കഥകളി മഹത്തായ കലാരൂപമാണ്. നമ്മുടെ മലയാള ഭാഷയുടെ പ്രയോഗത്തില്‍ പാറശാല മുതല്‍ കാസര്‍കോട് വരെ പ്രാദേശികമായി കാണുന്ന വ്യത്യാസങ്ങള്‍ പോലെ കഥകളിയുടെ അവതരണങ്ങളില്‍ ചില പ്രാദേശിക വ്യത്യാസങ്ങള്‍ പണ്ടു മുതലേ നിലനിന്നിരുന്നു. സമ്പ്രദായ ഭേദങ്ങളിലൂടെ അഭ്യസിച്ച കലാകാരന്മാര്‍ ഒരു കഥയിലെ കൂട്ടു വേഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പരസ്പര ധാരണയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അരങ്ങു വിജയിപ്പിക്കുവാന്‍ സാധ്യമാവൂ. ഇങ്ങിനെയുള്ള പല സാഹചര്യങ്ങളിലും പ്രസിദ്ധരും പ്രഗത്ഭരുമായ നടന്മാരുടെ താല്‍പ്പര്യം മനസിലാക്കി മറ്റു നടന്‍മാര്‍ പ്രവര്‍ത്തിക്കുന്ന രീതിയാണ് അധികവും കണ്ടു വന്നിട്ടുള്ളത്. കഥയിലെ കഥാപാത്രങ്ങളായി അരങ്ങില്‍ നില്‍ക്കുമ്പോഴും കഥാപാത്രത്തെ ഒരു പരിധിവരെ ഉപേക്ഷിച്ചു കൊണ്ട് ഗുരുനാഥന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന ശിഷ്യ പ്രവരന്മാര്‍ കഥകളി ലോകത്തില്‍ സര്‍വ്വ സാധാരണമാണ്. ഈ രീതിയെ ന്യായപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ആസ്വാദകര്‍ ഇന്നത്തെ കാലഘട്ടത്തില്‍ ധാരാളമുണ്ട്. ഇല വന്നു മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്കല്ലേ ദോഷം ? എവിടെയും ശിഷ്യന്മാര്‍ക്കു തന്നെയാവും ദോഷം.
കഥകളി ലോകത്തിലെ പ്രസിദ്ധനായ ഒരു ഗുരുനാഥന്‍ ഉത്തരാസ്വയംവരം കഥയില്‍ ദുര്യോധനനായും അദ്ദേഹത്തിന്‍റെ ശിഷ്യന്റെ ശിഷ്യനായ ഒരു യുവനടന്‍ കര്‍ണ്ണന്റെ വേഷത്തിലും സഭാരംഗത്തില്‍ എത്തിയ ഒരു സന്ദര്‍ഭം. "മേദിനീപാല വീരന്മാരേ കേള്‍പ്പിന്‍ സാദരം എന്നുടെ ഭാഷിതം" എന്ന ദുര്യോധനന്റെ പദാട്ടം തുടങ്ങുവാനായി അരങ്ങില്‍ (ഒരു ഇരിപ്പിടം കൂടി ലഭിക്കാതെ) അമ്പും വില്ലും ധരിച്ചു നില്‍ക്കുന്ന കര്‍ണ്ണ നടനെ ദുര്യോധനന്‍ തന്റെ വാള്‍ ഏല്‍പ്പിച്ചു. ഗുരുനാഥന്‍ നല്‍കിയ വാള്‍ സസന്തോഷം സ്വീകരിച്ച കൊച്ചു ശിഷ്യന്‍ ഒരു കയ്യില്‍ അമ്പും വില്ലും മറ്റേ കയ്യില്‍ വാളും ധരിച്ച് ഗുരുനാഥന്‍ തിരികെ വാള്‍ വാങ്ങുന്നതു വരെ ഭയത്തോടും ഭക്തിയോടും അരങ്ങില്‍ നിന്നു. പിന്നീട് നൂറരങ്ങ് അവതരിപ്പിച്ച ഒരു ഉത്തരാസ്വയംവരം കളിക്ക് ശ്രീ. കലാമണ്ഡലം സൂര്യനാരായണന്റെ ദുര്യോധനനോടൊപ്പം പ്രസ്തുത നടനെ കര്‍ണ്ണന്റെ വേഷത്തില്‍ കണ്ടപ്പോഴാണ് ആ നടന്‍ അരങ്ങില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മനസിലാക്കിയത്. കര്‍ണ്ണന്‍ കഴിഞ്ഞു വിരാടന്റെ വേഷം കൂടി ചെയ്ത നടനെ ഞാന്‍ വളരെ അഭിനന്ദിച്ച ശേഷം ദുര്യോധനന്റെ വാളും പിടിച്ചു നിന്ന കര്‍ണ്ണന്റെ അവതരണത്തെ പറ്റി ചോദിക്കുവാനും മറന്നില്ല. അതിനു വളരെ ഖേദത്തോടെയാണ് ആ യുവനടന്‍ മറുപടി പറഞ്ഞത്.
