണികണ്ഠന്‍ എന്നാണ് കവി സങ്കല്പം. കവി സങ്കല്‍പ്പത്തില്‍ ഉള്ളത് പോലെ പ്രായം കൊണ്ട് ചെറു മണികണ്ഠന്‍ ആയിരുന്നാല്‍ മാത്രം ഈ അരോചകം മാറി ആസ്വദിക്കാന്‍ സാധിക്കുമോ ? ഇല്ല. അത്തരം ഒരു കഥയാണ് ഇന്നത്തെ ഇളകിയാട്ടത്തിൽ.

ശ്രീ. പന്നിശ്ശേരി നാണുപിള്ളയുടെ നിഴൽകുത്ത് കഥകളി ഗുരു: ചെങ്ങന്നൂർ രാമൻ പിള്ള ആശാന്റെയും തകഴി കുട്ടൻപിള്ള ഭാഗവതരുടെയും പരിശ്രമത്തിൽ വീണ്ടും പ്രചാരത്തിലേക്കു വന്നകാലം. കോട്ടയം ജില്ലയിലെ കുറിച്ചിയിൽ ഒരു കഥകളി. അന്ന് നിഴൽക്കുത്ത് കൂടിയേ തീരൂ എന്ന് കളി നടത്തിപ്പുകാർക്ക് നിർബ്ബന്ധം. ആദ്യം ഒരു കഥ കഴിഞ്ഞ് നിഴൽകുത്ത് എന്ന് തീരുമാനവുമായി. ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ ആശാന്റെ മലയനും ശ്രീ. മങ്കൊമ്പു ശിവശങ്കരപ്പിള്ളയുടെ മലയത്തിയുമാണ് നിശ്ചയിച്ചിരുന്നത്. കഥയിൽ മലയനും മലയത്തിക്കും മണികണ്ഠൻ എന്നൊരു പുത്രനുണ്ട്മണികണ്ഠന് പ്രത്യേകിച്ച് ആടാനുള്ള വക കുറവാണ്. എങ്കിലും രംഗത്തു ചെയ്യേണ്ടത് എന്താണ് എന്ന് ബോധമുളള കഥകളി മുദ്രകൾ വശമുള്ള ഒരു ബാലനാൽ ചെയ്യാവുന്നതേയുള്ളൂ വേഷം
ദുര്യോധന മഹാരാജാവിന്റെ ആജ്ഞ അനുസരിച്ച് രാജധാനിയിൽ എത്തുന്ന മലയനോട് (മാന്ത്രികൻ) രാജാവ് പഞ്ചപാണ്ഡവരെ നിഴൽക്കുത്തി കൊല്ലാൻ ആവശ്യപ്പെടുന്നു. പല തന്ത്രങ്ങൾ പറഞ്ഞ് രക്ഷപ്പെടുവാൻ മാന്ത്രികൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പടുകയും ഒടുവിൽ സ്വന്ത ജീവന് അപകടം ഉണ്ടാകും എന്ന നില വന്നപ്പോൾ മാന്ത്രികൻ നിഴൽക്കുത്തി പാണ്ഡവരെ നിഗ്രഹിക്കുന്നു. രാജാവ് നൽകിയ പാരിതോഷികങ്ങളുമായി മടങ്ങി എത്തിയ മാന്ത്രിക മലയന്റെ വിഷാദം മലയത്തിയിൽ സംശയമുണ്ടാക്കി. പാണ്ഡവരെ നിഗ്രഹിച്ച വിവരം മനസിലാക്കിയ മലയത്തി ഒരു ഭ്രാന്തിയെപോലെ അലറിക്കൊണ്ട് സ്വപുത്രനെ കൊല്ലാൻ ശ്രമിക്കുന്നു. ഭയന്ന് ഓടുന്ന മണികണ്ഠനെ രക്ഷിക്കാൻ ശ്രമിക്കുന്ന മലയനെ തള്ളിവിട്ട് മലയത്തി മണികണ്ഠന്റെ ഒരു കാലിൽ ചവുട്ടി പിടിച്ച്  മറുകാലിൽ വലിച്ചു കീറി കൊല്ലുന്നതായിട്ടാണ് കഥയുടെ അവതരണം. കഥ കണ്ടു ശീലമില്ലാത്ത കഥകളി യോഗത്തിലെ ഒരു ബാലനടനെയാണ് മണികണ്ഠന്റെ വേഷത്തിന് ഉദ്ദേശിച്ചിരുന്നത്. പുറപ്പാടു കെട്ടാൻ മാത്രം പ്രാപ്തനായിരുന്ന ബാലന് മങ്കൊമ്പു് മണികണ്ഠന്റെ വേഷം അവതരിപ്പിക്കാനുള്ള രീതികൾ വിശദമാക്കി കൊടുത്തു. മങ്കൊമ്പിന് ബാലനിൽ തികഞ്ഞ വിശ്വാസവും ഉണ്ടായി.
