പേജുകള്‍‌

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

"നിഴൽകുത്ത് " പ്രാകൃത ഗാനത്തിൽ നിന്നും ഒരു ആട്ടക്കഥ (ഭാഗം -2)


നിഴൽക്കുത്ത് ആട്ടക്കഥ എഴുതിയ കാലഘട്ടത്തിൽ കഥയ്ക്ക്‌ നല്ല പ്രചാരം  ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അരങ്ങുകളിൽ പ്രചാരം നിലച്ചു. കഥകളി ആചാര്യൻ ഗുരു. ചെങ്ങന്നൂരും കഥകളി ഭാഗവതർ ശ്രീ. തകഴി കുട്ടൻ പിള്ളയും നിഴൽക്കുത്തിനെ വീണ്ടും പ്രചാരത്തിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി. ഗുരു. ചെങ്ങന്നൂർ ദുര്യോധനൻ   ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയുടെ   മലയൻ  ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ  മലയത്തിയുമായി പലയിടങ്ങളിലും നിഴൽക്കുത്ത് അവതരിപ്പിച്ചു. എന്നാൽ കഥകളി അരങ്ങിൽ പതിവില്ലാത്ത മന്ത്രവാദ രംഗം ഉദ്ദേശിച്ചത്ര ശോഭിക്കുന്നില്ല എന്ന ഒരു കുറവ് അനുഭവപ്പെട്ടിരുന്നു. അക്കാലത്ത് ഉണ്ടായിരുന്ന പല നടന്മാരെയും കൊണ്ട് മാന്ത്രികവേഷം ചെയ്യിച്ചും ഉദ്ദേശിച്ചത്ര വിജയം നേടിയില്ല. 

  നിഴൽക്കുത്ത് കഥകളിക്ക് പ്രചാരം ഉണ്ടായിരുന്ന കാലത്ത് മാന്ത്രികവേഷം ചെയ്ത് ഫലിപ്പിച്ചിരുന്ന പ്രശസ്തനായ കഥകളി ആചാര്യൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകൾ  ഗുരു. ചെങ്ങന്നൂരിന്റെ സ്മരണയിൽ എത്തി. അദ്ദേഹം മാന്ത്രികനായി  രംഗത്ത് എത്തുമ്പോൾ മണ്ണെണ്ണ വായിലൊഴിച്ച് പന്തത്തിൽ ഊതുകയും മറ്റും ചെയ്ത് രംഗത്ത് ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.  ശ്രീ.ചെന്നിത്തല കൊച്ചുപിള്ള പണിക്കരുടെ കൊച്ചുമകനും തന്റെ പ്രിയ ശിഷ്യനുമായ ചെന്നിത്തല ചെല്ലപ്പൻ പിള്ളയെക്കൊണ്ട് മാന്ത്രിക വേഷം ചെയ്യിച്ചു പരീക്ഷിക്കുവാൻ ഗുരു. ചെങ്ങന്നൂർ തീരുമാനിച്ചു. വിവരം ചെല്ലപ്പൻ പിള്ളയെ ഗുരു. ചെങ്ങന്നൂർ അറിയിക്കുകയും ചെയ്തു. ചെന്നിത്തല സ്വദേശിയും വേലൻ സമുദായ അംഗവുമായിരുന്ന ശ്രീ. നാരായണപണിക്കൻ ചെയ്യുന്ന ചില മാന്ത്രീക വേലകൾ എല്ലാം ശ്രീ. ചെല്ലപ്പൻ പിള്ള ശ്രദ്ധിച്ചു കണ്ടു. മന്ത്രവാദത്തിന്റെ ഒരുക്കുകൾ, മന്ത്രവാദം തുടങ്ങുന്നതിനു മുൻപുള്ള ശംഖുകറക്കൽ, മാവിൻതൂപ്പും തീപ്പന്തവും മാറിനോട് ചേർത്തുവെച്ചു തുള്ളുൽ  തുടങ്ങിയ നാരായണ പണിക്കന്റെ വിദ്യകളെല്ലാം മനസിൽ ഉറപ്പിച്ചു കൊണ്ടും ഗുരു. ചെങ്ങന്നൂരിന്റെ അനുഗ്രഹാശിസ്സുകൾ നേടിക്കൊണ്ടും   ചെല്ലപ്പൻ പിള്ളയുടെ മാന്ത്രികൻ അരങ്ങേറി. മാന്ത്രികന്റെ അവതരണത്തിൽ പ്രതീക്ഷിച്ചതിലധികം വിജയം നേടുകയും ചെയ്തു. 

         നിഴൽക്കുത്ത് കഥകളിയെ കലാലോകത്തിനു മുൻപിൽ എത്തിച്ച കലാകാരന്മാർ. 

