പേജുകള്‍‌

2013, ജൂലൈ 22, തിങ്കളാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച ഒൻപതാമത് കഥകളി അരങ്ങ് -(4)


  ബാലിയുടെ തിരനോട്ടവും  തുടർന്ന്  തന്റേടാട്ടവുമാണ് രണ്ടാം രംഗത്തിൽ അവതരിപ്പിച്ചത്. 
  
എനിക്ക് സുഖം ഭവിച്ചു. കാരണം എന്താണ് ? എല്ലാ ദിവസവും ഞാൻ നാലു  സമുദ്രതീരങ്ങളിലും   സന്ധ്യാവന്ദനം ചെയ്യും.  പർവ്വതങ്ങളെപൊക്കി   പന്തുകൾ   പോലെ അടിച്ചു രസിക്കും.   കരശക്തിക്കായി  സപ്തസാലങ്ങളെ ഞാൻ ദിവസവും പ്രഹരിക്കും.    പണ്ട്  ദേവന്മാർ പാലാഴി കടയുമ്പോൾ    ക്ഷീണിച്ച് അവശരായി.   അവർ   എന്റെ സഹായം ആവശ്യപ്പെട്ടു.  ഞാൻ എന്റെ ഇരു കൈകൾ കൊണ്ട് പാലാഴി കടഞ്ഞു. സംപ്രീതനായ എന്റെ പിതാവ് ഇന്ദ്രൻ എന്നെ അരികിൽ  വിളിച്ച്  നിന്നെ നേരിട്ട് എതിർക്കുന്നവരുടെ പകുതി ബലം നിനക്ക് ലഭിക്കും എന്നെ അനുഗ്രഹിച്ചു.  ഇന്ന് എന്നോടൊപ്പം ശക്തിയുള്ളവർ ഈ ലോകത്തിൽ മറ്റാരും ഇല്ല. 


                                                             ബാലി (തിരനോട്ടം)

ഒരിക്കൽ  നാരദമഹർഷി ഇവിടെ വന്ന് എന്റെ പിതാവിനെ രാവണപുത്രൻ യുദ്ധത്തിൽ തോൽപ്പിച്ചു ലങ്കയിൽ എത്തിച്ചതും   രാവണനാൽ   തടവിലാക്കപ്പെട്ടതും     അറിയിച്ചു.   രാവണന്റെ അഹങ്കാരം അവസാനിപ്പിക്കണം.  രാവണനെ എന്റെ മുൻപിൽ കൊണ്ടെത്തിക്കാം  എന്ന് നാരദൻ   ഉറപ്പ് പറഞ്ഞിരുന്നു.  അതിനുള്ള സമയം അടുത്തിരിക്കുന്നു. ഇനി സന്ധ്യാവന്ദനത്തിനു പുറപ്പെടുക തന്നെ.  
(ബാലി യാത്ര തിരിച്ച് സമുദ്രക്കരയിൽ എത്തിച്ചേരുന്നു)
 
       
                                                                       ബാലി

സമുദ്രത്തിൽ കാണുന്ന നിഴൽ കണ്ട് ബാലി അത്ഭുതപ്പെട്ടു. ആ നിഴൽ എന്താണ് ? (ശ്രദ്ധിച്ച് ) രൂപത്തിന് പത്തു തലകളും ഇരുപതു കൈകളും കാണുന്നു.  ഇത് എന്റെ പിതാവിനെ അപമാനിച്ച രാവണൻ തന്നെ.  അൽപ്പം  പോലും ദയയില്ലാതെ  ഇവനെ മർദ്ദിച്ച്  ഒരു പാഠം പഠിപ്പിക്കണം. 
അതാ! രാവണനോടൊപ്പം നാരദനും എന്റെ സമീപത്തേക്ക് വരുന്നു. ഞാൻ ഒന്നും അറിയാത്തവനെ പോലെ ഇവിടെ സന്ധ്യാവന്ദനം ചെയ്യുക തന്നെ.   (ബാലി സന്ധ്യാവന്ദനത്തിൽ വ്യാപൃതനായി)


(മൂന്നാം രംഗത്തിൽ സമുദ്രക്കരയിൽ സന്ധ്യാവന്ദനം ചെയ്യുന്ന ബാലിയെ രാവണന്  കാണിച്ചു കൊണ്ട് ) നാരദൻ:  "അല്ലയോ രാക്ഷസരാജാവേ, ഇവനാണ് ബാലി. ഇവന്റെ നീണ്ടു തടിച്ച വാലും  കൈകാലുകളും  മുഖവും ശരീരവും  എല്ലാം കണ്ടാൽ ആർക്കും ഭയം ഉണ്ടാകും.  എന്നാൽ  നമ്മേ കണ്ടാൽ അവൻ ഭയന്ന് ഓടും. അതുകൊണ്ട്  പിൻഭാഗത്തു കൂടി ചെന്ന് അവന്റെ വാലിന്റെ അഗ്രത്തു പിടിച്ചാലും. വാലിൽ പിടിച്ചാൽ വാനരന് വീരം നഷ്ടപ്പെടുമെന്നത് അതിന്റെ സ്വഭാവമാണ്. (രാവണന്  ഭയാശങ്ക ഉണ്ടെന്നു മനസിലാക്കിയ നാരദൻ) എന്തിനാണ്  മടിക്കുന്നത് ? ഇതു നല്ല അവസരമാണ്. ഭയപ്പെടാതെ അവന്റെ  സമീപത്തേക്കു ചെന്ന്  വാലിൽ പിടിക്കൂ.


                                                             രാവണനും നാരദനും

നാരദന്റെ വാക്കുകൾ കേട്ടപ്പോൾ ഉദ്ദേശിച്ചിരുന്ന  രൂപമല്ല ബാലിയിൽ രാവണൻ കണ്ടത്. ബാലിയുടെ ഭീകര രൂപം കണ്ടപ്പോൾ ബാലീ ബന്ധനത്തെ പറ്റിയുള്ള രാവണന്റെ ചിന്തയ്ക്ക് മാറ്റം ഉണ്ടായി.

രാവണൻ :(ആത്മഗതം)  ഞാൻ എന്താണ് ചെയ്യേണ്ടത് ? സംഗതി അത്ര പന്തിയല്ല. ഉദ്ദേശിച്ചതു പോലെ ബന്ധനം നടക്കുമോ? ആവശ്യം ഇല്ലാതെ ഓരോന്നു എന്തിനു ചിന്തിക്കുന്നു? ബാലീബന്ധന ശ്രമത്തിൽ  നിന്നും പിന്തിരിയുകയല്ലേ നല്ലത് ?

രാവണൻ: (ബന്ധന ശ്രമത്തിൽ  നിന്നും പിന്തിരിയാൻ ശ്രമിച്ച ശേഷം പെട്ടെന്ന് ധൈര്യമായി)   രാവണൻ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു പോവുകയോ? ഇപ്പോൾ തന്നെ ഞാൻ ബാലിയെ ബന്ധിക്കുന്നുണ്ട്.   
നാരദൻ: ധൈര്യമായി ബാലിയുടെ വാലിൽ പിടിക്കുക. (നാരദൻ ബാലിയുടെ സമീപം എത്തി ബാലി നിസ്സാരനാണ്‌, ഒട്ടും ഭയ പ്പെടേണ്ടതില്ലഎന്ന് രാവണന് ധൈര്യം പകരുന്നു.)
രാവണൻ: ചന്ദ്രഹാസം പിടിച്ച എന്റെ കൈകൾ കൊണ്ട് ഈ ബാലിയുടെ (വൃത്തി ഹീനമായ) വാലിൽ പിടിക്കണമോ?
നാരദൻ:  നോക്കൂ,(മുകളിലേക്ക് ചൂണ്ടി) ദേവന്മാരും ദേവസ്ത്രീകളും എല്ലാവരും ശ്രദ്ധിക്കുന്നു. സമയം പാഴാക്കാതെ വാലിൽ പിടിക്കൂ. 

രാവണൻ ബാലിയുടെ വാലിൽ പിടിച്ചു. നാരദനുമൊത്ത് യാത്രയ്ക്ക് മുതിരുമ്പോൾ ബാലി തന്റെ വാലുകൊണ്ട് രാവണന്റെ കൈ മുറുക്കി. തുടർന്ന് നാരദന്റെ ഉപദേശപ്രകാരം ഇരുപതു കൈകൾ കൊണ്ട് വാല് പൊട്ടിച്ച് മാറ്റുവാൻ ശ്രമിച്ചു. സാധ്യമാകാതെ വന്നപ്പോൾ നാരദപ്രേരണയ്ക്ക് വശംവദനായി രാവണന്റെ കാലുകൾ ശിരസുകൾ എല്ലാം ചലിക്കാനാവാതെ ബാലിയുടെ വാലിൽ കുടുങ്ങി. രാവണൻ ബാലിയുടെ വാലിൽ കുടുങ്ങിയത് ദേവന്മാരെ വിളിച്ച് സന്തോഷത്തോടെ നാരദൻ കാണിച്ചു. സന്തോഷത്തോടെ നാരദൻ യാത്രയായി. 
 

                                                       ബാലി , രാവണൻ , നാരദൻ 

                                                                ബാലി , രാവണൻ 

 രാവണൻ തന്റെ വാലിൽ കുടുങ്ങിയത് അറിഞ്ഞും അറിയാത്തവനെപ്പോലെ ബാലി സന്ധ്യാവന്ദനം കഴിഞ്ഞ് പർവതങ്ങൾ ചാടി കടന്ന് കിഷ്കിന്ധയിൽ എത്തി. രാവണന്റെ ദീനരോദനം ശ്രദ്ധിച്ച ശേഷം ബാലി രാവണനെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു. 
ഇന്ദ്രനെ ബന്ധിച്ചവന്റെ  പിതാവോ നീ? കൈലാസപർവ്വതം എടുത്തു കൈകളിൽ വെച്ച്  ഒരു പന്തുപോലെ കളിച്ച   വീരനാണോ നീ? ഒരു വാനരന്റെ പൃഷ്ഠഭാഗത്തിൽ വസിക്കുവാൻ നിനക്ക് അത്ര ഇഷ്ടമോ? എത്ര നാളുകളായി നീ എന്റെ പിറകിൽ കൂടിയിട്ട് ? എവിടെ നിന്റെ ശക്തനായ പുത്രൻ? എന്നിങ്ങനെ പരിഹസിച്ചു.

