പേജുകള്‍‌

2013, ജൂൺ 19, ബുധനാഴ്‌ച

ചെന്നൈയിൽ തിരനോക്കിയ തിരനോട്ടം (ഭാഗം -2)

കിരാതം കഥകളിയിൽ   അവതരിപ്പിച്ച ആദ്യ രംഗത്തിൽ അർജുനൻ  പരമശിവനെ തപസ്സു ചെയ്ത് ദിവ്യാസ്ത്രങ്ങൾ  നേടുവാനായി പാഞ്ചാലിയോട്‌ യാത്ര ചോദിക്കുമ്പോൾ വിഷമം പ്രകടിപ്പിക്കുന്ന  പാഞ്ചാലിയെ  ആശ്വസിപ്പിക്കാനായി അർജുനൻ ശിവ പ്രീതിയുടെ മഹത്വം ഉൾക്കൊള്ളുന്ന മാർക്കണ്ഡേയന്റെ  കഥയാണ്  അവതരിപ്പിച്ചത്.

                                                       അർജുനൻ  പാഞ്ചാലി

 14 വയസ്സു വരെ മാത്രമേ ആയുസ്സ് ഉള്ള ഒരു ബ്രാഹ്മണബാലനെ  യമലോകത്തേക്ക് കൂട്ടി പോകുവാൻ യമൻ എത്തി. ബാലൻ പേടിച്ച് കരഞ്ഞു കൊണ്ട് ശിവലിംഗത്തിൽ  കെട്ടിപ്പിടിച്ച് കരഞ്ഞു. യമൻ കയറിട്ട് ബാലനെ വലിച്ചപ്പോൾ ശിവലിംഗം പൊട്ടി. ശിവൻ  പ്രത്യക്ഷപ്പെട്ട് യമനെ വധിച്ച ശേഷം ബാലനെ അനുഗ്രഹിച്ച് ദീർഘായുസ് നൽകി എന്നതാണ് കഥ. 

പാഞ്ചലിയോട് വിട പറഞ്ഞ അർജുനൻ കൈലാസ പർവതം നിലകൊള്ളുന്ന   ഉത്തരഭാഗം നോക്കി നടകൊള്ളുന്നു. കൈലാസമലയുടെ അടിവാരത്തിൽ എത്തിയ അർജുനൻ കൈലാസമലയെ നോക്കി നമസ്കരിച്ചു. പിന്നീട് പരമശിവനെ പ്രാർത്ഥിക്കുന്നു.  
അല്ലയോ പരമേശ്വരാ! ദുഷ്ടബുദ്ധികളായ കൌരവർ ഞങ്ങളെ ചതിച്ച് വനത്തിൽ അയച്ചു. ഞങ്ങളുടെ ദുഃഖങ്ങൾ മാറ്റി കാത്തു രക്ഷിക്കേണമേ!

കൈലാസത്തിന്റെ താഴ്വരയിൽ   സുഗന്ധം പരക്കുന്നത് അർജുനന്  അനുഭവപ്പെട്ടു. പൂക്കളും വള്ളികളും നിറഞ്ഞ മരങ്ങൾ കാണുന്നു. ശിവമന്ത്രോച്ചാരണം കേൾക്കുന്നു. യാഗങ്ങൾ നടത്തുന്നത് കാണുന്നു. യാഗാഗ്നി മദ്ധ്യത്തിൽ ചിത്രശലഭങ്ങൾ പറന്നെത്തി അഗ്നിയിൽ പതിച്ചിട്ട് ഒരു ആപത്തും ഇല്ലാതെ വീണ്ടും പറന്നുയരുന്നത് അർജുനൻ വിസ്മയത്തോടെ നോക്കി നിന്നു (ഇത്  സ്വപ്നമാണോ യഥാർത്ഥമാണോ  എന്ന സംശയം തോന്നിയ അർജുനൻ സ്വയം ശരീരം നുള്ളിനോക്കി ഉറപ്പു വരുത്തി!). തപസ്സു ചെയ്യാൻ ഉചിതമായ ഗംഗാനദീ തീരത്തുള്ള ഒരു പ്രദേശം അർജുനൻ കണ്ടെത്തി.  ചെറുപ്പത്തിൽ ഗംഗയിൽ സ്നാനം ചെയ്തിട്ടുള്ളത് അർജുനൻ സ്മരിച്ചു. 

