പേജുകള്‍‌

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

കഥകളി ഗായകൻ ശ്രീ. വൈക്കം തങ്കപ്പൻ പിള്ള അനുസ്മരണം


ദക്ഷിണ കേരളത്തിൽ കഥകളി സംഗീതത്തിൽ ഒരു കാലഘട്ടത്തിൽ കളിയരങ്ങിന്റെ ഒഴിച്ചു കൂടാൻ വയ്യാത്ത ഘടകമായി ശ്രീ. ഇറവങ്കര ഉണ്ണിത്താൻ സഹോദരന്മാരുടെ പാട്ട് ഉജ്വലമായി നിലച്ചു നിന്നിരുന്നു. അടുത്ത കാലഘട്ടത്തിൽ  കഥകളി മേളത്തിന് ദക്ഷിണ കേരളത്തിൽ  ശ്രീ. വാരണാസി സഹോദരന്മാർ എങ്ങിനെയോ അങ്ങിനെ കഥകളി സംഗീതത്തിന് ശ്രീ. വൈക്കം സഹോദരന്മാരും പ്രസിദ്ധി നേടിയിരുന്നു. ശ്രീ. വൈക്കം തങ്കപ്പൻപിള്ള ചേട്ടനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. വൈക്കം പുരുഷോത്തമൻ ചേട്ടനും ഒന്നിച്ചു പാടിയിട്ടുള്ള ധാരാളം അരങ്ങുകൾ സ്മരണയിൽ ഉണ്ട്, കൂടുതലും  ഹരിശ്ചന്ദ്രചരിതം കഥ .

എന്റെ വളരെ ചെറുപ്പകാലത്ത് ഒരിക്കൽ എന്റെ ഗ്രാമത്തിലുള്ള സിദ്ധാശ്രമത്തിൽ നടന്ന  ഹരിശ്ചന്ദ്രചരിതം കളിക്ക് പാടുവാൻ അദ്ദേഹം സഹോദരനുമായി രാവിലെ പത്തു മണിക്ക് എത്തി. കൊല്ലം ജില്ലയിലെ ഒരു കളികഴിഞ്ഞ് ഗുരു. ചെങ്ങന്നൂരും  ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനും ഒപ്പം  ഉണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നത് ഒരു   'വീട് ' എന്ന് പറയുവാൻ പറ്റിയ ഒന്നില്ല. അച്ഛൻ വടക്കൻ പറവൂർ ഭാഗത്ത് ഒരു കളിക്ക് പോയിട്ട് മടങ്ങി എത്തിയിട്ടില്ല. ഈ നാലുപേരെ സീകരിച്ച് അവർക്ക് വിശ്രമിക്കുവാനുള്ള സൗകര്യം ഗൃഹത്തിൽ ഇല്ലായിരുന്നു. കുളിയും കാപ്പികുടിയും കഴിഞ്ഞു ആസ്ബസ്റ്റോസ് ഷീറ്റിട്ട വരാന്തയിൽ  തങ്കപ്പൻ പിള്ള ചേട്ടനും  പുരുഷോത്തമൻ ചേട്ടനും സ്ഥാനം പിടിച്ചു. ആയിടെ പണികഴിപ്പിച്ച എരുത്തിലിന്റെ തിണ്ണയ്ക്ക് ഗുരു. ചെങ്ങന്നൂരും വൈക്കോൽ തുറുവിന്റെ നിഴൽ ലഭിക്കുന്ന ഭാഗത്ത് കട്ടിൽ നീക്കി നീക്കിയിട്ട് കൃഷ്ണൻ നായർ ആശാനും വിശ്രമിച്ചു. 
അച്ഛൻ എത്തിയപ്പോൾ മണി നാല്. തന്റെ ഗുരുനാഥനും, ഗുരുസമാനനും,   സഹപ്രവർത്തകരും എത്തിയപ്പോൾ, അവർക്ക് വിശ്രമിക്കാൻ നല്ലൊരിടം തന്റെ വസതിയിൽ ഇല്ലാത്തതിന്റെ ഖേദം അച്ഛന് ഉണ്ടായി. എല്ലാവരും ഉണരുമ്പോൾ ആഹാരം നൽകുക, ഞാൻ കളിസ്ഥലത്തേക്ക് പോയി എന്ന് അവരോടു പറയുക എന്ന് അമ്മയോട് പറഞ്ഞിട്ട് അച്ഛൻ പോയി. എല്ലാവരും ഉണർന്ന് കാപ്പികുടിയും കഴിഞ്ഞ് കളിസ്ഥലത്തേക്ക് യാത്രയായി. ഈ കളിയുടെ അടുത്തനാൾ തന്നെ എന്റെ അച്ഛൻ വീട്ടുപണിയുടെ തുടക്കം കുറിച്ചു. പിന്നീട് ശ്രീ. തങ്കപ്പൻ പിള്ളച്ചേട്ടനെ പിന്നീട് കണ്ടിട്ടുള്ള അവസരങ്ങളിൽ എല്ലാം അന്നത്തെ ഞങ്ങളുടെ വീട്ടിലെ ആഹാരത്തിന്റെ രുചിയെ പറ്റി പറയുമായിരുന്നു. 

