പേജുകള്‍‌

2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

'തിരനോട്ടം' അവതരിപ്പിച്ച പ്രഹ്ലാദചരിതം കഥകളി

കഥകളിയുടെയും  യുവ കഥകളി കലാകാരന്മാരുടെയും  വളർച്ചയ്ക്കു വേണ്ടി ഗൾഫ്‌ മലയാളികളുടെ കൂട്ടായ്മയിൽ ഇരിങ്ങാലക്കുട കേന്ദ്രമായി  പ്രവർത്തിക്കുന്ന കഥകളി സംഘടനയായ 'തിരനോട്ടം'  വിദേശങ്ങളിലും കേരളത്തിലെ വിവിധ വേദികളിലും  കഥകളി അവതരിപ്പിക്കുകയും കഥകളി ആസ്വാദകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ട്. തിരനോട്ടത്തിന്റെ  കഥകളിയുടെ  പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നൈയിലെ  രണ്ടാമത്തെ അരങ്ങ് 03-08-2013 ന് അണ്ണാനഗർ അയ്യപ്പൻ ക്ഷേത്രത്തിലെ ആഡിറ്റോറിയത്തിൽ നടന്നു. 

  മഹാഭാഗവതത്തിലെ നരസിംഹാവതാരത്തെ ആസ്പദമാക്കി എഴുതിയിട്ടുള്ള  പ്രഹ്ലാദചരിതം കഥയാണ് അവതരിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ മടവൂരിൽ ജനിച്ച ശ്രീ. കേളുആശാനാണ് ഈ കഥ എഴുതിയതെന്നും അല്ലെന്നും വിഭിന്ന അഭിപ്രായം നിലവിലുണ്ട്.  സാഹിത്യ ഗുണം തീരെ   കുറവാണെങ്കിലും ഭക്തിരസപ്രധാനമായ  കഥാ  ഭാഗമാകയാൽ ധാരാളം അവതരിപ്പിച്ചു വരുന്ന   കഥയാണ് പ്രഹ്ലാദചരിതം.

വൈകുണ്ഠത്തിലെ ഗോപുരപാലകന്മാരായ ജയവിജയന്മാർ  സനകാദിമഹർഷികളുടെ  ശാപമേറ്റ്   ഭൂമിയിൽ അസുരന്മാരായി ജനിച്ചു. മൂന്നു ജന്മമെടുത്ത്‌ മഹാവിഷ്ണുവിനാൽ വധിക്കപ്പെട്ടാൽ ശാപമോക്ഷം ലഭിക്കും എന്ന് മഹർഷികൾ  വിധിച്ചു. അവരുടെ    ആദ്യ ജന്മത്തിൽ  ഹിരണ്യാക്ഷൻ ജ്യേഷ്ടനായും  ഹിരണ്യകശിപു അനുജനായും ജനിച്ചു. വിഷ്ണുവിരോധികളായ ഇവർ  ലോകത്ത് ഉപദ്രവം സൃഷ്ടിച്ചു. മഹാവിഷ്ണു വരാഹാവതാരം ധരിച്ച്  ഹിരണ്യാക്ഷനെ വധിച്ചു. ജ്യേഷ്ഠവധത്താൽ വിഷ്ണു വിദ്വേഷം വർദ്ധിച്ച ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സുചെയ്ത്  വരസിദ്ധികൾ  നേടി ത്രിലോക ചക്രവർത്തിയായി വാണു. ഹിരണ്യകശിപു  തന്റെ പ്രജകളെ ഹിരണ്യഭക്തരാക്കുകയും കുട്ടികൾക്ക് ഹിരണ്യതത്വം   അഭ്യസിപ്പിക്കുവാൻ അസുര മഹർഷിയായ ശുക്രാചാര്യരെ നിയോഗിക്കുകയും ചെയ്തു. 

ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദനെ വിദ്യാഭ്യാസ ചുമതല   ശുക്രാചാര്യരെ ഏൽപ്പിച്ചു. പ്രഹ്ലാദൻ മാതാവിന്റെ ഗർഭത്തിലിരിക്കുമ്പോൾ തന്നെ നാരായണതത്വം ഗ്രഹിച്ചിരുന്നു. അതിനാൽ ശുക്രാചാര്യർ അഭ്യസിപ്പിച്ച  ഹിരണ്യതത്വം സ്വീകരിക്കുവാൻ പ്രഹ്ലാദൻ തയ്യാറായില്ല. 
  
ശുക്രാചാര്യർ തന്റെ സങ്കടം ഹിരണ്യകശിപുവിനെ ധരിപ്പിച്ചു. തനിക്ക് എതിരായി ത്രിലോകത്തിൽ തന്റെ മകൻ മാത്രം എന്നു മനസിലാക്കിയ ഹിരണ്യകശിപു പ്രഹ്ലാദനെ വധിക്കുവാൻ കിങ്കരന്മാരെ ഏൽപ്പിച്ചു. കിങ്കരശ്രമങ്ങൾ വിഫലമായപ്പോൾ  അവർ പ്രഹ്ലാദനെ ഹിരണ്യകശിപുവിനെ തിരിച്ചേൽപ്പിച്ചു.  ക്രുദ്ധനായ ഹിരണ്യകശിപു "നിന്റെ നാരായണൻ എവിടെ"? എന്ന് ചോദിച്ചു. "തൂണിലും തുരുമ്പിലും ഭഗവാൻ നാരായണൻ ഉണ്ട് " എന്ന പ്രഹളാദന്റെ മറുപടി കേട്ട ഹിരണ്യൻ" ഈ തൂണിൽ നിന്റെ നാരായണൻ ഉണ്ടോ" എന്ന് ചോദിച്ചു കൊണ്ട്  കൊട്ടാരത്തിലെ തൂണിൽ വാളുകൊണ്ട് വെട്ടി. തൂണ്‍ പിളർന്ന്  പ്രത്യക്ഷപ്പെട്ട നരസിംഹം ഹിരണ്യകശിപുവിനെ വധിച്ചു. 

പ്രഹ്ലാദൻ ഭക്തിയോടെ നരസിംഹത്തെ സ്തുതിച്ചു. നരസിംഹം ഭക്തനായ പ്രഹ്ലാദനെ അനുഗ്രഹിക്കുകയും യുവരാജാവായി അഭിഷേകം ചെയ്ത് രാജ്യഭാരം ഏൽപ്പിക്കുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.  ഹിരണ്യകശിപുവിന്റെ തിരനോക്കോടെ കഥ ആരംഭിച്ചു.


                                                    തിരനോട്ടം : ഹിരണ്യകശിപു

ഹിരണ്യകശിപുവും പത്നി കയാധുവും തമ്മിലുള്ള ശ്രുംഗാര രംഗമാണ് ആദ്യം അവതരിപ്പിച്ചത്. സാധാരണ പതിവില്ലാത്ത രംഗമായതിനാൽ വളരെ താൽപ്പര്യത്തോടെയാണ് രംഗം വീക്ഷിച്ചത്‌. പദാട്ടം കഴിഞ്ഞ ശേഷം ഹിരണ്യൻ പത്നിയുമൊത്ത് പൂന്തോട്ടത്തിലെത്തി. സൂര്യൻ ഉദിച്ച് ഉയരുന്നതും പൂന്തോട്ടത്തിൽ മയിലുകൾ നൃത്തമാടുന്നതും ഇണചേരുന്നതും വണ്ടുകൾ തേൻ കുടിക്കുന്നതുമെല്ലാം കണ്ടു.
 മകനെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു വേണ്ടി ശുക്രാചാര്യരെ ഏൽപ്പിക്കുക എന്ന് തീരുമാനിച്ച്  ഇരുവരും കൊട്ടാരത്തിലേക്ക് മടങ്ങി. 

