പേജുകള്‍‌

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

കഥകളി കലാകാരന്റെ കളിപ്പണം


പണ്ടത്തെ കഥകളി കലാകാരന്മാരുടെ  ജീവിതം വളരെ ക്ലേശം നിറഞ്ഞതായിരുന്നു. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കലാകാരൻമാർ വേഷം കെട്ടിയിരുന്ന കാലഘട്ടം വരെ ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞ് അറിവുണ്ട്. ന്യായമായ കളിപ്പണം ചോദിച്ചു വാങ്ങുന്ന രീതി തുടങ്ങി വെച്ചത് പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനാണ് എന്നാണ് പറയപ്പെടുന്നത്‌. ആശാൻ കളിപ്പണം ചോദിച്ചു വാങ്ങുന്നത് കണ്ടാണ്‌ അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിരുന്ന   മറ്റു   കലാകാരന്മാർ  അവരവരുടെ യോഗ്യതയ്ക്ക്  അനുസരിച്ച്‌ കളിപ്പണം ചോദിച്ചു വാങ്ങുവാൻ തുടങ്ങിയത്. ആശാനെ ക്ഷണിച്ച് ഒരു വേഷം ചെയ്യിച്ച ശേഷം ആശാന്റെ വേഷം വളരെ നന്നായി എന്ന് കളിയുടെ സംഘാടകർ ആരെങ്കിലും ആശാനോട് അഭിപ്രായപ്പെട്ടാൽ നിങ്ങൾക്ക് സന്തോഷമായി അല്ലേ, എങ്കിൽ നിങ്ങളെ സന്തോഷിപ്പിച്ച ഈ കൃഷ്ണന്   കളിപ്പണം കൂട്ടി നല്കി  സന്തോഷപ്പെടുത്തൂ എന്ന് പറയുവാൻ അദ്ദേഹം മടിക്കില്ല എന്ന് പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ. പന്തളം കേരളവർമ്മ അവർകൾ ഒരിക്കൽ നർമ്മത്തോടെ പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്. 

കഥകളി അവതരിപ്പിക്കുമ്പോൾ കലാകാരന്മാരെ തീരുമാനിക്കുക, അവരുടെ സൗകര്യം അറിയുക, അവരെ ക്ഷണിക്കുക,  ഉദ്ദേശിച്ച കലാകാരന് അസൌകര്യമുള്ള പക്ഷം പകരക്കാരനെ തീരുമാനിക്കുകയും അവരെ ക്ഷണിക്കുകയും, തക്ക സമയത്ത് ക്ഷണിച്ച കലാകാരൻ എത്താതെ പോയാൽ പകരക്കാരനെ സംഘടിപ്പിച്ച് കളി നടത്തുക തുടങ്ങിയവ പല സംഘാടകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങിനെയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ കളിയുടെ ചുമതല ഒരു കഥകളി കലാകാരനെയോ അല്ലെങ്കിൽ ഒരു കഥകളിയോഗം മാനേജരെയോ ഏൽപ്പിക്കുന്ന രീതിയുണ്ട്. കളിയുടെ ചുമതല ഏൽക്കുന്ന കലാകാരനായാലും കഥകളിയോഗം മാനേജർ ആയാലും അവർക്ക് സ്വാതന്ത്ര്യമുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുന്നതിലാവും കൂടുതൽ താൽപ്പര്യം കാട്ടുക.  കളിയോഗം മാനേജർക്കും അദ്ദേഹത്തിൻറെ താൽപ്പര്യക്കാരായ കലാകാരന്മാർക്കും തമ്മിൽ ഒരു ധാരണയുണ്ടാകും. ഒരു കളിക്ക് ക്ഷണിച്ചാൽ ഞാൻ ഇത്ര പണം തരും എന്നതാവും മുഖ്യ ധാരണ. സംഘാടകർക്ക് എഴുതി കൊടുക്കുന്ന ലിസ്റ്റിലെ തുകയും കലാകാരന് നൽകുന്ന തുകയും തമ്മിൽ അന്തരം ഉണ്ടായിരിക്കും. ഈ അന്തരമുള്ള തുക മനേജർക്കുള്ള കമ്മീഷനായാണ് കണക്കാക്കുന്നത്. ഇങ്ങിനെ ഒരു കമ്മീഷൻ സമ്പ്രദായം നിലവിലുള്ളത് സംഘാടകർക്ക് അറിയുകയും ചെയ്യാം. കലാകാരന്മാർ എല്ലാവരും അവർക്ക് നൽകാമെന്ന് മാനേജർ പറഞ്ഞിട്ടുള്ള തുക ലഭിച്ചാൽ  തൃപ്തരാവുകയും ചെയ്യും. 

