പേജുകള്‍‌

2013, മേയ് 2, വ്യാഴാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -13

(തട്ടയിൽ ഒരിപ്രം ക്ഷേത്രത്തിലെ കഥകളി)

വിക്രമോർവ്വശീയം കഥയുടെ അവതരണത്തിനു വേണ്ടി  കഥാനായകനായ   പുരൂരവസ്സിന്റെ പുറപ്പാട് ഒഴിവാക്കിയാൽ  പത്തു  രംഗങ്ങളാണ് കഥകളിയിൽ ഉള്ളത്.
പുരൂരവസ്സിന്റെ  (പച്ച) കൊട്ടാരത്തിൽ  നാരദൻ  എത്തുന്നതും  നാരദനെ സ്വീകരിക്കുന്ന  പുരൂരവസ്സ് ദേവലോക വിശേഷങ്ങൾ ആരായുന്നതും നാരദനിൽ നിന്നും ഉർവ്വശിയെ പറ്റിയുള്ള  വിവരങ്ങൾ  അറിയുന്നതുമാണ് ആദ്യരംഗം. ഉർവ്വശിയെ പറ്റിയുള്ള പുരൂരവസ്സിന്റെ  മദന ചിന്തയാണ് രണ്ടാം രംഗം. മാതലി   പുരൂരവസ്സിന്റെ കൊട്ടാരത്തിൽ എത്തി ദേവേന്ദ്രന്റെ സന്ദേശം ഏൽപ്പിക്കുന്നതും  ഇന്ദ്രസന്ദേശം സ്വീകരിച്ച് പുരൂരവസ്സ്  തേരൊരുക്കി  ദേവലോകത്തേക്ക് യാത്രയാകുന്നതാണ് മൂന്നാം രംഗം
 നാലാം രംഗത്തിൽ നന്ദനോദ്യാനത്തിൽ തോഴിയുമൊത്ത് വിരഹിക്കുന്ന ഉർവ്വശിയുടെ ശോകകാരണം തോഴി ചോദിച്ചറിയുന്നു.  സുരലോകസുഖത്തിൽ ഉണ്ടായിട്ടുള്ള വിരക്തിയും കുടുംബം, സന്താനഭാഗ്യം എന്നിവയോടുള്ള താൽപ്പര്യവും  അതിന് ഭൂമിയിലെ ജീവിതമാണ് ഏറ്റവും ഉചിതം എന്നുള്ള  തന്റെ ചിന്തകൾ ഉർവ്വശി തോഴിയെ അറിയിക്കുന്നു.

                                                             നാരദനും പുരൂരവസ്സും

                                                         പുരൂരവസ്സിന്റെ മദനചിന്ത

                                                              പുരൂരവസ്സും മാതലിയും

                                                                   ഉർവ്വശിയും തോഴിയും 
  
കേശി (കത്തി), വജ്രദംഷ്ട്രൻ (ചുവന്ന താടി) എന്നീ അസുരന്മാരുടെ    തിരനോട്ടമാണ് അടുത്തത്‌.  അഞ്ചാം രംഗത്തിൽ അസുരരാജാവ്‌  കേശിയെ മന്ത്രി ജ്രദംഷ്ട്രൻ കണ്ടു വണങ്ങുന്നു.  ഭൂമിയിൽ നിന്നും വിക്രമൻ (പുരൂരവസ്സ്) ഇന്ദ്രലോകത്തിൽ എത്തി ഇന്ദ്രനോട് ചേർന്നുകൊണ്ട്  അസുരരെ എതിർത്തു പോരിടുന്നതിൽ  ക്രുദ്ധരായി ദേവലോകത്തേക്ക് യാത്രതിരിക്കുവാനും ധനങ്ങൾ   കൊള്ളയടിക്കുവാനും   ദേവസ്ത്രീകളെ അപഹരിക്കുവാനും തീരുമാനിച്ചു രണ്ടു മാർഗ്ഗങ്ങളിലായി സ്വർഗ്ഗത്തിലേക്ക് യാത്ര തിരിക്കുന്നു. 

