ഡിസംബര്‍ ഇരുപത്, തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്ക് ചെന്നൈ മഹാലിംഗപുരം ക്ഷേത്രത്തില്‍ പകുതി പുറപ്പാടോടെ കഥകളി ആരംഭിച്ചു. ശ്രീ. മുരിങ്ങൂര്‍ ശങ്കരന് പോറ്റി എഴുതിയ ഭക്തി രസ പ്രധാനമായ കുചേലവൃത്തം കഥയാണ് അവതരിപ്പിച്ചത്. കഥകളിയോട് വളരെ അധികം താല്‍പ്പര്യം ഉള്ള ഒരു കുടുംബമാണ് കളി സ്പോണ്സര് ചെയ്തത്.
പുറപ്പാട് (വേഷം: കൃഷ്ണന് )
ശ്രീകൃഷ്ണനും സുദാമാവും (കുചേലന്) സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യന്മാരാണ്. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ചു ഇരുവരും വിദ്യ അഭ്യസിച്ചു. ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞ ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ല. കാലാന്തരത്തില്‍ കുചേലന്റെ കുടുംബം ദാരിദ്ര്യ ദുഃഖം കൊണ്ട് വലഞ്ഞപ്പോള്‍ കുചേലപത്നി യാചിച്ചു കിട്ടിയ നെല്ല് ഇടിച്ചു അവലുണ്ടാക്കി അത് ഒരു തുണിയില്‍ പൊതിഞ്ഞു സുഹൃത്തും ലോകനാഥനുമായ കൃഷ്ണനെ കണ്ടു വരുവാന്‍ കുചേലനോട് പറയുന്നു. കുചേലന് തന്റെ ഓലക്കുടയും ഊന്നുവടിയും, കക്ഷത്തില്‍ അവല് പൊതിയും വെച്ചു കൊണ്ട് ദ്വാരകാ പുരിയിലേക്ക് കൃഷ്ണനെ ദര്‍ശിക്കുവാന്‍ യാത്രയാകുന്നു.
ദ്വാരകാപുരിയിലെ ഏഴു നിലമാളികയില്‍ രുഗ്മിണിയുമായി സല്ലപിച്ചു കൊണ്ടിരുന്ന കൃഷ്ണന് വളരെ ദൂരെ തന്റെ സതീര്ത്ഥ്യനെ കണ്ടപ്പോള്‍ മാളിക വിട്ടു താഴെയിറങ്ങി ഓടി ചെന്ന് സ്വീകരിച്ചു ലക്ഷ്മീ തല്പ്പത്തില് ഇരുത്തി പാദപൂജചെയ്തു ആദരിച്ചു. പിന്നീടു കുശലങ്ങള്‍, ഗുരുകുല സ്മരണകള്‍ ഇവ പങ്കുവെച്ചു . തന്നെ കാണാന്‍ വന്ന കുചേലനോട് തനിക്കു വിശക്കുന്നു എന്നും തനിക്കു എന്താണ് കൊണ്ടു വന്നതെന്നും ചോദിക്കുന്നു. കുചേലന്റെ കക്ഷത്തില്‍ മറച്ചു വെച്ചിരുന്ന അവല് പൊതി കണ്ടെടുത്തു കൃഷ്ണന് ഭുജിക്കുന്നു. ആ "കുചിപീടകം" അത്യധികം സന്തോഷത്തോടെ ശ്രീകൃഷ്ണന് വീണ്ടും ഭുജിക്കാന്‍ തുടങ്ങുമ്പോള്‍ രുഗ്മിണി തടഞ്ഞു. വൃദ്ധനായ കുചേലന്റെ ഭാര്യയുടെ ദാസിയാക്കാനാണോ അങ്ങയുടെ ഭാവം എന്ന രുഗ്മിണിയുടെ പരാതിക്ക് ഭക്തന്മാരോടുള്ള തന്റെ സക്തിയാണ് തന്റെ ഈ പ്രവര്‍ത്തിക്കു കാരണം എന്നു പറഞ്ഞു സമാധാനിപ്പിക്കുന്നു. (സാക്ഷാല്‍ ലക്ഷ്മീ ദേവിയുടെ അവതാരമാണ് കൃഷ്ണാവതാരത്തില്‍ രുഗ്മിണിയായി എത്തുന്നത് ) മീതിയുള്ള അവല് രുഗ്മിണിയോട് ഭുജിക്കുവാനും മറ്റു പത്നിമാര്‍ക്കും വിതരണം ചെയ്യുവാനും കൃഷ്ണന് രുഗ്മിണിയോട് നിര്‍ദ്ദേശിക്കുന്നു. ആ ഒരു രാത്രി കുചേലന് കൃഷ്ണനോടൊപ്പം സ്മരണകള്‍ പങ്കുവെച്ച് അടുത്ത നാള് പ്രഭാതത്തില്‍ തന്റെ വസതിയിലേക്ക് മടങ്ങുന്നു . സ്വഗൃഹത്തില്‍ മടങ്ങി എത്തിയ കുചേലന് സര്‍വ്വ സമൃദ്ധിയോടെ കഴിയുന്ന കുടുംബത്തെയാണ് കാണാന്‍ സാധിച്ചത്. ഇതാണ് കുചേലവൃത്തം കഥയുടെ ചുരുക്കം.
