പേജുകള്‍‌

2013, ജൂൺ 7, വെള്ളിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -15

ഹരിപ്പാട് ശ്രീ. സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് 17 -04 -2013 -ന്  രാത്രി 10  മണി മുതൽ  ദുര്യോധനവധം കഥകളി അവതരിപ്പിക്കുകയുണ്ടായി. ശ്രീ. കലാനിലയം ഗോപകുമാർ  പുറപ്പാട് അവതരിപ്പിച്ചു.  
ദുര്യോധനനും ഭാനുമതിയും തമ്മിലുള്ള രംഗമാണ് ആദ്യം അവതരിപ്പിച്ചത്. 
പാണ്ഡവർ നടത്തിയ രാജസൂയയാഗം കഴിഞ്ഞ് ദുര്യോധനാദികൾ ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുന്ന   സന്ദർഭമാണ് കഥയുടെ തുടക്കം. ദുര്യോധനന്റെ തിരനോക്കിനു ശേഷമുള്ള  ആദ്യ രംഗത്തിൽ  ദുര്യോധനനും ഭാനുമതിയുമാണ്. പാഞ്ചാലിയുടെ വൈഭവം കണ്ട് അസൂയാലുവായ ഭാനുമതിയെ ദുര്യോധനൻ സമാധാനിപ്പിക്കുന്നു. അച്ഛനും അമ്മയും നീയും കൂടി സ്വഗൃഹത്തിലേക്ക് പോവുക, ഞാൻ പാണ്ഡവരെ അപമാനിച്ചു വരാം എന്ന് ദുര്യോധനൻ  ഭാനുമതിക്ക് ഉറപ്പ് നൽകുന്നു.  

                                                        ദുര്യോധനനും ഭാനുമതിയും

 രണ്ടാം രംഗം : (ദുശാസനന്റെ  തിരനോക്ക്) പാണ്ഡവരുടെ  സഭാഗൃഹത്തിന്റെ ഒരു ഭാഗം ദുര്യോധനൻ (സഹോദരന്മാർക്ക്‌ ) ദുശാസനന് കാണിച്ചു കൊടുക്കുന്നു. മനോഹരമായ ഈ സഭാഗൃഹത്തിന് യോഗ്യനായവാൻ ദുര്യോധനൻ തന്നെയാണ് എന്നും  പാണ്ഡവരുടെ  അഹങ്കാരം അടക്കണമെന്നും  അസൂയാലുവായ ദുശാസനൻ അഭിപ്രായപ്പെടുകയും ചെയ്യുന്നു.  സഹോദരന്മാരോടൊപ്പം മയനുടെ അത്ഭുതശില്പങ്ങൾ കൌതുകത്തോടെ കണ്ടു രസിച്ചശേഷം മാതുലനായ ശകുനിയുമയി ആലോചിച്ച്  ധർമ്മപുത്രരുടെ  സിംഹാസനം കൈക്കലാക്കണം എന്ന് തീരുമാനിക്കുന്നു. 
മേള, വാദ്യഘോഷങ്ങളോടെ ദുര്യോധനാദികൾ പാണ്ഡവരുടെ സഭയിലേക്ക് പുറപ്പെടുന്നു.  

                                    ദുര്യോധനനും ദുശാസനനും 

 ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവരുടെ സഭയിലേക്ക് എത്തുന്ന ദുര്യോധനാദികൾക്ക്  സ്ഥലജലവിദ്രമം ഉണ്ടാകുന്നതു കണ്ട് ഭീമൻ പരിഹസിക്കുകയും   പാഞ്ചാലി ചിരിക്കുകയും  ചെയ്തതു കണ്ട് അപമാനത്താൽ  കുപിതരായ ദുര്യോധനാദികൾ  പാണ്ഡവർക്ക് താക്കീതുനൽകി മടങ്ങുന്നതാണ് മൂന്നാം രംഗം.
 
