പേജുകള്‍‌

2013, ജൂൺ 12, ബുധനാഴ്‌ച

ചെന്നൈയിൽ തിരനോക്കിയ "തിരനോട്ടം" (ഭാഗം 1)

കഥകളിയുടെയും  യുവ കഥകളി കലാകാരന്മാരുടെയും  വളർച്ചയ്ക്കു വേണ്ടി ഗൾഫ്‌ മലയാളികളുടെ കൂട്ടായ്മയിൽ ഇരിങ്ങാലക്കുട കേന്ദ്രമായി  പ്രവർത്തിക്കുന്ന കഥകളി സംഘടനയായ 'തിരനോട്ടം' കേരളത്തിലെ വിവിധ വേദികളിൽ കഥകളി അവതരിപ്പിക്കുകയും കഥകളി ആസ്വാദകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ട്. തിരനോട്ടത്തിന്റെ  കേരളത്തിന് പുറത്തേക്കുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നൈയിൽ ജൂണ്‍ 8-ന് മഹാലിംഗപുരത്തുള്ള  സോപാനം ആഡിറ്റോറിയത്തിലാണ് തിരനോക്ക് ഉണ്ടായത്.  'ഉത്തരീയം' എന്ന പേരിൽ  പ്രവർത്തിക്കുന്ന ചെന്നൈയിലെ കഥകളി ആസ്വാദകരുടെ സംഘടനയാണ്  തിരനോട്ടത്തിന് ചെന്നൈയിൽ വേണ്ടിയ സഹായങ്ങൾ ചെയ്തു കൊടുത്തത്. 

വൈകിട്ട് നാലര മണിയോടെ ഇരട്ടക്കുളങ്ങര ശ്രീ. രാമവാര്യർ എഴുതിയ കിരാതം കഥയുടെ അവതരണം സംബന്ധിച്ചുള്ള കഥകളി demonstration  പ്രസിദ്ധ കഥകളി നടൻ  ശ്രീ.പീശപ്പിള്ളി  രാജീവൻ അവർകൾ അവതരിപ്പിച്ചു.  രംഗത്ത് അവതരിപ്പിക്കുവാനിരുന്ന ഭാഗങ്ങളിലെ പ്രധാന പദങ്ങളുടെ അവതരണമാണ് അദ്ദേഹം കാഴ്ചവെച്ചത്. കിരാതം കഥകളിയുടെ  ആസ്വാദനത്തിന് demonstration വളരെ അധികം ഗുണം ചെയ്തു എന്നാണ് എന്റെ അഭിപ്രായം.

                                                      ശ്രീ. പീശപ്പിള്ളി രാജീവൻ 

                                  ശ്രീ. നെടുമ്പള്ളി രാംമോഹൻ ,  ശ്രീ. പീശപ്പിള്ളി രാജീവൻ 

 ശ്രീ. ഇരട്ടക്കുളങ്ങര രാമവാര്യർ അവർകൾ രചിച്ച ആട്ടക്കഥയാണ്  കിരാതം. കൌരവരുടെ ചതിയാൽ ചൂതിൽ തോറ്റ പാണ്ഡവരുടെ വനവാസകാലമാണ് കഥാ സന്ദർഭം. മഹാഭാരതയുദ്ധം മുന്നിൽ കണ്ടു കൊണ്ട് ശത്രുക്കളെ ജയിക്കുവാൻ വേണ്ടിയുള്ള ദിവ്യാസ്ത്രം പരമശിവനിൽ  നിന്നും നേടുവാനായി അർജുനൻ  രജതഗിരി സമീപം എത്തി തപസ്സനുഷ്ടിക്കുന്നു. 
വളരെക്കാലം ശിവധ്യാനത്തിൽ മുഴുകിയ അർജുനന്റെ തപശക്തി പരീക്ഷിക്കുന്നതിനായി പിതാവായ ഇന്ദ്രൻ, ഉർവശിയെയും സഖിമാരെയും അയയ്ക്കുന്നു. തപസ്സു ചെയ്യുന്ന അർജുനന്റെ സമീപം എത്തുന്ന ഉർവശിയുടെയും സഖിമാരുടെയും കാമപ്രകടനങ്ങൾ പാഴാവുകയും  അവർ നിരാശയോടെ മടങ്ങുകയും ചെയ്തു. 

