പേജുകള്‍‌

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -9

ആലപ്പുഴ ജില്ലയിലെ   കാര്‍ത്തികപ്പള്ളി താലൂക്കിലെ ഒരു തീരദേശ ഗ്രാമമാണ് മുതുകുളം. കുന്തീദേവിയാല്‍ പ്രതിക്കപ്പെട്ടത്   എന്നു  പറയപ്പെടുന്ന പ്രസിദ്ധമായ  പാണ്ഡവര്‍കാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത് മുതുകുളത്താണ്. ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരില്‍ പ്രസിദ്ധനായിരുന്ന ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ഇല്ലം മുതുകുളത്തിനു സമീപമുള്ള കീരിക്കാട്ടാണ്.  അതുകൊണ്ടു തന്നെ കഥകളിക്കു വളരെയധികം സ്വാധീനവും പ്രചാരവും   ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. പാണ്ഡവര്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കഥകളി പതിവായിരുന്നു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. പള്ളിപ്പുറം ആശാന്‍, ശ്രീ. ഹരിപ്പാട്ടു ആശാന്‍, ശ്രീ. മങ്കൊമ്പ് ആശാന്‍, ശ്രീ.ചെന്നിത്തല ആശാന്‍, ശ്രീ.  വാരണാസി സഹോദരന്മാര്‍, ശ്രീ. തകഴി കുട്ടന്‍ പിള്ള   എന്നിവര്‍ അവിടെ പതിവുകാരായിരുന്നു. ഈ  പതിവിനു   വ്യത്യാസം  വന്നു ചേര്‍ന്നതിന്റെ തുടക്കം ഇങ്ങിനെയാണ്‌.  
മുതുകുളം സ്വദേശിയായ FACT- യിലെ ഒരു  ഉദ്യോഗസ്ഥന്‍  ഒരിക്കല്‍ (1970- കളില്‍ ) ക്ഷേത്രത്തിലെ ഉത്സവത്തിന്റെ  ഭാരവാഹികളെ സമീപിച്ച്   ആ വര്‍ഷത്തെ ഉത്സവത്തോട് അനുബന്ധിച്ചു നടത്തുന്ന കഥകളിയുടെ  ചുമതല  FACT കഥകളി സംഘത്തിനു നല്‍കണം എന്നൊരു അപേക്ഷ സമര്‍പ്പിച്ചു. നീണ്ട ചര്‍ച്ചയ്ക്കു ശേഷം  ഉത്സവകമ്മറ്റി  ഈ   അപേക്ഷ സ്വീകരിക്കുകയും  ഒരു ചെറിയ നിബന്ധനയോടെ കഥകളിയുടെ ചുമതല  FACT കഥകളി സംഘത്തിനു നല്‍കുകയും ചെയ്തു. FACT കഥകളി സംഘത്തിലെ ഒരു പ്രധാന നടനെ ഒഴിവാക്കി  കളിക്ക്   വന്നാല്‍ മതിയെന്നും  അതിനു പകരം  ശ്രീ. ചെന്നിത്തല ആശാനെ  കമ്മറ്റി നേരിട്ടു  ക്ഷണിക്കും  എന്നതായിരുന്നു നിബന്ധന. വളരെക്കാലമായി അവിടുത്തെ പതിവുകാരനെ നിലയില്‍  ചെന്നിത്തല ആശാനെ  പെട്ടെന്ന് ഉപേക്ഷിക്കുവാനുള്ള ബുദ്ധിമുട്ടാണ് ഈ നിബന്ധനയ്ക്ക് കാരണം.
