പേജുകള്‍‌

2011, ജനുവരി 14, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) -1

ചെന്നൈ അഡയാര്‍ കലാക്ഷേത്രയിലെ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 30-നു , വൈകിട്ട് ആറു മണിക്ക് കഥകളി കേളി നടത്തി. ശ്രീ. സദനം രാമകൃഷ്ണന്‍ ചെണ്ടയും ശ്രീ. സദനം ദേവദാസ് മദ്ദളവും ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരി ചേങ്കിലയും ശ്രീ. നെടുമ്പള്ളി രാംമോഹന്‍  ഇലത്താളവും കൈകാര്യം ചെയ്തു. വൈകിട്ട് ആറര മണി മുതല്‍ രാത്രി പന്ത്രണ്ടര മണി വരെ നളചരിതം രണ്ടാം ഭാഗം കഥകളി അവതരിപ്പിച്ചു.  

ദേവ ശ്രേഷ്ടന്മാരായ ഇന്ദ്രാദികളുടെ അനുഗ്രഹത്തോടെ ദമയന്തി നളനെ വരിച്ചു. ദമയന്തിയുമൊത്ത് നളന്‍ നിഷധ രാജ്യത്തെത്തി. നര്‍മ്മ സംഭാഷണങ്ങളില്‍ കൂടി ദമയന്തിയുടെ നാണം മാറ്റി എടുക്കാന്‍ ശ്രമിക്കുന്ന " കുവലയ വിലോചനേ ബാലെ  ഭൈമി" എന്ന പദത്തോടെ കഥകളിയുടെ ഒന്നാം രംഗം  ആരംഭിച്ചു.

                                 നളനും  ദമയന്തിയും    

കരിംകൂവളപ്പൂ പോലെയുള്ള കണ്ണുകള്‍, തളിരു പോലുള്ള അധരം, നല്ല സ്വഭാവം എന്നീ ഗുണങ്ങള്‍ ഉള്ളവളേ! എന്നു  നളന്‍ ദമയന്തിയെ സംബോധന ചെയ്തു കൊണ്ട് ഇന്ദ്രാദികള്‍ നമ്മുടെ
സ്വയംവരത്തിനു  എത്തി നമ്മെ കുറച്ചു കഷ്ടപ്പെടുത്തി, പിന്നീടു ആ തടസ്സങ്ങള്‍ എല്ലാം നീങ്ങി. പണ്ടു ചെയ്ത പുണ്യ ഫലങ്ങള്‍ കൊണ്ട് നിന്നെ എനിക്ക് ലഭിച്ചു. ഇനി നിന്റെ നാണം ഒന്നു മാത്രമാണ് എനിക്ക് ശതൃവായുള്ളത്. നിന്റെ നാണം ഉപേക്ഷിച്ചു നീ എന്നെ പുണരുകയില്ലേ? നിന്റെ പ്രിയ തോഴിമാരോട്  എങ്ങിനെ സ്വാതന്ത്ര്യമായി എങ്ങിനെ പെരുമാരുന്നുവോ അതുപോലെ  നീ എന്നോട് പെരുമാറുക. നമുക്ക് ഇനി ഉദ്യാനത്തിലേക്ക്‌ പോകാം എന്നു പറയുന്ന നളനെ ദമയന്തി ആലിംഗനം ചെയ്തു.  നളനും ദമയന്തിയെ  ആലിംഗനം ചെയ്തു കൊണ്ട് നളന്‍ ഉദ്യാനത്തിലേക്ക്‌ പോകുന്നു.  

