പേജുകള്‍‌

2015, മാർച്ച് 22, ഞായറാഴ്‌ച

ബാല്യകാലസ്മരണകൾ -4 (ശ്രീ. കുഞ്ഞൻപിള്ളസാർ)ചെന്നിത്തലയിൽ പ്രത്യേകിച്ചും തൃപ്പെരുംതുറയിലുള്ള പൊതുജനങ്ങൾ എല്ലാവരും എന്റെ പിതാവിനെ ഒരു കഥകളി കലാകാരനെന്ന നിലയിൽ അത്യധികം സ്നേഹിച്ചിരുന്നു.   പ്രസിദ്ധ  കഥകളി കലാകാരനും കവിയുമായിരുന്ന പിതാവിന്റെ മുത്തച്ഛനോടുള്ള ബഹുമാനവും ഇതിന് ഒരു പ്രധാന ഘടകമായിരുന്നു. അച്ഛനെക്കാൾ മുതിർന്ന ഈ ഗ്രാമവാസികളിൽ പലരും  കളികളുടെയും വേഷങ്ങളുടെയും സഹ കലാകാരന്മാരെയും കുറിച്ചുള്ള വിവരങ്ങൾ അച്ഛനോട് ചോദിച്ചറിയും. ചിലർക്ക്    ഏറ്റവും കൗതുകമായിരുന്നത് അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലങ്ങളെ പറ്റിയുള്ള  അന്വേഷണം തന്നെയായിരുന്നു. പ്രക്കാനം, മൈലപ്ര, കണ്ണാടി എന്നിങ്ങനെയുള്ള  സ്ഥലങ്ങളുടെ പേരുകൾ അച്ഛൻ പറയുമ്പോൾ ഈ സ്ഥലപ്പേരുകൾ  അവർ ആദ്യമായി കേൾക്കുകയാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്യും. 

ചെന്നിത്തല ഒരിപ്രത്തിലുള്ള ശ്രീ. കൃഷ്ണപിള്ള ചേട്ടനായിരുന്നു ചെന്നിത്തല പോസ്റ്റാഫീസിലെ പോസ്റ്റുമാൻ. അന്നൊക്കെ കളിക്ക് ക്ഷണിക്കുന്നത്   പോസ്റ്റ്കാർഡു മൂലമാണ്. അച്ഛന്  കത്ത് ഉണ്ടെങ്കിൽ  തടികൊണ്ട് പിടിയുള്ള ഒരു കുടയും പിടിച്ചു കൊണ്ട് വീടിന്റെ വാതുക്കൽ എത്തി "ചെല്ലപ്പാ" എന്ന്  അദ്ദേഹം വിളിക്കും. അക്കാലത്ത് ഒരു കളിക്ക് അച്ഛന് അഡ്വാൻസ്   മണിയോർഡറായി ലഭിക്കുന്നത്    അഞ്ചുരൂപയാണ്.       ശ്രീ.   കൃഷ്ണപിള്ള ചേട്ടനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. നാരായണപിള്ള ചേട്ടനും നാട്ടിലെ പ്രധാന കഥകളി ആസ്വാദകർ ആയിരുന്നു. മാവേലിക്കര, മാന്നാർ പ്രദേശങ്ങളിലെ കളിയരങ്ങുകളുടെ മുൻവരിയിൽ ഇരുവരും ഉണ്ടായിരിക്കും.  അച്ഛന്റെ മുത്തച്ഛന്റെ വേഷങ്ങൾ കണ്ടിട്ടുണ്ടെന്ന് അവർ ഇരുവരും പറയുന്നത് പലപ്പോഴും ഞാൻ കേട്ടിട്ടുമുണ്ട്. 

ഈ കാലയളവിൽ ചുനക്കര കോമല്ലൂർ ക്ഷേത്രത്തിൽ ഒരു കളിക്ക് ക്ഷണിച്ചുകൊണ്ട് ഉത്സവത്തിന്റെ ഭാരവാഹികൾ കഥകളി കലാകാരന്മാർക്ക് കാർഡ് അയച്ചിട്ടും  ആരുടേയും മറുപടി ലഭിക്കാത്തതിന്റെ പേരിൽ വിവരം അന്വേഷിച്ചു കൊണ്ട്  വീട്ടിലും ചെന്നിത്തല പോസ്റ്റാഫീസിലും എത്തിയത്  ഓർക്കുന്നുണ്ട്. കോമല്ലൂർ  ക്ഷേത്രപരിസരത്തുള്ള കഥകളിയോട്‌ താൽപ്പര്യമില്ലാത്ത  ഒരു കൂട്ടർ അവിടെയുള്ള ഒരു പോസ്റ്റൽ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് കഥകളി കലാകാരന്മാർക്ക് അയച്ച പോസ്റ്റുകാർഡുകൾ കൈവശമാക്കി നശിപ്പിച്ചതായാണ് പിന്നീട് അറിഞ്ഞത്. ആ വർഷം അവിടെ കഥകളി അവതരിപ്പിക്കുകയും ഉണ്ടായി. പിന്നീട് കോമല്ലൂർ ക്ഷേത്രത്തിൽ കഥകളി നടന്നതായി ഇന്നുവരെ എനിക്ക് അറിവ് ഇല്ല. 

