പേജുകള്‍‌

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

കലിയോട്ടം



കഥകളി എന്ന കലാരൂപത്തെ ഭക്തിയുടെ ഭാഗമായി കാണുന്ന രീതി ദക്ഷിണ കേരളത്തില്‍ നിലവിലുണ്ട്. അതുകൊണ്ടു തന്നെയാണ് ദക്ഷിണ കേരളത്തിലെ പല ക്ഷേത്രങ്ങളിലും കഥകളി വഴിപാടായി നടത്തപ്പെടുന്നത്. വഴിപാട്ടുകാരന്റെ സാമ്പത്തീക സ്ഥിതി അനുസരിച്ചായിരിക്കും പല കളികള്‍ക്കും കലാകാരന്മാരെ നിശ്ചയിക്കുക. 

വഴിപാട്ടു കളികളില്‍ സന്താനഗോപാലം കഥയ്ക്ക്‌ എപ്പോഴും മുന്‍ഗണന ഉണ്ടാകും. സന്താനലബ്ദി എന്ന ഉദ്ദേശം ആണ് സന്താനഗോപാലം വഴിപാടിന്റെ ഉദ്ദേശം. വിവാഹം വധൂഗൃഹത്തില്‍ നടത്തിയിരുന്ന കാലത്ത് എന്റെ ഗ്രാമത്തില്‍  പല വീടുകളിലും വിവാഹത്തോട് അനുബന്ധിച്ച് നളചരിതം ഒന്നാം ദിവസം അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.  രണ്ടു മനസു തമ്മില്‍ അടുപ്പിക്കുന്ന പ്രേമ ദൂതനായ ഹംസത്തിന്റെ  രസകരമായ അവതരണം വധുവിന്റെ മനസ്സിനു സന്തോഷം നല്‍കും എന്നതായിരിക്കാം ഈ കഥകളി അവതരണം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.  നളന്റെ സമീപത്തേക്ക് ഹംസത്തിന്റെ  തിരിച്ചു വരവ് വരെ അവതരിപ്പിക്കുന്ന രീതിയാണ് അന്ന് നിലവില്‍ ഉണ്ടായിരുന്നത്. ഇങ്ങിനെ എന്തെങ്കിലും ചില വിശ്വാസങ്ങളുടെ അടിസ്ഥാനമാണ് ദക്ഷിണ കേരളത്തില്‍ കഥകളിക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുവാന്‍ കാരണമായി തീര്‍ന്നത് എന്ന് കരുതാം.


1970 -കളില്‍ ഒരിക്കല്‍ കഥകളിക്കു പ്രാധാന്യമുള്ള ഏവൂര്‍ ക്ഷേത്രത്തിനു സമീപം ഉള്ള ഒരു ഗൃഹത്തില്‍ നളചരിതം മൂന്നാം ദിവസം കഥകളി അവതരിപ്പിച്ചു . ഗൃഹത്തിന് മുന്‍പില്‍ ഒരു സ്റ്റേജുകെട്ടി നൂറോളം പേര്‍ക്ക് ഇരുന്നു കളി കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

 ഗൃഹനാഥന്റെ മകന്‍ കഥകളി അഭ്യസിച്ചിരുന്നു.  വെളുത്തനളനും  ഋതുപര്‍ണ്ണനും അദ്ദേഹമാണ് ചെയ്തത്. ഒരു പക്ഷെ തന്റെ മകന് പ്രസ്തുത വേഷങ്ങള്‍ കെട്ടി പരിചയം ലഭിക്കുവാന്‍ ഒരു അവസരം എന്നു കൂടി ഈ കളി നടത്തിപ്പിന്റെ ലക്‌ഷ്യം ആയിരുന്നിരിക്കാം . ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയായിരുന്നു അന്ന് ബാഹുകായി വേഷമിട്ടത്.  മാങ്കുളം തിരുമേനിയുടെ ശിഷ്യത്തം   സ്വീകരിച്ചിരുന്ന ഒരു കലാകാരനായിരുന്നു  കലി വേഷം ചെയ്തത്. ആ കാലഘത്തിൽ  ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലും നടക്കുന്ന കളികളിൽ അദ്ദേഹത്തിൻറെ   വേഷങ്ങൾക്ക് നല്ല അംഗീകാരം ഉണ്ടായിരുന്നു.  


                                                              നളചരിതത്തിലെ  കലി


ഋതുപര്‍ണ്ണനില്‍ നിന്നും അക്ഷഹൃദയം  വശമാക്കിയ ബാഹുകന്‍ പ്രസ്തുത മന്ത്രം പരീക്ഷിച്ചു നോക്കുവാന്‍ താന്നിച്ചുവട്ടിലേക്ക് പോകുന്ന രംഗം വരെ കളി ഗംഭീരമായി നടന്നു കൊണ്ടിരുന്നു. 

 ദമയന്തിയുടെ ശാപമാകുന്ന അഗ്നി ജ്വാലയില്‍ ദഹിച്ചു ശോഷിക്കുകയും കാര്‍ക്കോടകന്റെ വിഷമാകുന്ന നദിയില്‍ മുങ്ങി വലയുകയും ചെയ്ത  കലി, ഋതുപര്‍ണ്ണനില്‍ നിന്നും നേടിയ അക്ഷഹൃദയ വിദ്യയുടെ പ്രഭാവം കൊണ്ട് പൊറുതി മുട്ടി നളനെ വിട്ട് ഒഴിയുന്നതാണ് അടുത്ത രംഗം. ഇവിടെ കലി മുന്നിലും പിന്നാലെ വാളോങ്ങിക്കൊണ്ട് ബാഹുകനും രംഗത്ത് പ്രവേശിച്ചു   സദസ്യരുടെ ഇടയിലേക്ക് ഓടി എത്തി, അവിടെ വെച്ച് ബാഹുകന്‍  കലിയെ പിടിച്ചു  രംഗത്തു കൊണ്ടു വന്നു  " എന്നെ ചതിച്ച നീ എവിടേക്ക് പോയിടുന്നു ? " എന്ന  പദം ആരംഭിക്കുകയാണ് പതിവ്. 


 ഇവിടെ സംഭവിച്ചത് വേറൊന്നാണ്‌.  തിരശീല നീങ്ങിയപ്പോള്‍ കലി മുന്നിലും ബാഹുകന്‍ വാളോങ്ങിയ നിലയില്‍ പിന്നലെയുമായി ആസ്വാദകരുടെ ഇടയില്‍  എത്തിയെങ്കിലും  കലി ബാഹുകന് പിടി കൊടുക്കാതെ കളി നടക്കുന്ന ഗൃഹത്തിന്റെ പിന്നിലേക്ക്‌ ഓടി മറഞ്ഞു. ബഹുകന്‍ ഒന്നും മനസിലാകാതെ ഒരു നിമിഷം അവിടെ നിന്നിട്ട് തിരികെ സ്റ്റേജിലെത്തി.  എന്തു ചെയ്യണം എന്നറിയാതെ പിന്നണി കലാകാരന്മാരോട് എന്താണ് എന്ന് തിരക്കി. അവര്‍ക്കും ഒരു വിവരവും ഇല്ല. ബാഹുകന്‍ അരങ്ങില്‍ ഇരുന്നു. കലി വന്നാല്‍ അല്ലേ കളി തുടരൂ. ഒരു നിമിഷം അങ്ങിനെ ഇരുന്നിട്ട് ബാഹുകന്‍ അണിയറയിലേക്ക്  പോയി. ബാഹുകന്‍ അണിയറയില്‍ എത്തിയപ്പോള്‍ കലി സദസ്യരുടെ നടുവില്‍ എത്തി. ഇപ്പാള്‍ കലി ബാഹുകനെ പ്രതീക്ഷിച്ചു നില്‍പ്പായി. കലി എത്തിയപ്പോള്‍ പൊന്നാനി ഭാഗവതര്‍ ബാഹുകനെ അണിയറയില്‍ ചെന്ന് കലി എത്തിയിരിക്കുന്നു കളി തുടരാം എന്ന് അറിയിച്ചു. കോപം കൊണ്ടു വിറച്ചു നിന്നിരുന്ന ബാഹുകന്‍ അരങ്ങിലേക്ക് വരുവാന്‍ വിസമ്മതിച്ചു.   ഒടുവില്‍ പൊന്നാനി ഭാഗവതര്‍ സ്വാന്തനപ്പെടുത്തി അരങ്ങിലേക്ക് കൂട്ടിവന്നു. കലി സ്റ്റേജിനു വളരെ സമീപം  ബാഹുകന് പിടിക്കുവാന്‍ സൌകര്യമായി നിന്നിരുന്നു. ബാഹുകന്‍ കലിയെ പിടിച്ചു കൊണ്ടു സ്റ്റേജില്‍ എത്തി കളി തുടര്‍ന്നു. 

കളി  അവസാനിച്ച ശേഷം അണിയറയില്‍ എത്തിയ മാങ്കുളം കലി കെട്ടിയ ശിഷ്യ പ്രവരനെ അതി ശക്തമായി നേരിട്ടു. കുറ്റ ബോധത്തോടെ ഒന്നും പ്രതികരിക്കാതെ നില്‍ക്കുക മാത്രമാണ് ശിഷ്യന്‍ ചെയ്തത്. കലി നടനോട് എല്ലാവരും ചോദിച്ചു കൊണ്ടിരുന്ന ഒരേ ചോദ്യം "താന്‍ എവിടെക്കാണ്‌ പോയത്?" ഉത്തരം പറയാതെ കലി നടന്‍ മൌനമായി നില്‍ക്കുക മാത്രമാണ്  ചെയ്തത്. 

ഗൃഹനാഥന്‍ കളിപ്പണം നല്‍കി എല്ലാ കലാകാരന്മാരെയും യാത്രയാക്കി. കലി നടനെ വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. എന്തോ ഒരു മഹാത്യാഗം തനിക്കു വേണ്ടി ആ നടന്‍ ചെയ്ത സംതൃപ്തി ആ ഗൃഹനാഥനില്‍ പ്രകടമായിരുന്നു. 
അന്ന് കഥകളിക്കു പങ്കെടുത്ത മിക്ക കലാകാരന്മാര്‍ക്കും കാണികള്‍ക്കും കലി ബാഹുകന് പിടി കൊടുക്കാതെ നടത്തിയ കലിയോട്ടത്തിന്റെ  മര്‍മ്മം അറിഞ്ഞിട്ടുണ്ടാവുമോ എന്ന് സംശയമാണ്. 

വളരെ കുറച്ചു നാളുകള്‍ കഴിഞ്ഞു എവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ഒരു കളി കാണുവാന്‍ പോയപ്പോള്‍ കഥകളിയോഗം മാനേജരും കഥകളി നടനുമായിരുന്ന  ശ്രീ. ഏവൂര്‍ പരമേശ്വരന്‍ നായരില്‍ നിന്നുമാണ് ഈ  "കലിയോട്ടത്തിന്റെ " രഹസ്യം അറിയുവാന്‍ സാധിച്ചത്. 

ഋതുപര്‍ണ്ണനില്‍ നിന്നും നേടിയ അക്ഷഹൃദയ വിദ്യയുടെ പ്രഭാവം കൊണ്ട് കലി പൊറുതി മുട്ടിഓടുമ്പോള്‍  തന്റെ ഗൃഹത്തിന്  ഒരു തവണ വലം വെച്ച് ഓടിയാല്‍ തന്റെ ഗൃഹത്തിനെയോ ഗൃഹാംഗങ്ങളെയോ ഏതെങ്കിലും രീതിയില്‍  " കലിദോഷം"  ബാധിച്ചിട്ടുണ്ടെങ്കില്‍ മാറി കിട്ടും എന്ന്  കഥകളി നടത്തിയ ഗൃഹനാഥന്റെ വിശ്വാസത്തിനു മുന്‍പില്‍ സാമ്പത്തിക ലാഭം ആഗ്രഹിച്ചു  കലി നടന്‍ ചെയ്ത സാഹസമാണ് അന്ന് നടന്നത്. 

നീളം കുറവും വീതി കൂടുതലുമായ ആ വീടിനെ ചുറ്റി മരച്ചീനി, ചേമ്പ് തുടങ്ങിയവ   കൃഷി ചെയ്തിരുന്നതിനാലും കലി നടന്‍ ഒരു തവണ വീടിനെ വലം വെച്ച് വരുവാന്‍ മൂന്ന് നിമിഷത്തിലധികം  സമയം എടുത്തു. ഗൃഹനാഥനും അദ്ദേഹത്തിന്‍റെ കാര്യസ്ഥനും കലിക്കു വഴികാട്ടുവാന്‍ വിളക്കുമായി വീടിനു പിറകില്‍ തയ്യാറായി നിന്നിരുന്നു അത്രേ. 

മാങ്കുളം തിരുമേനിയോട് പറഞ്ഞു  ഈ പദ്ധതി പറ്റി ഒരു ധാരണ ഉണ്ടാക്കണം എന്ന് കലി നടന്‍    ഗൃഹനാഥനോട് അപേക്ഷിച്ചിരുന്നു. മാങ്കുളം തിരുമേനിയോട് വിവരം പറഞ്ഞാല്‍ അദ്ദേഹം ഈ വികൃതിക്ക്  സമ്മതിക്കുമോ എന്ന് അറിയില്ല. അതുകൊണ്ട് എന്ത് പ്രശ്നം വന്നാലും ഞാന്‍  പരിഹരിച്ചു കൊള്ളാം എന്ന് അദ്ദേഹം കലി നടന്  ഉറപ്പു നല്‍കിയിരുന്നത്രേ.

ഈ കഥയിലെ  ഗൃഹനാഥനെ പോലെ ചിന്തിക്കുന്ന കഥകളി സ്നേഹികള്‍ കേരളമെങ്ങും ഉണ്ടായാല്‍ കഥകളി കഥകളില്‍ ഏറ്റവും കൂടുതല്‍ അരങ്ങു കാണുന്ന   കഥ നളചരിതം മൂന്നാം ദിവസം തന്നെ ആയിരുന്നിരിക്കും.


