പേജുകള്‍‌

2011, ജനുവരി 21, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) -2

 ദമയന്തീ സ്വയംവരം കഴിഞ്ഞു ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തേക്കു മടങ്ങുന്ന, ഇന്ദ്രാദികളെ  ദമയന്തിയുടെ സ്വയംവരത്തിനു പങ്കെടുക്കുവാന്‍   യാത്രയാകുന്ന യുഗപാലകന്മാരായ കലിയും ദ്വാപരനും കണ്ടുമുട്ടുന്നതാണ് നളചരിതം രണ്ടാം ഭാഗത്തിന്റെ മൂന്നാം രംഗം. ദമയന്തിയുടെ വിവാഹം മംഗളമായി കഴിഞ്ഞു എന്നും നളന്‍ എന്ന സല്‍ഗുണങ്ങള്‍ നിറഞ്ഞ രാജവിനെയാണ് വരിച്ചതെന്നും ഇന്ദ്രനില്‍ നിന്നും അറിയുന്നതോടെ കലിയും ദ്വാപരനും കോപം കൊണ്ട് ജ്വലിച്ചു.  നള- ദമയന്തിമാരെയും രാജ്യത്തെയും പിരിക്കും എന്നു കലി പ്രതിജ്ഞ ചെയ്തു. നളനെ ദ്രോഹിച്ചാല്‍  പിന്നീടു നീ വ്യസനിക്കേണ്ടി വരും എന്നു കലിയെ ഉപദേശിച്ചു ഇന്ദ്രന്‍ യാത്രയായി. 
  

നളനു ലഭിച്ച സൗഭാഗ്യത്തില്‍ അസൂയയും കോപവും കൊണ്ട് കലി  നളനെ ദ്രോഹിക്കാന്‍ പഴാകാത്തതും അപായം ഇല്ലാത്തതുമായ ഒരു ഉപായം പറയുവാന്‍ ദ്വാപരനോട് ആവശ്യപ്പെട്ടു. 
"വളരെ ഗുണ ഗണങ്ങള്‍ നിറഞ്ഞവനും ദേവന്മാരുടെ പ്രീതി  സമ്പാദിച്ചവനും ആയ  നളനെ  ജയിക്കുന്നത് അസാദ്ധ്യമാണ്.
ചൂതു കളിയിലൂടെ മാത്രമേ നളനെ ജയിക്കുവാന്‍ സാദ്ധ്യമാകൂ.  നളന്റെ കുലത്തില്‍ ജനിച്ച പുഷ്കരനെ നാം കണ്ട് അവനെ പ്രീതിപ്പെടുത്തി അവനില്‍ വഞ്ചകത്തം ജനിപ്പിക്കണം. പിന്നീടു അവനെ  കൊണ്ട്  നളനുമായി ചൂതു കളിപ്പിച്ചു തോല്‍പ്പിച്ച് നളന്റെ പല തരത്തിലുള്ള ധനം, നാട്, പ്രജകള്‍ തുടങ്ങിയവ എല്ലാം പണയപ്പെടുത്തി നളനെ  കാട്ടിലേക്ക് അയക്കുവാന്‍ വഴി ഒരുക്കാം" എന്ന് ദ്വാപരന്‍ കലിയെ അറിയിച്ചു. 

തുടര്‍ന്ന്  കലി- ദ്വാപരന്മാര്‍ നിഷധ രാജ്യത്ത് പ്രവേശിക്കാനായി യാത്ര തുടരുന്നു.  കലി- ദ്വാപരന്മാരുടെ  യാത്രയില്‍ നിഷധ രാജ്യത്ത് നടക്കുന്ന  സല്‍ക്കര്‍മ്മങ്ങള്‍ മാത്രമാണ് അവര്‍ക്ക് കാണാന്‍ സാധിച്ചത്.  സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നിടത്ത് കലിക്ക് കാല് കുത്തുവാന്‍  സാധിക്കുകയില്ല. അതുകൊണ്ട് അതിനുള്ള ഒരു ചെറിയ പഴുത് കിട്ടുമോ എന്ന്   നോക്കുവാന്‍ ദ്വാപരനെ ഒരു വഴിക്ക് യാത്രയാക്കിയിട്ട്   കലി രാജ്യമാകെ ചുറ്റി നടന്നു വീക്ഷിച്ചു. ഒരു പഴുതും ലഭിക്കാതെ വന്നപ്പോള്‍ ഒരു താന്നി മരത്തില്‍ കയറി കലി ഇരുപ്പുറപ്പിച്ചു കൊണ്ട് രാജ്യം വീക്ഷിച്ചു. പന്ത്രണ്ടു വര്‍ഷക്കാലം കാത്തിരുന്ന കലിക്ക് സന്ധ്യാ വന്ദനത്തിന്  മുന്‍പു കാല്‍ കഴുകിയ രാജാവിന്റെ കാലിന്റെ മുളങ്കാല്‍ നനഞ്ഞില്ല. ഇക്കാരണം മതി നിഷധ രാജ്യത്ത്  പ്രവേശിക്കാന്‍ എന്നു ഉറച്ചു  സന്തോഷവാനായ കലി   ദ്വാപരനെയും കൂട്ടി പുഷ്കര ഗൃഹത്തിലേക്ക് പോകാം എന്നു തീരുമാനിക്കുന്നു. ഇതാണ് ഈ രംഗത്തിന്റെ ചുരുക്കം.

