ചെന്നൈയിലെ കഥകളി സംഘടനയായ 'ഉത്തരീയം' ചുമതല വഹിച്ചു കൊണ്ട് അഡയാര്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 25-ന് വൈകിട്ട് 6- മണിക്ക് കേളിയും 7- മണിക്ക് ശ്രീ. ഇരയിമ്മന്‍തമ്പി അവര്‍കള്‍ രചിച്ച ദക്ഷയാഗം കഥകളിയും അവതരിപ്പിച്ചു. സാക്ഷാന്‍ അനന്തപത്മനാഭനെ പോലും ഭ്രമിപ്പിക്കുന്ന തരത്തിലുള്ള മേള പ്രകടനമായാണ് കേളി അനുഭവപ്പെട്ടത്.
അനന്തപത്മനാഭന്റെ മുന്‍പില്‍ അവതരിപ്പിച്ച കഥകളി കേളി
ബ്രഹ്മപുത്രനായ ദക്ഷന്റെ വളര്‍ത്തു പുത്രി, സതി പ്രായ പൂര്‍ത്തിയായപ്പോള്‍ പരമശിവന്‍ ഭര്‍ത്താവാകണം എന്ന് ആഗ്രഹിച്ച് തപസ്സു ചെയ്യുന്ന രംഗത്തോടെയാണ് കഥകളി ആരംഭിച്ചത്.
സതിയുടെ തപസ്സ്
ബ്രാഹ്മണവേഷധാരിയായ ശിവനും സതിയും
സതിയുടെ തപസ്സില്‍ പ്രീതനായ ശിവന്‍
സതിയുടെ തപസ്സിനെ പരീക്ഷിക്കുവാനായി പരമശിവന്‍ ഒരു ബ്രാഹ്മണ വേഷത്തില്‍ എത്തി ശിവനിന്ദ ചെയ്തു. സതിയുടെ രോഷം നിറഞ്ഞ പ്രതിഷേധം കണ്ട് പ്രീതനായ ശിവന്‍ സ്വരൂപം ധരിച്ച് സതിയെ അനുഗ്രഹിക്കുന്നതുമായിരുന്നു രണ്ടാം രംഗത്തില്‍. മൂന്നാം രംഗത്തില്‍ ദക്ഷന്റെയും ദേവന്മാരുടെയും സാന്നിദ്ധ്യത്തില്‍ മംഗളമായി നടക്കുന്ന പരമശിവന്റെയും സതിയുടെയും വിവാഹവും.
വിവാഹ രംഗം (ദക്ഷന്‍ , ശിവന്‍ , സതി , ഇന്ദ്രന്‍)
ദക്ഷനും ഇന്ദ്രനും
ദക്ഷന്‍
ദക്ഷന്‍
നാലാം രംഗത്തില്‍ ദക്ഷന്‍ ദേവസഭയില്‍ എത്തുന്നു. വിവാഹം കഴിഞ്ഞ ഉടന്‍ ഭാര്യാ പിതാവായ തന്നോട് യാത്രപോലും പറയാതെ പരമശിവന്‍ കൈലാസത്തിലേക്ക് മറഞ്ഞതിന്റെ പ്രതിഷേധം ദക്ഷന്‍ സഭാവസികളെ അറിയിക്കുന്നു. നിങ്ങളുടെ വാക്കുകള്‍ കേട്ട് വിശ്വസിച്ച് നല്ലവന്‍ എന്നു തെറ്റി ധരിച്ചു എന്റെ മകളെ ശിവന് നല്‍കി എന്നു വേദനിക്കുകയും തുടര്‍ന്ന് വളരെ മോശമായി ശിവനെ നിന്ദിക്കുകയും ചെയ്യുന്ന ദക്ഷനെ ഇന്ദ്രന്‍ ഉപദേശിക്കുന്നു. ദേവന്മാരുടെ ഉപദേശ പ്രകാരം ദക്ഷന്‍ പരമശിവനെയും സതിയെയും കാണ്മാനായി കൈലാസത്തിലേക്ക് യാത്ര തിരിക്കുന്നു. പരമശിവനെ നിന്ദിക്കുന്ന ദക്ഷനെ കൈലാസത്തിലേക്ക് കടത്തിവിടാതെ നന്ദികേശ്വരന്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ അപമാനത്തോടെയും ശിവനോട് അമിതമായ കോപത്തോടെയും ദക്ഷന്‍ മടങ്ങി. പ്രതികാര ബുദ്ധിയോടെ ദക്ഷന്‍ പരമശിവനെ ഒഴിവാക്കിക്കൊണ്ട് ഒരു യാഗം നടത്തുവാന്‍ തീരുമാനിച്ചു.
ദക്ഷന്‍ നടത്തുന്ന യാഗത്തെ പറ്റി അറിഞ്ഞ സതി തനിക്കും യാഗത്തില്‍ പങ്കെടുക്കണമെന്നും തന്റെ സഹോദരിമാര്‍ എല്ലാവരും അന്ന് അവിടെ എത്തുമെന്നും അവരെ എല്ലാം കാണാന്‍ താല്‍പ്പര്യം ഉണ്ടെന്നും ഞാന്‍ അവിടെ ചെല്ലുമ്പോള്‍ പിതാവിന് നമ്മോടുള്ള നീരസം എല്ലാം തീരും എന്നും പരമശിവനെ അറിയിക്കുന്നു. ദക്ഷന്‍ നടത്തുന്ന യാഗത്തിന് നമ്മെ ക്ഷണിക്കാത്ത സാഹചര്യത്തില്‍ അവിടെ പോകുന്നത് അപമാനത്തിനു ഇടയാകും എന്ന പരമശിവന്റെ ഉപദേശം അവഗണിച്ചു കൊണ്ട് സതി ദക്ഷന്റെ കൊട്ടാരത്തിലേക്ക് യാത്രയായി. ആപത്തു മനസിലാക്കിയ പരമശിവന്‍ സതിയുടെ തുണയ്ക്കായി ഭൂതഗണങ്ങളെ നിയോഗിക്കുന്നതുമാണ് അഞ്ചാം രംഗത്തില്‍ അവതരിപ്പിച്ചത്.
