ലവണാസുരവധം കഥയിലെ ആദ്യരംഗത്തിൽ കുശലവന്മാർ അമ്പും വില്ലും ധരിച്ച് സീതാദേവിയെ വണങ്ങിക്കൊണ്ട് ആശ്രമത്തിലെ മറ്റു കുട്ടികളോടൊപ്പം വനകാഴ്ചകൾ കാണാൻ പോകുന്നതിന് അനുവാദം ചോദിക്കുന്നു. നിങ്ങൾക്ക് പഠിക്കുവാൻ ഒന്നും ഇല്ലേ എന്നുള്ള ചോദ്യത്തിന് ഇന്ന് പഠിക്കുവാൻ ഒന്നും ഇല്ലെന്നും, ഗുരു (വാല്മീകി മഹർഷി) വരുണദേവനെ സന്ദർശിക്കുവാൻ പോയിരിക്കുകയാണ് എന്നായിരുന്നു മറുപടി.
വെയിലിൽ അലയരുത്, പരസ്പരം വഴക്കു കൂടരുത്, വേഗം മടങ്ങി വരണം എന്നിങ്ങനെയുള്ള സീതാദേവിയുടെ മാതൃവാത്സല്ല്യം നിറഞ്ഞ മൂന്നു നിബന്ധനകൾ കുട്ടികൾ സമ്മതിച്ചു . സീതാദേവി കുട്ടികളെ അനുഗ്രഹിച്ച് യാത്രയാക്കി.
കുശൻ , സീതാദേവി, ലവൻ
വനഭംഗികൾ കണ്ടു രസിച്ചു വരവേ ചുറ്റി തിരിയുന്ന ഒരു കുതിരയെ കണ്ട് ലവൻ അതിനെ കുശന് കാട്ടിക്കൊടുത്തു. "കൌസല്ല്യാ പുത്രനായ ശ്രീരാമന് സമമായ ശക്തിയുള്ളവർ ഈ കുതിരയെ ബന്ധിക്കാം " എന്ന് കുതിരയുടെ നെറ്റിയിൽ സ്വർണ്ണത്തികിടിൽ എഴുതി ഒരു കുറിപ്പ് എഴുതി കെട്ടി വെച്ചിരുന്നത് ലവൻ, കുശന് കാട്ടി കൊടുത്തു. നീ ആ കുതിരയെ ബന്ധിക്കൂ ഞാൻ ഈ കാടൊക്കെ ഒന്ന് ചുറ്റി കണ്ടിട്ടുവരാം. ആരെങ്കിലും എതിർക്കുവാൻ വന്നാൽ നീ നേരിടൂ എന്ന് ലവന് നിർദ്ദേശം നല്കി കുശൻ കാടിനുള്ളിലേക്ക് നീങ്ങി. ലവൻ കുതിരയെ ബന്ധിച്ചു കാത്തുനിന്നു.
ഹനുമാൻ
ഹനുമാൻ
തിരശീലയുടെ രണ്ടു ഭാഗത്തുമായി മാറി മാറി നോക്കി ആരംഭിച്ച ഹനുമാന്റെ തിരനോക്ക് ഒരു അനുഭവ പുതുമ നൽകി. രാവണനെ ജയിച്ച ശ്രീരാമസ്വാമിയുടെ യാഗാശ്വത്തെ ബന്ധിച്ച രണ്ടു ബാലന്മാർ ആര് ? അവർ ശ്രീരാമസ്വാമിയുടെ സഹോദരന്മാരെയും തോൽപ്പിച്ചിരിക്കുന്നു. ഇപ്പോൾ ശ്രീരാമൻ യാഗാശ്വത്തെ മോചിപ്പിക്കുവാനായി എന്നെ അയച്ചിരിക്കുന്നു. ആ ബാലന്മാരെ തേടുക തന്നെ എന്നായിരുന്നു തിരനോക്കിനു ശേഷമുള്ള ഹനുമാന്റെ ആത്മഗതത്തിൽ അവതരിപ്പിച്ചത്.