കഥയറിഞ്ഞു ആട്ടം കാണുക എന്ന ബ്ലോഗില്‍ നിന്നും എടുത്ത ഫോട്ടോ
കളി നടന്ന പ്രദേശം കൂടി കണക്കിലെടുത്തേ ഞങ്ങള്‍ക്ക് അരങ്ങില്‍ പ്രവര്‍ത്തിക്കാനാവൂ. ആശാന് വളരെ അധികം ഫാന്‍സ് ഉള്ള പ്രദേശത്താണ് അന്നത്തെ കളി നടന്നത്. "ഞാന്‍ കര്‍ണ്ണനാണ്, അംഗരാജാവാണ് " എന്നൊക്കെ ചിന്തിച്ചു കൊണ്ട് ആശാന്‍ തന്ന വാള്‍ വാങ്ങാതെയിരിക്കുകയോ, വാങ്ങി താഴെ വെയ്ക്കുകയോ ചെയ്താല്‍ എന്റെ സ്ഥിതി വഷളാകും. രംഗം കഴിഞ്ഞു അണിയറയില്‍ എത്തുന്ന ആശാന്‍ എന്നെ നോക്കി ഏതാ ഈ പയ്യന്‍? അഹങ്കാരി എന്നോ , ഗുരുത്വം ഇല്ലാത്തവനാണെന്നോ മറ്റോ പറഞ്ഞാല്‍ അത് എന്റെ തൊഴിലിനെ വളരെയധികം ബാധിക്കും. അതുകൊണ്ട് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നല്ലാതെ ഞങ്ങളെ പോലെയുള്ളവര്‍ക്ക് മറ്റൊരു വഴിയും ഇല്ല. "സത്യം പറഞ്ഞാല്‍ അന്ന് എന്നില്‍ കുറ്റബോധം ഉണ്ടായിരുന്നു. പക്ഷെ ചേട്ടനല്ലാതെ വേറെയാരും ഇതേപറ്റി എന്നോട് ഇന്നുവരെ ചോദിച്ചില്ല" എന്നാണ് ആ യുവനടന്‍ മറുപടി പറഞ്ഞത്.
കലാമണ്ഡലം കളരിയില്‍ കഥകളി അഭ്യാസം പൂര്‍ത്തീകരിച്ച ശ്രീ. കൃഷ്ണന്‍നായര്‍ ആശാന്‍ തന്റെ കലാപരമായ വളര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തത് ദക്ഷിണ കേരളമാണ്. ഏതെങ്കിലും ഒരു ഗുരുനാഥന്റെ കീഴില്‍ കുറച്ചു കഥകളി പഠിച്ചിട്ടു അരങ്ങില്‍ പ്രവര്‍ത്തിക്കുന്ന നടന്മാരായിരുന്നു അന്നു ദക്ഷിണ കേരളത്തില്‍ അധികവും ഉണ്ടായിരുന്നത്. അതുകൊണ്ട് കലാമണ്ഡലം കളരിയില്‍ നിന്നും ചിട്ട പ്രകാരം അഭ്യാസം നേടിയ തനിക്കു ദക്ഷിണ കേരളത്തിലെ കഥകളി ആസ്വാദകരെ വളരെ വേഗത്തില്‍ സ്വാധീനിക്കുവാന്‍ സാധിക്കും എന്നു മനസിലാക്കിയാണ് ആശാന്‍ ഇങ്ങിനെ ഒരു തീരുമാനം എടുത്തിരിക്കുക. ആശാന്റെ ജീവിത ചരിത്രത്തില്‍ ദക്ഷിണ കേരളത്തില്‍ അക്കാലത്ത് പ്രസിദ്ധരായിരുന്ന ശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരി, ശ്രീ. ചെങ്ങന്നൂര്‍ ആശാന്‍, ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്‍, ശ്രീ. മാങ്കുളം തിരുമേനി, ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍ തുടങ്ങിയ പല കലാകാരന്മാരെ പറ്റി വളരെ സ്നേഹത്തോടും