ഒരു സന്ദർഭത്തിൽ ഒരു കളിയോഗം മാനേജർ ഒരു കലാകാരനെ ഒരു കളിക്ക് ക്ഷണിക്കുകയും അവർ തമ്മിൽ കളിപ്പണം സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ കളി കഴിഞ്ഞപ്പോൾ ആ കലാകാരന് പണം നൽകിയത് സംഘാടകർ ആണ്. കലാകാരനും മാനേജരും തമ്മിൽ കളിപ്പണം സംബന്ധിച്ച് ഉണ്ടായിരുന്ന ധാരണത്തുകയും മാനേജർ പ്രസ്തുത  കലാകാരന് ലിസ്റ്റിട്ട് നൽകിയ തുകയും തമ്മിൽ വളരെ അന്തരം ഉണ്ടായിരുന്നു. സംഘാടകർ കലാകാരന് പണം നേരിട്ട് നൽകാൻ ഒരു കാരണവും അവിടെ ഉണ്ടായി. അത്തരം ഒരു കഥയാണ് എന്റെ ഇളകിയാട്ടത്തിൽ കൂടി നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നത്. 

 തുളസീവനം എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ശ്രീ. ആർ. രാമചന്ദ്രൻ നായർ (EX. വിദ്യാഭ്യാസ ഡയറക്ടർ) എഴുതിയ പാർവതീ പരിണയം എന്ന കഥ 1970 കളുടെ ആദ്യ കാലത്ത്  മേജർ തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ അവതരിപ്പിച്ചിരുന്നു. കഥയിലെ   പരമശിവൻ, പാർവതി, നാരദൻ നന്ദികേശ്വരൻ, മന്മഥൻ, വസന്തൻ, ഹിമവാൻ, കാട്ടാളൻ എന്നീ പ്രധാന വേഷങ്ങൾ യഥാക്രമം ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള, ശ്രീമതി ചവറ പാറുകുട്ടി, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. മടവൂർ വാസുദേവൻ നായർ, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. മയ്യനാട് കേശവൻ പോറ്റി, ശ്രീ. പകൽക്കുറി ദേവദാസ്‌, ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള എന്നിവരാണ് ചെയ്തത്.  കളി കഴിഞ്ഞ് ഓയൂർ ആശാനും അദ്ദേഹത്തിൻറെ മകനും  (കലാമണ്ഡലം രതീശന്റെ ജ്യേഷ്ടൻ. Mr. ഗോപാലകൃഷ്ണൻ. മിലട്ടറി സർവീസ്. അവധിക്കു എത്തിയപ്പോൾ ആശാനോടൊപ്പം കളി കാണുവാൻ എത്തിയതാണ് ) എന്റെ പിതാവും ഞാനും കൂടി തിരുവൻവണ്ടൂരിൽ നിന്നും നടന്ന് ആലുംതുരുത്തിയിൽ എത്തി അവിടെ നിന്നും ചെന്നിത്തലയിലേക്ക് ബസ്സിലായിരുന്നു യാത്ര. തിരുവൻവണ്ടൂരിൽ നിന്നും ആലുംതുരുത്തിവരെയുള്ള ഒരു മണിക്കൂർ നേരത്തോളം നടന്നുള്ള യാത്രാ മദ്ധ്യേ ഓയൂർ ആശാനും എന്റെ പിതാവും തമ്മിലുണ്ടായ സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഞാനും ഗോപാലകൃഷ്ണൻ അവർകളും അവരുടെ പിന്നാലേ നടന്നു. അങ്ങിനെ മനസിലാക്കാൻ കഴിഞ്ഞതാണ് ഈ കഥ.