കുചേലന് ദ്വാരകാ പുരിയിലേക്ക്
ശ്രീകൃഷ്ണനെ കാണുവാനായി ദ്വാരകാപുരിയിലേക്ക് യാത്ര തിരിക്കുന്ന "ദാനവാരി മുകുന്ദനെ സാനന്ദം കണ്ടീടാന്‍ വിപ്രന് താനേ നടന്നീടിനാനേ ചിന്ത ചെയ്തു" എന്ന പദത്തോടെ കഥകളി ആരംഭിച്ചു. മംഗളങ്ങളായ ശകുനങ്ങള്‍ കണ്ടു കൊണ്ടാണ് കുചേലന്റെ യാത്ര തുടങ്ങിയത്. എത്ര കാലമായി താന്‍ കൃഷ്ണനെ കണ്ടിട്ട്, ഗുരുകുലത്തില്‍ നിന്നും പിരിഞ്ഞശേഷം ഇതു വരെ കൃഷ്ണനെ കണ്ടിട്ടില്ല, ഈ പ്രാകൃതനായ എന്നെ കണ്ടാല്‍ കൃഷ്ണന് എന്നെ ഓര്‍മ്മ വരുമോ? തീര്‍ച്ചയായും ഭക്ത വല്സലനായ ഭഗവാന് തന്നെ കണ്ടാല്‍ മാനിക്കും. എന്നിങ്ങനെ ചിന്തിച്ചു കൊണ്ടു കുചേലന് ദ്വാരകാപുരിയില്‍ എത്തുന്നു. കുചേലന് (വൃന്ദാവനത്തില്‍ എത്തുന്ന അക്രൂരനെ പോലെ) ഭഗവാന് കൃഷ്ണന്റെ കാല്പ്പാദങ്ങള് പതിഞ്ഞ മണ്ണിനെ വണങ്ങി. ആ പാദദൂളിയാല്‍ തന്നെ പവിത്രനാക്കുന്നു.
കൃഷ്ണന് കുചേലന്റെ പാദ പൂജ ചെയ്യുന്നു.
അടുത്ത രംഗത്തില്‍ ദ്വാരകാ പുരിയിലെ എഴുനില മാളികയില്‍ രുഗ്മിണീ ദേവിയോടൊപ്പം ലക്ഷ്മീ തല്പ്പത്തില് ഇരിക്കുന്ന കൃഷ്ണന് വളരെ ദൂരത്തില്‍ എത്തിയ തന്റെ സതീര്‍ത്ഥ്യനായ കുചേലനെ തിരിച്ചറിഞ്ഞു. ആ കണ്ണുകള്‍ സന്തോഷാശ്രുക്കളാല്‍ ഈറനണിഞ്ഞു . കൃഷ്ണന് കണ്ണുനീര് തുടയ്ക്കുന്നതു കണ്ട് രുഗ്മിണീ ദേവി കാരണം തിരക്കി. " ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ, എന്റെ കൂടെ പഠിച്ച സുദാമാവ് എന്ന ഒരു സാധു ബ്രാഹ്മണനെ കുറിച്ച്... " അതാ ആ സാധു ബ്രാഹ്മണന് എന്നെ കാണാന്‍ താഴെ എത്തിയിരിക്കുന്നു എന്നു കൃഷ്ണന് പറഞ്ഞിട്ട് അദ്ദേഹത്തെ സ്വീകരിക്കാന്‍ എല്ലാം തയ്യാറാക്കി വെയ്ക്കാന്‍ രുഗ്മിണിയോടു നിര്‍ദ്ദേശിച്ച ശേഷം കൃഷ്ണന് കുചേലന്റെ അടുത്തേക്ക് ഓടി എത്തുന്നു . കുചേലനെ നമസ്കരിച്ച്, ആശ്ലേഷിച്ച് തന്റെ ഏഴു നിലമാളികയിലേക്ക് കൂട്ടി വന്നു. കൃഷ്ണന് കുചേലനെ ലക്ഷ്മീ തല്പ്പത്തില് ഇരുത്തുവാന്‍ ശ്രമിച്ചപ്പോള്‍ അതിനു താല്‍പ്പര്യം കാണിക്കാതെ കുചേലന് താഴെ ഇരുന്നു. അപ്പോള്‍ കൃഷ്ണനും താഴെ ഇരിക്കുവാന് തയ്യാറായപ്പോള്‍ കുചേലന് ലക്ഷ്മീതല്‍പ്പത്തില്‍ ഇരുന്നു. കൃഷ്ണന് കുചേലന്റെ പാദപൂജ ചെയ്ത ശേഷം പാദ തീര്‍ത്ഥം കൃഷ്ണന് തന്റെയും, രുഗ്മിണിയുടെയും, കൊട്ടാരവാസികളുടെയും ശരീരത്തില്‍ തളിച്ചു. (അരങ്ങില്‍ കൃഷ്ണന് പാദ പൂജക്ക് മണി ഉപയോഗിച്ചു. പാദ പൂജക്ക് മണി ഉപയോഗിക്കുന്നത് ശരിയല്ല എന്നൊരു വാദം നിലവില്‍ ഉണ്ട്. ചില നടന്മാര് പാദപൂജക്ക് മണി ഉപയോഗിക്കാറില്ല. പാദ പൂജയെ പറ്റി അറിവുള്ളവര്‍ കമന്റില്‍ ചേര്‍ത്താല്‍ ഉപകാരം ആവും. ദൈവീകപൂജകളെ പോലെ അല്ലല്ലോ പാദപൂജ. ) കൃഷ്ണന് ചന്ദനം ചാലിച്ച് കുചേലന്റെയും രുഗ്മിണിയുടെയും നെറ്റിയില്‍ ചാര്‍ത്തി. രുഗ്മിണി ചന്ദനം വാങ്ങി കൃഷ്ണന്റെ നെറ്റിയിലും ചാര്‍ത്തി. അതിനു ശേഷം കുചേലനെ ആലിംഗനം ചെയ്ത് കുശലാന്വേഷണങ്ങളില് ഏര്‍പ്പെട്ടു.
രുഗ്മിണി, കുചേലന്, കൃഷ്ണന്
സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിദ്യ അഭ്യസിച്ചു കൊണ്ടിരുന്ന കാലഘട്ടത്തില്‍ മഹര്‍ഷി പത്നിയുടെ നിര്‍ദ്ദേശ പ്രകാരം വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയതും സന്ധ്യാ സമയം ആയപ്പോള്‍ ഇടവിടാതെ പെയ്ത മഴയും കൂരിരുട്ടും കൊണ്ടു ഭയന്ന് പരസ്പരം കൈകോര്‍ത്തു കാട്ടിലെ വള്ളീ ബന്ധത്തില്‍ കഴിഞ്ഞതും പിന്നീടു മഹര്‍ഷി ഇരുവരെയും കാണാതെ അലഞ്ഞു വനത്തില്‍ വന്നു ഇരുവരെയും കൂട്ടിപ്പോയതും എല്ലാം കൃഷ്ണന് സ്മരിച്ചു.
തുടര്‍ന്നു കുചേലന്റെ മറുപടി പദമായ അജിതാ ഹരേ! ജയാ മാധവ വിഷ്ണോ എന്ന പദത്തിന് (കുചേലന്) "ലക്ഷ്മി ദേവിയുടെ ഭര്‍ത്താവ് " (വിഷ്ണു ) എന്ന മുദ്രയാണ് കുചേലന് കാണിച്ചത്. "പല ദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ നലമൊടു കണ്മതിനു കളിയല്ലേ രുചിക്കുന്നു" എന്ന പദത്തിന് കള്ളമാണ് കുചേലന് പറയുന്നത് എന്നായി കൃഷ്ണന്. " ബലഭദ്രാനുജാ" എന്ന സംബോധനയില്‍ കുചേലന് ബലഭദ്രനെ തിരക്കി. ജ്യേഷ്ടന് സുഖമായി കഴിയുന്നു എന്ന് കൃഷ്ണന് മറുപടി പറഞ്ഞു. (പണ്ടത്തെ നടന്മാര് ഇതിനുള്ള മറുപടി " അദ്ദേഹം മദ്യ ലഹരിയില്‍ മുഴുകി കഴിയുന്നു" എന്നാണ് കാട്ടി വന്നിരുന്നത്. ബലഭദ്രന് മദ്യപിക്കാറുണ്ട് എന്നത് പുരാണ പ്രസിദ്ധം ആണല്ലോ.)