ആദരവോടുമാണ് എഴുതിയിരിക്കുന്നത്. ശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരിയുടെ നളനോടൊപ്പം പുഷ്ക്കരന്‍, ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ഹംസത്തിന് നളന്‍, ശ്രീ. ചെങ്ങന്നൂര്‍ ആശാന്റെയും ശ്രീ. പള്ളിപ്പുറത്തിന്റെയും ഹനുമാന് ഭീമസേനന്‍, കാട്ടാളന് അര്‍ജുനന്‍, കീചകന് വലലന്‍ എന്നിങ്ങനെയും ശ്രീ. മാങ്കുളം തിരുമേനിയുടെ ശ്രീരാമന് പരശുരാമന്‍, കൃഷ്ണന് ബലരാമന്‍ , അര്‍ജുനന് ബ്രാഹ്മണന്‍ എന്നിങ്ങനെ ധാരാളം കൂട്ടു വേഷങ്ങളാണ് ഉണ്ടായിട്ടുള്ളത്. പുരാണപരമായ മാങ്കുളം തിരുമേനിയുടെ അറിവിനെ അരങ്ങില്‍ നേരിടുന്നത് കൃഷ്ണന്‍ നായര്‍ ആശാന് ഒരു ഹരം തന്നെയായിരുന്നു.
ഒരേ സമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ച നടനും അഭ്യസിപ്പിച്ച ഗുരുനാഥനും തമ്മിലുള്ള അരങ്ങുകള്‍ ഇങ്ങിനെ എങ്കില്‍ വ്യത്യസ്ഥ സമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ച നടന്മാര്‍ ഒരു അരങ്ങില്‍ എത്തുമ്പോള്‍ രസകരമായ അനുഭവങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം.
കലാമണ്ഡലത്തില്‍ നിന്നും അഭ്യാസം കഴിഞ്ഞ് എത്തിയ ശ്രീ. കലാമണ്ഡലം രാമകൃഷ്ണനെ ദക്ഷിണ കേരളത്തിലെ അരങ്ങുകളില്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അവര്‍കള്‍ താല്‍പ്പര്യമെടുത്ത് പരിചയപ്പെടുത്തി വന്ന കാലഘട്ടത്തില്‍ ചുനക്കര തിരുവൈരൂര്‍ ക്ഷേത്രത്തിലെ ഒരു ഉത്സവത്തിനു ദക്ഷയാഗം കഥകളി അവതരിപ്പിച്ചത് ഓര്‍ക്കുന്നുണ്ട്. അന്ന് ശ്രീ. രാമകൃഷ്ണന്റെ ദക്ഷന്‍. വീരഭദ്രനും ഭദ്രകാളിയും മാവേലിക്കര ഭാഗത്തുള്ള നടന്‍മാര്‍. ദക്ഷന്റെ യാഗശാലയിലേക്ക് എത്തുന്ന വീരഭദ്രനെയും ഭദ്രകാളിയെയും കണ്ടയുടന്‍ ദക്ഷന്‍ അമ്പും വില്ലുമേന്തി സദസ്സിന്റെ ഇടയിലൂടെ ഓടി ചെന്ന് യുദ്ധം ചെയ്യാന്‍ തുടങ്ങി. വീരഭദ്രനും ഭദ്രകാളിയും പ്രതികരിച്ചില്ല. ഒരു നിമിഷം എന്താണ് ചെയ്യണ്ടത് എന്നറിയാതെ നിന്നശേഷം ദക്ഷന്‍ അരങ്ങിലേക്ക് മടങ്ങി വന്നു . വീരഭദ്രനും ഭദ്രകാളിയും വരുന്നത് കണ്ടാലുടന്‍ ദക്ഷന്‍ സദസ്സിനു ഇടയില്‍ എത്തി അവരെ നേരിടുന്ന രീതിയാണ് കലാമണ്ഡലത്തിലെ അഭ്യാസത്തില്‍ നിലവിലുള്ളത്. എന്നാല്‍ ശിവന് അര്‍ഹമായ യാഗഭാഗം നല്‍കുകയില്ല എന്ന് ദക്ഷന്റെ പ്രതികരണത്തിനു ശേഷം മാത്രം യുദ്ധം ചെയ്യുന്ന രീതിയാണ് ദക്ഷിണ കേരളത്തില്‍ നിലവില്‍ നിന്നിരുന്നത്. കളി കഴിഞ്ഞു അണിയറയില്‍ എത്തിയപ്പോള്‍ ദക്ഷന്‍ കെട്ടിയ നടന്‍ വീരഭദ്രന്‍ ഭദ്രകാളി വേഷം ചെയ്ത നടന്മാരോട് , താന്‍ അരങ്ങിനു വെളിയില്‍ എത്തി യുദ്ധം ചെയ്തപ്പോള്‍ പ്രതികരിക്കാത്തതിന്റെ കാരണം അന്വേഷിച്ചു. അപ്പോഴാണ് അവതരണ രീതിയിലുള്ള ഈ ചെറിയ വ്യത്യാസം ശ്രീ. രാമകൃഷ്ണന്‍ മനസിലാക്കിയത്. ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ അഭ്യാസം കഴിഞ്ഞു ദക്ഷിണ കേരളത്തിലെ അരങ്ങുകളില്‍ എത്തിയ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിരിക്കുക സ്വാഭാവികമാണ് . അത്തരത്തില്‍ കേട്ടറിവുള്ള ഒരു ചെറിയ കഥ ഇതാ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
ശ്രീ. കലാമണ്ഡലം കൃഷ്ണന്‍നായര്‍ ആശാന്‍ ആദ്യമായി കൊല്ലം പരവൂരിലുള്ള ഒരു ക്ഷേത്രത്തില്‍ കളിക്ക് എത്തുമ്പോള്‍ അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന വേഷം ഉത്തരാസ്വയംവരം കഥയിലെ ബൃഹന്ദളയായിരുന്നു. അന്ന് ഉത്തരന്റെ വേഷം ചെയ്തത് ശ്രീ. ചെന്നിത്തല ആശാനും (അന്ന് ബാലനടന്‍ ആയിരുന്നു അദ്ദേഹം).
വിരാടപുത്രനായ ഉത്തരന്‍ അന്തപ്പുര സ്ത്രീകളുമായി ഉല്ലസിച്ചു കൊണ്ടിരിക്കവേ പശുപാലകന്മാര്‍ വിലപിച്ചു കൊണ്ടെത്തി കൌരവര്‍ ഗോകുലത്തെ അപഹരിച്ച വൃത്താന്തം അറിയിക്കുമ്പോള്‍ പറഞ്ഞ വീരവാദം സൈരന്ധ്രി മൂലം ബൃഹന്ദള അറിയുകയും തുടര്‍ന്ന് ഉത്തരന്റെ തേരാളിയായി ബൃഹന്ദളയും ഒന്നിച്ചു കൗരവസേനയെ നേരിടുവാന്‍ തയ്യാറാകുന്നു. കൗരവ സേനയെ കണ്ടു ഭയന്നോടിയ ഉത്തരനെ ബൃഹന്ദള ബന്ധിച്ച ശേഷം പാണ്ഡവര്‍ എല്ലാവരും വിരാട രാജധാനിയില്‍ ഉണ്ടെന്നും താന്‍ അര്‍ജുനന്‍ ആണെന്നും അജ്ഞാതവാസ കാലത്തു ആയുധങ്ങള്‍ ധരിക്കുവാന്‍ പാടില്ലാത്തതിനാല്‍ ശമീകവൃക്ഷത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ആ ആയുധങ്ങളെ ചൂണ്ടി കാട്ടി എടുത്തുവരുവാനും ബൃഹന്ദള ഉത്തരനോട് നിര്‍ദ്ദേശിക്കുന്നതാണ് രംഗ സന്ദര്‍ഭം.
