പേജുകള്‍‌

2017, ഏപ്രിൽ 9, ഞായറാഴ്‌ച

സാമ്യമകന്നോരുദ്യാനം-1


കഥകളി കലാകാരനായ ശ്രീ. തോന്നയ്ക്കൽ പീതാംബരൻ ചേട്ടൻ അവർകൾ എഴുതി 2014 - ൽ പ്രസിദ്ധീകരിച്ച പുസ്തകം  "സാമ്യമകന്നോരുദ്യാനം" 2017 ജനവരി മാസത്തിൽ അദ്ദേഹം എനിക്ക് അയച്ചു തരികയുണ്ടായി.  പുസ്തകം വായിച്ചു് അഭിപ്രായങ്ങൾ അറിയിക്കണം എന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചെറുപ്പകാലം മുതൽ അച്ഛനോടൊപ്പം പല കളിസ്ഥലങ്ങളിലും എൻ്റെ സാന്നിദ്ധ്യവും  കലാകാരന്മാരുമായി ഞാൻ പുലർത്തിയിരുന്ന സ്നേഹ ബന്ധങ്ങളും കളികണ്ടശേഷമുള്ള എൻ്റെ പറയുന്ന അഭിപ്രായങ്ങളും എൻ്റെ പിതാവിനോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹ ബഹുമാനവും കൊണ്ടായിരിക്കണം അദ്ദേഹം എന്റെ അഭിപ്രായം അറിയുവാൻ താൽപ്പര്യം കാണിച്ചത്. ശാരീരികമായ അസ്വസ്ഥതകൾ നിമിത്തം കളിയരങ്ങുകളിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹത്തിന് ഒരു പക്ഷേ കഥകളി സ്നേഹികളുമായുള്ള സൗഹൃദ സംഭാഷണങ്ങൾ, അഭിപ്രായങ്ങൾ എന്നിവ  വളരെ ആശ്വാസം പകരുന്നതായിരിക്കാം.

"സാമ്യമകന്നോരുദ്യാനം" എന്ന അദ്ദേഹത്തിൻറെ ഓർമ്മക്കുറിപ്പുകളെ ശ്രദ്ധാപൂർവം   വായിച്ചു നോക്കുവാൻ സാധിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹം എന്നെ വിളിച്ച്‌  അഭിപ്രായം ആരാഞ്ഞു. ശ്രദ്ധാപൂർവം വായിച്ചില്ലെന്നും വായിച്ച ശേഷം ഞാൻ വിളിക്കാം എന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകുകയും വായിച്ച ഭാഗങ്ങളെ പറ്റിയുള്ള എന്റെ അഭിപ്രായം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. എൻ്റെ അഭിപ്രായങ്ങളെ സശ്രദ്ധം കേട്ടശേഷം പുസ്തകം മുഴുവൻ വായിച്ചശേഷമുള്ള അഭിപ്രായം അറിയുവാനുള്ള താൽപര്യത്തെ എന്നെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയും ചെയ്തു. 

എനിക്ക് 1981 - മുതൽ   തമിഴ് നാട്ടിൽ താമസിക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ കളിയരങ്ങുകളുടെ  മുന്നിൽ എൻ്റെ സാന്നിദ്ധ്യം വളരെ വിരളമായി. എങ്കിലും അതിനു മുൻപു കണ്ടിട്ടുള്ള കളികളുടെ ഓർമ്മകളും അനുഭവങ്ങളും എൻ്റെ സ്മരണയിൽ മായാതെ കിടപ്പുണ്ട്. ഈ ഓർമ്മകളിൽ ചിലത്  അദ്ദേഹവുമായുള്ള സംഭാഷണത്തിൽ ഞാൻ പങ്കുവെച്ചു. 

                                                         ശ്രീ. തോന്നയ്ക്കൽ പീതാംബരൻ അവർകൾ 

1981 -ന്  മുൻപ് ശ്രീ. പീതാംബരൻ ചേട്ടൻറെ ബാലിവിജയത്തിൽ രാവണൻ മൂന്നു തവണ കണ്ടിട്ടുണ്ട്. ആദ്യത്തെ രാവണൻ  കാണുന്നത് ആലപ്പുഴ ജില്ലയിലുള്ള മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച്‌ നടന്ന കളിക്കാണ്. ശ്രീ. കലാമണ്ഡലം രതീശൻറെ നാരദനും ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ ബാലിയും. പിന്നീട് കൊല്ലം ജില്ലയിലെ കടമ്പനാടിനു സമീപമുള്ള തൂവയൂർ മഹർഷിമംഗലം ക്ഷേത്രത്തിൽ ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാൻറെ നാരദനും ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരിയുടെ ബാലിയും. അടുത്തത് കോട്ടയം  ജില്ലയിലെ ചങ്ങനാശേരിയിലുള്ള  കാവിൽ ക്ഷേത്രത്തിൽ ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള ആശാൻറെ നാരദനും ശ്രീ. തലവടി അരവിന്ദൻ ചേട്ടൻറെ ബാലിയും. 

