പേജുകള്‍‌

2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

കഥകളിയിലെ കൊച്ചാശാന്‍

ശ്രീ.ചെങ്ങന്നൂര്‍ രാമന്‍ പിള്ള ആശാന്റെ കാലഘട്ടത്തില്‍ തിരുവല്ലാ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്ന ഒരു കഥകളി കലാകാരന്‍ ആയിരുന്നു ശ്രീ. കുറിയന്നൂര്‍ നാണുപിള്ള. അന്ന്‌ ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യന്മാര്‍ ഉള്‍പ്പെടുന്ന കഥകളി സമൂഹം  ശ്രീ. കുറിയന്നൂര്‍ നാണുപിള്ളയെ കൊച്ചാശാന്‍ എന്നാണ് വിളിച്ചിരുന്നത്‌.  ശ്രീ.ചെങ്ങന്നൂര്‍ ആശാനെക്കാള്‍ അല്‍പ്പം പ്രായം കുറവുണ്ട് കൊച്ചാശാന്.  സന്താനഗോപാലം, കുചേലവൃത്തം, രുഗ്മിണീസ്വയംവരം എന്നീ കഥയിലെ  കൃഷ്ണന്‍ , ദുര്യോധനവധത്തില്‍ ധര്‍മ്മപുത്രര്‍ , കൃഷ്ണന്‍, ശകുനി,  കാലകേയവധത്തില്‍ മാതലി,  സീതാസ്വയംവരത്തില്‍ ശ്രീരാമന്‍,ദശരഥന്‍ എന്നീ വേഷങ്ങളും നാരദന്‍, വസിഷ്ടന്‍ തുടങ്ങിയ മിനുക്കു വേഷങ്ങളും അദ്ദേഹം ചെയ്തു കണ്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തിരുവല്ലയില്‍ നടന്നിരുന്ന എല്ലാ കഥകളികള്‍ക്കും കൊച്ചാശാന്റെ സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്നു.  കൊച്ചാശാന്‍  തിരുവല്ലയില്‍ പലരെയും കഥകളി അഭ്യസിപ്പിക്കുകയും അവര്‍ തിരുവല്ലായിലെ കഥകളിയോഗങ്ങളിലെ  നടന്മാരായി  പ്രവര്‍ത്തിച്ചും വന്നിരുന്നു.
ചെങ്ങന്നൂര്‍ ആശാന്റെ ഉഴിച്ചില്‍ കൊച്ചാശാന്‍ ചെയ്തു വന്നിരുന്നു. അങ്ങിനെ ഒരു ഉഴിച്ചില്‍ കാലത്ത് സ്കൂള്‍ അവധി ആയിരുന്നതിനാല്‍ ഞാനും ചെങ്ങന്നൂര്‍ ആശാന്റെ ഗൃഹത്തില്‍ താമസിക്കുവാന്‍ ഇടയായി. അന്ന്‌ ചെങ്ങന്നൂര്‍ ആശാനും  കൊച്ചാശാനും തമ്മിലുള്ള നര്‍മ്മ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു രസിക്കുവാന്‍  എനിക്ക്  അവസരം ലഭിച്ചിരുന്നു. പുരാണങ്ങളില്‍ ഉള്ള അപ്രധാന കഥാപാത്രങ്ങളെ പറ്റി അദ്ദേഹം പഠിച്ചു കൊണ്ട് ആ കഥാപാത്രത്തിനു  വളരെ മുഖ്യത്തം നല്‍കി സംസാരിക്കുക എന്നത്  കൊച്ചാശാന്റെ ഒരു വിനോദമായിരുന്നു. കൊച്ചാശാന്റെ പുരാണ വര്‍ണ്ണന മൂളി കേട്ടുകൊണ്ടിരിക്കുക എന്നല്ലാതെ  ചെങ്ങന്നൂര്‍  ആശാന്‍ ഒരു എതിരഭിപ്രായം  പറഞ്ഞു കേട്ടിട്ടില്ല.  കൊച്ചാശാന്‍ അറിഞ്ഞു വെച്ചിട്ടുള്ള അപ്രധാന കഥാപാത്രത്തെ പറ്റിയുള്ള  എന്തെങ്കിലും വിവരം  അണിയറയില്‍ വെച്ച് ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യന്മാര്‍   ഉള്‍പ്പെടുന്ന കഥകളി   കലാകാരന്മാരോട്  ചോദിക്കുകയും,   കൊച്ചാശാന്‍ പറയുന്ന  കഥാപാത്രത്തെ പറ്റി മറ്റുള്ള കലാകാരന്മാര്‍ക്ക്   ബോധം ഇല്ല എന്ന് വരുത്തി തീര്‍ത്തു കൊണ്ട് , അവിടെ കൊച്ചാശാന്‍ അതിന് സ്വയം ഉത്തരം പറഞ്ഞു  കേമന്‍ ആകുന്ന സ്വഭാവം ഉണ്ടായിരുന്നു. ചെങ്ങന്നൂര്‍ ആശാനും കൊച്ചാശാനും തമ്മിലുള്ള സ്നേഹ ബന്ധം കാരണം ഈ കലാകാരന്മാര്‍ ആരും തന്നെ  കൊച്ചാശാനോട്  പ്രതികരിക്കാതെ അംഗീകരിക്കുന്നതായി അഭിനയിക്കുകയും ചെയ്തു വന്നു. കൊച്ചാശാന്റെ ഓരോരോ കഥകളും