പേജുകള്‍‌

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കല്യാണസൌഗന്ധികം കഥകളി

ചെന്നൈ IIT  സെന്‍ട്രല്‍ ലക് ചര്‍ തിയേറ്ററില്‍ 16-02-2013 ന്  വൈകിട്ട് ആറുമണി മുതല്‍  രാത്രി പത്തുമണി വരെ "ഉത്തരീയം" കഥകളി സംഘടനയുടെ ചുമതലയില്‍  കല്യാണസൌഗന്ധികം   കഥകളി അവതരിപ്പിച്ചു.  IIT- യിലെ വിദ്യാര്‍ത്ഥികളും , ചെന്നൈയിലെ കഥകളി ആസ്വാദകരും അടങ്ങുന്ന ഒരു വലിയ സദസ്സാണ്   നിറഞ്ഞിരുന്നത്. 

                          IIT - സെന്‍ട്രല്‍  ലക് ചര്‍ തിയേറ്ററില്‍  നിറഞ്ഞിരുന്ന ആസ്വാദകര്‍ 

 പാണ്ഡവരുടെ വനവാസ കാലമാണ്  കല്യാണസൌഗന്ധികം കഥയുടെ സന്ദര്‍ഭം. വനത്തില്‍ ലഭിച്ച ഒരു ദിവ്യപുഷ്പം ഭീമനെ ഏല്‍പ്പിച്ച പാഞ്ചാലി തനിക്കു ഇത്തരം ധാരാളം പുഷ്പങ്ങള്‍ തേടിത്തരണം എന്ന് ഭീമനോട്    ആവശ്യപ്പെടുന്നു.  പാഞ്ചാലിയുടെ  ആവശ്യം പൂര്‍ത്തീകരിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട ഭീമന്‍   വായുവിന്റെ ഗതി ലക്ഷ്യമാക്കി യാത്രയായി. ഗന്ധമാദനപര്‍വ്വതം കടന്ന ഭീമന്‍ മരങ്ങളും വള്ളികളും കൊണ്ട് നിറഞ്ഞ ഘോര  വനത്തിലെത്തി. മരങ്ങളെല്ലാം ഗദയാല്‍ അടിച്ചു വീഴ്ത്തി മുന്നോട്ടു പോയ ഭീമന്‍ ഹനുമാന്റെ വാസസ്ഥലമായ  കദളീ വനത്തിലാണ് എത്തുന്നത്. വായൂ പുത്രന്മാരായ ഭീമനും ഹനുമാനും  കദളീ വനത്തില്‍ പരസ്പരം സന്ധിക്കുകയും ഭീമന്‍ തേടി വന്ന സൗഗന്ധിക പുഷ്പം ലഭിക്കുവാനുള്ള മാര്‍ഗ്ഗം ഹനുമാനില്‍ നിന്നും അറിഞ്ഞുകൊണ്ട്  യാത്ര തുടരുന്നതുമാണ്    അവതരിപ്പിച്ച കഥാരംഗം.  

                                                            ഭീമനും പാഞ്ചാലിയും 

ഗന്ധമാദനപര്‍വതത്തിനു  സമീപമുള്ള  വനഭാഗത്തെത്തിയ   ഭീമന്റെയും  പാഞ്ചാലിയുടെയും  സല്ലാപമാണ്  ആദ്യ രംഗത്തിന്റെ  തുടക്കം.    
“പാഞ്ചാലരാജതനയേ പങ്കജേക്ഷണേ പഞ്ചസായകനിലയേ” എന്ന ഭീമന്റെ  പാഞ്ചാലിയോടുള്ള   മനോഹരമായ പദത്തിന്റെ അവതരണമാണ്  രംഗത്തിന്റെ  സവിശേഷത.  

പാഞ്ചാലി ഭീമനെ ഏല്‍പ്പിച്ച  ദിവ്യപുഷ്പം കണ്ടു ആസ്വദിച്ച ഭീമന്‍, അവളുടെ  ആഗ്രഹപ്രകാരം ദിവ്യ പുഷ്പം തേടി പുറപ്പെടുന്നു.  യാത്രയില്‍ വിശപ്പും ദാഹവും തീര്‍ക്കുന്നത്  എങ്ങിനെ? ശത്രുക്കള്‍  വന്നാല്‍ എങ്ങിനെ നേരിടും തുടങ്ങിയ  പാഞ്ചാലിയുടെ ചോദ്യങ്ങള്‍ക്ക് നിന്റെ സുന്ദരമായ കണ്ണുകള്‍ കൊണ്ടുള്ള കടാക്ഷം മനസ്സില്‍ ഉറപ്പിച്ചു  നടക്കുന്ന എനിക്ക് വിശപ്പും ദാഹവും ഉണ്ടാവുകയില്ല എന്നും ശത്രുക്കളെ നേരിടുവാന്‍  എന്റെ ആയുധം   "ഗദ" ധാരാളം എന്നുമാണ്  മറുപടി പറഞ്ഞത്‌. 

