ബാലിയുടെ തിരനോട്ടവും തുടർന്ന് തന്റേടാട്ടവുമാണ് രണ്ടാം രംഗത്തിൽ അവതരിപ്പിച്ചത്.
എനിക്ക് സുഖം ഭവിച്ചു. കാരണം എന്താണ് ? എല്ലാ ദിവസവും ഞാൻ നാലു സമുദ്രതീരങ്ങളിലും സന്ധ്യാവന്ദനം ചെയ്യും. പർവ്വതങ്ങളെപൊക്കി പന്തുകൾ പോലെ അടിച്ചു രസിക്കും. കരശക്തിക്കായി സപ്തസാലങ്ങളെ ഞാൻ ദിവസവും പ്രഹരിക്കും. പണ്ട് ദേവന്മാർ പാലാഴി കടയുമ്പോൾ ക്ഷീണിച്ച് അവശരായി. അവർ എന്റെ സഹായം ആവശ്യപ്പെട്ടു. ഞാൻ എന്റെ ഇരു കൈകൾ കൊണ്ട് പാലാഴി കടഞ്ഞു. സംപ്രീതനായ എന്റെ പിതാവ് ഇന്ദ്രൻ എന്നെ അരികിൽ വിളിച്ച് നിന്നെ നേരിട്ട് എതിർക്കുന്നവരുടെ പകുതി ബലം നിനക്ക് ലഭിക്കും എന്നെ അനുഗ്രഹിച്ചു. ഇന്ന് എന്നോടൊപ്പം ശക്തിയുള്ളവർ ഈ ലോകത്തിൽ മറ്റാരും ഇല്ല.
ബാലി (തിരനോട്ടം)
ഒരിക്കൽ നാരദമഹർഷി ഇവിടെ
വന്ന് എന്റെ പിതാവിനെ രാവണപുത്രൻ യുദ്ധത്തിൽ തോൽപ്പിച്ചു ലങ്കയിൽ എത്തിച്ചതും രാവണനാൽ തടവിലാക്കപ്പെട്ടതും അറിയിച്ചു. രാവണന്റെ
അഹങ്കാരം അവസാനിപ്പിക്കണം. രാവണനെ എന്റെ മുൻപിൽ കൊണ്ടെത്തിക്കാം
എന്ന് നാരദൻ ഉറപ്പ് പറഞ്ഞിരുന്നു. അതിനുള്ള സമയം അടുത്തിരിക്കുന്നു. ഇനി സന്ധ്യാവന്ദനത്തിനു പുറപ്പെടുക തന്നെ.
(ബാലി യാത്ര തിരിച്ച് സമുദ്രക്കരയിൽ എത്തിച്ചേരുന്നു)
സമുദ്രത്തിൽ കാണുന്ന നിഴൽ കണ്ട് ബാലി അത്ഭുതപ്പെട്ടു. ആ നിഴൽ എന്താണ് ? (ശ്രദ്ധിച്ച് ) രൂപത്തിന് പത്തു തലകളും ഇരുപതു കൈകളും കാണുന്നു. ഇത് എന്റെ പിതാവിനെ അപമാനിച്ച രാവണൻ തന്നെ. അൽപ്പം പോലും ദയയില്ലാതെ ഇവനെ മർദ്ദിച്ച് ഒരു പാഠം പഠിപ്പിക്കണം.