കേട്ടു, അതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ കലാകാരന്മാര്‍ക്കെല്ലാം അത്യധികം  അസഹ്യത തോന്നി. ഒരിക്കല്‍ തിരുവല്ലാ ക്ഷേത്രത്തിലെ അണിയറയില്‍ കലാകാരന്മാര്‍ വേഷം ഒരുങ്ങി കൊണ്ടിരുന്നപ്പോള്‍ കൊച്ചാശാന്‍ ഒരു അപ്രധാന  കഥാപാത്രത്തെ പറ്റി അടുത്തിരുന്ന ചെങ്ങന്നൂര്‍ ആശാന്റെ ശിഷ്യനായ ചെന്നിത്തലയോട്   (ചെന്നിത്തല ചെല്ലപ്പന്‍ പിള്ള) ചോദിച്ചു. ഇത്തവണ എന്തു വന്നാലും ശരി കൊച്ചാശാനെ ഒന്ന് മടക്കുകതന്നെ എന്നു ചെന്നിത്തല തീരുമാനിച്ചു കൊണ്ട് ഒരു മറു ചോദ്യം ഉന്നയിച്ചു.    ആശാനെ!, ആശാന്‍ എത്ര കാലമായി ഞങ്ങളോട്  ഇങ്ങിനെ ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നു? ആശാന്റെ ചോദ്യങ്ങള്‍ക്ക്    ഒരു ഉത്തരവും നല്‍കുവാന്‍ സാധിക്കാത്ത മണ്ടന്മാര്‍ ആണ് ഞങ്ങള്‍ എല്ലാവരും എന്ന് ആശാന്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു . എന്നാല്‍  ഇന്നു ഞാന്‍ ഒരു ചോദ്യം ആശാനോട് ചോദിക്കുകയാണ്. ആശാന്‍ അതിന് ഉത്തരം പറയുവാന്‍ സാധിച്ചില്ല എങ്കില്‍ ഇനിമേല്‍ ഞങ്ങളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കില്ല എന്നു ശ്രീവല്ലഭനെ മനസ്സില്‍ വിചാരിച്ചു കൊണ്ട് ഈ അണിയറയില്‍ വെച്ച് സത്യം ചെയ്യണം എന്നു പറഞ്ഞു. അണിയറയില്‍ ഉണ്ടായിരുന്ന കലാകാരന്മാര്‍ എല്ലാവരും ചെന്നിത്തലയോടൊപ്പം ചേര്‍ന്നപ്പോള്‍ ആ  നിബന്ധന കൊച്ചാശാന്‍ സ്വീകരിക്കേണ്ടതായി  വന്നു. ചെന്നിത്തല  ഇങ്ങിനെ പറഞ്ഞു.   കൊച്ചാശാന്‍ എത്രയോ കാലമായി കുറിയന്നൂരില്‍ ബസ്സില്‍ വന്നു തിരുവല്ലാ മാര്‍ക്കറ്റില്‍ ഇറങ്ങി ക്ഷേത്രം വരെ നടന്നു കഥകളിക്കു  വരുന്നു. മാര്‍ക്കറ്റു മുതല്‍ ക്ഷേത്രം വരെ എത്ര ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട് എന്നതാണ് എന്റെ ചോദ്യം.
ചെന്നിത്തല ആശാന്റെ ചോദ്യത്തിന്  കൊച്ചാശാന് ശരി ഉത്തരം നല്‍കുവാന്‍ സാധിച്ചില്ല. ഞാന്‍ ഇന്നുവരെ എണ്ണി നോക്കിയിട്ടില്ല എന്നാണ്  ആശാന്‍ മറുപടി പറഞ്ഞത് . ഉടനെ ചെന്നിത്തല  ഞാനും  ഇതുവരെ എണ്ണിയിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് തുടര്‍ന്നു.
ആശാനെ, തിരുവല്ലയില്‍ കളിക്ക് വരുന്ന ഒരു കലാകാരനു മാര്‍ക്കറ്റു മുതല്‍ ക്ഷേത്രം വരെ എത്ര ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട് എന്നു എണ്ണി നോക്കേണ്ട ആവശ്യം ഇല്ല. അതുപോലെ കഥകളിക്കു വേഷം കെട്ടുന്ന കലാകാരന്മാര്‍ക്ക് ആശാന്‍ പറയുന്ന അപ്രധാന കഥാപാത്രങ്ങളെ പറ്റി  അറിയേണ്ട ആവശ്യവും ഇല്ല എന്നു ആശാന്‍ അറിയുക. ഇതു കേട്ട  കൊച്ചാശാന്  ജാള്യം   തോന്നി. പിന്നീടു ഒരിക്കലും കൊച്ചാശാന്‍ ഇത്തരം ചോദ്യങ്ങള്‍ അണിയറയില്‍ ഉന്നയിച്ചിട്ടില്ല.  കൊച്ചാശാന്റെ ചോദ്യാവലിയില്‍  നിന്നും കലാകാരന്മാരെ രക്ഷിച്ചതിന് അന്നു അവിടെ ഉണ്ടായിരുന്ന  കലാകാരന്മാര്‍ എല്ലാവരും ചേര്‍ന്ന് ചെന്നിത്തലക്ക് ഒരു  ട്രീറ്റ്  നടത്തി എന്നാണ് ശ്രീ. ആയംകുടി കുട്ടപ്പന്‍ മാരാര്‍ ആശാന്‍ ഒരിക്കല്‍  പറഞ്ഞത്.