 സ്വർഗ്ഗത്തിലെത്തിയ കേശിയുടെ സ്വർഗ്ഗവർണ്ണനയും തുടർന്ന്  സ്വർഗ്ഗ സുന്ദരികളെ പ്രാപിക്കുന്നതു പറ്റിയുള്ള ചിന്തകളുമാണ് ആറാം രംഗത്തിൽ.   ഏഴാം രംഗത്തിൽ ഉദ്യാനത്തിൽ ഉർവ്വശിയെ കേശി സന്ധിച്ച്  പ്രണയാഭ്യർത്ഥന ചെയ്യുകയും  ഉർവ്വശി നിരസിക്കുകയും  വിക്രമനായ ഭൂമിയിലെ രാജാവായ പുരൂരവസ്സിനോടാണ്  തനിക്കു സ്നേഹമെന്നും സ്വർഗ്ഗലോകം നരകതുല്യമായി തോന്നുന്നുവെന്നും കേശിയെ  അറിയിക്കുന്നു. കുപിതനായ കേശി ബലാൽ ഉർവ്വശിയെ പ്രാപിക്കുന്നു
 അസുരന്മാരെ യുദ്ധത്തിൽ ജയിച്ചു മടങ്ങുന്ന വിക്രമൻ കേശിയുടെ അട്ടഹാസവും  ഉർവ്വശിയുടെ വിലാപവും കേട്ടെത്തി കേശിയെ വധിക്കുകയും ബോധരഹിതയായ ഉർവ്വശിയെ പരിചരിക്കുകയും ചെയ്യുന്നു ഇന്ദ്രനിയോഗാൽ അവിടെ എത്തുന്ന ചിത്രരഥനിൽ നിന്നും  ഉർവ്വശിയും വിക്രമനും പരസ്പരം അറിയുന്നു. ചിത്രരഥൻ ഉർവ്വശിയെ കൂട്ടി യാത്രയാകുന്നു. സ്വർഗ്ഗത്തിൽ കടന്നെത്തിയ  ജ്രദംഷ്ട്രൻ വിക്രമനെ  കണ്ടു ഭയന്നു  ശരണം പ്രാപിക്കുന്നു. 

                                                          കേശിയും വജ്രദംഷ്ട്രനും 

                                                           കേശിയും ഉർവ്വശിയും 

                                                  പുരൂരവസ്സും ചിത്രരഥനും ഉർവ്വശിയും 

                                                     പുരൂരവസ്സും  വജ്രദംഷ്ട്രനും. 

നന്ദനോദ്യാനത്തിൽ ഉർവ്വശിയുടെ സമീപം രാജഹംസമെത്തി ശോകകാരണം  ആരായുന്നു. തന്നെ രക്ഷിച്ച വിക്രമനിലുള്ള താൽപ്പര്യം ഹംസത്തെ അറിയിക്കുന്നു. ഇന്ദ്രനെ ജയിച്ചു തന്നെ മോചിപ്പിച്ച്  ഭൂമിയിലേക്ക്‌ കൂട്ടി പോകണം എന്ന  ഉർവ്വശിയുടെ   പുരൂരവസ്സിനുള്ള സന്ദേശവുമായി ഹംസം ഭൂമിയിലേക്ക്‌ പറന്നു പോകുന്നതാണ് എട്ടാം രംഗം. ഒൻപതാം രംഗത്തിൽ ഉർവ്വശിയെ പറ്റിയുള്ള ചിന്തയിൽ  അസ്വസ്ഥതനായ  വിക്രമന്റെ സമീപത്ത് രാജഹംസം എത്തി ഉർവ്വശിയുടെ സന്ദേശം നൽകുന്നു.

