പേജുകള്‍‌

2014, ജൂൺ 7, ശനിയാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -3


ഹരിശ്ചന്ദ്രചരിതം കഥയിലെ ആദ്യരംഗം ദേവസഭയാണ്. സഭയിൽ എത്തുന്ന വിശ്വാമിത്രൻ, വസിഷ്ഠൻ, നാരദൻ എന്നിവരെ ഇന്ദ്രൻ സ്വീകരിച്ചു. ഭൂമിയിൽ സത്യ ധർമ്മതൽപ്പരനായി  ആരാണുള്ളത്  എന്ന് ഇന്ദ്രൻ സഭയിൽ ഒരു ചോദ്യം ഉന്നയിച്ചു.  ഭൂമിയിൽ സത്യസന്ധനും ധർമ്മിഷ്ഠനുമായ മഹാരാജാവ് ഹരിശ്ചന്ദ്രനാണ്‌ എന്ന് വസിഷ്ഠൻ അറിയിച്ചു. വസിഷ്ഠമുനിയുടെ പ്രസ്താവന  വസിഷ്ഠനോട് പൂർവവൈരാഗ്യം പുലർത്തിവന്ന രാജർഷിയായ വിശ്വാമിത്രനെ ചൊടിപ്പിച്ചു.  ഇത്രയും  മുഴുത്ത ഒരു കള്ളൻ ഈ ത്രിലോകത്ത് വേറെയാരും ഇല്ലെന്നും നിന്ദ്യനും നീചനുമാണ്‌ ഹരിശ്ചന്ദ്രനെന്നും കൂടി വിശ്വാമിത്രൻ സഭയിൽ വാദിച്ചു. വസിഷ്ഠനും വിശ്വാമിത്രനും തമ്മിൽ വാഗ്വാദം മൂത്തു. കലഹ പ്രിയനായ നാരദൻ തന്റെ റോൾ ഭംഗിയാക്കിയപ്പോൾ വിശ്വാമിത്രൻ സഭവിട്ടു പോകാൻ ഒരുങ്ങി. ഇന്ദ്രൻ ഇരുവരെയും സമാധാനപ്പെടുത്തുവാൻ ശ്രമിച്ചു.  ഹരിശ്ചന്ദ്രൻ അസത്യം ഉരച്ചാൽ മദ്യകുംഭവും ചുമന്നു കൊണ്ട് യാത്ര ചെയ്യുമെന്ന് വസിഷ്ഠൻ  ശപഥം ചെയ്തപ്പോൾ, "കണ്ടോ ശപഥം ചെയ്തൊരു ധീരത" എന്ന് നാരദൻ വസിഷ്ഠനെ അഭിനന്ദിച്ചു.  ഹരിശ്ചന്ദ്രൻ അസത്യം ചെയ്യുന്നവനാണ് എന്ന് ഞാൻ തെളിയിക്കുമെന്നും, അപ്രകാരം തന്നാൽ സാധിക്കാതെ വന്നാൽ താൻ ഇത്രകാലം തപം ചെയ്ത് ആർജ്ജിച്ച തപശക്തിയുടെ പകുതി ഹരിശ്ചന്ദ്രന് നൽകുമെന്നും   വിശ്വാമിത്രനും സഭയിൽ പ്രസ്താവിച്ചു. തുടർന്ന് സഭ പിരിഞ്ഞതായി ഇന്ദ്രൻ അറിയിച്ചു. വിശ്വാമിത്രൻ ദേവസഭയിൽ നിന്നും മടങ്ങി.  ഹരിശ്ചന്ദ്രൻ അസത്യവാനും   അധർമ്മിയും എന്ന് തെളിയിക്കുന്നതിനുള്ള ഉപായങ്ങളെ പറ്റി ചിന്തിച്ചു. മഹർഷിയുടെ മനസ്സിൽ ഉദിച്ച മാർഗ്ഗങ്ങളുമായി ഹരിശ്ചന്ദ്രനെ കാണുവാനായി കോസല രാജധാനിയിലേക്ക് യാത്രയാകുവാൻ തീരുമാനിച്ചു.



