മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അവര്‍കളുടെ സപ്തതി ആഘോഷം 2010 നവംബര്‍ ഒന്‍പതു ചൊവ്വാഴ്ച രാവിലെ കൃത്യം ഒന്‍പതു മണിക്ക് കഥകളി ആചാര്യന്‍ ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച് തുടക്കം കുറിച്ചു.
ഒന്‍പതര മണിക്ക് കുടമാളൂര്‍ സ്വയംവരം ആഡിറ്റോറിയത്തില്‍ ഉത്ഘാടന സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഉത്ഘാടന കര്‍മ്മം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി അവര്‍കള്‍ നിര്‍വഹിച്ചു.
പതിനൊന്നു മണിക്ക് ഗുരുവന്ദനം നടന്നു. കഥകളി കലാകാരന്മാരില്‍ പ്രസിദ്ധനായിരുന്ന, ഇന്ന് ജീവിച്ചിരിക്കുന്ന കഥകളി കലാകാരന്മാരില്‍ വെച്ച് പ്രായധിക്യം ഉള്ള ശ്രീ. കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയെയും കഥകളി ഗായകന്‍ ശ്രീ. വൈക്കം തങ്കപ്പന്‍ പിള്ള അവര്‍കളെയും പ്രൊഫസ്സര്‍ ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ തുടങ്ങിയ വിശിഷ്ട വ്യക്തികളെയും ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി പൊന്നാട അണിയിച്ച് പ്രണമിച്ചു. ശ്രീ. മാത്തൂരിന്റെ ശിഷ്യന്മാര്‍, കഥകളി കലാകാരന്മാര്‍, കലാസ്നേഹികള്‍ തുടങ്ങിയവര്‍ മാത്തൂരിനു പൊന്നാട അണിയിച്ച് പ്രണമിച്ചു.
പതിനൊന്നു മുപ്പതിന് ശ്രീ. ആര്‍. ഭാനുവിക്രമന്‍ നായരുടെ സ്വാഗത പ്രസംഗത്തോടെ സുഹൃത്ത് സമ്മേളനം ആരംഭിച്ചു. ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ആശാനാണ് ആദ്യം സദസ്സിനെ അതിസംബോധന ചെയ്തത്. ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാനുമായുള്ള രംഗാനുഭവങ്ങളും മാത്തൂര്‍ കുടുംബവുമായുള്ള കലാ- സ്നേഹ ബന്ധങ്ങളും മടവൂര്‍ ആശാന്‍ വെളിപ്പെടുത്തി. ഗുരു: ചെങ്ങന്നൂര്‍ ആശാന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയെ "കുഞ്ഞേ" എന്നാണ് സംബോധന ചെയ്തിരുന്നതെന്നും അനുസ്മരിച്ചു. അഭിനന്ദനീയമായ ജീവിത ശൈലി നില നിര്‍ത്തുകയും അരങ്ങിലും സഹകരണത്തിലും നാളിതുവരെ രണ്ടാം തരം പ്രവര്‍ത്തി ഉണ്ടായി കണ്ടിട്ടില്ലാത്ത മഹത്തായ വ്യക്തിത്വത്തിന്റെ ഉടമയാണ് മാത്തൂര്‍ എന്നും മടവൂര്‍ ആശാന്‍ അഭിപ്രായപ്പെട്ടു.
അടുത്തതായി സദസ്സിനെ അഭിമുഖീകരിച്ച പ്രസിദ്ധ നാദസ്വര വിദ്വാന്‍ ശ്രീ. തിരുവിഴാ ജയശങ്കര്‍ തന്റെ തൊഴിലായ നാദസ്വരമാണ് ഏറ്റവും വലിയ കലയെന്നു വിശ്വസിച്ചു വന്നിരുന്നു എന്നും ആകാശവാണിയില്‍ ഉദ്യോഗസ്ഥനായ ശേഷമാണ് മറ്റു കലകളെ പറ്റി അവബോധം ഉണ്ടായതെന്നും അനുസ്മരിച്ചു. അങ്ങിനെ കഥകളിയെയും, കഥകളി കലാകാരന്മാരെ പറ്റിയും, കുടമാളൂര്‍ ആശാനെ പറ്റിയും അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി അറിയുകയും പരസ്പരം ബന്ധപ്പെടുകയും സംസാരിക്കുകയും തുടര്‍ന്ന് മാത്തൂരുമായും ആത്മബന്ധം സ്ഥാപിക്കാന്‍ ഇടയാവുകയും ചെയ്തു വെന്ന് അറിയിച്ചു. ഇപ്പോള്‍ 73 വയസ്സായ തന്നെ യഥാകാലം ഷഷ്ട്യബ്ദ പൂര്‍ത്തി, സപ്തതി എന്നിവ ആഘോഷിക്കാന്‍ തയ്യാറായി തന്നെ സമീപിച്ചവരോടെല്ലാം തന്റെ നാദസ്വരത്തില്‍ അപസ്വരം വരുമ്പോള്‍ ഇത്തരം ആഘോഷം നടത്തി പ്രായം ഓര്‍മ്മിപ്പിച്ചാല്‍ മതി എന്നു അവരെ അറിയിച്ചതായും അനുസ്മരിച്ചു. പൊതുവേ കഥകളി കലാകാരന്മാര്‍ വേഷം കെട്ടിക്കഴിഞ്ഞാല്‍ ചെറുപ്പം തോന്നിക്കുമെന്ന് പറയപ്പെടുന്നുണ്ട്. സപ്തതി ആഘോഷങ്ങള്‍ക്ക് ശേഷവും കഥകളി രംഗത്ത് ശ്രീ. മാത്തൂര്‍ ചെറുപ്പമായി ശോഭിക്കാന്‍ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ചു കൊണ്ട് " ഭജരേ! യദുനാഥം മാനസ ഭജരേ! യദുനാഥം" എന്ന ഭജനഗീതം അദ്ദേഹം ആലപിച്ചു.