ശിവനും സതിയും
ദക്ഷന്റെ യാഗശായില്‍ എത്തുന്ന സതി
ദക്ഷന്റെ യാഗശായില്‍ എത്തുന്ന സതി
ആറാം രംഗം: ക്ഷണിക്കാതെ യാഗശാലയില്‍ എത്തിയ സതിയെകണ്ടു ദക്ഷന്‍ കുപിതനായി. ക്ഷണിക്കാതെ നീ എന്തിനു യാഗശാലയില്‍ എത്തി എന്ന് ദക്ഷന്‍ പ്രതികരിച്ചു. പിതാവിന്റെ ക്ഷണം മകള്‍ക്ക് ആവശ്യം ഇല്ലെന്നായിരുന്നു സതിയുടെ മറുപടി. നീ യാഗശാല വിട്ടു പോയില്ല എങ്കില്‍ ഭ്രുത്യരെകൊണ്ട് നിന്നെ അടിച്ചോടിക്കും എന്ന് ദക്ഷന്‍ അറിയിച്ചു.
മടങ്ങി എത്തിയ സതിയെ പരമശിവന്‍ ആശ്വസിപ്പിക്കുന്നു
ഏഴാം രംഗം : ദുഖത്തോടും അപമാനത്തോടും മടങ്ങിയെത്തിയ സതി തനിക്കുണ്ടായ അനുഭവം ഖേദത്തോടെ പരമശിവനെ അറിയിച്ചു. ദക്ഷന്‍ തന്റെ പിതാവല്ലെന്നും അവനെ വധിക്കുവാന്‍ ഇനി ഒട്ടും അമാന്തിക്കരുതെന്നും ശിവനെ അറിയിച്ചു. ദക്ഷനെ ഉടന്‍ വധിക്കുന്നുണ്ടെന്ന് പറഞ്ഞു സതിയെ ആശ്വസിപ്പിച്ചു. പരമശിവനെ തൊഴുതുകൊണ്ട് സതി മറഞ്ഞു.
ക്ഷിപ്രകോപിയായ പരമശിവന്റെ ത്രിക്കണ്‍ കോപം കൊണ്ട് ജ്വലിക്കുകയും ജടപ്രഹരിക്കുകയും ചെയ്തപ്പോള്‍ ഉത്ഭവിച്ച വീരഭദ്രനോട് ദക്ഷന്റെ യാഗശാലയില്‍ ചെന്ന് തനിക്കുള്ള യാഗഭാഗം ആവശ്യപ്പെടണം എന്നും അപ്രകാരം അനുസരിക്കാത്ത പക്ഷം ദക്ഷനെ വധിക്കണം എന്നും ആജ്ഞാപിക്കുന്നു. യാഗപൂജ ചെയ്യുന്ന ബ്രാഹ്മണന്മാരെ എന്തു ചെയ്യണം എന്ന് വീരഭദ്രന്‍ ശിവനോട് ചോദിച്ചു. അവരെ ഭയപ്പെടുത്തിയാല്‍ മതിയെന്ന് ശിവന്‍ അറിയിച്ചു. വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും കൂടി ദക്ഷന്റെ യാഗശാലയിലേക്ക് പുറപ്പെടുന്നു.
യാഗശാല : പൂജാബ്രാഹ്മണന്‍, ദക്ഷന്‍ , വീരഭദ്രന്‍ , ഭദ്രകാളി , ഭൂതം
ദക്ഷന്‍ , ഭദ്രകാളി , വീരഭദ്രന്‍
ദക്ഷന്റെ തലയുമായി വീരഭദ്രന്‍ , ഭദ്രകാളി
എട്ടാം രംഗം ദക്ഷന്റെ യാഗശാലയാണ്. യാഗം നടക്കുന്നു. വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ദക്ഷന്റെ യാഗശാലയില്‍ എത്തി. പരമശിവന് അര്‍ഹമായ യാഗഭാഗം ആവശ്യപ്പെട്ടു. അവരുടെ ആവശ്യം ദക്ഷന്‍ നിരാകരിച്ചപ്പോള്‍ വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ചേര്‍ന്ന് യാഗശാല തകര്‍ത്തു. ദക്ഷന്റെ തല അറുത്ത് മാറ്റി. രക്തം ഭദ്രകാളിക്ക് നല്‍കിയ ശേഷം ദക്ഷന്റെ തല യാഗാഗ്നിയില്‍ ഹോമിച്ചു.
അജമുഖ ദക്ഷന്റെ ശിവസ്തുതി
ഒന്‍പതാം രംഗം: (ദക്ഷനെ പുനര്‍ജീവിപ്പിക്കണം എന്ന ഇന്ദ്രാദികളുടെയും ഋഷീശ്വരന്മാരുടെയും അപേക്ഷ പ്രകാരം ദക്ഷന്റെ ശരീരത്തില്‍ ആടിന്റെ തലവെച്ച് ജീവന്‍ നല്‍കി) അഹങ്കാരം ശമിച്ചു അജമുഖത്തോടു കൂടിയ ദക്ഷന്റെ ശിവ സ്തുതിയോടെ കഥ അവസാനിക്കുന്നു.
