പേജുകള്‍‌

2014, മേയ് 2, വെള്ളിയാഴ്‌ച

രംഭാപ്രവേശംകേരളത്തിന്റെ അഭിമാനകലാരൂപമെന്ന്   വാഴ്ത്തപ്പെടുന്ന കഥകളിയിൽ സ്ത്രീകൾക്ക് ഇടമില്ല എന്ന വിഷയത്തെക്കുറിച്ച് പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ അഭിമുഖം സംബന്ധിച്ച് ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിൽ ഒരു ചർച്ച നിലവിലിരിക്കുന്ന സന്ദർഭത്തിലാണ് ഈ പോസ്റ്റ് ഞാൻ എന്റെ ബ്ളോഗ് വായനക്കാർക്ക് സമർപ്പിക്കുന്നത്. 

 1, സിനിമയിലേപ്പോലെ ഇഴുകിച്ചേർന്ന് അഭിനയിക്കാൻ കഥകളിയിൽ ബുദ്ധിമുട്ടുണ്ട്. കെട്ടിപ്പിടിയ്ക്കലടക്കമുള്ളവ, ലോകധർമ്മിയായ അഭിനയം ചേർന്നു ചെയ്യാൻ പുരുഷനടന്മാർക്കും ബുദ്ധിമുട്ട്.
 
2. സ്ത്രീകൾ വേഷങ്ങൾ ചെയ്താൽ നന്നാവില്ല എന്നല്ല, പക്ഷേ പുരുഷന്മാർ ചെയ്യുന്നത്ര തന്മയത്വം വരില്ല എന്നൊരു മുൻവിധിയുണ്ട്. അതുകൊണ്ടാവണമല്ലോ സ്ത്രീകൾ വേണ്ട എന്നു നിശ്ചയിച്ചത്.
 
 3,  സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ ദീർഘകാലം കഥകളിയിൽ മുന്നോട്ടു പോവാൻ പലകാരണങ്ങൾ കൊണ്ടും കഴിഞ്ഞെന്നു വരില്ല.

ഈ മൂന്നു വാദങ്ങളാണ് പ്രധാനമായി അദ്ദേഹം മുൻവെച്ചിട്ടുള്ളത്‌. ഇതിൽ ഒന്നാമത്തെ വാദം വളരെ പ്രസക്തിയുള്ളതാണ് എങ്കിലും സിനിമയിലെ പോലുള്ള, ലോകധർമ്മി പരമായ ഇഴുകി ചേർന്നുള്ള അഭിനയിക്കൽ വളരെ വിരളമായ ചില കഥാപാത്രങ്ങൾക്കു മാത്രമേ വിധിച്ചിട്ടുള്ളൂ.    ഇതിൽ കൂട്ടുവേഷക്കാരന്റെ പ്രവർത്തികളിൽ സംശയത്തിനുള്ള വക കലാകാരിക്ക് ഉണ്ടാകാതെ ശ്രദ്ധിക്കേണ്ട ചുമതല നടന് ഉണ്ട് എന്നത് വളരെ പ്രസക്തമായ വിഷയമാണ്. കഥകളിയിൽ അങ്ങിനെ ഉണ്ടായിട്ടുള്ള സംഭവങ്ങളും വളരെ വിരളമാണ്. 

