
മരുത്തൂര്‍വട്ടം ധന്വന്തരീ ക്ഷേത്രം
വഴിപാട്ടുകാരന് കുട്ടി ജനിച്ചു ഒരു വയസ്സ് പൂര്‍ത്തി ആയതിനു ശേഷമാവും ഈ വഴിപാട്ടു കളി നടത്തുക. കഥയുടെ അവസാനം വൈകുണ്ഠത്തില്‍ നിന്നും ബ്രാഹ്മണന്റെ പുത്രന്മാരെ കൃഷ്ണാര്‍ജുനന്മാര്‍ കൂട്ടിവന്നു ബ്രാഹ്മണനെ ഏല്‍പ്പിക്കുന്ന രംഗത്ത് വഴിപാട്ടുകാരന്റെ കുട്ടിയെ ബ്രാഹ്മണന്റെ പത്താമത്തെ കുട്ടിയായി കരുതി ആ കുട്ടിയെ കൃഷ്ണന്‍ അര്‍ജുനനെയും, അര്‍ജുനന്‍ ബ്രാഹ്മണനെയും , ബ്രാഹ്മണന്‍ ബ്രാഹ്മണപത്നിയെയും ഏല്‍പ്പിക്കും. പിന്നീട് വഴിപാട് നടത്തുന്നവന്‍ ബ്രാഹ്മണന് ദക്ഷിണ നല്‍കി കുട്ടിയെ തിരികെ വാങ്ങും. ചില സന്ദര്‍ഭങ്ങളില്‍ വഴിപട്ടുകാരന്‍ രംഗത്ത് വെച്ച് കൃഷ്ണന്‍, അര്‍ജുനന്‍ , ബ്രാഹ്മണന്‍, ബ്രാഹ്മണ പത്നി എന്നിവര്‍ക്ക് ദക്ഷിണ നല്‍കി അവരുടെ കാലില്‍ തൊട്ടു വണങ്ങും.
സന്താനഗോപാലം കഥകളിയിലെ ഒരു രംഗം.
കൃഷ്ണന്‍ (ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍), അര്‍ജുനന്‍ (ശ്രീ. സദനം കൃഷ്ണന്‍കുട്ടി) ബ്രാഹ്മണന്‍ (കോട്ടക്കല്‍ ചന്ദ്രശേഖരന്‍)
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലും സന്താനഗോപാലം കഥകളിക്കു പ്രാധാന്യം ഉണ്ട്. കഥകളിക്കു പ്രാധാന്യമുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും സന്താനഗോപാലം കഥകളികള്‍ ധാരാളം നടക്കുന്നുണ്ട്. വഴിപാട്ടുകാര്‍ ബ്രാഹ്മണ പുത്രനായി തന്റെ കുട്ടിയെ രംഗത്ത് എത്തിക്കുന്ന രീതി അവിടെയും നിലവില്‍ ഉണ്ട്. വേഷം കെട്ടുന്ന കലാകാരന്‍ ആരു തന്നെ ആയിരുന്നാലും വഴിപാട്ടുകാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കുറയൊക്കെ തയ്യാറാവണം. നടന്മാര്‍ അങ്ങിനെ തയ്യാറായിട്ടുള്ള കഥകള്‍ ധാരാളം ഉണ്ട്. കഥകളി എന്ന കലയെ ഭക്തിയുടെ ഭാഗമായി ഈ ക്ഷേത്രങ്ങളിലും അവിടെയുള്ള ഭക്തജനങ്ങളിലും അടിയുറച്ച വിശ്വാസം നില നില്‍ക്കുന്നു എന്നതു തന്നെയാണ് ഇതിനു പ്രധാന കാരണം. ചില ശിവക്ഷേത്രത്തില്‍ ദക്ഷയാഗം അവതരിപ്പിക്കാറില്ല. അതിനു ദക്ഷയാഗത്തിലെ ദക്ഷന്റെ ശിവനിന്ദ കാരണം പറയുന്നു. കിരാതം അവിടെ പ്രധാനം ആണ്. ചില ഭദ്രകാളീ ക്ഷേത്രത്തില്‍ ദക്ഷയാഗം വേണം എന്നു നിര്‍ബ്ബന്ധവും ആണ് .
വഴിപാട്ടുകാരന്റെ പുത്രന്‍ ബ്രാഹ്മണ പുത്രനായി രംഗത്ത്.