 Sri. Mankobmu Sivasankara Pillai
കളി ഭംഗിയായി തുടർന്നു. കൗരവകൊട്ടാരത്തിൽ നിന്നും മടങ്ങി എത്തിയ മലയന്റെ വിഷാദകാരണം മലയത്തി തിരക്കി. പാണ്ഡവരെ വധിച്ചിട്ടാണ് മലയൻ എത്തിയതെന്ന് അറിഞ്ഞ  മലയത്തി മലയനോട് നീയും പുത്രദുഖം അറിയണം എന്നു പറഞ്ഞ് ഒരു ഭ്രാന്തിയെ പോലെ മണികണ്ഠനെ പിടിക്കാനായി ഓടി. സദസ്യരുടെ ഇടയിലുടെ ഓടിയ മണികണ്ഠന്റെ പിന്നാലെ മലയത്തിയും മലയനും. മൂവരും ഓടി തിരികെ സ്റ്റേജിൽ എത്തി. മലയനെ തള്ളിവിട്ട് മണികണ്ഠന്റെ നേർക്കു മലയത്തി പാഞ്ഞപ്പോൾ മണികണ്ഠൻ പിന്നെയും സദസ്യരുടെ ഇടയിലുടെ ഓട്ടം പിടിച്ചു. മലയത്തിയും ഓടിയല്ലേ പറ്റൂ. ഓടി. മലയത്തിക്കു പിടികൊടുക്കാതെ (ഭയന്ന്) അയ്യോ അയ്യയ്യോ എന്നു ശബ്ദമുണ്ടാക്കി കൊണ്ടു  സ്റ്റേജിൽ തിരിച്ചെത്തിയ  ബാലൻ വന്ന വേഗത്തിൽ തന്നെ സ്റ്റേജിന്റെ മുളകൊണ്ടു ഉണ്ടാക്കിയ തൂണിലേക്ക് വളരെ വേഗത്തിൽ കയറി ഉയരത്തിൽ ഇരിപ്പുറപ്പിച്ചു. മലയത്തി സ്റ്റേജിൽ എത്തി. മണികണ്ഠനെ താഴെ ഇറക്കിയാലേ കളി അവസാനിപപിക്കാനാവൂ. ഒരു ഭ്രാന്തിയെപ്പോലെ ശബ്ദമുണ്ടാക്കി താഴെ വരുവാൻ ആംഗ്യമൊക്കെ മലയത്തി കാട്ടിയിട്ടും മണികണ്ഠന് ഒരു കുലുക്കവുമില്ല. മണികണ്ഠൻ താഴെ എത്താതെ രംഗം മുഴുപ്പിക്കാനും പറ്റുന്നില്ല. . അരങ്ങിൽ മയങ്ങിയ നില അഭിനയിച്ചുകൊണ്ട് കിടക്കുന്ന മലയൻ. സദസ്യരുടെ ചിരിയുടെ ബഹളം, പൊന്നാനിക്കാരനും രംഗത്തെത്തിയ ചില കലാകാരന്മാരും മണികണ്ഠനോട് ഇറങ്ങിവരാൻ നിർബ്ബന്ധിച്ചിട്ടും ഫലം ഉണ്ടായില്ല. ചില നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മലയത്തി സ്റ്റേജിനു പിറകിലുള്ള അണിയറയിലേക്കു പോയി. കഥകളിക്ക് ഉപയോഗിക്കുന്ന വില്ലുമായി തിരിച്ചെത്തി. സ്റ്റൂൾ വലിച്ചു നീക്കിയിട്ട് അതിൽ കയറി നിന്ന് വില്ലുകൊണ്ട് മണികണ്ഠനെ കുത്തുവാൻ തുടങ്ങി. വേദന സഹിക്കാതെ വന്നപ്പോൾ മണികണ്ഠന്റെ കൈകൾ അയഞ്ഞു. വളരെ വേഗത്തിൽ താഴേക്കുവന്ന മണികണ്ഠനെ ഇനി ഓടാത്തവണ്ണം മലയത്തി ബലമായി പിടിച്ചു വലിച്ച് കൃത്യം നടത്തി രംഗം അവസാനിപ്പിച്ചു. മലയത്തിയുടെ ഭാവമാറ്റം കണ്ടപ്പോൾ മണികണ്ഠൻ കെട്ടിയ ബാലൻ ശരിക്കും ഭയന്നതാണ്  രസകരമായ കഥയുടെ പിന്നിലെ മർമ്മം എന്നാണ് പിന്നീട് അറിയുവാൻ കഴിഞ്ഞത്.
 Sri. Mankombu Sivasankara Pillai as Malayathi