രംഗ അവതരണത്തില്‍   കലി- ദ്വാപരന്മാര്‍ ഒന്നിച്ചു തിരക്കി നോക്കി. ഇരുവരും യാത്രാ മദ്ധ്യേ സന്ധിച്ചു. 
കലി: അല്ലയോ ദ്വാപരാ! നീ എവിടെക്കാണ്‌ ധൃതിയില്‍ പോകുന്നത്? 
ദ്വാപരന്‍: ഞാന്‍ ദമയന്തിയുടെ സ്വയംവര വാര്‍ത്ത അറിഞ്ഞു അവിടേക്ക് പോകുന്നു.
കലി: ഞാന്‍ അവളെ പരിണയം ചെയ്യും. നീ അതു കാണും,  തീര്‍ച്ച. നമുക്ക് ഒന്നിച്ചു പോകാം. 

ഒന്നിച്ചു യാത്രാ തുടര്‍ന്ന കലി- ദ്വാപരന്മാര്‍ ദൂരെ ഒരു പ്രകാശം കണ്ടു. അത് എന്താണെന്ന് ശ്രദ്ധിച്ചു. യാത്രാ മദ്ധ്യേ അവര്‍ എത്തുവാന്‍ എന്താണ് കാരണം എന്നു ചിന്തിച്ചു. അവരെ വണങ്ങുക തന്നെ എന്നു തീരുമാനിച്ചു.  

കലി-ദ്വാപരന്മാരും ഇന്ദ്രനും തമ്മിലുള്ള രംഗം ഇളകിയാട്ടം ചുരുക്കി കൊണ്ടുള്ള അവതരണം ആയിരുന്നു.
 
നിഷധ രാജ്യത്തു പ്രവേശിക്കുവാന്‍ യാത്ര തുടര്‍ന്ന കലിക്കും ദ്വാപരനും  നിഷധ രാജ്യത്ത്‌ അന്നദാനം, ഗോദാനം, കഷ്ടം അനുഭവിക്കുന്നവര്‍ക്ക് ദ്രവ്യ ദാനം, മംഗല്ല്യം, പൂജാദി സല്‍- കര്‍മ്മങ്ങള്‍ എന്നിവയാണ് കണ്ടത് .  നിഷധ രാജ്യത്ത്‌ പ്രവേശിക്കാന്‍ അവസരം കണ്ടുപിടിക്കാന്‍ ദ്വാപരനെ  ഒരു വഴിക്ക് യാത്രയാക്കിയ കലി മറു വഴിക്ക് യാത്ര തുടര്‍ന്നു രാജ്യമാകെ വീക്ഷിച്ചു. രാജ്യത്ത്‌ ശിവപൂജ, ബ്രാഹ്മണര്‍ ഒന്നിച്ചിരുന്നുള്ള യാഗ മന്ത്രാദികള്‍, അര്‍ച്ചന എന്നിവയാണ് കലി കണ്ടത്. ഒടുവില്‍ ഏതെങ്കിലും മരത്തില്‍ കയറി മറഞ്ഞിരുന്നു വീക്ഷിക്കുക എന്നു തീരുമാനിച്ചു കൊണ്ട്  എത്തിയത് ഒരു ചന്ദന മരത്തിനു സമീപമാണ്. ചന്ദനമരത്തില്‍ കലിക്ക് തൊടുവാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് കലി പിന്നീടു കണ്ട ഒരു താന്നി മരത്തില്‍ കയറി ഇരുന്നു നിഷധ രാജ്യം വീക്ഷിച്ചു. 