                                                  ഹിരണ്യകശിപുവും പത്നി കയാധുവും

രണ്ടാം രംഗത്തിൽ  ശുക്രാചാര്യരുടെ ആശ്രമത്തിൽ  മകൻ പ്രഹ്ലാദനുമായി എത്തിയ   ഹിരണ്യകശിപു മകന്റെ വിദ്യാഭ്യാസ ചുമതല ശുക്രാചാര്യരെ ഏൽപ്പിച്ചു.  തന്റെ ജ്യേഷ്ഠനായ ഹിരണ്യാക്ഷനെ മഹാവിഷ്ണു വരാഹാവതാരം എടുത്ത് വധിച്ചതും താൻ  ബ്രഹ്മാവിനെ തപസ്സു ചെയ്ത് നേടിയ വരങ്ങളുടെ    വിവരങ്ങളും ഇവനെ അഭ്യസിപ്പിക്കുക എന്ന് ശുക്രാചാര്യർക്ക് നിർദ്ദേശവും നല്കി.  

ഇവിടെ താമസിക്കുന്നതിൽ  ഒന്നും ഭയപ്പെടേണ്ടതില്ല  എന്ന് ശുക്രാചാര്യർ  പ്രഹ്ലാദനെ സമാധാനിപ്പിച്ചു.  പ്രഹ്ലാദൻ ശുക്രാചാര്യരക്ക് ദക്ഷിണ നൽകി.   ദക്ഷിണ  സ്വീകരിച്ചു കൊണ്ട് മണ്ണിൽ അക്ഷരങ്ങൾ എഴുതിച്ച്  പ്രഹ്ലാദന്റെ  വിദ്യാഭ്യസത്തിന്  തുടക്കം കുറിച്ചു.   ഗുരു പ്രഹ്ലാദന് ഉപദേശങ്ങൾ നല്കി.  ഹിരണ്യകശിപു യാത്രയായി.   താൻ അഭ്യസിപ്പിച്ച ഹിരണ്യതത്വം   പ്രഹ്ലാദന് പകർന്നു നൽകുവാൻ തന്റെ ശിഷ്യനെ ചുമതലപ്പെടുത്തി. ശിഷ്യൻ പ്രഹ്ലാദന് നൽകുന്ന ഹിരണ്യതത്വം സ്വീകരിക്കുവാൻ പ്രഹ്ലാദൻ തയ്യാറായില്ല. നാരയണനാമമാണ് ജപിക്കേണ്ടത് എന്നും നാം ആഗ്രഹിക്കുന്ന (അപ്പം, പഴം, പാൽപ്പായസം എന്നിവ) എല്ലാം അദ്ദേഹമാണ് നൽകുന്നത് എന്നും ഹിരണ്യനാമം ജപിച്ചാൽ ദുഷ്ടതയാണ് നിങ്ങളിൽ ഉണ്ടാകുവാൻ പോകുന്നത് എന്നും പ്രഹ്ലാദൻ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. 

                             പ്രഹ്ലാദനു വിദ്യ അഭ്യസിപ്പിക്കുന്ന ശുക്രാചാര്യർ
   
                                                                          പ്രഹ്ലാദൻ

തന്റെ ശിഷ്യന്മാർക്ക്  രാജപുത്രനായ പ്രഹ്ലാദൻ    നാരായണ മന്ത്രം പറഞ്ഞു കൊടുക്കുന്നതു കണ്ട് ശുക്രാചാര്യർ  കുപിതനായി. തന്റെജീവനു വരെ ആപത്ത് എന്ന് മനസിലാക്കി   പ്രഹ്ലാദനെ ഉപദേശിച്ചും  മിരട്ടിയും നോക്കി.  ഒരു പ്രയോജനം ഇല്ലെന്നു കണ്ടപ്പോൾ പ്രഹ്ലാദനെ മഹാരാജാവിന്റെ മുൻപിൽ  കൊണ്ടുപോയി തള്ളി വിടുക എന്ന് തീരുമാനിച്ച് പ്രഹ്ലാദനെയും കൂട്ടി ഹിരണ്യസവിധത്തിലേക്ക് യാത്രയായി. 