തൂവയൂരിലെ കളികഴിഞ്ഞുള്ള മടക്കയാത്രയും സ്മരണയിൽ ഉണ്ട്. ക്ഷേത്രത്തിൽ നിന്നും ബസ്സ്റ്റാൻഡിൽ എത്താൻ ഇന്നത്തെ പോലെ യാത്രാ സൗകര്യങ്ങൾ അന്ന് ഉണ്ടായിരുന്നില്ല. ഉറക്കച്ചടവോടെ നടക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല. എന്നാൽ ആ യാത്രയിൽ ലഭിക്കുന്ന ഒരു സുഖം ഇന്ന് അവർണ്ണനീയമാണ്. തൂവയൂരിൽ നിന്നും ബസ്സ്റ്റാൻഡ് വരെ കഥകളി അനുഭവങ്ങളുടെ  കഥകളുമായി  പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനും എൻ്റെ പിതാവും  മുൻപേയും അവരുടെ കഥകൾ സശ്രദ്ധം കേട്ടുകൊണ്ട് ഞാനും ശ്രീ. പീതാംബരൻ ചേട്ടനും പിന്നാലെയും. ഇടയിൽ എപ്പോഴോ ഞാൻ "ബാലിവിജയത്തിൽ രാവണനെ" പറ്റി ഒരു അഭിപ്രായം ശ്രീ. പീതാംബരൻ ചേട്ടനോട്  പറയാൻ ശ്രമിച്ചു.  

"മറ്റൊരു നടൻറെ രാവണൻ അങ്ങിനെയാണ് അല്ലെങ്കിൽ ഇങ്ങിനെയാണ്‌ ചെയ്യുന്നത് എന്ന് എന്നോട് പറയേണ്ട. എന്റെ രാവണിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ അത് ധൈര്യത്തോടെ  പറയുക. ആ കുറവുകൾ എനിക്ക് ബോധ്യപ്പെട്ടാൽ ഞാൻ പരിഹരിക്കാൻ ശ്രമിക്കും. അനുകരണം ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ മറ്റൊരു നടൻ ചെയ്യുന്ന ആശയം യുക്തമെന്നു തോന്നിയാൽ ആ ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് എൻറെതായ ശാരീരികഭാഷയിൽ ഞാൻ അവതരിപ്പിക്കും" എന്നാണു അദ്ദേഹം എന്നോട് പറഞ്ഞത്.



വർഷങ്ങൾ പലതു കഴിഞ്ഞ ശേഷം ഒരിക്കൽ ലീവിന് നാട്ടിൽ എത്തിയപ്പോൾ കൊല്ലം കഥകളി ക്ലബ്ബ് പ്രസിദ്ധീകരിച്ച ഒരു വാർഷിക പതിപ്പിൽ ശ്രീ. പീതാംബരൻ ചേട്ടൻ എഴുതിയ "കൈലാസോദ്ധാരണവും പാർവതീവിരഹവും" എന്നൊരു ആർട്ടിക്കിൾ കണ്ടു.  ഞാൻ അത് സശ്രദ്ധം വായിച്ചു എങ്കിലും അദ്ദേഹത്തിൻറെ ആർട്ടിക്കിൾ ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹത്തിൻറെ ബാലിവിജയത്തിൽ രാവണൻ പിന്നീട് കാണാൻ ഒരു അവസരം എനിക്ക് ഉണ്ടായില്ല. 

ഈ "രാവണവിശേഷങ്ങൾ" അദ്ദേഹവുമായി പങ്കുവച്ചപ്പോൾ  അദ്ദേഹം എന്റെ ഓർമ്മശക്തിയെ അങ്ങേയറ്റം അഭിനന്ദിക്കുകയും നിന്നിൽ കൂടി ഇപ്പോൾ എന്റെ ചെല്ലപ്പൻപിള്ള ചേട്ടനെ സ്മരിക്കുന്നു എന്നുമാണ് അഭിപ്രായപ്പെട്ടത്. 
                                                                                                                 (തുടരും)

1 അഭിപ്രായം:

  1. നല്ല വായനാനുഭവം എന്നേ ഇപ്പോള്‍ തോന്നുന്നുള്ളൂ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