FACT  ട്രൂപ്പില്‍ പങ്കെടുത്തു വന്നിരുന്ന  ശ്രീ. പള്ളിപ്പുറം ആശാനെയാണ്    പ്രസ്തുത കളിക്ക്  ഒഴിവാക്കിയത്. സീതാസ്വയംവരവും  (ശ്രീ. കലാമണ്ഡലം കേശവന്‍ എഴുതിയ) ഭീമബന്ധനവും ആയിരുന്നു അന്ന് അവതരിപ്പിച്ച കഥകള്‍.  ശ്രീ. രാമന്‍കുട്ടി ആശാന്റെ പരശുരാമന്‍, ശ്രീ. വൈക്കം കരുണാകരന്‍  ആശാന്റെ ശ്രീരാമന്‍ എന്നിങ്ങനെ സീതാസ്വയംവരവും ഭീമബന്ധനത്തില്‍  ശ്രീ. കലാമണ്ഡലം കേശവദേവിന്റെ ഹിഡുംബി, ശ്രീ. വൈക്കം കരുണാകരന്‍ ആശാന്റെ ഭീമന്‍,  ശ്രീ. ചെന്നിത്തല ആശാന്റെ ഘടോല്‍ക്കചന്‍ (ശ്രീ. പള്ളിപ്പുറം ആശാന്‍ ചെയ്തു വന്ന വേഷം) , എന്നിങ്ങനെ പ്രധാന  വേഷങ്ങളും സംഗീതത്തിന് ശ്രീ. എമ്പ്രാന്തിരിയും  ചെണ്ടയ്ക്ക്  ശ്രീ. കലാമണ്ഡലം കേശവനും.
  പാണ്ഡവര്‍കാവ് ക്ഷേത്രത്തിലെ  തുടര്‍ന്നുള്ള  വര്‍ഷങ്ങളിലെ    ഒരു ഉത്സവക്കളിക്ക്  ശ്രീ.കലാമണ്ഡലം  രാമന്‍കുട്ടി ആശാന്‍, ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ , ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി, ശ്രീ. ചിറക്കര മാധവന്‍ കുട്ടി എന്നീ പ്രധാന നടന്മാരും ശ്രീ.കലാമണ്ഡലം  ശങ്കരന്‍  എമ്പ്രാന്തിരി, ശ്രീ. കലാമണ്ഡലം  ഹരിദാസ്  എന്നിവര്‍ പാട്ടിനും ശ്രീ. കലാമണ്ഡലം കേശവന്‍ ചെണ്ടയ്ക്കും, ക്ഷണിക്കപ്പെട്ടിരുന്നു. കളിയോഗവും  കളിയുടെ ചുമതലയും  ശ്രീ. കാര്‍ത്തികപ്പള്ളി  കുട്ടപ്പപണിക്കര്‍ക്ക്  (ശ്രീ. കലാമണ്ഡലം രാജശേഖരന്റെ ആദ്യ ഗുരുനാഥന്‍) ആയിരുന്നു.  
  മുതുകുളത്തെ കളിയുടെ  അടുത്തനാള്‍ ഹരിപ്പാടിനും  മാവേലിക്കരയ്ക്കും  മദ്ധ്യേ  പള്ളിപ്പാട് ജങ്ക്ഷനു  സമീപമുള്ള  മൗട്ടത്തു കുടുംബ ക്ഷേത്രത്തില്‍ നടക്കുന്ന ഒരു   കഥകളിക്കു ശ്രീ. എമ്പ്രാന്തിരി, ശ്രീ. ഹരിദാസ്, ശ്രീ. കേശവന്‍ എന്നിവരെ എന്റെ  പിതാവ്   ഏര്‍പ്പാടാക്കിയത്  തിരുവനന്തപുരം ജില്ലയിലെ   ശ്രീകാര്യം    പുലിയൂര്‍ക്കോട്  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അണിയറയില്‍ വെച്ചായിരുന്നു.   അപ്പോള്‍ അവര്‍ മൂന്നു പേരും മുതുകുളത്തെ കളി കഴിഞ്ഞാല്‍ ഞങ്ങളെ  മൗട്ടത്തേക്കു ആരെങ്കിലും വന്നു  കൂട്ടിക്കൊണ്ടു പോകണം എന്ന് അഭിപ്രായപ്പെട്ടു. അവരുടെ ആവശ്യം മനസിലാക്കിയ എന്റെ പിതാവ് പ്രസ്തുത ചുമതല എന്നെ ഏല്‍പ്പിക്കുകയും ചെയ്തു.  