വളരെ നല്ല ഒരു അവതരണമാണ് കലാകാരന്മാര്‍ എല്ലാവരും കാഴ്ച വെച്ചത്. ആരുടെ അവതരണമാണ് മെച്ചം എന്ന് ഒരിക്കലും പറഞ്ഞു അറിയിക്കുവാന്‍ സാധിക്കാത്ത വിധത്തിലാണ് ഓരോ കലാകാരന്മാരും തങ്ങളുടെ ഭാഗം അവതരിപ്പിച്ചത്.
നാലാം രംഗത്തില്‍ ദേവസഭയില്‍ എത്തുന്ന ദക്ഷന്‍, സഭാവാസികളോട് ശിവനാല്‍ തനിക്കു ഏര്‍പ്പെട്ട അപമാനത്തെ പറ്റി പറയുമ്പോള്‍, നിങ്ങള്‍ക്ക് എന്ത് അറിയാം? എന്റെ ഹൃദയം പൊട്ടുകയാണ്. താന്‍ പണ്ട് കാളിന്ദീ നദിയില്‍ സ്നാനം ചെയ്തപ്പോള്‍ ഒരു ശംഖു കാണുകയും ആ ശംഖു എടുത്തപ്പോള്‍ ഒരു പെണ്‍ ശിശുവായി മാറിയെന്നും വേറെ കുട്ടികള്‍ എനിക്ക് ഉണ്ടായിട്ടും ഞാന്‍ അവളെ എന്റെ കൈകള്‍ കൊണ്ട് താലോലിച്ചും ഊട്ടിയും വളര്‍ത്തി, അവള്‍ വളര്‍ന്നപ്പോള്‍ അവളെ ഞാന്‍ ഒരു പുരുഷനെ ഏല്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ യാത്രപോലും ചോദിക്കാതെ അവര്‍ പോയി. അവരെ ഒന്ന് കണ്ടു സന്തോഷിക്കുവാന്‍ പോലും എനിക്ക് സാധിച്ചില്ല എന്നും എന്റെ മകളുടെ തലയിലെഴുത്തു ഇങ്ങിനെയായിപ്പോയല്ലോ എന്നുമുള്ള ഹൃദയ സ്പര്‍ശിയായ അവതരണം മറക്കാനാവാത്തതായിരുന്നു.
മൂന്നു ലോകത്തിലും അധിപനായ പരമശിവനെ നിന്ദിക്കരുതേ എന്നും പരമശിവനെ ഒന്ന് പോയി കണ്ടുവന്നാല്‍ എല്ലാ സങ്കടവും തീരുമെന്നും ഇന്ദ്രന്‍ ഉപദേശിക്കുന്നതും അതിനു മറുപടിയായി അല്ലയോ ദേവേന്ദ്രാ! അങ്ങ് പറഞ്ഞത് വിചിത്രമായിരിക്കുന്നു. ഞാന്‍ നിന്ദ്യനായ ശിവനെ ഭയന്ന് പോയി ചെന്നു കണ്ട് കുമ്പിടണമോ? മൂന്നു ലോകത്തിനും അധിപന്‍ എന്ന അഹങ്കാരമാണ് ശിവന് ഉള്ളത്. പക്ഷെ എന്റെ മകള്‍ എന്തു തെറ്റു ചെയ്തു? ഞാന്‍ വളര്‍ത്തിയ എന്റെ മകള്‍ക്ക് (വേദനയോടെ) ഇങ്ങിനെ സംഭവിച്ചല്ലോ ?. ശരി. നിങ്ങള്‍ നിര്‍ദ്ദേശിച്ചതുപോലെ ഞാന്‍ ശിവന്റെ വസതിലേക്ക് പോയി അവരെ കാണുക തന്നെ എന്നാണ് അരങ്ങില്‍ അവതരിപ്പിച്ചത്.
കൈലാസത്തിലെത്തിയ ദക്ഷനെ നന്ദികേശ്വരന്‍ തടയുന്നതും ദക്ഷന്‍ താന്‍ സതിയുടെ പിതാവണെന്നു നന്ദികേശ്വരനെ അറിയിക്കുന്നതും ശിവനിന്ദ ചെയ്യുന്നവന് കൈലാസത്തില്‍ പ്രവേശനമില്ലെന്ന നന്ദികേശ്വരന്റെ വാക്കു കേട്ടു അപമാനവും മകളെ ഓര്‍ത്ത് വേദനയോടെ മടങ്ങുന്നതും പിന്നീട് പ്രതികാര ദാഹം പൂണ്ട ദക്ഷന്‍ ശിവനെ ക്ഷിണിക്കാതെ ഒരു യാഗം നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്യുന്ന (ഇളകിയാട്ടത്തില്‍ കൂടിയുള്ള) അവതരണവും ഹൃദ്യമായി.