                                         (പാണ്ഡവസഭ) പാഞ്ചാലി , ധർമ്മപുത്രർ, ഭീമൻ.

                                          പാണ്ഡവസഭയിൽ ദുര്യോധനനും ദുശാസനനും 

                                          പാണ്ഡവസഭയിൽ കുപിതനായ ദുശാസനൻ .

നാലാം രംഗത്തിൽ ദുര്യോധനൻ ശകുനിയുടെ മന്ദിരത്തിൽ എത്തി പാണ്ഡവസഭയിൽ പോയതും സഭാവസികളുടെ മുന്നിൽ ഭ്രമിച്ചു വീണതും അപ്പോൾ  ഭീമൻ പരിഹസിച്ചതും പാഞ്ചാലി ചിരിച്ചതും എല്ലാം അറിയിക്കുന്നു.  
ധർമ്മപുത്രരെ  ചൂതു കളിക്കുവാൻ ക്ഷണിക്കണമെന്നും ചൂതു കളിക്കുമ്പോൾ ചതി പ്രയോഗിച്ച് രാജ്യം കൈക്കലാക്കാം എന്നു പറഞ്ഞ് ശകുനി ദുര്യോധനനെ സമാധാനപ്പെടുത്തുന്നു. ദുര്യോധനനും  ശകുനിയും ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്രയാകുന്നു.

അഞ്ചാം രംഗത്തിൽ ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനൻ ധർമ്മപുത്രരോട് മാതുലനായ ശകുനിയുമായി ചൂതുകളിച്ചു കാണണം എന്നുള്ള താൽപ്പര്യം അറിയിക്കുന്നു. ചൂതിൽ ശകുനിയുടെ കുതന്ത്രം മൂലം രാജ്യം, ധനം എല്ലാം പണയം വെച്ച്‌ തോറ്റ ധർമ്മപുത്രർ, താനും പത്നിയും പണയം എന്ന നിലയിലായി. സഭയിൽ അപമാനപ്പെട്ടതിന് പ്രതികാരമായി  പാഞ്ചാലിയെ കൂട്ടിവന്ന് ദാസീവൃത്തി ചെയ്യിക്കാൻ ദുര്യോധനൻ ദുശാസനന് ഉത്തരവിടുന്നു. ദുശാസനൻ പാഞ്ചാലിയുടെ മുടിക്കു പിടിച്ചു വലിച്ചിഴച്ച് കൊണ്ടുവന്ന് പാഞ്ചാലിയുടെ വസ്ത്രം അഴിക്കുവാൻ ശ്രമിക്കുന്നു. ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ ദുശാസനൻ അഴിക്കുന്ന വസ്ത്രങ്ങൾക്ക് പകരം വസ്ത്രങ്ങൾ പാഞ്ചാലിക്കു ലഭിച്ചു കൊണ്ടിരുന്നു. 
തന്നെ അപമാനിച്ച ദുശാസനൻ, ദുര്യോധനൻ എന്നിവരെ ഭീമൻ വധിക്കുമെന്നും ശകുനിയെ സഹദേവൻ വധിക്കുമെന്നും പാഞ്ചാലി ശപിക്കുന്നു. ദുര്യോധനൻ  പാണ്ഡവർക്ക് 14 വർഷം  വനവാസവും ഒരു വർഷം അഞ്ജാതവാസവും വിധിക്കുന്നു. പാണ്ഡവർ അപമാനഭാരത്തോടെ വനത്തിലേക്ക് യാത്രയാകുന്നു.