                                                                   രാജഹംസം ഉർവ്വശിയും രാജഹംസവും 

                                                             പുരൂരവസ്സും രാജഹംസവും 

പത്താം രംഗം :  വിക്രമൻ ദേവലോകത്തെത്തി ഇന്ദ്രനെ പോരിനുവിളിക്കുകയും ഇന്ദ്രനുമായി യുദ്ധം  ചെയ്യുകയും, പരാജയ ഭീതിയാൽ ഇന്ദ്രൻ വിക്രമനു നേരെ വജ്രായുധം പ്രയോഗിക്കുവാൻ മുതിരുന്നു.     മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട്   ഇന്ദ്രനെ യുദ്ധത്തിൽ നിന്നും പിന്മാറുവാൻ ഉപദേശിക്കുന്നു. തുടർന്ന് ഇന്ദ്രൻ യുദ്ധം നിർത്തി വിഷ്ണുസ്തുതി ചെയ്തു. ദേവലോകത്ത് വെച്ച് ഉർവ്വശിയുടെയും വിക്രമന്റെയും സ്വയംവരം നടത്തുന്നു. വിഷ്ണുവും  ഇന്ദ്രനും വിക്രമനെയും ഉർവ്വശിയെയും ഭൂമിയിലേക്ക്‌ യാത്രയാക്കുന്നതോടെ രംഗം സമാപിക്കുന്നു.

                                                          പുരൂരവസ്സും  ഇന്ദ്രനും 

                                                പുരൂരവസ്സ്  മഹാവിഷ്ണു  ദേവേന്ദ്രൻ 

                                                         പുരൂരവസ്സും ഉർവ്വശിയും 

കഥയിലെ ശ്ലോകങ്ങൾ, ദണ്ഡകം, പദങ്ങൾ എല്ലാം വളരെ ലളിതവും ഹൃദ്യവുമാണ്‌. നാല് മുതൽ നാലര  മണിക്കൂറുകൾ  കൊണ്ട് അവതരിപ്പിച്ചു വിജയിപ്പിക്കാവുന്ന കഥയാണിത്.  ശ്രീ. ഫാക്റ്റ് പത്മനാഭൻ കഥാനായകനായ    പുരൂരവസ്സിനെയും ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ കഥാനായികയായ  ഉർവ്വശിയെയും വളരെ ഭംഗിയായി അവതരിപ്പിച്ചു.  ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനാണ് നാരദൻ ചെയ്തത്. 


 വിക്രമധിക്ക്രുതാരതേ!............. എന്നു തുടങ്ങി   
 "ധീര നാരായണൻ തന്റെ ഘോരമാം തപസ്സിളക്കാൻ 
വാരനാരീ ജനം ചാരേ മാരനോടയച്ചിന്ദ്രൻ  
 നൃത്തവും ഗാനവുമൊത്തു വാദ്യവുമാർത്തുടൻ  പേർത്തും 
ചിത്തജാതൻ ശരമെയ്യാൻ ഓർത്തനേരം മുനീന്ദ്രനും 
മന്ദം മന്ദമുണർന്നിന്ദു മന്ദഹാസരസം തൂകി 
സുന്ദരമാമുരുവിൽ നിന്നിന്ദുതുല്ല്യ മുഖിയാളെ
ഇന്ദ്രനു സമ്മാനമേകാൻ സാന്ദ്രമോദം കൊടുത്തീശൻ  
ചന്ദ്രനു ചന്ദ്രിക പോലെ ചന്ദ്രമുഖിയാമാവൾ  കേൾ 
ചന്ദ്രവംശാംബുധി  ജാതചന്ദ്രനെ, നിനക്കു ചേരും." എന്ന നാരദന്റെ പദം വളരെ ഭംഗിയായും ഹൃദ്യമായും നാരദൻ അവതരിപ്പിച്ചു. 

