പേജുകള്‍‌

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ബാല്യകാലസ്മരണകൾ -2 (ഓയൂർ ആശാന്റെ അംഗീകാരം)



എന്റെ  പിതാവ് കഥകളിക്കു പോകുമ്പോൾ എന്നെ പലപ്പോഴും  കൂട്ടിപ്പോയിട്ടുണ്ട്.  മാവേലിക്കര  വാരണാസി മഠത്തിനു സമീപമുള്ള  പൊന്നാരംതോട്ടം ക്ഷേത്രത്തിലെ ഒരു കളിക്ക് പോയത് എന്റെ സ്മരണയിലുണ്ട്.   
ഞങ്ങൾ അന്ന് വാരണാസി മഠത്തിലേക്കാണ് നേരെ പോയത്. അവിടെ കഥകളി ഗായകരായ  തിരുവല്ല ഗോപിക്കുട്ടൻ ചേട്ടനും, തിരുവല്ല രാമചന്ദ്രൻ ചേട്ടനും   ഉണ്ടായിരുന്നു.   കഥകളി സംഗീതം ഒരു bed type   ടേപ്പ് റിക്കാർഡറിൽ  റിക്കാർഡിങ്ങ്‌ ചെയ്യുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. ഗോപിചേട്ടന്റെയും     രാമചന്ദ്രൻ ചേട്ടന്റെയും   കഥകളി സംഗീതത്തിന്   വാരണാസി തിരുമേനിമാരുടെ മേളത്തിന്റെ അകമ്പടികളോടെ  റിക്കാർഡിങ്ങ്‌ ആരംഭിച്ചപ്പോൾ   'ശബ്ദമുണ്ടാക്കരുത് '    എന്നൊരു നിർദ്ദേശമാണ്  എനിക്ക്  ലഭിച്ചത്.      നളചരിതം കഥയിലെ പദങ്ങളായിരുന്നു റിക്കാർഡിങ്ങ്‌  ചെയ്യപ്പെട്ടത് എന്നാണ് എന്റെ  ഓർമ്മ. അക്കാലഘട്ടത്തിൽ ഒരു അത്ഭുതമായിരുന്നു ഈ റിക്കാർഡിങ്ങ്‌. റിക്കാർഡിങ്ങ്‌ കഴിഞ്ഞ ശേഷമാണ്   ഞങ്ങൾ ക്ഷേത്രത്തിലേക്ക് യാത്രയായത്. 

കഥകളി കലാകാരന്മാർക്കെല്ലാം വാരണാസി മഠത്തിലായിരുന്നു രാത്രി ഭക്ഷണം. എന്റെ അയൽവീട്ടിലെ ബന്ധുവും നിത്യസന്ദർശകനുമായിരുന്ന ഒരു വ്യക്തി പൊന്നാരംതോട്ടം ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയിരുന്നു. എന്റെ പിതാവിനോടും ഞങ്ങളോടും സ്നേഹം പുലർത്തിയിരുന്ന അദ്ദേഹം  ദീപാരാധനയും, പൂജകളും  തുടർന്നുള്ള  വെടിക്കെട്ടും   കഴിഞ്ഞപ്പോൾ എന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് കൂട്ടിപ്പോകാൻ  താൽപ്പര്യം പ്രകടിപ്പിച്ചു. രാത്രി പത്തു മണിയോടെ     മടങ്ങി എത്താമെന്നുള്ള  വിവരം  അദ്ദേഹം പിതാവിനെ അറിയിച്ചു. ഞാനും സമ്മതം മൂളി അദ്ദേഹത്തോടൊപ്പം യാത്രയായി. അദ്ദേഹത്തിൻറെ വീട് ചെട്ടികുളങ്ങരയ്ക്ക് സമീപം  കണ്ണമംഗലത്താണ്. സുമാർ  നാലോ     അതിലധികമോ കിലോമീറ്റർ ദൂരം നടന്നാണ് ഞങ്ങൾ  അവിടെ എത്തിച്ചേർന്നത്. അദ്ദേഹത്തിൻറെ വൃദ്ധയായ മാതാവ് ആഹാരം പാചകം ചെയ്തു ഞങ്ങൾക്ക് തരുമ്പോൾ സമയം വളരെ വൈകി. ക്ഷേത്രത്തിലേക്ക് മടങ്ങി എത്തുമ്പോൾ കളി തുടങ്ങിയിരുന്നു. അച്ഛന്റെ നളചരിതം ഒന്നിലെ നളൻ അരങ്ങിൽ.       സുമാർ എട്ടു  കിലോമീറ്ററോളം  ദൂരം നടന്നതിന്റെ   ക്ഷീണം, ആഹാരം ലഭിക്കാൻ താമസിച്ചതിലുള്ള വെറുപ്പ്‌   എന്നിവ  ഞാൻ പ്രകടമാക്കിയത് ഒരു കരച്ചിലിൽ കൂടിയായിരുന്നു.    അച്ഛന്റെ വേഷം തുടക്കം മുതൽ കാണുവാൻ സാധിച്ചില്ല എന്നതാണ് ഞാൻ കാരണമാക്കിയത്.  എന്റെ കരച്ചിൽ അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. എന്നെ അച്ഛനെ ഏൽപ്പിക്കുക എന്ന ഒരു കടമയും   അദ്ദേഹത്തിന് ഉണ്ടായിരുന്നു.   അച്ഛൻ രംഗം കഴിഞ്ഞ് അണിയറയിൽ എത്തിയപ്പോൾ അദ്ദേഹം എന്നെ അച്ഛനെ ഏൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് വേണം പറയാൻ. 