കോട്ടയം കളിയരങ്ങ് സെക്രട്ടറി ശ്രീ. പള്ളം ചന്ദ്രന്‍ അവര്‍കള്‍ പ്രസംഗിക്കയില്‍ ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്റെ കൂടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ മാത്തൂരിന്റെ കൂട്ടുവേഷങ്ങള്‍ കണ്ടു തുടങ്ങി പിന്നീട് മാത്തൂരിന്റെ എല്ലാ സ്ത്രീ വേഷങ്ങളും സന്താനഗോപാലത്തില്‍ ബ്രാഹ്മണന്‍, നളചരിതത്തില്‍ നാരദന്‍, സുദേവന് കുചേലവൃത്തം, രുഗ്മിണീ സ്വയംവരം, ദുര്യോധനവധം എന്നിവയിലെ കൃഷ്ണന്‍ സീതാസ്വയംവരം, ശ്രീരാമപട്ടാഭിഷേകം എന്നിവയിലെ ശ്രീരാമന്‍ എന്നിവ കൂടാതെ മണ്ണാന്‍, ശുക്രന്‍, വസിഷ്ടന്‍, ഭരതന്‍ എന്നീ വേഷങ്ങളും അവതരിപ്പിച്ചു കണ്ടിട്ടുണ്ട് എന്നു സ്മരിച്ചു.
ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ഒരു കഥകളി നടത്തിപ്പുകാരന്റെ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും മനസിലാക്കിയിരുന്ന കഥകളി കലാകാരന്‍ ആണെന്നും ഒരു കളി നടത്തിപ്പില്‍ അപ്രതീക്ഷിതമായി അധികച്ചിലവു വരുമ്പോള്‍ " എന്റെ പണം പിന്നീടു മതി" എന്നു പറയുന്ന അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ ഹൃദ്യത മറ്റൊരു കലാകാരനിലും കണ്ടിട്ടില്ല എന്നും അഭിപ്രായപ്പെട്ടു.
പ്രസിദ്ധ കഥകളി കലാകാരനായ ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരന്‍ തന്റെ ആത്മ സുഹൃത്തായ ശ്രീ. മത്തൂരിനു ഹൃദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ടാണ് സദസിനെ അഭിമുഖീകരിച്ചത് . 1965 മുതല്‍ മാത്തൂരുമായുള്ള പരിചയത്തെ അദ്ദേഹം സ്മരിച്ചു. ദക്ഷിണ കേരളത്തിലേക്ക് താന്‍ എത്തിത്തുടങ്ങിയ കാലം മുതല്‍ ധാരാളം അരങ്ങുകള്‍ പങ്കിടാനും സഹകരിക്കാനും സാധിച്ചുവെന്നും ഹൃദയ വിശാലനായ മാത്തൂരിനെ ഒന്നാംതരം സുഹൃത്തായും ഗുരുവായും അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൂട്ടു വേഷക്കാരനായി രംഗത്തെത്തുമ്പോള്‍ രംഗം ഭംഗിയാക്കാന്‍ എങ്ങിനെയൊക്കെ ചെയ്യണം എന്നു മാത്തൂര്‍ പറഞ്ഞിട്ടുണ്ട്. താന്‍ അതിനു സഹകരിചിട്ടുമുണ്ട്, അതിന്റെ ഗുണം അരങ്ങില്‍ ഉണ്ടായിട്ടുമുണ്ട് എന്ന് അദ്ദേഹം സ്മരിച്ചു. കുടമാളൂര്‍ ആശാന്റെയും, മാത്തൂരിന്റെയും അദ്ദേഹത്തിന്റെ മകന്‍ മുരളീ കൃഷ്ണന്റെയും കൂടെ നായക വേഷം ചെയ്യുവാന്‍ അവസരം ലഭിച്ചതോടെ മൂന്നു തലമുറയുടെ നായക വേഷക്കരനാവാന്‍ സാധിച്ച അനുഭവം ഒരു മഹാഭാഗ്യമായി കരുതുന്നു എന്ന് അദ്ദേഹം സ്മരിച്ചു.