 

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ചെന്നിത്തല ചെല്ലപ്പന്‍ പിള്ള - ഒരനുസ്മരണം


ബ്രഹ്മശ്രീ.  മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും ശ്രീ. വാരണാസി മാധവന്‍ നമ്പൂതിരിയുടെയും ശ്രീ. കലാമണ്ഡലം കേശവന്റെയും ശിഷ്യന്‍ എന്ന നിലയില്‍  അറിയപ്പെടുന്ന കഥകളി ചെണ്ട കലാകാരനുമായ ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അവര്‍കള്‍ ചെന്നിത്തല ആശാന്റെ ഒന്നാം ചരമ വാര്‍ഷികത്തിന് ആശാനെ പറ്റിയുള്ള സ്മരണ എഴുതി  ആശാന്റെ കുടുംബാംഗങ്ങള്‍ക്ക് 27-02-1999- ന്   സമര്‍പ്പിച്ചത്





                                   ഡോക്ടര്‍. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി

ആലപ്പുഴ കളര്‍കോട് ക്ഷേത്രത്തിലെ കഥകളി. കഥ. ഹരിശ്ചന്ദ്രചരിതം. ഹരിക്ക് തുല്യനായ
ഹരിശ്ചന്ദ്ര ചക്രവര്‍ത്തി ഒരിക്കലെങ്കിലും വ്യാജം ഉരച്ചെന്നാകില്‍  മദ്യം നിറച്ച കുംഭവുമായി തെക്കോട്ട്‌ തിരിക്കുമെന്ന് ദേവസദസ്സില്‍ വസിഷ്ഠന്‍ സത്യം ചെയ്തു. ഹരിശ്ചന്ദ്രന്‍ സത്യസന്ധനല്ലെന്നു തെളിയിച്ചില്ലെങ്കില്‍ താനാര്‍ജ്ജിച്ച തപശക്തിയുടെ പകുതി ഹരിശ്ചന്ദ്രനു നല്‍കുമെന്ന് വിശ്വാമിത്രനും ശപഥം ചെയ്തു. ദേവസദസ്സ് പിരിഞ്ഞു. ഹരിശ്ചന്ദ്രന്റെ സമീപമെത്തുന്ന വിശ്വാമിത്രന്‍ യാഗം നടത്തുവാനുള്ള ധനം ആവശ്യപ്പെടുന്നു. ഹരിശ്ചന്ദ്രന്‍ അതു സമ്മതിച്ചു. വിശ്വാമിത്രന്‍ രതി വിരതികളെ സൃഷ്ട്ടിച്ചു ഹരിശ്ചന്ദ്രന്റെ സമീപത്തേക്ക് അയച്ചു. അവര്‍ ആക്ഷേപിക്കപ്പെട്ട് തിരിച്ചെത്തി. കോപം കൊണ്ട് വിറച്ച വിശ്വാമിത്രന്‍ രതി വിരതികളെയും കൂട്ടി  ഹരിശ്ചന്ദ്രന്റെ മുന്നിലെത്തി അവരെ സ്വീകരിക്കുവാന്‍ ആജ്ഞാപിക്കുന്നു. ഹരിശ്ചന്ദ്രന്‍ അതിന് തയ്യാറാകുന്നില്ല. രാജ്യം വിശ്വാമിത്രന്‍ നേടി. കാല്‍ക്കല്‍ വീണ ഹരിശ്ചന്ദ്രന്റെ ശിരസ്സില്‍  വിശ്വാമിത്രന്‍ ചവിട്ടി. വേദവെദാന്താദിവിദ്യാപയോധിയുടെ മറുകര കണ്ട മുനിവര്യന്റെ കാലുകള്‍ പാപിയായ തന്റെ തലയില്‍ ചവിട്ടിയപ്പോള്‍ വേദന പൂണ്ടീടുന്നോ എന്നു ചോദിക്കുന്ന സാത്വികനായ, സത്യ സന്ധനായ ഹരിചന്ദ്രന്‍ കഥകളി ലോകത്തോട്‌ വിടപറഞ്ഞു.

ആരാണീ കഥാനായകന്‍? അറുപതു വര്‍ഷം കഥകളി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 

ശ്മശാനത്തിന്റെ കാവല്‍ക്കാരനായിത്തീര്‍ന്ന ഹരിചന്ദ്രന്‍ നിത്യ ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മ മനസിലാക്കി ദാര്‍ശനികതയിലേക്ക്  ഉയര്‍ന്ന സന്ദര്‍ഭം. തല ചീകി പൊട്ടുതൊട്ട് അഹംഭാവവുമായി നടക്കുന്ന മനുഷ്യന്‍ ചിതയിലോടുങ്ങുന്ന രംഗം വളരെ ഹൃദ്യമായി അവതരിപ്പിച്ചപ്പോള്‍ ഹരിചന്ദ്രനായി രംഗത്തു നിന്ന ചെല്ലപ്പന്‍ പിള്ളയ്ക്ക് അസ്വസ്ഥത.  അവിടെ നിന്നും മെഡിക്കല്‍ കോളെജിലേക്ക് - കൂടുതല്‍ വൈദ്യ പരിശോധനക്ക്  മദ്രാസിലേക്ക്. വേഷം കേട്ടരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശനമായ നിര്‍ദ്ദേശം. അതേല്‍പ്പിച്ച മാനസീക വ്യഥയുമായി നാലു വര്‍ഷം. അങ്ങിനെ ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു നിന്നും പിന്മാറി (പിന്നീടു ദൂരദര്‍ശനു വേണ്ടി അര മണിക്കൂര്‍ കചന്‍). ചെല്ലപ്പന്‍ പിള്ളയുടെ കഥകളി രംഗത്തെ അവസാന വേഷത്തിന് പിന്നില്‍ നിന്നു മേളം നല്‍കിയ രംഗം ഒരു ദുഃഖ സ്മൃതിയായി മനസ്സില്‍ തെളിഞ്ഞു.
                            സംഗീത നാടക അക്കാദമി അവാര്‍ഡ് ഫോട്ടോ 
 

അനുഗഹീത കഥകളി നടനായിരുന്ന ചെല്ലപ്പന്‍ പിള്ളയുടെ ഭൌതീക ശരീരം ചിതയിലെരിഞ്ഞപ്പോള്‍ കഥകളിയിലെ ഒരു ശൈലിയുടെ എണ്ണപ്പെട്ട ഒരു കലാകാരനാണ് തിരശീലക്ക്  പിന്നിലേക്ക്‌ മറഞ്ഞത്. കത്തി വേഷത്തില്‍ അഗ്ര ഗണ്ണ്യനായിരുന്ന ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യനായിരുന്നെങ്കിലും പച്ച വേഷങ്ങളാണ് മുഖ്യമായി ചെല്ലപ്പന്‍ പിള്ള കൈകാര്യം ചെയ്തിരുന്നത്. രുഗ്മാംഗാദചരിതത്തിലെ രുഗ്മാംഗദനും, കര്‍ണ്ണശപഥത്തിലെ കര്‍ണ്ണനും, സന്താനഗോപാലം കിരാതം എന്നീ കഥകളിലെ അര്‍ജുനനും നളചരിതം ഒന്നാം ദിവസത്തിലെ നളനും ഹംസവും, നാരദനും  ശുക്രനും  കചനും കൃഷ്ണനും ചെല്ലപ്പന്‍ പിള്ള കഥകളി രംഗത്തു സജീവമാക്കിയ പുരാണ കഥാപാത്രങ്ങളാണ്.  കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങള്‍ ആസ്വാദകരിലെത്തിക്കുവാന്‍ ഒരു പ്രത്യേക സിദ്ധി വിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. നാട്യശാസ്ത്രത്തിന്റെ ശാസ്ത്രീയ വടിവില്‍ നിന്നും അഭിനയ പ്രകടനം കൂടുതല്‍ സംവേദനക്ഷമമായ മേഖലയിലേക്ക് പലപ്പോഴും പോയിരുന്നു. ചെല്ലപ്പന്‍ പിള്ള രംഗത്തു വരുമ്പോള്‍ കാണികള്‍ക്ക് എന്നും ഒരു പ്രതീക്ഷയുണ്ടായിരുന്നു. അതു കൊടുക്കുവാന്‍ അദ്ദേഹത്തിന്‍റെ അഭിനയ ചാതുരിക്ക് കഴിഞ്ഞിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു.

                                          നാട്ടുകാരോടൊപ്പം ശ്രീ. ചെല്ലപ്പന്‍ പിള്ള
 

                              ദൂരദര്‍ശനു വേണ്ടി അവതരിപ്പിച്ച കചന്‍

                              രുഗ്മാംഗദന്‍ : ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

നിഴല്‍കുത്തിലെ മന്ത്രവാദിയുടെ വേഷം കെട്ടി ലോകധര്‍മ്മിയായ അഭിനയ പ്രകടനങ്ങളിലൂടെ സാധാരണ ആസ്വാദകരെ ആകര്‍ഷിച്ചു കൊണ്ടാണ് ചെല്ലപ്പന്‍ പിള്ള മുന്‍നിരയിലേക്ക് ഉയര്‍ന്നത്.  ഗുരു. ചെങ്ങന്നൂര്‍ , കലാമണ്ഡലം കൃഷ്ണന്‍നായര്‍, മാങ്കുളം വിഷ്ണുനമ്പൂതിരി, കുറിച്ചി, കുടമാളൂര്‍, ചമ്പക്കുളം എന്നിവര്‍ നിറഞ്ഞു നിന്നിരുന്ന കാലഘട്ടത്തില്‍ അവരുടെ അഭിനയത്തിന്റെ സൂഷ്മതലങ്ങള്‍  ദൂരെ നിന്നു കണ്ടു മനസിലാക്കുവാന്‍ ശ്രമിച്ചിരുന്ന  കഠിനാധ്വാനിയായ കലാകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സ്വന്തം വ്യക്തിത്വമുള്ള ഒരു ശൈലിയിലൂടെ മുന്‍നിരയിലെത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വന്തം അഭിപ്രായങ്ങള്‍ അതു സൃഷ്ടിച്ചേക്കാവുന്ന ദോഷവശങ്ങളെക്കുറിച്ചു  ആലോചിക്കാതെ മുഖം നോക്കാതെ പറയുവാന്‍  തന്റേടം കാണിച്ചിട്ടുള്ള   ചെല്ലപ്പന്‍ പിള്ളയുടെ ഗുരുഭക്തിയും വിനയവും സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. അണിയറകളില്‍ വെച്ച്, യാത്രക്കിടയില്‍ വെച്ച് സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയിലൊക്കെ  നര്‍മ്മം കലര്‍ന്ന വാക്കുകള്‍ കൊണ്ട് രസിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സ്നേഹം നിറഞ്ഞ പെരുമാറ്റം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു.  ഒരിക്കല്‍ കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ നളചരിതം മൂന്നാം ദിവസം. ബാഹുകന്‍ കലാമണ്ഡലം ഗോപി. അന്നത്തെ ബാഹുകന്‍ ജന ഹൃദയങ്ങളെ ആകര്‍ഷിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ട് വെളുത്ത നളനായി രംഗത്തു വന്ന ചെല്ലപ്പന്‍പിള്ള, ദമയന്തിയെ കാട്ടിലുപേക്ഷിക്കേണ്ടി  വന്ന നളന്റെ ദുഖവും മാനസീക സംഘട്ടനവും അവതരിപ്പിച്ചപ്പോള്‍ നളനും ബാഹുകനും ഒരു തുടര്‍ച്ചയായിത്തന്നെ കണ്ടാസ്വദിക്കുവാന്‍ ആസ്വാദകര്‍ക്ക് അവസരം ലഭിച്ചു.
  
നിരവധി പുരസ്കാരങ്ങള്‍, വിദേശപര്യടനങ്ങള്‍ - അരനൂറ്റാണ്ടിലേറെ നീണ്ട സപര്യ ദേശീയ അവാര്‍ഡു വരെ ലഭിച്ച ഒരു കലാകാരന് വേണ്ടത്ര മാനസീക സംതൃപ്തി നല്‍കുവാന്‍, ആദരിക്കുവാന്‍ കഴിഞ്ഞിരുന്നുവോ എന്ന് സംശയമാണ്. കഥകളിയിലെ തെക്കന്‍ ശൈലിയില്‍ ഭവാവിഷ്കാരത്തിനു വളരെ അധികം കഴിവുണ്ടായിരുന്ന ഒരു കഥകളി നടന്‍ കൂടി എന്നെന്നേക്കുമായി വിട പറഞ്ഞു. 
കഥകളി ലോകം എന്നും ആ കലാപ്രതിഭയെ സ്മരിക്കും.  

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഭക്തി സാഗരത്തില്‍ അവസാനിച്ച രാമയണം കഥകളി ഉത്സവം -2

അഞ്ചാം രംഗം. (രംഗത്തു: ഭരദ്വാജന്‍,  ശ്രീരാമന്‍, സീത,  ഹനുമാന്‍ ) 

അയോദ്ധ്യയിലേക്കുള്ള യാത്രാ മദ്ധ്യേ ശ്രീരാമാദികള്‍  ഭരദ്വാജ മുനിയുടെ ആശ്രമത്തില്‍ എത്തിച്ചേരുന്നു. മുനിയെ വണങ്ങിയ ശ്രീരാമന്‍  അയോദ്ധ്യയില്‍ തന്റെ  സഹോദരന്മാരുടെയും മാതാക്കളുടെയും ക്ഷേമ വിവരങ്ങള്‍  മുനീന്ദ്രനോട്  ചോദിച്ചറിയുന്നു. 