രാവണൻ: നാരദന്റെ വാക്കുകൾ കേട്ട് നിന്റെ ശക്തി അറിയാതെ ഞാൻ ചെയ്ത സാഹസങ്ങൾ ക്ഷമിക്കുക. എന്റെ അവിവേകം ക്ഷമിച്ചാലും.  അല്ലയോ ഇന്ദ്രപുത്രാ നമസ്കാരം. (രാവണൻ ബാലിയെ തൊഴുതു. എന്നെ തൊഴരുത്. നാം ഇരുവരും രാജാക്കന്മാരാണ്‌ എന്ന് അറിയിച്ച് ബാലി രാവണനെ തടുത്തു.) 
 
ബാലി: എന്നിൽ അത്രയും ഭയം ഉണ്ടെങ്കിൽ ഇനി നാം ശത്രുക്കൾ അല്ല. മിത്രങ്ങളാണ്. ഒരിക്കലും അഹങ്കരിക്കാതെ ലങ്കയിൽ പോയി വസിച്ചു കൊള്ളുക.  
(ബാലി രാവണനെ ആശ്ലേഷിച്ചു യാത്രയാക്കി). (ധനാശി).

                                                      ബാലി , രാവണൻ , നാരദൻ 

 ശ്രീ കോട്ടക്കൽ കേശവനാണ് രാവണനായി രംഗത്തെത്തി   ഗംഭീരപ്രകടനം കാഴ്ചവെച്ചത്.  നാരദന്റെ രാവണ സ്തുതിയിൽ പരാമർശിക്കുന്ന കഥാപാത്രങ്ങൾക്കനുസരിച്ച്  വീരം, പ്രതാപം, മാതൃഭക്തി പിതൃഭക്തി , ഹാസ്യം, ഭക്തി, ശ്രുംഗാരം എന്നീ ഭാവ പ്രകടനങ്ങൾ ഗംഭീരമാക്കി.   കൈലാസോധാരണം, പാർവ്വതീവിരഹം എന്നിവ വളരെ തന്മയത്വത്തോടെയും വെടിപ്പോടെയും അദ്ദേഹം അവതരിപ്പിച്ചു.  നർമ്മത്തിന്റെ പൂത്തിരികൾ അരങ്ങിൽ പ്രയോഗിച്ചു കൊണ്ടാണ്  ശ്രീ. കോട്ടക്കൽ ദേവദാസ് നാരദനെ അവതരിപ്പിച്ചു വിജയിപ്പിച്ചത്‌ .   ശ്രീ. കോട്ടക്കൽ ഹരീശ്വരൻ    അവതരിപ്പിച്ച ബാലിയും, ബാലിയുടെ അഷ്ടകലാശവും വളരെ ഭംഗിയായി.

രാവണൻ ചന്ദ്രഹാസം ഒഴിവാക്കി ബാലിയെ നേരിടാൻ പുറപ്പെട്ടു എന്നതാണ് കഥയെങ്കിൽ കൂടി പരമശിവനിൽ നിന്നും ലഭിച്ച ദിവ്യായുധം നിസാരമായി വീശി വിട്ടു പോകുന്നതിനോട്  യോജിക്കാനാവുന്നില്ല. പല പ്രഗത്ഭ നടന്മാരും  ഇപ്രകാരം ചെയ്തിട്ടുണ്ട്  അല്ലെങ്കിൽ ചെയ്തു വരുന്നുണ്ട് എന്നാലും ഒരു   രാജാവ് എന്ന നിലയിൽ   കഥാപാത്രത്തിന്റെ ഔചിത്യം കൂടി   കണക്കിലെടുക്കണം. 
 രാജാക്കന്മാർ ആയുധത്തെ ആയുധപ്പുരയിൽ സൂക്ഷിക്കാം.  ദിവ്യായുധമെങ്കിൽ പൂജാമുറിയിൽ സൂക്ഷിക്കാം. ആയുധം താഴെയോ സ്റ്റൂളിലോ വെച്ചിട്ട് ഒരു ദൂതനെ വിളിച്ചു ആയുധം സൂക്ഷിച്ചു വെയ്ക്കാൻ ആജ്ഞാപിക്കാം. പരമശിവൻ നൽകിയ ദിവ്യായുധം ഒരു വാനരനെ പിടിക്കാനുള്ളതല്ല, അത് പൂജാ മുറിയിൽ സൂക്ഷിച്ചു വെയ്ക്കാൻ നാരദ മഹർഷിക്കും പറയാം. 

 രാവണൻ ബാലിയെ ബന്ധിക്കുവാൻ പുറപ്പെടുന്നതിനു മുൻപ് ലങ്കയുടെ ചുമതല ലങ്കാലക്ഷ്മിയെ എൽപ്പിക്കുന്ന രീതി സാധാരണ   അവതരിപ്പിച്ചു കാണാറുള്ളതാണ്. ഇവിടെ അങ്ങിനെ  ഉണ്ടായതായി എനിക്ക് അനുഭവപ്പെട്ടില്ല. 

 (ബാലിവിജയം കഥയിൽ ഇപ്പോൾ നടപ്പില്ലാത്ത രണ്ടു രംഗങ്ങളെ (രംഗം-7, രംഗം-8)പറ്റിയും ആസ്വാദകർ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിരായുധനായി രാവണൻ  നാരദനോടൊപ്പം   ബാലിയെ ബന്ധിക്കുവാൻ പുറപ്പെടുവാൻ തീരുമാനിക്കുന്ന രംഗം കഴിഞ്ഞാൽ ലങ്കാലക്ഷിയുടെ  തിരനോക്കും തന്റെ ദുർസ്ഥിതിയും ശാപമോക്ഷ  പ്രതീക്ഷയും ഉൾപ്പെടുന്ന ആട്ടത്തിനു  ശേഷം രാവണനും ലങ്കാലക്ഷ്മിയും തമ്മിലുള്ള രംഗം ഉണ്ട്. 
 രാവണൻ ഒരു പ്രധാന കാര്യസിദ്ധിക്കായി നാരദനുമൊത്ത് യാത്രയാവുകയാണ് എന്നും  മടങ്ങിവരും വരെ ലങ്കയുടെ സംരക്ഷണ ചുമതല ലങ്കാലക്ഷ്മിയെ  ഏൽപ്പിക്കുകയും   ദേവന്മാരുടെ  ചതി പ്രയോഗങ്ങൾ ലങ്കയ്ക്ക് ഉണ്ടാകാതെ ശ്രദ്ധിക്കണം  എന്നും ഉത്തരവിടുകയും രാവണന്റെ ആജ്ഞ  സിരസാവഹിച്ച ലങ്കാലക്ഷ്മി രാവണന്  യാത്രാ മംഗളം നേരുന്നതുമാണ്   ഈ രംഗത്തിന്റെ ഉള്ളടക്കം.)
  

 രാവണന്റെ പദത്തിൽ "പങ്കജോൽഭവൻതന്നെ സങ്കടം പറകയാൽ ശ്രുംഖല മോചിച്ചു ഞാൻ " എന്ന രാവണന്റെ പദാട്ടത്തിൽ   'പങ്കജോൽഭവൻ' (ബ്രഹ്മാവ്‌ ) എന്ന് പറയുമ്പോൾ   നാരദൻ  'എന്റെ അച്ഛൻ'  എന്ന് രാവണനെ നോക്കി ഉറപ്പിക്കുകയുണ്ടായി. കഥയുടെ രസികത്തത്തിന്  വളരെ ഉചിതമായ ഒരു പൊടിക്കൈയാണ് ശ്രീ. കോട്ടക്കൽ ദേവദാസിന്റെ നാരദൻ ഇവിടെ രംഗത്ത്  പ്രയോഗിച്ചത്.


രാവണപുത്രനായ മേഘനാൻ യുദ്ധത്തിൽ ഇന്ദ്രനെ തോൽപ്പിച്ച്   ബന്ധനസ്ഥനാക്കി  (രാവണപുരിയിൽ) ലങ്കയിൽ എത്തിച്ച്  അപമാനിച്ചു. ബ്രഹ്മാവ്‌  പ്രത്യക്ഷപ്പെട്ട്  രാവണനോട്‌  സങ്കടം പറഞ്ഞപ്പോൾ  രാവണൻ ഇന്ദ്രനെ മോചിപ്പിച്ചു.  നാരദൻ ഇന്ദ്രപുത്രനായ ബാലിയുടെ വാലിൽ രാവണനെ കുടുക്കി കിഷ്കിന്ധയിൽ എത്തിച്ച്  അപമാനിച്ചു എന്നതാണ് കഥ. എന്നാൽ "എന്റെ അച്ഛൻ" (ബ്രഹ്മാവ്‌ )   രാവണന്റെ  മുൻപിൽ എത്തി സങ്കടം പറയേണ്ടി വന്നതിന് നാരദന്റെ  പ്രതികാരവും കഥയിലുണ്ട്  എന്ന് രംഗത്ത് തെളിയിക്കാൻ ശ്രീ. കോട്ടക്കൽ ദേവദാസിനു സാധിച്ചു. 