                                           ശ്രീ. വൈക്കം തങ്കപ്പൻ പിള്ള 




 30-10-1923 -ന്  വൈക്കത്ത് വല്ലൂർ പിണക്കേഴത്തുവീട്ടിൽ മാധവിയമ്മയുടെയും തുതിക്കാട്ട് കോവിലകത്ത് ശ്രീ. ഗോദവർമ്മ തമ്പാന്റെയും പുത്രനായി ശ്രീ. തങ്കപ്പൻ പിള്ള ചേട്ടൻ ജനിച്ചു. അച്ഛൻ നാടകം, ഹരികഥ, കഥകളി സംഗീതം എന്നിവയിൽ വിദഗ്ദനായിരുന്നു. പതിനാലാം വയസ്സിൽ  അച്ഛന്റെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങിയ ശ്രീ. തങ്കപ്പൻ പിള്ളചേട്ടൻ, ശ്രീ. ചേർത്തല വാസുദേവൻ ഭാഗവതർ, ശ്രീ. വൈക്കം ശിവരാമകൃഷ്ണയ്യർ എന്നിവരുടെ കീഴിൽ കർണ്ണാടക സംഗീതവും ശ്രീ. ചെമ്പിൽ (വൈക്കം) വേലപ്പൻ നായർ, ശ്രീ. തകഴി കുട്ടൻപിള്ള എന്നിവരുടെ കീഴിലും കഥകളി സംഗീതം അഭ്യസിച്ചു. തുടർന്ന് കോട്ടക്കൽ PSV നാട്യസംഘത്തിൽ   ശ്രീ. കോട്ടയ്ക്കൽ വാസു നെടുങ്ങാടിയുടെ കീഴിലും ശ്രീ. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ ഗൃഹത്തിലും താമസിച്ച് അഭ്യസിച്ചു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ചുമതലയിൽ കീരിക്കാട്ടിൽ നടത്തിവന്ന സമസ്ത കേരള കഥകളി വിദ്യാലയത്തിൽ അദ്ദേഹം വളരെക്കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. എല്ലാ കഥകളും പാടി അവതരിപ്പിക്കുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ശ്രീ. കളർകോട് നാരായണൻ നായർ അവർകൾ എഴുതിയ പല കഥകളും അദ്ദേഹം ചിട്ടപ്പെടുത്തി പാടി അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ശ്രീ. മാലി മാധവൻ നായർ എഴുതിയ കർണ്ണശപഥം കഥ ആദ്യഅരങ്ങിൽ  പാടിയത് ശ്രീ. തങ്കപ്പൻ പിള്ള ചേട്ടനാണ്.  2010-  നവംബര്‍ ഒന്‍പതിന് കുടമാളൂരിൽ ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടി ചേട്ടന്റെ സപ്തതി ആഘോഷ വേളയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.   അവിടെ വെച്ച് ശ്രീ. തങ്കപ്പൻ പിള്ളചേട്ടനെ കാണുവാനും ധാരാളം സംസാരിക്കുവാനും അവസരം ലഭിച്ചിരുന്നു. 
ശ്രീ. തങ്കപ്പൻ പിള്ള ചേട്ടൻ   സാധുശീലനായിരുന്നതിനാൽ പലരാലും കബളിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു കഥ ശ്രീ. കലാമണ്ഡലം കേശവൻ അവർകൾ എഴുതിയ 'അരങ്ങിലെ കഥകൾ' എന്ന പുസ്തകത്തിൽ വായിച്ചത് എന്റെ ഓർമ്മയിലുണ്ട്.   വൈക്കം മഹാദേവർ ക്ഷേത്രത്തിലെ ഒരു ഉത്സവത്തിന്   നടന്ന കളിക്ക് പ്രസിദ്ധ കഥകളി ഗായകൻ ശ്രീ. ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അവർകളെയാണ്   ക്ഷണിച്ചിരുന്നത്. എന്നാൽ  കളി ആരംഭിക്കുന്നതിനു ഒരു ചില മണിക്കൂറുകൾക്ക് മുൻപ്  അദ്ദേഹം കളിക്ക് വരില്ല എന്ന് അറിയിച്ചു കൊണ്ടുള്ള ടെലെഗ്രാമാണ്‌  ലഭിച്ചത്. എന്തു ചെയ്യണം എന്നറിയാതെ ഉത്സവ കമ്മറ്റിക്കാർ വിഷമിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ശ്രീ. വൈക്കം തങ്കപ്പൻ പിള്ള ഭാഗവതർ ടവുണിലുള്ള കടയിൽ നിൽക്കുന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ കഥകളിയോഗം     മാനേജർ     ടവുണിലേക്കോടി. മാനേജരുടെ ക്ഷണം ആദ്യമൊക്കെ അദ്ദേഹം നിരസിച്ചെങ്കിലും ഒരു കളി മുടങ്ങരുത്‌ എന്ന സസുദ്ദേശത്തോടെ കളിക്കുകൂടി. കളി കഴിഞ്ഞപ്പോൾ കമ്മറ്റിക്കാർ കളിയോഗം മാനേജരെ വിളിച്ച് തങ്കപ്പൻ പിള്ളയ്ക്ക് എന്തു കൊടുക്കണം എന്ന് ചോദിച്ചു. 
'നമ്മുടെ കളി വിജയിപ്പിച്ചു തന്ന തങ്കപ്പൻ പിള്ളയ്ക്ക് അഞ്ഞൂറ് രൂപയെങ്കിലും നൽകണം' എന്ന് കളിയോഗം മാനേജർ കമ്മറ്റിക്കാരെ അറിയിച്ചു. കമ്മറ്റിക്കാർ നൽകിയ നാനൂറ്റി അൻപതു രൂപയിൽ നിന്നും നാനൂറുരൂപ എടുത്തു മാനേജർ തന്റെ കീശയിലാക്കിയ ശേഷം അൻപതു രൂപ ഒരു കവറിലിട്ട്‌  ഭാഗവതരുടെ ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു.  "ഒരു ചെറിയ തുകയേ ഇതിലുള്ളൂ. വീട്ടിൽ ചെന്നേ കവർ തുറക്കാവൂ, എന്നൊരു അപേക്ഷയും "പാട്ട് അസ്സലായീട്ടോ" എന്നൊരു അഭിനന്ദനവും. അദ്ദേഹം ഒരു സധുവായതു കൊണ്ടാണ് ഇങ്ങിനെ അദ്ധ്വാനിച്ച പണം മറ്റൊരാളാൽ  ചൂഷണം ചെയ്യപ്പെട്ടത്.  