വായുവിന്റെ  ഗതിനോക്കി യാത്ര തുടങ്ങിയ ഭീമന്‍ ഗന്ധമാദന പര്‍വതത്തിന്റെ ഭംഗി നോക്കി കണ്ടശേഷം  പര്‍വത മുകളിലൂടെ നടന്ന് മറു ഭാഗത്തെത്തി. ഭീമന്റെ  വനകാഴ്ചകളില്‍ പ്രധാനമായി  അജഗരകബളിതമാണ്  നടന്‍ അവതരിപ്പിച്ചത്‌.   മദം പിടിച്ച    കാട്ടാനയുടെ കാലില്‍ ഒരു വലിയ പെരുമ്പാമ്പ്‌ പിടി കൂടുകയും പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷപെടുവാന്‍  ആന മുന്‍പോട്ടും  ആനയെ  വിഴുങ്ങുവാനായി പാമ്പ് ആനയുടെ     കാലില്‍   പിന്നോട്ടും   വലിക്കുന്നു. ഈ സമയം ഒരു സിംഹം എത്തി ആനയുടെ മസ്തകം അടിച്ചു പൊളിച്ച് ചോര കുടിച്ചു പോകുന്നു.   മയങ്ങി വീഴുന്ന ആനയെ പെരുമ്പാമ്പ്‌ വിഴുങ്ങിയ ശേഷം സാവധാനത്തില്‍ ഇഴഞ്ഞു നീങ്ങുന്ന അവതരണമാണ്  അജഗരകബളിതത്തിന്റെ ആട്ടം.    

വലിയ മരങ്ങളും വള്ളികളും കൊണ്ട് തിങ്ങി സൂര്യപ്രകാശം പോലും കടക്കാനാവത്ത കൊടുംകാട്ടിലെ  മരങ്ങള്‍ ഗദകൊണ്ട് അടിച്ചു വീഴ്ത്തി വഴി സൃഷ്ടിച്ചു കൊണ്ട് ഭീമന്‍ യാത്ര തുടര്‍ന്നു.
 
                                            അജഗരകബളിതം


രണ്ടാം രംഗം കദളീ വനമാണ്. കദളീ വനത്തില്‍  തപസ്സു ചെയ്യുന്ന  രാമഭക്തനായ ഹനുമാന്‍ അസഹ്യമായ എന്തോശബ്ദം ശ്രവിച്ച് ഞെട്ടിയുണര്‍ന്നു. രാമരാവണയുദ്ധം കഴിഞ്ഞ് ശ്രീരാമന്‍ സീതാദേവിയെയും രാമഭക്തന്മാരുമൊപ്പം      അയോദ്ധ്യയില്‍ എത്തി.    ശ്രീരാമപട്ടാഭിഷേക സമയത്ത് രാമനില്‍ ഏറ്റവും അധികം ഭക്തിയുള്ളത്  തനിക്കാണെന്ന്   പറഞ്ഞു  അനുഗ്രഹിച്ചത് ഹനുമാന്‍  സ്മരിച്ചു. ലോകത്തിനു അസംഭാവികമായി ഒന്നും സംഭവിക്കുന്നതിന്റെ ലക്ഷണം ഇല്ല. പിന്നെ എന്താണ് എന്റെ തപസ്സിനു ഇളക്കം സംഭവിച്ചത് എന്ന് ചിന്തിച്ചു.  അകലെ ഗദാധാരിയായ ഒരു  മനുഷ്യന്‍ വൃക്ഷമെല്ലാം അടിച്ചു വീഴ്ത്തി   വരുന്നത് ഹനുമാന്‍ കണ്ടു. ഇവനോട്  എതിര്‍ക്കുവാന്‍  ആരും ഇല്ലേ ?   ഇവന്റെ   വരവിനാല്‍   കാടിളകുകയും  ആനക്കൂട്ടങ്ങള്‍  ഭയന്ന്   ഓടുകയും  സിംഹങ്ങള്‍ ഭയന്നും  ഖേദിച്ചും   വന്‍ഗുഹകള്‍ക്കുള്ളില്‍ പോയി ഒളിക്കുകയും   ചെയ്യുന്നത്  ആശ്ചര്യത്തോടെ ഹനുമാന്‍ നോക്കി കണ്ടു.  ആഗതനോട്  എന്തോ ഒരു   സ്നേഹ വാത്സല്ല്യം  ഹനുമാന്   തോന്നി. ആഗതന്‍    വായുപുത്രനും തന്റെ സഹോദരനുമായ ഭീമനാണെന്നും  പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധിക പുഷ്പം ശേഖരിക്കുവാന്‍  പുറപ്പെട്ടതാണെന്നും അവന്റെ  സഞ്ചാരം  ആപത് മാര്‍ഗ്ഗത്തിലേക്കാണെന്നും  മനസിലാക്കിയ  ഹനുമാന്‍    അനുജന്റെ ശക്തി കണ്ടറിയുവാനും   അവനെ നേരായ  മാര്‍ഗ്ഗത്തിലേക്ക്  നയിക്കുകയും ചെയ്യുവാന്‍  തീരുമാനിക്കുന്നു.    