ഉത്തരീയം അവതരിപ്പിച്ച ലവണാസുരവധം  ബാലിവിജയം എന്നീ കഥകളുടെ അവതരണത്തിന്  പിന്നണി ഗായകരായി പ്രവർത്തിച്ച ശ്രീ. കലാമണ്ഡലം ഹരീഷ്, ശ്രീ. കലാമണ്ഡലം വിനോദ് , ശ്രീ. കലാനിലയം രാജീവൻ, ശ്രീ. സദനം ജോതിഷ് ബാബു എന്നിവരും ചെണ്ട കൈകാര്യം ചെയ്ത ശ്രീ. സദനം രാമകൃഷ്ണൻ, ശ്രീ. കലാമണ്ഡലം വേണുമോഹൻ, ശ്രീ. സദനം ജിതിൻ എന്നിവരും മദ്ദളം കൈകാര്യം ചെയ്ത ശ്രീ. സദനം ദേവദാസ്, ശ്രീ. കലാമണ്ഡലം ഹരിഹരൻ, ശ്രീ. സദനം കൃഷ്ണപ്രസാദ് എന്നിവർ അവരവരുടെ കടമ ഭംഗിയായി നിർവഹിച്ച് കളി  വിജയിപ്പിച്ചു.    

ശ്രീ. കലാമണ്ഡലം സതീശൻ, ശ്രീ. സദനം ശ്രീനിവാസൻ, ശ്രീ. കലാമണ്ഡലം രവികുമാർ എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്ത് കഥാപാത്രങ്ങൾക്ക് രൂപ ഭംഗി നൽകിയത്. ശ്രീ. കലാമണ്ഡലം കുഞ്ഞിരാമൻ ശ്രീ. രമേഷ് എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച് കളിയുടെ വിജയത്തിന്റെ പങ്കാളികളായി.  

ഉത്തരീയം കഥകളി സംഘടനയ്ക്ക് അഭിമാനിക്കാൻ അർഹമായ ഒരു ഗംഭീര അവതരണമാണ് കലാക്ഷേത്രയിൽ അരങ്ങേറിയത്.  ഉത്തരീയത്തിന്റെ സംഘാടകർക്ക് ഈ എളിയ ആസ്വാദകന്റെ നന്ദി രേഖപ്പെടുത്തുന്നു. 

2013, ജൂലൈ 15, തിങ്കളാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച ഒൻപതാമത് കഥകളി അരങ്ങ് -(3)


29- 06- 2013-ന് ചെന്നൈ  കലാക്ഷേത്രയിൽ ലവണാസുരവധം കഥയുടെ അവതരണത്തിനു ശേഷം ശ്രീ. കല്ലൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്  അവർകൾ രചിച്ച ബാലിവിജയം കഥകളിയാണ് അവതരിപ്പിച്ചത്. 

ദേവലോകാധിപനായ ഇന്ദ്രനെ രാവണപുത്രനായ മേഘനാദന്‍ യുദ്ധത്തില്‍ ബന്ധിച്ചു ലങ്കയില്‍ കൊണ്ടുവന്നു ( ഇന്ദ്രനെ ജയിച്ചതു കൊണ്ടാണ് ഇന്ദ്രജിത്ത് എന്ന പേര് മേഘനാന് ലഭിച്ചത് ). ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം   രാവണൻ ഇന്ദ്രനെ മോചിപ്പിച്ചു. ഈ കാലയളവിൽ  നാരദന്‍    ഇന്ദ്രപുരി സന്ദർശിച്ച്  ഇന്ദ്രനെ ആശ്വസിപ്പിച്ചു.   രാവണപുത്രനാൽ  ഇന്ദ്രൻ അപമാനിക്കപ്പെട്ടതിന്   പ്രതികാരമായി   ഇന്ദ്രപുത്രനും വാനരനുമായ  ബാലിയെ കൊണ്ട് രാവണനെ  അപമാനിപ്പിക്കും എന്ന് നാരദൻ   ഇന്ദ്രന്  ഉറപ്പു നല്‍കി ആശ്വസിപ്പിച്ചു. അവിടെ നിന്നും നാരദന്‍ നേരെ കിഷ്കിന്ധയിലെത്തി ബാലിയെ കണ്ട്‌  ഇന്ദ്രന് നല്‍കിയ ഉറപ്പിനെ അറിയിക്കുകയും ചെയ്തു. 

 കലഹപ്രിയനായ നാരദന്‍ തന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കുവാന്‍   രാവണനെ  സ്തുതിച്ചു  കൊണ്ട്  ലങ്കയില്‍ എത്തുന്നതാണ്   ആദ്യ  രംഗം. രാവണൻ നാരദനെ സ്വീകരിച്ചു. തന്റെ പുത്രൻ ഇന്ദ്രനെ ബന്ധിച്ചതും ബ്രഹ്മാവ്‌ നേരിട്ടു വന്ന് സങ്കടം  പറഞ്ഞപ്പോൾ  ഞാൻ ഇന്ദ്രനെ മോചിപ്പിച്ചു എന്നും അറിയിക്കുന്നു.   ഈ ലോകത്ത് എന്നോട് യുദ്ധം ചെയ്യാൻ ശക്തിയുള്ളവർ ആരെങ്കിലും ഉണ്ടോ എന്നും ചോദിക്കുന്നു.

  വളരെ നിസ്സാരമായ ഒരു വാര്‍ത്ത അറിയിക്കുവാന്‍ ഉണ്ടെന്നും അഹങ്കാരിയായ ബാലി എന്ന ഒരു വാനരനു  മാത്രം അങ്ങയോടു മത്സരം ഉണ്ടെന്നും, "ഒരു പുല്ലിനു സമമാണ് രാവണന്‍"  എന്നു അവന്‍ പറയുന്നു എന്നും,  വളരെ നിസ്സാരമായ  വിഷയമാണ്  ഇതെങ്കിലും   ലോകം മുഴുവന്‍  പ്രസിദ്ധമാകുന്നതിനു മുന്‍പ് അവന്റെ ശൌര്യം അടക്കണം എന്നും നാരദന്‍ രാവണനെ അറിയിക്കുന്നു. എനിക്ക് ഒരു പുതിയ ശതൃ ഉണ്ടായിരിക്കുന്നു എന്നറിഞ്ഞ രാവണന്‍ വാനരനായ ബാലിയെ ബന്ധിച്ചു കൊണ്ടു വരുവാന്‍ തയ്യാറായി ചന്ദ്രഹാസവുമെടുത്തു യാത്രയ്ക്ക് ഒരുങ്ങുന്നു. നാരദൻ തന്റെ വാക്കുചാതുര്യത്താൽ രാവണനെ  
നിരായുധനായി     ബാലിയെ  ബന്ധിക്കുവാൻകൂട്ടി പോകുന്നു. 

രണ്ടാം രംഗം :  ബാലിയുടെ തിരനോക്ക്. രാവണനും നാരദനും കൂടി തന്റെ സമീപത്തേക്ക് എത്തുന്നത് ബാലി മനസിലാക്കി. നാരദന്‍ തന്നെ സന്ധിച്ച്, തന്റെ പിതാവായ ഇന്ദ്രനെ രാവണപുത്രന്‍ അപമാനിച്ചതും അതിനു പ്രതികാരമായി  രാവണനെ അപമാനിക്കണം എന്ന്  നാരദൻ  അറിയിച്ചത്  ബാലി  സ്മരിച്ചു. രാവണന്റെ അഹങ്കാരം ശമിപ്പിക്കും എന്ന ഉറച്ച തീരുമാനത്തോടെ  ബാലി ഒന്നും അറിയാത്ത ഭാവത്തില്‍ സമുദ്ര തീരത്ത്‌ തര്‍പ്പണം  തുടങ്ങി. 

മൂന്നാം രംഗത്തില്‍ തര്‍പ്പണം ചെയ്യുന്നതില്‍  മുഴുകിയിരിക്കുന്ന ബാലിയെ നാരദന്‍ രാവണന് കാട്ടി കൊടുത്തു. ഈ രൂപം കണ്ടു ഭയപ്പെടെണ്ടതില്ല എന്നും, ബന്ധിക്കുവാന്‍ പറ്റിയ അവസരമാണ് ഇതെന്നും നമ്മെ കണ്ടാല്‍ ബാലി ഓടി രക്ഷപെടുമെന്നും അതിനാല്‍ ബാലിയുടെ പിറകില്‍ കൂടി ചെന്ന് അവന്റെ വാലിന്റെ അറ്റത്തു പിടിക്കുക എന്നും   നാരദന്‍ രാവണനോടു പറയുന്നു. ബലിയുടെ രൂപം കണ്ട്‌  ഭയാശങ്ക പൂണ്ട രാവണന്‍ ബന്ധനം  സാദ്ധ്യമാകുമോ എന്ന്  ചിന്തിക്കുകയും  ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞാലോ എന്നു പോലും ചിന്തിച്ചു.

നാരദന്റെ പ്രേരണയാൽ  രാവണൻ ബാലിയുടെ വാലിന്റെ അഗ്രത്തു പിടിക്കുന്നു. നാരദന്‍ രാവണനെ സഹായിക്കുന്ന ഭാവത്തില്‍ അഭിനയിച്ചു ബാലിയുടെ വാലില്‍ കുടുക്കുന്നു. ഉദ്യമം സഫലമായതിൽ സന്തോഷിച്ച  നാരദന്‍  ബാലിയെ അനുഗ്രഹിച്ച്   യാത്രയായി. 

സമുദ്രക്കരയിൽ തര്‍പ്പണവും    കിഷ്കിന്ധയിലേക്ക്  മടക്കവും തുടർന്ന ബാലി  രാവണന്റെ ദീനരോദനം  ശ്രദ്ധിച്ചപ്പോൾ രാവണനെ ബന്ധനത്തില്‍ നിന്നും  മോചിപ്പിച്ചു. തന്റെ പൃഷ്ഠഭാഗത്ത്  വളരെക്കാലം വസിക്കേണ്ടിവന്നത്  ഓർമ്മിപ്പിച്ച് ബാലി  രാവണനെ പരിഹസിച്ചു. നാരദന്റെ വാക്കുകള്‍ കേട്ട് ഇന്ദ്രപുത്രനായ   നിന്റെ  ശക്തി  അറിയാതെ ഞാന്‍ ചെയ്ത സാഹസത്തിനു ക്ഷമിക്കണം എന്ന് രാവണന്‍ ബാലിയോടു അപേക്ഷിച്ചു.  ഇനി നാം എന്നും മിത്രങ്ങളാണ്  എന്ന് അറിയിച്ച്  ബാലി രാവണനെ യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു. 

