പേജുകള്‍‌

2017, ജനുവരി 12, വ്യാഴാഴ്‌ച

ശ്രീ.ജഗന്നാഥവർമ്മയ്ക്ക് ആദരാഞ്ജലികൾ






ശ്രീ. ജഗന്നാഥവർമ്മ അവർകളോടു  സംസാരിക്കുവാനും അദ്ദേഹം അഭിനയിച്ചിട്ടുള്ള ധാരാളം സിനിമകൾ  കാണുവാനും അദ്ദേഹത്തിൻറെ ചെണ്ടമേളം കണ്ടും കേട്ടും ആസ്വദിക്കുവാനും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരിക്കൽ അദ്ദേഹവുമൊന്നിച്ചു  ഒരു മുഴുരാത്രി കഥകളി കണ്ടു ആസ്വദിക്കുവാൻ  സാധിച്ച അനുഭവം ഉണ്ടായി. സുമാർ രണ്ടു വർഷങ്ങൾക്ക് മുൻപ് കായംകുളത്തിന് കിഴക്കുള്ള വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിൽ വെച്ചായിരുന്നു ആ അനുഭവം. ശ്രീ.ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ മകൻ എന്ന അംഗീകാരത്തെ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് വളരെ സ്നേഹത്തോടെയും സ്വാതന്ത്ര്യത്തോടെയുമാണ് അദ്ദേഹം എന്നോട് പെരുമാറിയത്. ചെല്ലപ്പൻ പിള്ളയുമൊന്നിച്ചു വേഷം ചെയ്തിട്ടുണ്ട് എന്നും ധാരാളം വേഷങ്ങൾ കണ്ടിട്ടുണ്ട് എന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. 

പ്രായാധിക്ക്യം മൂലം നന്നേ അസ്വസ്ഥത ബാധിച്ചിരുന്നും പുലരും വരെ അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചു കഥകളി കാണാനിരുന്ന അദ്ദേഹത്തിൻറെ കലാസ്നേഹത്തിന്റെ മുന്നിൽ ഞാൻ കീഴടങ്ങികൊണ്ട് അരങ്ങിൽ തിരശീല പിടിക്കുമ്പോഴൊക്കെ അദ്ദേഹത്തിൻറെ പ്രാഥമീക ആവശ്യങ്ങൾക്ക് സഹായിയായിട്ടുകൂടിയാണ് ആ രാത്രി കഴിച്ചുകൂട്ടിയത്. 

കളികഴിഞ്ഞപ്പോൾ   അദ്ദേഹത്തെ വെട്ടികോട്ട് ഇല്ലത്തെത്തിക്കുവാൻ എന്റെ സഹായം അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിൻറെ ഒരു ആരാധകൻ ആ ദൗത്യം ഏറ്റെടുക്കുവാൻ തയ്യാറായപ്പോൾ വളരെ സന്തോഷത്തോടെ എന്നെ യാത്രയാക്കുകയായിരുന്നു  അദ്ദേഹം.  

നമ്മെ എല്ലാവരെയും വിട്ടുപിരിഞ്ഞ കലാകാരനും കലാസ്നേഹിയുമായ ശ്രീ.ജഗന്നാഥവർമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