   
ശ്രീ. ഫാക്റ്റ് മോഹനൻ   കേശിയെയും ശ്രീ. തലവടി അരവിന്ദജ്രദംഷ്ട്രനെയും അവതരിപ്പിച്ചു. സ്വർഗ്ഗത്തിൽ കടന്നു ഐരാവതത്തെയും ദേവസ്ത്രീകളുടെ ആഭരണങ്ങളും കവർച്ച  ചെയ്യാനുള്ള പദ്ദതികൾ, രാക്ഷസരുടെ പടയൊരുക്കം എന്നിവ  ഇവര വളരെ ഭംഗിയായി  അവതരിപ്പിച്ചു.  ശ്രീ. തിരുവഞ്ചൂർ സുഭാഷ് മാതലിയെയും, ശ്രീ. കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി തോഴിയെയും,  ശ്രീ. കലാമണ്ഡലം അരുണ്‍ ചിത്രരഥനെയും   ശ്രീ. കലാമണ്ഡലം ഉല്ലാസ് ഇന്ദ്രനെയും  ശ്രീ. കലാമണ്ഡലം വിഷ്ണു മഹാവിഷ്ണുവിനെയും   അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം രാജീവനാണ് രാജഹംസമായി വേഷമിട്ടത്. വളരെ ഭംഗിയായി അദ്ദേഹം വേഷം കൈകാര്യം ചെയ്തു. നളചരിതത്തിലെ ഹംസത്തെപോലെ ചിറകു കൊത്തി വൃത്തിയാക്കുന്നതും തീറ്റയുമെല്ലാം അവതരിപ്പിച്ചതിനോട്  എനിക്ക് യോജിപ്പ് തോന്നിയില്ല (കഥാകൃത്തിനോടും എന്റെ  ഈ അഭിപ്രായം സൂചിപ്പിച്ചിട്ടുണ്ട് ). 

ശ്രീ. കലാനിലയം ഉണ്ണികൃഷ്ണൻ, ശ്രീ. കലാമണ്ഡലം വിനോദ് , ശ്രീ. കലാനിലയം രാജീവൻ നമ്പൂതിരി എന്നിവരാണ് കഥ  പാടിയത്. പങ്കെടുത്ത എല്ലാ കലാകാരന്മാരും അവരവരുടെ റോളുകൾ  ഭംഗിയായി ചെയ്ത് കളി വിജയിപ്പിച്ചു
                                                                  

(രണ്ടാമതായി അവതരിപ്പിച്ച  തോരണയുദ്ധം കഥയുടെ വിവരങ്ങൾ അടുത്ത പോസ്റ്റിൽ )

4 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2013, മേയ് 2 8:57 PM

  ഇതിപ്പൊ നളചരിതം ഒന്നാം ദിവസം, കാലകേയവധം, രാവണവിജയം എന്നിവ സമാസമം ചേർത്തു കുറച്ചു മസാല ചേർത്തു ഉണ്ടാക്കിയ പോലെ ഉണ്ടു. കഥവായിച്ചിട്ടു തോന്നിയതാണേ. അവതരണത്തിന്റെ കാര്യം അറിയില്ല്യേ...

  മറുപടിഇല്ലാതാക്കൂ
 2. Vasudevan Nampoothiri2013, മേയ് 3 6:45 AM

  "The review of Vikramorvasiyam was, as usual, good. As someone has pointed out in response to your blog, the hamsam and the dandakam and even some padams remind one of other famous plays."

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതനായ "സു".. ഹൃത്തെ!
  താങ്കളുടെ നിഗമനം പോലെ നളചരിതം-1, കാലകേയവധം , രാവണവിജയം തുടങ്ങിയ കഥകളിലെ ചില രംഗങ്ങളുടെ പ്രതിശ്ചായ ഈ കഥയിൽ കഥാകൃത്ത്‌ സൃഷ്ടിച്ചിട്ടുണ്ട്.

  Sri. Vasudevan Nampoothiri,
  All padams slokams etc were very similar to other kathakli plays.

  മറുപടിഇല്ലാതാക്കൂ
 4. :) Ariyatha Meghala.. Athukondu kooduthal parayan ariyilla.! Ashamsakal...!!!

  മറുപടിഇല്ലാതാക്കൂ