മൂന്നാം രംഗത്തിൽ  ശുക്രാചാര്യർ പ്രഹ്ലാദനെ ഹിരണ്യന്റെ സമീപം എത്തിക്കുന്നു. അഭ്യസിച്ച വിദ്യകളെ പറ്റി പിതാവ് ചോദിക്കുമ്പോൾ  എന്റെ ജീവന് ഹാനിയുണ്ടാകും വിധത്തിൽ ഒന്നും പറയരുത് എന്ന് ശുക്രാചാര്യർ പ്രഹ്ലാദനോട് സൂചിപ്പിച്ചു. ഒന്നും സംഭവിക്കില്ല. അങ്ങ് ഭയപ്പെടാതെ എന്ന് പ്രഹ്ലാദനും ആചാര്യനെ ആശ്വസിപ്പിച്ചു.   ഗുരുകുലത്തിൽ നിന്നെത്തിയ സ്വപുത്രനെ  സസന്തോഷം സ്വീകരിച്ച  ഹിരണ്യൻ നീ അഭ്യസിച്ചതിൽ   മനസിലുറച്ച വിദ്യയെപറ്റിപറയുവാൻ ആവശ്യപ്പെട്ടു. 

ഞാൻ പറയുന്നത് ധിക്കാരമായി കരുതരുത് എന്നും മൂഢത നശിക്കുവാൻ പ്രൗഢനായ ഗുരുവിന്റെ  ഗൂഢ ഉപദേശം തന്നെയാണ് കാരണം എന്നും ഖേദങ്ങൾ നശിക്കുവാനും ആഗ്രഹങ്ങൾ സഫലീകരിക്കുവാനും ഈരേഴുലോകങ്ങൾക്കും അധിപനായ നാരായണൻ തന്നെയാണ് കാരണം എന്നും അറിയിച്ചു. പ്രഹ്ലാദന്റെ ഈ മറുപടി കേട്ട് കുപിതനായ  ഹിരണ്യൻ  ശുക്രാചാര്യരോട് ഇവൻ ഇങ്ങിനെ പറയാൻ കാരണം എന്ത് എന്ന് അന്വേഷിച്ചു. ശുക്രാചാര്യരെ ഒരു വട്ടം വരച്ച് അതിൽ നിർത്തി. തന്റെ ദയനീയ സ്ഥിതിക്ക് കാരണം നീയാണ് എന്ന് പ്രഹ്ലാദനെ  ദുഖത്തോട് അറിയിക്കുന്ന ആചാര്യനെ  ഒന്നും സംഭവിക്കില്ല എന്ന് പ്രഹ്ലാദൻ സമാധാനിപ്പിച്ചു. 

ഞാൻ നിരപരാധിയാണ്. എന്നോട് കോപിക്കരുത്. ആരാണ് പ്രഹ്ലാദനെ ഇങ്ങിനെ പഠിപ്പിച്ചത് എന്ന് എനിക്ക് അറിയില്ല. ഗരുഡാസനനായ നാരായണനിൽ ഇവനുള്ള വാസന കളയുവാൻ എന്നാൽ സാധ്യമല്ല എന്ന് ആചാര്യൻ ഹിരണ്യനെ അറിയിച്ചു.  എന്നാൽ കിങ്കരന്മാരെ കൊണ്ട് പ്രഹ്ലാദനെ വധിക്കുവാൻ എനിക്ക് ഒരു വിഷമവും ഇല്ല എന്ന് ഹിരണ്യൻ തീരുമാനിക്കുന്നു. (ശുക്രാചാര്യർ ജീവനും കൊണ്ട് ഓടി രക്ഷപെടുന്നു).
 പ്രഹ്ലാദനെ ഉപദ്രവിച്ച്  ഹിരണ്യനാമം പറയിപ്പിക്കുവാൻ ഹിരണ്യൻ കിങ്കരന്മാരോട് ആജ്ഞാപിച്ചു. അവൻ വഴങ്ങാത്ത പക്ഷം വധിക്കുവാനും നിർദ്ദേശം നല്കി.