എന്റെ ആദ്യ സ്കൂൾ ജീവിതം ആരംഭിക്കുന്നത് ചെന്നിത്തല കളരിക്കൽ സ്കൂളിലായിരുന്നു. നാലാം ക്ലാസ്സിൽ   എന്റെ പ്രധാന അദ്ധ്യാപകൻ എന്റെ പിതാവിനെ പഠിപ്പിച്ച  ചെന്നിത്തല തൃപ്പെരുംതുറ സ്വദേശിയായ   ശ്രീ. കുഞ്ഞൻപിള്ളസാർ അവർകൾ തന്നെയായിരുന്നു.  അച്ഛനോട് വളരെ സ്നേഹവും സ്വാതന്ത്ര്യവും പ്രകടിപ്പിച്ചിരുന്ന  അദ്ദേഹം 'ഇപ്പോൾ വലിയ കലാകാരനായി നടക്കുന്ന നിന്റെ തന്തയെ ഞാൻ തന്നെയാടാ  പഠിപ്പിച്ചത് ' എന്ന്  അടിക്കടി ക്ലാസിൽ  എന്നെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.  ബാലചാപല്യങ്ങൾ എന്നിൽ ഏറെ   ഉണ്ടായിരുന്ന കാരണത്താൽ   കുഞ്ഞൻപിള്ളസാറിന്റെ ശകാരവും തല്ലും ഞാൻ അധികം നേടിയിട്ടുണ്ട്. ഒരിക്കൽ ക്ലാസ്സിൽ ഏതോ ചോദ്യത്തിന് മടത്തരമായ ഉത്തരം പറഞ്ഞതിന്റെ പേരിൽ അദ്ദേഹം എന്നെ വഴക്കുപറയുകയും തല്ലുകയും ചെയ്തു. 

 മഴ പെയ്യുന്നത് എങ്ങിനെ എന്ന് ചോദിച്ചതിന്  "ദൈവം മൂത്രം ഒഴിക്കുന്നതാണ് "എന്ന് എഴുതിയതാണടാ  നിന്റെ അച്ഛൻ.  പിന്നെ നീ ഇങ്ങിനെ ഉത്തരം   പറയുന്നതിൽ കുറ്റം പറയാനാവില്ലല്ലോ  എന്ന് പറഞ്ഞുകൊണ്ടാണ്  എന്നെ ശിക്ഷിച്ചത്. അന്ന് ഞാൻ  കരഞ്ഞു കൊണ്ട് സ്കൂളിൽ നിന്നും വീട്ടിലെത്തി  കുഞ്ഞൻപിള്ള സാറിന്റെ ശിക്ഷാ വിവരങ്ങൾ         അമ്മയെ അറിയിച്ചു. അന്ന് അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു. അടുത്തദിവസം എവിടെയോ കളിയും കഴിഞ്ഞ് എത്തിയപ്പോൾ അമ്മ ഈ വിവരം അച്ഛനെ അറിയിക്കുകയും അച്ഛൻ ഉടൻ തന്നെ സ്കൂളിലെത്തി കുഞ്ഞൻപിള്ള സാറിനെ കണ്ട്  "ഞാൻ പണ്ട് ചെയ്തെന്നു പറയുന്ന ഏതോ  മടത്തരത്തിന്റെ  പേരിൽ  എന്റെ മകനെ ശിക്ഷിക്കരുതെന്ന് " എന്ന് അപേക്ഷിക്കുകയും ചെയ്തു.  ഒരു ചെറിയ കുറ്റ ബോധം അദ്ദേഹത്തിനു ഉണ്ടായതിന്റെ പേരിലാവും   പിന്നീട് ഒരിക്കലും അദ്ദേഹം എന്നെ ശിക്ഷിച്ചിട്ടുമില്ല. 

2 അഭിപ്രായങ്ങൾ:

  1. ഇത്തരം നല്ല കുറിപ്പുകള്‍ ഇടക്കിടക്ക് ഓരോന്നിങ്ങോട്ടു പോരട്ടെ ചേട്ടാ! <3

    മറുപടിഇല്ലാതാക്കൂ