കൊടുംതപം ചെയ്യും അർജുനന് വരസിദ്ധികൾ നൽകി അനുഗ്രഹിക്കണം എന്ന ഇന്ദ്രഹിതം  പാർവതീദേവി പരമശിവനെ അറിയിച്ചു. അർജുനന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന അഹന്ത മാറ്റിയ ശേഷം വരസിദ്ധികൾ നൽകാം എന്ന് ശിവൻ മറുപടി പറഞ്ഞു. കാട്ടാളവേഷം ധരിച്ച്  കാട്ടിലെത്തി അർജുനനുമായി കലഹം ഉണ്ടാക്കുവാനുള്ള  പരമശിവന്റെ    തീരുമാനത്താൽ അർജുനന്  ജീവഹാനി സംഭവിക്കുമോ  എന്ന് പാർവതി ഭയപ്പെടുന്നു. അങ്ങിനെ സംഭവിച്ചാൽ  നമുക്ക്  അർജുനനെ പുനർ ജീവിപ്പിക്കാം എന്ന്  പറയുന്ന പരമശിവനോടൊപ്പം   പാർവതിയും  പുറപ്പെടുന്നു. 

                                                       കാട്ടാളനും കാട്ടാളത്തിയും

കാട്ടാളവേഷത്തിൽ ശിവനും  കാട്ടാളത്തിയുടെ വേഷത്തിൽ പാർവതിയും വനത്തിലെത്തി.   ദുര്യോധനൻ അയച്ച മൂകാസുരൻ  പന്നിയുടെ വേഷത്തിൽ അർജുനനെ  നശിപ്പിക്കുവാൻ എത്തുന്നതറിഞ്ഞ് അതിനെ പിടിക്കുവാനായി അവർ വലവിരിച്ചു. അതിനു ശേഷം   എട്ടുദിശകളും ഞെട്ടും വിധത്തിൽ ശബ്ദം പുറപ്പെടുവിപ്പിച്ചു കൊണ്ട് വേട്ട ആരംഭിച്ചു.  വലയ്ക്കുള്ളിൽ പെട്ട മൂകാസുരൻ വലമുറിച്ചു കൊണ്ട് അർജുനസമീപം എത്തിയപ്പോൾ  പന്നിയെ തുരത്തി പിന്നാലേ  എത്തിയ കാട്ടാളനും (ശിവൻ)   ആപത്തറിഞ്ഞ അർജുനനും ഒരേ സമയം പന്നിയുടെ നേർക്ക്‌ അസ്ത്രം അയച്ചു. പന്നിയെ കൊന്നതിന്റെ അവകാശത്തെ ചൊല്ലി കാട്ടാളൻ അർജുനനോട്   കലഹത്തിനു  തയ്യാറായി. പരമശിവനെ തപം ചെയ്തു കൊണ്ടിരുന്ന തന്നെ തൊട്ട കാട്ടാളനെ  കൊല്ലും എന്ന് അർജുനനും. അജുനനും കാട്ടാളനും ഏറ്റുമുട്ടിയപ്പോൾ കാട്ടാളന്റെ ഭാവമാറ്റം കണ്ട്  കാട്ടാളത്തി ഇടയിൽ എത്തി കാട്ടാളനെ തടഞ്ഞു.  അർജുനന്റെ കൂർത്ത അമ്പുകൾ കൊണ്ട്   എന്റെ ശരീരം മുഴുവൻ മുറിഞ്ഞു എന്നും  അതിനാൽ ഞാൻ  അർജുനന്റെ ശരീരം തകർക്കും എന്ന് കാട്ടാളൻ പ്രതികരിക്കുന്നു. 