                                                                     അർജുനൻ

തന്റെ വംശത്തിലുള്ള ഒരു രാജാവ് പരമശിവനെ ഭജിച്ച് ഭൂമിയിൽ എത്തിച്ചതാണ് ഗംഗാനദി എന്ന് അർജുനൻ സ്മരിച്ചു (?). (അർജുനൻ ചന്ദ്രവംശജനാണ് . പരമശിവനെ ഭജിച്ച്  ഗംഗയെ ഭൂമിയിൽ എത്തിച്ചത്‌  സൂര്യവംശജനായ ഭഗീരഥൻ എന്ന രാജാവ് ആണ് ).  അർജുനൻ വസ്ത്രം ഊരിവെച്ചശേഷം ഗംഗയിൽ സ്നാനം ചെയ്തു. ശരീരത്തിൽ ഭസ്മം പുരട്ടി,  മരത്തിന്റെ കറയെടുത്ത്  മുടിയിൽ പുരട്ടി ജട കെട്ടി. മരവുരി (മരത്തിന്റെ തോലുരിച്ച് ) ധരിച്ച്‌ ശിവനെ മനസ്സിൽ സ്മരിച്ചു കൊണ്ട് ഒറ്റക്കാലിൽ നിന്നു തപസ്സ് ആരംഭിച്ചു.

                                          കാട്ടാളനും കാട്ടാളത്തിയും ചേർന്നുള്ള  തിരനോട്ടം

 അടുത്തതായി കാട്ടാളനും കാട്ടാളത്തിയും ചേർന്നുള്ള തിരനോട്ടവും  പിന്നീട് കാട്ടാളന്റെ തിരനോട്ടവുമാണ്  അവതരിപ്പിച്ചത്. 

(ഈ അവതരണം സാധാരണയായി ഞാൻ കണ്ടിട്ടുള്ളതിൽ നിന്നും വിഭിന്നമായാണ് എനിക്ക് അനുഭവപ്പെട്ടത്. കാട്ടാളന്റെ തിരനോട്ടമാവും ആദ്യം ഉണ്ടാവുക. അത്  കഴിഞ്ഞാൽ   കാട്ടാളവേഷം ധരിച്ച പരമശിവനും പാർവതിയും തിരയ്ക്കുള്ളിൽ  പ്രത്യക്ഷമായി  പിന്നീട്  തിര താഴ്ത്തി അവർ ധരിച്ച രൂപം പരസ്പരം നോക്കി കാണുന്ന രീതിയാണ് കണ്ടിട്ടുള്ളത്. )
 
കാട്ടാളത്തിയുടെ രൂപം ധരിച്ച  പാർവതീ ദേവി പൂവിറുത്തു കൊണ്ടിരിക്കുമ്പോൾ കാട്ടാളവേഷധാരിയായ ശിവൻ എത്തുന്നതും പരസ്പരം ശ്രദ്ധിക്കുകയും  അൽപ്പ സമയം കഴിഞ്ഞ് അവർ പരസ്പരം മനസിലാക്കുന്ന രീതിയിലാണ്  രംഗം അവതരിപ്പിച്ചത്.  പണ്ട് ആനയുടെ വേഷത്തിൽ അവർ ഈ പ്രദേശത്ത് എത്തിയതും ക്രീഡിച്ചതും ഗണപതി ജനിച്ചതും സ്മരിച്ചു. വാനരവേഷത്തിൽ  ക്രീഡിച്ചതും ശിവപാർവതിമാർ സ്മരിച്ചു.   