                                        കലി 

ഉഷ്ണകാലം, മഴക്കാലം, ശൈത്യകാലം  എന്നിങ്ങനെ കാലഭേദങ്ങള്‍  ( ഉത്തരീയം വീശി ഉഷ്ണം നടിച്ചും, മഴയില്‍ നനഞ്ഞു അസ്വസ്ഥത കാട്ടി മഴക്കാലവും, തണുപ്പ് കൊണ്ട് വിറച്ചും, തണുപ്പിന്റെ ഘോരത കൊണ്ട് ചിറി പൊട്ടിയതായും കാട്ടി കുളിര്‍ കാലവും കലി രംഗത്ത്‌ പ്രകടമാക്കി.) മാറി മാറി പോയി.   
നള മഹാരാജാവ് തന്റെ രണ്ട് കുട്ടികളുമായി പോകുന്നത് കലി കണ്ടു.  താന്നി മരത്തില്‍ ഇരുപ്പു തുടങ്ങിയിട്ട് 12  വര്‍ഷങ്ങളായി എന്നു കലി  കണക്കാക്കി. രാജാവും കുട്ടികളും എങ്ങോട്ടാണ് പോകുന്നത് എന്ന് കലി ശ്രദ്ധിച്ചു. സന്ധ്യാ വന്ദനം ചെയ്യുവാന്‍ കാലു കഴുകുന്ന നള മഹാരാജാവിന്റെ കാല്‍ പൂര്‍ണ്ണമായും നനഞ്ഞിട്ടില്ല എന്ന് കലി മനസ്സിലാക്കി. ഇതു തന്നെ പറ്റിയ അവസരം എന്ന് തീര്‍ച്ചയാക്കി കലി സന്തോഷത്തോടെ  താന്നി മരത്തില്‍ നിന്നും ഇറങ്ങി.  ഇനി ദ്വാപരനെയും കൂട്ടി പുഷ്കരനെ സമീപിക്കുക തന്നെ എന്നു ഉറപ്പിച്ചു യാത്രയാകുന്നു. 

കലിയായി രംഗത്തെത്തിയ ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ വളരെ നല്ല പ്രകടനം കാഴ്ച വെച്ചു. ഇന്ദ്രനിന്ദ  കലിയുടെ ആട്ടത്തില്‍ ഉണ്ടായില്ല. ദ്വാപരനായി ( നെടുംകത്തി വേഷം) രംഗത്ത്‌ എത്തിയ ശ്രീ. സദനം വിഷ്ണു പ്രസാദ് തന്റെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം ശുചീന്ദ്രന്‍ ഇന്ദ്രാനായി രംഗത്തെത്തി. നല്ല വേഷഭംഗിയും, മുദ്രാഭംഗിയും  ശുചീന്ദ്രന് അനുഗ്രഹമാണ്. കലിയാട്ടത്തിന് ഡബിള്‍ മേളം നല്ല നടന്മാര്‍ക്കും കാണികള്‍ക്കും ഉല്‍സാഹത്തെയും രംഗ ബലത്തെയും  നല്‍കി എന്നത് സ്മരണാര്‍ഹം തന്നെ. 

4 അഭിപ്രായങ്ങൾ:

 1. കണ്ടും കേട്ടും ഒരുപാടായി. അതോണ്ടാണോ എന്നറിയില്ല, എനിക്ക് ഇവിടെയൊക്കെ ആട്ടങ്ങൾക്ക് ഒരു പുതുമ വരുത്താനൊക്കെ തോന്നും.
  എന്റെ ആട്ടങ്ങൾ ഇന്നത്തെ കഥകളിക്ക് പറ്റില്ല എന്ന് നല്ലോം ബോധ്യണ്ട്. അതോണ്ട്, എവിട്യേം മിണ്ടൂലാ ഞാൻ അതിനെ പറ്റി. :):)

  മറുപടിഇല്ലാതാക്കൂ
 2. മിസ്റ്റര്‍. സുനില്‍,
  നല്ല ആസ്വാദകനും ഒരു കലാകാരന്‍ തന്നെ. അതുകൊണ്ടല്ലേ അവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നത്. പഴയത് കണ്ടു മടുപ്പ് തുടങ്ങുമ്പോള്‍ പുതിയ അല്ലെങ്കില്‍ പരിഷ്കരിച്ച രീതികള്‍ ആസ്വാദകര്‍ സ്വീകരിക്കുന്നത് സഹജമാണ്. അതാണല്ലോ നാം കണ്ടു വരുന്നതും. ഒരു പക്ഷെ താങ്കളുടെ മനസ്സില്‍ ഉദിച്ചിട്ടുള്ള രീതികള്‍ സ്വീകാര്യമായി എന്നും വരാം. അതുകൊണ്ട് ധൈര്യമായി എഴുതുക. സ്വന്തമായി ബ്ലോഗ്‌ ഉണ്ടല്ലോ? ഞാന്‍ തീര്‍ച്ചയായും വായിച്ചു കമന്റ് എഴുതാം.

  മറുപടിഇല്ലാതാക്കൂ
 3. അമ്ബുജാക്ഷേട്ടാ, നല്ല ലേഖനം, മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു. കുറച്ചു തിരക്കില്‍ പെട്ടു അത് കൊണ്ടാണ് കമന്റാന്‍ ലേറ്റ് ആയതു.

  മറുപടിഇല്ലാതാക്കൂ
 4. ഗഹനമായ പഠനം തന്നെ, ഗൌരവമായി കഥകളി കാണുന്നവര്‍ക്ക് തീര്‍ച്ചയായും പ്രയോജനപെടും. നന്ദി, നമസ്കാരം.

  മറുപടിഇല്ലാതാക്കൂ