രാമന്റെ വേര്‍പാട് മാത്രമാണ് അവര്‍ക്ക് ദുഖമായിട്ടുള്ളൂ  എന്ന് മുനി ശ്രീരാമനെ അറിയിക്കുന്നു. അയോദ്ധ്യയിലേക്ക് ഉടനെ   മടങ്ങുവാന്‍ യാത്രാനുമതി ചോദിക്കുന്ന ശ്രീരാമനോട് ഇന്നൊരു ദിവസം ഇവിടെ തങ്ങി നാളെ യാത്ര തിരിക്കുവാനും പ്രസ്തുത വിവരം ഭരതനെ അറിയിക്കുവാന്‍ വായു പുത്രനായ ഹനുമാനെ നിയോഗിക്കുവാനും  ഭരദ്വാജമുനി നിര്‍ദ്ദേശിക്കുന്നു. 
ശ്രീരാമന്‍ ഹനുമാനോട് അയോദ്ധ്യയിലേക്കു ഉടനെ യാത്ര തിരിക്കുവാനും യാത്രാ മദ്ധ്യേ ഗുഹനെ സന്ധിച്ചു വിവരങ്ങള്‍ അറിയിക്കണം എന്നും ഗുഹന്‍ പറയും വഴി അനുസരിച്ച് അയോദ്ധ്യയില്‍ എത്തി നാളെ ഞങ്ങള്‍ എത്തുന്ന വാര്‍ത്ത‍ ഭരതനെ ധരിപ്പിക്കണം  എന്നും നിര്‍ദ്ദേശിക്കുന്നു. ശ്രീരാമ നിര്‍ദ്ദേശം സ്വീകരിച്ചു ഹനുമാന്‍ യാത്രയാകുന്നു.

രംഗം ആറ്. ( രംഗത്ത്: മുക്കുവന്മാര്‍, ഹനുമാന്‍ )

ശ്രീരാമസ്തുതി ഉള്‍ക്കൊണ്ടുള്ള വഞ്ചിപ്പാട്ട് പാടി മീന്‍ പിടിക്കുന്ന മുക്കുവന്മാരെ ഹനുമാന്‍ കണ്ട്‌ കുസൃതി ചെയ്യുന്നു. ഹനുമാന്റെ കുസൃതിത്തരങ്ങള്‍  കണ്ട്‌ മുക്കുവന്മാര്‍ ഭയന്ന് ഓടുന്നു.

രംഗം ഏഴ്.  ( രംഗത്ത്: ഗുഹന്‍ (തിരനോട്ടം),  മുക്കുവന്മാര്‍, ഹനുമാന്‍ )

 മുക്കുവന്മാര്‍ ഗുഹനെ കണ്ട്‌ ഒരു വലിയ വാനരനാല്‍ തങ്ങള്‍ക്കു ഉണ്ടായ സങ്കടം അറിയിക്കുന്നു.  ഉടന്‍ തന്നെ   ഞാന്‍ ആ മര്‍ക്കടനെ ബന്ധിക്കും എന്നു പറഞ്ഞു ഗുഹന്‍  മുക്കുവരെ സമാധാനപ്പെടുത്തുന്നു. 

തത്സമയം ഗുഹസന്നിധിയില്‍ ത്തിച്ചേരുന്ന ഹനുമാന്‍ ഞാന്‍ അങ്ങയുടെ കുലത്തിനു നാശം ഉണ്ടാക്കുവാന്‍ വന്നതല്ല എന്നും    ഭരദ്വാജമുനിയുടെ ആശ്രമത്തില്‍  ശ്രീരാമന്‍ വന്നിട്ടുണ്ടെന്നും  നാളെ  അയോദ്ധ്യയില്‍ അദ്ദേഹം കാലടി വെയ്ക്കുവാന്‍  പോകുന്നു എന്ന വിവരം താങ്കളെ അറിയിക്കുവാന്‍ എന്നെ അദ്ദേഹം നിയോഗിച്ചു അയച്ചതാണെന്നും അറിയിക്കുന്നു.

                                                            ഹനുമാനും ഗുഹനും
ഹനുമാനില്‍ നിന്നും ശ്രീരാമ വാര്‍ത്ത‍ അറിഞ്ഞ ഗുഹന്‍ ഉടന്‍ തന്നെ രാമപാദം വന്ദിക്കുവാന്‍ പുറപ്പെടുകയാണെന്ന് ഹനുമാനോട് പറയുന്നു.

രംഗം എട്ട്. ( ഭരതന്‍, ശത്രുഘ്നന്‍, ശ്രീരാമന്‍ , സീത, ലക്ഷ്മണന്‍, കൌസല്ല്യ , വിഭീഷണന്‍, സുഗ്രീവന്‍, ഹനുമാന്‍, ഗുഹന്‍, വസിഷ്ഠന്‍) 

 ശ്രീരാമന്റെ മെതിയടിക്കു    മുന്‍പില്‍ നിലവിളക്കും നിറപറയും ഒരുക്കി വെച്ച്  ഭരതന്‍ പൂജ ചെയ്യുന്നു. ജ്യേഷ്ടന്‍ ഇന്ന് വരും എന്ന് കൃത്യമായി പറഞ്ഞിരുന്നു എന്നും, ജ്യേഷ്ഠന്‍ വന്നു ചേരായ്കയാല്‍     ചിന്തിക്കുവാന്‍ ഇനിയൊന്നും ഇല്ലെന്നും താന്‍ അഗ്നിയില്‍ ചാടി ജീവന്‍ അവസാനിപ്പിക്കുവാന്‍ പോവുകയാണെന്നും നീ  രാജ്യം ഭരിച്ചു കൊള്ളുക   എന്നും ശത്രുഘ്നനോട് പറയുന്നു.    ശത്രുഘ്നന്‍ തന്റെ നിസ്സഹായത ഭരതനെ അറിയിക്കുന്നു. ഭരതന്‍ ആത്മഹൂതി ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഹനുമാന്‍ ബ്രാഹ്മണവേഷം ധരിച്ചു (വടു) അവിടെ എത്തി ശ്രീരാമനും, സീതയും, ലക്ഷ്മണനും പരിവാരങ്ങള്‍ എല്ലാവരും നാളെ അയോദ്ധ്യയില്‍  എത്തുന്ന വിവരം അറിയിക്കുന്നു. 
 ഹനുമാന്‍ തന്റെ സ്വന്തരൂപം ധരിച്ചു. ഭരതന്‍  ജ്യേഷ്ഠന്റെ  ആഗമന വാര്‍ത്ത അറിഞ്ഞു  അത്യധികം സന്തോഷവാനായി. അമ്മമാരെ ശ്രീരാമന്‍ എത്തി ചേരുന്ന വിവരം അറിയിക്കുവാനും   ശ്രീരാമനെ സ്വീകരിക്കുവാന്‍ വേണ്ടിയ ഒരുക്കങ്ങള്‍ (വിളക്കുകള്‍, തോരണം, വാദ്യം, അലക്കിട്ട കുടകള്‍, താലപ്പൊലി  തുടങ്ങിയവ) ചെയ്യുവാനും എല്ലാ പ്രജകളും ഈ സന്തോഷ, മംഗള  മുഹൂര്‍ത്ഥത്തിനു  സാക്ഷിയാകണം എന്നും ഭരതന്‍ സുമന്ത്രന് നിര്‍ദ്ദേശം നല്‍കാനും ശത്രുഘ്നനോട്    പറയുന്നു. ശ്രീരാമന്റെ  വരവ് പ്രതീക്ഷിച്ചു  ഭരതന്‍ അക്ഷമനായി നില്‍ക്കുന്നു.
    
   ശ്രീരാമാദികള്‍  വരുന്നത് കണ്ട ഭരതന്‍ രാമന്റെ മെതിയടി തലയില്‍ ചുമന്നു കൊണ്ട് രാമ സമീപം ഓടിയെത്തി. രാമന്റെ കാലില്‍ മെതിയടി അണിയിച്ചു  നമസ്കരിച്ച ശേഷം കൊട്ടാരത്തിലേക്ക് ആനയിച്ചു. വിഭീഷണന്‍, ഹനുമാന്‍, സുഗ്രീവന്‍, ഗുഹന്‍ തുടങ്ങിയവര്‍ സന്തോഷ  ആരാവരങ്ങളോടെ അഭിഷേകത്തിനു ആവശ്യമായ പുണ്യ തീര്‍ത്ഥജലം എത്തിക്കുക തുടങ്ങിയ  ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടു. കുലഗുരുവായ വസിഷ്ടന്‍ കുറിച്ച സമയത്ത് ശ്രീരാമനെ രാജാവായി അഭിഷേകം ചെയ്യുന്നു.
ഭരതന്‍, ശത്രുഘ്നന്‍,  ലക്ഷ്മണന്‍, കൌസല്ല്യ , വിഭീഷണന്‍,  .    സുഗ്രീവന്‍, ഹനുമാന്‍, ഗുഹന്‍ എന്നിവര്‍ സന്തോഷത്തോടെ ശ്രീരാമനെയും സീതയേയും രാമനാമം പാടിക്കൊണ്ട് വലം വെച്ചു. ശ്രീരാമന്‍ എല്ലാവരെയും അനുഗ്രഹിച്ചു. 





 ( ഭരതന്‍, ശത്രുഘ്നന്‍, ഹനുമാന്‍, ശ്രീരാമന്‍ , സീത, കൌസല്ല്യ , ലക്ഷ്മണന്‍)


 തന്നില്‍ ഹനുമാനോളം ഭക്തി ഭൂമിയില്‍ മറ്റാര്‍ക്കും ഇല്ല എന്ന് അരുള്‍ ചെയ്തുകൊണ്ട് ചിരഞ്ജീവിയായി ഭവിക്കാന്‍ ശ്രീരാമന്‍ ഹനുമാന് വരം  നല്‍കി. സീതാദേവിയും ഹനുമാനാണ് തന്നില്‍ ഏറ്റവും ഭക്തിയുള്ളവരില്‍ ഒന്നാമന്‍ എന്ന് അരുളിക്കൊണ്ട് ഒരു ഹാരം ഹനുമാന് നല്‍കി. ശ്രീരാമപട്ടാഭിഷേകം മംഗളമായി പര്യവസാനിച്ചതില്‍ എല്ലാവരും കൃതാര്‍ത്ഥരാകുന്നതോടെ കഥ അവസാനിക്കുന്നു.
 





( സുഗ്രീവന്‍, ഭരതന്‍, ശത്രുഘ്നന്‍,  കൌസല്ല്യ , വിഭീഷണന്‍,  ഹനുമാന്‍, ശ്രീരാമന്‍ , സീത)

  ശ്രീ. സദനം കൃഷ്ണന്‍ കുട്ടി( ശ്രീരാമന്‍), ശ്രീ. കലാകേന്ദ്രം മുരളീ കൃഷ്ണന്‍ (സീത), ശ്രീ. കലാനിലയം വിനോദ് (ലക്ഷ്മണന്‍), ശ്രീ. ഫാക്റ്റ് മോഹനന്‍ (വിഭീഷണന്‍), ശ്രീ. കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി (സരമ, കൌസല്ല്യ ), ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (ഹനുമാന്‍), ശ്രീ. തിരുവല്ല ബാബു (സുഗ്രീവന്‍), ശ്രീ. കലാനിലയം കരുണാകരകുറുപ്പ് (ഭരദ്വാജന്‍, മുക്കുവന്‍(1) ), ശ്രീ. തലവടി അരവിന്ദന്‍ (ഗുഹന്‍), ശ്രീ. കലാമണ്ഡലം ശ്രീകുമാര്‍ (ഭരതന്‍), ശ്രീ. കലാമണ്ഡലം അരുണ്‍ (ശത്രുഘ്നന്‍),  ,ശ്രീ. കലാമണ്ഡലം ഷണ്മുഖന്‍ (വസിഷ്ടന്‍), ശ്രീ. തിരുവല്ല ശിവദാസന്‍ (വടു, മുക്കുവന്‍( 2)), തിരുവഞ്ചൂര്‍ സുഭാഷ് (മുക്കുവന്‍(3)) എന്നിങ്ങിനെ വേഷ വിവരങ്ങള്‍. എല്ലാ കലാകാരന്മാരും അവരവരുടെ റോളുകള്‍  ഭംഗിയായി അവതരിപ്പിച്ചു.

   ശ്രീ. കലാമണ്ഡലം സുരേന്ദ്രന്‍, ശ്രീ. പരിമണം മധു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി  ഉണ്ണികൃഷ്ണന്‍,    ശ്രീ. കലാഭാരതി പീതാംബരന്‍ എന്നിവര്‍ ചെണ്ടയും ശ്രീ. കലാനിലയം മനോജ്‌, ശ്രീ. കലാഭാരതി ജയന്‍ എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. 
ശ്രീ. ചിങ്ങോലി പുരുഷോത്തമനും, ശ്രീ. കലാനിലയം സജിയും അണിയറ ശില്‍പ്പികളായി ചുട്ടിയിലുള്ള  വൈദഗ്ദ്യം പ്രകടിപ്പിച്ചു. ശ്രീവല്ലഭവിലാസം കഥകളിയോഗത്തിന്റെ കോപ്പുകളായിരുന്നു   കളിക്ക് ഉപയോഗിച്ചിരുന്നത്. 