(ആനയുടെ വേഷത്തിൽ  ശിവപാർവതിമാർ ക്രീഡിച്ചപ്പോൾ ഒരു കുട്ടി ജനിച്ചതു പോലെ വാനരരൂപത്തിലും ഒരു കുട്ടി ജനിക്കുമോ എന്നു  ചിന്തിച്ച് പാർവ്വതി വിഷാദിച്ചു. ഇതു മനസിലാക്കിയ ശിവൻ വായുവിനെ സ്മരിക്കുകയും വായു ദേവൻ ശിവന്റെ വീര്യത്തെ വാനരപ്രമുഖനായ കേസരിയുടെ ഭാര്യ അഞ്ജനയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തന്മൂലം അഞ്ജന ഗർഭം ധരിക്കുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ആ കുട്ടിയാണത്രേ ഹനുമാൻ. )
 
കാട്ടാളന്റെയും കാട്ടാളത്തിയുടെ വേഷത്തിലും  ക്രീഡിക്കുകയും ചെയ്തപ്പോൾ ജനിച്ച കുട്ടി വളരെ വേഗം വളരുകയും (വേട്ടക്കൊരുമകൻ കഥ) ചെയ്തതും  രംഗത്ത് അവതരിപ്പിച്ചു. കലിയുഗത്തിലെ ജനങ്ങൾക്ക് അനുഗ്രഹം നൽകി വസിക്കണം എന്നും വേട്ടക്കൊരുമകനെ തൃപ്തിപ്പെടുത്തുവാൻ ഭക്തർകൾ "പന്തീരായിരം" എന്ന നേർച്ച നടത്തും എന്നും അനുഗ്രഹിക്കുന്നു.  (ഇതുവരെ  അവതരിപ്പിച്ചു കണ്ടു ശീലം ഇല്ലാത്ത ഈ ആട്ടങ്ങൾ കണ്ടപ്പോൾ   ഒരു പുതുമ അനുഭവപ്പെട്ടു.)  

                                                                    കാട്ടാളൻ

                                                                      കാട്ടാളത്തി

                                                          കാട്ടാളനും കാട്ടാളത്തിയും

                                                           കാട്ടാളനും കാട്ടാളത്തിയും

                                                                      കാട്ടാളത്തി

  (കാട്ടാളനും കാട്ടാളത്തിയും പരസ്പരം നോക്കിക്കണ്ട    ശേഷം ഭക്തനായ അർജുനനോടു യുദ്ധം വേണ്ട, അവന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ച് വരങ്ങൾ നൽകിയാൽ മതി എന്ന് കാട്ടാളത്തി പറയുമ്പോൾ അർജുനന് അൽപ്പം അഹങ്കാരം ഉണ്ടെന്നും, അത് അടക്കിയ ശേഷം വരം നൽകാമെന്നും കാട്ടാളൻ  അറിയിക്കുന്നു.  അഹങ്കാരിയായ  ഭസ്മാസുരൻ എന്ന ഭക്തന്  താൻ ചിന്തിക്കാതെ വരം നൽകുകയും, അവന് ലഭിച്ച  വരസിദ്ധി ഫലിക്കുമോ എന്ന്  അറിയുവാൻ  വരം നൽകിയ തന്റെ മേൽ പരീക്ഷണം  ചെയ്യാൻ   ഭാസ്മാസുരൻ  തയ്യാറായതും ഒടുവിൽ താൻ വിഷ്ണുവിനെ അഭയം പ്രാപിക്കേണ്ടി വന്നതുമായ കഥയാണ് സാധാരണ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. )

(അർജുനന്റെ  തപോസ്ഥലത്തേക്ക് കാട്ടാളവേഷധാരികളായ ശിവപാർവതിമാർ,  ഗണപതി, സുബ്രഹ്മണ്യൻ, അനുചരന്മാർ എന്നിവർ  ഒന്നിച്ച് യാത്രയായി എന്നാണ് കഥയിൽ.  പക്ഷെ അങ്ങിനെയുള്ള  അവതരണം  കണ്ടുള്ള അനുഭവം ഉണ്ടായിട്ടില്ല.)