ഹനുമാൻ മറഞ്ഞിരുന്നു കൊണ്ട് യാഗാശ്വത്തെ ബന്ധിച്ച കുട്ടികളെ കണ്ടു. കുട്ടികളുടെ മുഖം ശ്രദ്ധിച്ചപ്പോൾ വാത്സല്യവും പാദങ്ങൾ ശ്രദ്ധിച്ചപ്പോൾ ഭക്തിയും ഹനുമാനിൽ നിറഞ്ഞു. ഈ കുട്ടികളുമായി യുദ്ധം ചെയ്ത് എങ്ങിനെ അശ്വത്തെ വീണ്ടെടുക്കും എന്ന് ഹനുമാൻ സംശയിച്ചു. കുട്ടികളിൽ നിന്നും അശ്വത്തെ വീണ്ടെടുക്കുവാനുള്ള സുഗമമായ മാർഗ്ഗത്തിനു വേണ്ടി ഹനുമാൻ ശ്രീരാമസ്വാമിയെ ഭക്തി പൂർവ്വം പ്രാർത്ഥിച്ചു.
കുശലവന്മാർ
ഹനുമാൻ മരത്തിലെ ഇലകളും പൂക്കളും പറിച്ച് കുട്ടികളുടെ നേരെ വീശുവാൻ ഒരുങ്ങി. എന്നാൽ കുട്ടികളുടെ മൃദുല ശരീരത്തിൽ ഇലകൾ വീണാൽ വേദനിക്കുമോ എന്ന് ശങ്കിച്ചു. വൃക്ഷത്തിലെ തളിരിലകൾ ഇറുത്ത് കുട്ടികളുടെ ശരീരത്തിലേക്ക് അർപ്പിച്ചു. കുട്ടികൾ ഹനുമാന്റെ നേരെ ശര വർഷങ്ങൾ എയ്തു. ഹനുമാൻ ശരങ്ങൾ ഒന്നൊന്നായി പിടിച്ചു നശിപ്പിച്ചു. ഒടുവിൽ കുട്ടികളോട് ശരവർഷം നിർത്തുവാൻ അപേക്ഷിച്ചു. കുട്ടികൾ ശരവർഷം നിർത്തി.
ഈ സിംഹകുട്ടികൾ ആരാണ് ? മുഖത്തു ക്ഷത്രിയ ലക്ഷണം കാണുന്നു. ജടധരിച്ച് അമ്പും വില്ലുമേന്തയ ഇവരുടെ വേഷം കാണുമ്പോൾ ആശ്രമ കുട്ടികളെന്നു തോന്നുന്നു. പണ്ട് സുഗ്രീവന്റെ ആജ്ഞാനുസരണം രാമലക്ഷ്മണന്മാരെ കണ്ടപ്പോൾ അവരും ഇതേപോലുള്ള വേഷമാണ് ധരിച്ചിരുന്നത്. ഈ കുട്ടികൾക്ക് ശ്രീരാമന്റെ മുഖശ്ചായയോട് വളരെ സാദൃശ്യം ഉണ്ട് എന്ന് ഹനുമാൻ മനസിലാക്കി.
നിങ്ങളുടെ ഗുരു ആരാണ്, മാതാപിതാക്കന്മാർ ആരാണ് ? എന്നീ വിവരങ്ങൾ ഹനുമാൻ കുട്ടികളോട് ചോദിച്ചു. ഉത്തരം പറയാൻ മുതിരാത്ത കുട്ടികളോട് ഞാൻ കടൽ കടന്ന് അനേകം രാക്ഷസന്മാരെ വധിച്ച വായൂ പുത്രനായ ഹനുമാനാണ് എന്ന് അറിയിച്ചു. നിന്റെ പൊങ്ങച്ചം പറച്ചിൽ വേഗത്തിൽ ഞാൻ അവസാനിപ്പിക്കുന്നുണ്ട് എന്ന് കുശൻ പ്രതികരിച്ചു.