      ശ്രീവല്ലഭ ക്ഷേത്രത്തിന്റെ കിഴക്കുള്ള ജങ്ക്ഷനില്‍ ഒരു മിനി ലോറി അലങ്കരിച്ചു അതിന്റെ പിറകില്‍ ശ്രീരാമനെയും സീതയേയും ലക്ഷ്മണനെയും ഇരുത്തി, (ലോറി പിറകോട്ടു ഓടിച്ചു കൊണ്ട്)  തീവട്ടി, അലക്കിട്ടകുട, പഞ്ചവാദ്യം, വെടിക്കെട്ട്‌ എന്നിവകളോടെ )  വിഭീഷണന്‍, സുഗ്രീവന്‍, ഹനുമാന്‍, ഗുഹന്‍ എന്നിവരുടെ അകമ്പടികളോടെ  കഥകളി  മണ്ഡപം വരെ എത്തിച്ചേര്‍ന്നു . (അരങ്ങിനു മുന്‍പില്‍ പതിനാലു നിലവിളക്കുകള്‍ കൊളുത്തി വെച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.) നാല് മിനി വാനുകളിലായി    ക്ഷേത്ര ദര്‍ശനം ചെയ്യാനെത്തിയ തമിഴ് വൈഷ്ണവ ബ്രാഹ്മണര്‍ ഈ  ശുഭ മുഹൂര്‍ത്ഥം കണ്ടു ശ്രീരാമനെയും സീതയേയും കുമ്പിട്ടു നിന്നു.

 ശ്രീരാമപട്ടാഭിഷേകം  കണ്ടു നിര്‍വൃതി നേടുവാന്‍ പുലര്‍ച്ചെ  മൂന്നു മണി മുതല്‍  ഭക്തജനങ്ങള്‍ നടന്നും, സ്കൂട്ടറിലും, കാറുകളിലുമായി കഥകളി  മണ്ഡപത്തിലേക്ക്   എത്തിക്കൊണ്ടിരുന്നു.

 
   ശ്രീരാമനെ സ്വീകരിക്കുവാന്‍ അദ്ദേഹത്തിന്‍റെ  മെതിയടി തലയില്‍ ചുമന്നു കൊണ്ട് ഭരതന്‍
എത്തിയപ്പോള്‍ കഥകളി മണ്ഡപം നിറഞ്ഞു നിന്നിരുന്ന ഭക്ത ജനങ്ങളുടെ ആരവാരവും,  സ്ത്രീജനങ്ങളുടെ കുരവയും ചേര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതിയെ പ്രദാനം ചെയ്തു. പട്ടാഭിഷേകത്തിനു ശ്രീരാമന് നേദിച്ച പ്രസാദം വാങ്ങുവാനും ഭക്തരുടെ വലിയ തിരക്കാണ് കണ്ടത്.

  മഴ പെയ്യുമോ എന്ന് ഭയന്നു എങ്കിലും പ്രഭാതത്തില്‍ ആറു മണിക്ക്  പട്ടാഭിഷേകം കഴിയും വരെ മഴ ഉണ്ടായില്ല. കളി കഴിഞ്ഞപ്പോള്‍ വാനവും ആനന്ദാശ്രു പൊഴിച്ചു. വേഷക്കാര്‍ എല്ലാവരും ആ  ആനന്ദാശ്രു  അനുഭവിച്ചു കൊണ്ടാണ് അണിയറയില്‍ എത്തിച്ചേര്‍ന്നത്.


  സുമാര്‍  ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എനിക്ക്  രാമായണ മാസത്തില്‍ തിരുവല്ലയില്‍  നടക്കാറുള്ള രാമായണം  കഥകളി ഉത്സവത്തിന്റെ സമാപ്തി  കാണുവാന്‍ സാധിച്ചത്. 

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഭക്തി സാഗരത്തില്‍ അവസാനിച്ച രാമയണം കഥകളി ഉത്സവം -1


തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തില്‍ പത്തു ദിവസങ്ങളായി നടത്തി വന്ന രാമായണം കഥകളി മഹോത്സവത്തിന്റെ സമാപന കഥകളി  ആഗസ്റ്റ്‌  പതിനാറിന് രാത്രി ഒന്‍പതു മണിക്ക് തുടങ്ങി. നളചരിതം നാലാംഭാഗവും ശ്രീരാമപട്ടാഭിഷേകവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍.

ശ്രീ. കലാമണ്ഡലം അരുണും ശ്രീ. തിരുവഞ്ചൂര്‍ സുഭാഷും പുറപ്പാടിന് വേഷമിട്ടു ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരി എന്നിവരുടെ  സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ എന്നിവവരുടെ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്ചുതവാര്യര്‍, ശ്രീ. കലാനിലയം മനോജ്‌ എന്നിവരുടെ മദ്ദളവും ഒത്തു ചേര്‍ന്ന മേളപ്പദവും ആനന്ദ ലഹരി പകര്‍ന്നു. സുമാര്‍ എഴുപതോളം വരുന്ന ആസ്വാദകര്‍ മേളപ്പദം ആസ്വദിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന്  ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ ബാഹുകന്‍, ശ്രീ. മാര്‍ഗി വിജയകുമാറിന്റെ ദമയന്തി, ശ്രീ. കലാമണ്ഡലം ഷണ്മുഖന്റെ കേശിനി, ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. രാജീവന്‍ നമ്പൂതിരി  എന്നിവരുടെ സംഗീതം,  ശ്രീ.കലാ: കൃഷ്ണദാസ് ശ്രീ.കലാ:  അച്ചുത വാര്യര്‍ എന്നിവരുടെ മേളം അടങ്ങിയ  കോമ്പിനേഷന്‍ അവതരിപ്പിച്ച നളചരിതം നാലാം ദിവസം വളരെ ഹൃദ്യമായി.
നാലാം ദിവസം തുടക്കം മുതല്‍ അവസാനം വരെ അരങ്ങിനു മുന്‍പിലുള്ള ആസ്വാദകരെ പിടിച്ചിരുത്താന്‍ കലാകാരന്മാര്‍ക്ക് സാധിച്ചിരുന്നു. നളചരിതം കഴിഞ്ഞതോടെ നല്ലൊരു വിഭാഗം ആസ്വാദകര്‍ പിരിഞ്ഞു.



                                                                                  ബാഹുകനും ദമയന്തിയും
  
പിന്നീടു രാമായണ കഥകളുടെ സമാപന കഥയായ ശ്രീരാമപട്ടാഭിഷേകം കഥ  എട്ടു രംഗങ്ങളായി അവതരിപ്പിച്ചു. രാവണന്റെ വധത്തിനു ശേഷം ലങ്കയുടെ രാജാവായി വിഭീഷണന്‍ അഭിഷേകം ചെയ്യപ്പെടുകയും ശ്രീരാമന്റെ വനവാസകാലം അവസാനിക്കുകയും ചെയ്ത ശേഷമാണ് കഥയുടെ തുടക്കം . 


ഒന്നാം രംഗം: ശ്രീരാമനും സീതയും 
വനവാസം അവസാനിച്ചിരിക്കുന്നു.   ഒരു ദിവസം പോലും അമാന്തിച്ചാല്‍ ഭരതന്‍ അഗ്നിയില്‍ ചാടി മരിക്കും, പിന്നീടു ശതൃഘ്നന്‍, അമ്മമാര്‍ എന്നിവര്‍ എല്ലാം പ്രാണന്‍ വെടിയും എന്നും ഒറ്റ ദിവസം കൊണ്ട് എങ്ങിനെ അയോദ്ധ്യയില്‍ ചെന്നു എത്താം എന്നോര്‍ത്തു ശ്രീരാമന്‍ ശങ്കിക്കുന്നു. ലക്ഷ്മണന്‍ അവിടെ എത്തി ജ്യേഷ്ഠനെ വന്ദിച്ചു കൊണ്ട് അങ്ങയുടെ അഭിഷേകം മുടക്കി നാമെല്ലാം കാട്ടില്‍ വാഴുവാന്‍ കാരണം ആയ കൈകേയിയേ വധിച്ചാലല്ലാതെ എന്റെ കോപാഗ്നി അടങ്ങുകയില്ലെന്നു പറയുന്നു.  ഓരോരോ സമയങ്ങളില്‍ നിനക്കു ഞാന്‍ നല്‍കിയ സാരോപദേശങ്ങള്‍ നീ മറന്നു പോയോ എന്നും ചിന്തിച്ചാല്‍ മാതാവ് അപരാധം ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു  ശ്രീരാമന്‍ സഹോദരനെ സ്വാന്തപ്പെടുത്തുന്നു.


                                                                            സീത, ശ്രീരാമന്‍, ലക്ഷ്മണന്‍.

വിഭീഷണനെ കണ്ടു  പുഷ്പകവിമാനം ഇവിടെ കൊണ്ടുവരുവാന്‍ ഞാന്‍ വായൂ പുത്രനായ ഹനുമാനെ നിയോഗിച്ചു അയച്ചിട്ടുണ്ടെന്നും വിമാനം വന്നാലുടന്‍  തന്നെ യാത്ര ആരംഭിക്കാമെന്നും സീതയെ ശ്രീരാമന്‍ അറിയിക്കുന്നു.

രണ്ടാം രംഗം:  വിഭീഷണന്റെ (കത്തി) തിരനോക്ക്.  
വിഭീഷണന്‍ ഭാര്യ സരമയോടൊപ്പം. 
 ശ്രീരാമചന്ദ്രന്റെ  അനുഗ്രഹം കൊണ്ട് നാം ലങ്കയെ ഭരിച്ചു സന്തോഷമായി വാഴുന്നു എന്നും ലങ്ക വിട്ടു സീത പോകുന്നതില്‍ താന്‍ ദുഖിതയാനെന്നു സരമ വിഭീഷണനെ അറിയിക്കുന്നു. നാം വിഷമം ഉപേക്ഷിച്ചു രാമനും സീതയും ഒന്നിച്ചു സന്തോഷത്തോടെ മടങ്ങുന്നതു കാണുവാന്‍ പോകാം എന്ന് തീരുമാനിക്കുന്നു.

                                                                                 വിഭീഷണനും സരമയും


മൂന്നാം രംഗം:  ഹനുമാന്റെ തിരനോക്ക് .  
ഹനുമാന്‍ വിഭീഷണനെ കണ്ടു. പുഷ്പക വിമാനവുമായി എത്തുവാനുള്ള  ശ്രീരാമന്റെ  കല്‍പ്പന വിഭീഷണനെ ഹനുമാന്‍ അറിയിച്ചു. വിഭീഷണന്‍ ഉടന്‍തന്നെ വിമാനവുമായി പോകുന്നു എന്ന് ഹനുമാനെ അറിയിക്കുന്നു. 


നാലാം രംഗം: സുഗ്രീവന്റെ തിരനോക്ക്. 
(രംഗത്തു:  ശ്രീരാമന്‍, സീത, വിഭീഷണന്‍, ഹനുമാന്‍, സുഗ്രീവന്‍, സരമ)

 സീതാ സമേതനായ ശ്രീരാമനെ വിഭീഷണന്‍ കണ്ടു വന്ദിച്ചു. പുഷ്പക വിമാനം കൊണ്ടുവന്ന വിവരം അറിയിയിക്കുകയും  കുറച്ചു ദിവസം കൂടി  ഞങ്ങളോടൊപ്പം  ലങ്കയില്‍  വസിക്കണം എന്ന്  ശ്രീരാമനോട് അപേക്ഷിക്കുന്നു.

ഞാന്‍ വളരെ സന്തോഷമായി നിന്റെ സല്‍ക്കാരങ്ങളെല്ലാം  സ്വീകരിച്ചിരിക്കുന്നു. ഒട്ടും അമാന്തിക്കാതെ ഞാന്‍ എന്റെ രാജ്യത്ത് എത്തേണ്ടതായിട്ടുണ്ട്. എന്റെ ഭക്തനായ രാക്ഷസ രാജാവേ! നീ വളരെക്കാലം സുഖമായി വാഴുക എന്ന് വിഭീഷണനെ ശ്രീരാമന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്നു സുഗ്രീവനെയും ശ്രീരാമന്‍ അനുഗ്രഹിക്കുന്നു.  സുഗ്രീവനും വിഭീഷണനും  അങ്ങയുടെ പട്ടാഭിഷേകം കാണുവാന്‍ ഞങ്ങളെയും കൂട്ടി പോകണം എന്ന് ശ്രീരാമനോട് അപേക്ഷിക്കുന്നു. നിങ്ങളുടെ വരവിനു ഞാനും സന്തോഷവാനാണ് എന്ന് അറിയിക്കുന്ന ശ്രീരാമന്‍ ഓരോരുത്തരായി വിമാനത്തില്‍ കയറുവാന്‍ അഞ്ജാപിക്കുന്നു.  ലക്ഷ്മണന്‍, ഹനുമാന്‍ , വിഭീഷണന്‍, സുഗ്രീവന്‍ എന്നിവര്‍ വിമാനത്തില്‍ കയറി.

  ദുഖിതയായി കാണുന്ന (സീതയെ പിരിയുന്നതില്‍) സരമയുടെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുക്കണം എന്ന് സീത, ശ്രീരാമനോട്  അപേക്ഷിക്കുന്നു. ത്വല്‍ ഭക്തി ഭവിക്കേണംഎപ്പോഴും എന്നല്ലാതെ എനിക്ക് മറ്റൊരു ആഗ്രഹവും ഇല്ല എന്ന് ശ്രീരാമനെ സരമ അറിയിക്കുന്നു. അങ്ങേക്ക് എന്നോട് കാരുണ്യം ഉണ്ടെങ്കില്‍ അടുത്ത ജന്മത്തില്‍ അങ്ങയുടെ സഹോദരിയായി ജനിക്കുവാന്‍ വരം നല്‍കണം എന്ന് സരമ ശ്രീരാമനോട് ആവശ്യപ്പെടുന്നു. ഞാന്‍ വിഷ്ണിവംശത്തില്‍ കൃഷ്ണനായി ജനിക്കുമ്പോള്‍ നീ എന്റെ സഹോദരി സുഭദ്രയായി ജനിക്കും എന്ന് അനുഗ്രഹിക്കുന്നു. ശ്രീരാമന്‍ സരമയെ അനുഗ്രഹിച്ച് യാത്രയാക്കിയ   ശേഷം പുഷ്പകവിമാനത്തില്‍ യാത്രയാകുന്നു.