രണ്ടാം രംഗം നിഷധ രാജ്യത്തിലെ ഉദ്യാനമാണ്.  നളനും ദമയന്തിയും ഒന്നിച്ചു ഉദ്യാനത്തില്‍ എത്തുന്നു.ദമയന്തി  ഉദ്യാനം നോക്കി കാണുന്നു. അതുല്യമാണ് ഈ ഉദ്യാനം. ദേവലോകത്തിലെ ഉദ്യാനവും അളകാപുരിയിലെ ഉദ്യാനവും ഈ ഉദ്യാനത്തിനോട് സാമ്യമല്ല എന്നു ദമയന്തി പറയുന്നു. ഉദ്യാനത്തിലെ അവര്‍ണ്ണനീയമായ കാഴ്ചകള്‍ നോക്കി കാണുന്ന ദമയന്തി ഒടുവില്‍ ഹംസ കോകങ്ങളുടെ ക്രീഡാ തടാകം കണ്ടു സന്തോഷത്തോടെ ആനന്ദിച്ചു. ദമയന്തി  വര്‍ണ്ണിക്കുന്ന കാഴ്ചകള്‍ അല്ല മറിച്ചു ആ മനോഹാരിത എല്ലാം ദമയന്തിയിലാണ് നളന്‍ കാണുന്നത്.

നളന്‍ വിവാഹത്തിന് മുന്‍പ് ഓരോരോ ജനങ്ങള്‍ നിന്റെ ഗുണങ്ങള്‍ പറയുന്നത് കേട്ട് കാമ പീഡകള്‍ കൊണ്ടു നിന്റെ ലാവണ്യ ശരീരം ചിന്തിച്ചു കൊണ്ടു ഓരോ ദിവസവും ഓരോ യുഗം എന്നപോലെ ആഗ്രഹം മനസ്സില്‍ ഒളിപ്പിച്ചു കഴിഞ്ഞു എന്നും പിന്നീടു സ്വര്‍ണ്ണ വര്‍ണ്ണ ഹംസവുമായി സൗഹൃദം  ഉണ്ടായി. ഹംസം  നിന്റെ ഇംഗിതം അറിഞ്ഞു വന്ന്, എന്റെ ചെവികളില്‍ അമൃത് എന്നപോലെ അറിയിച്ചു. പിന്നീടു എനിക്ക് നിന്നെ ലഭിക്കയും ചെയ്തു എന്ന് സ്മരിച്ചു.

(തുടര്‍ന്നുള്ള ഇളകിയാട്ടത്തില്‍) നളന്‍ ദമയന്തിയെ നോക്കി " ഈ ശില്‍പ്പം" വര്‍ണ്ണിക്കാന്‍ ആവുന്നതല്ല" എന്ന് ആരംഭിച്ച് "ബ്രഹ്മസൃഷ്ടി" എന്ന ആട്ടം അവതരിപ്പിച്ചു. ബ്രഹ്മാവ് വിശിഷ്ട വസ്തുക്കള്‍ ഒന്നു ചേര്‍ത്ത് ദമയന്തിയെ സൃഷ്ടിച്ചു എന്നും ദമയന്തിയുടെ ബാക്കി  അവശിഷ്ടങ്ങള്‍ ചന്ദ്രനിലേക്ക് എറിഞ്ഞു എന്നും ആ അവശിഷ്ടമാണ്‌ ചന്ദ്രനില്‍ കാണുന്ന കരിം പുള്ളികള്‍ എന്നും, പിന്നീടു ആ കൈകള്‍ പൊയ്കയില്‍ ശുദ്ധി ചെയ്തപ്പോള്‍ ആ പൊയ്കയില്‍ താമര പൂക്കള്‍ വിരിഞ്ഞു എന്നും, ശുദ്ധി ചെയ്ത ശേഷം കൈ കുടഞ്ഞപ്പോള്‍ അത് തെറിച്ചു വീണതാണ് നക്ഷത്രങ്ങള്‍ എന്നും ആണ് ബ്രഹ്മസൃഷ്ടി ആട്ടത്തിന്റെ ചുരുക്കം.  ദമയന്തിയുടെ സൌന്ദര്യം കണ്ട ദേവേന്ദ്രന്‍  ദേവസ്ത്രീകളെ  ഉപേക്ഷിച്ചു എന്നും ദേവസ്ത്രീകള്‍ ബ്രഹ്മാവിനോട് തങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിച്ചു തരണം എന്ന് അപേക്ഷിച്ചു. ഭൂമിയില്‍ ചെന്ന് ദമയന്തിയോട്  സൌന്ദര്യം തരുവാന്‍ അപേക്ഷിക്കൂ എന്ന് ബ്രഹ്മാവ് ദേവസ്ത്രീകളെ ഉപദേശിച്ചു . അങ്ങിനെ സൌന്ദര്യ വര്‍ദ്ധനക്കു വേണ്ടി ദമയന്തിയോട് യാചിച്ചു നില്‍ക്കുന്ന ദേവ സ്ത്രീകളാണ് പൊയ്കയില്‍ കാണുന്ന താമര മൊട്ടുക്കള്‍ എന്നിങ്ങനെയുള്ള (അലങ്കാര പ്രയോഗങ്ങള്‍) ആട്ടങ്ങള്‍ അവതരിപ്പിച്ചു. 
തുടര്‍ന്നു  ഇന്ദ്രാദികളില്‍ ഒരുവനെ വരിക്കണം എന്ന് ദമയന്തിയെ  അറിയിക്കാന്‍ ഇന്ദ്രാദികളാല്‍ നിയോഗിക്കപ്പെട്ടതും തിരസ്കരണി മന്ത്രം ഉപയോഗിച്ച് അദൃശ്യനായി കൊട്ടാരത്തില്‍ എത്തി ദമയന്തിയെ  കണ്ടു നിയോഗം അറിയിച്ചതും, അതിന് ദമയന്തിയുടെ മറുപടിയും  എല്ലാം  നളന്‍ സ്മരിച്ചു. 