                                         രാവണൻ (തിരനോട്ടം)

                                        രാവണൻ (തിരനോട്ടം)

കഥകളിയുടെ അവതരണത്തിൽ  രാവണന്റെ തിരനോട്ടം കഴിഞ്ഞ് ഒന്നാം രംഗം ആരംഭിച്ചു. രാവണനെ (ജയ ജയ രാവണ, ലങ്കാപതേ!)  പുകഴ്ത്തിക്കൊണ്ട്‌ നാരദൻ ലങ്കയിൽ  എത്തുന്നു. 
രാവണൻ നാരദനെ സ്വീകരിച്ച് ഇരിപ്പിടം നൽകി. അങ്ങ് എവിടെ നിന്നാണ് വരുന്നത് ? ഇന്ദ്രന് സംഭവിച്ചത് എല്ലാം അങ്ങ് അറിഞ്ഞു കാണുമല്ലോ? ഏറ്റവും ശക്തനായ എന്റെ പുത്രൻ ഇന്ദ്രനെ ബന്ധിച്ച് ഇവിടെ കൊണ്ടു വന്നു.  ബ്രഹ്മദേവൻ ലങ്കയിൽ എത്തി സങ്കടം പറഞ്ഞപ്പോൾ ഞാൻ ഇന്ദ്രനെ മോചിപ്പിച്ചു.  ലോകത്തിൽ   ആരെങ്കിലും എന്നോട് യുദ്ധം ചെയ്യാൻ ധൈര്യം ഉള്ളവരായി ഉണ്ടോ? ഈരേഴുലോകവും സഞ്ചരിക്കുന്ന അങ്ങ് പറഞ്ഞാലും എന്ന് രാവണൻ നാരദനോട്  ചോദിച്ചു. 

രാവണപുത്രൻ ഇന്ദ്രനെ ജയിച്ചത്‌ ആരാണ് അറിയാതെയുള്ളത് ? എല്ലാ ദേവന്മാരും നിന്റെ പുത്രന്റെ നേരെ നിൽക്കാൻ സാധിക്കാതെ ഓടിപ്പോയില്ലേ? ചിന്തിച്ചു നോക്കിയാൽ വളരെ നിസ്സാരമായ ഒരു വാർത്ത നിന്നോട് ഉണർത്തുവാൻ ഉണ്ട്. അഹങ്കാരിയായ ബാലി എന്ന വാനരന് മാത്രം അങ്ങയോട് മത്സരം ഉണ്ട്. ഒരു പുല്ലം രാവണനും തുല്യമാണെനിക്ക് എന്ന് അവൻ പറയുന്നു. ഈ കഥ ലോകമെങ്ങും അറിയുന്നതിന് മുൻപ് അവന്റെ ശൌര്യം അടക്കണം എന്ന് നാരദനും അറിയിച്ചു. 

എനിക്ക് ഒരു ശതൃ ഉണ്ടെന്നോ? വളരെ ആശ്ചര്യമായിരിക്കുന്നു. എനിക്ക് ചിന്തിക്കുമ്പോൾ ലജ്ജ തോന്നുന്നു. മദം പിടിച്ച ആനകളുടെ  മസ്തകം അടിച്ചു പൊളിക്കുന്ന സിംഹത്തിന്റെ കരങ്ങൾക്ക്  തുല്യമായ എന്റെ കരബലത്തെ തടുക്കാൻ ആ വാനരന് സാധിക്കുമോ? എന്തിനാണ് നാം താമസിക്കുന്നത് ? ഉടനെ പോയി ആ വാനരനെ ബന്ധിച്ച് ഇവിടെ കൊണ്ടുവരാം എന്ന് നാരദനോട് പറഞ്ഞു. നാരദനും സമ്മതിച്ചു. രാവണൻ വാളുമേന്തി പുറപ്പെടുവാൻ തയ്യാറായി. 

നാരദൻ : അല്ലയോ രാവണാ, ഒരു നിസാരനായ വാനരനെ ബന്ധിക്കുവാൻ ഈ വാൾ എന്തിനാണ് ? ഈ വാൾ കണ്ടാൽ അവൻ ഓടി രക്ഷപ്പെടും. 
രാവണൻ : ഈ ചന്ദ്രഹാസം (വാൾ) എനിക്ക് ഭഗവാൻ പരമശിവൻ സമ്മാനിച്ചതാണ്‌. ഇത് എപ്പോഴും എന്റെ കൈവശം ഉണ്ടാകും. 

നാരദൻ : ഞാൻ കേട്ടിട്ടുണ്ട്. കൈലാസമാർഗ്ഗം നീ പോകുമ്പോൾ പരമശിവൻ പ്രത്യക്ഷമായി നൽകിയതല്ലേ? 

                                                 രാവണൻ

                                                നാരദൻ 

                                               രാവണൻ

രാവണൻ : അങ്ങിനെയല്ല.  ഞാൻ പറയാം കേട്ടാലും.  ബ്രഹ്മാവിനെ    തപസ്സുചെയ്ത്  വരങ്ങൾ വാങ്ങി മടങ്ങി എത്തിയ ഞാൻ   ലങ്ക ഭരിച്ചു കൊണ്ടിരുന്ന  സമയത്ത് വൈശ്രവണൻ ഒരു ദൂതനെ എന്റെ സമീപത്തേക്ക് അയച്ചു. ദൂതൻ നൽകിയ സന്ദേശം വായിച്ചപ്പോൾ ഉണ്ടായ കോപത്താൽ ഞാൻ ദൂതനെ വധിച്ചു. ഞാൻ സൈന്യവുമായി അളകാപുരിയിലേക്ക് തിരിച്ചു. വൈശ്രവണൻ എന്നെ കണ്ടപ്പോൾ ഭയന്ന് പുഷ്പകവിമാനം എന്റെ മുൻപിൽ വെച്ചു. ഞാൻ പുഷ്പകവിമാനവുമായി ലങ്കയിലേക്ക്  മടങ്ങവേ വിമാനം കൈലാസ പർവതത്തിൽ ഇടിച്ച്  നിന്നു. 


യാത്രയ്ക്ക് തടസ്സം സംഭവിചിരിക്കുന്നു.  വിമാനം കൈലാസ പർവതത്തിൽ തട്ടി നിന്നു എന്ന് മനസിലായി.  വിമാനത്തിൽ നിന്നും ഞാൻ ഇറങ്ങി കൈലാസപർവതത്തെ  നോക്കി എനിക്ക്  മാർഗ്ഗതടസ്സം സൃഷ്ടിച്ച പർവതമേ, വഴി മാറൂ   എന്ന് ആജ്ഞാപിച്ചു.  
പുഷ്പകവിമാനം കൈലാസ പർവതത്തിൽ നിന്നും ഞാൻ വേർപെടുത്തുവാൻ ശ്രമിച്ചു. സാധിച്ചില്ല. കൈലാസപർവതം എന്റെ കൈകൾ കൊണ്ട്  കുത്തിയെടുത്ത് ഒരു പന്ത് എന്നപോലെ   ഞാൻ അമ്മാനമാടി. 
നാരദൻ: ഈ സമയം പരമശിവനും പാർവതീ ദേവിയും കൈലാസ മലയിൽ ഉണ്ടായിരുന്നില്ലേ? 
രാവണൻ: പരമശിവനും കുടുംബവും കൈലാസമലയുടെ മുകളിൽ തന്നെ ഉണ്ടായിരുന്നു.

 (പാർവതീ വിരഹമാണ് അടുത്ത അവതരണം.  രാവണൻ പരമശിവനായും, പാർവതിയായും, ഗണപതിയായും മാറി മാറി അഭിനയിക്കുന്ന പകർന്നാട്ടമായിട്ടാണ് അവതരിപ്പിക്കുന്നത്‌. )

രാവണൻ: പരമശിവൻ ഗംഗയോടൊപ്പം കുറച്ചു സമയം സന്തോഷമായിരിക്കുവാൻ ആഗ്രഹിച്ചു. ഇതിനായി അപ്സരസുകളെ ശിവൻ സ്മരിച്ചു. അപ്സരസ്സുകൾ എത്തി മാനസസരസ്സിൽ ഒപ്പം നീരാടാൻ പാർവതിയെ  ക്ഷണിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നീട് മനസില്ലാ മനസ്സോടെ  അപ്സരസ്സുകളോടൊപ്പം യാത്രയായി. പർവതീദേവി യാത്രയാകുന്നതിനു മുൻപ് ഗണപതിയോട് പരമശിവന്റെ മടിയിൽ ഇരുന്നുകൊള്ളൂ എന്നും സുബ്രഹ്മണ്യനോട്‌ സമീപത്ത് ഇരുന്നു കൊള്ളണം എന്നും നിർബ്ബന്ധമായി പറഞ്ഞിട്ടാണ് പോയത്.
പർവതീദേവി പോയപ്പോൾ ശിവൻ ഗണപതിയോടും സുബ്രഹ്മണ്യനോടും  വെളിയിൽ പോയി കളിച്ചുകൊള്ളുവാൻ ആജ്ഞാപിച്ചു.

 ഗണപതി: ഞാൻ പോവില്ല. ഇവിടെ നിന്നും അനങ്ങരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.
ശിവൻ: നിന്റെ മാതാവ് നിനക്ക്  എന്തെങ്കിലും തരാം എന്ന് വാഗ്ദാനം നല്കിയിട്ടുണ്ടോ?
ഗണപതി: എനിക്ക് വയർ നിറയെ പലഹാരം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. 

ശിവൻ: ഞാൻ നിങ്ങൾക്ക് വയർ നിറയെ പലഹാരം നൽകാം.