കളിപ്പണം സംബന്ധിച്ച് വലിയ നിർബ്ബന്ധം പ്രകടിപ്പിക്കാത്ത കലാകാരന്മാരിൽ ശ്രീ. ഓയൂർ ആശാനും ഉൾപ്പെടും. ഈ കാരണം കൊണ്ട് അദ്ദേഹത്തെ ക്ഷണിച്ച് വേഷം ചെയ്യിച്ച ശേഷം അദ്ദേഹത്തിന് കളിപ്പണം വളരെ കുറച്ചു കൊടുത്ത ഒരു കളിയോഗം മാനേജരായിരുന്നു സംഭാഷണത്തിലെ പ്രധാന കഥാനായകൻ. ഇതിനെ തുടർന്നുള്ള സംഭാഷണത്തിലാണ് എന്റെ പിതാവ് പ്രസ്തുത കളിയോഗം മാനേജരുടെ ചുമതലയിലുള്ള ഒരു കളിക്ക് പങ്കെടുത്ത കഥ വിവരിച്ചത്. 

                                       ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള 

                                              ഓയൂർ ആശാൻ ചെന്നിത്തല ആശാന്റെ 
                                        ഫോട്ടോവിന്  മുൻപിൽ നിലവിളക്ക് തെളിക്കുന്നു 

കുട്ടനാടൻ പ്രദേശത്തുള്ള വേഴപ്ര ക്ഷേത്രത്തിലായിരുന്നു കളി. ആദ്യ കഥ ദേവയാനിചരിതം. കളിയുടെ ചുമതല തിരുവല്ലയിൽ അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന ഒരു കളിയോഗം മാനേജർക്ക് ആയിരുന്നു. അദ്ദേഹത്തിൻറെ ചുമതലയിലുള്ള   കളികൾക്ക് പങ്കെടുക്കുവാൻ അച്ഛന് ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. തീരെ കുറഞ്ഞ പക്ഷം തിരുവല്ലയിലെ ഒരു വഴിപാട്ടുകളിക്ക് ലഭിക്കുന്ന പണം ലഭിക്കണം എങ്കിൽ മാത്രമേ അയാൾ ക്ഷണിക്കുന്ന കളികൾക്ക് പോകൂ എന്ന് ഒരു നിർബ്ബന്ധം അച്ഛന് ഉണ്ടായിരുന്നു.  അക്കാലത്ത് തിരുവല്ലായിലെ ഒരു വഴിപാട്‌ കളിക്ക് അച്ഛന് ലഭിക്കുന്ന പണം നൂറ്റിഅമ്പതു രൂപയാണ് ലഭിക്കുക (ഒരു ഗ്ലാസ്‌ ചായ , മിനിമം ബസ് ചാർജ് എന്നിവ പത്തു പൈസയാണ് അക്കാലത്ത് എന്ന് കൂടി അറിഞ്ഞിരിക്കുക). വേഴപ്രായിലെ  കളിക്ക് അച്ഛനെ ക്ഷണിക്കാൻ മാനേജർ വീട്ടിൽ എത്തി. കളിക്ക് എത്തണം. കളിപ്പണമായി നൂറുരൂപയിൽ കൂടുതൽ തരുവാൻ നിർവാഹമില്ല, സഹകരിക്കണം എന്ന അദ്ദേഹത്തിൻറെ അഭ്യർത്ഥന അച്ഛൻ നിരസിച്ചു. ഒടുവിൽ മനസില്ലാ മനസോടെ നൂറ്റിഅമ്പതു രൂപ നൽകാമെന്ന് അദ്ദേഹം സമ്മതിക്കുകയും  അച്ഛൻ കളി ഏൽക്കുകയും ചെയ്തു. ദേവയാനീചരിതമാണ്‌ നിശ്ചയിച്ചിരുന്ന കഥ. അച്ഛന്റെ കചനും ശ്രീമതി ചവറ പാറുക്കുട്ടി അവർകളുടെ ദേവയാനിയും. സംഘാടകരുടെ താൽപ്പര്യം അനുസരിച്ചാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. 