  കുട്ടികാട്ടാളന്മാരായി എത്തിയ ഗണപതിയും  സുബ്രഹ്മണ്യനും ഉൾപ്പെടുന്ന അവതരണമാണ് ഉണ്ടായത്. ഗണപതിക്കും സുബ്രഹ്മണ്യനും   ഇഷ്ട ആഹാരം നൽകി.    ദുര്യോധനൻ അയച്ച മൂകാസുരൻ പന്നിയുടെ വേഷത്തിൽ എത്തുന്നതറിഞ്ഞ കാട്ടാളൻ ആയുധങ്ങളെല്ലാം കുട്ടികാട്ടാളന്മാരുടെ സഹായത്തോടെ തേച്ചു മൂർച്ചകൂട്ടി പുറപ്പെട്ടു. പന്നിയെ പിടിക്കുവാൻ വലകെട്ടി. പന്നിയെ അമ്പെയ്തു കൊന്നാലുടൻ പന്നിയെയും തൂക്കിപോകണം എന്ന് കുട്ടികാട്ടാളന്മാർക്ക് കാട്ടാളൻ ഉത്തരവിട്ടു. പന്നിയെ വേട്ടയാടുവാൻ   കാട്ടാളനും കാട്ടാളത്തിയും കുട്ടികാട്ടാളന്മാരും കാട്ടിനുള്ളിൽ പത്തു ദിക്കും ഞെട്ടും വിധത്തിൽ ആരവം മുഴക്കി നീങ്ങി.

 അർജുനന്റെ തപോസ്ഥലത്തെത്തി കാട്ടാളൻ അർജുനനുമായി ഏറ്റുമുട്ടുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. 
 "എട്ടു ദിക്കിലും പുകഴ് പെട്ടോരർജുനനഹം"  എന്ന അർജുനന്റെ പദത്തിന് പാഞ്ചാലീ സ്വയംവരം കഥയും ഏകലവ്യന്റെ കഥ അറിഞ്ഞ്  ഗുരുനാഥനായ ദ്രോണരോട് അർജുനൻ സങ്കടം അറിയിച്ചതും,  ഗുരുദക്ഷിണയായി ഏകലവ്യന്റെ പെരുവിരൽ   ദ്രോണർ  വാങ്ങിയ കഥയുമാണ്  കാട്ടാളൻ അവതരിപ്പിച്ചത്. സാധാരണ അവതരിപ്പിച്ചു  കണ്ടിട്ടില്ലാത്തതിനാൽ  ഈ അവതരണവും എനിക്ക്  പുതുമ നിറഞ്ഞതായി അനുഭവപ്പെട്ടു. 

( "എട്ടു ദിക്കിലും പുകഴ് പെട്ടോരർജുനനഹം" എന്ന  പദത്തിന് കാട്ടാളന്റെ  പരിഹാസത്തിൽ സഭയിൽ കേമന്മാരായ നിന്റെയും   സഹോദരന്മാരുടെയും  മുൻപിൽ വെച്ച്  പാഞ്ചാലിയുടെ  വസ്ത്രം ദുശാസനൻ  അഴിച്ചതും  അപ്പോൾ  നിങ്ങൾ  തലയും കുനിച്ച്  ബൊമ്മ കണക്കെ  നിന്നതും ഞാൻ കേട്ടിട്ടുണ്ട് എന്ന ആട്ടമാണ് സാധാരണ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. 
"കള്ള കൃഷ്ണനെന്നുള്ളവൻ കൊള്ളാം ചങ്ങാതി" എന്ന പദത്തിന്റെ ആട്ടത്തിൽ കൃഷ്ണൻ ചെയ്ത "ഗോപസ്ത്രീകളുടെ വസ്ത്രാപഹരണം" കഥയാണ്‌ കാട്ടാളൻ  അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. )

