ചെന്നൈയിലെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയിൽ ഉണ്ടായ രൂപംകൊണ്ട ഉത്തരീയം കഥകളി സംഘടനയുടെ ഒൻപതാമത് അരങ്ങ് 29-06-2013 -ന് ചെന്നൈ അഡയാർ കലാക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്നു. പകൽ മൂന്നു മണിക്ക് (പുറപ്പാട് ഇല്ലാതെ ) മേളപ്പദം അവതരിപ്പിച്ചു.
ശ്രീ. കലാമണ്ഡലം വിനോദ് , ശ്രീ. കലാനിലയം രാജീവൻ നമ്പൂതിരി എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം വേണു മോഹൻ, ശ്രീ. സദനം ജിതിൻ എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം ഹരിഹരൻ, ശ്രീ. സദനം കൃഷ്ണപ്രസാദ് എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. യുവ കലാകാരന്മാരുടെ കലാപ്രകടനം വളരെ ഗംഭീരമായിരുന്നു.
മേളപ്പദത്തിനു ശേഷം കലാക്ഷേത്ര ആഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുൻപിൽ ശ്രീ. പാലക്കാട് അമൃതശാസ്ത്രികൾ രചിച്ച ലവണാസുരവധം കഥയാണ് ആദ്യം അവതരിപ്പിച്ചത്.
വനവാസവും, രാവണവധവും കഴിഞ്ഞ് ശ്രീരാമാദികൾ അയോദ്ധ്യയിൽ മടങ്ങിഎത്തി ശേഷം ശ്രീരാമൻ പട്ടാഭിഷേകം നടത്തി രാജ്യഭരണവുമേറ്റു. സീത ഗർഭിണിയായി. വനവാസ കാലത്ത് കണ്ട് ആസ്വദിച്ച വനഭംഗികൾ വീണ്ടും കാണണം എന്ന തന്റെ ഗർഭകാല അഭിലാഷം സീത ശ്രീരാമനെ അറിയിച്ചു.
ഈ കാലഘട്ടത്തിൽ തന്റെ ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസം അറിയുവാൻ ശ്രീരാമൻ ദൂതന്മാരെ നാടിന്റെ നാനാ ഭാഗങ്ങളിലും നിയോഗിച്ചിരുന്നു. രാജ്യത്തെ ഒരു രജക കുടുംബത്തിൽ ഭാര്യക്ക് പരപുരഷ സമ്പർക്കം ഉണ്ടെന്ന് ആരോപിച്ച് അവളെ രജകൻ മർദ്ദിക്കുകയും വീട്ടിൽ നിന്നും അടിച്ചോടിക്കുകയും ചെയ്തു. സ്ത്രീലമ്പടനായ രാവണന്റെ കൊട്ടാരത്തിൽ പലനാൾ താമസിച്ച സീതാദേവിയെ രാജാവ് (ശ്രീരാമൻ) സ്വീകരിച്ചതു പോലെ ഞാൻ നിന്നെ സ്വീകരിക്കുകയില്ല എന്ന് രജകൻ വീരഘോഷം മുഴക്കി. ഈ വൃത്താന്തം ഗ്രഹിച്ച ശ്രീരാമൻ സീതയെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും വനഭംഗി കാട്ടാൻ എന്ന വ്യാജേന സീതാദേവിയെ വനത്തിലേക്ക് കൂട്ടി പോയി ഉപേക്ഷിക്കുവാൻ ലക്ഷ്മണനെ ചുമതലപ്പെടുത്തുകയും ചെയ്തു. വനത്തിൽ ഉപേക്ഷിക്കപ്പെട്ട സീതാദേവിയെ വാല്മീകി മഹർഷി തന്റെ ആശ്രമത്തിലേക്കു കൂട്ടിവന്നു. സീതാദേവി രണ്ടു ഇരട്ട ആണ്‍കുട്ടികളെ പ്രസവിച്ചു. കുശൻ എന്നും ലവൻ എന്നും കുട്ടികൾക്ക് മഹർഷി നാമകരണം ചെയ്ത് അവരെ എല്ലാ ശാസ്ത്ര വിദ്യകളും അഭ്യസിപ്പിച്ചു.