 ശിവൻ ഗണപതിക്കും സുബ്രഹ്മണ്യനും  മതിയോവോളം പലഹാരങ്ങൾ നല്കി അവരെയും   ഭൂതഗണങ്ങളെയും വെളിയിൽ അയച്ചു. ആരും സമീപത്തില്ല എന്ന് ഉറപ്പു വന്നപ്പോൾ പരമശിവൻ ജട അഴിച്ച് ഗംഗയെ വെളിയിൽ വരുത്തി ആലിംഗനം ചെയ്തു. എന്തോ ശബ്ദം കേട്ടതു  പോലെ ശിവന്  സംശയം ഉണ്ടായപ്പോൾ ശിവൻ ഗംഗയെ വീണ്ടും ജടയിൽ ഒളിപ്പിച്ചശേഷം  (ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ)  താളം പിടിച്ചു കൊണ്ട്  സംഗീതം ആലപിച്ചു. 

ശബ്ദം  ഒന്നും ഉണ്ടായിട്ടില്ല, ഒരു തോന്നലാണ് എന്ന് മനസിലാക്കിയ ശിവൻ വീണ്ടും ഗംഗയെ ജടയിൽ നിന്നും പുറത്തു കൊണ്ടുവന്ന് സന്തോഷമായി ഇരുന്നു.
 

ഈ സമയം പാർവതീ ദേവി അപ്സരസ്സുകളോടൊപ്പം നീരാടിയും  ലീലാ വിലാസങ്ങളും മതിയാക്കി   മടങ്ങി എത്തി. പരമശിവന്റെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നതു കണ്ട് വളകൾ, കാലിലെ പാദസരങ്ങൾ എല്ലാം ശബ്ദം കേൽക്കാത്തവിധം മുറുക്കി വന്ന് വാതിൽ ബലമായി തട്ടിത്തുറന്നു. പരമശിവൻ ഗംഗയുമായി യുമായി സല്ലപിക്കുന്നത്‌ പാർവതീദേവി കണ്ടു. പരമശിവൻ പെട്ടെന്ന്  ഗംഗയെ ജടയിൽ ഒളിപ്പിച്ച് ഒന്നും അറിയാത്ത മട്ടിൽ താളം പിടിച്ച് സംഗീതം ആലപിച്ചു.                                         നാരദനും രാവണനും 

പരമശിവനെ നോക്കി ദുഖവും, കോപവും പ്രകടിപ്പിച്ച പാർവതീദേവി ഗണപതിയെ എടുത്ത്  ഒക്കത്തും  വെച്ച്   സുബ്രഹ്മണ്യന്റെ കയ്യിലും പിടിച്ചുകൊണ്ട് പിണങ്ങി പോകുവാൻ തയ്യാറായി. ഈ സമയത്താണ് ഞാൻ കൈലാസം എടുത്ത് അമ്മനമാടിയത്.  എന്റെ കരബലത്താൽ  അങ്ങോട്ടും ഇങ്ങോട്ടും കൈലാസ പർവതം ആടിയപ്പോൾ ഭയന്നു തടുമാറിയ പാർവതീദേവി പരമശിവനെ ആലിംഗനം ചെയ്തു. കൈലാസ പർവതത്തെ ഇളക്കി അമ്മാനമാടിയത്  ഞാനാണ് എന്ന് മനസിലാക്കിയ പരമശിവൻ കാലിന്റെ പെരുവിരൽ കൊണ്ട് കൈലാസപർവതം ഒന്നമർത്തി. അപ്പോൾ  മലയുടെ അടിയിൽ പെട്ട് എന്റെ കൈകൾ ചതഞ്ഞു. ഞാൻ എന്റെ കൈകളിലെ ഞരമ്പ് വലിച്ചു കെട്ടി സാമഗീതം പാടി പരമശിവനെ സ്തുതിച്ചു. സംപ്രീതനായ പരമശിവൻ പ്രത്യക്ഷപ്പെട്ട് എനിക്ക് നൽകിയതാണ് ഈ ചന്ദ്രഹാസം. 
നാരദൻ : ഇത്രയും മഹത്തായ ഈ വാൾ ഒരു നിസ്സാരനായ കുരങ്ങനെ ജയിക്കുവാൻ ആവശ്യമില്ല. ഈ വാളുമായി ഒരു കുരങ്ങനെ ബന്ധിക്കുവാൻ പോകുന്നത്  ജനങ്ങൾ  കണ്ടാൽ പരിഹസിക്കും. 
രാവണൻ :  (ഒന്ന് ആലോചിച്ച ശേഷം  വാൾ ഉപേക്ഷിച്ച് ) ശരി. എന്നാൽ വാൾ വേണ്ട. നമുക്ക് പോകാം. 
 ബാലിയെ ബന്ധിക്കുവാൻ രാവണനും നാരദനും ഒന്നിച്ച് യാത്രയായി.

(ബാലിയുടെ തിരനോക്ക് മുതൽ  കളിയുടെ  അവസാന ഭാഗം വരെ അടുത്ത പോസ്റ്റിൽ )

2013, ജൂലൈ 9, ചൊവ്വാഴ്ച

ഉത്തരീയം അവതരിപ്പിച്ച ഒൻപതാമത് കഥകളി അരങ്ങ് -(2)


ലവണാസുരവധം കഥയിലെ ആദ്യരംഗത്തിൽ കുശലവന്മാർ അമ്പും വില്ലും ധരിച്ച്  സീതാദേവിയെ വണങ്ങിക്കൊണ്ട് ആശ്രമത്തിലെ മറ്റു കുട്ടികളോടൊപ്പം വനകാഴ്ചകൾ കാണാൻ പോകുന്നതിന് അനുവാദം ചോദിക്കുന്നു. നിങ്ങൾക്ക് പഠിക്കുവാൻ ഒന്നും ഇല്ലേ എന്നുള്ള ചോദ്യത്തിന്  ഇന്ന്  പഠിക്കുവാൻ ഒന്നും ഇല്ലെന്നും, ഗുരു (വാല്മീകി മഹർഷി) വരുണദേവനെ സന്ദർശിക്കുവാൻ പോയിരിക്കുകയാണ് എന്നായിരുന്നു  മറുപടി. 

വെയിലിൽ അലയരുത്,  പരസ്പരം വഴക്കു കൂടരുത്, വേഗം മടങ്ങി വരണം എന്നിങ്ങനെയുള്ള  സീതാദേവിയുടെ മാതൃവാത്സല്ല്യം  നിറഞ്ഞ   മൂന്നു നിബന്ധനകൾ കുട്ടികൾ സമ്മതിച്ചു . സീതാദേവി കുട്ടികളെ അനുഗ്രഹിച്ച് യാത്രയാക്കി.

                                                      കുശൻ , സീതാദേവി, ലവൻ

വനഭംഗികൾ കണ്ടു രസിച്ചു വരവേ ചുറ്റി തിരിയുന്ന ഒരു കുതിരയെ കണ്ട് ലവൻ   അതിനെ കുശന് കാട്ടിക്കൊടുത്തു.   "കൌസല്ല്യാ പുത്രനായ ശ്രീരാമന് സമമായ ശക്തിയുള്ളവർ ഈ കുതിരയെ ബന്ധിക്കാം " എന്ന് കുതിരയുടെ നെറ്റിയിൽ  സ്വർണ്ണത്തികിടിൽ എഴുതി ഒരു കുറിപ്പ് എഴുതി കെട്ടി വെച്ചിരുന്നത്  ലവൻ, കുശന് കാട്ടി കൊടുത്തു.  നീ ആ കുതിരയെ ബന്ധിക്കൂ ഞാൻ ഈ കാടൊക്കെ ഒന്ന് ചുറ്റി കണ്ടിട്ടുവരാം. ആരെങ്കിലും എതിർക്കുവാൻ വന്നാൽ നീ നേരിടൂ   എന്ന്   ലവന് നിർദ്ദേശം നല്കി കുശൻ കാടിനുള്ളിലേക്ക്‌ നീങ്ങി. ലവൻ കുതിരയെ ബന്ധിച്ചു കാത്തുനിന്നു.  

                                                  ഹനുമാൻ
                                                   ഹനുമാൻ

തിരശീലയുടെ  രണ്ടു ഭാഗത്തുമായി  മാറി മാറി  നോക്കി ആരംഭിച്ച  ഹനുമാന്റെ   തിരനോക്ക്    ഒരു അനുഭവ പുതുമ  നൽകി.    രാവണനെ ജയിച്ച ശ്രീരാമസ്വാമിയുടെ യാഗാശ്വത്തെ ബന്ധിച്ച രണ്ടു ബാലന്മാർ  ആര് ? അവർ  ശ്രീരാമസ്വാമിയുടെ സഹോദരന്മാരെയും തോൽപ്പിച്ചിരിക്കുന്നു. ഇപ്പോൾ ശ്രീരാമൻ യാഗാശ്വത്തെ മോചിപ്പിക്കുവാനായി എന്നെ അയച്ചിരിക്കുന്നു. ആ ബാലന്മാരെ തേടുക തന്നെ എന്നായിരുന്നു   തിരനോക്കിനു ശേഷമുള്ള ഹനുമാന്റെ ആത്മഗതത്തിൽ അവതരിപ്പിച്ചത്. 
   
ഹനുമാൻ മറഞ്ഞിരുന്നു കൊണ്ട്  യാഗാശ്വത്തെ ബന്ധിച്ച കുട്ടികളെ കണ്ടു. കുട്ടികളുടെ മുഖം ശ്രദ്ധിച്ചപ്പോൾ വാത്സല്യവും   പാദങ്ങൾ ശ്രദ്ധിച്ചപ്പോൾ   ഭക്തിയും  ഹനുമാനിൽ നിറഞ്ഞു.  ഈ കുട്ടികളുമായി യുദ്ധം ചെയ്ത്  എങ്ങിനെ അശ്വത്തെ വീണ്ടെടുക്കും  എന്ന് ഹനുമാൻ സംശയിച്ചു. കുട്ടികളിൽ നിന്നും   അശ്വത്തെ  വീണ്ടെടുക്കുവാനുള്ള സുഗമമായ മാർഗ്ഗത്തിനു വേണ്ടി
ഹനുമാൻ    ശ്രീരാമസ്വാമിയെ ഭക്തി പൂർവ്വം പ്രാർത്ഥിച്ചു.