യാഗശാലയില്‍ എത്തുന്ന മകളെ ആട്ടിപ്പായിക്കുകയും പിന്നീട് മകളോട് വെച്ചിരുന്ന സ്നേഹത്തിന്റെ ആഴത്തെയും അവതരിപ്പിച്ച ദക്ഷനെ ശ്രീ. ഏറ്റുമാനൂര്‍ കണ്ണനും, സ്വപിതാവില്‍ നിന്നും പ്രതീക്ഷക്ക് വിപരീതമായുണ്ടായ അനുഭവത്തെ മാനസീകമായി ഉള്‍ക്കൊണ്ടു കൊണ്ട് മികച്ച ഭാവാഭിനയയത്തോടെ സതിയെ അവതരിപ്പിച്ച ശ്രീ. ചമ്പക്കര വിജയനും ആസ്വാദക ഹൃദയത്തില്‍ മായാത്ത സ്ഥാനം പിടിച്ചിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം.
ശ്രീ. സദനം ഭാസിയുടെ ശിവന്‍ ശ്രീ. കലാമണ്ഡലം ഹരി. ആര്‍ . നായരുടെ വീരഭദ്രന്‍ ശ്രീ. കലാമണ്ഡലം തുളസീകുമാറിന്റെ ഭദ്രകാളി (വേഷവും അവതരണവും), ശ്രീ. കലാമണ്ഡലം വിവേകിന്റെ ബ്രാഹ്മണന്‍, പൂജാ ബ്രാഹ്മണന്‍ ശ്രീ. കലാമണ്ഡലം ഗൗതംകൃഷ്ണയുടെ ഇന്ദ്രന്‍ എന്നിവ മറക്കാനാവാത്ത അവതരണമാണ് കാഴ്ചവെച്ചത്.
ശ്രീ. സദനം ശിവദാസനും ശ്രീ. കലാമണ്ഡലം വിനോദും സംഗീതം ഹൃദ്യമാക്കി. ശ്രീ. സദനം രാമകൃഷ്ണന്റെയും ശ്രീ. സദനം ജിതിന്റെയും ചെണ്ടയും, ശ്രീ. സദനം ദേവദാസിന്റെയും ശ്രീ. സദനം അരവിന്ദന്റെയും മദ്ദളവും ഒത്തു ചേര്‍ന്ന തകര്‍പ്പന്‍ മേളമാണ് കാഴ്ചവെച്ചത്. ശ്രീ. കലാമണ്ഡലം സതീശനും ശ്രീ. സദനം ശ്രീനിവാസനും ചുട്ടിയും കൈകാര്യം ചെയ്തു. അണിയറ ചുമതല വഹിച്ചത് ശ്രീ. കോട്ടയ്ക്കല്‍ കുഞ്ഞിരാമന്‍ അവര്‍കള്‍ ആയിരുന്നു. കളി തുടങ്ങി അവസാനിക്കുന്നത് വരെ ഒരു തരം ത്രില്ലിങ്ങ് തന്നെയായിരുന്നു അനുഭവപ്പെട്ടിരുന്നത് എന്ന് പറയാതിരിക്കുവാന്‍ സാധ്യമല്ല.
ഒരു കഥകളി അരങ്ങിനു മുന്‍പില്‍ എത്തിച്ചേരുന്ന എല്ലാ ആസ്വാദകരും ശ്ലോകം ശ്രദ്ധിച്ചു രംഗം മനസിലാക്കുന്നവര്‍ ആകണമെന്നില്ല. അതുകൊണ്ടാണ് അവതരിപ്പിക്കുന്ന കഥാ വിവരണവും രംഗ വിവരണവും നല്‍കുന്നത്. ദക്ഷയാഗം കഥയിലെ അവതരിപ്പിക്കപ്പെടുന്ന രംഗങ്ങളുടെ വിവരണം പബ്ലിഷ് ചെയ്തിരുന്നു. രംഗങ്ങളുടെ അവതരണത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായത് കളി തുടങ്ങുമ്പോള്‍ സദസിനെ അറിയിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധിച്ചില്ല എന്നത് ഒരു വലിയ കുറവായി അനുഭവപ്പെട്ടു. കഥകളി കാണുവാന്‍ എത്തിയിരുന്ന വിദേശിയര്‍ പബ്ലിഷ് ചെയ്തിരുന്ന ഈ രംഗ വിവരണത്തെ വെച്ചു കൊണ്ട് എങ്ങിനെയാണ് അവതരിപ്പിച്ച രംഗ മാറ്റങ്ങളെ ഉള്‍ക്കൊണ്ടിരിക്കുക എന്നത് നാം ചിന്തിക്കേണ്ടതാണ്.
