പേജുകള്‍‌

2013, മേയ് 30, വ്യാഴാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -14

(തട്ടയിൽ ഒരിപ്രം ക്ഷേത്രത്തിലെ കഥകളി)
 
വിക്രമോർവ്വശീയം കഥയുടെ അവതരണത്തിനു ശേഷം    തോരണയുദ്ധം കഥയിലെ എട്ടു രംഗങ്ങളാണ്  അവതരിപ്പിച്ചത്. ബാലിവധത്തിനു ശേഷം സുഗ്രീവൻ കിഷ്ക്കിന്ധയുടെ രാജാവായി. ശ്രീരാമന്റെ നിർദ്ദേശ പ്രകാരം വാനരപ്പട പല ദിക്കുകളിലും സീതയെ തിരഞ്ഞു. സീതയെ കണ്ടുപിടിക്കുന്നതിൽ പരാജിതരായി   സ്വയം ജീവനൊടുക്കുവാൻ മുതിരുന്ന വാനരന്മാർ   സീത ലങ്കയിൽ ഉണ്ടെന്നുള്ള വിവരം സമ്പാതി പറഞ്ഞു അറിയുന്നു.   ജാംബവാന്റെ ഉൽസാഹപ്പെടുത്തൽ  മൂലം   ലങ്കയിലേക്ക്  സമുദ്രം ചാടി കടക്കുവാൻ ഹനുമാൻ തയ്യാറാകുന്നതു  മുതലുള്ള രംഗങ്ങളാണ് അവതരിപ്പിച്ചത്.

(രംഗം.1) ഹനുമാന്റെ തിരനോട്ടം. സമ്പാതിയും ജാംബവാനും പറഞ്ഞത്  സ്മരിച്ചുകൊണ്ട് സമുദ്രം കടന്ന് ലങ്കയിലേക്ക് യാത്രയാകുവാൻ  ഹനുമാൻ തയ്യാറാകുന്നു. മഹേന്ദ്രപർവതത്തിന്റെ  മുകളിൽ എത്തിയ ഹനുമാൻ സമുദ്രം നോക്കികണ്ട് ശ്രീരാമനെയും പിതാവായ വായുദേവനെയും സ്മരിച്ചുകൊണ്ട് തന്റെ ശരീരം വലുതാക്കി ലങ്ക ലക്ഷ്യമാക്കി ചാടുന്നു.  സുരസ ഹനുമാന് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നു.  സുരസയുടെ ആഗ്രഹം  മനസിലാക്കിയ ഹനുമാൻ സീതാന്വേഷണം  കഴിഞ്ഞാൽ നിന്റെ ആഗ്രഹം സാധിച്ചു തരാമെന്ന് അറിയിക്കുന്നു. ഹനുമാന്റെ വാക്കുകൾ സുരസ നിരസിക്കുന്നു. സുരസയോട് വായ്‌ തുറക്കുവാൻ ഹനുമാൻ നിർദ്ദേശിച്ചു. ശരീരം  വലുതാക്കിയ ശേഷം സരസ തന്റെ വായ്‌ തുറന്നപ്പോൾ  ഹനുമാൻ തന്റെ ശരീരം ചെറുതാക്കി സുരസയുടെ വായിൽ കൂടി കടന്ന് ചെവിയിൽ കൂടി വെളിയിൽ വന്നു. ദേവകളുടെ നിയോഗത്താൽ നിന്റെ ബലപരീക്ഷയ്കായി ഇവിടെ എത്തിയതാണ് എന്ന് അറിയിച്ച് സുരസ ഹനുമാനെ അനുഗ്രഹിച്ച് യാത്രയാക്കുന്നു.  സമുദ്രമദ്ധ്യത്തിൽ എത്തിയ ഹനുമാനെ ശ്ചായാഗ്രഹണി എന്ന രാക്ഷസി ഹനുമാന്റെ നിഴൽ പിടിച്ചു നിർത്തുന്നു. ഹനുമാൻ കാലിളക്കി രാക്ഷസിയെ വധിക്കുന്നു. ലങ്കയിൽ എത്തിയ ഹനുമാൻ കൃശഗാത്രനായി ഗോപുരം കടക്കാൻ ശ്രമിക്കുന്നു. 

                                                                         ഹനുമാൻ

(രംഗം. 2) ഗോപുരപാലികയായ ലങ്കാലക്ഷ്മി ബ്രഹ്മശാപത്താൽ രാക്ഷസിയായി ലങ്ക പരിപാലിച്ചു കഴിയുന്നു. വാനരപ്രഹരം മൂലം ശാപമോക്ഷം പ്രതീക്ഷിച്ചു വസിക്കുന്ന ലങ്കാലക്ഷ്മി ഹനുമാന്റെ പ്രവേശനത്തെ തടയുന്നു. ഹനുമാൻ ലങ്കാലക്ഷ്മിയെ പ്രഹരിക്കുന്നു.  ഹനുമത് പ്രഹരത്താൽ ശാപമോക്ഷം ലഭിച്ച ലങ്കാലക്ഷ്മി, ലങ്കാശ്രീയായി ഹനുമാന് യാത്ര തുടരുവാൻ അനുവാദം നല്കി.