കളിദിവസം  ഞാന്‍ മുതുകുളം പാണ്ഡവര്‍കാവ് ക്ഷേത്രത്തിലേക്ക് തിരിക്കുന്നതിനു മുന്‍പ് അന്നത്തെ കളിയുടെ വേഷവിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് എന്റെ പിതാവിനെ കാണിച്ചു. കൊല്ലം പരവൂരില്‍ ഒരു കളിക്ക് പോകാന്‍ ഒരുങ്ങി നിന്നിരുന്ന  അദ്ദേഹം  ആ വേഷ വിവരം അടങ്ങിയ ലിസ്റ്റ് വായിച്ചു. ശ്രീ. ഗോപി ആശാന്റെ കാലകേയവധത്തില്‍  അര്‍ജുനന്‍,  ശ്രീ. ചന്ദ്രമനയുടെ മാതലി,  ശ്രീ. ചിറക്കരയുടെ  ഉര്‍വശിയും     ദുര്യോധനവധത്തില്‍ ശ്രീ. രാമന്‍കുട്ടി ആശാന്റെ  ദുര്യോധനന്‍ , ശ്രീ. ചാത്തന്നൂര്‍ കൊച്ചു നാരായണപിള്ളയുടെ ദുശാസനന്‍, ശ്രീ. ചിറക്കരയുടെ പാഞ്ചാലി,  ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥിന്റെ  കൃഷ്ണന്‍, ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെ രൌദ്രഭീമന്‍  എന്നിങ്ങനെയുള്ള  വേഷ വിവരം വായിച്ച ശേഷം ചിരിച്ചു കൊണ്ട്  "ഈ ലിസ്റ്റില്‍ കൊടുത്തിരിക്കുന്നത് പോലൊന്നും  കളി നടക്കാന്‍ പോകുന്നില്ല" എന്ന്  അദ്ദേഹം പറഞ്ഞു. 
  എന്റെ പിതാവ്  അഭ്യസിപ്പിച്ച ഒരു ബാലനാണ്  (ശ്രീ. മോഴൂര്‍   രാജേന്ദ്രഗോപിനാഥ് )  കൃഷ്ണന്റെ  വേഷം ചെയ്യുന്നത്.  ആ ബാലനടന്റെ  കൂടെ വേഷം  കെട്ടാന്‍  രാമന്‍കുട്ടി ആശാന്‍  എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കും എന്നുള്ള     സംശയം കൊണ്ടാണോ അദ്ദേഹം ഇങ്ങിനെ പറഞ്ഞത് എന്ന തോന്നല്‍ എനിക്ക്  ഉണ്ടായി.    ഈ സംശയം ഞാന്‍ എന്റെ പിതാവിനോട് ഉന്നയിച്ചപ്പോള്‍ "അങ്ങിനെ ഒന്നും   ഉണ്ടാകുവാന്‍  വഴിയില്ല" എന്നായിരുന്നു  പ്രതികരണം.  ആ ലിസ്റ്റില്‍ ഒരു ഭേദഗതി ഉണ്ടാകുവാന്‍ മറ്റൊരു സാധ്യതയും  എനിക്ക് തോന്നുന്നില്ല എന്നുള്ള എന്റെ മറുപടി കേട്ടപ്പോള്‍  നാളെ കളി കഴിഞ്ഞു വരുമ്പോള്‍ നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു കൊണ്ട്  എന്റെ പിതാവ് പരവൂരിലേക്ക് യാത്രയായി
ഞാന്‍ മുതുകുളത്തെ കളിക്ക് പോകും വഴിയില്‍ മോഴൂരിലെത്തി.   മോഴൂര്‍  രാജേന്ദ്രന്റെ  പിതാവ് ശ്രീ. ഗോപിനാഥന്‍ പിള്ളയുമായി   സംസാരിച്ചു. മൌട്ടത്തെ കളിക്ക് എത്തേണ്ട ശ്രീ. എമ്പ്രാന്തിരി, ശ്രീ. ഹരിദാസ്  എന്നിവരെ മുതുകുളത്തെ കഴിഞ്ഞ്   ആദേഹം   കാറില്‍  കൂട്ടി  വന്നു കൊള്ളാം എന്നും തന്റെ വസതിയില്‍ അവര്‍ക്ക്  വിശ്രമിക്കുവാനുള്ള   സൗകര്യം  ചെയ്തു കൊടുത്തു കൊള്ളാം എന്നും സമ്മതിച്ചു.   ശ്രീ.  കലാമണ്ഡലം കേശവന്‍ എന്റെ  വസതിയിലേക്ക്     വന്നാല്‍ സന്തോഷത്തോടെ സ്വാഗതം  ചെയ്യും   എന്നാണ്  അദ്ദേഹം  മറുപടി  പറഞ്ഞത്. 