                                                            ഹനുമാന്റെ തപസ്സ്

 കൌരവരുടെ ചതി മൂലം   നാഗലോകത്തെത്താന്‍    ഭീമന്   ഇടയായതും നാഗരസം കുടിച്ചതും   അതിനാല്‍  അമിത ബലം ലഭിച്ചതും ഹനുമാന്‍ സ്മരിച്ചു. എങ്ങിനെയാണ് ഭീമനെ നേരിടേണ്ടത് എന്ന് ചിന്തിച്ച ഹനുമാന്‍ ഒരു വൃദ്ധ വാനരന്റെ വേഷത്തില്‍ മാര്‍ഗ്ഗ മദ്ധ്യേ ശയിക്കുക എന്ന് തീരുമാനിച്ചു.  ശ്രീരാമനെ ഭജിച്ചു കൊണ്ട്  ഹനുമാന്‍ ഒരു വൃദ്ധ വാനരന്റെ രൂപം ധരിച്ചു അവശതയോടെ മാര്‍ഗ്ഗ മദ്ധ്യേ ശയിച്ചു. 

ഘോരവനം കഴിഞ്ഞ് ഭീമന്‍  കദളീ വനത്തില്‍ എത്തി. കദളീ വനത്തിലെ വാഴകള്‍ ഗദയാല്‍ അടിച്ചു വീഴ്ത്തിക്കൊണ്ട് ഭീമന്‍ വൃദ്ധ വാനരന്റെ സമീപം എത്തി. തന്റെ മാര്‍ഗ്ഗം മുടക്കി ശയിച്ചിരിക്കുന്ന വൃദ്ധവാനരനെ വെറുപ്പോടു നോക്കി കണ്ട ഭീമന്‍ തന്റെ മാര്‍ഗ്ഗത്തില്‍ നിന്നും മാറികിടക്കുവാന്‍ ആജ്ഞാപിച്ചു.  തന്റെ  ആജ്ഞ അനുസരിക്കാതെമടിച്ചു കിടന്നാല്‍ നിന്റെ  കഴുത്തില്‍ പിടിച്ചു ദൂരേക്ക്‌ വലിച്ചെറിയും എന്ന് അറിയിക്കുകയും ചെയ്തു. പ്രായാധിക്ക്യം കൊണ്ട് അവശനായ തനിക്ക് ചലിക്കുവാന്‍  പോലും സാധിക്കുന്നില്ലെന്നും  തന്റെ ശരീരത്തെ ചാടി കടന്നു പോകൂ എന്ന് വാനരനും  വാനരകുലത്തില്‍ പിറന്ന ഹനുമാനെന്ന തന്റെ സഹോദരനെ സ്മരിക്കുമ്പോള്‍ ഒരു വാനര ശരീരത്തെ ചാടിക്കടന്നു  പോകാനാവില്ലെന്ന് ഭീമനും സംവാദത്തിലായി. നിന്റെ ഗദകൊണ്ട്   എന്റെ വാല് നീക്കിയിട്ട് യാത്ര തുടരുവാന്‍ വാനരന്‍ ഭീമനെ അറിയിച്ചു. ഭീമന്‍ ഗദ കൊണ്ട് ഹനുമാന്റെ വാലുനീക്കാന്‍ ശ്രമിച്ചു. ഭീമന്‍  എത്ര ശ്രമിച്ചിട്ടും   വാനരന്റെ വാല്‍  ഒന്നനക്കാനോ  ഗദ തിരിച്ചെടുക്കുവാനോ  സാധിച്ചില്ല.  വൃദ്ധ  വാനരന്‍ നിസ്സാരക്കാരനല്ലെന്ന് മനസിലാക്കിയ ഭീമന്‍ അങ്ങ് ആരാണ് ?  (ഇന്ദ്രനാണോ, യമധര്‍മ്മ രാജനാണോ?) എന്ന് വാനരനോട് ചോദിച്ചു. 
ഹനുമാന്‍ സ്വയരൂപം  പ്രാപിച്ചു കൊണ്ട് രാവണാന്തകനായ 
ശ്രീരാമ സ്വാമിയുടെ ദൂതനും നിന്റെ സഹോദരനുമായ ഹനുമാനാണ്  താന്‍ എന്ന്  ഭീമനെ അറിയിക്കുന്നു. ഭീമന്‍ ഹനുമാനെ വണങ്ങി. 
പണ്ട് സീതാന്വേഷണത്തിനായി അങ്ങ് ലങ്കയിലേക്ക് സമുദ്രം കടന്നപ്പോള്‍ ധരിച്ച രൂപം കാണണം എന്നുള്ള ആഗ്രഹം ഭീമന്‍ ഹനുമാനെ അറിയിച്ചു. 
നീ ആഗ്രഹിച്ച രൂപം കണ്ടാല്‍ നിനക്ക് ആലസ്യം ഉണ്ടാകും, എങ്കിലും നിന്റെ  ആഗ്രഹമല്ലേ,  ഞാന്‍ ആവുംവിധം   ചുരുക്കി കാട്ടം എന്ന് പറഞ്ഞുകൊണ്ട്  ഹനുമാന്‍ ശ്രീരാമസ്വാമിയെ സ്മരിച്ചുകൊണ്ട് രൂപം വലുതാക്കി കാട്ടി. .  
 ഭീമന്‍  ഉത്സാഹത്തോടെ ഹനുമാന്റെ സമുദ്രലംഘന രൂപം കണ്ടു വണങ്ങുകയും  പിന്നീട്  ഭയന്ന് നിലംപതിക്കുകയും ചെയ്തു. 
ഹനുമാന്‍ ശരീരം ചുരുക്കിയ ശേഷം ഭീമനെ പിടിച്ച്   ഏഴുനേല്‍പ്പിച്ച് ആശ്വസിപ്പിക്കുന്നു. ഭീമാ,   ഒട്ടും ഭയം വേണ്ട. ഇനി അല്‍പ്പംപോലും താമസിക്കാതെ നിന്റെ പ്രാണനാഥയുടെ ആഗ്രഹം സഫലമാക്കുക എന്ന് അറിയിച്ചു. 