ബൃഹന്ദള ഉത്തരനോട് തങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങള്‍ എടുത്തു വരുവാന്‍ നിര്‍ദ്ദേശിച്ചു. ആ മരത്തില്‍ ശവം ഉണ്ടെന്നും അതിനാല്‍ തനിക്കു ഭയം ആണെന്നും ഉത്തരന്‍ മറുപടി പറഞ്ഞു. ആ ശവം തങ്ങളുടെ സൃഷ്ടിയാണെന്നും ധൈര്യമായി എടുത്തു വരുവാനും ബൃഹന്ദള ഉത്തരനോട് ആജ്ഞാപിച്ചു. ഉത്തരന്‍ ആയുധക്കെട്ട് ശ്രദ്ധിച്ച് തനിക്കു അതെടുക്കുവാന്‍ കഴിവില്ല എന്ന് മുദ്ര കാണിച്ചു. ഒന്നും ഭയപ്പെടെണ്ടതില്ല എന്നും ധൈര്യമായി എടുത്തു വരൂ എന്ന് ബൃഹന്ദള ഉത്തരനെ അറിയിക്കുമ്പോഴെല്ലാം ഉത്തരന്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. എന്തോ പന്തികേട് ഉണ്ടെന്നു മനസിലാക്കിയ കൃഷ്ണന്‍ നായര്‍ ആശാന്‍ കൈകൊണ്ട് വായ് മൂടി " ആ ആയുധം ഇങ്ങെടുത്തു തരൂ ഹേ" എന്ന് പറഞ്ഞു. ഉടനെ ചെന്നിത്തല ആശാനും കൈകൊണ്ട് വായ് മൂടി " എടുത്തു തരില്ല ഹേ" എന്ന് പ്രതികരിക്കുകയും ചെയ്തു. കളി അവസാനിക്കണമെങ്കില്‍ ആരെങ്കിലും ഒരാള്‍ ആയുധം എടുത്തേ മതിയാവൂ. ഉത്തരന്‍ എടുക്കുന്ന ലക്ഷണം ഇല്ല എന്ന് മനസിലാക്കിയ ബൃഹന്ദള ആയുധം എടുത്തു വന്നു അര്‍ജുനന്റെ ആയുധം എടുത്ത ശേഷം ബാക്കി ആയുധം മരത്തില്‍ സൂക്ഷിച്ചു കൊണ്ട് രംഗം തുടര്‍ന്നു.
കളി കഴിഞ്ഞു അണിയറയില്‍ എത്തി വേഷം അഴിച്ച ശേഷം കൃഷ്ണന്‍ നായര്‍ ആശാന്‍ ചെന്നിത്തല ആശാനോട് ഉത്തരന്‍ ആയുധം എടുത്തു തരുന്നതില്‍ എന്താണ് പിള്ളേ വിഷമം കാണിച്ചത് എന്ന് ചോദിച്ചു. ബൃഹന്ദള ആയുധം എടുത്തു വരിക എന്നതാണ് ഞാന്‍ പഠിച്ച രീതി. ഭീമസേനന്റെ ഗദയും പാണ്ഡവരുടെ മറ്റു ആയുധങ്ങളും എടുത്തുവരുവാനുള്ള ശക്തി ഉത്തരന് ഇല്ല എന്നും ഈ ആയുധങ്ങള്‍ക്കെല്ലാം കാവല്‍ ദൈവങ്ങളും ഉണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കി വെച്ചിരിക്കുന്നത് എന്നും ചെന്നിത്തല ആശാന്‍ മറുപടിയും പറഞ്ഞു. ദക്ഷിണ കേരളത്തില്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ വളരെ അംഗീകാരവും അവിടെയുള്ള കലാകാരന്മാരുമായി മാനസീക ഐക്യവും പിടിച്ചു പറ്റിയപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ ഇഷ്ടത്തിനനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ ചെന്നിത്തല ആശാന്‍ താല്‍പ്പര്യം കാണിച്ചിരുന്നു. എന്നാല്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ ബൃഹന്ദള ചെയ്യുമ്പോഴെല്ലാം ഉത്തരന്‍ കെട്ടുന്ന നടന്റെ സമ്പ്രദായ രീതിക്കനുസരിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്നു എന്നാണ് എനിക്കുള്ള അറിവ്.
1997-98 കാലഘട്ടത്തിലും ഇതുപോലൊരു സംഭവം കൊല്ലം ജില്ലയില്‍ നടന്ന ഒരു അരങ്ങില്‍ ആവര്‍ത്തിക്കുകയുണ്ടായി. ശ്രീ മയ്യനാട് കേശവന്‍ നമ്പൂതിരിയുടെ ചുമതലയില്‍ നടന്ന ഒരു കളിക്ക് ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്റെ ബൃഹന്ദളയും ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥിന്റെ (ശ്രീ. ചെന്നിത്തല ആശാന്റെ ശിഷ്യനായ) ഉത്തരനും ആയിരുന്നു എന്ന വ്യത്യാസം മാത്രം.
