പേജുകള്‍‌

2014, ജൂൺ 23, തിങ്കളാഴ്‌ച

ഒരു കലാകാരന്റെ നർമ്മ പ്രകടനം

എന്റെ ഗ്രാമമായ ചെന്നിത്തലയിൽ പണ്ട് ഒരു കഥകളി വിദ്യാലയവും, കഥകളി യോഗവും ഒരു കഥകളി നടത്തുവാൻ ആവശ്യമായ കലാകാരന്മാരും ഉണ്ടായിരുന്ന കാലം ഓർമ്മയിൽ ഉണ്ട്. ചെന്നിത്തലയിൽ വടയത്തു ശ്രീ. രാമവർമ്മ തിരുമുൽപ്പാട്‌ അവർകളുടെ ശിഷ്യനായ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാന്റെ പേരിലായിരുന്നു പ്രസ്തുത കഥകളി വിദ്യാലയം.   മണ്മറഞ്ഞ കഥകളി കലാകാരന്മാരായ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ശ്രീ. ചെന്നിത്തല രാഘവൻ പിള്ള തുടങ്ങിയവർ   ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാന്റെ ശിഷ്യന്മാരാണ്.  ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാൻ അവശനായപ്പോൾ മാങ്കുളവും ഓയൂരും ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ ആശാന്റെ കീഴിലും ഹരിപ്പാടും ചെന്നിത്തലയും ഗുരു. ചെങ്ങന്നൂരിന്റെ കീഴിലും കഥകളി അഭ്യാസം തുടർന്നു. 

                          ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാൻ 

ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാന്റെ ശിഷ്യനായിരുന്നു   ചെന്നിത്തല, ചാലയിൽ ശ്രീ. ശങ്കരൻ പോറ്റി. ശ്രീ. ശങ്കരൻ പോറ്റിയുടെ ചുമതലയിൽ ചാലയിൽ കഥകളിയോഗം നിലനിന്നിരുന്നു.  ഒരു കഥകളി നടത്തുവാൻ ആവശ്യമായ കലാകാരന്മാർ ചെന്നിത്തലയിൽ ഉണ്ടായിരുന്നു. അവരിൽ  പലരുടെയും പേരുകൾ എന്റെ ഓർമ്മയിൽ ഇല്ല. ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി കളിയോഗത്തിലെ പ്രധാന നടനും ശ്രീ. ചെന്നിത്തല കൊച്ചുപിള്ള അവർകൾ  കഥകളി പാട്ടും ശ്രീ. അരിയന്നൂർ നാരായണൻ നമ്പൂതിരി ചെണ്ടയും ശ്രീ.  നീലകണ്ഠൻ ആചാരി ചുട്ടിയും, ശ്രീ. കൊച്ചനുജൻ  അണിയറയും ചെയ്തു വന്നിരുന്നു. പുറപ്പാടും കുട്ടിത്തരം വേഷങ്ങൾ ശ്രീ. ചെന്നിത്തല ലക്ഷ്മണൻ അവർകളാണ് ചെയ്തിരുന്നത്. പുറപ്പാട് ചെയ്യാൻ പ്രാപ്തനാക്കിയാൽ  മറ്റു വേഷങ്ങൾ അരങ്ങിൽ നടന്മാർ ചെയ്യുന്നത് കണ്ടു പഠിക്കുക എന്നതാണ് അക്കാലത്ത് മിക്ക കളിയോഗത്തിലെ നടന്മാരുടെയും കഥകളി ശീലം. പ്രഹളാദൻ, ദൂതൻ, ഉത്തരൻ, നിഴൽക്കുത്തിൽ കൃഷ്ണൻ തുടങ്ങിയ  കുട്ടിത്തരം  വേഷങ്ങൾ ചെയ്യുമ്പോൾ രംഗത്ത് ആടേണ്ട പദങ്ങൾ വായിച്ചു മനസിലാക്കിയും സീനിയർ നടന്മാരോട് സംശയനിവർത്തി ചെയ്തുമാണ് പ്രവർത്തിച്ചു വന്നത്. ശ്രീ.  ചാലയിൽ പോറ്റിക്ക് അനാരോഗ്യം ബാധിച്ചപ്പോൾ, അതായത് 1960- കളുടെ അവസാന കാലഘട്ടത്തിൽ   അദ്ദേഹം   കളിയോഗം വിറ്റു. അതോടെ  ലക്ഷ്മണന്റെ കഥകളി ജീവിതവും അവസാനിച്ചു.    ഗുരു. ചെങ്ങന്നൂർ, ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള, ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ചിറക്കര മാധവൻ കുട്ടി, ശ്രീ. ചെന്നിത്തല രാഘവൻ പിള്ള  തുടങ്ങിയ കലാകാരന്മാരുമൊത്ത് വേഷങ്ങൾ ചെയ്തിട്ടുള്ളത്   സ്മരണയിൽ   സൂക്ഷിക്കുന്ന ശ്രീ. ലക്ഷ്മണൻ ഇപ്പോൾ അനാരോഗ്യവാനാണ്. അപ്രതീക്ഷിതമായാണ്  (2014) മെയ് മാസത്തിൽ ശ്രീ. ലക്ഷ്മണനെ ചെന്നിത്തല തൃപ്പെരുംതുറ മഹാദേവർ ക്ഷേത്രത്തിൽ വെച്ച് കണ്ടു മുട്ടിയത്‌.                                                         ശ്രീ. ചെന്നിത്തല ലക്ഷ്മണൻ