യുദ്ധം മുറുകി പല വിധത്തിലുള്ള ആസ്ത്ര- ശസ്ത്രപ്രയോഗങ്ങൾക്കു  ശേഷം     മുഷ്ടി യുദ്ധത്തിൽ   കാട്ടാളൻ അർജുനനെ തൂക്കി എറിഞ്ഞു. അർജുനൻ മലയുടെ അടിവാരത്തിൽ പതിക്കുകയും  കാട്ടാളൻ   കാട്ടുവള്ളികൾ എറിഞ്ഞ് അടിവാരത്തിൽ   നിന്നും അർജുനനെ മുകളിൽ കൊണ്ടു വരുന്നതായിട്ടാണ് അവതരിപ്പിച്ചത്  (ഇത്  കീഴ്പ്പടം ആശാന്റെ ആട്ടത്തിന്റെ ശൈലിയാണ് എന്നാണ് അറിവ്. അദ്ദേഹത്തിന്റെ ശിഷ്യന്മാർ അത് നിലനിർത്തുന്നു എന്ന് അറിയുന്നതിൽ വളരെ സന്തോഷവും ഉണ്ട്).
 
                                                              കാട്ടാളനും അർജുനനും

                                                       ശിവൻ , പാർവതി, അർജുനൻ

ശ്രീ. കലാമണ്ഡലം മനോജ്‌ കുമാർ അർജുനനായും ശ്രീ. സദനം ഭാസി കാട്ടാളനായും ശ്രീ. പീശപ്പിള്ളി രാജീവൻ  കാട്ടാളത്തിയായും  രംഗത്തെത്തി വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. കാട്ടാളത്തിയുടെ  വേഷഭംഗി പ്രശംസനീയം തന്നെ.  ശ്രീ. സദനം ഭാസിയുടെ വേഷങ്ങളിലെ  കലാശത്തിന്റെ ഭംഗി വളരെ  ആസ്വദിച്ചു. കാട്ടാളന്റെ ഞൊറി കുറച്ചു കൂടി ഇറക്കം വേണ്ടിയതായിരുന്നു. 
   ശ്രീ. കലാമണ്ഡലം ശ്രീരാമൻ  പാഞ്ചാലി, പാർവ്വതി എന്നീ വേഷങ്ങളും    കലാമണ്ഡലം ശിബിചക്രവർത്തി ,   ജിഷ്ണു കെ. മനോജ്‌  എന്നിവർ കുട്ടികാട്ടാളന്മാരുടെ  വേഷങ്ങളും  ചെയ്തു.   
   
ശ്രീ. നെടുമ്പള്ളി രാംമോഹൻ, ശ്രീ. കലാമണ്ഡലം അജേഷ് പ്രഭാകർ എന്നിവർ സംഗീതവും ശ്രീ. കലാനിലയം രതീഷ്‌ ചെണ്ടയും ശ്രീ. കലാനിലയം രാകേഷ് മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. കലാമണ്ഡലം രവികുമാർ ചുട്ടിയും  ശ്രീ. നാരായണൻ,  ശ്രീ. രമേഷ് എന്നിവർ അണിയറ ജോലികളും  ചെയ്തു കളിയുടെ വിജയത്തിനായി പ്രവർത്തിച്ചു. തൃശൂർ കഥകളി ക്ലബ്ബിന്റെ ചമയങ്ങളാണ് കളിക്ക് ഉപയോഗിച്ചത്.

തിരനോട്ടത്തിന്റെ കഥകളി പ്രവർത്തനങ്ങൾ ചെന്നൈയിൽ കൂടുതൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണ്  ചെന്നൈയിലെ കഥകളി ആസ്വാദകർക്കുള്ളത്. തിരനോട്ടത്തിന്റെ പ്രവർത്തനങ്ങൾ ചെന്നൈയിലെ കഥകളി ആസ്വാദകർ ഹാർദ്ദവപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നതിന് വ്യക്തമായ തെളിവാണ്  മഹാലിംഗപുരം സോപാനം ആഡിറ്റോറിയത്തിൽ നിറഞ്ഞു കാണപ്പെട്ട ആസ്വാദകർ.