                                           ഭീമനും ഹനുമാനും                                                             

കൌരവരുമായി യുദ്ധം ഉണ്ടാകുമ്പോള്‍ അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ശതൃക്കളെ നശിപ്പിക്കണം എന്ന് ഭീമന്‍ ഹനുമാനോട് അപേക്ഷിക്കുന്നു.  
ഞാന്‍ യുദ്ധം ചെയ്യുകയോ ? അതില്ല.  യുദ്ധസമയത്ത്  നിന്റെ മാന്യ സോദരനായ  അര്‍ജ്ജുനന്റെ കൊടിമരത്തില്‍  ഇരുന്നു കൊണ്ട്  ഭയങ്കരമായ അട്ടഹാസം ചെയ്തു  ശത്രുക്കളെ ഭയപ്പെടുത്തി  നശിപ്പിക്കാം  എന്ന് ഭീമന്  ഉറപ്പു നല്‍കി. 

നിന്നെ കാണണം എന്ന് വളരെക്കാലമായി ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീരാമ സ്വാമിയുടെ അനുഗ്രഹം കൊണ്ട് ഇന്ന് എന്റെ ആഗ്രഹം  സാധിച്ചു  എന്ന് ഹനുമാനും ഞാനും അങ്ങയെ ദര്‍ശിക്കുവാന്‍ ആഗ്രഹിച്ചിരുന്നു, ഇന്ന് പാഞ്ചാലി നിമിത്തമായി  എന്റെ  ആഗ്രഹം സഫലീകരിച്ചു  എന്ന് ഭീമനും പറഞ്ഞു.  

ഇനി വൈകാതെ  നിന്റെ യാത്ര  തുടരുക എന്ന് പറഞ്ഞ്  ഭീമനെ അനുഗ്രഹിച്ചു കൊണ്ട് ഹനുമാന്‍ ധ്യാനം തുടങ്ങി. ഭീമന്‍ യാത്ര തുടരാനാവാതെ ശങ്കിച്ചു നിന്നു. ഹനുമാന്റെ വാലിനടിയില്‍ പെട്ടു പോയ ഗദ ലഭിക്കാതെ എങ്ങിനെ മടങ്ങും എന്ന് ചിന്തിച്ചു കൊണ്ട് ഭീമന്‍ ഹനുമാനെ സ്നേഹത്തോടെ തൊട്ടുണര്‍ത്തി. 