                                                             ലങ്കാലക്ഷ്മിയും ഹനുമാനും
                                                                         
                                        ലങ്കാശ്രീയും ഹനുമാനും
                                                                    
(രംഗം -3 ) അഴകിയ രാവണന്റെ പുറപ്പാട്. സീതയിൽ അനുരക്തനായി, കാമപരവശനായ രാവണൻ സീതയെ ദർശിക്കുവാൻ അശോകവനത്തിലേക്ക് പുറപ്പെടുവാൻ തയ്യാറാകുന്നു. 

 (രംഗം-4 ) അത്യാഡംബരത്തോടെ രാവണൻ സീതാസമീപം എത്തുന്നു. സീതയെ ആകർഷിപ്പിക്കുവാനായി കേവലം മനുഷ്യകീടമായ രാമനും ത്രിലോകാധിപനായ താനും തമ്മിലുള്ള അന്തരം സീതയോട്  പറഞ്ഞ് അറിയിക്കുന്നു. വിശേഷപ്പെട്ട വസ്ത്രാഭരണങ്ങളും മറ്റും കാഴ്ചവെച്ച് സീതയെ പ്രലോഭിപ്പിക്കുവാൻ  രാവണൻ ശ്രമിക്കുന്നു. സീതയുടെ കാലടിയിൽ അടിമപ്പെടുവാൻ പോലും തയ്യാറാകുന്ന രാവണനോട് സീത  തന്നെ രാമനെ ഏൽപ്പിച്ച് രാമപാദത്തിൽ വണങ്ങുക എന്ന് നിർദ്ദേശിക്കുന്നു. കോപാഗ്നിയിൽ ജ്വലിച്ച രാവണൻ സീതയെ ചന്ദ്രഹാസത്താൽ വെട്ടാൻ ഒരുങ്ങുമ്പോൾ മണ്ഡോദരി എത്തി രാവണനെ തടയുന്നു. രാവണൻ ലജ്ജിച്ചു പിൻവാങ്ങുന്നു. 


                                                 അഴകിയ രാവണൻ,  മണ്ഡോദരി,
                                                                                
                                                    മണ്ഡോദരി , രാവണൻ, സീത,

(രംഗം: 5)  രാവണൻ മടങ്ങുകയും കിങ്കരന്മാർ ഉറങ്ങുകയും  ചെയ്തപ്പോൾ  ഹനുമാൻ സീതയെ സമീപിച്ച് ശ്രീരാമവൃത്താന്തങ്ങൾ അറിയിച്ചു.  ശ്രീരാമൻ എല്പ്പിച്ച  അടയാള അംഗുലീയം  സീതയ്ക്ക് നല്കി.  സീതാദേവി നല്കിയ ചൂടമണിയും വാങ്ങി ഹനുമാൻ വിടവാങ്ങി. 

(രംഗം: 6  ) പ്രമദവനത്തിൽ വനപാലകർ ഉറങ്ങുന്നത് കണ്ട ഹനുമാൻ അവരോട് ഏറ്റുമുട്ടി. ഹനുമാൻ അവര്ക്ക് കീഴടങ്ങി.  


                                                                   ഹനുമാനും  സീതയും

(രംഗം :7)   ബന്ധിതനാക്കിയ ഹനുമാനെ കിങ്കരന്മാർ രാവണന്റെ സന്നിധിയിൽ എത്തിച്ചു. വാല് ചുരുട്ടി  രാവണനേക്കാൾ ഉയരത്തിൽ ഉപവൃഷ്ടനായ ഹനുമാൻ രാവണന്റെ ചോദ്യങ്ങള്ക്ക് മറുപടി പറയുന്നു. രാവണനിർദ്ദേശപ്രകാരം പ്രഹസ്തൻ ഹനുമാന്റെ വാലിനു തുണി ചുറ്റി എണ്ണയോഴിച്ചു തീ കൊളുത്തി. ഹനുമാൻ  ലങ്കയാകെ തീ കൊളുത്തി നശിപ്പിച്ചു. ചൂട് സഹിക്കാനാവാതെ രാവണനും കിങ്കരന്മാരും രക്ഷപെടുന്നു. ലങ്കാദഹനം കഴിഞ്ഞു ഹനുമാൻ ശ്രീരാമാദികളെ കണ്ട് വിവരം അറിയിക്കുവാനായി മടങ്ങുന്നു.

                                                                    രാവണനും ഹനുമാനും.

 ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ (ഹനുമാൻ), ശ്രീ. പന്തളം ഉണ്ണികൃഷ്ണൻ (ലങ്കാലക്ഷ്മി), ശ്രീ. കലാമണ്ഡലം അരുണ്‍ (ലങ്കാശ്രീ, മണ്ഡോദരി ), ശ്രീ. കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി (സീത), ശ്രീ. ഫാക്റ്റ് മോഹനൻ (രാവണൻ),  തിരുവഞ്ചൂർ സുഭാഷ് (പ്രഹസ്തൻ), കലാമണ്ഡലം ഉല്ലാസ് , വിഷ്ണു, ഹരികൃഷ്ണൻ, അരുണ്‍ (കിങ്കരന്മാർ) എന്നിവരാണ് കളിയിൽ പങ്കെടുത്തു വിജയിപ്പിച്ച നടന്മാർ. 

ശ്രീ. കലാനിലയം ഉണ്ണികൃഷ്ണൻ ശ്രീ. കലാമണ്ഡലം വിനോദ് , ശ്രീ. കലാനിലയം രാജീവൻ നമ്പൂതിരി എന്നിവർ സംഗീതം കൈകാര്യം ചെയ്തു.   ശ്രീ. കലാമണ്ഡലം സുരേന്ദ്രനാണ് തോരണയുദ്ധം കഥ പൊന്നാനി പാടിയത് .  ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി, ശ്രീ. കലാഭാരതി  ഉണ്ണികൃഷ്ണൻ എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ ശ്രീ. കലാഭാരതി   ജയൻ എന്നിവർ മദ്ദളവും ചെയ്തു കളി വളരെ ഭംഗിയാക്കി.

ചുട്ടി ആർട്ടിസ്സ്റ്റുകൾ ശ്രീ. മുതുപിലാക്കാട് ചന്ദ്രശേഖരൻ പിള്ള, ശ്രീ.  ശ്രീ. ശ്രീ. കലാനിലയം സജി എന്നിവരും അണിയറ കൈകാര്യം ചെയ്തത് ശ്രീ. ഗോപാലകൃഷ്ണപിള്ള , ശ്രീ. ഓമനകുട്ടൻപിള്ള,  ശ്രീ. രാജു , ശ്രീ. ശിവൻപിള്ള  എന്നിവരും ആയിരുന്നു.  

തട്ടയിൽ ക്ഷേത്രത്തിനു സ്വന്തമായ കളിയോഗം ആയിരുന്നു ഉപയോഗിച്ചത്.   തട്ടയിൽ ഒരിപ്രം  ക്ഷേത്ര കളിയോഗം വാടകയ്ക്ക് കൊണ്ടു നടന്നു  ധാരാളം കളികൾക്ക് ഉപയോഗിച്ചിട്ടുള്ള   നാട്ടുകാരനും  കഥകളി കലാകാരനുമായ   ശ്രീ. തട്ടയിൽ ഉണ്ണികൃഷ്ണൻ  കളിക്ക് പങ്കെടുത്തിരുന്നില്ല. കളി കഴിഞ്ഞു മടങ്ങുമ്പോൾ എന്റെ മടക്കയാത്ര എങ്ങിനെ എന്ന് എല്ലാ കലാകാരന്മാരും എന്നോട്  അന്വേഷിച്ചു

  ശ്രീ. കലാമണ്ഡലം അച്യുതവാര്യർ  അവർകളുടെ  കാറിൽ ആയിരുന്നു  എന്റെ മടക്കയാത്ര.  ശ്രീ. അച്യുതവാര്യരെ വളരെ ചെറുപ്പം മുതൽ എനിക്ക് പരിചയം ഉണ്ട്. അദ്ദേഹത്തിൻറെ   മുത്തച്ഛനെയും  പരിചയം ഉണ്ടായിരുന്നു.    അച്ഛൻ, അമ്മ,  സഹോദരങ്ങൾ എല്ലാവരും എനിക്ക്  സുപരിചിതരാണ്.   അദ്ദേഹത്തിൻറെ പിതാവ്  ശ്രീ. ശങ്കരവാര്യർ    കഥകളി അഭ്യസിച്ചിട്ടുണ്ട്.  അദ്ദേഹത്തിൻറെ ദുര്യോധനവധം, കുചേലവൃത്തം  എന്നീ കഥകളിലെ കൃഷ്ണൻ, കിരാതത്തിൽ  കാട്ടാളൻ തുടങ്ങിയ   വേഷങ്ങളും ഞാൻ കണ്ടിട്ടുണ്ട്. എവൂരിൽ പണ്ട്  നടന്നിട്ടുള്ള  പല കളികൾ കാണുവാനും  ഒന്നിച്ചു പോയിട്ടുമുണ്ട്.    ഓച്ചിറ ശ്രീ. മാരുതീ നൃത്ത കലാലയം അവതരിപ്പിച്ചു വന്നിരുന്ന "ഭക്തപ്രഹളാദൻ" ബാലൈയിൽ ഹിരണ്യകശിപുവിന്റെ വേഷം അദ്ദേഹം  ചെയ്തു കണ്ടിട്ടുണ്ട്.  ഈ  അനുഭവങ്ങളും ചില  കഥകളി വിശേഷങ്ങളും     പങ്കിട്ടുകൊണ്ട് വളരെ രസകരമായിരുന്നു മടക്കയാത്ര. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