                                        ധർമ്മപുത്രർ , ദുര്യോധനൻ , ശകുനി , ദുശാസനൻ


                                         ശകുനി , ദുശാസനൻ , പാഞ്ചാലി ,  ധർമ്മപുത്രർ

 14 വർഷത്തെ    വനവാസവും അജ്ഞാതവാസവും പൂർത്തിയാക്കിയ തങ്ങൾക്ക് അർഹതപ്പെട്ട രാജ്യം തിരിച്ചു നൽകണം എന്ന് ദുര്യോധനനെ അറിയിക്കുവാനായി തങ്ങളുടെ ദൂതനായി കൌരവസഭയിലേക്ക് പോകണം എന്ന് ധർമ്മപുത്രർ  ശ്രീകൃഷ്ണനെ കണ്ട് അറിയിക്കുന്നതാണ് ആറാം രംഗം.

                                                        ശ്രീകൃഷ്ണനും ധർമ്മപുത്രരും 

എഴാം രംഗത്തിൽ  കൌരവരുമായി   യുദ്ധം ഒഴിവാക്കുവാക്കുവാൻ ഭർത്താവിന്റെ ദൂതനായി കൗരവസഭയിലേക്ക് ശ്രീകൃഷ്ണൻ പോകുന്ന വൃത്താന്തം അറിഞ്ഞ് പാഞ്ചാലി ശ്രീകൃഷ്ണ സവിധത്തിൽ എത്തി താൻ ചെയ്ത ശപഥത്തെ ഓർമ്മിപ്പിക്കുന്നു. പാഞ്ചാലിയുടെ ശപഥം നിറവേറും എന്ന് അനുഗ്രഹിച്ച് ശ്രീകൃഷ്ണൻ പാഞ്ചജന്യം മുഴക്കി കൌരവസഭയിലേക്ക് യാത്രയാകുന്നു. 

                                                         ശ്രീകൃഷ്ണനും പാഞ്ചാലിയും 

എട്ടാം രംഗത്തിൽ  കൌരവസഭയിൽ ശ്രീകൃഷ്ണൻ എത്തുന്നു. പാണ്ഡവർക്ക് അർഹമായ പകുതി രാജ്യം നൽകണം എന്ന് ശ്രീകൃഷ്ണൻ ദുര്യോധനനോട് അഭ്യർത്ഥിക്കുന്നു. ദുര്യോധനൻ നിരസിക്കുന്നു. തുടർന്ന് ശ്രീകൃഷ്ണൻ അഞ്ചുദേശം , അഞ്ചുഗൃഹം, അല്ലെങ്കിൽ ഒരുഗൃഹമെങ്കിലും   പാണ്ഡവർക്കു നൽകണം എന്ന് ദുര്യോധനനോട് അപേക്ഷിച്ചു നോക്കി. ഒരു സൂചി കുത്തുവതിനു പോലും അവകാശം പാണ്ഡവർക്കു നൽകുകയില്ല എന്ന നിലപാട് ദുര്യോധനൻ വ്യക്തമാക്കി.  പാണ്ഡവരുടെ പിതൃത്വം ചോദ്യം ചെയ്ത കൌരവരോട് തക്ക മറുപടി ശ്രീകൃഷ്ണൻ നൽകിയപ്പോൾ  ദുര്യോധനൻ ശ്രീകൃഷ്ണനെ ബന്ധിക്കുവാൻ തയ്യാറായി. ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപം പ്രകടിപ്പിച്ചപ്പോൾ കൌരവാദികൾ മോഹാൽസ്യരായി. വിശ്വരൂപം കണ്ട് മുമുക്ഷുക്കൾ പ്രത്യക്ഷപ്പെട്ട് ശ്രീകൃഷ്ണനെ സ്തുതിക്കുകയും  ശ്രീകൃഷ്ണൻ മടങ്ങുകയും ചെയ്തു.   ശ്രീകൃഷ്ണൻ മടങ്ങിയ ശേഷം സ്വബോധം ലഭിച്ച  കൌരവർ പാണ്ഡവരുമായി യുദ്ധത്തെ നേരിടുവാൻ തയ്യാറായി.