നീ പോയില്ലേ? എന്താണ് മടങ്ങി വന്നത് ? തുടങ്ങിയ ഹനുമാന്റെ  ചോദ്യങ്ങള്‍ക്ക്  ഭീമന്‍ തന്റെ ഗദ ജ്യേഷ്ടന്റെ  വാലിനടിയില്‍  പെട്ടുപോയത്  ജാള്യതയോടെ അറിയിച്ചു. 
 ശ്രീരാമനെ സ്മരിച്ചു കൊണ്ടും   ഉപദേശങ്ങള്‍ നല്‍കിയും   ഹനുമാന്‍, ഭീമനെ ഗദ ഏല്‍പ്പിച്ചു. ഗദ കയ്യില്‍ ലഭിച്ചപ്പോള്‍  ഭീമനുണ്ടായ  പരാക്രമം ഹനുമാന്‍ സന്തോഷത്തോടെ ശ്രദ്ധിച്ചു.  

നീ തേടി വന്ന സൗഗന്ധികപുഷ്പം എവിടെ ലഭിക്കും എന്ന് നിനക്ക് അറിയുമോ? നീ സഞ്ചരിച്ചു വന്ന വഴി ദേവമാര്‍ഗ്ഗമാണ് . അതുവഴി സഞ്ചരിച്ചാല്‍ ദേവശാപത്തിന്  ഇടയാകും.  ഞാന്‍ കാട്ടും വഴിയെ  പോയാല്‍ കുബേരന്റെ ഉദ്യാനത്തിലെത്തും. അവിടെയുള്ള  തടാകത്തില്‍ സൌഗന്ധികങ്ങള്‍ സമൃദ്ധമായി ഉണ്ട്. അവിടെയുള്ള രാക്ഷസന്മാരെ ജയിച്ച് നീ ആവശ്യം പോലെ പൂക്കള്‍ സമ്പാദിച്ച്   നിന്റെ പ്രിയതമക്ക് നല്‍കി  സന്തോഷിപ്പിക്കുക  എന്ന്   അറിയിച്ച്  ഹനുമാന്‍ ഭീമനെ യാത്രയാക്കുന്നു. 

                                                     ഭീമന്റെ  ഗദയുമായി ഹനുമാന്‍

                                                                            ഭീമന്‍

ഹനുമാനെ ദര്‍ശിക്കുകയും  അദ്ദേഹത്തിന്‍റെ അനുഗ്രഹം നേടുവാന്‍ സാധിച്ചതിലുമുള്ള   സന്തോഷത്തോടെ ഭീമന്‍ യാത്ര തുടര്‍ന്ന് കുബേരന്റെ ഉദ്യാനത്തിലെത്തി. രക്ഷസരെ നശിപ്പിച്ച  ശേഷം സൗഗന്ധിക പുഷ്പങ്ങള്‍ സമ്പാദിച്ചു കൊണ്ട് മടങ്ങി. 

ശ്രീ. കലാമണ്ഡലം ഹരിനാരായണന്‍ ഭീമനായും ശ്രീ. സദനം ശ്രീനാഥ്  പാഞ്ചാലിയായും ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍  ഹനുമാനായും രംഗത്തെത്തി  മിഴിവുറ്റ അഭിനയം കഴ്ചവെച്ചു.  ശ്രീ. കലാമണ്ഡലം വിനോദ്, ശ്രീ.കലാമണ്ഡലം അജേഷ് പ്രഭാകര്‍ എന്നിവരുടെ സംഗീതവും ശ്രീ. സദനം ജിതിന്‍  ചെണ്ടയും ശ്രീ. സദനം  ദേവദാസ്  മദ്ദളവും കൈകാര്യം  ചെയ്തു. 
 ശ്രീ. കലാമണ്ഡലം രവികുമാര്‍ ചുട്ടിയും ശ്രീ.കോട്ടയ്ക്കല്‍ കുഞ്ഞിരാമന്‍,   ശ്രീ. കോട്ടയ്ക്കല്‍  ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അണിയറ കലാകാരന്മാരുമായി  പ്രവര്‍ത്തിച്ച്   കഥകളിയെ വന്‍ വിജയത്തില്‍ എത്തിക്കുവാന്‍ സാധിച്ചു.  

 കല്യാണസൌഗന്ധികം  കഥകളിയുടെ  ആട്ടപ്രകാരത്തില്‍ ചേര്‍ത്തിട്ടുള്ള ആട്ടങ്ങള്‍ നടന്മാര്‍ ഭംഗിയായി അവതരിപ്പിച്ചു.  പാഞ്ചാലിയുടെ കയ്യില്‍ പുഷ്പം ലഭിക്കുമ്പോള്‍ തന്നെ ഭീമന്‍ വണ്ടുകളുടെ സാന്നിദ്ധ്യം  പ്രകടിപ്പിച്ചു. 