                                                മലയത്തി : ശ്രീ. മങ്കൊമ്പ് ആശാൻ 
                                                  മലയത്തി : ശ്രീമതി. ചവറ പാറുക്കുട്ടി 


ഈ കാലയളവിൽ നിഴൽക്കുത്ത് ആട്ടക്കഥയുടെ ഓരോ രംഗവും അതിന്റെ വിവരണങ്ങളും ഓരോ ദിവസം എന്ന രീതിയിൽ അക്കാലത്തെ പ്രസിദ്ധ ദിനപ്പത്രമായ മലയാളരാജ്യത്തിൽ പ്രസിദ്ധീകരിച്ചു. അവസാനരംഗം പ്രസിദ്ധീകരിച്ച ദിവസം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ നിഴൽക്കുത്ത് കഥകളിയുടെ അവതരണവും ഉണ്ടായി. കഥകളി മണ്ഡപം ജനംകൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോൾ കളി ക്ഷേത്രാങ്കണത്തിലേക്ക് മാറ്റി. കളി വൻ വിജയമായപ്പോൾ തിരുവല്ലയിലെ മിക്ക വഴിപാട്ടു കളികൾക്കും, തുടർന്ന് ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിലും നിഴൽക്കുത്തിന്റെ അവതരണത്തിന് പ്രചാരം ലഭിച്ചു. ശ്രീ. ഗുരു. ചെങ്ങന്നൂർ, ശ്രീ.ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ശ്രീ. മടവൂർ വാസുദേവൻ‌ നായർ എന്നിവരുടെ ദുര്യോധനൻ, പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. പള്ളിപ്പുറം ആശാൻ, ശ്രീ. പന്തളം കേരളവർമ്മ എന്നിവരുടെ മലയൻ, ശ്രീ. കുടമാളൂർ കരുണാകരൻ നായർ, ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള തുടങ്ങിയവരുടെ മലയത്തി, ശ്രീ. ചമ്പക്കുളം പാച്ചുപിള്ള, ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി എന്നിവരുടെ ത്രിഗർത്തൻ ആദ്യകാലയളവിൽ ജനശ്രദ്ധ നേടിയിരുന്നു. മിക്ക കളിയരങ്ങുകളിലും മാന്ത്രികൻ ശ്രീ.  ചെല്ലപ്പൻ പിള്ള തന്നെ വേണം എന്ന നിർബ്ബന്ധം ആസ്വാദകർക്ക് ഉണ്ടായിരുന്നു.

                             മാന്ത്രികൻ (ചെന്നിത്തല ചെല്ലപ്പൻ പിള്ള)


 ദുര്യോധനനും (ഹരിപ്പാട്‌ രാമകൃഷ്ണ പിള്ള) മാന്ത്രികനും (ചെന്നിത്തല ചെല്ലപ്പൻ പിള്ള)

 മന്ത്രവാദം എന്ന രംഗം കഥകളി രംഗത്ത് ഒരു പുതുമനേടിയ സന്ദർഭത്തിൽ ഈ രംഗത്തിലെ ഒരുക്കുകൾക്ക് ഒരു സഹായി എന്ന ഉദ്ദേശത്തിൽ പരികർമ്മി എന്നൊരു കഥാപാത്രത്തെ ഉൾപ്പെടുത്തി. ശ്രീ. ചെന്നിത്തല രാഘവൻപിള്ള എന്ന കഥകളി നടനെയാണ് ശ്രീ. ചെല്ലപ്പൻ പിള്ള ആദ്യമായി ഇതിന് പരീക്ഷിച്ചത്. ശ്രീ. രാഘവൻ പിള്ള ഫലിത പ്രിയനാകയാൽ രംഗത്ത് ഈ കഥാപാത്രത്തിനു സ്ഥാനം ഉണ്ടാവുകയും ചെയ്തു.   ശ്രീ.  ചെല്ലപ്പൻ പിള്ളയുടെ അസാന്നിദ്ധ്യത്തിൽ ശ്രീ. മുട്ടാർ ശിവരാമനും  ശ്രീ. പന്തളം കേരളവർമ്മയും, ശ്രീ. മടവൂർ ആശാനും, ശ്രീ. ചമ്പക്കുളവും    മാന്ത്രികനെ അവതരിപ്പിച്ചു വിജയിപ്പിച്ചിരുന്നു. 

നിഴൽക്കുത്ത് കഥകളിക്ക് സ്വാധീനമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ പോരുവഴി മലനട ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദുര്യോധനനാണ്. മാന്ത്രികവുമായി ബന്ധമുള്ള ഈ ക്ഷേത്രത്തിൽ മദ്യവും കോഴിയും നേർച്ചയായി ഭക്തർ സമർപ്പിക്കാറുണ്ട് . ഈ ക്ഷേത്രത്തിൽ നിഴൽക്കുത്ത് കഥകളി ഉത്സവത്തിന് അവതരിപ്പിക്കുക പതിവാണ്. ദുര്യോധനന്റെ സന്തോഷമായ കഥ എന്നതാണ് അവതരണത്തിന്റെ പ്രധാന അടിസ്ഥാനം. ദുര്യോധനവധം അവതരിപ്പിക്കില്ല എന്നതും പ്രത്യേകതയാണ്. 

