പേജുകള്‍‌

2014, ജൂൺ 20, വെള്ളിയാഴ്‌ച

'ഇന്റർനെറ്റ് യുഗവും ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പും' ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥകളി ഫെസ്റ്റിവൽ -4


14-05-2014-ന്  വൈകിട്ട് നാലര മണിയോടെ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണനും ശ്രീ. കലാഭാരതി ഹരികുമാറും ശ്രീ. കലാഭാരതി ജയശങ്കറും ഒന്നിച്ച് കാറിൽ ചെന്നിത്തലയിൽ എത്തി. ഞാനും അവരോടൊപ്പം മണ്ണൂർക്കാവിന് യാത്ര തിരിച്ചു. യാത്രയിൽ കഥകളി വിഷയങ്ങൾ തന്നെയായിരുന്നു ചർച്ച. കഥകളി യോഗത്തിന്റെയും, കഥകളി നടത്തിപ്പിന്റെയും ചുമതല വഹിക്കുന്ന കഥകളി കലാകാരനായ ശ്രീ. കലാഭാരതി  ഹരികുമാർ അവർകളുടെ അനുഭവങ്ങൾ ഞങ്ങളുടെ യാത്രയിൽ   മധുരരസം പകർന്നു നല്കിക്കൊണ്ടിരുന്നു. കൃത്യം അഞ്ച് ഇരുപതിന്     ഞങ്ങൾ മണ്ണൂർക്കാവ് ദേവീ  ക്ഷേത്രത്തിൽ എത്തിച്ചേർന്നു. പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ.ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്റെ മൂത്ത മകൻ ശ്രീ. ഗോപാലകൃഷ്ണൻ അവർകൾ കഥകളി കാണാൻ എത്തിയിരുന്നു. ഞങ്ങൾ പരസ്പരം സൗഹൃദം പുതുക്കിക്കൊണ്ട്  കളികാണാൻ ഞങ്ങൾ മുൻ നിരയിൽ സ്ഥാനം പിടിച്ചു.     (മണ്ണൂർക്കാവ് ദേവീ ക്ഷേത്രത്തിലെ വഴിപാട് കഥകളികളിൽ ഒരു കാലത്തെ ഓയൂർ ആശാന്റെ സ്ഥിര സാന്നിധ്യം സ്മരണാർഹമാണ്‌.) അഞ്ചരമണിക്ക് കളിക്ക് വിളക്ക് വെച്ച് പുറപ്പാടും തുടർന്ന് മേളപ്പദവും ആരംഭിച്ചു. ശ്രീ. കലാമണ്ഡലം ഹരികൃഷ്ണൻ, ഹരിശങ്കർ എന്നിവരാണ്‌ പുറപ്പാടിന് വേഷമിട്ടത്.  ശ്രീ. വേങ്ങേരി നാരായണനും ശ്രീ. തൃപ്പൂണിത്തുറ അർജുൻരാജ് എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു.