നിങ്ങളുടെ വീരവാക്കുകൾ എല്ലാം കൊള്ളാം, എന്നോട് യുദ്ധം ചെയ്യാൻ തയ്യാറാണോ എന്ന് ഹനുമാന്റെ ചോദ്യത്തിന് വീമ്പിളക്കാതെ യുദ്ധക്കളത്തിൽ ഇറങ്ങാൻ ലവൻ ഹനുമാനോട് പറഞ്ഞു. യുദ്ധം ആരംഭത്തിൽ തങ്ങളുടെ ആയുധങ്ങളുടെ ശക്തി കാട്ടുവാനായി കുശലവന്മാർ വില്ലിന്റെ ഞാണ്‍ വലിച്ചു കെട്ടി ഭൂമിയിലേക്ക് അയച്ച അമ്പുകൾ തറച്ചപ്പോൾ ഭൂമിയിൽ രണ്ടു വലിയ കുഴികൾ ഉണ്ടായതും ആ കുഴികളിൽ ഒന്നിൽ പാലും അടുത്തതിൽ ജലവും കണ്ട് ഹനുമാൻ അത്ഭുതപ്പെട്ടു. ഭൂമീദേവി കുട്ടികളുടെ മേലുള്ള വാത്സല്ല്യം നിമിത്തം മുല ചുരന്ന് പാൽ ഉണ്ടായിരിക്കുന്നത് എന്ന് സങ്കൽപ്പിച്ചു. ഹനുമാൻ കുഴിയിലേക്ക് കൈ നീട്ടി ജലവും പാലും കുട്ടികളുടെ മുഖത്തേക്ക് തളിച്ചു.
ഹനുമാൻ തന്റെ മുഷ്ടി ചുരുട്ടി ശക്തിയായി ഭൂമിയിൽ പ്രഹരിച്ചു. അപ്പോൾ ഉണ്ടായ കുഴി കുശലവന്മാർക്ക് കാണിച്ചുകൊടുത്തു. അവർ അത് നിസ്സാരമായി കണ്ടു. തുടർന്ന് യുദ്ധം ആരംഭിച്ചു. കുശലവന്മാർ സമ്മോഹനാസ്ത്രം അയച്ചു. യുദ്ധത്തിൽ ഹനുമാൻ കുട്ടികളുടെ ഹിതത്തിന് സ്വയം വഴങ്ങി. കുശലവന്മാർ ഹനുമാനെ ബന്ധിച്ചു.
കുശനും ലവനും ഹനുമാനെ സീതാദേവിയുടെ മുൻപിൽ എത്തിച്ചു. രാമഭക്തനായ ഹനുമാനെ ഇങ്ങിനെ ഒരു സാഹചര്യത്തിൽ കണ്ടപ്പോൾ സീതാദേവി അത്ഭുതപ്പെട്ടു പോയി. ഹനുമാനെ
ഇങ്ങിനെ കാണേണ്ടി വന്നതു ദൈവ നിശ്ചയമാകും എന്ന് ആശ്വസിച്ച സീതാദേവി പുത്രന്മാരോട് ഈ ഹനുമാൻ വന്ദനീയനാണ്, അദ്ദേഹത്തിൻറെ ബന്ധനം അഴിക്കൂ എന്ന് പറഞ്ഞു.
ബന്ധനസ്ഥനായ ഹനുമാൻ
*തന്റെ ജീവനെ രക്ഷിച്ചതു മൂലം താതതുല്യൻ എന്ന് സീതാദേവി ഹനുമാനെ ഓർമ്മിപ്പിച്ചു കൊണ്ട് ഈ ലോകത്തിൽ നിനക്ക് സമാനായി വേറാരും ഇല്ല എന്ന് അറിയിച്ചു .