കഥകളിയുടെ അവതരണത്തിനും ആസ്വാദനത്തിനും ഓരോ തലങ്ങള്‍ ഉണ്ട്. ആ തലങ്ങളില്‍ നിന്നു നോക്കുന്നവര്‍ക്കു അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ടാകാം. ഒരു സാധാരണ കഥകളി ആസ്വാദകന്‍ എന്ന നിലയില്‍ ഓര്‍മ്മയായ കാലം മുതല്‍ 1981- വരെ കഥകളി അരങ്ങുകള്‍ കണ്ടുള്ള എന്റെ അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ദക്ഷയാഗം കഥയിലെ വിവാഹ രംഗത്തില്‍ സതി മാലയിട്ടു പരമശിവനെ സ്വീകരിച്ചു കഴിഞ്ഞാലുടന്‍ (ദക്ഷന്‍ സതിയുടെ കയ്യ് പിടിച്ചു ശിവനെ ഏല്‍പ്പിക്കുക എന്ന രീതിയും കണ്ടിട്ടുണ്ട്.) രംഗത്തു നിന്നും ശിവനും സതിയും മറയുന്നതായാണ് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. വിവാഹ രംഗം കഴിഞ്ഞാലുടന്‍ ശിവന്റെ പെരുമാറ്റത്തെ പറ്റി ദേവസഭയില്‍ ദക്ഷന്‍ പരാതിപ്പെടുന്ന രംഗം അവതരിപ്പിക്കുന്നത് കൊണ്ട് ഒരു സാധാരണ ആസ്വാദകന്റെ മനസ്സില്‍ എത്തിച്ചേരും വിധം അവതരിപ്പിക്കുന്നതാണ് ഉചിതം എന്നാണ് എന്റെ വിശ്വാസം (വിവാഹ ശേഷമുള്ള പല രംഗങ്ങളും അവതരിപ്പിക്കാത്ത നിലയ്ക്ക്) ഇവിടെ മംഗളമായി ഒരു വിവാഹം കഴിഞ്ഞു എന്നല്ലാതെ (വിവാഹം കഴിഞ്ഞയുടന്‍ ഒന്നു മിണ്ടുക പോലും ചെയ്യാതെ ശിവന്‍ പോയി എന്ന ദക്ഷന്റെ ആരോപണത്തോട് ) കഥയുടെ കാതലായ ഭാഗത്തിന് ഒരു പ്രസക്തിയും ഇല്ലാത്ത അവതരണം എന്ന് മാത്രമേ ഒരു സാധാരണ ആസ്വാദകന് തോന്നുവാന്‍ സാധിക്കുകയുള്ളൂ. (ഇത് എന്റെ അഭിപ്രായം ആണ്.)
കഥയുടെ അവതരണത്തില്‍ പിതാവ് ചെയ്യുന്ന യാഗം നീ എങ്ങിനെ അറിഞ്ഞു എന്ന് ശിവന്‍ സതിയോടു ചോദിക്കുകയുണ്ടായി. അതിനു സതി വ്യക്തമായ ഉത്തരം നല്‍കിയതായി എനിക്ക് അനുഭവപ്പെട്ടില്ല. പല അരങ്ങിലും ശിവന്‍ ഈ ചോദ്യം ഉന്നയിച്ചു കണ്ടിട്ടുണ്ട്. പരമശിവന്റെ അസാന്നിധ്യത്തില്‍ നാരദനില്‍ നിന്നാണ് ദക്ഷന്‍ യാഗം നടത്തുന്ന വിവരം സതി അറിയുന്നത് .
യാഗശാലയില്‍ നിന്നും പുറത്താക്കുന്ന സതിയോട് ഞാന്‍ നിന്റെ പിതാവല്ല എന്ന് പറയുന്നുണ്ട്. ഈ സമയത്ത് സതിയോടു നീ എന്റെ മകള്‍ അല്ല (നീ വളര്‍ത്തു മകള്‍ മാത്രമാണ് എന്ന് സതി അപ്പോള്‍ മാത്രമാണ് അറിയുന്നത് ), നിന്നെ കാളിന്ദീനദിയില്‍ നിന്നും എനിക്ക് ലഭിച്ചതാണ് എന്ന് ദക്ഷന്‍ ചെയ്തു കണ്ടിട്ടുണ്ട്. ഇങ്ങിനെ ചെയ്യുമ്പോള്‍ അടുത്ത രംഗത്തില്‍ സതിയുടെ ശിവനോടുള്ള പദാട്ടത്തിന് (താമസശീലനാകുന്ന ദക്ഷനെ കൊല്ലുവാനേതും താമസിച്ചീടൊല്ല മമ താതന്‍ അവനല്ല ഇനിമേല്‍) കുറച്ചു കൂടി അനുയോജ്യമാകുമെന്നാണ് എന്റെ വിശ്വാസം.
ശിവനുള്ള യാഗഭാഗം തരികയില്ല എന്ന് ദക്ഷന്‍ പറഞ്ഞതിന് ശേഷം മാത്രം ദക്ഷനോട് വീരഭദ്രനും ഭദ്രകാളിയും യുദ്ധം ചെയ്യുന്ന രീതിയാണ് എന്റെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്. പൂജാബ്രാഹ്മണര്‍ വീരഭദ്രനും ഭദ്രകാളിയുടെയും ഭൂതഗണങ്ങളും വരുന്നത് കണ്ടു ഭയപ്പെടുകയും ദക്ഷന്‍ അവര്‍ക്ക് ധൈര്യം നല്‍കുകയും ചെയ്യുന്നതല്ലാതെ അവരെ കണ്ടാലുടന്‍ ദക്ഷന്‍ ഓടി ചെന്ന് യുദ്ധം ചെയ്യുന്ന രീതി എനിക്ക് സ്വീകാര്യമായി തോന്നിയില്ല. ശിവനുള്ള യാഗഭാഗം നല്‍കില്ല എന്ന് ദക്ഷന്‍ ഉറപ്പിച്ചു പറയുന്നതോടെ യാഗശാല തകര്‍ക്കുകയും പൂജാബ്രാഹ്മണരെ ശല്യപ്പെടുത്തി ഓടിക്കുകയും ചെയ്യുന്ന വീരഭദ്രനെ പരമാവധി എതിര്‍ക്കുന്ന രീതിയാണ് പണ്ട് ദക്ഷവേഷം ചെയ്തിരുന്ന നടന്മാര്‍ സ്വീകരിച്ചിരുന്നത്.