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്ക് സമീപം ഇരട്ടക്കുളങ്ങര ഗ്രാമത്തിൽ  ജനിച്ച ശ്രീ. രാമവാര്യർ ഇരട്ടക്കുളങ്ങര ശിവ ക്ഷേത്രത്തിലെ കളത്തട്ടിൽ വൃതമനുഷ്ടിച്ചു രചിച്ച ഭക്തി പ്രധാനമായ കഥയാണ് കിരാതം. കഥ പനയോലയിൽ എഴുതി ക്ഷേത്രത്തിന്റെ തൃപ്പടിയിൽ സമർപ്പിച്ച ശ്രീ. രാമവാര്യർ അവർകളെ  ഒരു കൂറ്റൻ കാള എവിടെ നിന്നോ ഓടിയെത്തി  ക്ഷേത്രാങ്കണത്തിൽ വെച്ച് തന്നെ കുത്തി മലർത്തി എന്നാണ് പറയപ്പെടുന്നത്‌. ദാരിദ്ര്യ ദുഃഖം അനുഭവിച്ച് കഴിഞ്ഞു കൂടിയ അദ്ദേഹത്തിൻറെ കിരാതം കഥയിലെ വരികൾ :

"മന്മഥ നാശന മമ കർമ്മമേവമോ
ജന്മം ഒടുങ്ങുവാൻ വരം കന്മഷാരേ തരേണമേ
ദേവ ദേവ തവ പാദേ  ആവോളം ഞാനർപ്പിച്ചൊരു 

പൂവുകൾ കാണുന്നിതല്ലോ  കേവലം കാട്ടാള മൗലൗ !
....................................................................................
കർമ്മണാ മനസാ വാചാ ദുർമ്മതി ഞാൻ ചെയ്തതെല്ലാം       ബ്രഹ്മമേ!പൊറുത്തെന്നുടെ ജന്മ മുക്തി വരുത്തേണമേ.. 

എന്നാണല്ലോ ? പരമശിവൻ തന്റെ വാഹനമായ കാളയെ അയച്ച് ശ്രീ.  രാമവാര്യർക്ക് ജന്മമുക്തി നല്കി എന്നാണ് പറയപ്പെടുന്നത്. അത്ര കണ്ട് ഭക്തിയുടെ മൂല്യം നിറഞ്ഞു നിൽക്കുന്ന കിരാതം കഥകളിയുടെ അവതരണത്തിൽ രണ്ടു കുട്ടികാട്ടാളന്മാരുടെ അരങ്ങു  പ്രവർത്തികൾ   കഥകളിയുടെ അന്തസ്സിനു ഒട്ടും തന്നെ  യോജിച്ചതായി തോന്നിയില്ല. ഗണപതിയും സുബ്രഹ്മണ്യനും കുട്ടികാട്ടാളവേഷം ധരിച്ച് എത്തി  സുബ്രഹ്മണ്യൻ,  ഗണപതിക്ക്  ഉദരം മാത്രമല്ല വലുത്  പ്രുഷ്ടവും വലുതാണ്‌ എന്ന് ശിവ വേഷധാരിയായ കാട്ടാളന് ചൂണ്ടി കാട്ടുകയുണ്ടായി.
  തപസ്സു ചെയ്യുന്ന അർജുനന്റെ സമീപം ദുര്യോധനൻ അയച്ച മൂകാസുരൻ  പന്നിയുടെ വേഷത്തിൽ എത്തുന്നു എന്നാണ് കഥയിൽ. എന്നാൽ രംഗത്ത് "ചാടി കളിച്ചുകൊണ്ടിരുന്ന" കുട്ടികാട്ടാള വേഷത്തിൽ എത്തിയ സുബ്രഹ്മണ്യൻ അതേ വേഷത്തിൽ  തന്നെ പന്നിയായി  അർജുനന്റെ സമീപം എത്തിയ വിചിത്രമായ അവതരണം  ഖേദകരമാണ്.
  കേരളത്തിന്  പുറത്ത് കഥകളി അവതരിപ്പിക്കുമ്പോൾ, പ്രത്യേകിച്ചും   ഭക്തി രസപ്രധാനമായ കിരാതം പോലുള്ള കഥകൾ   അവതരിപ്പിക്കുമ്പോൾ ഈ വിധത്തിൽ "കുട്ടികാട്ടാളൻമാരെ" പോലെയുള്ള കഥാപാത്രങ്ങളെ ഉൾപ്പെടുത്തി  രസഭംഗം സൃഷ്ടിച്ച്   കഥയുടെയും കഥകളിയുടെയും മഹത്വത്തെ നശിപ്പിക്കരുത് എന്ന് ഒരു അപേക്ഷയുണ്ട്. 
അരങ്ങിൽ വ്യത്യസ്തമായ അവതരണം കാഴ്ചവെച്ച കഥകളി കലാകാരന്മാർക്കും, കഥകളിയുടെ  സംഘാടകർക്കും എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ അർപ്പിച്ചു കൊള്ളുന്നു.