                                                            കുശലവന്മാർ
 

ഹനുമാൻ മരത്തിലെ ഇലകളും പൂക്കളും   പറിച്ച്  കുട്ടികളുടെ  നേരെ വീശുവാൻ ഒരുങ്ങി. എന്നാൽ  കുട്ടികളുടെ മൃദുല ശരീരത്തിൽ ഇലകൾ  വീണാൽ വേദനിക്കുമോ എന്ന്  ശങ്കിച്ചു.  വൃക്ഷത്തിലെ തളിരിലകൾ   ഇറുത്ത്  കുട്ടികളുടെ ശരീരത്തിലേക്ക്‌  അർപ്പിച്ചു.   കുട്ടികൾ  ഹനുമാന്റെ നേരെ ശര വർഷങ്ങൾ എയ്തു. ഹനുമാൻ ശരങ്ങൾ  ഒന്നൊന്നായി പിടിച്ചു നശിപ്പിച്ചു. ഒടുവിൽ കുട്ടികളോട് ശരവർഷം നിർത്തുവാൻ അപേക്ഷിച്ചു. കുട്ടികൾ ശരവർഷം നിർത്തി.  

  ഈ സിംഹകുട്ടികൾ ആരാണ് ? മുഖത്തു  ക്ഷത്രിയ ലക്ഷണം  കാണുന്നു.  ജടധരിച്ച് അമ്പും വില്ലുമേന്തയ ഇവരുടെ വേഷം കാണുമ്പോൾ  ആശ്രമ കുട്ടികളെന്നു തോന്നുന്നു.  പണ്ട് സുഗ്രീവന്റെ ആജ്ഞാനുസരണം  രാമലക്ഷ്മണന്മാരെ   കണ്ടപ്പോൾ അവരും ഇതേപോലുള്ള  വേഷമാണ് ധരിച്ചിരുന്നത്. ഈ കുട്ടികൾക്ക് ശ്രീരാമന്റെ   മുഖശ്ചായയോട് വളരെ സാദൃശ്യം ഉണ്ട്  എന്ന് ഹനുമാൻ മനസിലാക്കി. 

  നിങ്ങളുടെ ഗുരു ആരാണ്, മാതാപിതാക്കന്മാർ ആരാണ്  ? എന്നീ വിവരങ്ങൾ    ഹനുമാൻ കുട്ടികളോട് ചോദിച്ചു.  ഉത്തരം പറയാൻ മുതിരാത്ത കുട്ടികളോട്  ഞാൻ കടൽ  കടന്ന്     അനേകം രാക്ഷസന്മാരെ   വധിച്ച വായൂ പുത്രനായ ഹനുമാനാണ് എന്ന് അറിയിച്ചു. നിന്റെ പൊങ്ങച്ചം പറച്ചിൽ  വേഗത്തിൽ ഞാൻ അവസാനിപ്പിക്കുന്നുണ്ട് എന്ന് കുശൻ പ്രതികരിച്ചു.

 നിങ്ങളുടെ വീരവാക്കുകൾ എല്ലാം കൊള്ളാം,   എന്നോട് യുദ്ധം ചെയ്യാൻ തയ്യാറാണോ എന്ന് ഹനുമാന്റെ ചോദ്യത്തിന് വീമ്പിളക്കാതെ യുദ്ധക്കളത്തിൽ ഇറങ്ങാൻ ലവൻ ഹനുമാനോട്  പറഞ്ഞു.   യുദ്ധം ആരംഭത്തിൽ  തങ്ങളുടെ ആയുധങ്ങളുടെ ശക്തി കാട്ടുവാനായി കുശലവന്മാർ  വില്ലിന്റെ ഞാണ്‍ വലിച്ചു കെട്ടി ഭൂമിയിലേക്ക്‌ അയച്ച അമ്പുകൾ തറച്ചപ്പോൾ  ഭൂമിയിൽ  രണ്ടു  വലിയ കുഴികൾ   ഉണ്ടായതും  ആ കുഴികളിൽ ഒന്നിൽ പാലും അടുത്തതിൽ  ജലവും കണ്ട് ഹനുമാൻ അത്ഭുതപ്പെട്ടു. ഭൂമീദേവി കുട്ടികളുടെ മേലുള്ള വാത്സല്ല്യം നിമിത്തം മുല ചുരന്ന് പാൽ ഉണ്ടായിരിക്കുന്നത് എന്ന് സങ്കൽപ്പിച്ചു. ഹനുമാൻ കുഴിയിലേക്ക് കൈ നീട്ടി ജലവും പാലും കുട്ടികളുടെ മുഖത്തേക്ക് തളിച്ചു. 

ഹനുമാൻ തന്റെ   മുഷ്ടി ചുരുട്ടി ശക്തിയായി ഭൂമിയിൽ  പ്രഹരിച്ചു. അപ്പോൾ ഉണ്ടായ   കുഴി  കുശലവന്മാർക്ക്   കാണിച്ചുകൊടുത്തു. അവർ അത് നിസ്സാരമായി കണ്ടു. തുടർന്ന്  യുദ്ധം ആരംഭിച്ചു.  കുശലവന്മാർ സമ്മോഹനാസ്ത്രം അയച്ചു.  യുദ്ധത്തിൽ ഹനുമാൻ  കുട്ടികളുടെ ഹിതത്തിന് സ്വയം വഴങ്ങി.  കുശലവന്മാർ  ഹനുമാനെ ബന്ധിച്ചു. 

കുശനും ലവനും ഹനുമാനെ സീതാദേവിയുടെ മുൻപിൽ എത്തിച്ചു. രാമഭക്തനായ ഹനുമാനെ ഇങ്ങിനെ ഒരു സാഹചര്യത്തിൽ കണ്ടപ്പോൾ  സീതാദേവി അത്ഭുതപ്പെട്ടു പോയി. ഹനുമാനെ  
ഇങ്ങിനെ  കാണേണ്ടി വന്നതു ദൈവ നിശ്ചയമാകും എന്ന് ആശ്വസിച്ച സീതാദേവി  പുത്രന്മാരോട് ഈ  ഹനുമാൻ  വന്ദനീയനാണ്, അദ്ദേഹത്തിൻറെ ബന്ധനം അഴിക്കൂ എന്ന് പറഞ്ഞു.  


                                     ബന്ധനസ്ഥനായ ഹനുമാൻ

    *തന്റെ ജീവനെ  രക്ഷിച്ചതു മൂലം താതതുല്യൻ എന്ന് സീതാദേവി  ഹനുമാനെ ഓർമ്മിപ്പിച്ചു കൊണ്ട്   ഈ ലോകത്തിൽ  നിനക്ക് സമാനായി വേറാരും ഇല്ല എന്ന് അറിയിച്ചു
 
സുഖമോ  ദേവി?   ഹനുമാന്റെ അന്വേഷണം. ഈ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും  മഹത്തായ ദിവസമാണ് എന്ന് അറിയിച്ച്  ഹനുമാൻ സീതാദേവിയെ നമസ്കരിച്ചു.


അമ്മയോട് നിങ്ങളുടെ നിങ്ങളുടെ വികൃതിത്തരങ്ങൾ അറിയിക്കും എന്ന് ഹനുമാനും, പറയരുതേ എന്ന് ലവനും കുശനും  അപേക്ഷിക്കുന്നു. പുത്രരുടെ  പരാക്രമം കണ്ടു.സമർത്ഥർ തന്നെ.  ഇവർ ഒരിക്കൽ ത്രിലോകങ്ങളെയും ഭരിക്കും എന്നതിന് സംശയം ഇല്ല എന്ന് ഹനുമാൻ സീതയോട് പറഞ്ഞു. 
 

                                                    ഹനുമാൻ കുശലവന്മാരോടൊപ്പം
 
എന്തിനാണ് വനത്തിൽ വന്നത് എന്നത് എന്ന് സീതാദേവി ഹനുമാനോട് ചോദിച്ചു. ശ്രീരാമൻ ആശ്വമേധയാഗം നടത്തുവാൻ  തീരുമാനിച്ച വിവരം അറിയിച്ച ഹനുമാൻ,  (കുട്ടികളുടെ ശ്രദ്ധയിൽ പെടാതെ) കുട്ടികൾ ബന്ധിച്ച യാഗാശ്വത്തെ സീതാദേവിക്ക്‌ ചൂണ്ടി കാണിച്ചു.
ഈ യാഗാശ്വത്തെ   കൂട്ടി പോകാൻ ഞാൻ എത്തിയതാണ്. അതുകൊണ്ട് എനിക്ക് ദേവിയെ  കാണുവാൻ സാധിച്ചു. 


പട്ടമഹിഷിയില്ലാതെ എങ്ങിനെ ശ്രീരാമസ്വാമി യാഗം നടത്തും എന്ന് സീതാദേവി സംശയം ഉന്നയിച്ചു. കാഞ്ചനസീതയെയാണ്  ശ്രീരാമസ്വാമി അതിന് ഉപയോഗിക്കുവാൻ പോകുന്നത് എന്ന് ഹനുമാൻ അറിയിച്ചപ്പോൾ അദ്ദേഹം  ലോകരക്ഷ ചെയ്യുന്നതിൽ സീതാദേവി സന്തോഷിക്കുന്നു. 