യാഗശാലയില്‍ പൂജ ചെയ്തിരുന്ന ബ്രാഹ്മണന്‍ വീരഭദ്രന്റെ പിടിയില്‍
ഇവിടെ പൂജാബ്രാഹ്മണന്‍ വീരഭദ്രാദികളെ കണ്ടു പരമാവധി ഭയം പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. പൂജാബ്രാഹ്മണന് ധൈര്യം പകരുന്ന രീതി രംഗത്ത് ഉണ്ടായില്ല. പകരം ഒരു പ്രാവശ്യം ദക്ഷന്‍ പൂജാ ബ്രാഹ്മണനെ ബലമായി പിടിച്ചിരുത്തുകയും (പൂജാ ബ്രാഹ്മണനെ) വീരഭദ്രന്‍ പിടിച്ചു ശല്ല്യം ചെയ്യുമ്പോള്‍ ദക്ഷന്‍ അരങ്ങില്‍ തിരിഞ്ഞു നില്‍ക്കുന്ന രീതിയുമാണ് ഈ കളിക്ക് സ്വീകരിച്ചു കണ്ടത്.
കഥകളിയില്‍ Doctorate നേടിയ ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ അവര്‍കളെ ഉത്തരീയം കഥകളി സംഘടനയ്ക്കു വേണ്ടി ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍ ആദരിക്കുന്നു.
മുന്‍ നിരയില്‍ ഇടത്തു നിന്നും രണ്ടാമത് : ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍.
ആശാന്റെ പിറകില്‍ ശ്രീ. കലാക്ഷേത്ര കുഞ്ഞി രാമന്‍ അവര്‍കള്‍
(കഥകളി കാണുവാന്‍ എത്തിയ ആസ്വാദകരുടെ നിരയില്‍ പ്രസിദ്ധ കഥകളി ആചാര്യന്‍ ശ്രീ.സദനം ബാലകൃഷ്ണന്‍ ആശാന്‍, പ്രസിദ്ധ നര്‍ത്തകി ശ്രീമതി. ഗോപികാവര്‍മ്മ, പ്രസിദ്ധ നര്‍ത്തകന്‍ ശ്രീ. കലാക്ഷേത്ര കുഞ്ഞിരാമന്‍ ( കഥകളി ആചാര്യന്‍ ശ്രീ. അമ്പു പണിക്കര്‍ ആശാന്റെ മകന്‍), പ്രസിദ്ധ നര്‍ത്തകന്‍ ശ്രീ. അടയാര്‍ ലക്ഷ്മണന്‍ അവര്‍കളുടെ മകന്‍ എന്നിവര്‍ ഉണ്ടായിരുന്നു.)
ഇളകിയാട്ടത്തിന്റെ എല്ലാ വായനക്കാര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍
വളരെ ഭംഗി ആയി കഥ വിവരിച്ചിരിക്കുന്നു. കളി കണ്ടാല്‍ മനസ്സിലാകാനും, ആസ്വദിക്കാനും എളുപ്പമായിരിക്കും ഇത്തരം പോസ്റ്റ്. നന്ദി. പുതുവത്സരാശംസകള്‍. ..
മറുപടിഇല്ലാതാക്കൂമനോഹരമായ ഈ വിവരണം ആസ്വാദക സമക്ഷം അവതരിപ്പിച്ചതിന് നന്ദി. പതിവുപോലെ ലളിതമായ ശൈലിയില്‍ അങ്ങ് "അരങ്ങു തകര്‍ത്ത്" എഴുതിയിരിക്കുന്നു. ദീര്‍ഘകാലം അനവധി അരങ്ങുകള്‍ കണ്ട അങ്ങയെപ്പോലെയുള്ള ആസ്വാദകരുടെ അഭിപ്രായങ്ങള്‍ കലാകാരന്മാര്‍ക്ക് വഴികാട്ടിയായി വര്‍ത്തിക്കും എന്നാണെനിക്കു തോന്നുന്നത്.
മറുപടിഇല്ലാതാക്കൂഫേസ് ബൂക്കിലൂടെ ശ്രീ. കിള്ളിമംഗലം നാരായണന്‍ നമ്പൂതിരിപ്പാട് നല്‍കിയ കുറിപ്പ്.
മറുപടിഇല്ലാതാക്കൂKillimangalam Narayanan Namboothirippad: ഇളകിയാട്ടത്തിലെ ചെന്നൈ ദക്ഷയാഗം കളിയെ പറ്റിയുള്ള പോസ്റ്റ് വായിച്ചു.... വളരെ നന്നായിരിക്കുന്നു..........