ഇന്ദ്രൻ, വസിഷ്ഠൻ, വിശ്വാമിത്രൻ , നാരദൻ


                                              വസിഷ്ഠൻ, ഇന്ദ്രൻ, വിശ്വാമിത്രൻ, നാരദൻ

                                             വസിഷ്ഠൻ, ഇന്ദ്രൻ, വിശ്വാമിത്രൻ, നാരദൻ 
 
           ഹരിശ്ചന്ദ്രമഹാരാജാവിന്റെ സത്യസന്ധതയുടെ പേരിൽ   മഹർഷിമാർ ഏറ്റുമുട്ടുന്നു

           ഹരിശ്ചന്ദ്രമഹാരാജാവിന്റെ സത്യസന്ധതയുടെ പേരിൽ   മഹർഷിമാർ ഏറ്റുമുട്ടുന്നു

                     ദേവസഭയിൽ രണ്ടു മഹർഷിമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾക്ക് പിന്നിൽ
                     നാരദ മഹർഷിയുടെ ഏഷണിയാണ് എന്ന് വിശ്വാമിത്രൻ മനസിലാക്കുന്നു.

വിശ്വാമിത്രമഹർഷി കോസല രാജധാനിയിൽ എത്തുന്നതാണ് രണ്ടാം രംഗം.    ഹരിശ്ചന്ദ്രൻ മഹർഷിയെ സ്വീകരിച്ചു. ഒരു യാഗം നടത്തുവത്തിന് ധാരാളം ധനം വേണം എന്ന ഉദ്ദേശം മഹർഷി ഹരിശ്ചന്ദ്രമഹാരാജാവിനെ അറിയിച്ചു. എത്ര ധനം വേണമെങ്കിലും നല്കുവാൻ തയ്യാറാണ് എന്ന വിവരം രാജാവ് മഹർഷിക്ക് ഉറപ്പു നൽകി. ഒരു ആരോഗ്യവാനായ യുവാവ് (വീരൻ ) ഒരു ആനപ്പുറത്ത് നിന്നുകൊണ്ട് ഒരു കല്ല്‌ ചുഴറ്റി ഏറിഞ്ഞാൽ കല്ല്‌  എത്തും ഉയരത്തിൽ ധനമാണ് വേണ്ടത്‌ എന്ന് മഹർഷി അറിയിച്ചു. രാജാവ്  കൊട്ടാരത്തിലെ  ഭണ്ഡാരം തുറന്ന്   സൂക്ഷിച്ചിരിക്കുന്ന ധനം   മഹർഷിയെ കാട്ടി. മഹർഷി സംതൃപ്തനായി. ധനം തൽക്കാലം കൊട്ടാരത്തിലെ  ഭണ്ഡാരത്തിൽത്തന്നെ സൂക്ഷിക്കുവാനും  യാഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം ധനം സ്വീകരിച്ചു കൊള്ളാം എന്നും അറിയിച്ച് മഹർഷി യാത്രയായി. 

                                ഹരിശ്ചന്ദ്രൻ അസത്യവാനാണ് എന്ന് തെളിയിക്കുവാനുള്ള 
                                           ഉപായത്തെ വിശ്വാമിത്രൻ ആലോചിക്കുന്നു

                                     ഹരിശ്ചന്ദ്രന്റെ രാജധാനിയിൽ എത്തുന്ന വിശ്വാമിത്രൻ 


വിശ്വാമിത്രൻ തന്റെ തപശക്തി ഉപയോഗിച്ച് വന്യ മൃഗങ്ങളെയും ക്ഷുദ്ര ജീവികളെയും സൃഷ്ടിച്ച് കോസലരാജ്യത്തിൽ ദാരിദ്ര്യവും പട്ടിണിയും സൃഷ്ടിക്കുവാൻ ശ്രമിച്ചു.   രാജാവിന്റെ    രാജ്യരക്ഷാ നടപടികളിൽ കൂടി മഹർഷിയുടെ  ഉപായങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ   രതി, വിരതി എന്ന രണ്ടു കന്യകകളെ സൃഷ്ടിച്ച് അവർക്ക് ലാസ്യ, വശ്യ നടനങ്ങൾ അഭ്യസിപ്പിച്ച് കോസലരാജ്യത്തേക്ക് അയച്ചു.   രാജാവിനെ വശീകരിച്ച് രാജഅടയാളമായ 'വെണ്‍കൊറ്റക്കുട' കൈക്കലാക്കുകയോ, രാജാവിന്റെ പട്ടമഹിഷിമാരാവുകയോ ചെയ്യണം എന്ന് നിർദ്ദേശിച്ച് രതി,വിരതികളെ മഹർഷി യാത്രയാക്കുന്നതാണ് മൂന്നാം രംഗം. 