“എന്‍‌കണവ കണ്ടാലും നീ എങ്കലൊരു കുസുമം” എന്ന   പദം  പുഷ്പം കയ്യില്‍ വെച്ചു കൊണ്ട് പാഞ്ചാലി ചെയ്യുകയാണ് ഉണ്ടായത്.  ( ഭീമനെ പുഷ്പം ഏല്‍പ്പിച്ച ശേഷമാണ് നടന്‍ പദം  ആടുക . എങ്കലൊരു കുസുമം എന്ന് പദത്തില്‍ ഉള്ളത് എനിക്ക് ലഭിച്ച പുഷ്പം എന്നും അര്‍ത്ഥം ആകുമല്ലോ .)

കഥയുടെ പ്രധാന മര്‍മ്മമായി നില്‍ക്കുന്നത്   ഹനുമാന്റെയും  ഭീമന്റെയും   സംഗമമെന്ന   എന്ന നിലയില്‍ ഹനുമാന്റെ വാസസ്ഥലമായ കദളീവത്തില്‍ എത്തിച്ചേരുന്ന ഭീമന്‍ കദളീ വന  കാഴ്ചകള്‍ക്ക് മുഖ്യത്തം നല്‍കേണ്ടതുണ്ട് . ഭീമനടന്‍ പ്രസ്തുത കടമയ്ക്ക് മുഖ്യത്തം കൊടുത്തു കണ്ടില്ല.  
സമുദ്രലംഘന രൂപം കണ്ടു ആലസ്യപ്പെട്ടു വീണ ഭീമനെ,   പ്രസ്തുത രൂപം വെടിഞ്ഞു ഹനുമാന്‍  എഴുനേല്‍പ്പിക്കുമ്പോള്‍ ഭീമന്റെ മനസ്  ഹനുമാന്റെ  സമുദ്രലംഘന രൂപത്തില്‍ തന്നെയാണ് (ഹനുമാന്റെ  വളര്‍ന്ന രൂപം കാണുന്ന  നിലയില്‍  അന്ധാളിച്ചു ഉയരത്തിലേക്ക് നോക്കണം.). അതും നടനില്‍ പ്രകടമായില്ല. 

സൌഗന്ധികം കഥയുടെ അവതരണത്തിനു കഥാകൃത്തായ ശ്രീ.  കോട്ടയത്തു  തമ്പുരാന്‍ എഴുതി ചേര്‍ത്തിട്ടുള്ള ശ്ലോകം : 
 “വാതേന വത്സലതയേവകിലോപനീതം
 ചേതോഹരം പരിമളാനുസൃതാളിവൃന്ദം
 ആദായ പുഷ്പമതിമോഹനമാത്ത ദിവ്യം
 മോദാല്‍ ജഗാദ പവനാത്മജമേത്യ കൃഷ്ണ”
എന്നതാണ് . 
 

വാത്സല്യത്താലെന്നപോലെ വായുദേവനാല്‍    അരികില്‍ എത്തിച്ചതും, മനോഹരവും, സുഗന്ധത്താല്‍  ആകര്‍ഷിക്കപ്പെട്ട വണ്ടുകളോടുകൂടിയതും, ദിവ്യവുമായ ആ പുഷ്പം എടുത്ത പാഞ്ചാലി  വായുപുത്രന്റെ സമീപമെത്തി സന്തോഷത്തോടെ   ഇപ്രകാരം പറഞ്ഞു എന്നാണ്  അതിന്റെ അര്‍ത്ഥം. കഥയും കളിയും ചേരുന്നതാണ് കഥകളി എന്നും കളിയുടെ അടിസ്ഥാനം കളരി ചിട്ടയും കഥയുടെ അവതരണത്തില്‍ കവി എഴുതി  ചേര്‍ത്തിരിക്കുന്ന ശ്ലോകവും പദങ്ങളുമാണ്    അടിസ്ഥാനം എന്നു   ചിന്തിക്കുമ്പോള്‍   ആട്ടപ്രകാരത്തില്‍ ചേര്‍ത്തിട്ടുള്ള കാറ്റിന്റെ ഗതി നോക്കി ഭീമന്‍ യാത്ര തുടങ്ങി എന്നുള്ളതല്ലാതെ ശ്ലോകത്തിലെ ഉദ്ദേശം അനുസരിച്ചുള്ള ഒരു അവതരണം  ഉണ്ടായതായി തോന്നിയില്ല.   