നാലാം     രംഗത്തിൽ    പ്രഹ്ലാദനെ കൊണ്ട്    ഹിരണ്യനാമം പറയിക്കാൻ  കിങ്കരൻ ശ്രമിക്കുന്നു. കിങ്കരന്റെ ക്രൂര താടനങ്ങൾ കൊണ്ട്  പ്രഹ്ലാദന്റെ തീവ്ര വിഷ്ണുഭക്തിയെ മാറ്റുവാൻ സാധിക്കാതെ വന്നപ്പോൾ  പ്രഹ്ലാദനെ വധിക്കുവാൻ കിങ്കരൻ തീരുമാനിച്ചു.  ഘോരസർപ്പങ്ങളെ കൊണ്ട് കടിപ്പിച്ചു, ആനയെ കൊണ്ട് ചവിട്ടിച്ചു, സമുദ്രത്തിലും അഗ്നിയിലും എറിഞ്ഞു. ഈ വധ ശ്രമങ്ങൾ ഫലിക്കാതെ വന്നപ്പോൾ  കിങ്കരന്മാർ പ്രഹ്ലാദനെ ഹിരണ്യകശിപുവിനെ  തിരിച്ചേൽപ്പിക്കുവാൻ തീരുമാനിക്കുന്നു.

അഞ്ചാം രംഗത്തിൽ കിങ്കരന്മാർ പ്രഹ്ലാദനെ ഹിരണ്യന്റെ  സവിധത്തിൽ എത്തിച്ച് തങ്ങളുടെ പരാജയം അറിയിക്കുന്നു. പരാജിതരായ കിങ്കരന്മാരെ കണ്ട് ഹിരണ്യൻ കുപിതനായി.  കിങ്കരന്മാർ ഓടി രക്ഷപെട്ടു.

അത്യധികം കോപത്തോടെ ഹിരണ്യകശിപു "എന്നേക്കാൾ നിനക്ക് ധന്യനായിട്ടുള്ളത്‌ ആരാണ് " എന്ന് പറയാൻ ആജ്ഞാപിച്ചു. " ഈ കാണുന്ന ലോകത്തിനൊക്കയും ഏകനും ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്നവനുമായ നാരായണൻ തന്നെ" എന്ന് പ്രഹ്ലാദൻ അറിയിച്ചു. 

  നാരായണൻ ലോകം മുഴുവൻ നിറഞ്ഞു (തൂണിലും തുരുമ്പിലും സർവ്വ ചരാചരങ്ങളിലും)  നിൽപ്പുണ്ട് എന്ന പ്രഹ്ലാദവാക്ക്യം കേട്ട്  ഈ തൂണിൽ നിന്റെ നാരായണൻ ഉണ്ടോ എന്ന് ചോദിച്ച് വാളുകൊണ്ട് തൂണിൽ വെട്ടി. അതി ഭയങ്കര ശബ്ദത്തോടെ തൂണ്‍  പിളർന്ന് ഗർജ്ജനം മുഴക്കിക്കൊണ്ട്  നരസിംഹം പ്രത്യക്ഷപ്പെട്ടു.