അരങ്ങത്തെത്തിയ പെണ്‍കുട്ടികളെ സ്വീകരിക്കുന്ന കൃഷ്ണാര്‍ജുനരും ബ്രാഹ്മണസ്ത്രീയും
ദക്ഷിണ ഒരുക്കുന്ന കഥകളി വഴിപാട്ടുകാരന്‍
കൃഷ്ണനു ദക്ഷിണ നല്‍കി പാദവന്ദനം ചെയ്യുന്ന കഥകളി വഴിപാട്ടുകാരന്‍
അര്‍ജുനന് ദക്ഷിണ നല്‍കുന്നു
ബ്രാഹ്മണന് ദക്ഷിണ നല്‍കി പാദവന്ദനം ചെയ്യുന്നു.
ബ്രാഹ്മണപത്നിക്ക് ദക്ഷിണ നല്‍കി പാദവന്ദനം ചെയ്യുന്നു.
സുമാര്‍ ഒരു വര്‍ഷത്തിനു മുന്‍പു ഏവൂര്‍ ക്ഷേത്രത്തില്‍ നടന്ന സന്താനഗോപാലം കളിക്ക് ബ്രാഹ്മണ പുത്രന്മാരായി ഒന്‍പതു കുട്ടികളെ അര്‍ജുനന്‍ ബ്രാഹ്മണന് നല്‍കി. പത്താമത്തെ കുട്ടിയായി വഴിപാട്ടുകാരന്റെ കൈക്കുഞ്ഞിനെയും നല്‍കുന്നത് കണ്ടപ്പോള്‍ കൌതുകം കൊണ്ട രണ്ടു കൊച്ചു പെണ്‍കുട്ടികള്‍ (വഴിപാട്ടുകാരന്റെ ബന്ധുക്കള്‍) രംഗത്തേക്ക് കടന്നു വന്നു. അവര്‍ക്കും രംഗത്തെത്തിയ മറ്റു കുട്ടികളെ പോലെ ബ്രാഹ്മണന്റെ കുട്ടികളാകണം എന്ന ആഗ്രഹത്തോടെ . (കഥയില്‍ ബ്രാഹ്മണനു പത്തിലധികം കുട്ടികള്‍ ഇല്ല, പെണ്‍കുട്ടികളും ഇല്ല) രംഗത്തെത്തിയ ഈ കൊച്ചു പെണ്‍ കുട്ടികളെ എന്ത് ചെയ്യാനാവും. രംഗത്ത് നില്‍ക്കുന്ന കഥകളി കലാകാരന്മാര്‍ക്ക് ഈ കുട്ടികള്‍ക്ക് വിവരം പറഞ്ഞു മനസ്സിലാക്കാനുള്ള സമയം അല്ലല്ലോ അത്. രംഗത്ത് ആ കുട്ടികളെ കൈകൊണ്ടു പതുക്കെ പിടിച്ചു ബ്രാഹ്മണ പുത്രന്മാരോടു ഒപ്പം നിര്‍ത്തുകയല്ലാതെ എന്തു ചെയ്യാനാവും.
തിരുവല്ല ക്ഷേത്രത്തില്‍ സന്താനഗോപാലം കഥകളി ധാരാളം അവതരിപ്പിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ രണ്ടു കഥ അവതരിപ്പിച്ച ശേഷം (വഴിപാടായി) അപ്പോള്‍ സമയ കുറവു കൊണ്ട് അവസാന രംഗം മാത്രമാവും അവതരിപ്പിക്കുക. ചിലപ്പോള്‍ ആദ്യ രംഗം (ശ്രീമന്‍ സഖേ!) ഒഴിവാക്കി മറ്റു രംഗങ്ങള്‍ അവതരിപ്പിക്കും. കലാകാരന്മാരുടെ വേഷ സൗകര്യങ്ങള്‍ കണക്കിലെടുത്ത് സാധാരണ നടപ്പില്ലാത്ത ചില രംഗങ്ങള്‍ അവതരിപ്പിച്ചു എന്നും വരാം.