                                                                            പുറപ്പാട്

                                                                            മേളപ്പദം

മേളപ്പദം കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം നളചരിതം മൂന്നാം ദിവസം കഥകളി ആരംഭിച്ചു. പുഷ്കരനുമായി ചൂതിൽ തോറ്റ്, രാജ്യം നഷ്ടപ്പെട്ട് പ്രിയ പത്നിയായ  ദമയന്തിയുമൊത്തു വനത്തിൽ എത്തി. ഉറങ്ങിക്കിടന്ന  ദമയന്തിയെ വനത്തിൽ ഉപേക്ഷിച്ച ശേഷം വനാന്തർഭാഗത്തെത്തിയ നളൻ, പ്രിയ പത്നിയെ ഉപേക്ഷിച്ച കുറ്റ ബോധത്തോടെ ലോകപാലന്മാരായ ഈശ്വരന്മാരെ വിളിച്ചു വിലപിക്കുന്ന രംഗം മുതൽ കാർക്കോടക ദംശനമേറ്റ്  വിരൂപിയായ നളൻ കാർക്കോടകന്റെ നിർദ്ദേശ പ്രകാരം കോസല രാജ്യത്തെത്തി ബാഹുകൻ എന്ന പേര് സ്വീകരിച്ച് ഋതുപർണ്ണ മഹാ രാജാവിന്റെ സേവകനായി വസിക്കുന്ന കാലഘട്ടത്തിൽ, നളനെ കാണാതെ വിഷമിച്ച ദമയന്തിയുടെ ദുഃഖം മനസിലാക്കിയ സുദേവ ബ്രാഹ്മണൻ, നളനെ കണ്ടുമുട്ടുവനുള്ള ഒരു ഉപായവുമായി ഋതുപർണ്ണസന്നിധിയിൽ എത്തി. സുദേവൻ  ദമയന്തിയുടെ രണ്ടാം സ്വയംവരം നാളെ നടക്കുന്നു എന്ന ഒരു വാർത്ത സഭയിൽ അറിയിച്ചത്  അനുസരിച്ച് ഋതുപർണ്ണൻ സ്വയംവരത്തിൽ പങ്കെടുക്കുവാൻ കുണ്ഡിനപുരിയിലേക്ക് ബാഹുകനെയും കൂട്ടി യാത്രയാകുന്നത് വരെയുള്ള രംഗങ്ങളാണ് അവതരിപ്പിച്ചത്. 

                                                               വെളുത്ത നളൻ

                                                                  കാർക്കോടകൻ
                                                        നളനും കാർക്കോടകനും

                                                 കാർക്കോടകനും ബാഹുകനും 

                                                      ബാഹുകനും  കാർക്കോടകനും

                                                                         ബാഹുകൻ 

                                                         ഋതുപർണ്ണനും ,ബാഹുകനും

                                                ബാഹുകൻ , ജീവലൻ, വാഷ്ണേ യൻ

                                                          ദമയന്തി , സുദേവൻ

                                                       ഋതുപർണ്ണനും സുദേവനും

                                                ബാഹുകൻ , ഋതുപർണ്ണൻ , സുദേവൻ 

                                                         ഋതുപർണ്ണൻ, ബാഹുകൻ

പ്രിയ പത്നിയെ ഘോരവനത്തിൽ ഉപേക്ഷിച്ച കുറ്റ ബോധത്തോടെ ലോകപാലന്മാരെ വിളിച്ചു വിലപിക്കുന്ന വെളുത്ത നളനെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം ശ്രീകുമാർ ആയിരുന്നു. രണ്ടാം രംഗത്തിൽ ഘോര വനവും നാടും തമ്മിലുള്ള താരതമ്യങ്ങൾ ഓരോരോ തത്വ ചിന്തകളിലൂടെ നളൻ വീക്ഷിക്കുന്നു.  വനകാഴ്ച്ചകളിൽ (ഇളകിയാട്ടം) ഒരു കലമാനും, പേടമാനും അവരുടെ രണ്ടു മാൻ കുട്ടികളെയുമാണ്‌ നളൻ കണ്ടത്. ഈ അവസരത്തിൽ തന്റെ കുടുംബത്തെയും  കുഞ്ഞുങ്ങളെയും ഓർത്ത്‌ നളൻ വികാരാധീനനാകുന്ന അവതരണം വളരെ ഹൃദ്യമായിരുന്നു.