 ശ്രീ. ഗോപിനാഥന്‍ പിള്ളയോടും രാജേന്ദ്രനോടുമൊപ്പം ഞാന്‍ അവരുടെ കാറില്‍ യാത്ര തിരിച്ച്  സന്ധ്യക്ക്   ഏഴ്-ഏഴര  മണിയോടെ കളിസ്ഥലത്ത് എത്തി. അവിടെ അണിയറയില്‍ ഉത്സവ കമ്മിറ്റിക്കാരും കലാകാരന്മാരും തമ്മില്‍ ആലോചനകള്‍ നടക്കുന്നു. വേഷമാറ്റം തന്നെയാണ് ചര്‍ച്ചാ വിഷയം. അവരുടെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചപ്പോഴാണ് സംഗതി പിടി കിട്ടിയത്. ശ്രീ. ഗോപി ആശാന്‍ എത്തിയിട്ടില്ല. ബാക്കി എല്ലാ നടന്മാരും വളരെ നേരത്തെ എത്തിയിട്ടുണ്ട്. ഇന്നത്തെ പോലെ ഫോണ്‍, മൊബൈല്‍ സൌകര്യങ്ങളും അന്ന്  ഇല്ലാത്ത കാലഘട്ടം  ആയിരുന്നതിനാല്‍ ഗോപി ആശാന്‍ എത്തുമോ ഇല്ലയോ എന്ന് ആര്‍ക്കും  ഉറപ്പിച്ചു പറയുവാന്‍ സാധിക്കുന്നുമില്ല. ഒടുവില്‍ വേഷത്തിന്റെ വിഷയത്തില്‍ മാറ്റം വരുത്തുവാനാണ് തീരുമാനിച്ചത്. കാലകേയവധത്തില്‍ ശ്രീ. രാമന്‍കുട്ടി ആശാന്റെ   അര്‍ജുനന്‍,  ദുര്യോധനവധത്തില്‍  ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപണിക്കരുടെ ദുര്യോധനന്‍ എന്ന്  ഒരു മാറ്റം വരുത്തി. രൌദ്രഭീമന്‍  മുന്‍ നിശ്ചയം  പോലെ ചന്ദ്രമന ചെയ്യട്ടെ എന്നുമായി തീരുമാനം. 