3 അഭിപ്രായങ്ങൾ:

  1. ഒരിക്കല്‍ തിരുവല്ലാ ക്ഷേത്രത്തിലെ കഥകളി അണിയറയില്‍ മംകൊമ്പ് ആശാന്‍ പറഞ്ഞ കഥ ആണിത് . അദ്ദേഹം പറഞ്ഞപ്പോള്‍ ശരിക്കും ആസ്വദിച്ചു. പക്ഷെ ഞാന്‍ അത് എഴുതി അവതരിപ്പിച്ചപ്പോള്‍ അത്ര കണ്ടു ആസ്വദിക്കാന്‍ ആവുന്നതായി എനിക്ക് തോന്നിയിട്ടില്ല. എങ്കിലും നിങ്ങളുടെ മുന്‍പില്‍ ഈ കഥ ഞാന്‍ സമര്‍പ്പിക്കുന്നു. വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. Dear ambujan chettan
    this incident must be a situational adjustment by the great artist and it seems to be real, because real child manikandan must have done some thing more than it in the stage.
    Now i have one question ?

    what will be the situation in this modern era, in this particular scene ??????

    മറുപടിഇല്ലാതാക്കൂ
  3. എന്റെ കഥയില്‍ കാണുന്നതെല്ലാം എല്ലാം ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം ആണ്. കുറിച്ചിയിൽ നടന്നതും അങ്ങിനെ തന്നെ . പണ്ടും കഥകളി പഠിക്കുന്ന കൊച്ചു കുട്ടികള്‍ മണികണ്ഠന്റെ വേഷം ചെയ്തിട്ടുണ്ടാവണം. ഈ കഥ കാണുകയോ പലരും പറഞ്ഞു കഥയെ പറ്റി അറിവോ കുട്ടികള്‍ക്ക് ഉണ്ടായിരിക്കും. പണ്ടത്തെ കുട്ടികളെക്കാള്‍ ഇന്നത്തെ കുട്ടികള്‍ക്ക് ധൈര്യം ഉള്ളതായി തോന്നുന്നുണ്ട്. എന്റെ ഈ കഥ ബ്ലോഗിലൂടെ വായിച്ച ശേഷം സുമാ രാജശേഖരന്‍ എന്ന ഒരു സ്ത്രീ ചില മെസ്സേജെസ് അയച്ചിരുന്നു. അവര്‍ ചെറുപ്പത്തില്‍ ഈ വേഷം കെട്ടിയിട്ടുണ്ടത്രേ. ഇന്നിപ്പോള്‍ ഈ വേഷത്തിനായി തീരെ ചെറിയ കുട്ടികളെ തന്നെ തേടുന്നുണ്ടോ എന്ന് സംശയം ആണ്. എന്റെ കഥയില്‍ തന്നെ തിരുവല്ലയില്‍ എഴുപതു വയസ്സിനു മേല്‍ പ്രായം ഉള്ള ഒരു തിരുവല്ലാ നടന്‍ മണികണ്ഠന്‍ കേട്ടിയതായി സൂചിപ്പിച്ചിട്ടുണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