ചെന്നിത്തല പുത്തുവിള ഭഗവതി ക്ഷേത്രത്തിലെ ശ്രീകൃഷ്ണസന്നിധിയിൽ 2013,ഡിസംബറിൽ നടത്തി വന്ന സപ്താഹ മഹോത്സവത്തോട് അനുബന്ധിച്ച് 25-ന് വൈകിട്ട് ഏഴരമണിക്ക് മണ്ടവപ്പിള്ളി ശ്രീ. ഇട്ടിരാരിശി മേനോൻ രചിച്ച സന്താനഗോപാലം കഥകളി അവതരിപ്പിച്ചു. ചെന്നിത്തല ഒരിപ്രം, നാനാട്ട് വീട്ടിൽ ശ്രീധരൻ അവർകളാണ് കഥകളി വഴിപാടായി സമർപ്പിച്ചത്. സന്താനഗോപാലം കഥയുടെ വിശദവിവരങ്ങൾ എന്റെ ബ്ലോഗ് പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. അതിനാൽ വിശദമായ കഥാ വിവരണത്തിലേക്ക് കടക്കുന്നില്ല.
ശ്രീകൃഷ്ണനും അർജുനനും
ശ്രീകൃഷ്ണൻ , അർജുനൻ, ബ്രാഹ്മണൻ
ശ്രീകൃഷ്ണനും അർജുനനും
ശ്രീകൃഷ്ണൻ , അർജുനൻ, ബ്രാഹ്മണൻ
ബ്രാഹ്മണസ്ത്രീ , ബ്രാഹ്മണപുത്രന്മാർ, അർജുനൻ
ശ്രീകൃഷ്ണനായി ശ്രീ. കലാമണ്ഡലം വിശാഖ്, അർജുനനായി ശ്രീ. ഫാക്റ്റ് മോഹനൻ, ബ്രാഹ്മണനായി ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്, ബ്രാഹ്മണസ്ത്രീയായി ശ്രീ. മധു വാരണാസിയും രംഗത്തെത്തിയത്. സൂതകർമ്മിണിയായി ശ്രീ. ഏവൂർ അനുവുമാണ് വേഷമിട്ടത്.
ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ, ശ്രീ. പരിമണം മധു, ശ്രീ. തട്ടയിൽ ഉണ്ണികൃഷ്ണൻ എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ഏവൂർ അജികുമാർ ചുട്ടിയും ശ്രീ. ഏവൂർ മാധവൻ കുട്ടി, ശ്രീ. ചേർത്തല കണ്ണൻ, ശ്രീ. ഏവൂർ അനു എന്നിവരാണു് അണിയറ ജോലികൾ ചെയ്തത്. ഏവൂർ ശ്രീകൃഷ്ണവനമാല കഥകളിയോഗത്തിൻറെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.
കഥകളിയുടെ ചുമതല എന്റെ ഉറ്റ ബന്ധുവിനായിരുന്നു. അപ്രതീക്ഷിതമായ സാഹചര്യം നിമിത്തം അദ്ദേഹത്തിന് ക്ഷേത്രത്തിൽ എത്താൻ സാധിക്കാതെ വന്നതിനാൽ കളിയുടെ ചുമതല എന്നിൽ എത്തിച്ചേർന്നു. കലാകാരന്മാർക്ക് കളിപ്പണം നൽകി അവരെ സന്തോഷത്തോടെ യാത്രയാക്കുവാൻ പുത്തുവിളയിൽ ഭഗവതി എനിക്ക് ഒരു അവസരം നൽകിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ശ്രീ. ഫാക്റ്റ് മോഹനന്റെ ബ്രാഹ്മണൻ, ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ അർജുനൻ, ശ്രീ. മധു വാരണാസിയുടെ ശ്രീകൃഷ്ണൻ, ശ്രീ. കലാനിലയം രവീന്ദ്രനാഥപൈയുടെ ബ്രാഹ്മണസ്ത്രീ എന്നിങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത്. ശ്രീ. രവീന്ദ്രനാഥപൈയുടെ അച്ഛന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിനു കളിക്ക് കൂടാൻ അസൗകര്യമായി. ശ്രീ. ഫാക്റ്റ് മോഹനൻ അര്ജുനൻ ചെയ്യാൻ എന്നോട് താൽപ്പര്യം പ്രകടിപ്പിച്ചു. കൃഷ്ണപ്രസാദിന്റെ അർജുനൻ മുൻപ് കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ ബ്രാഹ്മണനും ഫാക്റ്റ് മോഹനന്റെ അര്ജുനനും കണ്ടിട്ടുമില്ല. അങ്ങിനെ ഒരു അവസരം ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ എന്ന് അവരെ അറിയിക്കുകയും വഴിപാട്ടുകാരനോട് വിവരം ധരിപ്പിക്കുകയും ചെയ്തു.
കഥകളി വളരെ നന്നായി എന്ന അഭിപ്രായമാണ് എല്ലാ ആസ്വാദകരിൽ നിന്നും ലഭിച്ചത്. കലാകാരന്മാരുടെ സഹകരണവും ആത്മാർത്ഥതയുമാണ് ഈ വിജയത്തിന് കാരണം. പുത്തുവിള ഭഗവതി ക്ഷേത്രത്തിൽ ഇനി വഴിപാട് കഥകളികൾ ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.
പുത്തുവിള ഭഗവതി ക്ഷേത്രത്തിൽ ആദ്യമായാണ് കഥകളിയുടെ അവതരണം എന്നാണ് അവിടെ പലരും അഭിപ്രായപ്പെട്ടത്. എന്റെ അറിവ് അങ്ങിനെയല്ല. പണ്ട് ചെന്നിത്തലയിൽ ചാലയിൽ ശങ്കരൻ പോറ്റിയുടെ ചുമതലയിൽ ഒരു കഥകളിയോഗം ഉണ്ടായിരുന്നു. ചാലയിൽ കഥകളിയോഗം, ചെന്നിത്തല എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ പുത്തുവിള ക്ഷേത്രത്തിൽ ദക്ഷയാഗം കഥകളി അവതരിപ്പിച്ചിരുന്നു എന്നും അന്ന് ദക്ഷനായി വേഷമിട്ടത് ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി ആയിരുന്നു എന്നും ഭദ്രകാളി വേഷമിട്ട നടൻ രംഗത്ത് എന്തോ ഒരു ആവേശം ഉണ്ടാവുകയും ദക്ഷനെ അമിതമായി ഉപദ്രവിച്ചു എന്നും പന്തികേട് മനസിലാക്കിയ ദക്ഷനടൻ വേഷത്തോടെ അരങ്ങിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു എന്നും എന്റെ മുത്തശി പറഞ്ഞ് അറിവുണ്ട്.
എന്റെ മുത്തശ്ശിയുടെ പിതാവും എന്റെ പിതാവിന്റെ മുത്തച്ഛനും കഥകളി ആചാര്യനുമായിരുന്ന ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകളുടെ ശിഷ്യനായിരുന്നു ശ്രീ. ചാലയിൽ ശങ്കരൻ പോറ്റി.
വിവരണം നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