കളി തുടങ്ങാറായപ്പോള്‍ ശ്രീ. ഗോപി ആശാന്‍ എത്തി. അദ്ദേഹം വൈകി എത്തിയതിന്റെ കാരണവും വളരെ രസകരമാണ്. ആറു മണിക്ക് ഹരിപ്പാട്ട്‌ എത്തിയ ഗോപി ആശാന്‍ അവിടെ നിന്നും  മുതുകുളം വഴി കായംകുളത്തിനു പോകുന്ന   ബസ്സില്‍ കയറി മുതുകുളത്തിനു ടിക്കറ്റും എടുത്തു. ആശാന്‍ ബസ്സിലിരുന്ന്  ഉറങ്ങിപ്പോയി. ബസ് കായംകുളത്തെത്തി കണ്ടക്ടര്‍  വിളിച്ചപ്പോഴാണ്  അദ്ദേഹം  ഉണര്‍ന്നത്.  അന്ന് പ്രസ്തുത റൂട്ടില്‍ അധികം യാത്രാ സൌകര്യങ്ങള്‍ ഇല്ലാത്ത കാലമായതിനാല്‍ അടുത്ത ബസ്സ് പിടിച്ചു മുതുകുളത്തെത്തി ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍ വൈകി. അദ്ദേഹത്തിനുണ്ടായ അസൌകര്യം മനസിലാക്കിയ ഉത്സവ കമ്മറ്റിക്കാരുടെ അഭിപ്രായം അനുസരിച്ച്  അദ്ദേഹം രൌദ്രഭീമന്റെ  വേഷമാണ്  ചെയ്തത്.  വേഷത്തിന്റെ വിഷയത്തില്‍ മാറ്റം ഉണ്ടാകും എന്ന് എന്റെ പിതാവ് പറഞ്ഞത് എങ്ങിനെയോ ഫലിച്ചിരിക്കുന്നു. വേഷം മാറ്റണം എന്നുള്ള  ആരുടേയും താല്‍പ്പര്യം കൊണ്ട് സംഭവിച്ചതും  അല്ല.  അപ്രതീക്ഷിതമായി സംഭവിച്ചതാണെങ്കിലും അത് എങ്ങിനെ മുന്‍കൂട്ടി പറയുവാന്‍ അദ്ദേഹത്തിനു എങ്ങിനെ സാധിച്ചു എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. 
മുതുകുളത്തെ  കളി കഴിഞ്ഞപ്പോള്‍ ശ്രീ. എമ്പ്രാന്തിരി , ശ്രീ. ഹരിദാസ് എന്നിവര്‍ മോഴൂര്‍ രാജേന്ദ്രനോടൊപ്പം യാത്രയായി. ശ്രീ. കേശവന്‍ മോഴൂരേക്കില്ലാ  എന്നുറപ്പിച്ചു പറഞ്ഞു.  ശ്രീ. ഗോപിനാഥന്‍ പിള്ളയും ശ്രീ.  കേശവനും തമ്മില്‍ എന്തോ പ്രശ്നം  ഉണ്ടായിട്ടുണ്ട് എനിക്ക് മനസിലായി.  ശ്രീ. രാമന്‍കുട്ടി ആശാന്‍, ശ്രീ. ഗോപി ആശാന്‍, ശ്രീ. കേശവന്‍, ശ്രീ. ചന്ദ്രമന,  ശ്രീ. ചിറക്കര തുടങ്ങിയ കലാകാരന്മാരുമൊത്തു പാണ്ഡവര്‍കാവ്‌ ക്ഷേത്രത്തില്‍ നിന്നും സുമാര്‍ ഒരു കിലോമീറ്ററിലധികം  ദൂരമുള്ള മുതുകുളം ജങ്ക്ഷന്‍ വരെ നടന്നു.  വളരെ രസകരമായ ഒരു യാത്ര തന്നെയായിരുന്നു അത്ഗോപി ആശാനും ചന്ദ്രമനയും  പല തമാശകളും പറഞ്ഞു കൊണ്ടുള്ള അന്നത്തെ  യാത്ര മറക്കുവാന്‍ സാദ്ധ്യമല്ല. സംസാരമദ്ധ്യേ ആ ഭാഗത്തെ കളികള്‍ക്ക് പങ്കെടുക്കുവാനുള്ള ശ്രീ. ഗോപി ആശാന്റെ അതീവ താല്‍പ്പര്യവും എനിക്ക് മനസിലാക്കുവാന്‍ കഴിഞ്ഞു. 