ഈ കാലത്ത് വനമേഖലയിൽ വസിച്ചിരുന്ന ലവണാസുരന്റെ ഉപദ്രവം സഹിക്കാനാവാതെ വലഞ്ഞ മുനിപുംഗവന്മാർ ശ്രീരാമനെ കണ്ട് സങ്കടം ഉണർത്തിച്ചു. ലവണാസുരനെ വധിക്കുവാൻ ശ്രീരാമൻ ശതൃഘ്നനെ നിയോഗിക്കുകയും ചെയ്തു. ശ്രീരാമൻ അശ്വമേധയാഗം നടത്തുവാൻ തീരുമാനിക്കുകയും യാഗാംശമായ ദിഗ്വിജയത്തിന് നിയോഗിച്ച യാഗാശ്വത്തെ സംരക്ഷിക്കേണ്ട ചുമതല ലവണാസുരവധം കഴിഞ്ഞു മടങ്ങി എത്തിയ ശതൃഘ്നന് സ്വീകരിക്കേണ്ടിവന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ചുറ്റിത്തിരിഞ്ഞ യാഗാശ്വം വനഭാഗത്തുള്ള വാൽമീകി മഹർഹിയുടെ ആശ്രമ പരിസരത്തെത്തി. വനത്തിൽ ലീലാ വിനോദത്തിൽ ഏർപ്പെട്ടിരുന്ന കുശലവന്മാർ യാഗാശ്വത്തെ ബന്ധിച്ചു. യാഗാശ്വത്തെ രക്ഷിക്കാനെത്തിയ ശതൃഘ്നൻ കുശലവന്മാരിടം പരാജയപ്പെട്ടു. വിവരം അറിഞ്ഞ ശ്രീരാമൻ യാഗാശ്വത്തെ രക്ഷിക്കുവാൻ ലക്ഷ്മണനെ അയച്ചു. ലക്ഷ്മണനും നിരാശനായി മടങ്ങിയെത്തിയപ്പോൾ ശ്രീരാമൻ ഹനുമാനെ അയച്ചു. യാഗാശ്വത്തെ രക്ഷിക്കുവാൻ ഹനുമാൻ വനത്തിലെത്തി. കുശലവന്മാർ ഹനുമാനെ ബന്ധിച്ച് സീതാദേവിയുടെ മുൻപിൽ എത്തിച്ചു.
ബന്ധിതനായ ഹനുമാനെ കണ്ട് സീതാദേവി നടുങ്ങിപ്പോയി. വന്ദനീയനാണ് ഹനുമാൻ എന്നും ഹനുമാനെ ബന്ധിച്ചത് പാപമാണെന്നും സീതാദേവി പുത്രന്മാരെ അറിയിക്കുകയും തുടർന്ന് സീതാദേവിയുടെ നിർദ്ദേശപ്രകാരം കുശലവന്മാർ ഹനുമാനെ ബന്ധന വിമുക്തനാക്കുകയും ചെയ്യുന്നു. ഹനുമാൻ സീതാദേവിയുടെ ക്ഷേമവിവരം ചോദിച്ചറിയുന്നു. ശ്രീരാമൻ അശ്വമേധയാഗം നടത്തുവാൻ ഉദ്ദേശിച്ചയച്ച യാഗാശ്വത്തെ കുട്ടികൾ ബന്ധിച്ചതും യാഗാശ്വത്തെ വീണ്ടെടുക്കുവാൻ ശ്രീരാമന്റെ നിയോഗത്താൽ താൻ എത്തിച്ചേർന്നതാണ് എന്നുള്ള വിവരം ഹനുമാൻ സീതാദേവിയെ ധരിപ്പിക്കുന്നു.
രാജാവിനോടൊപ്പം പട്ടമഹിഷിയും കൂടി അമർന്നു കൊണ്ടല്ലേ അശ്വമേധയാഗം നടത്തേണ്ടത് എന്ന് സീതാദേവി കണ്ണീർ പൊഴിച്ചു കൊണ്ട് ഹനുമാനോട് ചോദിച്ചു. കാഞ്ചനസീതയെ രാജാവിന്റെ സമീപം വെച്ച് യാഗം നടത്തുവാനാണ് രാജാവ് തീരുമാനിച്ചിട്ടുള്ളത് എന്ന് ഗദ്ഗദത്തോടെ ഹനുമാൻ അറിയിച്ചപ്പോൾ ഉണ്ടായ സീതാദേവിയുടെ മാനസീക നില മനസിലാക്കിയ ഹനുമാൻ "എത്ര യാഗങ്ങൾ നടത്തിയാലും ഈ രണ്ടു പൊന്നോമന പുത്രന്മാരുടെ മുഖം കാണുമ്പോൾ ലഭിക്കുന്ന സംതൃപ്തി ലഭിക്കയില്ല" എന്ന് പറഞ്ഞ് സീതാദേവിയെ ആശ്വസിപ്പിച്ചു.
ഹനുമാന്റെ അപേക്ഷാനുസരണം സീതാദേവി കുട്ടികളോട് യാഗാശ്വത്തെ മോചിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഹനുമാൻ ഭക്തിപുരസ്സരം സീതാദേവിയെ വണങ്ങി. ഹനുമാൻ രാമ പുത്രന്മാരായ കുശലവന്മാരെ സ്നേഹ വാൽസല്യപുരസ്സരം
ആശ്ലേഷിച്ച ശേഷം യാഗാശ്വത്തെയും കൂട്ടി കൊണ്ട് അയോദ്ധ്യയിലേക്ക് മടങ്ങുന്നതോടെ കഥ അവസാനിക്കുന്നു.