1972-ൽ മാവേലിക്കര - കറ്റാനം     റോഡിലുള്ള ഭരണിക്കാവ് ക്ഷേത്രത്തിൽ നിഴൽക്കുത്ത് അവതരിപ്പിക്കുകയുണ്ടായി. ചെങ്ങന്നൂർ ആശാന്റെ ശിഷ്യന്മാരാണ് പ്രധാനവേഷങ്ങൾ ചെയ്തത്. പ്രസ്തുത ക്ഷേത്രത്തിൽ പണ്ട് നിഴൽക്കുത്ത് കഥകളി അവതരിപ്പിച്ചുവെന്നും ഏതോ കാരണവശാൽ കളി പൂർത്തിയാകാതെ മുടങ്ങിയെന്നും തന്മൂലം ക്ഷേത്രത്തിന്റെ പരിസരവാസികൾക്ക് ചില അനർത്ഥങ്ങൾ ഉണ്ടായി എന്നും ഈ ദോഷം മാറുവാൻ നിഴൽക്കുത്ത് കഥകളി അവതരിപ്പിച്ച് മുഴുപ്പിക്കണം എന്നും ഒരു വിശ്വാസം ഉണ്ടായതിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട കഥകളിയാണ് അന്ന് നടത്തപ്പെട്ടത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ചില വിശ്വാസികൾ   ഈ ക്ഷേത്രത്തിൽ കഥകളി നടത്തുന്നത് ദോഷമാണ് എന്ന് വിശ്വസിക്കുന്നുണ്ട്. അതിന്റെ കാരണം എന്താണ് എന്ന് അവർക്ക്‌ അറിയുകയുമില്ല.  ഞാൻ  2006 -ൽ narthaki.com എന്ന വെബ് സൈറ്റിൽ നിഴൽക്കുത്ത് കഥകളിയെ പറ്റി ഒരു article പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ച   ഭരണിക്കാവ് സ്വദേശി ശ്രീ. സുനിൽ അവർകൾ എന്നോട്  ബന്ധപ്പെടുകയും അവരുടെ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുവാൻ പാടില്ല എന്ന് തെറ്റിധാരണയുടെ മർമ്മം മനസിലാക്കുകയും ചെയ്തിരുന്നു. 

കലാമണ്ഡലം ഉൾപ്പടെയുള്ള കഥകളി സ്ഥാപനങ്ങൾ ഈ കഥയെ തള്ളിപ്പറഞ്ഞിരുന്നു. പല പ്രസിദ്ധരായ കഥകളി ഗായകരും ഈ കഥ പാടില്ല എന്ന് വാശി പിടിച്ചിട്ടുണ്ട്. ദുര്യോധനൻ എന്ന കഥാപാത്രം അച്ഛനെകൊണ്ട് കള്ള സത്യം ചെയ്യുന്നുണ്ട് എന്നൊക്കെ പല പരാതികളും കഥയ്ക്ക്‌ എതിരായി പ്രചാരം ചെയ്തു വന്നിരുന്നു. കാലക്രമേണ ഉണ്ണായിവാര്യർ സ്മാരക കലാനിലയം,  കോട്ടയ്ക്കൽ,  കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങളിലെ കലാകാരന്മാർ നിഴൽക്കുത്ത് കഥയിലെ വേഷങ്ങൾ ചെയ്തുതുടങ്ങി. കലാമണ്ഡലത്തിൽ തെക്കൻ കളരി ആരംഭിച്ച് വളരെ വർഷങ്ങൾ പിന്നിട്ടുവെങ്കിലും 2003-ലെ വള്ളത്തോൾ ജയന്തിക്കാണ് നിഴൽക്കുത്ത് കഥ അവിടെ അരങ്ങേറിയത്. 2005-ൽ ന്യൂഡൽഹിയിലെ ഇന്റർ നാഷണൽ കഥകളി സെൻററിൽ നിഴൽക്കുത്ത് അരങ്ങേറി. ശ്രീ. സദനം ബാലകൃഷ്ണൻ ദുര്യോധനനായും ശ്രീ. ആർ.എൽ.വി രാജേന്ദ്രൻ പിള്ള മലയാനായും ശ്രീ. തിരുവട്ടാർ ജഗദീശൻ മാന്ത്രികനായും രംഗത്തെത്തി കളി വിജയിപ്പിച്ചു. 2007-ലും 2008-ലും കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിൽ നിഴൽക്കുത്ത് അവതരിപ്പിക്കുക ഉണ്ടായി. 
ശ്രീ. ചിറക്കര മാധവൻ കുട്ടി , ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി, ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, ശ്രീ. തോന്നക്കൽ പീതംബരൻ,ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണ പിള്ള, ശ്രീ. ഓയൂർ രാമചന്ദ്രൻ, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, ശ്രീമതി ചവറ പാറുക്കുട്ടി തുടങ്ങിയവർ നിഴൽക്കുത്തിലെ വേഷങ്ങൾ അവതരിപ്പിച്ചു വിജയിപ്പിച്ചിട്ടുള്ള കലാകാരന്മാരാണ് എന്ന് പ്രത്യേകം സ്മരിക്കുന്നു. 