12 അഭിപ്രായങ്ങൾ:

 1. നല്ല വിവരണം അമ്ബുജാക്ഷേട്ടാ...

  വാനരവേഷത്തില്‍ ക്രീഡിച്ചപ്പോള്‍ ആണ് ഹനുമാന്റെ ജന്മം, അതും കൂടി ചേര്ക്കാകമായിരുന്നു. കാട്ടാളന്റെ ഞൊറി വളരെ കേറി പോയിരുന്നു, അത് പലപ്പോഴും ആരോചകം ആയി തോന്നി.

  മറുപടിഇല്ലാതാക്കൂ
 2. പാഞ്ചാലിയായും പാര്‍വ്വതിയായും അരങ്ങത്തുവന്നത് കലാമണ്ഡലം ശ്രീരാമന്‍ ആണ്.കാട്ടാളക്കുട്ടികളായി കലാമണ്ഡലം ശിബി ചക്രവര്‍ത്തിയും,ജിഷ്ണു കെ മനോജും.ചെണ്ട വായിച്ച രതീഷ്‌ കലാമണ്ഡലം അല്ല,കലാനിലയം ആണ്.

  മറുപടിഇല്ലാതാക്കൂ
 3. കഥകളിയെ പറ്റി ഒരുപാട് പറയാൻ എനിക്ക് അറിയില്ല ...
  എങ്കിലും വളരെ സാധാരണ രിതിയിലും ഒപ്പം അതിന്റെ ഗൌരവം നഷ്ടപെടതെയും ഉള്ള വിവരണം ഗംഭിരം ആയിട്ടുണ്ട്‌

  മറുപടിഇല്ലാതാക്കൂ
 4. പുരാണങ്ങളിൽ നിന്നും പുതിയ കഥകൾ ആടുന്നത് നല്ലതു തന്നെ. കലാകാരന്മാർ തങ്ങളുടെ പുരാണ ജ്ഞാനം വർദ്ധിപ്പിക്കൻ ഇത് പ്രേരകമാവും എന്നതിനു സംശയമില്ല. പണ്ടേതൊ അരങ്ങിൽ കുഞ്ചുനായർ ആശാനും കൃഷ്ണൻ നായരാശാനും കൂടിയ കളിയിൽ രണ്ടുപേരും കുറെ ദിവസങ്ങൾ ഉറങ്ങാതെ പഠനമായിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്തു ചോദിക്കും, അതിനെന്ത് മറുപടി പറയും എന്നതായിരുന്നത്രേ വിഷയം.

  നല്ലവിവരണത്തിനു നന്ദി. തുടർന്നും എഴുതുക.