                                                  വിശ്വാമിത്രൻ രതി വിരതികളുമൊത്ത്

                                   രതിവിരതികൾക്ക് നിർദ്ദേശം നൽകുന്ന വിശ്വാമിത്രൻ

രാജസന്നിധിയിലെത്തി നൃത്തമാടിയ  രതി, വിരതിമാർക്ക്   സമ്മാനങ്ങൾ നൽകുവാൻ ഹരിശ്ചന്ദ്രൻ, മന്ത്രിയായ സത്യകീർത്തിക്ക് നിർദ്ദേശം നല്കി. മഹാരാജാവിന്റെ 'വെണ്‍കൊറ്റക്കുട' ആവശ്യപ്പെട്ട രതി, വിരതിമാരെ രാജാവിന്റെ നിയോഗപ്രകാരം സത്യകീർത്തി അടിച്ച് ഓടിക്കുന്നതാണ് നാലാം രംഗം.
                                                
                               ഹരിശ്ചന്ദ്രന്റെ രാജധാനിയിൽ നൃത്തമാടുന്ന രതി, വിരതിമാർ
                                                    
                                                                          
                                            സത്യകീർത്തി ,   ഹരിശ്ചന്ദ്രൻ, രതിവിരതിമാർ 
       
അടുത്ത രംഗത്തിൽ തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ രതി, വിരതിമാർ സങ്കടത്തോടെ വിശ്വാമിത്രനെ അറിയിക്കുകയും കോപാകുലനായ വിശ്വാമിത്രൻ കന്യകകളെയും കൂട്ടി കോസലരാജ്യത്തേക്ക് പുറപ്പെടുന്നു. 


ഹരിശ്ചന്ദ്രന്റെ രാജധാനിയിൽ ഉണ്ടായ അനുഭവം രതി വിരതിമാർ വിശ്വാമിത്രനെ അറിയിക്കുന്നു.
 
ആറാം രംഗത്തിൽ രതിവിരതികളുമായി വിശ്വാമിത്രൻ ഹരിശ്ചന്ദ്രൻറെ കൊട്ടാരത്തിലെത്തി. തന്റെ കന്യകകളെ അപമാനിച്ചതിൽ ക്ഷുഭിതനായി എത്തിയ മഹർഷിയോട് രാജാവ് മാപ്പിരന്നുകൊണ്ട് നമസ്കരിച്ചു. കുപിതനായ മഹർഷി രാജാവിന്റെ തലയിൽ ചവിട്ടി. മുനിയുടെ പാദങ്ങൾ തന്റെ ശിരസിൽ പെട്ട് വേദനിച്ചോ എന്നാണ് രാജാവിന് ആശങ്ക ഉണ്ടായത്.  മഹർഷിയുടെ   തീഷ്ണമായ കോപം ശമിപ്പിക്കുവാൻ എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാറാണ് എന്ന് രാജാവ്‌ മഹർഷിയെ അറിയിച്ചു. ഈ  അവസരം ഉപയോഗിച്ച്  രാജ്യവും, വെണ്‍കൊറ്റക്കുടയും,  സ്വത്തുക്കളുമെല്ലാം, ഉടുവസ്ത്രങ്ങളും വരെ വിശ്വാമിത്രൻ കൈക്കലാക്കി. വിശ്വാമിത്രൻ കാലുകൊണ്ട്‌ ചവുട്ടിത്തേച്ചശേഷം നൽകിയ വസ്ത്രങ്ങളും ധരിച്ച് ഹരിശ്ചന്ദ്രനും, പത്നി ചന്ദ്രമതിയും, മകൻ ലോഹിതാക്ഷനും വനവാസത്തിനു യാത്ര തിരിക്കുമ്പോൾ തനിക്ക് മുൻപ് യാഗത്തിന് നൽകാമെന്നേറ്റ ധനം നൽകിയിട്ടു പോകാൻ വിശ്വാമിത്രൻ ആവശ്യപ്പെട്ടു. തന്റെ രാജ്യവും സമ്പത്തുമെല്ലാം അങ്ങയ്ക്ക് നൽകിയ ശേഷം എങ്ങിനെയാണ് എന്നാൽ ധനം നൽകാൻ സാധിക്കുക എന്ന ഹരിശ്ചന്ദ്രന്റെ മറുപടിക്ക് നിനക്ക് സത്യഭംഗം സംഭവിക്കും എന്ന താക്കീതാണ് മഹർഷി നൽകിയത്. മുൻപ് നൽകാമെന്നേറ്റ ധനം 48 നാളുകൾക്കുള്ളിൽ നൽകാം എന്നൊരു വ്യവസ്ഥയിൽ   ഹരിശ്ചന്ദ്രൻ വനത്തിലേക്ക് യാത്രയാകുമ്പോൾ, വ്യവസ്ഥ പ്രകാരമുള്ള  സ്വീകരിക്കാനായി ഒപ്പം   ശുക്രനെയും അയയ്ക്കുന്നു. ദുഖിതരായ ഹരിശ്ചന്ദ്രനും കുടുംബവും മന്ത്രിയായ സത്യകീർത്തിയും, ശുക്രനും ഒന്നിച്ചു വനത്തിലേക്ക് യാത്രയാകുന്നു. 
 