തുടര്‍ന്നുള്ള കൃഷ്ണന്റെ " ഗുരുപുരേ നിന്നും ഭവാന് പിരിഞ്ഞതില്‍ പിന്നെ സഖേ" എന്ന പദത്തിന്റെ അവതരണത്തില്‍ തനിക്കു വിശക്കുന്നു, എന്താണ് കൊണ്ടു വന്നിട്ടുള്ളത് എന്ന ചോദ്യത്തിന് " ലോക നാഥനായ ഭഗവാന് വിശക്കുകയോ? എന്ന് (സന്ദര്‍ഭോചിത സംശയം) കുചേലന് സംശയം ഉണ്ടായി. എന്താണ് ആ കക്ഷത്തില്‍ ഒളിച്ചു വെച്ചിരിക്കുന്നത് എന്ന കൃഷ്ണന്റെ ചോദ്യത്തിന് വ്രീളാംശത്തോടെ ഇരിക്കുന്ന കുചേലന്റെ കക്ഷത്തില്‍ മറച്ചു വെച്ചിരുന്ന അവല്‍പ്പൊതി കൃഷ്ണന് കണ്ടെടുത്തു. ഒരു പിടി അവല് അത്യാനന്ദത്തോടെ കൃഷ്ണന് ഭുജിച്ചു. വീണ്ടും അവല് ഭുജിക്കാന്‍ തുടങ്ങിയപ്പോള്‍ രുഗ്മിണി ദേവി കൃഷ്ണന്റെ കയ്യില്‍ പിടിച്ചു തടഞ്ഞു. പദത്തില്‍ "കല്യാണാംഗി രമാ മുരാന്തക കരം മെല്ലെ പിടിച്ചീടിനാള്‍" എന്നാണ്. എന്നാല്‍ ഇവിടെ രുഗ്മിണിയുടെ പിടിയും പരിഭവ പ്രകടനവും അല്‍പ്പം അധികമായി പോയോ എന്ന് സംശയം തോന്നി. കൃഷ്ണനെ രണ്ടോ മൂന്നോ തവണ പിടിച്ചു തള്ളുകയും ചെയ്തു. തുടര്‍ന്നു രുഗ്മിണിയുടെ പദവും കൃഷ്ണന്റെ മറുപടി പദവും കഴിയുന്നതുവരെ കണ്ണും മൂടിയിരുന്ന കുചേലനെ കൃഷ്ണന് ആലിംഗനം ചെയ്തു. (ക്ഷീണം കൊണ്ടു കുചേലന് ഉറങ്ങുന്നതായാണ് സാധാരണ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.) ശ്രീകൃഷ്ണന്റെ ആലിംഗനത്തില്‍ കുചേലന് കണ്ണുതുറന്നു. ഉറങ്ങിപ്പോയോ എന്ന് കൃഷ്ണന് ചോദിച്ചു . ധ്യാന്യത്തില്‍ ആയിരുന്നു എന്ന് കുചേലന് മറുപടി നല്കി. അങ്ങയുടെ സംഗമത്താല്‍ ഇന്നു വളരെ നല്ല ഒരു ദിവസം ആണ് എന്ന് കൃഷ്ണനും എനിക്കും അങ്ങിനെ തന്നെ എന്ന് കുചേലനും പറഞ്ഞു.
തുടര്‍ന്നു കുചേലന്റെ "പുഷ്കര വിലോചന" എന്ന പദാട്ടത്തിനു ശേഷം കുചേലന്റെ ഇളകിയാട്ടത്തില്‍ . " ലോകനാഥനായ അങ്ങ് എന്നെ സുഹൃത്തേ! എന്ന് അതി സംബോധന ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം സീമാതീതമാണ് " എന്നും
എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്നും കുചേലന് കൃഷ്ണനോട് പറഞ്ഞു. ( ഈ പതിവില്ലാത്ത ഒരു ചോദ്യം ആസ്വാദകര്‍ക്ക് ഒരു ഞെട്ടല്‍ ഉണ്ടാക്കി കാണണം.)