 യാഗാശ്വത്തെ മോചിപ്പിക്കുവാൻ കുട്ടികളോട് പറയൂ എന്ന് ഹനുമാൻ സീതയോട് അപേക്ഷിച്ചു.   കുട്ടികൾ  കുതിരയെ മോചിപ്പിച്ചു.  സീതാദേവിയുടെ ഇരുവശത്തുമായി കുട്ടികളെ നിർത്തി ഹനുമാൻ നോക്കി   കണ്ടു. അവരോടൊപ്പം  ശ്രീരാമസ്വാമിയുടെ സാന്നിദ്ധ്യം ഹനുമാൻ മനസ്സിൽ  കണ്ടു. ഹനുമാൻ ഇവരുടെ വിധിയെ പഴിച്ചു.    ഞാൻ ഒരിക്കൽ മടങ്ങി വന്ന്  ഈ കുട്ടികളെ ശ്രീരാമസന്നിധിയിലേക്ക് കൂട്ടി പോകും എന്ന് സീതാദേവിയെ അറിയിച്ചു  കൊണ്ട്  ഹനുമാൻ കുതിരയുമായി  യാത്രയായി.  

 ശ്രീ. സദനം ബാലകൃഷ്ണൻ ആശാന്റെ ഹനുമാനിലുടനീളം കുശലവന്മാരോട് തോന്നുന്ന  വാത്സല്ല്യം, ശ്രീരാമനോടും സീതാദേവിയോടുമുള്ള ഭക്തി എന്നിവ നിറഞ്ഞു നിന്നിരുന്നു.  
"അനിലസുതൻ അഹമെന്നു  ധരിച്ചീടുവൻ ബാലരെ 
ജലധി കടന്നോരു  വനരനഹം" എന്ന ഹനുമാന്റെ പദത്തിന് ഹനുമാനും കുശലവന്മാരും ഒന്നിച്ച് ചെയ്യുന്ന അഷ്ടകലാശം വളരെ ഹൃദ്യമായി. "പുത്രരുടെ പാരാക്രമം ..." എന്ന പദാട്ടത്തിനു അമ്മയോട് പറയട്ടേ എന്ന് സരസമായി ചോദിക്കുന്ന ഹനുമാനും  "പറയരുതേ"  എന്ന് കെഞ്ചുന്ന കുശലവന്മാരും മനസ്സിൽ പതിയും വിധമാണ് അവതരിപ്പിച്ചത്. കുട്ടികളുടെ ശ്രദ്ധ തിരിച്ച ശേഷം അവർ ബന്ധിച്ച യാഗാശ്വത്തെ സീതാദേവിക്ക്‌ കാണിച്ചു കൊടുക്കുന്നതും  ലവകുശന്മാർ കുതിരയെ  മോചിപ്പിച്ചപ്പോൾ  കണ്ട് കുതിര എഴുനേറ്റ് ശരീരം കുടയുന്നത് ഹനുമാൻ കാണുന്നതും (സുപരിചിതരെ കാണുമ്പോഴുള്ള വളർത്തു മൃഗങ്ങൾക്ക് ഉണ്ടാകുന്ന സ്വഭാവം)     കുതിരയുമായുള്ള ഹനുമാന്റെ   യാത്രയും   ദൃശ്യഭംഗി നൽകുന്നതും  ആകർഷണീയവും ആസ്വാദകന്റെ സ്മരണയിൽ നിന്നും മായാത്ത അനുഭവം സൃഷ്ടിക്കുന്നതും  ആയിരുന്നു.


ശ്രീ. വെള്ളിനേഴി ഹരിദാസ് സീതാദേവിയായി വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. കുസൃതി കുട്ടന്മാരായ കുശൻ, ലവൻ എന്നീ വേഷങ്ങൾ യഥാക്രമം ശ്രീ. സദനം ഭാസിയും  ശ്രീ. സദനം ശ്രീനാഥും  അവതരിപ്പിച്ചു. 
 ശ്രീ. കലാമണ്ഡലം ഹരീഷാണ് കഥയ്ക്ക്‌  പൊന്നാനി പാടിയത്.  "അനുപമ ഗുണനാകും മനുകുലദീപനു",  "ഹന്ത ഹന്ത ഹനുമാനേ", "സുഖമോ ദേവീ!"  എന്നീ പദങ്ങൾ വളരെ ഹൃദ്യമായി.

                                ശ്രീ. കലാമണ്ഡലം ഹരീഷ്, ശ്രീ. കലാമണ്ഡലം വിനോദ്.

ശ്രീ. സദനം രാമകൃഷ്ണൻ    (ചെണ്ട) ശ്രീ. സദനം ദേവദാസ്‌  (മദ്ദളം) എന്നിവരുടെ പ്രകടനം ലവണാസുരവധം കളിയുടെ ഗംഭീര വിജയത്തിന്  ഒരു പ്രധാന ഘടകമായി എന്ന് പറയാം. 

  അധികവും  സ്ത്രീ വേഷം ചെയ്തുള്ള ശീലം കൊണ്ടാകാം ശ്രീ. സദനം ശ്രീനാഥിന്റെ മുദ്രകൾക്ക് ഒരു ചടുലത കുറവായി തോന്നി. കാലാവസ്ഥയുടെ  കാരണത്താൽ  ഒരു കലാകാരന് ഉണ്ടായ അസ്വസ്ഥത  കാരണം ഇടയിൽ കളി കുറച്ചു സമയം മുടങ്ങി എന്നതു  മാത്രമാണ് വിരസത ഉണ്ടാക്കിയത്.  

***************************************************************************************
  
"സമ്മോഹനാസ്ത്രം" 
സമ്മോഹനാസ്ത്രം മനുഷ്യരിൽ പ്രയോഗിച്ചാൽ മോഹാൽസ്യം ഉണ്ടാകും. മൃഗങ്ങളിൽ ഈ അസ്ത്രം ഫലിക്കില്ല. കുതിരയുടെ രക്ഷാ സൈന്യത്തെ സമ്മോഹനാസ്ത്രം ഉപയോഗിച്ച്  കുശലവന്മാർ മോഹാൽസ്യപ്പെടുത്തി എന്നാണ് കഥ.

  * "തന്റെ ജീവനെ  രക്ഷിച്ചതു മൂലം താതതുല്യൻ

ലങ്കാപുരിയിലെ അശോക വനത്തിൽ സീതാദേവിയുടെ സമീപം എത്തിയ രാവണൻ സീതയെ പ്രലോഭിക്കാൻ ശ്രമിക്കുകയും രാവണന്റെ ഇംഗിതത്തിന് വഴങ്ങാത്ത സീതയ്ക്ക് ആലോചിച്ച് തീരുമാനമെടുക്കുവാൻ കാലാവകാശം നൽകുകയും ചെയ്തു. ഈ കാലാവധി കഴിഞ്ഞാൽ സീതയെ ബലമായി പട്ടമഹിഷിയാക്കും എന്ന രാവണന്റെ തീരുമാനം അറിഞ്ഞ സീത സ്വന്ത മുടി ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ തയ്യാറായി എന്നും ഈ സമയമാണ് ഹനുമാൻ അവിടെ എത്തിയത്.     ഇതാണ് സീതയുടെ ജീവനെ ഹനുമാൻ രക്ഷിച്ചതിന്റെ  കഥ.  

2013, ജൂലൈ 3, ബുധനാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച ഒൻപതാമത് കഥകളി അരങ്ങ് -(1)


ചെന്നൈയിലെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയിൽ ഉണ്ടായ രൂപംകൊണ്ട ഉത്തരീയം കഥകളി സംഘടനയുടെ ഒൻപതാമത്   അരങ്ങ്  29-06-2013 -ന് ചെന്നൈ അഡയാർ കലാക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്നു.  പകൽ മൂന്നു മണിക്ക് (പുറപ്പാട് ഇല്ലാതെ ) മേളപ്പദം അവതരിപ്പിച്ചു.


ശ്രീ. കലാമണ്ഡലം വിനോദ് , ശ്രീ. കലാനിലയം രാജീവൻ നമ്പൂതിരി എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം വേണു മോഹൻ, ശ്രീ. സദനം ജിതിൻ എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം ഹരിഹരൻ, ശ്രീ. സദനം കൃഷ്ണപ്രസാദ്‌ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. യുവ കലാകാരന്മാരുടെ കലാപ്രകടനം വളരെ ഗംഭീരമായിരുന്നു. 
മേളപ്പദത്തിനു ശേഷം കലാക്ഷേത്ര ആഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുൻപിൽ   ശ്രീ. പാലക്കാട് അമൃതശാസ്ത്രികൾ രചിച്ച ലവണാസുരവധം കഥയാണ് ആദ്യം  അവതരിപ്പിച്ചത്.
 

വനവാസവും, രാവണവധവും കഴിഞ്ഞ്  ശ്രീരാമാദികൾ  അയോദ്ധ്യയിൽ മടങ്ങിഎത്തി ശേഷം ശ്രീരാമൻ    പട്ടാഭിഷേകം നടത്തി  രാജ്യഭരണവുമേറ്റു.  സീത ഗർഭിണിയായി.  വനവാസ കാലത്ത് കണ്ട്  ആസ്വദിച്ച  വനഭംഗികൾ വീണ്ടും  കാണണം  എന്ന തന്റെ ഗർഭകാല  അഭിലാഷം സീത ശ്രീരാമനെ അറിയിച്ചു. 