                                 തൂണ്‍ പിളർന്ന് പ്രത്യക്ഷപ്പെടുന്ന നരസിംഹം 

ഹിരണ്യനെ പിടിച്ച് കിടത്തി കൈനഖങ്ങൾ കൊണ്ട് മാറു പിളർന്ന്  വധിച്ചു. ഹിരണ്യന്റെ രക്തം കുടിച്ച് ഘോരമായി നിൽക്കുന്ന നരസിംഹത്തെ സ്തുതിച്ചുകൊണ്ട് പ്രഹ്ലാദൻ വലം വെച്ചു. 

                                                                       നരസിംഹം

അച്ഛന്റെ മരണത്തിൽ ഒട്ടും ഖേദിക്കേണ്ടതില്ല എന്ന്   പ്രഹ്ലാദനെ സമാധാനിപ്പിച്ച് നരസിംഹം പ്രഹ്ലാദനെ യുവരാജാവായി അഭിഷേകം ചെയ്തു കരവാൾ ഏൽപ്പിച്ചു. പ്രഹ്ലാദൻ ഭക്തിപൂർവ്വം നരസിംഹത്തെ നമസ്കരിച്ചു. അനുഗ്രഹിച്ചു കൊണ്ട് നരസിംഹം അപ്രത്യക്ഷമായി.  പ്രഹ്ലാദന്റെ ധനാശിയോടെ കളി അവസാനിച്ചു. 

കഥകളി പാരമ്പര്യമുള്ള ഒരു  കുടുംബാംഗമായ ശ്രീ. കലാനിലയം വിനോദ്കുമാറാണ് ഹിരണ്യകശിപുവിന്റെ വേഷമിട്ടത്. ശ്രുംഗാരപ്പദത്തിന്റെ അവതരണത്തിൽ  വീരരസമാണ് ഹിരണ്യന്റെ  മുഖത്തും പ്രവർത്തിയിലും  നിറഞ്ഞു കാണപ്പെട്ടത്. ശ്രുംഗാരപ്പദത്തിനു  വീരരസത്തിനുള്ള അലർച്ച എങ്ങിനെ യോജിക്കും? അനവസരത്തിലുള്ള അലർച്ചകൾ  ഹിരണ്യനിൽ പ്രകടമായിരുന്നു.
("മാനിനിമാർ  മൌലി രത്നമേ മാന്യശീലേ കേട്ടാലും" എന്നുള്ള സംബോധനയിൽ 'ഗോഗ്വാ............' എന്ന ശബ്ദമല്ലേ വേണ്ടൂ.) 
 രണ്ടാം രംഗം മുതലുള്ള ഹിരണ്യകശിപുവിന്റെ അവതരണം   വളരെ ഗംഭീരമായി.

ഹിരണ്യൻ  ശുക്രാചാര്യരുടെ ശിഷ്യനെ വിളിച്ച് ആശ്രമത്തിലെ ആഹാരത്തിന്റെ വിവരം  അന്വേഷിക്കുന്നതും ശിഷ്യന്റെ ഉത്തരവും പിന്നീട് രാജാവിനോട് കള്ളം പറഞ്ഞതിന് ശിഷ്യന് ശുക്രൻ ശിക്ഷ നൽകുന്നതും രസകരമായി. ശ്രീ. വെള്ളിനേഴി ഹരിദാസിന്റെ ശുക്രൻ വളരെ നന്നായി. ഹിരണ്യനോടുള്ള ഭയം, പ്രഹ്ലാദനെ ഹിരണ്യതത്വം പഠിപ്പിക്കുന്നതിലുള്ള പരാജയം എന്നിവ ഭംഗിയായി അവതരിപ്പിച്ചു.
 