ഇതുപോലെ, കലാമണ്ഡലത്തിന്റെ തനതു രീതിയീല്‍ നിന്നു വ്യത്യസ്തമായാണു താന്‍ പരശുരാമവേഷം ചെയ്യുന്നതെന്നു് കൃഷ്ണന്‍നായര്‍ ആശാന്‍ ആതമകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്.
മറുപടിഇല്ലാതാക്കൂചേട്ടനിതു കുറെ സ്ഥലത്തായല്ലൊ അവസരത്തിലും അനവസരത്തിലും ഈ ദുര്യോധനന്റേം കർണ്ണന്റേം കാര്യം പറഞ്ഞ് ശ്രീ കലാ.രാമൻ കുട്ടി നായരെ കുറ്റം പറയുന്നു. വേറെ ഒരു കുറവും അദ്ദേഹത്തിൽ കണ്ടുപിടിക്കാൻ പറ്റാത്തതിനാലാവും അല്ല്യോ? നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂപ്രിയ അജ്ഞാതന്‍: അരങ്ങില്‍ ഉണ്ടായ ഒരു സംഭവമാണ് ഞാനിവിടെ എഴുതിയത്. ഇതിനു മുന്‍പ് ഉപയോഗിച്ചിട്ടുണ്ടെന്നു പറയുന്ന സന്ദര്‍ഭങ്ങള്‍ അനവസരത്തില്‍ ആയിരിക്കാം. ഞാന്‍ ആ ബഹുമാന്യ കലാകാരന്റെ പേരോ കുറ്റമോ പറഞ്ഞിട്ടില്ല. കര്‍ണ്ണന്‍ ചെയ്ത ബാലന്റെ പേരും ഇവിടെ ചേര്‍ത്തിട്ടില്ല. ആ ബാലന്റെ അഭിപ്രായം അങ്ങിനേ എഴുതിയിട്ടുണ്ട്. "അരങ്ങിലും അരങ്ങിനു പിന്നിലും -8" എന്ന ആര്‍ട്ടിക്കിളില്‍ കുറ്റപ്പെടുത്തുവാനായി മാത്രം ഒരു കലാകാരന്റെയും പേരെഴുതി ചേര്‍ത്തിട്ടില്ല. കഥകളി അരങ്ങുകളില്‍ ഇങ്ങിനെയും സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ സംഭവിക്കുന്നുണ്ട് എന്ന് അറിയിക്കുന്നതില്‍ ഒരു തെറ്റും ഇല്ല എന്നാണ് എന്റെ വിശ്വാസം.
മറുപടിഇല്ലാതാക്കൂഒരു കഥകളി കലാകാരനായിരുന്ന എന്റെ പിതാവും വിമര്‍ശനത്തിനു അര്‍ഹനായിട്ടുണ്ട്. അത്തരം കഥകളില്‍ എനിക്ക് അറിവുള്ളവ തുടര്‍ന്നു വരുന്ന ആര്‍ട്ടിക്കിളില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുന്നതാണ്.
അപ്പൊ രാമൻകുട്ടി നായരാശാൻ അല്ലെ? ഫോട്ടൊ അദ്ദേഹത്തിന്റെയാണല്ലൊ? ആളുടെ പേരു ഞാൻ പറയില്ല പക്ഷെ ഫോട്ടൊ കാണിച്ചുതരാം എന്നാണൊ? ഇനി അഥവാ പേരു പറഞ്ഞാൽ തന്നെ എന്താണു പ്രശ്നം? അതുകോണ്ടു അശാന്റെ ഖ്യാതിക്കു ഒരു കോട്ടവും തട്ടാൻ പോകുന്നില്ല. അരങ്ങത്തു വന്നാൽ ആശാനും ശിഷ്യനും എന്നൊന്നും ഇല്ല കഥാപാത്രങ്ങൾ മാത്രമേ ഉള്ളു എന്നെല്ലാം പ്രസംഗിക്കാൻ കൊള്ളാം. അനുഭവത്തിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുതന്നെ യാണു. പ്രത്യേകിച്ചും കഴിവും, അനുഭവവും, പ്രായവും തമ്മിലുള്ള വിടവു കൂടുമ്പോൾ.പിന്നെ ഒരു നാടകമൊ സിനിമയൊ കാണുന്ന പൊലെയല്ലല്ലോ കഥകളി കാണുന്നതു. ഈ രംഗത്തിൽ കർണ്ണൻ അമ്പും വില്ലും കയ്യിൽ പിടിച്ചിട്ടുണ്ടൊ തലയിൽ വച്ചിട്ടൂണ്ടൊ എന്നൊക്കെ ആരു നോക്കുന്നു ദുര്യോധനനെ അല്ലാതെ.