അതില്‍ ഒരു ചെറിയ അഭിപ്രായ വ്യത്യാസം അറിയിക്കട്ടെ.... "ഇവിടെ മംഗളമായി ഒരു വിവാഹം കഴിഞ്ഞു എന്നല്ലാതെ (വിവാഹം കഴിഞ്ഞയുടന്‍ ഒന്നു മിണ്ടുക പോലും ചെയ്യാതെ ശിവന്‍ സതിയെയും കൂട്ടി പോയി എന്ന ദക്ഷന്റെ ആരോപണത്തോട് ) കഥയുടെ കാതലായ ഭാഗത്തിന് ഒരു പ്രസക്തിയും ഇല്ലാത്ത അവതരണം എന്ന് മാത്രമേ ഒരു സാധാരണ ആസ്വാദകന് തോന്നുവാന്‍ സാധിക്കുകയുള്ളൂ. " യഥാര്‍ത്ഥത്തില്‍ ദക്ഷന്റെ ആരോപണം വിവാഹശേഷം ശിവന്‍ സതിയെ കൂട്ടി ആരോടും മിണ്ടാതെ പോയി എന്നുള്ളതല്ല..... വിവാഹശേഷം ശിവന്‍ ആരോടും പറയാതെ സതിയെ കൊണ്ട് പോകാതെ കൈലാസത്തിലേക്ക് പോകുന്നു.... ദുഖിതയായ സതി സരസ്വതിയുടെ ഉപദേശപ്രകാരം വീണ്ടും തപസ്സു ചെയ്യുന്നു.... അങ്ങിനെ രണ്ടാമത് തപസ്സ് ചെയ്ത് നില്‍ക്കുന്ന സതിയെ ആണ് ആരും അറിയാതെ ശിവന്‍ കൊണ്ട് പോകുന്നത്.... ഇത് വിസ്തരിച്ച് "അറിയാതെ മമ " എന്ന് തുടങ്ങുന്ന പദത്തില്‍ പറയുന്നുമുണ്ട്.....ആ രംഗങ്ങള്‍ ഒന്നും അരങ്ങത്ത് അവതരിപ്പിച്ചു കണ്ടിട്ടില്ല.....
വിവാഹരംഗത്തില്‍ മാല ഇട്ടതിനു ശേഷം ദക്ഷന്‍ സതിയുടെ കൈ പിടിച്ചു ശിവനെ എല്പ്പിക്കുന്നതായി കാണാറുണ്ട്.(പണ്ട് കലാമണ്ഡലം ഗോപാലകൃഷ്ണന്‍ (കറുത്ത ഗോപാലകൃഷ്ണന്‍) അങ്ങനെ ചെയ്ത് കണ്ടിട്ടുണ്ട്)... അന്ന് അവിടെ അങ്ങനെ ചെയ്തു കണ്ടില്ല... പക്ഷെ രംഗത്ത് നിന്നും സതിയും ശിവനും മറയുന്നതായി കാണിച്ചു കണ്ടിട്ടില്ല.... മേല്‍പ്പറഞ്ഞ കാര്യം വെച്ച് നോക്കുമ്പോള്‍ അങ്ങനെ മറയുന്നത് ശരിയാകുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.....
ശിവന്‍ മാത്രമായാണ് മറയുന്നതെങ്കില്‍ ശരിയാകും..... കാരണം സതിയെ അപ്പോള്‍ ഒപ്പം കൊണ്ട് പോകുന്നില്ലല്ലോ ശിവന്‍......
Killimangalam Narayanan Namboothirippad: അഭിപ്രായത്തിനു സന്തോഷം. വളരെ വിവാഹം കഴിഞ്ഞപ്പോള്‍ ശിവന്‍ (മാത്രം) അപ്രത്യക്ഷനായി എന്നതു തന്നെയാണ് സത്യം. ദക്ഷയാഗം കഥയില്‍ ഉള്ളത് പോലെ സതിയെ വിട്ടു ശിവന്‍ മാത്രം അപ്രത്യക്ഷമായാലും രംഗത്തിനു പൂര്‍ണ്ണത ഉണ്ടാവില്ല. അതിനു കാരണം കഥയിലെ ചില ഭാഗങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന സാഹചര്യത്തില്‍, സാധാരണ ആസ്വാദകരില്‍ എത്തി ചേരുന്ന വിധം ഒരു അവതരണം എന്ന രീതിയില്‍ അവതരിപ്പിച്ചു വന്നതിനെയാണ് ഞാന്‍ സൂചിപ്പിച്ചത്. പ്രത്യേകിച്ചും വിവാഹരംഗം കഴിഞ്ഞാലുടന്‍ അറിയാതെ മമ പുത്രിയെ എന്ന പദം ആണല്ലോ ഇപ്പോള്‍ നടപ്പില്‍ ഉള്ളത്. ഇന്ന് ചില രംഗങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന കളിയരങ്ങുകളില്‍ ഒരു ആസ്വാദകന് മനസിലാവുന്ന വിധത്തില്‍ അവതരിപ്പിക്കേണ്ട ചുമതല കലാകാരന്മാര്‍ക്ക് ഉണ്ട്.
ദക്ഷനും സതിയും തമ്മില്‍ ഉള്ള ഭാഗം കഴിഞ്ഞതിനു ശേഷം, ശിവനും സതിയും തമ്മില്‍ ഉള്ള രംഗത്തില്‍ ശിവന്‍ ഒരു ആട്ടം ആടി കണ്ടു, എനിക്ക് എങ്ങോട്ട് മുഴുവനും മനസ്സിലായില്ല, അതിനെ പറ്റി കൂടുതല്‍ വല്ലതും അറിയുമോ ?
മറുപടിഇല്ലാതാക്കൂആടിയത് ഇതാണ്:
നിന്റെ അച്ഛന്‍ ബ്രഹ്മാവിന്റെ യാഗ സദസ്സില്‍ എല്ലാ ദേവന്മാരുടെയും മധ്യത്തില്‍ വെച്ച് എന്നെ നിന്ധിച്ചിട്ടുണ്ട്, നിന്നെ ഓര്ത്തുസ എത്രയും കാലം ഞാന്‍ ക്ഷമിച്ചതാണ്, ഇനി ഞാന്‍ ക്ഷമിക്കില്ല എന്നും, പിന്നീടാണ് വീരഭദ്രനും ഭദ്രകാളിയും വന്നത്. എനിക്ക് എന്തൊക്കെയോ കുറച്ചു മനസ്സിലായി മുഴുവനും മനസ്സിലായതും ഇല്ല. ചേട്ടന് അറിയുമെങ്കില്‍ കൂടുതല്‍ എഴുതൂ ഇതിനെ പറ്റി.