വേഷഭംഗി  കൊണ്ടും കഥാപാത്രത്തിന്റെ സ്ഥായിവിടാതെയുള്ള അവതരണം കൊണ്ടും ആർ. എൽ.വി. പ്രമോദിന്റെ  പ്രഹ്ലാദൻ ഒന്നാം തരമായി. (ശുക്രാശ്രമത്തിൽ പിതാവിനോടൊപ്പം  എത്തുന്ന പ്രഹ്ലാദനെ വടി എടുത്തു കാട്ടി ആചാര്യന്റെ ശിഷ്യൻ ' അടികിട്ടും' എന്നു കാണിക്കുകയുണ്ടായി. ഹിരണ്യൻ   മടങ്ങുമ്പോൾ 'അച്ഛാ' എന്നെ അടിക്കരുതേ എന്ന് ഗുരുവിനോട് പറയൂ എന്നൊരു അപേക്ഷ പ്രഹ്ലാദനു ചെയ്യാമായിരുന്നു.)   ആർ. എൽ. വി. കഥകളി സ്കൂളിന് അഭിമാനിക്കാവുന്ന ഒരു കഥകളി കലാകാരനായി തീരും ശ്രീ. പ്രമോദ് എന്നതിന് ഒരു സംശയവും ഇല്ല. 

ശ്രീ. കലാമണ്ഡലം ഹരി. ആർ. നായർ നരസിംഹത്തെ വളരെ ഭംഗിയായി  അവതരിപ്പിച്ചു. ഗംഭീരമായ വേഷവും പിന്നണിയിൽ നിന്നും ലഭിച്ച  സിംഹത്തിന്റെ ഗർജ്ജനവും, പന്തവും, തള്ളിപ്പൊടി പ്രയോഗത്താൽ ഉണ്ടായ അഗ്നി ജ്വാലയും കൊണ്ട് ഒരു അസാധാരണ അന്തരീക്ഷം സൃഷ്ടിച്ചു എന്നു തന്നെ പറയാം. 
  
കയാധു, ശിഷ്യൻ, കിങ്കരൻ എന്നീ വേഷങ്ങൾ  അവതരിപ്പിച്ചത്  ശ്രീ. കലാമണ്ഡലം അനുരാജ്  ആയിരുന്നു. അനുരാജിന് സ്ത്രീ വേഷം ഒട്ടും യോജിക്കില്ല എന്ന് അനുഭവം തെളിയിച്ചു. എന്നാൽ ശിഷ്യന്റെ അവതരണം  എന്നെ   ആകർഷിച്ചു.  പഠിക്കുന്ന സമയത്തെ ഉറക്കം, രാജപുത്രനായ പ്രഹ്ലാദന്റെ വസ്ത്രം പിടിച്ചു നോക്കുന്നത്, നാരായണനെ ഭജിച്ചാൽ അപ്പം കിട്ടുമോ എന്നുള്ള ചോദ്യം എന്നിങ്ങനെയുള്ള   ബാലസഹജമായ പ്രവർത്തികൾ നന്നായി. 

ശ്രീ. കലാനിലയം രാജീവൻ, ശ്രീ. കലാമണ്ഡലം രാജേഷ്‌ ബാബു എന്നിവരുടെ സംഗീതം,.  ശ്രീ. കലാമണ്ഡലം രവിശങ്കർ  (ചെണ്ട), ശ്രീ. കലാനിലയം പ്രകാശൻ (മദ്ദളം) എന്നിവരുടെ മേളം വളരെ ഗംഭീരമായി. ശ്രീ. കലാമണ്ഡലം രവികുമാർ (ചുട്ടി), ശ്രീ. നാരായണൻ, ശ്രീ. രമേശ്‌ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച്‌ കളിയുടെ വിജയത്തിന് പങ്കാളികളായി. 

പ്രഹ്ലാദചരിതം കഥകളി അവതരിപ്പിച്ച തിരനോട്ടത്തിന്റെ സംഘാടകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. 