കഥകളി നടത്തിപ്പിന്റെ രംഗ ചുമതല വഹിക്കേണ്ടത് പൊന്നാനി ഗായകനാണ്. നിശ്ചിത സമയത്തില്‍ നിശ്ചയിച്ചിരിക്കുന്ന കഥകളും രംഗങ്ങളും അവതരിപ്പിച്ചു തീര്‍ക്കണം. ആദ്യ രണ്ടു കഥകള്‍ അവതരിപ്പിച്ച ശേഷം നടത്തുന്ന സന്താനഗോപാലം വഴിപാടു കഥകളി ചുരുങ്ങിയ സമയം കൊണ്ട് ഇന്ന് നടപ്പുള്ള എല്ലാ രംഗവും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. ഒരിക്കല്‍ തിരുവല്ലയിലെ ഒരു വഴിപാടു കളി. കുചേലവൃത്തം, ദക്ഷയാഗം എന്നീ കഥകളാണ് നിശ്ചയിച്ചിരുന്നത്. കുചേലവൃത്തം ഏതാണ്ട് പകുതി ആയപ്പോള്‍ കഥകളി കാണാന്‍ എത്തിയ ഒരു ആസ്വാദകന്‍ വഴിപാട്ടുകാരനെ സമീപിച്ച് ഏതെങ്കിലും കഥകള്‍ അവതരിപ്പിക്കുന്നത് കൊണ്ട് പ്രയോജനം ഇല്ല എന്നും സന്താനഗോപാലം അവതരിപ്പിച്ചാല്‍ മാത്രമേ വഴിപാടിന്റെ ഫലം ലഭിക്കയുള്ളൂ എന്ന് ധരിപ്പിച്ചു. ഇതു പൂര്‍ണ്ണമായി വിശ്വസിച്ച വഴിപാട്ടുകാരന്‍ അസ്വസ്ഥനായി തന്റെ സങ്കടം കളി നടത്തിപ്പിന്റെ ചുമതലക്കാരനെ അറിയിച്ചു. ചുമതലക്കാരന്‍ ഇനി അതൊക്കെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു വഴിപാട്ടുകാരനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വഴിപാട്ടുകാരന്റെ നിര്‍ബ്ബന്ധം കൂടിവന്നപ്പോള്‍ കളിയുടെ ചുമതലക്കാരന്‍ പൊന്നാനി ഗായകനുമായി ആലോചിച്ചു. ഗായകന്‍ ആദ്യം താല്‍പ്പര്യം കാട്ടിയില്ല എങ്കിലും വഴിപാട്ടുകാരന്റെയും കളിയുടെ ചുമതലക്കരന്റെയും താല്‍പ്പര്യം കണക്കിലെടുത്ത് സന്താനഗോപാലം കളിയിലെ ചില രംഗങ്ങള്‍ അവതരിപ്പിക്കാം എന്ന് സമ്മതിച്ചു. അതിനു ശേഷം സൗകര്യം ഉള്ള വേഷക്കാരെ തിരഞ്ഞെടുത്തു അവര്‍ക്കുള്ള വേഷവും നിശ്ചയിച്ചു.
ആദ്യരംഗം (കൃഷ്ണനും അര്‍ജുനനും ) കഴിഞ്ഞ് ഇന്ന് നടപ്പുള്ള രണ്ടാമത്തെ രംഗം (യാദവസഭ) ഒഴിവാക്കി ബ്രാഹ്മണനും ബ്രാഹ്മണപത്നിയും തമ്മിലുള്ള രംഗവും അടുത്തത് അവസാന രംഗമായ (നമസ്തേ! ഭൂസുര മൌലേ!) ബ്രാഹ്മണന്റെ പുത്രന്മാരെ കൃഷ്ണാര്‍ജുനന്മാര്‍ ബ്രാഹ്മണനെ ഏല്‍പ്പിക്കുന്ന രംഗവുമാണ് അവതരിപ്പിച്ചത്. കളി കഴിഞ്ഞപ്പോള്‍ ചിലര്‍ ഒരു രംഗവും അടുത്ത രംഗവുമായി ബന്ധം ഇല്ലാത്ത ഈ അവതരണ രീതിയെ പറ്റി കടുത്ത പ്രതിഷേധം പൊന്നാനി ഗായകനെ അറിയിച്ചു. പൊന്നാനി ഗായകനാവട്ടെ പ്രതികരിക്കാന്‍ തയ്യാറാവാതെ "നിങ്ങളുടെ പരാതി ശ്രീവല്ലഭനോട് പറയുക" എന്ന് ക്ഷേത്ര നടയിലേക്കു കൈ കാട്ടുകയാണ് ചെയ്തത്.