അതാ! രാവണനോടൊപ്പം നാരദനും എന്റെ സമീപത്തേക്ക് വരുന്നു. ഞാൻ ഒന്നും അറിയാത്തവനെ പോലെ ഇവിടെ സന്ധ്യാവന്ദനം ചെയ്യുക തന്നെ. (ബാലി സന്ധ്യാവന്ദനത്തിൽ വ്യാപൃതനായി)
(മൂന്നാം രംഗത്തിൽ സമുദ്രക്കരയിൽ സന്ധ്യാവന്ദനം ചെയ്യുന്ന ബാലിയെ രാവണന് കാണിച്ചു കൊണ്ട് ) നാരദൻ:
"അല്ലയോ രാക്ഷസരാജാവേ, ഇവനാണ് ബാലി. ഇവന്റെ നീണ്ടു തടിച്ച വാലും
കൈകാലുകളും മുഖവും ശരീരവും എല്ലാം കണ്ടാൽ ആർക്കും ഭയം ഉണ്ടാകും. എന്നാൽ നമ്മേ
കണ്ടാൽ അവൻ ഭയന്ന് ഓടും. അതുകൊണ്ട് പിൻഭാഗത്തു കൂടി ചെന്ന് അവന്റെ
വാലിന്റെ അഗ്രത്തു പിടിച്ചാലും. വാലിൽ പിടിച്ചാൽ വാനരന് വീരം
നഷ്ടപ്പെടുമെന്നത് അതിന്റെ സ്വഭാവമാണ്. (രാവണന് ഭയാശങ്ക ഉണ്ടെന്നു മനസിലാക്കിയ നാരദൻ) എന്തിനാണ് മടിക്കുന്നത് ? ഇതു നല്ല അവസരമാണ്. ഭയപ്പെടാതെ അവന്റെ സമീപത്തേക്കു ചെന്ന് വാലിൽ പിടിക്കൂ.
രാവണനും നാരദനും
നാരദന്റെ വാക്കുകൾ കേട്ടപ്പോൾ ഉദ്ദേശിച്ചിരുന്ന രൂപമല്ല ബാലിയിൽ രാവണൻ കണ്ടത്. ബാലിയുടെ ഭീകര രൂപം കണ്ടപ്പോൾ ബാലീ ബന്ധനത്തെ പറ്റിയുള്ള രാവണന്റെ ചിന്തയ്ക്ക് മാറ്റം ഉണ്ടായി.
രാവണൻ :(ആത്മഗതം) ഞാൻ എന്താണ് ചെയ്യേണ്ടത് ? സംഗതി അത്ര പന്തിയല്ല. ഉദ്ദേശിച്ചതു പോലെ ബന്ധനം നടക്കുമോ? ആവശ്യം ഇല്ലാതെ ഓരോന്നു എന്തിനു ചിന്തിക്കുന്നു? ബാലീബന്ധന ശ്രമത്തിൽ നിന്നും പിന്തിരിയുകയല്ലേ നല്ലത് ?
രാവണൻ: (ബന്ധന ശ്രമത്തിൽ നിന്നും പിന്തിരിയാൻ ശ്രമിച്ച ശേഷം പെട്ടെന്ന് ധൈര്യമായി) രാവണൻ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു പോവുകയോ? ഇപ്പോൾ തന്നെ ഞാൻ ബാലിയെ ബന്ധിക്കുന്നുണ്ട്.
നാരദൻ: ധൈര്യമായി ബാലിയുടെ വാലിൽ പിടിക്കുക. (നാരദൻ ബാലിയുടെ സമീപം എത്തി ബാലി നിസ്സാരനാണ്, ഒട്ടും ഭയ പ്പെടേണ്ടതില്ലഎന്ന് രാവണന് ധൈര്യം പകരുന്നു.)
രാവണൻ: ചന്ദ്രഹാസം പിടിച്ച എന്റെ കൈകൾ കൊണ്ട് ഈ ബാലിയുടെ (വൃത്തി ഹീനമായ) വാലിൽ പിടിക്കണമോ?
നാരദൻ: നോക്കൂ,(മുകളിലേക്ക് ചൂണ്ടി) ദേവന്മാരും ദേവസ്ത്രീകളും എല്ലാവരും ശ്രദ്ധിക്കുന്നു. സമയം പാഴാക്കാതെ വാലിൽ പിടിക്കൂ.