മറുപടിഇല്ലാതാക്കൂ"സു"പരിചിതനായ അജ്ഞാതന്‍ : ഈ പോസ്റ്റിലെ ഫോട്ടോ കണ്ടു നടന്‍മാര്‍ ആരെന്നു മനസിലാക്കുവാന്‍ കഴിയുന്നവര്‍ ആരും എന്റെ ബ്ലോഗ് വായിക്കാറില്ല എന്നാണ് ഞാന്‍ കരുതുന്നത്. കഥകളിയുടെ സൌന്ദര്യം ശ്രദ്ധിക്കാതെ അരങ്ങത്തു ആരുടെ കയ്യിലാണ് കയ്യിലാണ് അമ്പും വില്ലും ഇരിക്കുന്നത് എന്ന് ശ്രദ്ധിക്കുന്ന എന്നെ പോലുള്ളവര്‍ മാത്രം എന്റെ ബ്ലോഗ് വായിച്ചു രസിക്കട്ടെ.
മറുപടിഇല്ലാതാക്കൂ"കഥകളി അരങ്ങുകളിലും, അരങ്ങിനു വെളിയിലും, അണിയറകളിലും, കഥകളി കലാകാരന്മാർക്ക് ഇടയിലും നടന്നിട്ടുള്ള ചില്ലറ രസികത്തങ്ങൾ, സംഭവങ്ങൾ" എന്നതാണ് എന്റെ ബ്ലോഗിലെ പ്രധാന വിഷയം. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ വളരെ ഉത്തമമായ ഒരു വിഷയമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഇതിനെ പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്ത് വഷളാക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
കഥകളിയിലെ എക്കാലത്തേയും മഹാനായ ഒരു കലാകാരന്റെ കേവലം ഒരു നിസ്സാരമായ ഒരു ചെയ്തി ചൂണ്ടിക്കാണിച്ചു വീണ്ടും വീണ്ടും ഇങ്ങനെ എഴുതി കാണുമ്പോഴുള്ള മനോവിഷമം കൊണ്ടു എഴുതിയതാണു. ക്ഷമിച്ചുകള. ആയുധങ്ങൾ നിലത്തിട്ടാൽ (പ്രായാധിക്യം കൊണ്ടു) പിന്നീട് എടുക്കുന്നതിനു ബുദ്ധിമുട്ടാകും എന്നു കരുതിയൊ മറ്റൊ ആകാം അന്നു അദ്ദേഹം അതു കർണ്ണൻ കെട്ടിയ നടനെ ഏല്പ്പിച്ച്തു.
മറുപടിഇല്ലാതാക്കൂ"സു"പരിചിതനായ അജ്ഞാതന്‍ : വാള്‍ അരങ്ങില്‍ നില്‍ക്കുന്ന സഹനടനെ ഏല്‍പ്പിച്ചത് തെറ്റായി എന്ന് ഞാന്‍ പറയുന്നില്ല. പ്രായാധിക്ക്യ കാലത്ത് എല്ലാ ആശാന്മാരും ചെയ്യുന്നതും / ചെയ്തിരുന്നതും / നാളെ ചെയ്യാന്‍ പോകുന്നതും ഇത് തന്നെയാണ്. ദുര്യോധനന്‍ നല്‍കിയ വാള്‍ വാങ്ങി താഴെ വെയ്ക്കുവാനുള്ള മനോധൈര്യം സഹ വേഷക്കാരന് ഇല്ലാതെ പോയതിന്റെ കാരണം ഭയമാണ്.
മറുപടിഇല്ലാതാക്കൂആസ്വാദകരെയും ഭയപ്പെടുന്നു എന്നുള്ളതാണ് പ്രത്യേകമായി പറയേണ്ടത്. അതാണ് ബ്ലോഗില്‍ കൃത്യമായി എഴുതിയിട്ടുള്ളത്. അഭിപ്രായം എഴുതിയതില്‍ വളരെ അധികം നന്ദിയുണ്ട്.