സുഖമോ ദേവി? ഹനുമാന്റെ അന്വേഷണം. ഈ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസമാണ് എന്ന് അറിയിച്ച് ഹനുമാൻ സീതാദേവിയെ നമസ്കരിച്ചു.
അമ്മയോട് നിങ്ങളുടെ നിങ്ങളുടെ വികൃതിത്തരങ്ങൾ അറിയിക്കും എന്ന് ഹനുമാനും, പറയരുതേ എന്ന് ലവനും കുശനും അപേക്ഷിക്കുന്നു. പുത്രരുടെ പരാക്രമം കണ്ടു.സമർത്ഥർ തന്നെ. ഇവർ ഒരിക്കൽ ത്രിലോകങ്ങളെയും ഭരിക്കും എന്നതിന് സംശയം ഇല്ല എന്ന് ഹനുമാൻ സീതയോട് പറഞ്ഞു.
ഹനുമാൻ കുശലവന്മാരോടൊപ്പം
എന്തിനാണ് വനത്തിൽ വന്നത് എന്നത് എന്ന് സീതാദേവി ഹനുമാനോട് ചോദിച്ചു. ശ്രീരാമൻ ആശ്വമേധയാഗം നടത്തുവാൻ തീരുമാനിച്ച വിവരം അറിയിച്ച ഹനുമാൻ, (കുട്ടികളുടെ ശ്രദ്ധയിൽ പെടാതെ) കുട്ടികൾ ബന്ധിച്ച യാഗാശ്വത്തെ സീതാദേവിക്ക് ചൂണ്ടി കാണിച്ചു.
ഈ യാഗാശ്വത്തെ കൂട്ടി പോകാൻ ഞാൻ എത്തിയതാണ്. അതുകൊണ്ട് എനിക്ക് ദേവിയെ കാണുവാൻ സാധിച്ചു.
പട്ടമഹിഷിയില്ലാതെ എങ്ങിനെ ശ്രീരാമസ്വാമി യാഗം നടത്തും എന്ന് സീതാദേവി സംശയം ഉന്നയിച്ചു. കാഞ്ചനസീതയെയാണ് ശ്രീരാമസ്വാമി അതിന് ഉപയോഗിക്കുവാൻ പോകുന്നത് എന്ന് ഹനുമാൻ അറിയിച്ചപ്പോൾ അദ്ദേഹം ലോകരക്ഷ ചെയ്യുന്നതിൽ സീതാദേവി സന്തോഷിക്കുന്നു.
യാഗാശ്വത്തെ മോചിപ്പിക്കുവാൻ കുട്ടികളോട് പറയൂ എന്ന് ഹനുമാൻ സീതയോട് അപേക്ഷിച്ചു. കുട്ടികൾ കുതിരയെ മോചിപ്പിച്ചു. സീതാദേവിയുടെ ഇരുവശത്തുമായി കുട്ടികളെ നിർത്തി ഹനുമാൻ നോക്കി കണ്ടു. അവരോടൊപ്പം ശ്രീരാമസ്വാമിയുടെ സാന്നിദ്ധ്യം ഹനുമാൻ മനസ്സിൽ കണ്ടു. ഹനുമാൻ ഇവരുടെ വിധിയെ പഴിച്ചു. ഞാൻ ഒരിക്കൽ മടങ്ങി വന്ന് ഈ കുട്ടികളെ ശ്രീരാമസന്നിധിയിലേക്ക് കൂട്ടി പോകും എന്ന് സീതാദേവിയെ അറിയിച്ചു കൊണ്ട് ഹനുമാൻ കുതിരയുമായി യാത്രയായി.
ശ്രീ. സദനം ബാലകൃഷ്ണൻ ആശാന്റെ ഹനുമാനിലുടനീളം കുശലവന്മാരോട് തോന്നുന്ന വാത്സല്ല്യം, ശ്രീരാമനോടും സീതാദേവിയോടുമുള്ള ഭക്തി എന്നിവ നിറഞ്ഞു നിന്നിരുന്നു.