വായുദേവന്‍ വാത്സല്യത്തോടെ പാഞ്ചാലിക്കു നല്‍കിയ ആ മനോഹര പുഷ്പം ഭീമന്‍ കാണുന്നതു മുതല്‍ , പാഞ്ചാലിയുടെ താല്‍പ്പര്യത്തിന് വഴങ്ങി യാത്ര തുടരുമ്പോഴും  കൊടുംവനത്തിലെ  യാത്രയില്‍  നേരിടുന്ന   പ്രതിബന്ധങ്ങള്‍ തരണം ചെയ്യുമ്പോഴും  ഭീമ- ഹനുമാന്‍ സംഗമത്തിനു ഇടയാക്കുന്നത്തിലുമെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന കഥാനായകന്‍ വായൂദേവനാണ്.     അവതരണ   വൈദഗ്ദ്യത്തിലൂടെ വായൂദേവനെ കഥാ നായകനായി  കാണികളില്‍  എത്തിക്കേണ്ട ചുമതല ഭീമനടനിലാണ്.

ശ്രീ. സദനം  ബാലകൃഷ്ണന്‍ ആശാന്റെ ഹനുമാന്‍ വളരെ ഹൃദ്യമായി. ഹനുമാന്റെ കഥാപാത്ര  അവതരണത്തില്‍ രാമഭക്തി നിറഞ്ഞു നിന്നിരുന്നു. രംഗാവസാനത്തില്‍ ഭീമനുള്ള ഉപദേശം  ഗദയ്ക്ക് നല്‍കുന്ന അവതരണം (ഒരു കുറിപ്പിട്ട  പ്രായം  കടന്നവരെ  ഉപദേശിക്കരുത് എന്ന  തത്വം ഉള്‍ക്കൊണ്ടു കൊണ്ട് )  സരസത നിറഞ്ഞതായിരുന്നു.  ഹനുമാന്റെ അഷ്ടകലാശത്തിന്റെ  അവതരണവും വളരെ നന്നായി. 
 

6 അഭിപ്രായങ്ങൾ:

  1. വർണ്ണന വളരെ മനോഹരം തന്നെ. പരിണിതപ്രജ്ഞനായ അമ്പുജാക്ഷൻ നായരുടെ സൽഗുണകാംക്ഷിത്വ വിമർശന ശരമേൽക്കാതെ രക്ഷപെട്ട നടന്മാർക്ക് അഭിനന്ദനങ്ങൾ. C.L.T. സ്മരണകൾ ഗൃഹാതുരത്വമുണർത്തുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അംബുജാക്ഷേട്ടന്റെ ഈ നിരീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദിമദ്ധ്യാന്തം നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രധാനകഥാപാത്രമായി വാ‍യുഭഗവാനെ ഭീമന്‍ അഭിനയിച്ചവതരിപ്പിച്ചാല്‍ തീര്‍ച്ചയായും കഥ കൂടുതല്‍ അര്‍ത്ഥവത്താകും എന്നാണെന്റെയും അഭിപ്രായം. പാഞ്ചാലി രണ്ടുകയ്യിലുമായി പൂവ് കൊണ്ടുവരുന്നത് കാണിയ്ക്കുന്നതിനുപകരം ഒരു കയ്യ് ഉപയോഗിയ്ക്കുകയാണെങ്കിലും പദം ആടാന്‍ ആവില്ലേ? അജഗരകബളിതത്തില്‍ അന്നും ഇന്നും എനിയ്ക്കൊരു കല്ലുകടി അനുഭവപ്പെട്ടിട്ടുണ്ട്. പെരുമ്പാമ്പ് ഗജരാജനെ വിഴുങ്ങുന്നതിലെ അതിഅശയോക്തി. അതിനുപുറമേ വിഴുങ്ങിയതിനുശേഷം ഇഴഞ്ഞുപോകുന്നു എന്നതിലെ അസാദ്ധ്യത. ഇതിനേക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു

    മറുപടിഇല്ലാതാക്കൂ


  3. ഉപ്പുസോഡ : അഭിപ്രായം എഴുതിയതില്‍ വളരെ സന്തോഷം. പാഞ്ചാലിക്കു ലഭിച്ച പൂവ് ഭീമനെ ഏല്‍പ്പിച്ച ശേഷം പദം ആടാം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ പാഞ്ചാലി രണ്ടു കൈകളിലും പൂവ് വെച്ചിരുന്നു എന്നല്ല.