                                                    ദുശാസനൻ , ദുര്യോധനൻ, കൃഷ്ണൻ

                            ദുശാസനൻ , ദുര്യോധനൻ, മുമുക്ഷു , ശ്രീകൃഷ്ണൻ 

രൗദ്രഭീമൻ

രൗദ്രഭീമൻ , ദുശാസനൻ 

ഒൻപതാം രംഗം യുദ്ധക്കളമാണ്. യുദ്ധക്കളത്തിൽ രൌദ്രഭീമൻ ദുശാസനനെ തേടി കണ്ടുപിടിച്ച് വധിക്കുന്നു.  ദുശാസനന്റെ മാറുപിളർന്ന രക്തം പുരണ്ട കൈകളാൽ ഭീമൻ പാഞ്ചാലിയുടെ മുടി കെട്ടി ശപഥം സാക്ഷാൽക്കരിച്ചു.  പാഞ്ചാലിയെ യാത്രയാക്കിയ ശേഷം   ഭീമൻ ദുര്യോധനനെ തേടുന്നു.
പത്താംരംഗത്തിൽ ഗംഗാനദിയിൽ മറഞ്ഞിരിക്കുന്ന ദുര്യോധനൻ യുദ്ധത്തിനു തയ്യാറായി ഭീമനെ നേരിടുന്നു.  യുദ്ധത്തിൽ തളർന്ന      ഭീമനെ ശ്രീകൃഷ്ണൻ തന്റെ തുടയ്ക്ക് അടിച്ച് കാട്ടി.  ശ്രീകൃഷ്ണൻ കാട്ടിയത്  മനസിലാക്കിയ  ഭീമൻ ഗദകൊണ്ട്  ദുര്യോധനന്റെ  തുടയ്ക്ക് പ്രഹരിച്ചു. ദുര്യോധനൻ നിലംപതിച്ചു.  യുദ്ധക്കളത്തിൽ രൌദ്രഭാവം പൂണ്ടു നിന്ന ഭീമനെ ശ്രീകൃഷ്ണൻ ശാന്തനാക്കി.  ശ്രീകൃഷ്ണന്റെ പാദത്തിൽ നമസ്കരിച്ച ഭീമനെ സമാധാനപ്പെടുത്തി  അനുഗ്രഹിച്ച്  യാത്രയാക്കുന്നതോടെ  കഥ അവസാനിക്കുന്നു. 


രൗദ്രഭീമൻ , ദുര്യോധനൻ 

                                      രൗദ്രഭീമൻ , ദുര്യോധനൻ

                                                            ശ്രീകൃഷ്ണൻ, രൌദ്രഭീമൻ

ശ്രീ. ഫാക്റ്റ് മോഹനൻ ( ദുര്യോധനൻ-1, യാഹി വരെ ),  ശ്രീ. കലാമണ്ഡലം ജിഷ്ണു രവി ( ഭാനുമതി), ശ്രീ. കലാമണ്ഡലം അഖിൽ ( ദുശാസനൻ),  ശ്രീ. കലാമണ്ഡലം വൈശാഖ് ( ധർമപുത്രർ ), ശ്രീ. മധു വാരണാസി ( പാഞ്ചാലി), ശ്രീ. കലാനിലയം ഗോപകുമാർ (കുട്ടിഭീമൻ, മുമുക്ഷു ), ശ്രീ. പന്തളം ഉണ്ണികൃഷ്ണൻ ( ശകുനി), ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരി  (ശ്രീകൃഷ്ണൻ),  ശ്രീ. കലാമണ്ഡലം പ്രശാന്ത്  (ദുര്യോധനൻ -2) , ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ ( രൌദ്രഭീമൻ) എന്നിങ്ങനെയായിരുന്നു പങ്കെടുത്ത നടന്മാരും അവരുടെ വേഷങ്ങളും. 