"വേഷം കെട്ടുന്ന കലാകാരന്‍ ആരു തന്നെ ആയിരുന്നാലും വഴിപാട്ടുകാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കുറയൊക്കെ തയ്യാറാവണം." - ഇതിനോട് കടുത്ത വിയോജിപ്പ്. ഭക്തിയുടെ പേരില്‍ എന്ത് തോന്ന്യാസവും കാട്ടുവാന്‍ അനുവദിക്കുവാന്‍ പാടില്ല. പുജാരിയെ ശ്രീകോവിലിനകത്തു കയറി കാലുപിടിക്കണം എന്നേതെങ്കിലും വഴിപാടുകാരന്‍ ആഗ്രഹിച്ചാല്‍ നടക്കുമോ? പിന്നെന്തുകൊണ്ട് കഥകളിയില്‍ അത്തരമൊരു ഔചിത്യം പാലിച്ചുകൂടാ? വഴിപാട് നടത്തുന്നെങ്കില്‍ അതു നടത്തുക. കളിയ്ക്കിടയില്‍ കയറി പാദം തൊട്ടു തൊഴലും ഒന്നും തീരെ ആവശ്യമുള്ള കാര്യമല്ല. ഇനിയിപ്പോ ഒടുവിലെ രംഗത്തില്‍ വഴിപാടുകാരന്‍ തന്നെ അര്‍ജ്ജുനനോ കൃഷ്ണനോ ആയി വരണമെനു കൂടി വെച്ചാല്‍ കേമമാവും! ആദ്യമൊക്കെ വേഷമിട്ടു വരും, പിന്നെ കാലം പോകെ, പാന്റിട്ടും അര്‍ജ്ജുനന്‍ / കൃഷ്ണന്‍ അരങ്ങിലെത്തും!(കുട്ടികളെ കൈമാറുന്നതും അത്തരത്തില്‍ തുടങ്ങിയതാവും, ഇപ്പോള്‍ വന്നുവന്ന് പാന്റിട്ടും കയറാമെന്നായല്ലോ, അതുപോലെ!)
മറുപടിഇല്ലാതാക്കൂഅരങ്ങിലെത്തിക്കുന്ന കുട്ടികളെ മുണ്ടോ നേര്യതോ മറ്റോ ഉടുപ്പിച്ച് കയറ്റുന്നതാവും നല്ലത്. പാന്റും ഷര്‍ട്ടുമൊക്കെ ധരിച്ച് കയറുന്നത് കഥകളിക്ക് അത്ര യോജിപ്പുള്ളതായി തോന്നാറില്ല.
ലേഖനത്തിനും ചിത്രങ്ങള്‍ക്കും നന്ദി. ഇങ്ങിനെയൊക്കെയും ഇവിടെ നടക്കുന്നുണ്ട് എന്ന് എവിടെയെങ്കിലുമൊക്കെ രേഖപ്പെടുത്തിവെയ്ക്കുന്നത് നല്ലതു തന്നെ.
--
വഴിപാടു കളി നല്ലത് തന്നെ , പക്ഷെ അത് വഴിപാടു കാരന്റെ ഇഷ്ടംപോലെ വളച്ചൊടിക്കുന്നത് അത്ര നല്ലതല്ല.
മറുപടിഇല്ലാതാക്കൂശരിയാണ് , കഥകളിയിലെ കൃഷ്ണ/രാമ കഥാപാത്രങ്ങളെ ദൈവതുല്യരായി കണ്ടു തൊഴുന്ന മുത്തശ്ശിമാരെ ഞാനും കണ്ടിടുണ്ട്. അതില്‍ തെറ്റൊന്നും തോനിയിട്ടില്ല , പക്ഷെ അനുഗ്രഹവും കാലു തൊട്ടു വന്ദിക്കലും ഒക്കെ സ്റ്റേജില്‍ കയറി ആവരുത്.
ഹരി പറഞ്ഞപോലെ ഷര്‍ട്ടും പാന്റും ഇട്ടു സ്റ്റേജില്‍ കുട്ടികള്‍ വരുന്നത് ഒരു രണ്ടാം തരം തന്നെ ആണ്. പകഷെ ഇപ്പൊ ചില ദിക്കില്‍ മേളക്കാര്‍ തന്നെ ഷര്‍ട്ട് ഇട്ടു കൊട്ടാന്‍ തുടങ്ങിയിടിക്കുന്നു , അപ്പോള്‍ ഇതും ആവാം അല്ലെ . :)) ..