വീണ്ടും കാട്ടാളനും അർജുനനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇരുവരെയും തടഞ്ഞ കാട്ടാളത്തി അർജുനനോട് ഇദ്ദേഹം കാട്ടാളനല്ല എന്നും കാമദേവനെ നശിപ്പിച്ച ദേവനാണ് എന്നും നീ ഇദ്ദേഹത്തിന്റെ നേർക്ക്‌ അമ്പയച്ചാൽ കാമദേവന്റെ നില തന്നെ നിനക്കും ഉണ്ടാകും എന്നറിയിക്കുന്നു. പോരിനിടയിൽ വന്നാൽ നിന്റെ ശരീരവും അമ്പുകളാൽ നശിപ്പിക്കും എന്ന്  അർജുനൻ  കാട്ടാളത്തിയോട് പറഞ്ഞിട്ട് വീണ്ടും കാട്ടാളനുമായി പോരിടുമ്പോൾ നീ എയ്യുന്ന അസ്ത്രങ്ങൾ പൂക്കളായി മാറട്ടെ എന്ന് പാർവതി ശപിക്കുന്നു. തുടർന്ന് അർജുനൻ കാട്ടാളന്റെ നേർക്ക്‌ അയച്ച ധാരാളം അസ്ത്രങ്ങൾ പൂക്കളായി മാറി ശിവന്റെ ശരീരമാകെ മൂടുന്നു. വീണ്ടും അമ്പെയ്തു കൊണ്ടിരുന്ന അർജുനന്റെ ആവനാഴിയിൽ അസ്ത്രമില്ലാതെ പോകട്ടെ എന്ന് പാർവതി ശപിക്കുന്നു. ആവനാഴിയിൽ അസ്ത്രം ഇല്ലെന്ന് മനസിലാക്കിയ അർജുനൻ വില്ലെടുത്തു പരമശിവന്റെ തലയിൽ അടിച്ചു. പരമശിവന്റെ തലയിൽ വസിക്കുന്ന ഗംഗാദേവി അർജുനന്റെ വില്ല് കൈക്കലാക്കി. അർജുനൻ കാട്ടാളനുമായി മുഷ്ടിയുദ്ധത്തിൽ ഏർപ്പെടുന്നു. കാട്ടാളൻ അർജുനനെ അവശനാക്കി  ദൂരേക്ക്‌ വലിച്ചെറിഞ്ഞു. അവിടെ നിന്നും എഴുനേറ്റ്  വീണ്ടും മുഷ്ടിയുദ്ധത്തിന്  അർജുനൻ തയ്യാറായി. ഇങ്ങിനെ മൂന്നാം  തവണ എറിയപ്പെട്ടപ്പോൾ  അർജുനൻ ബോധരഹിതനായി.  കാട്ടാളനും കാട്ടാളത്തിയും  അർജുനനെ അനുഗ്രഹിച്ചു. 

ബോധം തെളിഞ്ഞ അർജുനൻ എഴുനേറ്റിരുന്ന്  മണ്ണുകൊണ്ട്  ശിവലിംഗം ഉണ്ടാക്കി   പുഷ്പാർച്ചന ചെയ്തുകൊണ്ട്   ജന്മമൊടുങ്ങുവാൻ വേണ്ടി  പ്രാർത്ഥിച്ചു. അർജുനൻ അർപ്പിച്ച പുഷ്പങ്ങൾ കാട്ടാളന്റെ തലയിൽ എത്തുന്നത് അർജുനൻ കണ്ടു. തുടർന്ന് കാട്ടളന്റെ തലയിൽ ചന്ദ്രികയും കണ്ടു. അങ്ങിനെ കാട്ടാളനിലും  കാട്ടാളത്തിയിലും  പരമശിവന്റെയും  പാർവതിയുടെയും രൂപം ദർശിച്ച അർജുനൻ, ചെയ്തുപോയ അപരാധം പൊറുത്ത്  ജന്മമുക്തിക്കായി പ്രാർത്ഥിച്ചു. 
 നിന്റെ  തല്ലുക്കൊണ്ട് എറ്റവും സന്തോഷവാനാണ് ഞാൻ എന്ന് ശിവൻ അറിയിച്ച് അർജുനന്  പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച് ശിവപാർവതിമാർ മറഞ്ഞു. ഉദ്ദേശലബ്ദിയാൽ അർജുനൻ സന്തുഷ്ടനാകുന്നതാണ് കിരാതം കഥയുടെ ഉള്ളടക്കം.