രാവണൻ ബാലിയുടെ വാലിൽ പിടിച്ചു. നാരദനുമൊത്ത് യാത്രയ്ക്ക് മുതിരുമ്പോൾ ബാലി തന്റെ വാലുകൊണ്ട് രാവണന്റെ കൈ മുറുക്കി. തുടർന്ന് നാരദന്റെ ഉപദേശപ്രകാരം ഇരുപതു കൈകൾ കൊണ്ട് വാല് പൊട്ടിച്ച് മാറ്റുവാൻ ശ്രമിച്ചു. സാധ്യമാകാതെ വന്നപ്പോൾ നാരദപ്രേരണയ്ക്ക് വശംവദനായി രാവണന്റെ കാലുകൾ ശിരസുകൾ എല്ലാം ചലിക്കാനാവാതെ ബാലിയുടെ വാലിൽ കുടുങ്ങി. രാവണൻ ബാലിയുടെ വാലിൽ കുടുങ്ങിയത് ദേവന്മാരെ വിളിച്ച് സന്തോഷത്തോടെ നാരദൻ കാണിച്ചു. സന്തോഷത്തോടെ നാരദൻ യാത്രയായി.
ബാലി , രാവണൻ , നാരദൻ
ബാലി , രാവണൻ
രാവണൻ തന്റെ വാലിൽ കുടുങ്ങിയത് അറിഞ്ഞും അറിയാത്തവനെപ്പോലെ ബാലി സന്ധ്യാവന്ദനം കഴിഞ്ഞ് പർവതങ്ങൾ ചാടി കടന്ന് കിഷ്കിന്ധയിൽ എത്തി. രാവണന്റെ ദീനരോദനം ശ്രദ്ധിച്ച ശേഷം ബാലി രാവണനെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു.
ഇന്ദ്രനെ ബന്ധിച്ചവന്റെ പിതാവോ നീ? കൈലാസപർവ്വതം എടുത്തു കൈകളിൽ വെച്ച് ഒരു പന്തുപോലെ കളിച്ച വീരനാണോ നീ? ഒരു വാനരന്റെ പൃഷ്ഠഭാഗത്തിൽ വസിക്കുവാൻ നിനക്ക് അത്ര ഇഷ്ടമോ? എത്ര നാളുകളായി നീ എന്റെ പിറകിൽ കൂടിയിട്ട് ? എവിടെ നിന്റെ ശക്തനായ പുത്രൻ? എന്നിങ്ങനെ പരിഹസിച്ചു.
രാവണൻ: നാരദന്റെ വാക്കുകൾ കേട്ട് നിന്റെ ശക്തി അറിയാതെ ഞാൻ ചെയ്ത സാഹസങ്ങൾ ക്ഷമിക്കുക. എന്റെ അവിവേകം ക്ഷമിച്ചാലും. അല്ലയോ ഇന്ദ്രപുത്രാ നമസ്കാരം. (രാവണൻ ബാലിയെ തൊഴുതു. എന്നെ തൊഴരുത്. നാം ഇരുവരും രാജാക്കന്മാരാണ് എന്ന് അറിയിച്ച് ബാലി രാവണനെ തടുത്തു.)
ബാലി: എന്നിൽ അത്രയും ഭയം ഉണ്ടെങ്കിൽ ഇനി നാം ശത്രുക്കൾ അല്ല. മിത്രങ്ങളാണ്. ഒരിക്കലും അഹങ്കരിക്കാതെ ലങ്കയിൽ പോയി വസിച്ചു കൊള്ളുക.
(ബാലി രാവണനെ ആശ്ലേഷിച്ചു യാത്രയാക്കി). (ധനാശി).
ബാലി , രാവണൻ , നാരദൻ
രാവണൻ ചന്ദ്രഹാസം ഒഴിവാക്കി ബാലിയെ നേരിടാൻ പുറപ്പെട്ടു എന്നതാണ് കഥയെങ്കിൽ കൂടി പരമശിവനിൽ നിന്നും ലഭിച്ച ദിവ്യായുധം നിസാരമായി വീശി വിട്ടു പോകുന്നതിനോട് യോജിക്കാനാവുന്നില്ല. പല പ്രഗത്ഭ നടന്മാരും ഇപ്രകാരം ചെയ്തിട്ടുണ്ട് അല്ലെങ്കിൽ ചെയ്തു വരുന്നുണ്ട് എന്നാലും ഒരു രാജാവ് എന്ന നിലയിൽ കഥാപാത്രത്തിന്റെ ഔചിത്യം കൂടി കണക്കിലെടുക്കണം.