2007-ൽ കോട്ടയ്ക്കലിൽ പ്രസിദ്ധ കഥകളി ആചാര്യനായ ശ്രീ. കോട്ടക്കൽ ചന്ദ്രശേഖരവാര്യരുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുകയുണ്ടായി. തനിക്ക് ദക്ഷിണ കേരളം നൽകിയ കളിയരങ്ങുകളുടെ എണ്ണം നന്ദിപൂർവ്വം മനസ്സിൽ സ്മരിച്ച ശ്രീ. ചന്ദ്രശേഖരവാര്യർ പ്രസ്തുത ആഘോഷങ്ങളിൽ ഒരു ദിവസത്തെ കളിയിൽ ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരെ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. അന്ന് നിഴൽക്കുത്തും അവതരിപ്പിച്ചിരുന്നു. ശ്രീ. ഫാക്റ്റ് മോഹനന്റെ ദുര്യോധനൻ, ശ്രീ. തലവടി അരവിന്ദന്റെ ത്രിഗർത്തൻ, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ മലയൻ, ശ്രീ. കലാമണ്ഡലം (ഓയൂർ) രാമചന്ദ്രൻറെ മലയത്തി, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയുടെ മാന്ത്രികനുമായി അവതരിപ്പിച്ച നിഴൽക്കുത്ത് കോട്ടയ്ക്കലിലെ ആസ്വാദകരുടെ മനം കവർന്നു. ഇതിൻ കാരണമായി 2008 -ലെ ഉത്സവക്കളിക്ക് നിഴൽക്കുത്ത് കഥകളി കാണണം എന്നുള്ള  ആസ്വാദകരുടെ താൽപ്പര്യ പ്രകാരം ആദ്യദിവസത്തെ കളിക്ക് തന്നെ നിഴൽക്കുത്ത് അവതരിപ്പിക്കുകയുണ്ടായി.  

പണ്ടത്തെ കലാകാരന്മാർ നിഴൽക്കുത്ത് എങ്ങിനെ അവതരിപ്പിച്ചിരുന്നു എന്നതിന് അധാരമായുള്ളത് 1980 -കളിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ അവതരിപ്പിച്ച നിഴൽക്കുത്ത് കഥയിലെ ചില രംഗങ്ങൾ അടങ്ങിയ ഒരു വീഡിയോ മാത്രമാണ് ആധാരമായുള്ളത്. അതിന്റെ കോപ്പി മിക്ക കലാകാരന്മാരുടെ കൈവശവും ഉണ്ടാകാനാണ് സാധ്യത. ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള (ദുര്യോധനൻ), ശ്രീ.മങ്കൊമ്പ് ശിവശങ്കരപ്പിള്ള (മലയൻ), ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടി (മലയത്തി), ശ്രീ. തലവടി അരവിന്ദൻ (ത്രിഗർത്തൻ), ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള (മാന്ത്രികൻ), ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ (സംഗീതം) ശ്രീ. ആയാംകുടി കുട്ടപ്പൻ മാരാർ (ചെണ്ട) എന്നീ കലാകാരന്മാരാണ് പങ്കെടുത്തിട്ടുള്ളത്. 


നിഴൽക്കുത്ത് കഥകളി ഇന്ന് തെക്കു മാത്രമല്ല കേരളത്തിന്റെ വടക്കൻ പ്രദേശത്തും അവതരിപ്പിക്കാറുണ്ട്. സ്ഥാപനങ്ങളിൽ കഥകളി അഭ്യസിച്ച മികച്ച കലാകാരന്മാരാണ് കഥ അവതരിപ്പിക്കുന്നത്‌. 'ലോകധർമ്മി'യായ നിഴൽക്കുത്ത് കഥകളി 'നാട്യധർമ്മി'കളായ കലാകാരന്മാരിൽ കൂടെ എന്നെന്നും ശോഭിക്കട്ടെ എന്ന് ആശംസിക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