കാട്ടുതീയിൽ അകപ്പെട്ട്‌ രക്ഷയ്ക്കായി നളന്റെ പേരുവിളിച്ചു വിലപിക്കുകയും രക്ഷിച്ച നളനെ ദംശിക്കുകയും, നളന്റെ ഉള്ളിൽ കൂടിയിരിക്കുന്ന കലിയെ നശിപ്പിക്കനാണ് താൻ ദംശിച്ചതെന്ന് ആശ്വാസവാക്കരുളി, ബാഹുകനെന്ന പേര് സ്വീകരിച്ച് കോസലാധിപനായ ഋതുപർണ്ണന്റെ സേവകനായി കുറച്ചു കാലം ജീവിക്കുക എന്നും അധികം താമസിയാതെ ദമയന്തിയെ കണ്ടു മുട്ടി പണ്ടെന്ന പോലെ ജീവിക്കാൻ അവസരം ഉണ്ടാകും എന്ന് അനുഗ്രഹിച്ച് നഗ്നത മറയ്ക്കാനും ആവശ്യമുള്ള സമയത്ത് സ്വരൂപം വീണ്ടെടുക്കുവാനും രണ്ടു വസ്ത്രങ്ങൾ നൽകിയ കാർക്കോടകനെ    ശ്രീ. കലാമണ്ഡലം പ്രശാന്ത്  അവതരിപ്പിച്ചു.

കാർക്കോടക ദംശനത്താൽ വിരൂപനായ നളനെ (ബാഹുകൻ)  അവതരിപ്പിച്ചത് പ്രശസ്ത കഥകളി കലാകാരനായിരുന്ന ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന്റെ മകൻ ശ്രീ. കലാമണ്ഡലം  രതീശനായിരുന്നു.  കാർക്കോടകനിൽ നിന്നും പണ്ടെന്നപോലെ ദമയന്തിയുമൊത്ത് ജീവിക്കാൻ സാധിക്കും എന്നുള്ള കാർക്കോടകവാക്ക്യത്താൽ നല്ല ഒരു നാളയെ മനസ്സിൽ കണ്ട ബാഹുകൻ,   കോസല രാജ്യം ലക്ഷ്യമാക്കിയുള്ള വനയാത്രയിലെ കാഴ്ചകളിൽ അവതരിപ്പിച്ചത്  മാൻ പ്രസവമാണ്. കൂടുതൽ വിസ്തരിക്കാതെ ആശയം വളരെ ഭംഗിയായി അവതരിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രമിച്ചത്‌. 

കോസലാധിപനായ ഋതുപർണ്ണനെ ശ്രീ. കലാഭാരതി ഹരികുമാറാണ് അവതരിപ്പിച്ചു.   ശ്രീ. കലാമണ്ഡലം അരുണ്‍ ജീവലനെയും     ശ്രീ. കലാമണ്ഡലം അഖിൽ ആനന്ദ്   വാർഷ്ണേയനെയും  അവതരിപ്പിച്ചു. തന്റെ പ്രാണേശ്വരനായ നളൻ ഋതുപർണ്ണരാജധാനിയിലുണ്ടെന്നുള്ള സംശയത്താൽ തന്റെ നന്മയെ ആഗ്രഹിക്കുന്നവനും വിശ്വാസ യോഗ്യനുമായ സുദേവബ്രാഹ്മണനെ കോസലരാജ്യത്തേക്ക് അയയ്ക്കുന്ന ദമയന്തിയെ   ശ്രീ. മധു.വാരണാസി അവതരിപ്പിച്ചു. ദമയന്തിയെ ആശ്വസിപ്പിച്ചു കൊണ്ട് നൈഷധനെ കണ്ടെത്തുവാൻ ഉപകരിക്കുന്ന ഒരു കപട വാർത്ത ഋതുപർണ്ണരാജധാനിയിൽ അറിയിക്കുന്ന  (ദമയന്തിയുടെ രണ്ടാം സ്വയംവരമാണെന്നും   ഒരാളിന്റെ അഭാവം മൂലം സ്വയംവരം നാളെയാണ്‌   എന്നും)  സുദേവനെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം രാജശേഖരനായിരുന്നു. മിതത്വമാർന്ന അവതരണമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. 