ആദ്യമായാണ് ചന്ദ്രമന തിരുമേനി   മുതുകുളത്ത്  ഒരു കളിക്ക് കൂടുന്നത്.  "ചെന്നിത്തലയ്ക്ക് " കഴിഞ്ഞ കളിക്ക് നല്‍കിയ തുകയാണ് തിരുമേനിയ്ക്കു  നല്‍കുന്നത്  എന്ന് പറഞ്ഞു കൊണ്ടാണ്   ഉത്സവത്തിന്റെ  ഭാരവാഹികള്‍ അദ്ദേഹത്തിനു   കളിപ്പണം നല്‍കിയത്. അദ്ദേഹത്തിന്‍റെ നാട്ടിലെ (പെരുമ്പാവൂര്‍ ഭാഗത്ത് ) കളികള്‍ക്ക് കൂടുമ്പോള്‍ ലഭിക്കുന്നത്തിന്റെ ഇരട്ടിപ്പണം അവര്‍ നല്‍കി എന്നാണ്  യാത്രാമദ്ധ്യേ   ചന്ദ്രമന തിരുമേനി  എന്നോട് സൂചിപ്പിച്ചത്.
   മുതുകുളം ജംങ്ക്ഷനില്‍ എത്തി വളരെ നേരത്തെ കാത്തു നില്‍പ്പിനു  ശേഷം  കായംകുളം ഭാഗത്തേക്കാണ്  ആദ്യം ബസ്സ് വന്നത്.  ശ്രീ. കേശവനും  ഞാനുമൊഴികെയുള്ളവര്‍ ആ ബസ്സില്‍ യാത്രയായി. പിന്നീട്  വന്ന  ഹരിപ്പാടിനുള്ള   ബസ്സില്‍ ഞങ്ങള്‍  കാര്‍ത്തികപ്പള്ളിയിലും     അവിടെ നിന്നും  മറ്റൊരു  ബസ്സില്‍  യാത്ര  ചെയ്ത്  മൗട്ടത്തെ വീട്ടിലും   എത്തിച്ചേര്‍ന്നു.  അവിടെ ഞങ്ങള്‍ക്ക് എല്ലാ സൌകര്യങ്ങളും  ഒരുക്കിത്തരുവാന്‍  ആ കുടുംബത്തിലുള്ളവര്‍ സന്നദ്ധരായിരുന്നു.   കുളിയും  കാപ്പികുടിയും കഴിഞ്ഞു ഒരു ഉറക്കം പിടിച്ചപ്പോഴാണ് എന്റെ പിതാവും  ശ്രീ. മോഴൂര്‍ ഗോപിനാഥന്‍ പിള്ളയും  വന്നു ഞങ്ങളെ  ഉണര്‍ത്തിയത്. എന്റെ പിതാവ്  പരവൂരെ കളിയും കഴിഞ്ഞു മോഴൂരില്‍ എത്തിയപ്പോള്‍  അവിടെ എമ്പ്രാന്തിരിയും ഹരിദാസും  ഉണ്ട്.   ശ്രീ. കേശവനും  ഞാനും മൗട്ടത്ത് ഉണ്ടാകും എന്ന് മനസിലാക്കി ഞങ്ങളെ കൂട്ടി പോകുവാനാണ്  അദ്ദേഹം   എത്തിയത്.  ശ്രീ. ഗോപിനാഥന്‍ പിള്ളയും  എന്റെ പിതാവും കൂടി  ശ്രീ. കേശവന്‍  മോഴൂരിലേക്ക്  ക്ഷണിക്കുകയും  അദ്ദേഹത്തിന്‍റെ  ബാഗ്  ശ്രീ. ഗോപിനാഥന്‍  പിള്ളയും  എന്റെ പിതാവ് ചെണ്ടയും തൂക്കിയപ്പോള്‍   ശ്രീ. കേശവന്‍  അവരെ അനുഗമിക്കുകയുമാണ് ചെയ്തത് . ശ്രീ. മോഴൂര്‍ ഗോപിനാഥന്‍ പിള്ളയ്ക്കും  ശ്രീ. കേശവനും  തമ്മിലുണ്ടായിരുന്ന വിരോധത്തിനു അയവുവരുത്തുവാന്‍ മൌട്ടത്തെ  കഥകളിയും  ശ്രീ. ചെന്നിത്തല ആശാനുമായി  ശ്രീ .   കേശവന്‍  പുലര്‍ത്തി വന്നിരുന്ന    ആത്മബന്ധവും   പ്രധാന കാരണമായി ഭവിച്ചു.