ആഗ്രഹം എന്താണ് എന്ന് കൃഷ്ണന്റെ ചോദ്യത്തിന് കുചേലന് "ഈ സംസാരമാകുന്ന സാഗരത്തില്‍ ജനനം മരണം എന്നുള്ള ആ ചക്രത്തില്‍ നിന്നും ഞങ്ങളെ (ഭക്തന്മാരെ) മോചിപ്പിക്കുവാന്‍ സംസാര സാഗരത്തില്‍ ഒരു തോണിയായി വന്നു കരയേറ്റണമേ" എന്ന് അഭ്യര്‍ത്ഥിച്ചു.
അങ്ങയുടെ ആഗ്രഹങ്ങള്‍ എല്ലാം വഴി പോലെ സാദ്ധ്യമാകും എന്ന് കൃഷ്ണന് മറുപടി പറഞ്ഞു. തുടര്‍ന്ന് മടങ്ങുകയാണ് എന്ന് പറയുന്ന കുചേലനോട് ഇന്നു തന്നെ തിരിച്ചു പോകണമോ എന്ന് ചോദിച്ചു. തന്റെ കുടുംബവും കുട്ടികളും തന്റെ വരവും നോക്കി കാത്തിരിക്കുകയാണ്. വീണ്ടും ഒരിക്കല്‍ കാണാം എന്ന് പറഞ്ഞു കുചേലന് യാത്ര പുറപ്പെട്ടു. യാത്ര തുടര്‍ന്ന കുചേലനെ കൃഷ്ണന് വീണ്ടും വീണ്ടും ആശ്ലേഷിച്ചു, പിന്നീടു കുചേലന് പോകുന്നത് നോക്കി നിന്നു. ദൂരെ മറയുന്ന കുചേലനെ കൃഷ്ണനും രുഗ്മിണിയും ഒന്നിച്ചു നിന്നു അനുഗ്രഹിച്ചു.
ഇളകിയാട്ടങ്ങളില്‍ ഓരോ അരങ്ങിനേയും വ്യത്യസ്തമാക്കുന്ന കീഴ്പ്പടം ശൈലി ഇവിടെ സ്പഷ്ടമാക്കാന്‍ കുചേലനായി വേഷമിട്ട ശ്രീ. സദനം ബാലകൃഷ്ണന് ആശാനും കൃഷ്ണനായി വേഷമിട്ട ശ്രീ. സദനം ഭാസിക്കും സാധിച്ചു എന്നത് പ്രത്യേകം സ്മരണാര്‍ഹമാണ്. രുഗ്മിണിയായി വേഷമിട്ടത് ശ്രീ. വെള്ളിനേഴി ഹരിദാസ് ആയിരുന്നു.
ശ്രീ. പാലനാട് ദിവാകരന് ശ്രീ. പനയൂര്‍ കുട്ടന് എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം ബാലസുന്ദരന്‍ ചെണ്ടയും ശ്രീ. സദനം ദേവദാസ് മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. സദനം ശ്രീനിവാസന് ആയിരുന്നു ചുട്ടി കൈകാര്യം ചെയ്തത് .
കഥകളിയോട് വളരെ താല്‍പ്പര്യവും കഥകളി പഠിച്ചിട്ടുള്ളതുമായ ചെന്നൈ അഡയാര്‍ കലാക്ഷേത്രയിലെ യുവ കലാകാരന്മാര് അതീവ താല്‍പ്പര്യത്തോടെ അണിയറ ജോലികള്‍ ചെയ്യുകയും ഉടുത്തു കെട്ടിക്കുന്നതു മുതല്‍ കളിക്ക് ശേഷം കളിക്കോപ്പുകള്‍ അടുക്കി വെയ്ക്കുന്നതു വരെയുള്ള ജോലികള്‍ ശുഷ്ക്കാന്തിയോടു ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണ്.
കഥകളിക്കു അനുയോജ്യമായ സ്റ്റേജ് സൌകര്യങ്ങള്‍ അല്ല മഹാലിംഗപുരം ക്ഷേത്രത്തില്‍ ഉള്ളത്. എന്നിട്ടും കഥകളി വിജയത്തില്‍ എത്തിയത് കലാകാരന്മാരുടെ മികച്ച പ്രകടനം കൊണ്ടു മാത്രമാണ് എന്നതില്‍ ഒരു സംശയവും ഇല്ല.