രാജാക്കന്മാർ ആയുധത്തെ ആയുധപ്പുരയിൽ സൂക്ഷിക്കാം. ദിവ്യായുധമെങ്കിൽ പൂജാമുറിയിൽ സൂക്ഷിക്കാം. ആയുധം താഴെയോ സ്റ്റൂളിലോ വെച്ചിട്ട് ഒരു ദൂതനെ വിളിച്ചു ആയുധം സൂക്ഷിച്ചു വെയ്ക്കാൻ ആജ്ഞാപിക്കാം. പരമശിവൻ നൽകിയ ദിവ്യായുധം ഒരു വാനരനെ പിടിക്കാനുള്ളതല്ല, അത് പൂജാ മുറിയിൽ സൂക്ഷിച്ചു വെയ്ക്കാൻ നാരദ മഹർഷിക്കും പറയാം.
രാവണൻ ബാലിയെ ബന്ധിക്കുവാൻ പുറപ്പെടുന്നതിനു മുൻപ് ലങ്കയുടെ ചുമതല ലങ്കാലക്ഷ്മിയെ എൽപ്പിക്കുന്ന രീതി സാധാരണ അവതരിപ്പിച്ചു കാണാറുള്ളതാണ്. ഇവിടെ അങ്ങിനെ ഉണ്ടായതായി എനിക്ക് അനുഭവപ്പെട്ടില്ല.
(ബാലിവിജയം കഥയിൽ ഇപ്പോൾ നടപ്പില്ലാത്ത രണ്ടു രംഗങ്ങളെ (രംഗം-7, രംഗം-8)പറ്റിയും ആസ്വാദകർ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിരായുധനായി രാവണൻ നാരദനോടൊപ്പം ബാലിയെ ബന്ധിക്കുവാൻ പുറപ്പെടുവാൻ തീരുമാനിക്കുന്ന രംഗം കഴിഞ്ഞാൽ ലങ്കാലക്ഷിയുടെ തിരനോക്കും തന്റെ ദുർസ്ഥിതിയും ശാപമോക്ഷ പ്രതീക്ഷയും ഉൾപ്പെടുന്ന ആട്ടത്തിനു ശേഷം രാവണനും ലങ്കാലക്ഷ്മിയും തമ്മിലുള്ള രംഗം ഉണ്ട്.
രാവണൻ ഒരു പ്രധാന കാര്യസിദ്ധിക്കായി നാരദനുമൊത്ത് യാത്രയാവുകയാണ് എന്നും മടങ്ങിവരും വരെ ലങ്കയുടെ സംരക്ഷണ ചുമതല ലങ്കാലക്ഷ്മിയെ ഏൽപ്പിക്കുകയും ദേവന്മാരുടെ ചതി പ്രയോഗങ്ങൾ ലങ്കയ്ക്ക് ഉണ്ടാകാതെ ശ്രദ്ധിക്കണം എന്നും ഉത്തരവിടുകയും രാവണന്റെ ആജ്ഞ സിരസാവഹിച്ച ലങ്കാലക്ഷ്മി രാവണന് യാത്രാ മംഗളം നേരുന്നതുമാണ് ഈ രംഗത്തിന്റെ ഉള്ളടക്കം.)
രാവണന്റെ പദത്തിൽ "പങ്കജോൽഭവൻതന്നെ സങ്കടം പറകയാൽ ശ്രുംഖല മോചിച്ചു ഞാൻ " എന്ന രാവണന്റെ പദാട്ടത്തിൽ 'പങ്കജോൽഭവൻ' (ബ്രഹ്മാവ് ) എന്ന് പറയുമ്പോൾ നാരദൻ 'എന്റെ അച്ഛൻ' എന്ന് രാവണനെ നോക്കി ഉറപ്പിക്കുകയുണ്ടായി. കഥയുടെ രസികത്തത്തിന് വളരെ ഉചിതമായ ഒരു പൊടിക്കൈയാണ് ശ്രീ. കോട്ടക്കൽ ദേവദാസിന്റെ നാരദൻ ഇവിടെ രംഗത്ത് പ്രയോഗിച്ചത്.