അന്നു് നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തുമായിരുന്നു അവതരിപ്പിച്ച കഥകൾ.  എന്റെ പിതാവിന്റെ നളനും മാന്ത്രികനും   ഓയൂർ ആശാന്റെ ഹംസം, ചവറ  പാറുക്കുട്ടി ചേച്ചിയുടെ ദമയന്തിയും, മലയത്തിയും, ചെങ്ങന്നൂർ ആശാന്റെ ദുര്യോധനൻ, പന്തളം കേരളവർമ്മയുടെ മലയൻ, ചെന്നിത്തല രാഘവൻ പിള്ളയുടെ ത്രിഗർത്തനും  പരികർമ്മിയും,  ചെന്നിത്തല സുകുമാരി ചേച്ചിയുടെ (ചെന്നിത്തല രാഘവൻ പിള്ളയുടെ മകൾ)     മണികണ്ഠൻ.    

മങ്കൊമ്പ് ആശാന്റെ ദമയന്തിയും മലയത്തിയുമായിരുന്നു അക്കാലത്ത് ദക്ഷിണ കേരളത്തിൽ പ്രസിദ്ധി നേടിയിരുന്നത്. തങ്ങളുടെ പ്രതീക്ഷയ്ക്കുപരി  ദമയന്തിയെയും മലയത്തിയെയും വിജയിപ്പിച്ചു എന്ന് പല ആസ്വാദകരും  അണിയറയിലെത്തി പാറുക്കുട്ടി ചേച്ചിയെ അറിയിക്കുകയും അഭിനന്ദിക്കുകയും  ചെയ്തത് സ്മരിക്കുന്നു.

കളികഴിഞ്ഞു മടങ്ങുമ്പോൾ ഓയൂർ ആശാനും ഞങ്ങളോടൊപ്പം വീട്ടിൽ എത്തിയിരുന്നു. ഒരു കളികഴിഞ്ഞ് അടുത്ത കളിക്ക് എന്റെ പിതാവുമൊന്നിച്ചു  പോകാനുള്ള സന്ദർഭങ്ങളിൽ ആശാൻ വീട്ടിൽ എത്താറുണ്ട്.    അന്ന് പത്താമുദയം. എന്റെ ഗ്രാമമായ  ചെന്നിത്തലയിലുള്ള സിദ്ധാശ്രമത്തിൽ കഥകളിയുണ്ട്. ആ കളിക്ക്  ഓയൂർ ആശാനെ   ക്ഷണിച്ചിട്ടില്ല. പക്ഷെ അടുത്തദിവസം കോട്ടയം ഭാഗത്ത്  ആശാന് കളിയുണ്ട്.  സിദ്ധാശ്രമത്തിലും നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തുമായിരുന്നു  കഥകൾ. കൃഷ്ണൻ നായർ ആശാന്റെ നളനും, മലയനും കുടമാളൂരിന്റെ ദമയന്തിയും, മലയത്തിയും മടവൂർ ആശാന്റെ ദുര്യോധനൻ എന്റെ പിതാവിന്റെ ഹംസവും മാന്ത്രികനും വേഷങ്ങൾ.  