                                                                                                           (തുടരും)

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

കഥകളിയിലെ കൊച്ചാശാന്‍

ശ്രീ.ചെങ്ങന്നൂര്‍ രാമന്‍ പിള്ള ആശാന്റെ കാലഘട്ടത്തില്‍ തിരുവല്ലാ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്ന ഒരു കഥകളി കലാകാരന്‍ ആയിരുന്നു ശ്രീ. കുറിയന്നൂര്‍ നാണുപിള്ള. അന്ന്‌ ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യന്മാര്‍ ഉള്‍പ്പെടുന്ന കഥകളി സമൂഹം  ശ്രീ. കുറിയന്നൂര്‍ നാണുപിള്ളയെ കൊച്ചാശാന്‍ എന്നാണ് വിളിച്ചിരുന്നത്‌.  ശ്രീ.ചെങ്ങന്നൂര്‍ ആശാനെക്കാള്‍ അല്‍പ്പം പ്രായം കുറവുണ്ട് കൊച്ചാശാന്.  സന്താനഗോപാലം, കുചേലവൃത്തം, രുഗ്മിണീസ്വയംവരം എന്നീ കഥയിലെ  കൃഷ്ണന്‍ , ദുര്യോധനവധത്തില്‍ ധര്‍മ്മപുത്രര്‍ , കൃഷ്ണന്‍, ശകുനി,  കാലകേയവധത്തില്‍ മാതലി,  സീതാസ്വയംവരത്തില്‍ ശ്രീരാമന്‍,ദശരഥന്‍ എന്നീ വേഷങ്ങളും നാരദന്‍, വസിഷ്ടന്‍ തുടങ്ങിയ മിനുക്കു വേഷങ്ങളും അദ്ദേഹം ചെയ്തു കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തിരുവല്ലയില്‍ നടന്നിരുന്ന എല്ലാ കഥകളികള്‍ക്കും കൊച്ചാശാന്റെ സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്നു.  കൊച്ചാശാന്‍  തിരുവല്ലയില്‍ പലരെയും കഥകളി അഭ്യസിപ്പിക്കുകയും അവര്‍ തിരുവല്ലായിലെ കഥകളിയോഗങ്ങളിലെ  നടന്മാരായി  പ്രവര്‍ത്തിച്ചും വന്നിരുന്നു.
ചെങ്ങന്നൂര്‍ ആശാന്റെ ഉഴിച്ചില്‍ കൊച്ചാശാന്‍ ചെയ്തു വന്നിരുന്നു. അങ്ങിനെ ഒരു ഉഴിച്ചില്‍ കാലത്ത് സ്കൂള്‍ അവധി ആയിരുന്നതിനാല്‍ ഞാനും ചെങ്ങന്നൂര്‍ ആശാന്റെ ഗൃഹത്തില്‍ താമസിക്കുവാന്‍ ഇടയായി. അന്ന്‌ ചെങ്ങന്നൂര്‍ ആശാനും  കൊച്ചാശാനും തമ്മിലുള്ള നര്‍മ്മ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു രസിക്കുവാന്‍  എനിക്ക്  അവസരം ലഭിച്ചിരുന്നു. പുരാണങ്ങളില്‍ ഉള്ള അപ്രധാന കഥാപാത്രങ്ങളെ പറ്റി അദ്ദേഹം പഠിച്ചു കൊണ്ട് ആ കഥാപാത്രത്തിനു  വളരെ മുഖ്യത്തം നല്‍കി സംസാരിക്കുക എന്നത്  കൊച്ചാശാന്റെ ഒരു വിനോദമായിരുന്നു. കൊച്ചാശാന്റെ പുരാണ വര്‍ണ്ണന മൂളി കേട്ടുകൊണ്ടിരിക്കുക എന്നല്ലാതെ  ചെങ്ങന്നൂര്‍  ആശാന്‍ ഒരു എതിരഭിപ്രായം  പറഞ്ഞു കേട്ടിട്ടില്ല.  കൊച്ചാശാന്‍ അറിഞ്ഞു വെച്ചിട്ടുള്ള അപ്രധാന കഥാപാത്രത്തെ പറ്റിയുള്ള  എന്തെങ്കിലും വിവരം  അണിയറയില്‍ വെച്ച് ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യന്മാര്‍   ഉള്‍പ്പെടുന്ന കഥകളി   കലാകാരന്മാരോട്  ചോദിക്കുകയും,   കൊച്ചാശാന്‍ പറയുന്ന  കഥാപാത്രത്തെ പറ്റി മറ്റുള്ള കലാകാരന്മാര്‍ക്ക്   ബോധം ഇല്ല എന്ന് വരുത്തി തീര്‍ത്തു കൊണ്ട് , അവിടെ കൊച്ചാശാന്‍ അതിന് സ്വയം ഉത്തരം പറഞ്ഞു  കേമന്‍ ആകുന്ന സ്വഭാവം ഉണ്ടായിരുന്നു. ചെങ്ങന്നൂര്‍ ആശാനും കൊച്ചാശാനും തമ്മിലുള്ള സ്നേഹ ബന്ധം കാരണം ഈ കലാകാരന്മാര്‍ ആരും തന്നെ  കൊച്ചാശാനോട്  പ്രതികരിക്കാതെ അംഗീകരിക്കുന്നതായി അഭിനയിക്കുകയും ചെയ്തു വന്നു. കൊച്ചാശാന്റെ ഓരോരോ കഥകളും കേട്ടു, അതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ കലാകാരന്മാര്‍ക്കെല്ലാം അത്യധികം  അസഹ്യത തോന്നി. ഒരിക്കല്‍ തിരുവല്ലാ ക്ഷേത്രത്തിലെ അണിയറയില്‍ കലാകാരന്മാര്‍ വേഷം ഒരുങ്ങി കൊണ്ടിരുന്നപ്പോള്‍ കൊച്ചാശാന്‍ ഒരു അപ്രധാന  കഥാപാത്രത്തെ പറ്റി അടുത്തിരുന്ന ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യനായ ചെന്നിത്തലയോട്   (ചെന്നിത്തല ചെല്ലപ്പന്‍ പിള്ള) ചോദിച്ചു. ഇത്തവണ എന്തു വന്നാലും ശരി കൊച്ചാശാനെ ഒന്ന് മടക്കുകതന്നെ എന്നു ചെന്നിത്തല തീരുമാനിച്ചു കൊണ്ട് ഒരു മറു ചോദ്യം ഉന്നയിച്ചു.    ആശാനെ!, ആശാന്‍ എത്ര കാലമായി ഞങ്ങളോട്  ഇങ്ങിനെ ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നു? ആശാന്റെ ചോദ്യങ്ങള്‍ക്ക്    ഒരു ഉത്തരവും നല്‍കുവാന്‍ സാധിക്കാത്ത മണ്ടന്മാര്‍ ആണ് ഞങ്ങള്‍ എല്ലാവരും എന്ന് ആശാന്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . എന്നാല്‍  ഇന്നു ഞാന്‍ ഒരു ചോദ്യം ആശാനോട് ചോദിക്കുകയാണ്. ആശാന്‍ അതിന് ഉത്തരം പറയുവാന്‍ സാധിച്ചില്ല എങ്കില്‍ ഇനിമേല്‍ ഞങ്ങളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കില്ല എന്നു ശ്രീവല്ലഭനെ മനസ്സില്‍ വിചാരിച്ചു കൊണ്ട് ഈ അണിയറയില്‍ വെച്ച് സത്യം ചെയ്യണം എന്നു പറഞ്ഞു. അണിയറയില്‍ ഉണ്ടായിരുന്ന കലാകാരന്മാര്‍ എല്ലാവരും ചെന്നിത്തലയോടൊപ്പം ചേര്‍ന്നപ്പോള്‍ ആ  നിബന്ധന കൊച്ചാശാന്‍ സ്വീകരിക്കേണ്ടതായി  വന്നു. ചെന്നിത്തല  ഇങ്ങിനെ പറഞ്ഞു.   കൊച്ചാശാന്‍ എത്രയോ കാലമായി കുറിയന്നൂരില്‍ ബസ്സില്‍ വന്നു തിരുവല്ലാ മാര്‍ക്കറ്റില്‍ ഇറങ്ങി ക്ഷേത്രം വരെ നടന്നു കഥകളിക്കു  വരുന്നു. മാര്‍ക്കറ്റു മുതല്‍ ക്ഷേത്രം വരെ എത്ര ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട് എന്നതാണ് എന്റെ ചോദ്യം.
ചെന്നിത്തല ആശാന്റെ ചോദ്യത്തിന്  കൊച്ചാശാന് ശരി ഉത്തരം നല്‍കുവാന്‍ സാധിച്ചില്ല. ഞാന്‍ ഇന്നുവരെ എണ്ണി നോക്കിയിട്ടില്ല എന്നാണ്  ആശാന്‍ മറുപടി പറഞ്ഞത് . ഉടനെ ചെന്നിത്തല  ഞാനും  ഇതുവരെ എണ്ണിയിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് തുടര്‍ന്നു.
ആശാനെ, തിരുവല്ലയില്‍ കളിക്ക് വരുന്ന ഒരു കലാകാരനു മാര്‍ക്കറ്റു മുതല്‍ ക്ഷേത്രം വരെ എത്ര ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട് എന്നു എണ്ണി നോക്കേണ്ട ആവശ്യം ഇല്ല. അതുപോലെ കഥകളിക്കു വേഷം കെട്ടുന്ന കലാകാരന്മാര്‍ക്ക് ആശാന്‍ പറയുന്ന അപ്രധാന കഥാപാത്രങ്ങളെ പറ്റി  അറിയേണ്ട ആവശ്യവും ഇല്ല എന്നു ആശാന്‍ അറിയുക. ഇതു കേട്ട  കൊച്ചാശാന്  ജാള്യം   തോന്നി. പിന്നീടു ഒരിക്കലും കൊച്ചാശാന്‍ ഇത്തരം ചോദ്യങ്ങള്‍ അണിയറയില്‍ ഉന്നയിച്ചിട്ടില്ല.  കൊച്ചാശാന്റെ ചോദ്യാവലിയില്‍  നിന്നും കലാകാരന്മാരെ രക്ഷിച്ചതിന് അന്നു അവിടെ ഉണ്ടായിരുന്ന  കലാകാരന്മാര്‍ എല്ലാവരും ചേര്‍ന്ന് ചെന്നിത്തലക്ക് ഒരു  ട്രീറ്റ്  നടത്തി എന്നാണ് ശ്രീ. ആയംകുടി കുട്ടപ്പന്‍ മാരാര്‍ ആശാന്‍ ഒരിക്കല്‍  പറഞ്ഞത്.

കൊച്ചാശാന്റെ  വാര്‍ദ്ധക്യകാല ജീവിതം മാന്നാറിനു  സമീപമുള്ള  ഏതോ സ്ഥലത്ത്  ആയിരുന്നു. അക്കാലത്ത്  ഇരമത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍  ഒരു കഥകളി നടന്നു. കളി കഴിഞ്ഞു കലാകാരന്മാര്‍ വേഷം അഴിച്ചു കൊണ്ടിരുന്നപ്പോള്‍  വളരെ  അവശനായിരുന്ന കൊച്ചാശാനെ  കൂട്ടി ഒരു ബന്ധു  അണിയറയില്‍ എത്തി. ആശാന്‍ കഥകളി കോപ്പുകള്‍ ഓരോന്നും  പിടിച്ചു നോക്കുകയും ആ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നതും കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന കലാകാരന്മാര്‍ എല്ലാവരും വിഷമത്തിലായി. താന്‍ ഒരു കാലത്തു ഉപയോഗിച്ചിരുന്ന കഥകളി കോപ്പുകള്‍ എല്ലാം തന്റെ ശോഷിച്ച, വിറയ്ക്കുന്ന കൈകള്‍ കൊണ്ട് തൊട്ടു നോക്കി   നിര്‍വൃതി അടഞ്ഞ ആ നിമിഷങ്ങള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെയാണ്  അണിയറയില്‍ ഉണ്ടായിരുന്നവര്‍ നോക്കി നിന്നത്.
 അന്ന്‌ കളിക്ക് ഉണ്ടായിരുന്ന ഹരിപ്പാട്ടു രാമകൃഷ്ണ പിള്ള , ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, പന്തളം കേരളവര്‍മ്മ, തകഴി കുട്ടന്‍ പിള്ള ഭാഗവതര്‍, വാരണാസി മാധവന്‍ നമ്പൂതിരി  തുടങ്ങിയവര്‍ തങ്ങള്‍ക്ക് ലഭിച്ച കളിപ്പണത്തിന്റെ  ഒരു പങ്കു കൊച്ചാശാന്  നല്‍കി അദ്ദേഹത്തിന്‍റെ  പാദങ്ങളില്‍  തൊട്ടു വണങ്ങിയപ്പോള്‍ കൊച്ചാശാന്റെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണുനീര്‍ ഒഴുകി. കഥകളിക്കു കൂടുന്ന കാലത്ത് എപ്പോഴും ഫലിതവും, തര്‍ക്കങ്ങളും , കഥകളും ഉപകഥകളും പറഞ്ഞു വളരെ  അധികം സന്തോഷവാനായി കണ്ടിട്ടുള്ള ആ കൊച്ചാശാന്റെ  കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്ന ആ കാഴ്ച കണ്ട് എന്റെ കണ്ണുകളും നിറഞ്ഞു.