 
ശ്രീ. കലാമണ്ഡലം കേശവന്‍ എഴുതിയ "അരങ്ങത്തൊരു മരണം" എന്ന ആര്‍ട്ടിക്കിളില്‍   
ശ്രീ. ചെന്നിത്തല ആശാനുമായുള്ള സ്നേഹബന്ധത്തെ സൂചിപ്പിക്കുന്ന വരികള്‍.   

 മോഴൂരില്‍ ഞങ്ങള്‍ എത്തി  ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ മുതുകുളത്തെ കളിക്ക് വേഷത്തിന് സംഭവിച്ച മാറ്റത്തെ പറ്റി ഞാന്‍ പിതാവിനോട് സൂചിപ്പിച്ചു.  കഥകളി കലാകാരന്മാരില്‍  പലര്‍ക്കും സംഭവിച്ചിട്ടുള്ളതു  പോലുള്ള ഒരു   സംഭവം    തന്നെയാണ് ശ്രീ. ഗോപിക്കും ഉണ്ടായത് എന്നും  ശ്രീ. കാര്‍ത്തികപള്ളി കുട്ടപ്പപണിക്കരുടെ ചുമതലയില്‍ നടക്കുന്ന കളികള്‍ക്കെല്ലാം   അദ്ദേഹത്തിനു ഒരു പ്രധാന   വേഷം ഉണ്ടാകും  അല്ലെങ്കില്‍ അദ്ദേഹം  ഉണ്ടാക്കും. ആ പതിവ്  ഇവിടെയും സംഭവിക്കാം  എന്നുള്ള  ഒരു കണക്കുകൂട്ടലിലാണ്    വേഷത്തിന് മാറ്റം ഉണ്ടാകുമെന്നു ഞാന്‍ സൂചിപ്പിച്ചത്  എന്നായിരുന്നു  എന്റെ പിതാവ്   പുഞ്ചിരിച്ചു കൊണ്ട് നല്‍കിയ    മറുപടി. 
ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കരുടെ ചുമതലയില്‍ നടക്കുന്ന എല്ലാ കളികള്‍ക്കും  അദ്ദേഹത്തിനു മാന്യമായ ഒരു ഉണ്ടാകണം  എന്ന ഒരു ദൈവ നിശ്ചയം  കൂടി ഉള്ളതു കൊണ്ടു തന്നെയാവാം ശ്രീ. ഗോപി ആശാന്‍ താമസിച്ചു കളി സ്ഥലത്ത് എത്തേണ്ടിവന്നത് എന്നാണ് ഞാന്‍  വിശ്വസിക്കുന്നത്.
***************************************************************************
                  എന്റെ ബ്ലോഗ്‌  വായിക്കുന്നവരുടെ  ശ്രദ്ധയ്ക്ക് 
എന്റെ ബ്ലോഗിലെ പ്രധാന വിഷയം അരങ്ങുകളിലും  അണിയറകളിലും  കഥകളി    കലാകാരന്മാര്‍ക്കിടയിലും നടക്കുന്ന സംഭവങ്ങള്‍, രസികത്തങ്ങള്‍ എന്നിവയാണല്ലോ. അത്തരം സംഭവങ്ങളില്‍  ചിലതാണ്  പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത് . ഏതെങ്കിലും ഒരു കലാകാരനെയോ കലാസ്ഥാപനത്തെയോ    വിമര്‍ശിക്കുക  ആക്ഷേപിക്കുക എന്നിവ  എന്റെ    ഉദ്യമമല്ല   എന്ന വസ്തുത ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു.