എല്ലാ കലാകാരന്മാരും അവരവരുടെ കടമ ഭംഗിയായി ചെയ്തു. സഭയിൽ  ദുശാസനനാൽ  അപമാനിക്കപ്പെട്ട പാഞ്ചാലി  ധർമ്മപുത്രരോട്  എന്നെ പണയം വെച്ച് ചൂതുകളിച്ചുവോ എന്ന് ചോദിക്കുന്നത് കണ്ടു. ദുര്യോധനൻ പാണ്ഡവരുടെ  പിതൃത്വം സംബന്ധിച്ച പദാട്ടത്തിന് ശ്രീകൃഷ്ണൻ കൌരവരുടെ ജനനം രംഗത്ത് അവതരിപ്പിച്ചു.  

ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണൻ, ശ്രീ. ഹരിപ്പാട് ദാമു, ശ്രീ. കലഭാരതി സുരേഷ് എന്നിവർ സംഗീതവും ശ്രീ. കലഭാരതി മുരളി, ശ്രീ. കലാഭാരതി സുമേഷ് എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്ചുതവാര്യർ , ശ്രീ. ഏവൂർ  മധു എന്നിവർ  മദ്ദളവും കൈകാര്യം ചെയ്തു. 


ശ്രീ. ചിങ്ങോലി പുരുഷോത്തമൻ , ശ്രീ. തിരുവല്ലാ പ്രതീപ് എന്നിവരായിരുന്നു  ചുട്ടി   ചെയ്തത്. ശ്രീ. കണ്ണംപള്ളിൽ (ഏവൂർ )  ജയകൃഷ്ണന്റെ ചുമതലയിലുള്ള   കളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. ശ്രീ. പോരുവഴി വാസുദേവൻ  പിള്ള, ശ്രീ. നീലമ്പേരൂർ നാരായണൻ നായർ, ശ്രീ. പന്മന അരുണ്‍ , ശ്രീ. ഏവൂർ  ഗോപാലകൃഷ്ണൻ നായർ എന്നിവരാണ് അണിയറ കലാകാരന്മാരായി പ്രവർത്തിച്ച് കളി വിജയിപ്പിച്ചത്.

ഞാൻ  വളരെ നേരത്തെ തന്നെ അണിയറയിൽ എത്തി. ശ്രീ. ചന്ദ്രമന നാരായണൻ നമ്പൂതിരിയെ ചില വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്. അദ്ദേഹത്തിൻറെ പിതാവ്  ശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയെയും അദ്ദേഹത്തിൻറെ കണ്ടിട്ടുള്ള വേഷങ്ങൾ, അനുഭവങ്ങൾ എന്നിവ പങ്കുവെച്ചു.  ശ്രീ. നീലമ്പേരൂർ നാരായണൻ നായർ, ശ്രീ. കണ്ണംപള്ളിൽ (ഏവൂർ )  ജയകൃഷ്ണൻ, ശ്രീ. കലഭാരതി മുരളി , ശ്രീ. ഫാക്റ്റ് ദാമു, ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ, ശ്രീ. അച്യുതവാര്യർ, ശ്രീ. ഏവൂർ മധു ശ്രീ. പന്തളം ഉണ്ണികൃഷ്ണൻ എന്നിവരുമായി കുറച്ചു സമയം സംസാരിച്ചു. 
ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണൻ അവർകൾ  എന്റെ സാന്നിദ്ധ്യം വളരെ സന്തോഷം നൽകി എന്ന അഭിപ്രായം പ്രകടിപ്പിച്ചു. 

  ശ്രീ. കലാമണ്ഡലം പ്രശാന്തും ശ്രീ. മധു വാരണാസിയും കൊല്ലം ജില്ലയിലെ മണ്ണൂർക്കാവ്  ക്ഷേത്രത്തിലെ കുചേലവൃത്തം കളികഴിഞ്ഞ് പതിനൊന്നു മണിയോടെ എത്തിയത്. മണ്ണൂർക്കാവിലെ കളിയുടെ ചുമതലയും കണ്ണംപള്ളിൽ കളിയോഗത്തിന്  ആയിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