2011, ജൂലൈ 10, ഞായറാഴ്‌ച

കൊച്ചു ഗോവിന്ദനും ചെല്ലപ്പനും

പതിമൂന്നു  വയസ്സുള്ള കൊച്ചു ഗോവിന്ദന്‍ എന്ന  ബാലനെയും കൂട്ടി  ശ്രീ. പള്ളിക്കല്‍ കേശവപിള്ള എന്ന സംകൃത പണ്ഡിതന്‍ പ്രസിദ്ധ കഥകളി ആചാര്യനായിരുന്ന ശ്രീ. ചെന്നിത്തല കൊച്ചു പിള്ള പണിക്കരാശാന്റെ  ചിറ്റാടത്തു  കുടുംബത്തില്‍  എത്തി.  തന്റെ ആരാധകനായിരുന്ന ശ്രീ. പള്ളിക്കല്‍ കേശവപിള്ള കൂട്ടിവന്ന ബാലനെ  ആശാന്‍ ശിഷ്യനായി സ്വീകരിച്ചു സ്വഗൃഹത്തില്‍ താമസിപ്പിച്ചു.  കഥകളിയുടെ ബാലപാഠങ്ങള്‍ പഠിച്ചു അരങ്ങേറ്റം കഴിഞ്ഞിരുന്ന   കൊച്ചു ഗോവിന്ദന്‍  തന്റെ ഗുരുവിന്റെ മക്കളും കൊച്ചു മക്കളും   ഒന്നിച്ചു  കഴിയുന്ന കൂട്ടു കുടുംബത്തിലെ ഇരുപത്തി രണ്ടാമത്തെ അംഗമായി.

                        ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍

കൊച്ചു ഗോവിന്ദനെ  എല്ലാ കുടുംബാംഗങ്ങള്‍ക്കും വളരെ ഇഷ്ടമായി.  അക്കാലത്ത്  നിലവില്‍ നിന്നിരുന്ന ഹിന്ദു കുടുംബങ്ങളിലെ സംസ്കാരം നിലനിര്‍ത്തുവാനുള്ള എല്ലാ സല്‍ഗുണങ്ങളും ആ ബാലനില്‍ ഉണ്ടായിരുന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. സന്ധ്യാ വന്ദനം, സന്ധ്യാകീര്‍ത്തനം,
ഭാഗവത പാരായണം,   രാമായണ പാരായണം എന്നിവയില്‍  അതീവ തല്‍പ്പരനായിരുന്നു ആ ബാലന്‍. ഇതിനാല്‍  ആ കുടുംബത്തിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുവാനും വാത്സല്യത്തിനു പാത്രമാകുവാനും  കൊച്ചു ഗോവിന്ദന്  നിഷ്പ്രയാസം സാധിച്ചു.

എല്ലാ രാത്രിയിലും  ഗോവിന്ദന്‍ റാന്തല്‍ വിളക്കിനു മുന്‍പില്‍ ഇരുന്നു   രാമായണം വായിക്കും. അടുത്ത മുറിയിലെ ചാരുകസേരയില്‍   ഇരുന്നു കൊണ്ടു കൊച്ചു പിള്ള പണിക്കര്‍ ആശാന്‍ കാതോര്‍ത്തു  ശ്രദ്ധിക്കും. ഗോവിന്ദനെ ചുറ്റി കുടുംബാംഗങ്ങള്‍ എല്ലാവരും  ഇരുന്നു കൊണ്ടു  ഗോവിന്ദന്റെ രാമായണ പാരായണം ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ കുടുംബാംഗങ്ങളില്‍ ഒരുവനായ ഒന്‍പതു വയസ്സുള്ള ചെല്ലപ്പന്‍ എന്ന  ബാലന്‍ വില്ലനായി മാറി. അന്നു വരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന കുടുംബാംഗങ്ങള്‍  എല്ലാവരും പുതിയ അതിഥിയെ ശ്രദ്ധിക്കുന്നതിലുള്ള അമര്‍ഷം ചെല്ലപ്പനില്‍ നിറഞ്ഞു.   പലപ്പോഴും വില്ലന്‍ തന്റെ എതിര്‍പ്പ്  കാണിക്കുന്നത് കൊച്ചു ഗോവിന്ദന്‍ ഭഗവതമോ രാമായണമോ വായിച്ചോ കൊണ്ടിരിക്കുമ്പോള്‍ ഓടിച്ചെന്നു റാന്തല്‍ വിളക്ക് കാലുകൊണ്ട്‌ തട്ടിക്കളയും.   നിസ്സഹായനായ ഗോവിന്ദന്റെ കണ്ണില്‍ നിന്നും  കണ്ണീര്‍   മുത്തുക്കള്‍ പൊഴിയും. എല്ലാവരും ഗോവിന്ദനെ സമാധാന പെടുത്തും. കുടുംബാംഗങ്ങളുടെ ശ്രദ്ധ തന്റെ നേര്‍ക്ക്‌ തിരിയുവാന്‍ ചെല്ലപ്പന്‍ എന്തു വികൃതിത്തരവും ചെയ്യും എന്ന രീതി ആയിരുന്നു.

കൊച്ചുപിള്ള പണിക്കരുടെ കൊച്ചു മകനായ ചെല്ലപ്പനും    പണിക്കര്‍ ആശാന്‍ കഥകളിയുടെ ബാലപാഠങ്ങള്‍ ചൊല്ലിക്കൊടുത്തു വന്നിരുന്നു. പലപ്പോഴും പ്രായാധിക്കം കൊണ്ടു അലസതയില്‍ ശയിച്ചിരുന്ന പണിക്കര്‍ ആശാനോട്  മകള്‍ പാര്‍വതി അമ്മ ചോദിക്കും അച്ഛാ!  ഗോവിന്ദനെ എന്തിനാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നത് ? അവനു എന്തെങ്കിലും പഠിപ്പിച്ചു കൊടുക്കേണ്ടേ?എന്ന് .  
 ഗോവിന്ദനെ കഥകളി  അഭ്യസിപ്പിക്കുമ്പോള്‍  ഒപ്പം തന്റെ മകനായ ചെല്ലപ്പനും പ്രയോജനപ്പെടും എന്ന ഒരു ഉദ്ദേശം കൂടി പാര്‍വതി അമ്മയ്ക്ക് ഉണ്ടായിരുന്നു.

കാലക്രമത്തില്‍  താന്‍ വശമാക്കിയിട്ടുള്ള കൈമുദ്രകളും കലാശങ്ങളും കൊച്ചു ഗോവിന്ദന്‍, ചെല്ലപ്പന്  പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങി. അതോടെ വില്ലത്തരങ്ങള്‍ ഉപേക്ഷിച്ചു ചെല്ലപ്പന്‍, ഗോവിന്ദനെ തന്റെ മൂത്ത സഹോദരനെ പോലെ സ്നേഹിക്കുവാന്‍ തുടങ്ങി. എപ്പോഴും ഗോവിന്ദന്റെ പിന്നാലെ ചെല്ലപ്പന്‍ ഉണ്ടാവും.  ആ സ്നേഹ ബന്ധം വളര്‍ന്നു. ചെല്ലപ്പനും കഥകളി അരങ്ങേറ്റം കഴിഞ്ഞു. മൂന്ന് വര്‍ഷം അവിടെ താമസിച്ചു കഥകളി അഭ്യസിച്ച ഗോവിന്ദന്‍, ഗുരുവായ  പണിക്കരാശാന്‍ തീരെ അവശനായപ്പോള്‍ ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കരാശാന്റെ   ശിഷ്യനായി കുറിച്ചിയില്‍ മൂന്നു മാസം താമസിച്ചു കൊണ്ട് കഥകളി അഭ്യസിച്ചു. ചെന്നിത്തല  കൊച്ചുപിള്ള പണിക്കരാശാന്‍ മരണം അടഞ്ഞതോടെ  ചെല്ലപ്പന്റെ കഥകളി അഭ്യാസം നിലച്ചു.

ചെങ്ങന്നൂര്‍ രാമന്‍ പിള്ള ആശാന്‍ കഥകളി കലാകാരനായി അരങ്ങില്‍ പ്രബലമാകുവാന്‍ ശ്രീ. കൊച്ചുപിള്ള പണിക്കര്‍ ആശാന്‍ ചെയ്തിട്ടുള്ള സഹായങ്ങള്‍ എന്നും മനസ്സില്‍ സ്മരിച്ചിരുന്ന ചെങ്ങന്നൂര്‍ ആശാന്‍, പണിക്കരുടെ കൊച്ചു മകന്റെ തുടര്‍ന്നുള്ള കഥകളി അഭ്യാസത്തിന്റെ ചുമതല ഏറ്റെടുത്തു. കഥകളി അരങ്ങുകളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്ന ചെല്ലപ്പന്റെ കഥകളി സംബന്ധമായ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുവാനാണ് ശ്രീ. രാമന്‍ പിള്ള ആശാന്‍ ശ്രമിച്ചത്. സമയം കിട്ടുമ്പോള്‍ ചില പദങ്ങള്‍ ചെല്ലപ്പനെ കൊണ്ടു ചെയ്യിപ്പിക്കും. കുറവുകള്‍  മനസിലാക്കി കൊടുക്കും. അന്ന്‌  ചെങ്ങന്നൂര്‍ ആശാന്റെ പ്രധാന ശിഷ്യനായി  ആശാന്റെ ആട്ടപ്പെട്ടിയും ചുമ്മി    കഥകളി അരങ്ങുകളിലെല്ലാം ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍  ഉണ്ടായിരുന്നു.

ചെങ്ങന്നൂര്‍ ആശാനെ കൊണ്ടു  ശ്രീ. ഹരിപ്പാട്ടു രാമകൃഷ്ണ പിള്ളയെ ബാലിവിജയത്തില്‍ രാവണന്‍   കീചകന്‍ , നരകാസുരന്‍ തുടങ്ങിയ കത്തി വേഷങ്ങള്‍ ചൊല്ലിയാടിക്കണം എന്ന അദ്ദേഹത്തിന്‍റെ അമ്മാവന്‍ ശ്രീ. നാണുപിള്ള അവര്‍കള്‍   തീരുമാനിച്ചതിന്‍ പ്രകാരം ആശാന്‍ ഹരിപ്പാട്ടേക്കു  യാത്ര തിരിക്കുമ്പോള്‍ അന്ന്‌, മടവൂരിനെ ഒഴിവാക്കി ചെല്ലപ്പനെയും കൂട്ടിയാണ് ഹരിപ്പാട്ടു എത്തിയത്. ആശാന്‍ രാമകൃഷ്ണനെയും ചെല്ലപ്പനെയും ഒന്നിച്ചു നിര്‍ത്തി ചൊല്ലിയാടിച്ചപ്പോള്‍ പണം ചിലവു ചെയ്തു ഗുരു.  ചെങ്ങന്നൂരിനെ വരുത്തിയ രാമകൃഷ്ണപിള്ളയുടെ അമ്മാവന്  എന്തോ ഒരു ഒരു നീരസം ഉണ്ടായി. അതിനും ഒരു കാരണം ഉണ്ട്.  ഹരിപ്പാട്ടും പരിസരങ്ങളിലും അക്കാലത്ത് നടന്നിരുന്ന   കളികളില്‍ രാമകൃഷ്ണപിള്ളയുടെ പ്രധാന കൂട്ടു വേഷക്കരനായി സഹകരിച്ചിരുന്നത്‌   ചെല്ലപ്പനാണ്.   അപ്പോള്‍ തന്നെ ശ്രീ. നാണുപിള്ള അവര്‍കള്‍ ചെല്ലപ്പനോട് നിനക്കു കളിക്ക് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ചേര്‍ത്തു വെച്ച് ആശാനെ നിന്റെ വീട്ടില്‍ വരുത്തി കഥകളി  അഭ്യസിച്ചു കൂടേ എന്ന് ചോദിച്ചു. പിന്നീടു ഒരു നിമിഷം പോലും ചെല്ലപ്പന്‍ അവിടെ നിന്നില്ല.  ആശാനെ ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞു കൊണ്ടു  ഒന്‍പതു  കിലോമീറ്റര്‍ ദൂരമുള്ള സ്വന്ത ഗൃഹത്തിലേക്ക്  പള്ളിപ്പാട്ട് പുഞ്ച വഴി നടന്നു നീങ്ങി .

അടുത്ത വര്‍ഷം കഥകളിക്കു ലഭിച്ച പണത്തില്‍ ഒരു പങ്കു ചേര്‍ത്തു വെച്ച് രാമന്‍പിള്ള ആശാനെ തന്റെ വസതിയില്‍ കൂട്ടിവന്നു. അങ്ങിനെ സ്വഗൃഹത്തില്‍ ഗുരുനാഥനെ കൂട്ടി വന്നു  പത്തു ദിവസം കഥകളി അഭ്യസിച്ചു. ഈ വിവരം അറിഞ്ഞു കൊണ്ടു ഹരിപ്പാട്ടു രാമകൃഷ്ണ പിള്ളയുടെ അമ്മാവന്‍   ശ്രീ. നാണുപിള്ള അവര്‍കള്‍ സസന്തോഷം അവിടെ എത്തി ചെല്ലപ്പനെ അനുഗ്രഹിച്ചു.

കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ശിഷ്യത്വം  ഗോവിന്ദന് വളരെ  അനുഗ്രഹമായി. കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ കെട്ടി പേരെടുത്ത നളചരിതത്തിലെ ഹംസം, ബാലിവിജയത്തിലെ നാരദന്‍ എന്നീ വേഷങ്ങള്‍ക്ക് ആശാന് അസൌകര്യം ഉണ്ടാകുന്ന  കളികള്‍ക്ക് എല്ലാം ഗോവിന്ദന്‍ ക്ഷണിക്കപ്പെടുവാന്‍ തുടങ്ങിയതോടെ കഥകളി ലോകത്തെ തിരക്കിട്ട നടനായി ഗോവിന്ദന്‍ മാറി. തുടര്‍ന്നു ശ്രീ. ഗുരു കുഞ്ചുക്കുറുപ്പ്, ശ്രീ. വാഴേങ്കട കുഞ്ചുനായര്‍ ആശാന്‍ തുടങ്ങിയ പ്രഗല്‍ഭന്മാരുടെ നളന്റെ വേഷത്തിനും ഹംസം കെട്ടുവാനുള്ള അവസരം ഗോവിന്ദനെ തേടി എത്തി. ഈ കാലയളവില്‍ ധാരാളം അരങ്ങുകളില്‍ ചെല്ലപ്പന്‍   നളനായും ഗോവിന്ദന്‍ ഹംസമായും അരങ്ങുകള്‍ പങ്കിട്ടിരുന്നു.