സാധാരണ കഥകളി ആസ്വാദകർക്ക് വേണ്ടിയുള്ള ഈ ബ്ലോഗിൽ കഥകളി വിജ്ഞാനമില്ല, സൗന്ദര്യ ശാസ്ത്രവുമില്ല. അരങ്ങിൽ ഞാൻ മനസിലാക്കുന്നതും, അരങ്ങുകളിലും, അരങ്ങിനു വെളിയിലും, അണിയറകളിലും, കഥകളി കലാകാരന്മാർക്കിടയിലും നടന്നിട്ടുള്ള രസികത്തങ്ങൾ, സംഭവങ്ങൾ എന്നിവകൾ പങ്കു വെയ്ക്കാനൊരു ഇടം മാത്രം. ഏതെങ്കിലും കഥകളി കലാകാരന്മാരെയോ, കലാ സ്ഥാപനങ്ങളെയോ, കഥകളിയുമായി ബന്ധപ്പെട്ട മറ്റെന്തിനെയോ അധിക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്യുകയല്ല. അനുഭവമുള്ളതും കേട്ട് അറിവ് ഉള്ളതുമായവ നിങ്ങളിൽ എത്തിക്കുക മാത്രമാണ് എന്റെ ലക്ഷ്യം
Felt like watched a real "Kuchelavritham". Nice blog Chettan.
മറുപടിഇല്ലാതാക്കൂവൈദ്യനാഥന് പറഞ്ഞു അസ്സല് കളി ആയെന്ന്. ഉരന്‍ കൃഷ്ണനും കുചേലനും എന്നൊക്കെ പറഞ്ഞു. കൃഷ്ണനായിരുന്നോ കൂടുതല്‍ പ്രശംസ എന്ന് സംശയം. :):):)
മറുപടിഇല്ലാതാക്കൂ-സു-
അബുജാക്ഷേട്ടാ ശരിക്കും അതി ഗംഭീരമായി വിവരണം, കാരണം ഓരോ കാര്യങ്ങളും വിടാതെ വളരെ കൃത്യതയോടെ എഴുതിയല്ലോ. പ്രത്യേകിച്ചും ചെന്നൈ അഡയാര്‍ കലാക്ഷേത്രയിലെ യുവ കലാകാരന്മാരെ വരെ എഴുതി. പിന്നെ അവര്‍ ലക്ഷ്മീ തല്പ്പം എല്ലാം നന്നായി അലങ്കരിച്ചിരുന്നു. നമ്മള് ഒരുമിച്ചു കണ്ട കളി ആയതുകൊണ്ട് വിവരണം ശരിക്കും ആസ്വദിക്കാന്‍ സാധിച്ചു. പിന്നെ കുചെലന്റെയും കൃഷ്ണന്റെയും വേര്‍പാട് അതി ഗംഭീരമായി അവതരിപ്പിച്ചു ആശാനും ഭാസിയെട്ടനും.
മറുപടിഇല്ലാതാക്കൂഇനി രണ്ടാം ദിവസം കളിയുടെ വിവരണത്തിനായി കാത്തിരിക്കുന്നു.
പാദപൂജക്ക് മണി വേണ്ടയോ ഇല്ലയോ എന്നത് താന്ത്രിക പരമായി വിശകലനം ചെയ്യുക അസാധ്യം. ഇന്നത് ശരി ഇന്നത് തെറ്റ് എന്ന് പറയാന്‍ ആദിഗുരുവായ സദാശിവനേ സാധിക്കൂ എന്നിരിക്കെ "മണി" (money too)മോഹം ഉള്ളവര്‍ അടിക്കട്ടെ എന്ന് പറയുന്നതാവും ഉചിതം. - വെണ്മണി സന്ദീപ്
മറുപടിഇല്ലാതാക്കൂകുചേലവൃത്തം നേരിട്ട് കണ്ടനുഭവിച്ച പ്രതീതി. താങ്കളുടെ വര്‍ണ്ണന അതിമനോഹരമായിരിക്കുന്നു. ഒപ്പം ചിത്രങ്ങളും.
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും, കഥകളി സ്നേഹികള്‍ക്കും നമസ്കാരം.
മറുപടിഇല്ലാതാക്കൂഅഭിപ്രായം രേഖപ്പെടുത്തിയ മിസ്റ്റര്‍. ഗണേഷ്, മിസ്റ്റര്‍. സുനില്‍, മിസ്റ്റര്‍.സജീഷ് , സന്ദീപ് വെണ്മണി, മിസ്റ്റര്‍. വാസ്തു ദര്ശന് എന്നിവര്‍ക്ക് നന്ദി.