രാവണപുത്രനായ മേഘനാദൻ യുദ്ധത്തിൽ ഇന്ദ്രനെ തോൽപ്പിച്ച് ബന്ധനസ്ഥനാക്കി (രാവണപുരിയിൽ)
ലങ്കയിൽ എത്തിച്ച് അപമാനിച്ചു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് രാവണനോട്
സങ്കടം പറഞ്ഞപ്പോൾ രാവണൻ ഇന്ദ്രനെ മോചിപ്പിച്ചു. നാരദൻ ഇന്ദ്രപുത്രനായ
ബാലിയുടെ വാലിൽ രാവണനെ കുടുക്കി കിഷ്കിന്ധയിൽ എത്തിച്ച് അപമാനിച്ചു
എന്നതാണ് കഥ. എന്നാൽ "എന്റെ അച്ഛൻ" (ബ്രഹ്മാവ് ) രാവണന്റെ മുൻപിൽ എത്തി സങ്കടം പറയേണ്ടി വന്നതിന് നാരദന്റെ പ്രതികാരവും കഥയിലുണ്ട് എന്ന് രംഗത്ത് തെളിയിക്കാൻ ശ്രീ.
കോട്ടക്കൽ ദേവദാസിനു സാധിച്ചു.
ശ്രീ. കലാമണ്ഡലം സതീശൻ, ശ്രീ. സദനം ശ്രീനിവാസൻ, ശ്രീ. കലാമണ്ഡലം രവികുമാർ എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്ത് കഥാപാത്രങ്ങൾക്ക് രൂപ ഭംഗി നൽകിയത്. ശ്രീ. കലാമണ്ഡലം കുഞ്ഞിരാമൻ ശ്രീ. രമേഷ് എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച് കളിയുടെ വിജയത്തിന്റെ പങ്കാളികളായി.
ഉത്തരീയം കഥകളി സംഘടനയ്ക്ക് അഭിമാനിക്കാൻ അർഹമായ ഒരു ഗംഭീര അവതരണമാണ് കലാക്ഷേത്രയിൽ അരങ്ങേറിയത്. ഉത്തരീയത്തിന്റെ സംഘാടകർക്ക് ഈ എളിയ ആസ്വാദകന്റെ നന്ദി രേഖപ്പെടുത്തുന്നു.
പണ്ടു കണ്ട കഥ വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി, ചമ്പക്കുളം പാച്ചുപിള്ളയുടെ ബാലിയും ഹരിപ്പാട്ടു രാമകൃഷ്ണ പിള്ളയുടെ രാവണനും മാംകുളം വിഷ്ണു നമ്പൂതിരിയുടെ നാരദനും അമ്പതു വര്ഷം കഴിഞ്ഞു എന്റെ മുമ്പില്‍ പുനര്‍ജനിച്ചു, നന്ദി സുഹൃത്തേ നന്ദി.
മറുപടിഇല്ലാതാക്കൂMohandas K P: ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയും ശ്രീ. ഹരിപ്പാട് ആശാനും ചേർന്നുള്ള നാരദൻ രാവണൻ കോമ്പിനേഷൻ വളരെയധികം ആസ്വദിച്ചിട്ടുണ്ട്. ഓർമ്മപ്പെടുത്തലിനു ഞാനും നന്ദി പറയുന്നു.
മറുപടിഇല്ലാതാക്കൂMr.C.A.Nair, ഒരു സംശയം. ഇനി നാം ശത്രുക്കൾ അല്ല. മിത്രങ്ങളാണ് എന്ന് രാവണനോട് പറയുന്ന ബാലി, രാവണനെ അർദ്ധാസനം നൽകി ആദരിക്കുന്നില്ലേ?
മറുപടിഇല്ലാതാക്കൂ