ദക്ഷിണ കേരളത്തിൽ അറിയപ്പെട്ടിരുന്ന ചുവന്ന താടി വേഷക്കാരനായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ആശാന്റെ മകൾ സുകുമാരിയും ചാലാ കളിയോഗത്തിലെ അംഗമായിരുന്നു. ഹരിശ്ചന്ദ്രചരിതത്തിലെ ലോഹിതാക്ഷൻ, നിഴൽകുത്തിലെ മണികണ്ഠൻ, രുഗ്മാംഗദചരിതത്തിൽ മഹാവിഷ്ണു,  ധർമ്മാംഗദൻ, സന്ധ്യാവലി തുടങ്ങിയ വേഷങ്ങൾ ചെയ്തു കണ്ടിട്ടുണ്ട്. ഉദ്യോഗാർത്ഥം മുംബയ്ക്ക് പോയതോടെ കഥകളി ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. 

തൃപ്പെരുംതുറ മഹാദേവർ ക്ഷേത്രത്തിന്റെ മുൻപിൽ കട നടത്തുന്ന ശ്രീ. ചെന്നിത്തല  ഭാസ്കരൻ പിള്ളയും കഥകളി അഭ്യസിച്ച വ്യക്തിയാണ്. ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യത്വത്തിൽ ഗുരുകുല സമ്പ്രദായപ്രകാരം കഥകളി അഭ്യസിച്ച ശ്രീ. ഭാസ്കരൻ പിള്ളയുടെ അരങ്ങേറ്റം ചെന്നിത്തല സിദ്ധാശ്രമത്തിൽ വെച്ച് ഹരിശ്ചന്ദ്രചരിതത്തിൽ ദേവേന്ദ്രൻറെ വേഷത്തിലായിരുന്നു. ഹരിശ്ചന്ദ്രൻ  സത്യസന്ധനാണ് എന്ന് ഇന്ദ്രസഭയിൽ വസിഷ്ഠൻറെ പ്രസ്താവനയെ  രാജർഷിയായ വിശ്വാമിത്രൻ എതിർക്കുകയും ഇരുവരെയും സമാധാനിപ്പിക്കുവാൻ ഇന്ദ്രൻ ശ്രമിക്കുമ്പോൾ ഇടയിൽ നാരദൻ ഇടപെട്ട് പ്രശ്നം വലുതാക്കുകയും സഭവിട്ടു പോകാൻ തയ്യാറാകുന്ന വിശ്വാമിത്രനെ കൂട്ടിവന്ന് സഭ നടത്തുന്നതാണ്‌ രംഗം. ഗുരു. ചെങ്ങന്നൂരിന്റെ വസിഷ്ഠനും ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ വിശ്വാമിത്രനും ശ്രീ. മങ്കൊമ്പ് ആശാന്റെ നാരദനും ആയിരുന്നു അന്നത്തെ അരങ്ങിൽ.