    “അന്തര്‍ഗുഹാഗതമഹാജഗരാസ്യദംഷ്ട്രാ-
    വ്യാകൃഷ്ടപാദമുരുഗര്‍ജ്ജിതമേഷ സിംഹ:
    ദംഷ്ട്രാഗ്രകൃഷ്ടപൃഥകുംഭതടാസ്ഥിവല്ഗദ്-
    ഗ്രീവാനിഖാതനഖമാക്ഷിപതി ദ്വിപേന്ദ്രം"

    എന്ന ശ്ലോകമാണ് അജഗരകബളിതം ആട്ടത്തിനു ആധാരം. ഒരു ആനയെ വിഴുങ്ങക്കൂടിയ വലുപ്പമുള്ള പെരുമ്പാമ്പ് എന്നുള്ള സങ്കല്‍പ്പമാണ് . സാധാരണ സാമാന്യം വലിപ്പമുള്ള ജീവിയെ പെരുമ്പാമ്പ്‌ വിഴുങ്ങിയാല്‍ ദിവസങ്ങളോളം പെരുമ്പാമ്പിനാല്‍ സഞ്ചരിക്കുവാന്‍ സാധ്യമല്ല.
    പെരുമ്പാമ്പ്‌ ആനയെ വിഴുങ്ങി എന്ന് കാണിച്ചു നിര്‍ത്തുന്ന രീതിയാണ് കൂടുതല്‍ കണ്ടിട്ടുള്ളത്‌.
    സൌഗന്ധികം കഥയുടെ അവതരണത്തില്‍ വായൂദേവനെ കഥ നയിക്കുന്ന പ്രധാന കഥാപാത്രമായി ഭീമന്‍ അരങ്ങില്‍ അവതരിപ്പിച്ചു കണ്ടുള്ള അനുഭവം ധാരാളം ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  4. പുതു തലമുറയ്ക്ക് ഇതൊക്കെ കാണാന്‍
    അവസരം ഉണ്ടാവുക എന്നതില്‍ ഉപരി താല്പര്യം
    കൂടി ഉണ്ടാവണം അല്ലെ???

    മറുപടിഇല്ലാതാക്കൂ
  5. ഡോക്ടര്‍. ഏവൂര്‍ മോഹന്‍ദാസ്‌.2013, ഫെബ്രുവരി 25 8:20 AM

    ഉത്തരീയം അവതരിപ്പിച്ച കല്യാണസൌഗന്ധികം കഥകളി ഞാനും ആസ്വദിച്ചിരുന്നു. കഥകളിയെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്നെ 1980 കളിലെ കളിയരങ്ങുകളുടെ ഓര്‍മ്മകളിലേക്കാണ് കൊണ്ടെത്തിച്ചത് .

    മറുപടിഇല്ലാതാക്കൂ
  6. ഫേസ് ബുക്കില്‍ കൂടി ലഭിച്ച അഭിപ്രായം :
    (1)Vasudevan Nampoothiri

    Dear Mr. Nair, I read today the complete (so I think) Ilakiyattom blog posted by you. I am much delighted by the anecdotes described therein.You are indeed a veritable mine of information. My memories belong to a much earlier period. Anyway, thanks for taking me along the memory lane. I am stll not conversant with Malayalam typing.

    Sinu Cg: ആനയെ വിഴുങ്ങിയ ശേഷം പമ്പ് ഇഴഞ്ഞു പോകുന്നതിനോട് യോജിപ്പില്ല ,പകരം ആനയെ വിഴുങ്ങുമ്പോള്‍ പാമ്പ് ശ്വാസം മുട്ടി മരിക്കുന്നതായി കാണിക്കുന്നതായി കേട്ടിട്ടുണ്ട് ,കാറ്റിന് പ്രാധാന്യം വരുത്താന്‍ മിക്ക ഭീമന്മാരും ശ്രമിക്കാറില്ല ,ഹനുമദ്-ഭീമ സംവാദത്തില്‍ ഭീമന്‍ വായു ഭഗവാനെ സ്മരിക്കുനതിനുള്ള സന്ദര്‍ഭം കാണണം ,അജഗര കബളിതം ഇല്ലാതെയും ചില നടന്‍മാര്‍ വനവര്‍ണ്ണന നടത്തി കണ്ടിട്ടുണ്ട്,ചിട്ട പ്രാധാന്യം ഉള്ള കഥയായതിനാല്‍ ഒരു പക്ഷെ നടന്മാര്‍ മനോധര്‍മ്മങ്ങള്‍ സ്വന്തമായി പ്രയോഗിക്കാന്‍ മടിക്കുന്നതും ആവാം,ശുക വാണി പ്രാണ വല്ലഭേ...എന്നഹനുമാന്റെ പദത്തിന് ഭീമന്‍ ലജ്ജ നടിക്കേണ്ടത് വളരെ ഭംഗിയുള്ള ഭാഗം ആണല്ലോ ,ചിലപ്പോള്‍ ഇത് പോലും ചില ഭീമന്മാര്‍ ഒഴിവാക്കി കളയും, കണ്ടതില്‍മറക്കാനാവാത്ത ഭീമന്‍ കോട്ടക്കല്‍ ചന്ദ്രശേഖര വര്യരുടെതയിരുന്നു

    മറുപടിഇല്ലാതാക്കൂ