                                   ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള 

അച്ഛൻ വേഴപ്രയിലെ കളിക്ക് എത്തി. അന്ന് കലാകാരന്മാരുടെ വാച്ച്, പേഴ്സ് എന്നിവ ചുട്ടി ആർട്ടിസ്റ്റിനെ എല്പ്പിച്ചിട്ടാണ് കലാകാരന്മാർ വേഷമിടുന്നത്. കലാകാരന്മാർക്ക് ചായ, സോഡാ എന്നിവ വാങ്ങി കൊടുക്കുന്ന ജോലി അണിയറക്കാർ ചെയ്യും. അവർക്ക് അതിന് കളികഴിയുമ്പോൾ കലാകാരന്മാർ ഒരു വിഹിതം നല്കുകയും ചെയ്യും. കചനും ദേവയാനിയും തമ്മിലുള്ള രംഗം കഴിഞ്ഞ് അച്ഛൻ അണിയറയിൽ എത്തി. സുകേതു രംഗത്തേക്ക് പോയി. അച്ഛൻ കിരീടം അഴിച്ചു വെച്ച് അണിയറക്കാരിൽ ഒരുവനോട് ഒരു ചായ വേണം എന്ന് ആവശ്യപ്പെട്ടു. കളിപ്പണം സംബന്ധിച്ച് നീരസം മനസ്സിൽ വെച്ചിരുന്ന കളിയോഗം മാനേജർ ഇതിനു എതിർപ്പ് പ്രകടിപ്പിച്ചു. ഇത് സാധാരണ നടപ്പുള്ള രീതിയാണ്‌ എന്നും അച്ഛനും വാദിച്ചു. ഒടുവിൽ ഇരുവരും തമ്മിലുള്ള വാദം  മൂത്തപ്പോൾ   കളിയുടെ സംഘാടകർ എത്തി. അവർ ചായയോ കാപ്പിയോ സോഡായോ ഏതുവേണമെങ്കിലും വാങ്ങിത്തരാം എന്ന് അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.  ഒടുവിൽ ചായ എത്തി. അച്ഛൻ അടുത്ത സുകേതുവുമായുള്ള  യുദ്ധരംഗത്തിന് അരങ്ങിലേക്ക് പോവുകയും ചെയ്തു. 

കളി കഴിഞ്ഞപ്പോൾ അച്ഛനുള്ള  കളിപ്പണം സംഘാടകർ തന്നെ നേരിട്ട് അച്ഛന് നല്കി. കളിപ്പണവും വാങ്ങി ക്ഷേത്രപരിസരം വിട്ട് വെളിയിൽ എത്തിയ ശേഷമാണ് അച്ഛൻ കവർ തുറന്നു നോക്കിയത്. അതിൽ നാല് അൻപതിന്റെ നോട്ടുകൾ. കളിയോഗം മാനേജരുമായുള്ള  ധാരണത്തുകയിൽ അൻപതുരൂപ കൂടുതൽ. ഉടൻ തന്നെ അച്ഛൻ ക്ഷേത്രത്തിലേക്ക് തിരികെ നടന്നു. സംഘാടകരാണ് തനിക്ക്‌ കളിപ്പണം നല്കിയത് എന്നാലും വേറൊരുവന് അവകാശപ്പെട്ട പണം തനിക്കു വേണ്ട എന്ന ഉദ്ദേശത്തോടെയാണ് അച്ഛൻ അണിയറയിലേക്ക്  മടങ്ങിയെത്തിയത്. കളിക്കോപ്പുകൾ ഓരോന്നായി   ആട്ടപ്പെട്ടിക്കുള്ളിൽ അടുക്കി വെച്ചു കൊണ്ടിരുന്ന, കഴിഞ്ഞ രാത്രിയിൽ തന്നോട് തകരാര് ഉണ്ടാക്കിയ   കളിയോഗം  മാനേജരെ വിളിച്ച് തനിക്കു അധികം ലഭിച്ച അൻപതു രൂപ അദ്ദേഹത്തിന് നൽകി. 
"ഇത് ചെല്ലപ്പനുള്ള പണം അല്ല. താങ്കൾക്കുള്ളതാണ് " എന്ന് പറഞ്ഞ ശേഷം അച്ഛൻ മടങ്ങി.

1 അഭിപ്രായം:

  1. ജീവിതത്തില്‍ ഓര്‍ക്കല്‍ പോലും കളിപ്പണത്തിന് കണക്ക് പറയുകയോ, കവറില്‍ കിട്ടിയ പണം എണ്ണി നോക്കുകയോ ചെയ്തിട്ടില്ലാത്ത കഥകളി പ്രതിഭാസം ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ അരുമ ശിഷ്യരില്‍ ഒരാളാണ് ശ്രീ ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ചേട്ടന്‍.

    മറുപടിഇല്ലാതാക്കൂ