                                   ശ്രീ. വൈക്കം സഹോദരന്മാർ
                               (ശ്രീ. വൈക്കം പുരുഷോത്തമൻ, ശ്രീ. വൈക്കം തങ്കപ്പൻപിള്ള)

 കലാദർപ്പണ പുരസ്കാരം, കൊല്ലം കഥകളി ക്ളബ് പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടിയ     ശ്രീ. തങ്കപ്പൻപിള്ള ചേട്ടൻ ഒരു തികഞ്ഞ സത്യസായീ ഭക്തനായിരുന്നു.  
ശ്രീ. തങ്കപ്പൻപിള്ള ചേട്ടൻ 07- 08 - 2014 -ന് ഇഹലോകവാസം വെടിഞ്ഞ വാർത്ത അറിഞ്ഞു. അദ്ദേഹത്തിൻറെ  സ്മരണയ്ക്കു മുൻപിൽ ഈ ഓർമ്മകൾ ഞാൻ അഞ്ജലിയായി സമർപ്പിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. എന്റെ ചെറുപ്പത്തില്‍, കഥകളി എന്ത് എന്ന് പോലും അറിയാന്‍ പാടില്ലാത്ത സമയത്തില്‍, കളി വേഷം കണ്ടാല്‍ കാണും, തിരിച്ചു വരും എന്ന സമയത്ത് ഞങളുടെ ഓണംതുരുത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ആയിരുന്നു പാടിയിരുന്നത്. ഓല മേഞ്ഞ ആ സ്റ്റേജില്‍ ഭസ്മക്കുറി അണിഞ്ഞു, കറുത്ത ഫ്രെയിം ഉള്ള കണ്ണട ധരിച്ചു , കസവുള്ള ശുഭ്ര വസ്ത്ര ധാരിയായി തങ്കപ്പന്‍ പിള്ള ആശാന്‍ ചെങ്ങിലയുംയി നില്ല്കൂന്നതു ഇപ്പോഴും ഓര്മഞയുണ്ട്........അമ്പു ചേട്ടന്‍ എഴുതിയപ്പോള്‍ ആണ് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാകുന്നത്‌ ................. തങ്കപ്പന്‍ പിള്ള ആശാന് സഹസ്ര കോടി പ്രണാമങ്ങള്‍ ............

    മറുപടിഇല്ലാതാക്കൂ
  2. കഥകളി ലോകത്ത് ഞാന്‍ കേട്ടിട്ട് പോലും ഇല്ലാത്ത കലാകാരന്മാരെ കുറിച്ച് അമ്പു ചേട്ടന്റെ ഈ ബ്ലോഗില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഇതാ ഒരാള്‍ കൂടി. സന്തോഷം.

    മറുപടിഇല്ലാതാക്കൂ