ഭക്തിരസപ്രധാനമായ കിരാതം കഥയിൽ മൊത്തം എട്ടു രംഗങ്ങളാണ്  ഉള്ളത്. സാധാരണമായി  നാല്  രംഗങ്ങളാണ് അവതരിപ്പിച്ചു വരുന്നത്. അർജുനൻ തപസ്സിനു പോകുമ്പോൾ പാഞ്ചാലിയോട്‌ യാത്ര ചോദിക്കുന്നതാണ് ആദ്യരംഗം. കിരാതം മാത്രം അവതരിപ്പിക്കുന്ന വേദികളിൽ ഈ രംഗം അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. രണ്ടാം രംഗത്തിൽ അർജുനന്റെ വനയാത്രയും കാഴ്ചകളും തപസ്സിനു പറ്റിയ സ്ഥലം കണ്ടുപിടിച്ചു തപസ്സ് ആരംഭിക്കുന്നതാണ്. മൂന്നാം രംഗത്തിൽ അർജുനന്റെ തപസ്തുതി. നാലാം രംഗത്തിൽ കാട്ടാളവേഷം ധരിച്ച പരമശിവനും കാട്ടാളത്തിയുടെ വേഷം ധരിച്ച പാർവതിയും തപസ്സു ചെയ്യുന്ന അർജുനനെ നേരിടുവാൻ യാത്രയാകുന്നു. ദുര്യോധനൻ അയച്ച മൂകാസുരൻ പന്നിയുടെ വേഷത്തിൽ അർജുനനെ ആക്രമിക്കുവാൻ എത്തുന്നതറിഞ്ഞ്  വലവിരിച്ച് വേട്ടയ്ക്ക്  പുറപ്പെടുന്നു. 
അഞ്ചാം രംഗത്തിൽ തപം ചെയ്യുന്ന അർജുനനും  കാട്ടാളനും പന്നിയെ അമ്പെയ്ത് എറ്റുമുട്ടി ഒടുവിൽ അർജുനന് പരമശിവൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കുന്നതാണ്. 

(അവതരണത്തിന്റെ ലഘു വിവരണങ്ങളും പങ്കെടുത്ത കലാകാരന്മാരുടെ വിവരങ്ങളും ഭാഗം രണ്ടിൽ പോസ്റ്റ് ചെയ്യുന്നതാണ്.)

3 അഭിപ്രായങ്ങൾ:

  1. ചേട്ടാ, ഉത്തരീയം അല്ല തിരനോട്ടത്തിന് വേണ്ടി വേദി ഒരുക്കി കൊടുത്തത്, തിരനോട്ടം തന്നെ ആണ് ആ വേദി തിരഞ്ഞു എടുത്തത്, ദയവായി അത് തിരുത്തണം എന്ന് അപേക്ഷിക്കുന്നു. ഉത്തരീയം തിരനോട്ടം ആവശ്യപ്പെട്ട എല്ലാ സഹായസഹകരണങ്ങളും ചെയ്തു കൊടുത്തു എന്ന് മാത്രം.

    മറുപടിഇല്ലാതാക്കൂ
  2. മനോഹരമായ വിവരണത്തിന് നന്ദി. തുടര്‍ന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