നാലു രംഗങ്ങളായാണ് കഥ അവതരിപ്പിച്ചത്. ആദ്യ രംഗത്തിൽ അമ്പും വില്ലും ധരിച്ചുകൊണ്ട് കുശനും ലവനും സീതാദേവിയെ സമീപിച്ച് തങ്ങളെ വനഭംഗികൾ കണ്ടു രസിക്കുവാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു. കുസൃതി കുട്ടന്മാരായ പുത്രരോട് വനത്തിൽ ക്രൂരമൃഗങ്ങൾ ഉണ്ടെന്നും ജാഗ്രത പാലിക്കണം എന്ന് ഉപദേശിച്ചു കൊണ്ട് മനസില്ലാ മനസോടെ അവരെ യാത്രയാക്കുന്നു. വനകാഴ്ചകൾ കണ്ടു രസിക്കുന്ന കുശലവന്മാർ യാഗാശ്വത്തെ കാണുന്നു. ലവൻ യാഗാശ്വത്തെ ബന്ധിക്കുന്നു.
സീതയും കുശലവന്മാരും
രണ്ടാം രംഗം: ഹനുമാന്റെ തിരനോക്ക്. മൂന്നാം രംഗത്തിൽ ഹനുമാൻ യാഗാശ്വത്തെ ബന്ധിച്ച ബാലന്മാരെ തേടി വനത്തിൽ എത്തി. ജടാവൽക്കലധാരികളും ചാപപാണീവരന്മാരുമായ ബാലന്മാരെ മറഞ്ഞിരുന്നു കൊണ്ട് ഹനുമാൻ ശ്രദ്ധിക്കുന്നു. താൻ ആദ്യമായി രാമലക്ഷ്മണന്മാരെ കണ്ടു മുട്ടിയപ്പോൾ അവരിൽ കണ്ട അതേ രൂപ സാദൃശ്യം ബാലന്മാരിൽ കണ്ട് വിസ്മയിക്കുന്നു. ബാലന്മാർ നിസാരല്ലെന്നു മനസിലാക്കിയ ഹനുമാൻ അവരുടെ ശക്തി പരീക്ഷിക്കുവാൻ ശ്രമിക്കുകയും ഹനുമാൻ ബാലന്മാർക്ക് കീഴടങ്ങുകയും ചെയ്യുന്നു. കുശലവന്മാർ ഹനുമാനെ ബന്ധിച്ച് സീതാദേവിയുടെ മുൻപിൽ എത്തിക്കുകയും തുടർന്നുള്ള വികാരപരമായ സംവാദങ്ങൾക്ക് ശേഷം യാഗാശ്വവുമായി ഹനുമാൻ മടങ്ങുന്നു.
(അവതരണ വിശേഷങ്ങളും , പങ്കെടുത്ത കലാകാരന്മാരുടേയും സംബന്ധിച്ചുള്ള വിവരണങ്ങൾ അടുത്ത പോസ്റ്റിൽ വായിക്കാം.)
സീതയും കുശലവന്മാരും
രണ്ടാം രംഗം: ഹനുമാന്റെ തിരനോക്ക്. മൂന്നാം രംഗത്തിൽ ഹനുമാൻ യാഗാശ്വത്തെ ബന്ധിച്ച ബാലന്മാരെ തേടി വനത്തിൽ എത്തി. ജടാവൽക്കലധാരികളും ചാപപാണീവരന്മാരുമായ ബാലന്മാരെ മറഞ്ഞിരുന്നു കൊണ്ട് ഹനുമാൻ ശ്രദ്ധിക്കുന്നു. താൻ ആദ്യമായി രാമലക്ഷ്മണന്മാരെ കണ്ടു മുട്ടിയപ്പോൾ അവരിൽ കണ്ട അതേ രൂപ സാദൃശ്യം ബാലന്മാരിൽ കണ്ട് വിസ്മയിക്കുന്നു. ബാലന്മാർ നിസാരല്ലെന്നു മനസിലാക്കിയ ഹനുമാൻ അവരുടെ ശക്തി പരീക്ഷിക്കുവാൻ ശ്രമിക്കുകയും ഹനുമാൻ ബാലന്മാർക്ക് കീഴടങ്ങുകയും ചെയ്യുന്നു. കുശലവന്മാർ ഹനുമാനെ ബന്ധിച്ച് സീതാദേവിയുടെ മുൻപിൽ എത്തിക്കുകയും തുടർന്നുള്ള വികാരപരമായ സംവാദങ്ങൾക്ക് ശേഷം യാഗാശ്വവുമായി ഹനുമാൻ മടങ്ങുന്നു.
(അവതരണ വിശേഷങ്ങളും , പങ്കെടുത്ത കലാകാരന്മാരുടേയും സംബന്ധിച്ചുള്ള വിവരണങ്ങൾ അടുത്ത പോസ്റ്റിൽ വായിക്കാം.)
മനോഹരമായ വിവരണത്തിന് നന്ദി. കൂടുതല്‍ വിവരങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