രണ്ടാമത്തെ വിഷയമായ സ്ത്രീകൾക്ക് തന്മയത്തം കുറവാണ് എന്ന് പറയുന്നതിനോട്    എനിക്ക് ഒരു യോജിപ്പും ഇല്ല. 1970 - കളിലാണ് ഞാൻ ഏറ്റവും കൂടുതൽ കഥകളി കണ്ടു നടന്നിട്ടുള്ളത്. ആ കാലയളവിൽ സംഗീതം, മേളം എന്നിവയ്കാണ് സ്ഥാപനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സാന്നിദ്ധ്യം ദക്ഷിണ കേരളത്തിൽ  വളരെ കൂടുതൽ ഉണ്ടായിരുന്നത്. അക്കാലത്ത്  ആലപ്പുഴ ജില്ലയിലെ അറവുകാട് ക്ഷേത്രത്തിൽ നടന്ന ഒരു കളി ഇന്നും  ഓർമ്മയിൽ ഉണ്ട്. ശ്രീ. ഹൈദരാലിയുടെ  സംഗീതം, ശ്രീ. സദനം വാസുദേവൻ‌ ശ്രീ. സദനം ശ്രീധരൻ എന്നിവർ പ്രധാന മേളക്കാർ, കഥകൾ നളചരിതം രണ്ടാം ദിവസവും കിരാതവും. ബ്രഹ്മശ്രീ. മാങ്കുളം തിരുമേനി, ശ്രീ. പള്ളിപ്പുറം ആശാൻ, ശ്രീ. ചമ്പക്കുളം ആശാൻ, ശ്രീ. ചെന്നിത്തല ആശാൻ എന്നിവരായിരുന്നു പ്രധാന നടന്മാർ.  പാറുക്കുട്ടി ചേച്ചിയും കളിക്ക് ഉണ്ടായിരുന്നു. അക്കാലത്തും   കഥകളി ലോകത്തിൽ ഏറ്റവും പ്രസിദ്ധി നേടിയിരുന്ന  കലാകാരി ശ്രീമതി. ചവറ പാറുക്കുട്ടി ചേച്ചിയാണ്. ചേച്ചിയുടെ അന്നത്തെ ദമയന്തി ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെ ആയിരുന്നു. അന്നത്തെ കളിക്ക് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ചേച്ചി വിവാഹിതയാകുവാൻ പോകുന്നു, അറവുകാട് ക്ഷേത്രത്തിലെ കളിയ്ക്കാവും  അവസാനമായി വേഷം ചെയ്യുക എന്ന് ഒരു വാർത്ത പരന്നിരുന്നു. വിവാഹ ശേഷം കുറെ വർഷങ്ങൾ കഥകളി അരങ്ങുകളിൽ നിന്നും വിട്ടുനിന്നിരുന്നു എങ്കിലും പിന്നീട് സജീവമായി മടങ്ങി എത്തുകയായിരുന്നു. കഥകളിയിലെ എല്ലാ സ്ത്രീ വേഷങ്ങളുടെ അവതരണത്തിലും ചിന്തിച്ചു പ്രവർത്തിക്കുന്ന രീതിയാണ് ചേച്ചിയിൽ കണ്ടിട്ടുള്ളത്. കീചകവധത്തിൽ സൈരന്ധ്രി, ദുര്യോധനവധത്തിൽ പാഞ്ചാലി ബാണയുദ്ധത്തിലെ ഉഷ എന്നീ വേഷങ്ങളുടെ അവതരണത്തിൽ ആ പ്രത്യേകതകൾ മനസിലാക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ദേവയാനീചരിതം കഥയിലെ ദേവയാനി, നിഴൽകുത്തിലെ മലയത്തി എന്നീ കഥാപാത്രങ്ങളുടെ അവതരണത്തിന്റെ  പല രീതികളും കൂട്ടുവേഷക്കാരുമായി ആലോചിച്ചു ചെയ്യുന്ന രീതിയാണ് ചേച്ചിയുടേത്.   പുതിയ കഥകൾ അവതരിപ്പിച്ചു കണ്ടിട്ടുള്ള അവസരങ്ങളിൽ കഥാകൃത്തിന്റെ ഉദ്ദേശം മനസിലാക്കി അവർ അഭിനന്ദിക്കുന്ന രീതിയിലുള്ള മനോധർമ്മ പ്രകടനം ചേച്ചിയിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രത്യേകതയാണ്. തുളസീവനം രചിച്ച ഭട്ടാരകവിജയം കഥയിലെ കാന്തിമതി എന്ന കഥാപാത്രവും   ശ്രീ. കളർകോട് നാരായണൻ നായർ അവർകൾ രചിച്ച ശ്രീരാമസ്വർഗ്ഗാരോഹണം കഥയിലെ ഊർമ്മിള എന്ന കഥാപാത്രവും  ഇതിന്  ഉത്തമ  ഉദാഹരണങ്ങളാണ്. 