                      കോപാകുലനായ വിശ്വാമിത്രൻ, നമസ്കരിച്ച  ഹരിശ്ചന്ദ്രന്റെ ശിരസ്സിൽ ചവുട്ടി.
                                          പ്രയാസപ്പെട്ട് എഴുനേൽക്കുന്ന ഹരിശ്ചന്ദ്രൻ. 
 


                             രാജ്യവും സമ്പത്തുകളും വിശ്വാമിത്രന്റെ കാലടിയിൽ സമർപ്പിച്ച ശേഷം 
                                                               ഹരിശ്ചന്ദ്രനും കുടുംബവും 

 
             രാജ്യവും സമ്പത്തുകളുംകൈക്ക്ലാകിയ ശേഷം യാഗത്തിന് നൽകാമെന്നേറ്റ 
        ധനം ആവശ്യപ്പെടുന്ന വിശ്വാമിത്രനോട് നിസ്സഹായത അപേക്ഷിക്കുന്ന ഹരിശ്ചന്ദ്രൻ. 
 
 (ആറാം രംഗം കഴിഞ്ഞപ്പോൾ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ മടക്കയാത്രയ്ക്ക് തയ്യാറായി. അദ്ദേഹത്തോടൊപ്പം മടങ്ങുവാൻ ഞാനും തീരുമാനിച്ചു) 
 
വിശ്വാമിത്രനായി  ശ്രീ. കലാമണ്ഡലം രാമകൃഷ്ണൻ, വസിഷ്ഠനായി ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി, നാരദനായി ശ്രീ. കലാമണ്ഡലം അനിൽകുമാർ, ഇന്ദ്രനായി ശ്രീ. കലാമണ്ഡലം അനന്തകൃഷ്ണൻ, ഹരിശ്ചന്ദ്രനായി ശ്രീ. കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താൻ, രതി, ശുക്രൻ വേഷങ്ങൾ ശ്രീ. കലാഭാരതി വാസുദേവനും, വിരതിയായി ശ്രീ. കലാമണ്ഡലം അരുണും സത്യകീർത്തിയായി ശ്രീ. കലാമണ്ഡലം അനന്തുവും വേഷമിട്ടു രംഗങ്ങൾ വിജയിപ്പിച്ചു.   ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാമണ്ഡലം വിനോദ്, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. കലാഭാരതി മുരളി എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം രവീന്ദ്രൻ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു കളിയുടെ വിജയിപ്പിച്ചു. മയ്യനാട്, നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.  
 
ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും ശ്രീ. കലാമണ്ഡലം രാമകൃഷ്ണൻ അവർകളും മടക്കയാത്രയിൽ ഉണ്ടായിരുന്നു. യാത്രാ മദ്ധ്യേ അടുത്ത ദിവസത്തെ കളിക്ക് വരുന്നുണ്ടോ എന്ന് ശ്രീ. ഉണ്ണികൃഷ്ണൻ ചോദിച്ചു. വരുന്നുണ്ട് എങ്കിൽ നാളെ വൈകിട്ട് നാലരമണിക്ക് ചെന്നിത്തല മഹാത്മാഹൈസ്കൂൾ ജംഗഷനിൽ എത്തിയാൽ മതി ഒന്നിച്ചു പോകാം എന്ന് അദ്ദേഹം അറിയിച്ചു. 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