പേജുകള്‍‌

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ബാല്യകാലസ്മരണകൾ -1 (കണ്ടിയൂരിലെ കഥകളി )


എനിക്ക് ഏതാണ്ട് പത്തോ പതിനൊന്നോ വയസ്സുള്ള കാലം. കണ്ടിയൂർ മഹാദേവർ ക്ഷേത്രത്തിലെ ഉൽസവ കഥകളിക്ക് പോകാൻ എന്റെ പിതാവ് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ  "എടാ നീവരുന്നോ കണ്ടിയൂരിന് " ? എന്ന് ചോദിച്ചു. അന്നൊക്കെ കഥകളിയോടുള്ള ഭ്രമം എന്നതിനേക്കാളുപരി യാത്രാഭ്രമം ഉണ്ടായിരുന്നതിനാൽ വളരെ സന്തോഷത്തോടെ ഞാൻ സമ്മതം മൂളി. നിക്കറും ഉടുപ്പും അണിഞ്ഞ് അച്ഛനേക്കാൾ മുൻപേ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ഏകദേശം ഒരു ഫർലോങ്ങ്‌ ദൂരത്തിലുള്ള കല്ലുംമൂട് ജംഗ്ഷനിലേക്ക് യാത്രയായി. അച്ഛൻ കഥകളി വേഷത്തിന് ഉപയോഗിക്കുന്ന നഖങ്ങൾ , ചുണ്ടപ്പൂ, മറ്റും സൂക്ഷിക്കുന്ന ചെപ്പും കണ്ണാടിയും ചുട്ടിത്തുണിയും മറ്റും അടങ്ങിയ ബാഗ് എന്റെ തോളിലിട്ടുകൊണ്ട്‌ വേഗത്തിൽ നടന്നു.

റോഡിൽ എതിരെ നടന്നു വന്നുകൊണ്ടിരുന്ന അച്ഛന്റെ സുഹൃത്തുക്കളും പരിചയക്കാരും റോഡിന്റെ സമീപത്തു താമസിക്കുന്നവരുമൊക്കെ ഇന്ന് നീയാണോ കളിക്ക് പോകുന്നത് എന്ന് കളിയാക്കി എന്നോട് ചോദിച്ചു. പറഞ്ഞ് അറിയിക്കാൻ സാധിക്കാത്തത്ര സന്തോഷത്തോടെയുള്ള എന്റെ യാത്ര. 

ബാലവികൃതികളുടെ ഭാഗമായി റോഡിന്റെ സൈഡിൽ കെട്ടിയിരുന്ന പിച്ചിങ്ങിൽ കൂടി നടന്നു മുന്നോട്ടു നീങ്ങുമ്പോൾ ആരോ ചോദിച്ചത്തിനു മറുപടി പറഞ്ഞപ്പോൾ ഉണ്ടായ അശ്രദ്ധയാൽ ഞാൻ പിച്ചിങ്ങിൽ നിന്നും റോഡിന്റെ സൈഡിലുള്ള തോട്ടിലേക്ക് വീണു. എന്റെ ഷർട്ടിൽ ലേശം അഴുക്കുപറ്റി. കാലിൽ നിസ്സാരമായ മുറിവ് ഉണ്ടായി. എന്നെ ആരൊക്കെയോ തോട്ടിൽ നിന്നും പിടിച്ചു കയറ്റി. ഞാൻ  തോട്ടിൽ വീണ വിവരം അച്ഛൻ അറിയരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്  ബസ് സ്റ്റോപ്പിലേക്ക് വേഗം നടന്നു നീങ്ങി. ഷർട്ടിലെ അഴുക്കെല്ലാം തുടച്ചശേഷം  ഒന്നും സംഭവിക്കാത്ത മട്ടിൽ ബസ് സ്റ്റോപ്പിൽ അച്ഛനെയും കാത്തു നിന്നു.