വനവാസകാലത്ത് ശ്രീരാമനോടൊപ്പം സീതയും ലക്ഷ്മണനും ഉണ്ടായിരുന്നു.  ഈ കാലയളവിൽ ലക്ഷ്മണപത്നിയായ ഊർമ്മിള വിരഹിണിയായി കൊട്ടാരത്തിൽ വസിക്കുകയായിരുന്നു. ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് ഗർഭിണിയായ സീത, വനവാസകാലത്ത്  താൻ കണ്ടു രസിച്ച കാനനഭംഗി കാണണം എന്നുള്ള ആഗ്രഹം ശ്രീരാമനെ അറിയിച്ചു. പത്നിയുടെ ഗർഭകാലാഭിലാഷം സാധിച്ചു കൊടുക്കുക എന്ന പേരിൽ സീതയെ വനത്തിൽ കൂട്ടിപ്പോയി ഉപേക്ഷിക്കുന്ന    വഞ്ചനയ്ക്കും  ലക്ഷ്മണനെയാണ് ശ്രീരാമൻ നിയോഗിച്ചത്. ശ്രീരാമന്റെ കൊട്ടാരത്തിൽ ഉണ്ടായ ഒരു സംഭവത്തിന്റെ പേരിൽ ലക്ഷ്മണനെ മരിച്ചവൻ എന്ന് സങ്കൽപ്പിച്ച് ഉപേക്ഷിക്കുവാൻ (പടി അടച്ചു പിണ്ണം വെയ്ക്കൽ എന്ന സമ്പ്രദായം) ശ്രീരാമൻ തയ്യാറായി. ഇതിൽ പ്രതിഷേധിച്ച് വികാരാധീനയായി, ഭക്തി വിട്ട് ശ്രീരാമനെ നേരിടുന്ന ഊർമ്മിള എന്ന കഥാപാത്രത്തെ ചേച്ചി അവതരിപ്പിച്ചു കണ്ട അനുഭവം എനിക്ക് ഉണ്ട്. ചേച്ചി അല്ലാതെ ആര് അവതരിപ്പിച്ചാലും ആ കഥാപാത്രം അത്ര നന്നാവുകയില്ല എന്ന ഒരു തോന്നൽ മനസിലുണ്ടാവും വിധമായിരുന്നു അവതരണം.

 പുരുഷന്മാരെപോലെ ദീർഘകാലം കഥകളിയിൽ മുന്നോട്ടു പോകാൻ സ്ത്രീകൾക്ക് സാധിക്കുന്നില്ല എന്ന മൂന്നാമത്തെ വിഷയത്തോട്  എനിക്ക് പൂർണ്ണ യോജിപ്പാണ് ഉള്ളത്.  ജോലിക്ക് പോകുന്നത് ഭർത്താവിന് ഇഷ്ടമല്ല എന്നു പറഞ്ഞ് ജോലി ഉപേക്ഷിച്ച സ്ത്രീകളുടെ കഥകൾ ധാരാളമുള്ള നാട്ടിലാണല്ലോ നാം ജീവിക്കുന്നത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും സഹകരണം ഇല്ലെങ്കിൽ ഒരു നടിക്ക് കഥകളി ലോകത്തിൽ പിടിച്ചു നിൽക്കാനാവില്ലാ  എന്നത് സത്യം തന്നെയാണ്. ഒരു കഥകളി കലാകാരനെ വിവാഹം ചെയ്ത സ്ത്രീ, തന്റെ ഭർത്താവ് രാത്രിയിൽ പുറത്തെങ്ങും പോകരുതെന്ന് നിർബ്ബന്ധം പിടിക്കുകയും  ഒടുവിൽ വിവാഹബന്ധം വേർപെടുത്തേണ്ടി വന്ന അനുഭവ കഥകളും  ഉണ്ട്. 
 

  പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. വാഴേങ്കട കുഞ്ചുനായർ ആശാൻ, ശ്രീ. ചമ്പക്കുളം ആശാൻ, ശ്രീ. മങ്കൊമ്പ് ആശാൻ, ശ്രീ. ചെന്നിത്തല ആശാൻ തുടങ്ങിയവരും      1960- 1970 കാലത്ത്  തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന   'വികടകേസരി' പത്രത്തിന്റെ എഡിറ്ററും പ്രസിദ്ധ കഥകളി വിമർശകനുമായിരുന്ന ശ്രീ. ഉള്ളൂർ കൃഷ്ണൻനായരും ഉൾപ്പെടുന്ന ചിത്രവും അതിൽ  "ഇതൊരു രസമാണ് ' എന്ന തലക്കെട്ടോടു കൂടിയ പേപ്പർക്കട്ടിംഗ് ഫേസ് ബുക്കിൽ ഒരു സുഹൃത്ത് അപ്പ്‌ലോഡ് ചെയ്തിരുന്നു.   പ്രസ്തുത ചിത്രത്തിൽ ഒരു സ്ത്രീരത്നവും  ഉണ്ട്. "കഥകളിയുടെ വസന്തകാലം" എന്ന് കഥകളി ആസ്വാദകരാൽ വിശേഷിപ്പിച്ചിരുന്ന അറുപതുകളിൽ ദക്ഷിണ കേരളത്തിലെ കഥകളി അരങ്ങുകളിൽ നിറസാന്നിദ്ധ്യമായിരുന്ന ശ്രീമതി. പെരുന്ന ലീലാമണിയാണ് പ്രസ്തുത സ്ത്രീരത്നം. 

ഫേസ് ബുക്ക്‌ പോസ്റ്റുകളിൽ ഞാൻ ശ്രീമതി. പെരുന്ന ലീലാമണി അവർകളെ പറ്റി ഒരിക്കൽ സൂചിപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ആശാൻ, മാങ്കുളം വിഷ്ണുനമ്പൂതിരി, ചെങ്ങന്നൂർ ആശാന്റെ ശിഷ്യന്മാർ തുടങ്ങിയ കലാകാരന്മാരോടൊപ്പം കഥകളി അരങ്ങുകളിൽ സജീവമായി പങ്കെടുത്തു കൊണ്ടിരുന്ന കാലത്താണ് ലീലാമണി  പ്രസിദ്ധ സിനിമാഗാന സംവിധായകനായിരുന്ന ദേവരാജൻ മാസ്റ്ററുടെ പത്നീപദവി നേടിയത്.      വിവാഹശേഷം തന്റെ കഥകളി പ്രവർത്തനം  ലീലാമണിക്ക് ഉപേക്ഷിക്കേണ്ടിവന്നു. 1975-1976 കാലഘട്ടത്തിൽ കോട്ടയം ജില്ലയിലെ മണിമലക്ക് സമീപമുള്ള ഏറത്തുവടകര എന്ന ഗ്രാമത്തിലുള്ള എന്റെ ബന്ധുവീട്ടിൽ എത്തിയ എന്റെ മുത്തശിയെ കാണാനായി ഒരു അയൽവാസിയായ ഒരു സ്ത്രീ എത്തി. അവർ മുത്തശിയെ അവരുടെ വീട്ടിലേക്കുകൂട്ടിപ്പോയി സ്വീകരിച്ചു. എന്റെ പിതാവിന്റെ കൂടെ ധാരാളം അരങ്ങുകളിൽ കൂട്ടുവേഷം ചെയ്തിരുന്ന ശ്രീമതി. പെരുന്ന  ലീലാമണിയുടെ സഹോദരിയായിരുന്നു ആ സ്ത്രീ.

