പേജുകള്‍‌

2015, മാർച്ച് 11, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -3 (അരീക്കരയിലെ കഥകളി)


എന്റെ ചെറുപ്പകാലത്ത്  എന്റെ ഗ്രാമമായ ചെന്നിത്തലയിലും  പരിസര പ്രദേശങ്ങളിലും  ധാരാളം കഥകളികൾ അവതരിപ്പിച്ചിട്ടുള്ളത് ഓർമ്മയിൽ ഉണ്ട്. സാമാന്യം സാമ്പത്തീകമായി ഉയർന്ന  നായർ തറവാടുകളിൽ നടക്കുന്ന വിവാഹത്തിനു മുൻനാൾ രാത്രിയിൽ നളചരിതം ഒന്നാം ദിവസം അവതരിപ്പിച്ചിരുന്നു. എന്റെ ഓർമ്മയിലുള്ള ഇത്തരം മിക്ക കളികൾക്കും എന്റെ പിതാവ് നളനും ഓയൂർ ആശാന്റെ ഹംസവും മങ്കൊമ്പ് ആശാന്റെ ദമയന്തിയുമായിരിക്കും. ചില കളികൾക്ക് ഹരിപ്പാട്‌ ആശാന്റെ നളനും എന്റെ പിതാവ് ഹംസവുമായിരിക്കും. 
വിവാഹ വീടുകളിലെ കളികൾക്ക് മെടഞ്ഞ ഓലകൾ കൊണ്ട് പകുതി മറച്ചതാവും   അണിയറ. കുട്ടികൾക്ക് അണിയറയിൽ പ്രവേശന അനുമതി ഉണ്ടായിരിക്കില്ല. അതുകൊണ്ട് മെടഞ്ഞ ഓലയിൽ വിരൽ കൊണ്ട് സുഷിരമുണ്ടാക്കി ചുട്ടി കുത്തുന്നതും വേഷം ഒരുങ്ങുന്നതും നോക്കി നിന്നിട്ടുള്ള ഓർമ്മകളും ഉണ്ട്.     

എന്റെ ഗ്രാമത്തിൽ   ചാലയിൽ ശ്രീ. ശങ്കരൻപോറ്റിയുടെ ചുമതലയിൽ 'ചാലയിൽ  കഥകളിയോഗം' നിലവിൽ ഉണ്ടായിരുന്നു. ശ്രീ. ശങ്കരൻപോറ്റി അവർകൾ എന്റെ പിതാവിന്റെ മുത്തച്ഛൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകളുടെ  ശിഷ്യൻ ആയിരുന്നു. ശ്രീ. ശങ്കരൻപോറ്റിയുടെ   നളചരിതം ഒന്നാം ദിവസത്തിലെ   നാരദൻ ധാരാളം കണ്ടിട്ടുണ്ട്.    ചാലയിൽ കളിയോഗത്തിൽ ചെന്നിത്തല സ്വദേശികളായ  ശ്രീ. നീലകണ്ഠൻ ആശാരി  ചുട്ടി ആർട്ടിസ്റ്റായും ശ്രീ. കൊച്ചനുജൻ   അണിയറ ആർട്ടിസ്റ്റായും ശ്രീ. ലക്ഷ്മണൻ ആശാരി പുറപ്പാടും മറ്റും കുട്ടിത്തരം വേഷങ്ങളും ചെയ്തു വന്നിരുന്നു. പ്രസിദ്ധ ചുവന്ന താടി വേഷക്കരനായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻപിള്ളയുടെ മകൾ സുകുമാരിചേച്ചിയും (മുംബയിൽ വസിക്കുന്നു) ചാലയിൽ    കളിയോഗത്തിലെ ഒരംഗമായി ബാലവേഷങ്ങൾ ചെയ്തു വന്നിരുന്നു. ശ്രീ. ചെന്നിത്തല കൊച്ചുപിള്ള ശിങ്കിടി  ഗായകനും   ശ്രീ. അരിയന്നൂർ നാരായണൻ നമ്പൂതിരി ചെണ്ടയും ചെയ്തു വന്നിരുന്നു.  ശ്രീ. ശങ്കരൻപോറ്റിയ്ക്ക്  അനാരോഗ്യം ബാധിച്ചതോടെ കളിയോഗം വിൽക്കുകയും തുടർന്ന്  കളിയോഗത്തിലെ മിക്ക അംഗങ്ങളും  മറ്റു ജീവിതമാർഗ്ഗം തേടുകയായിരുന്നു.  