ശ്രീ. ഭാസ്കരൻ പിള്ള പച്ച വേഷക്കാരനായി വളരെക്കാലം കഥകളി അരങ്ങിൽ പ്രവർത്തിച്ചു വന്നു. തിരുവല്ലാ ക്ഷേത്രത്തിലെ വഴിപാട്ട് കഥകളികളിൽ സ്ഥിരസാന്നിദ്ധ്യം നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.   വേഷഭംഗിക്കുറവ്‌ അദ്ദേഹത്തിൻറെ കഥകളി ജീവിതത്തെ ബാധിച്ചപ്പോൾ   കഥകളി വിട്ട് ശ്രീ. അമ്പലപ്പുഴ രാമുണ്ണി ആശാന്റെ നേതൃത്വത്തിലുള്ള ബാലൈ ട്രൂപ്പിൽ പ്രവർത്തിച്ചു വന്നു. പിന്നീട്  കലാജീവിതം ഉപേക്ഷിക്കുകയായിരുന്നു.

ചെന്നിത്തലയിൽ കഥകളി അഭ്യസിച്ച് പ്രവർത്തിച്ചു വന്നിരുന്ന ഒരു നമ്പൂതിരിയെയും  ഓർമ്മയുണ്ട് (പേര് ചേർക്കുന്നില്ല).    ചാലയിൽ കഥകളി യോഗത്തിലെ കളികൾക്ക് കുചേലപത്നി, ബ്രാഹ്മണസ്ത്രീ നിഴൽകുത്തിലെ കുന്തി, നളചരിതം ഒന്നിലെ സഖി, സൌഗന്ധികത്തിൽ പാഞ്ചാലി, ദക്ഷയാഗത്തിൽ വേദവല്ലി    തുടങ്ങിയ സ്ത്രീവേഷങ്ങൾ അദ്ദേഹം ചെയ്തു കണ്ടിട്ടുണ്ട്.   ചാലയിൽ പോറ്റി കളിയോഗം വിറ്റപ്പോൾ  പല  ബാലൈ നൃത്ത സംഘങ്ങളിലെയും  പ്രധാന നർത്തകനായി അദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നു.  ബാലൈയിൽ  ഹരിശ്ചന്ദ്രൻ, ദുഷ്യന്തൻ, കർണ്ണൻ തുടങ്ങിയ പ്രധാന വേഷങ്ങൾ ചെയ്തു കണ്ട അനുഭവം സ്മരിച്ചു കൊള്ളട്ടെ. ഉത്സവ സീസണ്‍ കഴിഞ്ഞാൽ വാച്ച് റിപ്പയറിങ്ങും, ക്ഷേത്രത്തിലെ ശാന്തിയും ചെയ്തു വന്നിരുന്ന തിരുമേനി അൽപ്പം മദ്യപിച്ചു കഴിഞ്ഞാൽ    ഒരു നർമ്മ   രാജനായി   മാറുമെന്നതാണ് പ്രത്യേകത. അദ്ദേഹത്തിന്റെ അരങ്ങിലെ നർമ്മ പ്രകടനം കാണുവാൻ എനിക്ക് സാധിച്ചിട്ടിലലാ എങ്കിലും അരങ്ങിനു വെളിയിൽ അദ്ദേഹം ചെയ്ത ഒരു നർമ്മപ്രകടനം  കാണാൻ അവസരം ഉണ്ടായിട്ടുണ്ട്. പ്രസ്തുത അനുഭവം   വായനക്കാരിൽ  എത്തിക്കുക കൂടിയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. 