പിന്നീടു നളന്‍  ദമയന്തിയും ഒന്നിച്ചു ഉദ്യാനം ചുറ്റി കണ്ടു. ഉദ്യാനം മുഴുവനും ആരോ പൂക്കള്‍ വിതറി വിട്ടിരിക്കുന്നതു പോലെ കണ്ട നളന്‍, കാമദേവന്‍  സന്തോഷം  കൊണ്ട്   നിന്റെ കാലു വേദനിക്കാതിരിക്കാന്‍ വിതറിയതാണ് ഈ പൂക്കള്‍ എന്ന്  ദമയന്തിയോട് പറഞ്ഞു. മരത്തില്‍ ചുറ്റി വരിഞ്ഞു നില്‍ക്കുന്ന വള്ളികള്‍ കണ്ട നളന്‍, നാം ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്നതു പോലെ അല്ലേ എന്ന് ചോദിച്ചു. 
ചെടികളില്‍ ഇരുന്നു രമിച്ച രണ്ട് ഇണക്കിളികള്‍. അതില്‍ ഒന്നു ചെടികളുടെ ഇടയില്‍ പെട്ടെന്ന് മറഞ്ഞപ്പോള്‍  വിരഹ ദുഃഖം കൊള്ളുന്ന മറ്റേ  കിളിയെ കണ്ട് നമുക്കിടയില്‍ അങ്ങിനെ ഒരു ദുഃഖം  ഒരിക്കലും ഉണ്ടാകല്ലേ  എന്ന് പറഞ്ഞു. രണ്ട് മാന്‍ കുട്ടികള്‍ അതിന്റെ അമ്മയുടെ സ്തനങ്ങളില്‍ നിന്നും പാല് കുടിക്കുന്നത് കണ്ട് നളന്‍ ദമയന്തിയോട് നമുക്കും ഇതു പോലെ കുട്ടികള്‍ ഉണ്ടായി അതിനു നീ പാല്  കൊടുക്കും എന്ന് പറഞ്ഞു.    ഉദ്യാനത്തിലുള്ള ഒരു വള്ളിക്കുടില്‍ കണ്ട് നമുക്ക് ആ വള്ളിക്കുടിലില്‍ പോയി ഇരിക്കാം എന്ന് പറഞ്ഞു ദമയന്തിയെ കൂട്ടി പോകുന്നതോടെ രംഗം അവസാനിപ്പിച്ചു. 