അമ്പലപ്പാട്ട് ദാമോദരൻ ആശാൻ എന്ന് അറിയപ്പെട്ടിരുന്ന ഒരു മഹത് വ്യക്തി എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൊച്ചുമകളെ  എന്റെ പിതാവ് കഥകളി  അഭ്യസിപ്പിചിരുന്നത് ഓർമ്മയിൽ ഉണ്ട്. ശ്രീ. ദാമോദരനാശാൻ താമസിച്ചിരുന്ന ചെന്നിത്തല ഒരിപ്രത്തിലുള്ള അരീക്കരവീട്ടിൽ ഒരു കഥകളി നടന്നത് എന്റെ ഓർമ്മയിൽ ഉണ്ട്. എന്റെ മുത്തശ്ശിയോടൊപ്പമാണ് അന്ന്  കളി കാണാൻ പോയത്. പഴയ കാലത്തെ പ്രതാപത്തോടെ പണി കഴിപ്പിച്ചിരുന്ന അരീക്കര  വീടിന്റെ പൂമുഖത്താണ് കഥകളി അവതരിപ്പിച്ചത്. നളചരിതം രണ്ടിലെ കാട്ടാളനും ദമയന്തിയും രംഗവും കിരാതവുമാണ് അവതരിപ്പിച്ചത്. എന്റെ പിതാവായിരുന്നു കാട്ടാളൻ ചെയ്തത്.  എന്റെ പിതാവ് പഠിപ്പിച്ച ആ വീട്ടിലെ കുട്ടിയുടെ ദമയന്തിയും കാട്ടാളത്തിയും. ശ്രീ. മടവൂർ ആശാനായിരുന്നു അർജുനൻ. 

പ്രസ്തുത കളിയിൽ  അർജുനനും കാട്ടാളനും  തമ്മിലുള്ള യുദ്ധത്തിനിടയിൽ അർജുനനെ വട്ടംകറക്കി എറിയുമ്പോൾ  ആട്ടവിളക്കിലെ എരിതീയിൽ അർജുനവേഷത്തിന്റെ  മുടി തട്ടി തീപിടിക്കുകയും  കാട്ടാളൻ അർജുനനെ പിടിച്ചു നിർത്തി കൈകൊണ്ട് തീ തട്ടി  അണച്ചതും  ഇന്നു നടന്നതുപോലെ സ്മരിക്കുന്നു.   

5 അഭിപ്രായങ്ങൾ:

 1. അന്ന് ആ വിളക്കു തട്ടി മറിച്ചിട്ട ചെന്നിത്തല, അമ്പലപ്പാട്ടെ ആ "കുട്ടി" ദമയന്തി ഇന്ന് നാലു കൊച്ചുമക്കളുള്ള ഒരു മുത്തശ്ശിയാണ്. ഞങ്ങളുടെ നാടിന്റെ മരുമകളായി വന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉമ ചേച്ചി.
  അമ്പലപ്പാട്ട് ദാമോദരൻ ആശാന്റെ കൊച്ചുമകൾ. നിരണം നെടുമ്പള്ളിൽ പരേതനായ ഡോ. എസ്. സുലോചനൻ പിള്ളയുടെ സഹധർമ്മിണി. എന്റെ സുഹൃത്തും കടപ്ര എസ്.എൻ. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ ഹരീഷിന്റെ (ഹരികൃഷ്ണൻ എസ്. പിള്ള) മാതാവ്.
  വർഷങ്ങൾക്ക് മുമ്പ് ഒൻപതാം ക്ലാസ്സിലെ മലയാളം പാഠാവലിയിൽ കൊടുത്തിരുന്ന കഥകളി ചിത്രം ഉമ ചേച്ചിയുടെ ആയിരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. Sri. Ravindranath Purushothaman, Sri. Nishikanth Kattil : Thanks for your comments.

  മറുപടിഇല്ലാതാക്കൂ
 3. അംബുജാക്ഷന്‍ ചേട്ടാ.. 19 ( അതോ 20 ) വര്‍ഷങ്ങള്‍ മുമ്പ് കല്‍പ്പാക്കം ടൌണ്‍ഷിപ്പില്‍ വച്ച് അങ്ങയുടെ പിതാവിനെ കണ്ടതും ഒരുപാട് സംസാരിച്ചതും ഇന്നും ഓര്‍ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. നല്ലത്! ഇടക്കിടക്ക് ഇങ്ങനെ ഓരോന്നിങ്ങോട്ട് പോരട്ടേ!! :)

  മറുപടിഇല്ലാതാക്കൂ