ശ്രീ. പത്തിയൂർ ശങ്കരൻ കുട്ടി, ശ്രീ. വേങ്ങേരി നാരായണൻ, ശ്രീ. കലാമണ്ഡലം വിഷ്ണു, ശ്രീ. തൃപ്പൂണിത്തുറ അർജുൻരാജ്, ശ്രീ. സദനം സായികുമാർ എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തത്. ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ, ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകൾ ചുട്ടിയും ശ്രീ. തേവലക്കര രാജൻ പിള്ള, ശ്രീ. മുളങ്കാടകം രമേശൻ, ശ്രീ. പന്മന കെ. ജഗനാഥൻ എന്നിവർ അണിയറ കലാകാരന്മാരായി പ്രവർത്തിച്ച്‌ കളി ഗംഭീരമാക്കി. 
മയ്യനാട്, നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

കളി കഴിഞ്ഞ് ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ, ശ്രീ. ഹരികുമാർ , ശ്രീ. ജയശങ്കർ എന്നിവരുമൊത്ത് മടങ്ങി.  എന്റെ ഔദ്യോഗിക ജീവിതം ഈ വർഷം അവസാനിക്കുന്നതിനാൽ അടുത്ത വർഷത്തെ  മണ്ണൂർക്കാവിലെ കഥകളി മഹോത്സവ കളികള്ക്കെല്ലാം പങ്കെടുക്കണം എന്ന ഉറച്ച തീരുമാനത്തോടെയാണ്‌ അവിടെ നിന്നും മടങ്ങിയത്.
*****************************************************************************************************************
സ്മരണാനുഭവം

പുറപ്പാടും മേളപ്പദവും കഴിഞ്ഞ് കളി തുടങ്ങുന്നതിന് മുൻപ് മണ്ണൂർക്കാവ് ക്ഷേത്രത്തിന്റെ സമീപമുള്ള ജങ്ക്ഷനിലെ ഒരു കടയിൽ  അത്യാവശ്യം വിശപ്പ് ശമിപ്പിക്കാനെത്തി. അവിടെ സാമാന്യം ഭേദപ്പെട്ട ഒരു ദോശയുടെ വില രണ്ടു രൂപ മാത്രം. രണ്ടു കൂട്ടം ചട്ടിണിയും.
 
ദോശ തിന്നു കൊണ്ടിരിക്കുമ്പോൾ കളിക്ക് പങ്കെടുക്കുന്ന നടന്മാരുടെ പേരുവിവരവും വേഷവിവരങ്ങളും അനൌണ്സ് ചെയ്യുവാൻ തുടങ്ങി. ബാഹുകൻ ശ്രീ. ഓയൂർ രതീശൻ എന്ന് അനൌണ്സ് ചെയ്തപ്പോൾ  ആ കടയിൽ നിന്നുകൊണ്ടിരുന്ന ഒരു വ്യക്തി ('ഓയൂർ' എന്ന പേര് കേട്ട ഉടൻ)   'ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, പന്തളം കേരളവർമ്മ' എന്നിങ്ങനെ മണ്‍ മറഞ്ഞ കലാകാരന്മാരുടെ പേര് പറഞ്ഞു.
ഞാൻ ഉടനെ ഈ പറഞ്ഞവരൊക്കെ ആരാണ് എന്ന് അദ്ദേഹത്തോട് ചോദിച്ചു. അവരൊക്കെ ഇവിടെ കഥകളിക്കു സ്ഥിരമായി എത്തിയിരുന്ന പഴയ കഥകളി കലാകാരന്മാർ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. പിന്നീട് ഞാൻ അദ്ദേഹവുമായി പരിചയപ്പെട്ടു കൊണ്ട് കുറച്ചു സമയം സംസാരിച്ചു.  എന്റെ കഥകളി ബന്ധം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ വേറൊരു പഴയ   ആസ്വാദകനെ കൂട്ടി വന്ന് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പഴയ കലാകാരന്മാരെ സ്മരണയിൽ സൂക്ഷിക്കുന്ന ചിലരുരെങ്കിലും ഈ കാലഘട്ടത്തിൽ ഉണ്ടെന്ന ആശ്വാസത്തോടെയാണ് ഞാൻ അരങ്ങിനു മുൻപിൽ മടങ്ങിയെത്തിയത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