ഓച്ചിറ - മാന്നാർ റൂട്ടിൽ   "ആനന്ദാ മോട്ടോർസ് " എന്ന പേരിൽ ഒരു ബസ് സർവീസ് ഉണ്ടായിരുന്നു.  കായംകുളം,  മാവേലിക്കര വഴി ചെന്നിത്തലയിലെത്തിയാൽ, മെയിൻ റോഡ്‌ വിട്ട്  ഗ്രാമറോഡിൽ കൂടി തൃപ്പെരുംതുറ വഴിയാണ്  മാന്നാറിന് പോവുക.  ഈ ബസ്സ് അടിയ്ക്കടി ചില്ലറ അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  ഒരിക്കൽ മാന്നാറിൽ നിന്നും ഓച്ചിറയ്ക്ക് പോകും വഴിയിൽ  ഈ ബസ് ചെറുകോൽ ജംഗ്ഷനിലെ   വളവു തിരിയാതെ, നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്  ഇടിച്ച് കയറി ഉണ്ടായ  അപകടത്തിൽ ഒരു  വിദ്യാർത്ഥി മരണമടയുകയും മറ്റവർക്കു അംഗഭംഗം  സംഭവിക്കുകയും ചെയ്തു.    പ്രസ്തുത  അപകടം കഴിഞ്ഞ് ചില മാസങ്ങൾക്ക് ശേഷം ബസ്സിന്റെ അറ്റകുറ്റപ്പണികളും  തീർത്ത്‌ , പെയിന്റിംഗ് ചെയ്ത് ആദ്യ സർവീസ് തുടങ്ങിയ ദിവസമാണ് സന്ദർഭം. ചെന്നിത്തല (കല്ലുംമൂട്) ജംഗ്ഷഷനിൽ നിന്നുമുള്ള  ഗ്രാമറോഡിൽ  ചെന്നിത്തല മഹാത്മാഗേൾസ്‌ സ്ക്കൂളിലെയും ബോയിസ് സ്ക്കൂളിലെയും വിദ്യാർത്ഥികൾ,   അദ്ധ്യാപകർ  മറ്റു പൊതുജനങ്ങൾ എന്നിവരെക്കൊണ്ട്  തിരക്കേറിയ സമയം.   നമ്മുടെ കഥാനായകനായ കലാകാരൻ നമ്പൂതിരിയും (അൽപ്പം മദ്യ ലഹരിയിൽ)   സൈക്കിളിൽ ചെന്നിത്തല  ജംഗ്ഷന് സമീപത്ത് എത്തിയ സമയത്താണ് മെയിൻ റോഡ്‌ വിട്ട് ഗ്രാമറോഡിലേക്ക് പ്രസ്തുത ബസ് തിരിഞ്ഞത്. ബസ് കണ്ട ഉടൻ നമ്പൂതിരിയുടെ മനസ്സിൽ നർമ്മം വിരിഞ്ഞു. അദ്ദേഹം സൈക്കിളിൽ നിന്നും ചാടിയിറങ്ങി, സൈക്കിൾ റോഡിന്റെ ഒരു വശത്തേക്ക് തള്ളി വിട്ടിട്ട് അടുത്ത പുരയിടത്തിലേക്ക് ഓടിക്കയറിയ  ശേഷം ബസ്സിനെ നോക്കി   രണ്ടു കൈകളും കൂപ്പി സാഷ്ടാംഗം നമസ്കരിച്ചു. 

പ്രസ്തുത ബസ്,  റോഡ്‌ വിട്ട് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ  എത്തി  അപകടം വരുത്തിയ സംഭവത്തെ സ്മരിച്ചു കൊണ്ട് "എന്നെ ഇടിക്കല്ലേ"  എന്ന അപേക്ഷിക്കുന്നതു പോലെ   രക്ഷപെടുവാനെന്ന    രീതിയിൽ അടുത്ത പുരയിടത്തിലേക്ക് ഓടി ബസ്സിനെ നോക്കിക്കൊണ്ട്‌ നമ്പൂതിരി നമസ്കരിച്ചത് കണ്ട്    ബസ്സ് നിർത്തി ഡ്രൈവറും പൊട്ടിച്ചിരിച്ചു പോയി.  ഈ നർമ്മാവതരണം നേരിൽ കണ്ടവർക്കെല്ലാം  കുറച്ചു സമയത്തേക്ക് പൊട്ടിച്ചിരി   അടക്കാനായില്ല. 

3 അഭിപ്രായങ്ങൾ:

  1. ചേട്ടാ വിവരണം വളരെ ന്നായിട്ടുണ്ട്. നിങ്ങള്‍ ഒക്കെ വളരെ ജ്ഞാനികള്‍ ആണ് കളിയുടെ കാര്യത്തില്‍. അനുഭവ സമ്പത്ത് ഉള്ളവരും. പ്രത്യേകിച്ച് ഒരു മഹാ നടന്റെ മകനുമാണല്ലോ. ശരിക്കും കഥകളിയുടെ സുവര്‍ണകാലത്ത് കളി കണ്ടവര്‍. ഇത് എഴുതുമ്പോള്‍ "മുല്ലപൂമ്പോടി ഏറ്റ് കിടക്കുന്ന കല്ലിന്റെ...." അവസ്ഥയില്‍ ആണ് ഞങ്ങള്‍ ഒക്കെ തന്നെയും. അനുഭവങ്ങള്‍ പങ്കു വച്ചതില്‍ നന്ദി. നര്‍മം ബഹു കേമം തന്നെ.....നന്ദി

    മറുപടിഇല്ലാതാക്കൂ
  2. Enikkum ariyatha vishayam thanne. Pakshe Share cheythathinu valare nandi. Nalla vivaranam. Ashamsakal...!!!

    മറുപടിഇല്ലാതാക്കൂ