പിന്നീടു ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്‍ ഗുരു, ജ്യേഷ്ഠ സഹോദരന്‍ എന്നീ സ്ഥാനത്തു നിന്നുകൊണ്ട് മാത്തൂര്‍ ചെയ്തിട്ടുള്ള സഹായങ്ങള്‍, തന്നെ വളര്‍ത്തി കൊണ്ട് വന്ന അദ്ദേഹത്തിന്റെ ആ മനസ്സ് എന്നിവയെ സ്മരിച്ചു. അദ്ദേഹത്തിന്റെ കലാപരമായ കഴിവുകള്‍ പൂര്‍വാധികം വിപുലീകരിക്കുവാനും ഭാവി തലമുറകള്‍ക്ക് പ്രയോജനം ഉണ്ടാകുവാനും സര്‍വേശ്വരനെ പ്രാര്‍ത്ഥിക്കുന്നു എന്ന് അറിയിച്ചു.
എത്ര പറഞ്ഞാലും മതി വരാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ശ്രീ. മാത്തൂര്‍ എന്നും ഇത്രയും ആത്മാര്‍ത്ഥതയുള്ള ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല എന്നുമാണ് പ്രസിദ്ധ കഥകളി നടന്‍ ശ്രീ. സദനം കൃഷ്ണന്‍ കുട്ടി അവര്‍കള്‍ വേദിയില്‍ പറഞ്ഞത്. ഈ കഴിഞ്ഞ ചില ദിവസങ്ങള്‍ക്കു മുന്‍പു ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരന്റെ കര്‍ണ്ണനോടൊപ്പം തനിക്കു കുന്തി കെട്ടാന്‍ അവസരം ഉണ്ടായി. എത്രയോ അരങ്ങുകളില്‍ മാത്തൂരിന്റെ കുന്തിയോടൊപ്പം കര്‍ണ്ണന്‍ കെട്ടി രംഗാനുഭവം കൊണ്ട് , ആ അനുഭവം മനസ്സില്‍ സ്മരിച്ചു കൊണ്ടാണ് കുന്തി വേഷം കൈകാര്യം ചെയ്തതെന്ന് അറിയിച്ചു.
അടുത്തതായി ശ്രീ. തോന്നക്കല്‍ പീതംബരനാണ് മാത്തൂരിനെ പറ്റി സംസാരിച്ചത്. കഥകളി രംഗത്തെ ശ്രദ്ധേയനായ നടനും മഹത്വ്യക്തിയുമാണ് ശ്രീ. മാത്തൂര്‍ എന്നും ധാരാളം കൂട്ടു വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളതും ആറു മാസത്തെ ആര്‍. എല്‍. വി. കഥകളി ആക്കാഡമിയിലെ സതീര്‍ത്ത്യ ബന്ധം കലാജീവിതത്തില്‍ പുഷ്ടിപ്പെട്ടു എന്നതും അദ്ദേഹം സ്മരിച്ചു. നിഷ്കളങ്കമായ ഒരു മനസ്സിന്റെ ഉടമ, പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്വഭാവം, ഐക്യത, ദൃഡത എന്നിവയ്ക്കു പുറമേ പരസ്പര ധാരണയോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും സഹ കലാകാരനെ അംഗീകരിക്കാനുള്ള സന്മനസ്സും അടങ്ങുന്ന മാത്തൂരെന്ന കലാകാരന്റെ സവിശേഷ ഗുണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍ രംഗത്ത് പ്രവര്‍ത്തിക്കാനും പ്രേക്ഷകരുടെ അംഗീകാരം പിടിച്ചു പറ്റാനും സാധിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. കഥകളി രംഗത്ത് മാത്തൂരിനുള്ള അംഗീകാരം നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ മകനായ ശ്രീ. മുരളീകൃഷ്ണന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
(തുടരും)
മാത്തൂരാശാന് സപ്തതി ഭാവുകങ്ങള്‍ !
മറുപടിഇല്ലാതാക്കൂGood write up.
മറുപടിഇല്ലാതാക്കൂ"സദസ്സിനെ അതിസംബോധന ചെയ്തത്. " abhisambOdhana is the correct word, na?
-S-
Nice one, awaiting the second part..thank you.
മറുപടിഇല്ലാതാക്കൂ