                                       *************** 

10 അഭിപ്രായങ്ങൾ:

  1. മുതുകുലതും മൌട്ടത്തും മൊഴൂരിലും സഞ്ചരിച്ച അനുഭവം! മനോഹരമായ വാക്കുകളിലൂടെ ഇത് വരചിട്ടതിനു നന്ദി. തുടര്‍ന്നും എഴുതുക / ടൈപ്പ് ചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  2. ഭീമബന്ധനം കഥ എന്താണ്? ഒന്ന് വിവരിക്കാമോ?

    മറുപടിഇല്ലാതാക്കൂ
  3. ഭാസന്റെ ' മദ്ധ്യമവ്യായോഗത്തെ' അവലംബിച്ചെഴുതിയതാണ് ഭീമബന്ധനം. കഥകളിക്ക് അനുയോജ്യമാക്കുന്നതിനു വേണ്ടി ഹിഡുംബിയുടെ വിചാരപ്പദം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഘടോല്‍കചന്‍ മകനാണെന്നറിഞ്ഞതിനു ശേഷം കായികശക്തി പരീക്ഷിക്കുനതിനു ഭീമന്‍ മകനുമായി നടത്തുന്ന മല്‍പ്പിടുത്തം രസകരമാണ്.
    ഹിഡുംബി, ഭീമന്‍, ഘടോല്‍കചന്‍ ഇത്രയുമാണ് പ്രധാന വേഷങ്ങള്‍. ബ്രാഹ്മണന്‍, ലളിത, ബ്രാഹ്മണി, മധ്യമന്‍ എന്നിങ്ങനെ ചില കഥാപാത്രങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും രണ്ടു രണ്ടര മണിക്കൂറുകൊണ്ട് ആടിത്തീരും.
    ഹിഡുംബിയുടെ വിചാരപ്പദവും ലളിതവേഷത്തില്‍ ഭീമനെ കാത്തിരിക്കുന്ന ഭാഗവുമെ എടുത്തു പറയത്തക്കതായുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  4. അനുഭവം രസകരം തന്നെ. എന്നാല്‍ ചില അക്ഷരപ്പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടു്. തുടര്‍ന്നും രസകരങ്ങളായ അനുഭവങ്ങള്‍ അറിക്കാന്‍ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. എന്റെ ബ്ലോഗ്‌ വായിച്ചു ഒപ്പിട്ട Sri. Purushothaman Ravindranath, Sri. Nishikanth K, Sri. Unnikrishnan,Sri. Madhu Menon, Sri.Sureshkumar Punjhayil. ശ്രീ .പ്രയാണ്‍, ശ്രീ കുട്ടന്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
    ശ്രീ. കുട്ടന് ഭീമബന്ധനം കഥയുടെ രൂപം നല്‍കിയ Sri. Purushothaman Ravindranath അവര്‍കള്‍ക്ക് പ്രത്യേകം നന്ദി.
    Sri. Nishikanth K : അക്ഷര പിശകുകള്‍ ഒഴിവാക്കുവാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ട് .

    മറുപടിഇല്ലാതാക്കൂ
  6. സുഹൃത്തേ !
    ലേഖനം വായിച്ചു. നന്നായിട്ടുണ്ട്. ആ കാലഘട്ടത്തിലെ കഥകളി അരങ്ങുകളും ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ചില വ്യക്തികളുമായി എനിക്കും നേരിട്ട് പരിചയം ഉണ്ടായിരുന്നതിനാല്‍ ഒരു ഓര്‍മ്മ പുതുക്കല്‍ കൂടിയായി ലേഖനം. ഇങ്ങിനെ കഥകളി അരങ്ങുകളുടെ അന്തപ്പുര രഹസ്യങ്ങള്‍ താങ്കളെ പോലെയുള്ള വളരെ ചുരുക്കം പേര്‍ക്കു മാത്രമേ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുവാനാകൂ. അതാണ്‌ ഈ എഴുത്തുകളുടെ പ്രസക്തിയും. അതുകൊണ്ട് ഇതുപോലുള്ള അരങ്ങു വിശേഷങ്ങള്‍ തുടര്‍ന്നും എഴുതണം.

    മറുപടിഇല്ലാതാക്കൂ