  മറുപടിഇല്ലാതാക്കൂ
 5. Very interesting and informative Mr Ambujakshan Nair Sir...with the Chennai audience, we the readers also enjoyed your narration and thanks a lot!!

  മറുപടിഇല്ലാതാക്കൂ
 6. ഒരു ആസ്വാദകൻ2013, ജൂൺ 21 8:56 AM

  കാട്ടാളനായ ശിവനും കാട്ടാളത്തിയായ പാർവതിയും പണ്ട് ക്രീടിച്ചതൊക്കെ സ്മരിക്കുകയും പിന്നെ ക്രീടിക്കുകയും ചെയ്തതാണ് വിവാദമായ അവതരണം. അല്ലേ മിസ്റ്റർ. അമ്പുജാക്ഷൻ നായർ ?

  മറുപടിഇല്ലാതാക്കൂ
 7. നല്ല റിവ്യൂ. നിരീക്ഷണങ്ങൾക്കും തികഞ്ഞ പാകത. ഭാവുകങ്ങൾ, അംബുച്ചേട്ടാ.
  - ശ്രീചിത്രൻ.

  മറുപടിഇല്ലാതാക്കൂ
 8. വളരെ നല്ല വിവരണം . എല്ലാ ചെറിയ ചെറിയ കാര്യങ്ങൾ പോലും നിരീക്ഷിച്ചു വിലയിരുത്തുന്നത് കഥകളി നടന്മാര്ക് വളരെ വലിയ സഹയമകുമെന്നതിൽ ഒട്ടും സംശയമില്ല.
  ഒരു ചെറിയ നിരീക്ഷണം . സുബ്രമണ്യൻ അതേ വേഷതിലയിരുന്നില്ല പന്നി ആയത്‌ എന്നാണ് ഓര്മ. ഒരു താടി കൂടി വച്ചു മുഖം മറച്ചിരുന്നു . ഇതിലും മോശപ്പെട്ട കുട്ടി കാട്ടാളൻ മാരെ കണ്ടിട്ടുള്ളത് കൊണ്ട് ഇത് സഹിക്കാൻ കഴിഞ്ഞു.

  Blog is looking too informative in its content. Keep writing , all the best.....

  മറുപടിഇല്ലാതാക്കൂ
 9. Mr. Sajeesh: ബ്ലോഗ്‌ വായിച്ചതിൽ വളരെ സന്തോഷം.
  വാനരവേഷത്തിൽ ശിവപാർവതിമാർ ക്രീഡിച്ചപ്പോൾ ഉണ്ടായ പുത്രൻ ഹനുമാൻ എന്ന് എനിക്ക് അറിയാമായിരുന്നു. തുടർന്ന് പലചോദ്യങ്ങളും ഉണ്ടാകാൻ സാദ്ധ്യത ഉള്ളതിനാൽ ഞാൻ ഒഴിവാക്കി എന്നേയുള്ളൂ.

  Sri. Aniyan mangalasseryഅനിയേട്ടാ, ഞാൻ തിരുത്തുന്നുണ്ട്.

  Mr. Ramesh.Vp : ഇതിലും മോശമായി കുട്ടികാട്ടാളന്മാർ ചെയ്യുന്നുണ്ട് എന്നത് ഒരു പുതിയ അറിവാണ്.

  Sri. വികടശിരോമണി,Sri. unnikrishnan, sreejith, Smt.Rema, Mr. Ravindranath Purushothaman, Mr. Sureshkumar Punjhayil : Thanks for your Comments.

  മറുപടിഇല്ലാതാക്കൂ
 10. നന്നായിരിക്കുന്നു. പുതിയ ചില അറിവുകളും കിട്ടി. നന്ദി. ഇതെല്ലാം ചേര്‍ത്ത് പുസ്തരൂപത്തില്‍ ആക്കിയാല്‍ നന്നായിരുന്നു.

  മറുപടിഇല്ലാതാക്കൂ