"അനിലസുതൻ അഹമെന്നു ധരിച്ചീടുവൻ ബാലരെ
ജലധി കടന്നോരു വനരനഹം" എന്ന ഹനുമാന്റെ പദത്തിന് ഹനുമാനും കുശലവന്മാരും ഒന്നിച്ച് ചെയ്യുന്ന അഷ്ടകലാശം വളരെ ഹൃദ്യമായി. "പുത്രരുടെ പാരാക്രമം ..." എന്ന പദാട്ടത്തിനു അമ്മയോട് പറയട്ടേ എന്ന് സരസമായി ചോദിക്കുന്ന ഹനുമാനും "പറയരുതേ" എന്ന് കെഞ്ചുന്ന കുശലവന്മാരും മനസ്സിൽ പതിയും വിധമാണ് അവതരിപ്പിച്ചത്. കുട്ടികളുടെ ശ്രദ്ധ തിരിച്ച ശേഷം അവർ ബന്ധിച്ച യാഗാശ്വത്തെ സീതാദേവിക്ക് കാണിച്ചു കൊടുക്കുന്നതും ലവകുശന്മാർ കുതിരയെ മോചിപ്പിച്ചപ്പോൾ കണ്ട് കുതിര എഴുനേറ്റ് ശരീരം കുടയുന്നത് ഹനുമാൻ കാണുന്നതും (സുപരിചിതരെ കാണുമ്പോഴുള്ള വളർത്തു മൃഗങ്ങൾക്ക് ഉണ്ടാകുന്ന സ്വഭാവം) കുതിരയുമായുള്ള ഹനുമാന്റെ യാത്രയും ദൃശ്യഭംഗി നൽകുന്നതും ആകർഷണീയവും ആസ്വാദകന്റെ സ്മരണയിൽ നിന്നും മായാത്ത അനുഭവം സൃഷ്ടിക്കുന്നതും ആയിരുന്നു.
ശ്രീ. വെള്ളിനേഴി ഹരിദാസ് സീതാദേവിയായി വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. കുസൃതി കുട്ടന്മാരായ കുശൻ, ലവൻ എന്നീ വേഷങ്ങൾ യഥാക്രമം ശ്രീ. സദനം ഭാസിയും ശ്രീ. സദനം ശ്രീനാഥും അവതരിപ്പിച്ചു.
ശ്രീ. കലാമണ്ഡലം ഹരീഷാണ് കഥയ്ക്ക് പൊന്നാനി പാടിയത്. "അനുപമ ഗുണനാകും മനുകുലദീപനു", "ഹന്ത ഹന്ത ഹനുമാനേ", "സുഖമോ ദേവീ!" എന്നീ പദങ്ങൾ വളരെ ഹൃദ്യമായി.
ശ്രീ. കലാമണ്ഡലം ഹരീഷ്, ശ്രീ. കലാമണ്ഡലം വിനോദ്.
ശ്രീ. സദനം രാമകൃഷ്ണൻ (ചെണ്ട) ശ്രീ. സദനം ദേവദാസ് (മദ്ദളം) എന്നിവരുടെ പ്രകടനം ലവണാസുരവധം കളിയുടെ ഗംഭീര വിജയത്തിന് ഒരു പ്രധാന ഘടകമായി എന്ന് പറയാം.
അധികവും സ്ത്രീ വേഷം ചെയ്തുള്ള ശീലം കൊണ്ടാകാം ശ്രീ. സദനം ശ്രീനാഥിന്റെ മുദ്രകൾക്ക് ഒരു ചടുലത കുറവായി തോന്നി. കാലാവസ്ഥയുടെ കാരണത്താൽ ഒരു കലാകാരന് ഉണ്ടായ അസ്വസ്ഥത കാരണം ഇടയിൽ കളി കുറച്ചു സമയം മുടങ്ങി എന്നതു മാത്രമാണ് വിരസത ഉണ്ടാക്കിയത്.