നളനായി ശ്രീ. കലാമണ്ഡലം ഗോപി ആശാനും ദമയന്തിയായി ശ്രീ. മാര്‍ഗി വിജയകുമാറുമാണ് രംഗത്തെത്തിയത്. ഈ രംഗത്തിന് ശ്രീ. കോട്ടക്കല്‍ മധുവും ശ്രീ. കലാമണ്ഡലം ബാബു നമ്പൂതിരിയും സംഗീതവും ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. കോട്ടക്കല്‍ രവികുമാര്‍ മദ്ദളവും കൈകാര്യം  ചെയ്തു. കലാക്ഷേത്രയിലെ കഥകളിയും ഡാന്‍സും അഭ്യസിച്ച വിദ്യാര്‍ത്ഥികള്‍ കഥകളി കാണുവാന്‍ മുന്‍ നിരയില്‍ ഇരുന്നതിനാല്‍ ഈ രംഗങ്ങള്‍ ശ്രീ. ഗോപി ആശാനും ശ്രീ. മാര്‍ഗി വിജയകുമാറും മിതത്വം പാലിച്ചു കൊണ്ട് വളരെ ഭംഗിയായി    അവതരിപ്പിച്ചു  എന്നത് പ്രശംസാവഹമാണ്.
5 അഭിപ്രായങ്ങൾ:

 1. Aattam is described really well. Thanks a lot Ambujakshan Chetta...

  മറുപടിഇല്ലാതാക്കൂ
 2. Very good posting Ambuchetta. Aattangalude vivaranam kemamayirikunnu. Really enjoyed word by word.

  oru chinna samshayam, avasaanam avar iruvarum kottaarathilekkalle pokunnathu ?

  Ranjini Nair

  മറുപടിഇല്ലാതാക്കൂ
 3. ഉദ്യാനത്തിലുള്ള ഒരു വള്ളിക്കുടില്‍ കണ്ട് നമുക്ക് ആ വള്ളിക്കുടിലില്‍ പോയി ഇരിക്കാം എന്ന് പറഞ്ഞു നളന്‍ ദമയന്തിയെ കൂട്ടി പോകുന്നതോടെയാണ് രംഗം അവസാനിപ്പിച്ചത്. കൊട്ടാരത്തിലേക്ക് പോകുന്നു അല്ലെങ്കില്‍ വള്ളിക്കുടിലില്‍ സന്തോഷമായി ഇരിക്കുന്നു എന്നതില്‍ പ്രത്യേകിച്ച് വിമര്‍ശിക്കാന്‍ ഒന്നുമില്ല. ഇവിടെ കലാകാരന്റെ യുക്തി പോലെ ചെയ്യാമല്ലോ.

  മറുപടിഇല്ലാതാക്കൂ
 4. കഥ പറയുന്നനോടൊപ്പം ആട്ടക്കഥയിലെ കവിതാത്മകമായ പദങ്ങളുടെ വിശദീകരണം വളരെ പ്രയോജനം ചെയ്യും, ഗൌരവമായി കഥകളിയെ കാണുന്നവര്‍ക്ക്. അഭിനന്ദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 5. " ബ്രഹ്മസൃഷ്ടി"എന്ന ആട്ടം പണ്ട് ഹംസം നളനും തമ്മിലുള്ള ആദ്യ രംഗത്തില്‍ ദമയന്തിയെ ബ്രഹ്മാവ്‌ സൃഷ്ടിച്ച കഥയായി പറയുന്നതാണ്.കാലക്രമേണ ആ രീതി മാറി. ഇപ്പോള്‍ രണ്ടാം ദിവസത്തില്‍ നളന്‍ ദമയന്തിയോട് ഈ സൃഷ്ടി വിവരിക്കുന്നു.

  നളനും ദമയന്തിയും കൊട്ടാരത്തിലേക്ക് മടങ്ങി വീരസേനന്റെയും മറ്റും ചിത്രങ്ങള്‍ ദമയന്തിക്ക് പരിചയപ്പെടുത്തുന്ന ലോകധര്‍മ്മം നിറഞ്ഞ ആട്ടങ്ങള്‍ പതിവുണ്ടായിരുന്നു. ഇന്ന് അതെല്ലാം ചുരുക്കമാണ്.

  മറുപടിഇല്ലാതാക്കൂ