                                                  നളനും ഹംസവും (മാങ്കുളവും ഓയൂരും)   

                                 നളനും ഹംസവും (കലാമണ്ഡലം ഗോപിയും ചെന്നിത്തലയും)

സിദ്ധാശ്രമത്തിലെ കളിയുടെ ചുമതല  വഹിച്ചിരുന്നത് ആശ്രമത്തിലെ ഒരു അന്തേവാസിയായിരുന്നു. അദ്ദേഹത്തെ സ്വാധീനിച്ച്    ഓയൂരാശാനെക്കൂടി കളിക്ക്  ഉൾപ്പെടുത്തുവാനും അദ്ദേഹത്തെ കൊണ്ട് ഹംസം ചെയ്യിക്കുവാനും എന്റെ പിതാവ് അങ്ങേയറ്റം  പരിശ്രമിച്ചു.  ഓയൂർ ചേട്ടന്റെ ഹംസം കണ്ടു കണ്ടാണ്‌ ഞാൻ ഹംസം ചെയ്യാൻ പ്രാപ്തനായത് എന്നും നമ്മടെ നാട്ടിൽ താമസിച്ചാണ് അദ്ദേഹം കഥകളി അഭ്യസിച്ചത്‌ എന്നുള്ള വിവരങ്ങൾ ചുമതലക്കാരനെയും ആശ്രമത്തിലെ സ്വാമിജിയെയും  ധരിപ്പിച്ചുവെങ്കിലും   ആ  പരിശ്രമങ്ങളെല്ലാം  പരാജയപ്പെടുകയാണ് ഉണ്ടായത്. ഓയൂർ ആശാൻ ചെന്നിത്തലയിൽ താമസിച്ചു കഥകളി അഭ്യസിച്ചിരുന്ന കാലത്ത് നേടിയ സ്നേഹ ബന്ധങ്ങൾ ഒന്നിളക്കി ഉറപ്പിക്കുക എന്നതിലായിരുന്നു   ശ്രദ്ധിച്ചിരുന്നത്.   

ഓയൂർ ആശാൻ പങ്കെടുക്കുന്ന ഒരു കളിക്ക് മറ്റൊരു നടന്റെ ഹംസവേഷം നിശ്ചയിക്കുകയില്ല എന്നതായിരുന്നു കഥകളി ലോകത്തിൽ നിലനിന്നിരുന്ന രീതി.  അതുകൊണ്ട് അദ്ദേഹത്തിൻറെ സഹപ്രവർത്തകരായ കലാകാരന്മാരുടെ ആരുടേയും  ഹംസവേഷം കാണാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചിരുന്നതുമില്ല.   ഓയൂർ ആശാൻ അന്ന് എന്റെ പിതാവിന്റെ ഹംസം ശ്രദ്ധിച്ചു കാണുകയും   ആരുടെയോ സഹായത്തോടെ  ആശ്രമത്തിൽ നിന്നും ഒരു പട്ടുവസ്ത്രം കരസ്ഥമാക്കുകയും ചെയ്ത്   കളിയുടെ ചുമതലക്കാരന്റെ  അനുവാദത്തോടെ അരങ്ങിൽ വെച്ച് എന്റെ പിതാവിനെ  അണിയിക്കുകയും ചെയ്തു. 

തന്റെ  കലാജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു അംഗീകാരമായാണ്  എന്റെ പിതാവ് ഈ അനുഭവത്തെ  സ്മരിച്ചിരുന്നത്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