ഒരിക്കല്‍ ഹരിപ്പാട്ടു ക്ഷേത്രത്തില്‍ നടന്ന നളചരിതം കളിക്ക് ഹംസ വേഷത്തിന് ക്ഷണിച്ചിരുന്ന കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ എത്താതിരുന്നപ്പോള്‍ അന്ന്‌ മാങ്കുളത്തിന്റെ നളനോടൊപ്പം ഹംസം കെട്ടുവാന്‍  ചെല്ലപ്പനെ ചെങ്ങന്നൂര്‍ ആശാന്‍ നിര്‍ബ്ബന്ധിച്ചു. അരങ്ങില്‍ മാങ്കുളത്തിന്റെ അതൃപ്തി അല്ലാതെ ഒന്നും നേടുവാന്‍ ചെല്ലപ്പന് കഴിഞ്ഞിരുന്നില്ല . അരങ്ങില്‍ കഥാപാത്ര സംബന്ധമായ മാങ്കുളത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ ചെല്ലപ്പന്‍ നന്നേ  വിഷമിച്ചു.  കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ മരണം അടഞ്ഞതോടെ ഹംസവേഷത്തിനു നടന്മാരുടെ അഭാവം ഉണ്ടായതു കൊണ്ട് ചെല്ലപ്പന്  അവസരങ്ങള്‍ ധാരാളം ഉണ്ടായി തുടങ്ങി. അപ്പോള്‍  ചെങ്ങന്നൂര്‍  ആശാന്‍ ഉപയോഗിച്ചിരുന്ന  ഹംസത്തിന്റെ ചുണ്ട് ചെല്ലപ്പന്  നല്‍കിയിട്ടു നിനക്കു ഇതു പ്രയോജനപ്പെടട്ടെ എന്ന് അനുഗ്രഹിച്ചു.

 ഹരിപ്പാട്‌ രാമകൃഷ്ണ പിള്ളയുടെ നളന്റെ വേഷത്തിന് ഹംസം കെട്ടുവാന്‍ ധാരാളം അവസരം  ലഭിച്ചുവന്നു എങ്കിലും അന്ന്‌ മാങ്കുളത്തിന്റെ പ്രീതി സമ്പാദിക്കാതെ അരങ്ങില്‍ ഹംസ വേഷക്കാരനായി നില നില്‍ക്കാനാവില്ല എന്ന ബോധം ചെല്ലപ്പനില്‍ ഉണ്ടായി. മാങ്കുളം തിരുമേനിയെ തൃപ്തിപ്പെടുത്തുവാന്‍  ഓരോ അരങ്ങുകളിലും മാങ്കുളവും ഗോവിന്ദനും ചേര്‍ന്നു അവതരിപ്പിക്കുന്ന നള ഹംസ രംഗങ്ങള്‍ കണ്ടു കണ്ടു മാങ്കുളം തിരുമേനിയുടെ നളന്‍  ഹംസത്തിനോട്  അരങ്ങില്‍ ചോദിക്കുന്ന ഓരോ  ചോദ്യങ്ങള്‍ക്ക് നല്‍കുന്ന യുക്തി പൂര്‍വമായ ഉത്തരങ്ങള്‍ എല്ലാം മനസ്സിലാക്കി  കാലക്രമത്തില്‍ മാങ്കുളത്തിന്റെ അംഗീകാരം ചെല്ലപ്പനും നേടിയെടുത്തു. തുടര്‍ന്നു മാങ്കുളം തിരുമേനിയുടെയും, കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും നളവേഷങ്ങള്‍ക്ക് കൊച്ചു ഗോവിന്ദന് അസൌകര്യം എങ്കില്‍ ആ അവസരം ചെല്ലപ്പനെ തേടി എത്തി. എല്ലാ കഥയിലെ കൂട്ടുവേഷങ്ങളും ഇവര്‍ ഒന്നിച്ചു ചെയ്തു വന്നു.

അങ്ങിനെ വര്‍ഷങ്ങള്‍ കടന്നു പോയി. കഥകളി ലോകത്ത്  യഥാര്‍ത്ഥ  സഹോദരന്മാരെ പോലെ ഗോവിന്ദനും   ചെല്ലപ്പനും  അറിയപ്പെട്ടു. സിങ്കപ്പൂരിലെ  ഭാസ്കര്‍ അക്കാദമിയുടെ ക്ഷണം അനുസരിച്ച് അവിടെയുള്ള കുട്ടികളെ   കഥകളി അഭ്യസിപ്പിക്കുവാന്‍ പോയ ഗോവിന്ദന്‍ തിരിച്ചു വരുമ്പോള്‍ വളരെ ആകര്‍ഷകമായ കഥകളി കോപ്പുകള്‍,  വെള്ള, മഞ്ഞ നിറത്തിലുള്ള ഞൊറികള്‍ അതിന് അനുസരിച്ചുള്ള   കുപ്പായ കൈകള്‍ എന്നിവ ചെയ്യിച്ചു കൊണ്ടാണ് എത്തിയത്.

കളിക്ക് ചെല്ലപ്പന്‍ ഉണ്ടെങ്കില്‍ ചെല്ലപ്പന്റെ വേഷങ്ങള്‍ക്കു ഉപയോഗിക്കുവാന്‍ പ്രസ്തുത കോപ്പുകളും എടുത്തു  കൊണ്ടു വരുന്നത് ഗോവിന്ദന്റെ സ്വഭാവമായി.  ഓയൂരും പരിസരങ്ങളിലും ചെല്ലപ്പന് കളിയുണ്ടെങ്കില്‍ ചെല്ലപ്പന്‍ യൂരിലുള്ള സഹോദരന്റെ വസതിയില്‍ എത്തും. ഗോവിന്ദന് മാവേലിക്കര പരിസരത്തു കളിയുണ്ടെങ്കില്‍ ചെല്ലപ്പന്റെ വസതിയില്‍ എത്തും. അങ്ങിനെ ആ ആത്മസഹോദരബന്ധം നിലനിര്‍ത്തി വന്നിരുന്നു.

                                               കൊച്ചുഗോവിന്ദന്‍ ഹംസ മുദ്രയില്‍ 

കൊച്ചു ഗോവിന്ദനും ചെല്ലപ്പനും ഹംസ വേഷത്തിന് പ്രസിദ്ധരായപ്പോള്‍  കൊച്ചു ഗോവിന്ദന്‍ ക്ഷണിക്കപ്പെടുന്ന ചില  കളിസ്ഥലങ്ങളില്‍  ചെല്ലപ്പന് ഹംസം നിശ്ചയിക്കുവാന്‍ തുടങ്ങി.  ഗോവിന്ദ പിള്ള ജ്യേഷ്ടന്റെ ഹംസം എത്രയോ തവണ അരങ്ങിനു മുന്‍പില്‍ ഇരുന്നു കണ്ടു കണ്ടാണ്‌ ഞാന്‍ ഒരു ഹംസ വേഷക്കാരന്‍ ആയത്‌. അദ്ദേഹം കളിക്കുള്ളപ്പോള്‍ ഞാന്‍ ആ വേഷം ചെയ്യില്ല എന്ന് തറപ്പിച്ചു പറയും. ഒരിക്കല്‍ ചെന്നിത്തലയില്‍ നടന്ന ഒരു കളിക്ക് കൊച്ചു ഗോവിന്ദന്‍ എത്തി. അവിടെ അന്നു നളചരിതം ഒന്നാം ഭാഗം. കൊച്ചു ഗോവിന്ദനെ അവിടെ കളിക്ക് ക്ഷണിച്ചിരുന്നില്ല. ചെല്ലപ്പന്റെ ഹംസം ഒന്ന് കാണുക എന്ന ഉദ്ദേശം ഗോവിന്ദന്‍ അന്നു സഫലമാക്കി. 

ബ്രഹ്മശ്രീ . മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ നളനും ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദ പിള്ളയുടെ ഹംസവും  


ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ നളനും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ ഹംസവും 


സംഗീത നാടക അക്കാദമിയുടെയും കലാമണ്ഡലത്തിന്റെയും  അവാര്‍ഡുകള്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ഇരുവരെയും തേടി എത്തി. ചെല്ലപ്പന്‍ തന്റെ എഴുപത്തി നാലാമത്തെ വയസ്സില്‍ മരണം അടഞ്ഞു.  പ്രിയ സഹോദരന്റെ വേര്‍പാട് ഗോവിന്ദനെ വല്ലാതെ അലട്ടി. ചെല്ലപ്പന്റെ സ്മരണാദിനം ചെന്നിത്തലയില്‍ അനുഷ്ടിച്ചപ്പോള്‍ അവിടെ ഗോവിന്ദനെ ആദരിച്ചിരുന്നു.
                                                                                                                                                               
                                 പ്രിയ സഹോദരന്റെ സ്മരണയ്ക്ക് മുന്‍പില്‍ ഓയൂര്‍ ദീപം കൊളുത്തുന്നു.

                                ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള

                                ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള

 ബാല്യ കാലത്ത് കൊച്ചുപിള്ള പണിക്കര്‍ ആശാന്റെ ഗൃഹത്തില്‍  ചെല്ലപ്പനുമൊന്നിച്ചു ജീവിച്ച കാലഘട്ടം ഗോവിന്ദന്‍ സ്മരിച്ചു.  ഞങ്ങള്‍ ഒന്നിച്ചു കൂടുമ്പോള്‍ പങ്കു വെയ്ക്കുന്ന എല്ലാ സന്തോഷപ്രദമായ സംഭാഷണങ്ങള്‍  അവസാനിക്കുന്നത് ( ബാല്യ കാല കുസൃതികള്‍ ഓര്‍ത്ത് കൊണ്ട്)  "ഞാന്‍ ചേട്ടനോട് ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട് " എന്ന ചെല്ലപ്പന്റെ  കുറ്റബോധം നിറഞ്ഞ ഈറന്‍ മിഴികളോടെ ആവും.   മറുപടി ഒന്നും പറയാതെ   പ്രിയ സഹോദരന്റെ തോളില്‍ കയ്യിട്ടു  എന്റെ   ശരീരത്തോട് ചേര്‍ത്തു ആശ്ളേഷിക്കും എന്നാണ് പറഞ്ഞത്.

കാലത്തിന്റെ യവനികയില്‍ കൊച്ചു ഗോവിന്ദനും മറഞ്ഞു . ഇരുവരുടെയും  സഹോദര ബന്ധത്തിന്റെ മുന്‍പില്‍ ഒരു തുള്ളി കണ്ണുനീര്‍ അഞ്ജലിയായി സമര്‍പ്പിക്കുന്നു.

2011, മേയ് 4, ബുധനാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി -3


    ഇന്ന് ഏകാദശി ദിവസമാണ്. രാജാവിന്റെ  വ്രതം മുടക്കാന്‍  പറ്റിയ സന്ദര്‍ഭം ഇന്നാണ് എന്ന് ഉറപ്പിച്ചു കൊണ്ട്   മോഹിനി കാമാശയോടെ   രുഗ്മാംഗദനെ പുണരുവാന്‍ ഉദ്യമിക്കയും രാജാവ്  തടയുകയും ചെയ്യുന്നതാണ് മൂന്നാം രംഗത്തിന്റെ തുടക്കം.
തനിക്കു കാമകേളികള്‍ ഒട്ടും തന്നെ തൃപ്തി വരുന്നില്ല എന്നും വ്രതം ഉപേക്ഷിച്ചു തന്നോടൊപ്പം സന്തോഷമായി രമിക്കണം എന്ന് ആവശ്യപ്പെടുന്ന മോഹിനിയെ  " ദിവ്യമായ ഇന്നത്തെ ഏകാദശി  വ്രതം കഴിഞ്ഞാല്‍ നിന്റെ ഇംഗിതങ്ങള്‍  എല്ലാം പൂര്‍ത്തി ചെയ്യാമെന്നും, ഇന്ന്  ഈശ്വര ചിന്തയല്ലാതെ മറ്റു ചിന്തകള്‍ പാടില്ല എന്നും, ആഹാരം വര്‍ജ്ജിക്കണം എന്നും രുഗ്മാംഗദന്‍ മോഹിനിയോട് പറയുന്നു.

പട്ടിണി കിടന്നാല്‍ ആരോഗ്യം നശിക്കും എന്നും കാമ 
തൃപ്തിയാണ് സുഖകരമായുള്ളത് എന്നും താന്‍ വ്രതം നോക്കില്ല  എന്നും, അങ്ങും വ്രതം ഉപേക്ഷിക്കണം എന്ന് മോഹിനി വാശി പിടിക്കുന്നു.

ഞാന്‍ രാജ്യവും സര്‍വ്വ സുഖങ്ങളും   സമ്പത്തുക്കളും ത്വജിക്കാന്‍  തയ്യാറാണെന്നും   ഏകാദശി വ്രതം അനുഷ്ടിക്കുവാന്‍ എന്നെ അനുവദിക്കണം എന്ന് രാജാവ് മോഹിനിയോടു അപേക്ഷിക്കുന്നു.

അല്ലയോ മഹാരാജാവേ! സത്യഭംഗം ചെയ്യുന്നത് യുക്തമാണോ? സത്യസന്ധന്‍ എന്ന കീര്‍ത്തി സമ്പാദിച്ച അങ്ങ് എന്നോട് അപ്രിയം ചെയ്യുകയില്ല എന്ന് സത്യം ചെയ്തത് മറന്നുവോ എന്ന് മോഹിനി ഓര്‍മ്മപ്പെടുത്തുന്നു.