ഞാനും ഇങ്ങനെ ഒരു കളി നടത്തിയിട്ടുണ്ട് , അവസാന ഭാഗത്തിന്റെ വീഡിയോ ഇതാ : http://www.youtube.com/watch?v=MWtgdhhSnMs
കളിയുടെ മുഴുവന്‍ വീഡിയോ ഇവിടെ കാണാം : http://www.youtube.com/user/vikarmana#g/c/7E4FF22E07C93F1C
Vikar
കഥകളി ദൈവീക കലയെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ ഞാന്‍ വായിച്ചിട്ടുള്ള ഒരു കഥകളി ഗ്രന്ഥത്തിലും എഴുതി കണ്ടിട്ടില്ലാത്ത വിവരങ്ങള്‍ പലതും കൃത്യമായ ആധാരത്തോടെ താങ്കള്‍ എത്തിച്ചിരിക്കുന്നു. ഈ സേവനത്തിനു വളരെ അധികം നന്ദി.
മറുപടിഇല്ലാതാക്കൂഅഭിപ്രായം പങ്കു വെച്ച Mr. ഹരിക്കും, Mr. വിക്രമനും, Mr. കൃഷ്ണനും നന്ദി.
മറുപടിഇല്ലാതാക്കൂMr. ഹരി,
ഒരു കഥകളി കലാകാരനെ വെച്ച് താങ്കള്‍ ഡോക്കുമെന്ററി എടുത്തപ്പോള്‍ താങ്കളുടെ ചില നിര്‍ദേശങ്ങള്‍ കഥകളി നടന്മാര്‍ അനുസരിച്ചില്ലേ. അതെ പോലെ ഒരു കഥകളി വഴിപാടു നടത്തുമ്പോള്‍ വഴിപാട്ടുകാരന്റെ ചില താല്‍പ്പര്യങ്ങള്‍ നടന്മാര്‍ സംരക്ഷിച്ചു വരുന്നു. പെയിന്റ്, സ്കൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഇവയുടെ പരസ്യങ്ങള്‍ക്ക് കഥകളിക്കാര്‍ തയ്യാറാവുന്നില്ലേ? കഥകളിക്കാര്‍ക്ക് പരിപാടികളും പണവും വേണം. വഴിപാടു കഥകളിക്കു ഈ പ്രഗല്‍ഭ നടന്മാര്‍ അരങ്ങില്‍ വഴിപാടുകാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതു കൊണ്ട് ഇനിയും വരുന്ന വഴിപാടു കഥകളികളിള്‍ അവസരം ഉണ്ടാകും. ശാസ്ത്രം പലപ്പോഴും ബാഗിനുള്ളില്‍ വെച്ചിട്ട് വേഷം കെട്ടിയാലെ പത്തു കാശു സമ്പാദിക്കാനാവൂ. ശബരിമല ചെന്നിട്ടു പടിപൂജ ചെയ്യുമ്പോള്‍ ഒരു അയ്യപ്പ ഭക്തന് ഉണ്ടാകുന്ന മാനസീക സംതൃപ്തിയാണ് ഇരുപതായിരം രൂപയോളം മുടക്കി ഒരു സന്താനഗോപാലം നടത്തി ബ്രാഹ്മണനും, അര്‍ജുനനും, കൃഷ്ണനും ദക്ഷിണ നല്‍കുമ്പോള്‍ വഴിപാട്ടുകാരന് ഉണ്ടാകുന്ന മാനസീക സംതൃപ്തി. കഥകളി ഭക്തിയുടെ ഭാഗമായി കരുതുന്ന ക്ഷേത്രങ്ങളിലെ പരിപാടികളില്‍ ഇങ്ങിനെയൊക്കെ സംഭവിക്കാം എന്നു പൂര്‍ണ്ണമായി അറിഞ്ഞു കൊണ്ട് തന്നെയാണ് നടന്മാര്‍ ഇത്രയും ദൂരം സഞ്ചരിച്ചു എത്തുന്നത്.
ഇതൊരു പുതിയ അറിവായിരുന്നു ചേട്ടാ. വിശദമായി എഴുതിയതിനു നന്ദി.
മറുപടിഇല്ലാതാക്കൂ