മിസ്റ്റര്‍. സജീഷ്. വീഡിയോ എടുത്തിട്ടുണ്ടെങ്കില്‍ നമുക്ക് ഒന്ന് കൂടി കാണാം. കളി കണ്ടു രസിക്കുകയും അത് ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്യുക അല്പം വിഷമം ആണ്. ചില നടന്മാര്‍ ലളിതമായ മുദ്രകള്‍ ഉപയോഗിക്കും. അത് വേഗം മനസിലാകും. ചിലരുടെ മുദ്രകള്‍ അത്ര എളുപ്പത്തില്‍ എന്നില്‍ എത്തുകയില്ല. സി. ഡി ഇട്ടു രണ്ടു പ്രാവശ്യമെങ്കിലും കണ്ടാലെ മനസിലാക്കാന്‍ പറ്റുകയുള്ളൂ.
മറുപടിഇല്ലാതാക്കൂഅടയാറില് നടന്ന കഥകളി വളരെ ഗംഭീരമായിരുന്നു. വളരെ സമ്പന്നമായ അരങ്ങും ആസ്വാദകരും "ഉത്തരീയ" ത്തിന്റെ ദക്ഷയാഗം കഥകളി ഗംഭീരമാക്കി.
മറുപടിഇല്ലാതാക്കൂ"ദക്ഷയാഗം കഥയിലെ അവതരിപ്പിക്കപ്പെടുന്ന രംഗങ്ങളുടെ വിവരണം പബ്ലിഷ് ചെയ്തിരുന്നു. രംഗങ്ങളുടെ അവതരണത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായത് കളി തുടങ്ങുമ്പോള്‍ സദസിനെ അറിയിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധിച്ചില്ല എന്നത് ഒരു വലിയ കുറവായി അനുഭവപ്പെട്ടു." - ഇത് ഒരു പോരായ്മയായി തോന്നിയെങ്കിലും ശിവ ഭഗവാനെ സ്തുതിക്കുന്ന ഭാഗം ആരംഭിച്ചത് വളരെ നന്നായി. വരുന്ന കഥകളി അരങ്ങുകളില്‍ ഇങ്ങനെയുള്ള ചിലപോരായ്മകള്‍ പരിഹരിച്ചാല്‍ അത് പുതിയ കഥകളി ആസ്വാദകര്‍ക്ക് കഥ മനസ്സിലാക്കുന്നതിനു ഉപകരിക്കും.
കഥകളി തുടങ്ങുന്നതിനു മുന്‍പ് ഒരു വിവരണം ഉണ്ടായിരുന്നെങ്കില്‍ വളെരെ നന്നായിരുന്നു. കഥയും രംഗങ്ങളും നിശ്ചയിക്കുന്ന ( ഡയറക്ടര്‍) ആള്‍ തന്നെ അത് ചെയ്യുന്നതും ഉചിതമാവും.
ആദ്യമായിട്ടാണ് "ഇളകിയാട്ടം" വായിക്കുന്നത്. വളരെ നല്ല വിവരണവും നിരൂപണവും.
മിസ്റ്റര്‍. കറുത്തേടം: ബ്ലോഗ് വായിച്ചതിനും അഭിപ്രായം എഴുതിയതിനും വളരെ നന്ദി.
മറുപടിഇല്ലാതാക്കൂവളരെ നല്ല വിവരണം
മറുപടിഇല്ലാതാക്കൂസതിയെ യാഗശാലയിൽ നിന്നും പുറത്താക്കുന്ന ദക്ഷൻ സതിയെ അടിക്കാൻ ഒരുങ്ങുന്നു കൈ കൊണ്ടോ ,വില്ല് കൊണ്ടോ,അല്ലെങ്കിൽ കഴുത്തിന് കുത്തി പിടിക്കാൻ ബ്ഭാവിക്കുന്നു ,ഭാവിക്കുന്നെയുള്ളൂ ..പിന്നീടു താൻ സ്വന്തം മകളെ (സ്വന്തം അല്ലാതിരുന്നിട്ടും )വളർത്തി വലുതാക്കിയത് ഓർത്തു വിതുമ്മി കരയുന്നു ..എന്നാൽ പിന്നീടു സതി ശിവനോട് തന്റെ പിതാവല്ലെന്നും അവനെ കൊല്ലാൻതാമസിക്കരുതെന്നുമാണ് പറയുന്നത് ,സ്വന്തം മകൾ അല്ലാതിരുന്നിട്ടും ദക്ഷന് സങ്കടം ഉണ്ട് പക്ഷെ സ്വന്തം മകൾ അല്ലാതിരുന്നിട്ടും തന്നെ 'കൂടുതൽ ' സ്നേഹിച്ചു വളർത്തി വലുതാക്കിയ അഛനെ കൊല്ലാൻ താമസിക്കരുതെന്നുമാണ് പറയുന്നത് -ന്യായം ആരുടെ ഭാഗത്താണ് ,എന്ത് കൊണ്ട്??
NB : ഞാൻ ഈ കളി കണ്ടു കൊണ്ടല്ല പറഞ്ഞത് പല ദ്ക്ഷയഗത്തിലും മേല്പറഞ്ഞ ആട്ടങ്ങൾ ആടി കണ്ടിട്ടുണ്ട്