ഈ കാലഘട്ടത്തിൽ തന്റെ ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസം അറിയുവാൻ ശ്രീരാമൻ ദൂതന്മാരെ നാടിന്റെ നാനാ ഭാഗങ്ങളിലും നിയോഗിച്ചിരുന്നു.  രാജ്യത്തെ ഒരു രജക കുടുംബത്തിൽ  ഭാര്യക്ക് പരപുരഷ  സമ്പർക്കം ഉണ്ടെന്ന് ആരോപിച്ച് അവളെ രജകൻ മർദ്ദിക്കുകയും വീട്ടിൽ നിന്നും അടിച്ചോടിക്കുകയും ചെയ്തു.   സ്ത്രീലമ്പടനായ രാവണന്റെ കൊട്ടാരത്തിൽ പലനാൾ താമസിച്ച സീതാദേവിയെ രാജാവ് (ശ്രീരാമൻ) സ്വീകരിച്ചതു പോലെ ഞാൻ നിന്നെ സ്വീകരിക്കുകയില്ല എന്ന് രജകൻ വീരഘോഷം മുഴക്കി. ഈ വൃത്താന്തം ഗ്രഹിച്ച  ശ്രീരാമൻ സീതയെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും വനഭംഗി കാട്ടാൻ എന്ന വ്യാജേന സീതാദേവിയെ വനത്തിലേക്ക് കൂട്ടി പോയി ഉപേക്ഷിക്കുവാൻ ലക്ഷ്മണനെ ചുമതലപ്പെടുത്തുകയും ചെയ്തു. വനത്തിൽ ഉപേക്ഷിക്കപ്പെട്ട  സീതാദേവിയെ   വാല്മീകി മഹർഷി തന്റെ ആശ്രമത്തിലേക്കു കൂട്ടിവന്നു. സീതാദേവി രണ്ടു ഇരട്ട  ആണ്‍കുട്ടികളെ പ്രസവിച്ചു. കുശൻ എന്നും ലവൻ എന്നും  കുട്ടികൾക്ക് മഹർഷി നാമകരണം ചെയ്ത്  അവരെ എല്ലാ   ശാസ്ത്ര വിദ്യകളും   അഭ്യസിപ്പിച്ചു. 

ഈ കാലത്ത്  വനമേഖലയിൽ വസിച്ചിരുന്ന ലവണാസുരന്റെ ഉപദ്രവം സഹിക്കാനാവാതെ വലഞ്ഞ മുനിപുംഗവന്മാർ ശ്രീരാമനെ കണ്ട് സങ്കടം ഉണർത്തിച്ചു.    ലവണാസുരനെ വധിക്കുവാൻ ശ്രീരാമൻ ശതൃഘ്നനെ നിയോഗിക്കുകയും ചെയ്തു.   ശ്രീരാമൻ അശ്വമേധയാഗം നടത്തുവാൻ തീരുമാനിക്കുകയും യാഗാംശമായ ദിഗ്വിജയത്തിന്  നിയോഗിച്ച   യാഗാശ്വത്തെ സംരക്ഷിക്കേണ്ട  ചുമതല ലവണാസുരവധം കഴിഞ്ഞു മടങ്ങി എത്തിയ ശതൃഘ്നന് സ്വീകരിക്കേണ്ടിവന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ചുറ്റിത്തിരിഞ്ഞ യാഗാശ്വം വനഭാഗത്തുള്ള വാൽമീകി മഹർഹിയുടെ ആശ്രമ പരിസരത്തെത്തി. വനത്തിൽ ലീലാ വിനോദത്തിൽ ഏർപ്പെട്ടിരുന്ന കുശലവന്മാർ  യാഗാശ്വത്തെ  ബന്ധിച്ചു. യാഗാശ്വത്തെ രക്ഷിക്കാനെത്തിയ ശതൃഘ്നൻ  കുശലവന്മാരിടം പരാജയപ്പെട്ടു. വിവരം അറിഞ്ഞ  ശ്രീരാമൻ യാഗാശ്വത്തെ രക്ഷിക്കുവാൻ  ലക്ഷ്മണനെ അയച്ചു. ലക്ഷ്മണനും നിരാശനായി മടങ്ങിയെത്തിയപ്പോൾ ശ്രീരാമൻ ഹനുമാനെ അയച്ചു. യാഗാശ്വത്തെ  രക്ഷിക്കുവാൻ  ഹനുമാൻ വനത്തിലെത്തി.   കുശലവന്മാർ ഹനുമാനെ ബന്ധിച്ച്  സീതാദേവിയുടെ മുൻപിൽ എത്തിച്ചു. 

 ബന്ധിതനായ ഹനുമാനെ കണ്ട് സീതാദേവി നടുങ്ങിപ്പോയി.  വന്ദനീയനാണ്   ഹനുമാൻ എന്നും ഹനുമാനെ ബന്ധിച്ചത് പാപമാണെന്നും സീതാദേവി പുത്രന്മാരെ അറിയിക്കുകയും തുടർന്ന് സീതാദേവിയുടെ നിർദ്ദേശപ്രകാരം  കുശലവന്മാർ   ഹനുമാനെ ബന്ധന വിമുക്തനാക്കുകയും ചെയ്യുന്നു. ഹനുമാൻ സീതാദേവിയുടെ  ക്ഷേമവിവരം ചോദിച്ചറിയുന്നു. ശ്രീരാമൻ അശ്വമേധയാഗം നടത്തുവാൻ ഉദ്ദേശിച്ചയച്ച   യാഗാശ്വത്തെ കുട്ടികൾ ബന്ധിച്ചതും യാഗാശ്വത്തെ വീണ്ടെടുക്കുവാൻ ശ്രീരാമന്റെ നിയോഗത്താൽ താൻ എത്തിച്ചേർന്നതാണ് എന്നുള്ള വിവരം ഹനുമാൻ സീതാദേവിയെ ധരിപ്പിക്കുന്നു. 

രാജാവിനോടൊപ്പം പട്ടമഹിഷിയും കൂടി അമർന്നു കൊണ്ടല്ലേ അശ്വമേധയാഗം നടത്തേണ്ടത്  എന്ന്  സീതാദേവി കണ്ണീർ പൊഴിച്ചു കൊണ്ട് ഹനുമാനോട് ചോദിച്ചു. കാഞ്ചനസീതയെ  രാജാവിന്റെ സമീപം വെച്ച് യാഗം നടത്തുവാനാണ് രാജാവ് തീരുമാനിച്ചിട്ടുള്ളത് എന്ന് ഗദ്ഗദത്തോടെ ഹനുമാൻ അറിയിച്ചപ്പോൾ ഉണ്ടായ  സീതാദേവിയുടെ മാനസീക നില മനസിലാക്കിയ ഹനുമാൻ "എത്ര യാഗങ്ങൾ നടത്തിയാലും ഈ രണ്ടു പൊന്നോമന പുത്രന്മാരുടെ മുഖം കാണുമ്പോൾ ലഭിക്കുന്ന സംതൃപ്തി ലഭിക്കയില്ല"  എന്ന് പറഞ്ഞ് സീതാദേവിയെ ആശ്വസിപ്പിച്ചു.

    ഹനുമാന്റെ അപേക്ഷാനുസരണം സീതാദേവി കുട്ടികളോട് യാഗാശ്വത്തെ മോചിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഹനുമാൻ ഭക്തിപുരസ്സരം സീതാദേവിയെ വണങ്ങി. ഹനുമാൻ രാമ പുത്രന്മാരായ കുശലവന്മാരെ സ്നേഹ വാൽസല്യപുരസ്സരം 
 ആശ്ലേഷിച്ച ശേഷം   യാഗാശ്വത്തെയും കൂട്ടി കൊണ്ട്  അയോദ്ധ്യയിലേക്ക്  മടങ്ങുന്നതോടെ കഥ അവസാനിക്കുന്നു.

നാലു രംഗങ്ങളായാണ് കഥ അവതരിപ്പിച്ചത്.   ആദ്യ  രംഗത്തിൽ അമ്പും വില്ലും ധരിച്ചുകൊണ്ട്    കുശനും ലവനും സീതാദേവിയെ സമീപിച്ച് തങ്ങളെ  വനഭംഗികൾ കണ്ടു രസിക്കുവാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു. കുസൃതി കുട്ടന്മാരായ പുത്രരോട് വനത്തിൽ ക്രൂരമൃഗങ്ങൾ ഉണ്ടെന്നും ജാഗ്രത പാലിക്കണം എന്ന് ഉപദേശിച്ചു കൊണ്ട് മനസില്ലാ മനസോടെ അവരെ യാത്രയാക്കുന്നു.  വനകാഴ്ചകൾ കണ്ടു രസിക്കുന്ന കുശലവന്മാർ യാഗാശ്വത്തെ കാണുന്നു. ലവൻ യാഗാശ്വത്തെ ബന്ധിക്കുന്നു.

                                                       സീതയും കുശലവന്മാരും 

രണ്ടാം രംഗം: ഹനുമാന്റെ തിരനോക്ക്. മൂന്നാം രംഗത്തിൽ ഹനുമാൻ യാഗാശ്വത്തെ ബന്ധിച്ച ബാലന്മാരെ തേടി വനത്തിൽ എത്തി.   ജടാവൽക്കലധാരികളും ചാപപാണീവരന്മാരുമായ ബാലന്മാരെ മറഞ്ഞിരുന്നു കൊണ്ട് ഹനുമാൻ  ശ്രദ്ധിക്കുന്നു.  താൻ ആദ്യമായി    രാമലക്ഷ്മണന്മാരെ കണ്ടു മുട്ടിയപ്പോൾ അവരിൽ കണ്ട അതേ രൂപ സാദൃശ്യം ബാലന്മാരിൽ കണ്ട് വിസ്മയിക്കുന്നു. ബാലന്മാർ നിസാരല്ലെന്നു മനസിലാക്കിയ ഹനുമാൻ അവരുടെ ശക്തി പരീക്ഷിക്കുവാൻ   ശ്രമിക്കുകയും  ഹനുമാൻ ബാലന്മാർക്ക് കീഴടങ്ങുകയും ചെയ്യുന്നു.  കുശലവന്മാർ ഹനുമാനെ ബന്ധിച്ച്  സീതാദേവിയുടെ മുൻപിൽ എത്തിക്കുകയും തുടർന്നുള്ള വികാരപരമായ സംവാദങ്ങൾക്ക് ശേഷം യാഗാശ്വവുമായി ഹനുമാൻ മടങ്ങുന്നു. 

(അവതരണ വിശേഷങ്ങളും , പങ്കെടുത്ത കലാകാരന്മാരുടേയും സംബന്ധിച്ചുള്ള വിവരണങ്ങൾ  അടുത്ത പോസ്റ്റിൽ വായിക്കാം.)