കൊച്ചാശാന്റെ  വാര്‍ദ്ധക്യകാല ജീവിതം മാന്നാറിനു  സമീപമുള്ള  ഏതോ സ്ഥലത്ത്  ആയിരുന്നു. അക്കാലത്ത്  ഇരമത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍  ഒരു കഥകളി നടന്നു. കളി കഴിഞ്ഞു കലാകാരന്മാര്‍ വേഷം അഴിച്ചു കൊണ്ടിരുന്നപ്പോള്‍  വളരെ  അവശനായിരുന്ന കൊച്ചാശാനെ  കൂട്ടി ഒരു ബന്ധു  അണിയറയില്‍ എത്തി. ആശാന്‍ കഥകളി കോപ്പുകള്‍ ഓരോന്നും  പിടിച്ചു നോക്കുകയും ആ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്നതും കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന കലാകാരന്മാര്‍ എല്ലാവരും വിഷമത്തിലായി. താന്‍ ഒരു കാലത്തു ഉപയോഗിച്ചിരുന്ന കഥകളി കോപ്പുകള്‍ എല്ലാം തന്റെ ശോഷിച്ച, വിറയ്ക്കുന്ന കൈകള്‍ കൊണ്ട് തൊട്ടു നോക്കി   നിര്‍വൃതി അടഞ്ഞ ആ നിമിഷങ്ങള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെയാണ്  അണിയറയില്‍ ഉണ്ടായിരുന്നവര്‍ നോക്കി നിന്നത്.
 അന്ന്‌ കളിക്ക് ഉണ്ടായിരുന്ന ഹരിപ്പാട്ടു രാമകൃഷ്ണ പിള്ള , ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, പന്തളം കേരളവര്‍മ്മ, തകഴി കുട്ടന്‍ പിള്ള ഭാഗവതര്‍, വാരണാസി മാധവന്‍ നമ്പൂതിരി  തുടങ്ങിയവര്‍ തങ്ങള്‍ക്ക് ലഭിച്ച കളിപ്പണത്തിന്റെ  ഒരു പങ്കു കൊച്ചാശാന്  നല്‍കി അദ്ദേഹത്തിന്‍റെ  പാദങ്ങളില്‍  തൊട്ടു വണങ്ങിയപ്പോള്‍ കൊച്ചാശാന്റെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണുനീര്‍ ഒഴുകി. കഥകളിക്കു കൂടുന്ന കാലത്ത് എപ്പോഴും ഫലിതവും, തര്‍ക്കങ്ങളും , കഥകളും ഉപകഥകളും പറഞ്ഞു വളരെ  അധികം സന്തോഷവാനായി കണ്ടിട്ടുള്ള ആ കൊച്ചാശാന്റെ  കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുന്ന ആ കാഴ്ച കണ്ട് എന്റെ കണ്ണുകളും നിറഞ്ഞു.

2 അഭിപ്രായങ്ങൾ:

  1. V. G. Purushothaman2013, ജൂൺ 5 5:43 PM

    കഥയിലെ നായകൻ കൊച്ചാശാന്റെ അണിയറ സന്ദർസനം ഹൃദയത്തിൽ തട്ടും വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