കഥകളിയിൽ ഒരു രംഗം അവസാനിപ്പിക്കുമ്പോൾ രംഗത്തിന്റെ പൂർണ്ണതയ്ക്കായി ഒരു  ഇളകിയാട്ടം പതിവ് ഉണ്ടല്ലോ.  അത്തരത്തിൽ ഒരു ചെറിയ ഇളകിയാട്ടത്തോടെ ഈ പോസ്റ്റും അവസാനിപ്പിക്കുന്ന തണല്ലോ ഭംഗി. അതുകൊണ്ട് നമുക്കിനി ഒരു ചെറിയ കഥയിലേക്ക് പോകാം. 
 പണ്ടു  കാലത്തും ധാരാളം പെണ്‍കുട്ടികൾ കഥകളി അഭ്യസിച്ചിട്ടുണ്ട്. അവരിൽ മിക്കവരും വിവാഹത്തോടെ കഥകളി  അവസാനിപ്പിച്ചതായാണ് അനുഭവം. കഥകളി പഠിക്കുന്ന കാലത്തു തന്നെ പലവേഷങ്ങളും തന്നെ അഭ്യസിപ്പിച്ച ഗുരുവിനോട് ഒപ്പമോ അല്ലെങ്കിൽ സഹപാഠികളോട്  ഒപ്പമോ മാത്രമേ ചെയ്യൂ എന്നൊക്കെ വാശിപിടിച്ചിട്ടുള്ള പെണ്‍കുട്ടികൾ  ഉണ്ട്. എന്നാൽ ഒരു  ചിലർ ഏതു വേഷമായാലും, ഏതു അരങ്ങിലായാലും എത്ര പ്രസിദ്ധനായ കലാകാരന്റെ കൂട്ടുവേഷമായാലും ധൈര്യമായി കൈകാര്യം  ചെയ്തിട്ടുള്ള കഥകളും ഉണ്ട്. അത്തരത്തിലുള്ള ഒരു കലാകാരി രംഭയായും   ഒരു പ്രസിദ്ധനായ നടൻ  രംഭാപ്രവേശത്തിൽ രാവണനുമായി ഒരു അരങ്ങിൽ എത്തിയ പഴയ   കാലമാണ് കഥാ സന്ദർഭം. 

രാവണനടന്റെ വിവാഹം കഴിഞ്ഞ്  രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷമാണ് സംഭവം. നടന്റെ ഗൃഹത്തിന് സമീപപ്രദേശത്തുളള  ക്ഷേത്രത്തിൽ ഒരു കഥകളി ഉണ്ടായി. ഭർത്താവിന്റെ കഥകളി വേഷം കാണുവാനുള്ള അതിയായ മോഹം നടന്റെ ഭാര്യക്ക്‌ ഉണ്ടാവുകയും  ബന്ധു ജനങ്ങളോടൊപ്പം കളി കാണാനെത്തിയ നടന്റെ ഭാര്യ അണിയറയിലും  എത്തി. തന്റെ ഭർത്താവ് കഥകളി വേഷത്തിന് തേച്ചുകൊണ്ടിരിക്കുന്നതിനിടയിൽ   സമീപത്തിരിക്കുന്ന     സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ  ആ ഭാര്യയുടെ ഉള്ളൊന്നു പിടഞ്ഞു. തന്നേക്കാൾ സുന്ദരിയായ ഒരു പെണ്‍കുട്ടിയോട് തന്റെ ഭർത്താവ് സംസാരിക്കുകയും ചിരിക്കുകയുമൊക്കെ  ചെയ്യുന്നത് കാണാനുള്ള ധൈര്യം നടന്റെ പത്നിക്ക്‌ ഉണ്ടായിരുന്നില്ല. അതിനാൽ അണിയറയിൽ വെച്ച് ഭർത്താവിനെ കാണാൻ നിൽക്കാതെ   അണിയറ വിട്ടു അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചു. കളി തുടങ്ങുന്നതിനു മുൻപ് കഥാസാരവും ഭർത്താവിന്റെ രാവണനോടൊപ്പം രംഭയായി രംഗത്ത് എത്താൻ പോകുന്നത് താൻ അണിയറയിൽ കണ്ട പെണ്‍കുട്ടിയുമാണ് എന്നറിഞ്ഞപ്പോൾ നടന്റെ സഹധർമ്മിണിയുടെ മാനസീകാവസ്ഥ ആകെ തകരാറിലായി. 