എന്നെ തോട്ടിൽ നിന്നും പിടിച്ചു കയറ്റിയവർ തന്നെ  എതിരെ വന്ന എന്റെ പിതാവിനെ വിവരം ധരിപ്പിച്ചിരുന്നു. ബസ് സ്റ്റോപ്പിൽ എത്തിയ പിതാവ് എന്റെ കാലിലെ മുറിവ് എല്ലാം നോക്കിയ ശേഷം "നേരെ നോക്കിയല്ലെടാ  നടക്കേണ്ടത്‌, അങ്ങുമിങ്ങും നോക്കി നടന്നാൽ ഇങ്ങിനെയിരിക്കും" എന്ന് പറഞ്ഞു കൊണ്ട് എന്റെ കരണത്ത് ഒരു അടി. എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിയ ശേഷം അച്ഛൻ എന്നെ വീട്ടിലേക്കു മടക്കി അയച്ചു. ഞാൻ കരഞ്ഞുകൊണ്ട്‌ വീട്ടിലേക്കു മടങ്ങി.

എന്റെ സങ്കടം കണ്ട എന്റെ മുത്തശി എന്നെ സമാധാനിപ്പിച്ചു. എന്നെ കണ്ടിയൂരിലേക്ക് കൂട്ടി പോകാൻ മുത്തശി തയ്യാറായി. ചെന്നിത്തലയിൽ നിന്നും ചെറുകോൽ വഴി നടന്ന് പറക്കടവിൽ എത്തി.  അന്നാണ്   ആദ്യമായി വള്ളത്തിൽ കയറി  കടവിന്റെ  മറുകരയിൽ എത്തി. അവിടെ നിന്നും ക്ഷേത്രത്തിലേക്ക് നടന്നു. മുത്തശി എന്നെയും കൂട്ടി ഞങ്ങൾ നേരെ പോയത് അണിയറയിലേക്കായിരുന്നു.                                             ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ.  
ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ  കൊച്ചുഗോവിന്ദ പിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ   . ചെന്നിത്തല രാഘവൻ പിള്ള എന്നിവർ കൊച്ചുപിള്ള പണിക്കർ.ആശാന്റെ  ശിഷ്യന്മാർ.

                                                എന്റെ മുത്തശ്ശിയും മാതാപിതാക്കളും   


എന്റെ മുത്തശ്ശിയെ ചെന്നിത്തല കൊച്ചുപിള്ള പണിക്കർ എന്നറിയപ്പെട്ടിരുന്ന കഥകളി ആചാര്യന്റെ മകൾ എന്ന സ്ഥാനം കൊണ്ട് എല്ലാവരും ബഹുമാനിച്ചിരുന്നു. ഒന്നാം ദിവസത്തെ നളന്റെ വേഷത്തിന് ചുട്ടി തീർന്ന് അണിയറയിൽ ഇരിക്കുന്ന അച്ഛന്റെ സമീപത്തേക്ക് മുത്തശ്ശി എന്നെയും കൂട്ടി ചെന്നു. എന്നെ അടിച്ചതിലുള്ള കുറ്റബോധം അച്ഛനിൽ ഉണ്ടായിരുന്നു. അച്ഛൻ എന്നെ പിടിച്ച് അടുത്തിരുത്തി. അച്ഛന്റെ സമീപത്തിരുന്ന് ഹംസവേഷത്തിന് മുഖത്തു തേച്ചു കൊണ്ടിരുന്ന ഓയൂരാശാൻ മുത്തശ്ശിയെ കണ്ട് എഴുനേറ്റു. മുത്തശ്ശിയുടെ പാദങ്ങളിൽ വണങ്ങിയ ശേഷം ഓയൂർ ആശാൻ എന്നെ അടുത്തേക്ക്‌ വിളിച്ചു. അച്ചൻ എന്നെ അടിച്ച വിവരങ്ങൾ എല്ലാം അച്ഛനിൽ നിന്നും അറിഞ്ഞിരുന്ന ഓയൂർ ആശാൻ എന്നെ അദ്ദേഹത്തിൻറെ ശരീരത്തോട് ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു. അപ്പോഴും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..

                                         ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ 

( ശ്രീ. ഓയൂർ ആശാൻ മൂന്നു വർഷം ഗുരുകുല സമ്പ്രദായ പ്രകാരം ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാന്റെ ഗൃഹത്തിൽ താമസിച്ചു കഥകളി അഭ്യസിച്ചിരുന്നു. ഈ ബന്ധം മൂലം എന്റെ പിതാവും ഓയൂർ ആശാനും സ്വന്തം സഹോദരങ്ങൾ എന്നതു  പോലെയുള്ള ആത്മബന്ധം നിലനിർത്തിയിരുന്നു) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