***************************************************************************************
"സമ്മോഹനാസ്ത്രം"
സമ്മോഹനാസ്ത്രം മനുഷ്യരിൽ പ്രയോഗിച്ചാൽ മോഹാൽസ്യം ഉണ്ടാകും. മൃഗങ്ങളിൽ ഈ അസ്ത്രം ഫലിക്കില്ല. കുതിരയുടെ രക്ഷാ സൈന്യത്തെ സമ്മോഹനാസ്ത്രം ഉപയോഗിച്ച് കുശലവന്മാർ മോഹാൽസ്യപ്പെടുത്തി എന്നാണ് കഥ.
* "തന്റെ ജീവനെ രക്ഷിച്ചതു മൂലം താതതുല്യൻ"
ലങ്കാപുരിയിലെ അശോക വനത്തിൽ സീതാദേവിയുടെ സമീപം എത്തിയ രാവണൻ സീതയെ പ്രലോഭിക്കാൻ ശ്രമിക്കുകയും രാവണന്റെ ഇംഗിതത്തിന് വഴങ്ങാത്ത സീതയ്ക്ക് ആലോചിച്ച് തീരുമാനമെടുക്കുവാൻ കാലാവകാശം നൽകുകയും ചെയ്തു. ഈ കാലാവധി കഴിഞ്ഞാൽ സീതയെ ബലമായി പട്ടമഹിഷിയാക്കും എന്ന രാവണന്റെ തീരുമാനം അറിഞ്ഞ സീത സ്വന്ത മുടി ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ തയ്യാറായി എന്നും ഈ സമയമാണ് ഹനുമാൻ അവിടെ എത്തിയത്. ഇതാണ് സീതയുടെ ജീവനെ ഹനുമാൻ രക്ഷിച്ചതിന്റെ കഥ.
ഹൃദയഹാരിയായ വിവരണം. നേരിട്ട് കളി കണ്ടതുപോലെയുള്ള അനുഭവം ഉണ്ടാക്കുന്നു. കളി നന്നായി എന്ന് വരികൾക്കിടയിൽ നിന്ന് മനസ്സിലായി. തുടർന്നും പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!!!
മറുപടിഇല്ലാതാക്കൂFacebook Comments : Sinu Cg വളരെ നല്ല വിവരണം , സദനം ബാലകൃഷ്ണൻ ആശാൻ വളരെ കഴിവുള്ള കലാകാരൻ ആണ് ,ഇദ്ദേഹത്തിന്റെ ഒന്നാം ദിവസം നളൻ,ബഹുകൻ,ഭീമൻ ,ഹനുമാൻ (തോരണ യുദ്ധം ) എന്നീ വേഷങ്ങൾ കണ്ടിട്ടുണ്ട് ,തികഞ്ഞ ഔചിത്യ ബോധവും കഥാപാത്രങ്ങളോട് 100 ശതമാനവും കൂറ് പുലര്ത്തുന്ന പ്രകടനം ആണ് ,kathakali ifo യിൽ ഇദ്ദേഹം പ്രധാനം ആയും കത്തി ,വെള്ളതാടി എന്നീ വേഷങ്ങൾ ആണ് ചെയ്യുന്നത് എന്നാണ് കൊടുത്തിരിക്കുന്നത് ഇത് ശരിയല്ല പച്ച വേഷങ്ങളും ഇദ്ദേഹം നന്നായി തന്നെ ചെയ്യും ,വേഷ ഭംഗിയും എടുത്തു പറയേണ്ടത് തന്നെ .ഉയരക്കൂടുതൽ ഇദ്ദേഹത്തിന്റെ വേഷത്തിനു മാറ്റു കൂട്ടുന്നു ..ഇദ്ദേഹത്തിന്റെ കത്തിയും ഒന്നാം തരാം എന്ന് കേട്ടിട്ടുണ്ട് എങ്കിലും കാണാൻ സാധിച്ചിട്ടില്ല
മറുപടിഇല്ലാതാക്കൂ