കഥകളി തുടങ്ങി. പുറപ്പാടും മേളപ്പദവും രാവണന്റെ തിരനോട്ടവും ഒന്നും നടന്റെ സഹധർമ്മിണിയെ ബാധിച്ചില്ല. അരങ്ങിൽ രംഭ എത്തുകയും രാവണൻ രംഭയെ തടഞ്ഞ് തന്റെ കാമപൂർത്തിക്ക് ക്ഷണിക്കുകയും  തുടർന്നുള്ള  സംവാദങ്ങൾക്കു ശേഷം രാവണൻ രംഭയെ ഓടിച്ചിട്ടു  പിടിച്ച് ബലാൽ പ്രാപിക്കാൻ മുതിർന്നു കൊണ്ട് രംഭയെയും കൂട്ടി അരങ്ങു വിടുകയും  ഉദ്ദേശപൂർത്തിയുടെ സന്തോഷത്താൽ രാവണൻ മടങ്ങി എത്തുകയും ചെയ്തപ്പോൾ രാവണ    നടന്റെ സഹധർമ്മിണിയുടെ മാനസീക നിലയാകെ  തകർന്നു കഴിഞ്ഞിരുന്നു.  ഈ രംഗാവതരണം നടക്കുമ്പോൾ ആ സ്ത്രീയുടെ മനസ്സിലാകെ  കഥകളി വേഷമില്ലാത്ത ഭർത്താവും  ആ പെണ്‍കുട്ടിയുമായിരുന്നു. കളി കഴിഞ്ഞു കളിപ്പണവുമായി വീട്ടിലെത്തിയ എത്തിയ നടനെ സ്വീകരിച്ചത് കരഞ്ഞു കരഞ്ഞു വീർത്ത മുഖവുമായി നിൽക്കുന്ന അബലയായ  സഹധർമ്മിണിയുടെ രൂപമാണ്.  

കർണ്ണശപഥം കഥകളിയിൽ ദുര്യോധനന് ജീവഹാനി സംഭവിക്കുമോ എന്ന് ഭയന്ന്‌   സ്വജീവൻ വെടിയുമെന്ന് പ്രഖ്യാപിക്കുന്ന ഭാനുമതിയെ സമാധാനിപ്പിക്കുവാൻ കർണ്ണന്റെ സഹായം തേടുന്ന ദുര്യോധനനെ നാമെല്ലാം അരങ്ങിൽ കണ്ടിട്ടുണ്ട്. എല്ലാ കളികൾക്കും ഈ പെണ്‍കുട്ടിയുമൊത്താവും തന്റെ ഭർത്താവ് വേഷം ചെയ്യുക എന്ന ചിന്തയോടെ   ഇനി കഥകളിക്കു പോയാൽ ജീവൻ വെടിയും എന്നു പറഞ്ഞ് പ്രശ്നം സൃഷ്ടിച്ച സ്വപത്നിയെ  സമാധാനപ്പെടുത്തുവാൻ സഹ കലാകാരന്മാരായ രണ്ടു നടന്മാരുടെയും (കർണ്ണന്മാർ) അവരുടെ പത്നിമാരുടെയും സഹായമാണ്   ആവശ്യമായി വന്നത്. 

2 അഭിപ്രായങ്ങൾ:

  1. വളരെ വളരെ സരസമായ വിവരണം. തുടർന്നും എഴുതുക.

    ഈയിടെയും പാറുക്കുട്ടി അവർകളുടെ ഉഷ കാണാൻ ഭാഗ്യമുണ്ടായി.

    മറുപടിഇല്ലാതാക്കൂ