എനിക്ക് നിന്നോട് ഒരു അപ്രിയവും ഇല്ല. നീ എന്നെ വ്രതം അനുഷ്ടിക്കുവാന്‍ അനുവദിച്ചാല്‍ മാത്രം മതി എന്ന രാജാവിന്റെ
അപേക്ഷ നിരസിച്ച മോഹിനി " അമ്മ തന്‍ മടയില്‍ വെച്ചു നിന്‍മകന്‍ ധര്‍മ്മാംഗദനെ ചെമ്മേ വാളാല്‍ വെട്ടാമെങ്കില്‍ ഇമ്മഹാവ്രതം നോറ്റാലും" എന്ന  ക്രൂര നിബന്ധന വെയ്ക്കുന്നു.

കഷ്ടം! ഇത്തരം ശാട്യങ്ങള്‍ ദുഷ്ടേ! നിനക്കുണ്ടാകുവാന്‍ എന്താണ് ഇവിടെ ഉണ്ടായത്. നിന്റെ നിഷ്ടുരങ്ങള്‍ ഉപേക്ഷിച്ചു നിന്റെ ആഗ്രഹം എന്താണെന്ന്  പറഞ്ഞാലും എന്ന രാജാവിന്റെ വാക്കിനു അച്ഛനും അമ്മയ്ക്കും കണ്ണില്‍ അശ്രു തെല്ലും വീണിടാതെ പുത്രഹത്യ   കൃത്യം ചെയ്‌താല്‍ വ്രതം അനുഷ്ടിക്കാം എന്നാണ് മോഹിനി അറിയിച്ചത്.

 എന്റെ ദൈവമേ! ഈ മോഹിനിക്ക് എന്താണ് എന്നിലിത്ര  ശത്രുത. അല്ലയോ (സ്നേഹാമൃതാത്മികെ)  മോഹിനി, നീ എന്നെ ചതിക്കല്ലേ എന്ന്  ദയാപൂര്‍വ്വം  അപേക്ഷിക്കുന്ന രാജാവിനോട്  പുത്രനെ വധിക്കാതെ വ്രതം അനുഷ്ടിച്ചാല്‍ അങ്ങേക്ക് സത്യഭംഗം സംഭവിക്കും എന്ന് (ബ്രഹ്മ നിര്‍ദ്ദേശം സ്മരിച്ചു കൊണ്ട് ) മോഹിനി ഓര്‍മ്മപ്പെടുത്തുന്നു.

മോഹിനിയുടെ വാക്കുകള്‍ കേട്ട് രുഗ്മാംഗദ രാജാവ് മോഹാലസ്യപ്പെട്ടു വീണു. ( മോഹിനി രാജാവിനെ വീശി. രാജാവിന് ബോധം തെളിഞ്ഞപ്പോള്‍ പഴയ മോഹിനിയായി നിലകൊണ്ടു.)  പിന്നീട് ബോധം തെളിഞ്ഞു മഹാവിഷ്ണുവിനെ വിളിച്ചു വിലപിച്ചു. 

അമ്മ സന്ധ്യാവലിയുമായി എത്തുന്ന ധര്‍മ്മാംഗദന്‍ പിതാവിനെ നമസ്കരിച്ച ശേഷം  അച്ഛന്‍ വിഷമിക്കരുത്. അങ്ങേക്ക് ശ്രേഷ്ഠന്മാരായ പുത്രന്മാര്‍  ഇനിയും ഉണ്ടാകും. സത്യഭംഗം ഒരിക്കലും  സംഭവിക്കരുത്. അച്ഛന്‍ അല്‍പ്പം പോലും വിഷമിക്കാതെ എന്നെ വധിച്ചു കൊള്ളുക എന്നു പറഞ്ഞ്, വാള്‍ പിതാവിനെ ഏല്‍പ്പിച്ച ശേഷം   സന്ധ്യാവലിയുടെ മടിയില്‍ തലവെച്ചു കിടന്നു.

കഷ്ടം! ഒരു പുത്രന്റെ മുഖം കാണണം എന്ന ആഗ്രഹത്തോടെ ഞാന്‍ ധാരാളം പൂജകള്‍, ഹോമങ്ങള്‍, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തു. ഒരു സല്‍പ്പുത്രനും ജനിച്ചു. മകനെ എടുത്തു താലോലിച്ചു. അവന്‍ വളര്‍ന്നു. ഇപ്പോള്‍ അവനു യവ്വനവും വന്നു. ഭാവിയില്‍ രാജാവായി വാഴിക്കേണ്ട അവനെ ഈ കൈകള്‍ കൊണ്ട് കഴുത്ത് അറക്കുക! അത് എങ്ങിനെ സാദ്ധ്യമാകും. ഞാന്‍  അഗ്നി സാക്ഷിയായി സ്വീകരിച്ച (സന്ധ്യാവലിയെ നോക്കി) പ്രിയ പത്നിയെയും  ( മകനെ നോക്കി) പൊന്നോമല്‍ പുത്രനെയും പറ്റി ചിന്തിക്കാതെ   ഈ മോഹിനിയെ വനത്തില്‍ നിന്നും കൂട്ടിവന്നതിനാല്‍  ഇപ്രകാരം അനിഷ്ടങ്ങള്‍  സംഭവിച്ചു എന്ന്  പുലമ്പുന്ന രുഗ്മാംഗദനെ  തന്നോടൊപ്പം ഇരുന്നു അല്‍പ്പം ആഹാരം കഴിച്ചാല്‍ മാത്രം മതി എന്ന്  മോഹിനി പറയുന്നു.

ധര്‍മ്മ സങ്കടത്തിലായ രാജാവ് രാജ്യവും സമ്പത്തുക്കളും  എല്ലാം നിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു ഞങ്ങള്‍ വനത്തിലേക്ക് പൊയ്ക്കൊള്ളാം, നീ ദയവു ചെയ്തു പിടിവാശി ഉപേക്ഷിച്ചാലും  എന്ന് മോഹിനിയോടു ആപേക്ഷിക്കുന്നു. മോഹിനി സാദ്ധ്യമല്ല എന്ന് ഉറപ്പിച്ചു പറയുന്നു. 

                          ( മോഹിനി,രുഗ്മാംഗദന്‍, ധര്‍മ്മാംഗദന്‍, സന്ധ്യാവലി) 

 (രാജാവ് മോഹിനിയെ നോക്കി)  നീ ഒരു സ്ത്രീ അല്ല. മോഹിനി രൂപം പൂണ്ട രാക്ഷസിയാണ്.  പത്തു മാസം ചുമന്നു  പ്രസവിച്ച ഒരു കുഞ്ഞിനെ മടയില്‍ കിടത്തി വധിക്കുവാന്‍ പറയുന്നത് അതുകൊണ്ടാണ്. 
( രാജാവ് മകനെ വെട്ടാന്‍  വാള്‍ ഓങ്ങി. വാള്‍ രാജാവിന്റെ കയ്യില്‍ നിന്നും താഴെ വീണു. ധര്‍മാംഗദന്‍ എഴുനേറ്റ് വാള്‍ പിതാവിനെ ഏല്‍പ്പിച്ചു വീണ്ടും മാതാവിന്റെ മടിയില്‍ കിടന്നു.)

(രാജാവ്) ഇല്ല. ഞാന്‍ ഈ ക്രൂര കൃത്യം ചെയ്യുക ഇല്ല. ഏകാദശി വ്രതം മുടക്കുകയും ഇല്ല. നീ എന്ത് ചെയ്യാന്‍ പോകുന്നു.

(മോഹിനി) ഞാന്‍ ഇവിടെ വിഷം കഴിച്ചു മരിക്കും.

(രാജാവ്  ചിന്തിക്കുന്നു) ഒരു സ്ത്രീ എന്റെ രാജ്യത്ത് ആത്മഹത്യ ചെയ്യുക, അതും ഞാന്‍ സത്യഭംഗം ചെയ്തതിന്റെ പേരില്‍. എന്റെ കുലത്തിന് ദുഷ്കീര്‍ത്തി സംഭവിച്ചു കൂടാ. വ്രതം മുടക്കുവാന്‍ പാടില്ല. വ്രതം പൂര്‍ത്തിയാകണം എങ്കില്‍ മകനെ വധിക്കണം. വിധിമതം അങ്ങിനെ എങ്കില്‍ അങ്ങിനെതന്നെ ആകട്ടെ. (വാള്‍ നോക്കി) എത്രയോ യുദ്ധങ്ങളില്‍ ശത്രുക്കളുടെ രക്തം കുടിച്ച വാളാണിത്. ഇന്നിതാ എന്റെ പ്രിയ പുത്രന്റെ രക്തം കുടിച്ചു വേണോ ദാഹം അടക്കുവാന്‍.   (മഹാവിഷ്ണുവിനെ സ്മരിച്ചു കൊണ്ട്) അങ്ങയുടെ പാദസേവ ചെയ്ത ഈ ഭക്തനെ രക്ഷിക്കൂ. എന്റെ മകനെ രക്ഷിക്കൂ.  പണ്ട് അങ്ങ്  നരസിംഹാവതാരം എടുത്തു ഭക്തനായ പ്രഹളാദനെ രക്ഷിച്ചതു പോലെ എന്റെ മകനെയും  രക്ഷിക്കൂ എന്ന് അപേക്ഷിച്ചു. (പിന്നീട് വാളെയും,  പുത്രനെയും , മോഹിനിയെയും  മാറി മാറി നോക്കി) ധൈര്യം സംഭരിച്ചു പുത്രനെ നോക്കി വെട്ടാന്‍ വാളോങ്ങി. ( രാജാവ് മകനെ വെട്ടാന്‍ വാള്‍ ഓങ്ങുമ്പോള്‍ ശുഭപ്രാപ്തിക്കായി  മോഹിനി പ്രാര്‍ത്ഥിക്കുന്നു)  മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു രാജാവിനെ തടഞ്ഞു.

ബാലനെ വധിക്കരുത്, നിനക്ക് കീര്‍ത്തിയും മുക്തിയും ലഭിച്ചിരിക്കുന്നു. നിന്റെ വ്രതം മുടക്കുവാന്‍ ബ്രഹ്മാവ് അയച്ചതാണ്‌ ഈ മോഹിനിയെ. ദ്വാദശി ദിവസം പകല്‍ ഉറങ്ങുന്നവരുടെ വ്രത ഫലത്തിന്‍ ആറില്‍ ഒരു പങ്ക്‌ മോഹിനിക്ക് ലഭിക്കും എന്ന് വിഷ്ണു അറിയിച്ച് മോഹിനിയെ യാത്രയാക്കി. മോഹിനി വിഷ്ണുവിനെയും രാജാവിനെയും മറ്റും വണങ്ങി യാത്രയായി.

പിന്നീട് ധര്‍മ്മാംഗദനെ അരികില്‍ വിളിച്ചു " നിന്നെ പോലെ ധന്യന്‍" ഈ ഭൂമിയില്‍ വേറെ ആരും ഇല്ലെന്നും വളരെക്കാലം സുഖമായി ജീവിക്കും എന്നും മരണശേഷം "എന്റെ സായൂജ്യം " (വിഷ്ണു ലോകം) നിനക്കും ലഭിക്കും എന്ന് വിഷ്ണു അറിയിക്കുന്നു. 

                            ( മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു പുത്രവധം  തടയുന്നു)


                             (വിഷ്ണു,രുഗ്മാംഗദന്‍, ധര്‍മ്മാംഗദന്‍, സന്ധ്യാവലി)

മഹാവിഷ്ണുവിന്റെ നിര്‍ദേശം അനുസരിച്ച് ധര്‍മ്മാംഗദനെ യുവ രാജാവായി അഭിഷേകം ചെയ്യിച്ചു അനുഗ്രഹിച്ച ശേഷം മഹാവിഷ്ണുവിനോടൊപ്പം രുഗ്മാംഗദനും സന്ധ്യാവലിയും
 വിഷ്ണുലോകത്തേക്ക് മറയുന്നു. 
 പത്മശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ രുഗ്മാംഗദനായും ശ്രീ. മാര്‍ഗി വിജയകുമാര്‍ മോഹിനിയായും, ശ്രീ. കലാമണ്ഡലം വൈശാഖ് ധര്‍മ്മാംഗദനായും, ശ്രീ. കലാമണ്ഡലം അരുണ്‍ സന്ധ്യാവലിയായും, ശ്രീ. കലാനിലയം അരവിന്ദന്‍ വിഷ്ണുവായും രംഗത്തെത്തി വിജയിപ്പിച്ചു. 

ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാനിലയം രാജീവന്‍ , ശ്രീ. നെടുമ്പള്ളി രാംമോഹന്‍ എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. അശോകന്‍, ശ്രീകാന്ത് വര്‍മ്മ എന്നിവര്‍  ചെണ്ടയും ശ്രീ. കലാഭാരതി ജയന്‍, ശ്രീ.ഏവൂര്‍ മധു എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.

   ധര്‍മ്മാംഗദനെ യുവ രാജാവായി അഭിഷേകം ചെയ്യുന്ന സമയത്ത്  (എന്തോ അപാകതയാല്‍) വിഷ്ണു വേഷം കെട്ടിയ ബാല നടനോട് രംഗത്ത് വെച്ച് ( ഒരു കത്തി വേഷത്തിന്റെ അലര്‍ച്ച യോടെ) ദേക്ഷ്യം കാട്ടിയ ഗോപി ആശാന്റെ രീതി വളരെ അരോചകമായി തോന്നിയത് ഒഴിച്ചാല്‍ കഥകളി വിജയം ആയിരുന്നു എന്നതിന് സംശയം ഇല്ല.