4 അഭിപ്രായങ്ങൾ:

  1. വിനോദിന്റെ വേഷങ്ങൾ ഞാൻ ധാരാളം കണ്ടിട്ടുണ്ടെങ്കിലും കത്തി ഇതുവരെ കണ്ടിട്ടില്ല. വേഷ ഭംഗിയും കഴിവുമുണ്ട്. ആദ്യസ്ഥാന വേഷം ചെയ്യാനുള്ള ഇരുത്തം വന്നിട്ടില്ല. അരങ്ങിൽ വേണ്ട മിതത്വവും അച്ചടക്കവും പാലിക്കാറുമില്ല. ( ഇടയ്ക്കിടെ കിരീടം ഉറപ്പിക്കുക )

    ഒരിക്കൽ തിരുവല്ല അമ്പലത്തിൽ സൌഗന്ധികം ഹനുമാൻ കണ്ടു. അലറി വെളുപ്പിച്ചു കളഞ്ഞു. എവിടെ അലറണം എവിടെ വേണ്ട എന്ന് വളരെ വ്യവസ്തയുള്ളതാണല്ലോ സൌഗന്ധികം ഹനുമാന്. വിനോദിനോട്‌ ഒഴികെ തിരുവല്ലയിൽ എല്ലാവരോടും എന്റെ ഈ അഭിപ്രായം പറഞ്ഞതുമാണ് ..!

    താങ്കളുടെ ഈ അഭിപ്രായം ഗൌരവമായിക്കണ്ട്, അതുൾക്കൊള്ളാൻ കഴിഞ്ഞാൽ നന്ന്. നല്ല ലേഖനം

    മറുപടിഇല്ലാതാക്കൂ
  2. Sri. Ravindranath Purushothaman :വളരെ നന്ദി.
    ശ്രീ. വിനോദിന്റെ ശ്രീരാമപട്ടാഭിഷേകത്തിൽ ലക്ഷ്മണൻ, സന്തനഗോപാലത്തിൽ കൃഷ്ണൻ, ഗീതോപദേശത്തിൽ അർജുനൻ, കർണ്ണശപഥത്തിൽ കർണ്ണൻ എന്നീ വേഷങ്ങൾ മുൻപ് കണ്ടിരുന്നു.
    വാഴപ്പള്ളി ക്ഷേത്രത്തിലെ ഒരു കളിക്ക് ശ്രീ. ആർ. എൽ. വി. രാജശേഖരൻ എന്നെ ശ്രീ. വിനോദിന് പരിചയപ്പെടുത്തിയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല വിവരണം , കളി കാണാതെ കളി കണ്ടു എന്ന് പറയാം .ശ്രീ വിനോദ് അധികം കത്തി കെട്ടി ശീലമില്ലാത്തതിനാൽ ആവാം അലർച്ച പ്രശ്നം എന്ന് തോന്നുന്നു ,കഴിഞ്ഞ ഉത്സവ കളിക്ക് കൂടൽ മാണിക്യം ക്ഷേത്രത്തിൽ ഉത്സവ കളിക്ക് വിനോദിന്റെ നരസിംഹം ഉണ്ടായിരുന്നു ,നന്നായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.കിങ്കരന്മാർ പ്രഹ്ലാദനെ മാറി മാറി തള്ളുന്നതായി ചെയ്തു കണ്ടിട്ടുണ്ട് ഇത് വളരെ മനോഹരമാണ് .സാധാരണകാരെ പോലും പിടിച്ചിരുത്തുന്ന ഒരു കഥ,കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് ഈ കഥ കൊടുങ്ങല്ലൂര് ക്ഷേത്രത്തിൽ ഉണ്ടായപ്പോൾ കഥകളി ആദ്യമായി കണ്ടവർ പോലും കഴിഞ്ഞിട്ടേ ezhunettullu

    മറുപടിഇല്ലാതാക്കൂ
  4. മനോഹരമായ വിവരണം. കലാകാരന്മാര്‍ക്ക് അങ്ങയുടെ ലേഖനങ്ങള്‍ ഗുണപരമായിത്തീരും എന്നതില്‍ സംസയമില്ല. തുടര്‍ന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