പേജുകള്‍‌

2017 ഏപ്രിൽ 13, വ്യാഴാഴ്‌ച

സാമ്യമകന്നോരുദ്യാനം-2

ഇളകിയാട്ടം ബ്ലോഗിൻറെ എല്ലാ വായനക്കാർക്കും എൻറെ ഹൃദയം നിറഞ്ഞ വിഷുദിന ആശംസകൾ!

ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി അവർകളുടെ മുപ്പത്തിആറാം ചരമദിനം 2017 ഏപ്രിൽ 19 ബുധനാഴ്ച്ച അദ്ദേഹത്തിൻറെ കീരിക്കാട്ടുള്ള ഇല്ലത്തിൽ ആചരിക്കുന്ന ഈ സന്ദർഭത്തിൽ  സാമ്യമകന്നോരുദ്യാനം എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ. തോന്നയ്ക്കൽ  പീതാംബരൻ ചേട്ടൻറെ ഓർമ്മക്കുറിപ്പുകളിൽ കഥകളി ആചാര്യൻ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി അവർകളെ പറ്റിയുള്ള  കുറിപ്പുകൾ വായനക്കാരുടെ ശ്രദ്ധയിൽ എത്തിക്കുകയാണ് ഈ പോസ്റ്റിൽ കൂടി ഉദ്ദേശിക്കുന്നത്. 
ഇതാ അദ്ദേഹത്തിൻറെ കുറിപ്പ് : 


                                                                       ശ്രീ. തോന്നയ്ക്കൽ പീതാംബരൻ 

ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയെ കാണുന്ന കാലം മുതൽ എന്റെ മാനസ ഗുരുവാണ് അദ്ദേഹം. തിരുമേനിയുടെ കഴിവുകൾ മനസിലാക്കിയുള്ള ആരാധന ആയിരുന്നില്ല അത്. അണിയറയിൽ കാണുമ്പോഴുള്ള അദ്ദേഹത്തിൻ്റെ ഇടപെടലുകളാണ് എന്നെ ആകർഷിച്ചത്. ഓരോരുത്തരോടും വലിപ്പച്ചെറുപ്പം നോക്കാതെയുള്ള സഹകരണം. കളിസ്ഥലത്തു വന്നാൽ കളി നന്നാകണം എന്നുള്ള വ്യഗ്രത, അതിനാവശ്യമായ കാര്യത്തിൽ തികഞ്ഞ ശ്രദ്ധാലുവായിരുന്നു; പ്രത്യേകിച്ചും തിരുമേനിയുടെ വേഷത്തിന്റെ കാര്യത്തിൽ. അദ്ദേഹത്തിനോടൊപ്പം കൊച്ചു കൊച്ചു വേഷങ്ങൾ കെട്ടുന്ന കാലം മുതൽക്കേ എന്നോട് ഒരു മമത ഉള്ളതായി അനുഭവപ്പെട്ടിരുന്നു. 

കൃഷ്ണൻ നായർ ആശാൻറെ ശിഷ്യനായപ്പോൾ മുതൽ അദ്ദേഹം എന്നിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. പ്രത്യേകിച്ചും അദ്ദേഹത്തോടൊപ്പമുള്ള കൂട്ടുവേഷങ്ങൾ കെട്ടുമ്പോൾ, അദ്ദേഹത്തിന് കൂട്ടു വേഷക്കാരിൽ നിന്നും കിട്ടേണ്ട ആട്ടങ്ങളുണ്ട്. അത് തെക്കൻ ചിട്ടയാണ് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ആ ചിട്ടയിൽ അവസാന നിമിഷം വരെ മാറ്റം വരുത്തുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തൃപ്പൂണിത്തുറയിലെ  പഠിത്തം കഴിഞ്ഞു  നാട്ടിൽ വന്ന് കളികളിൽ പങ്കെടുത്ത്‌ നടക്കുന്ന കാലം, അണിയറയിൽ തിരുമേനിയോടൊപ്പം പങ്കെടുക്കുവാൻ അവസരം കിട്ടി. 
ഏതു കളിസ്ഥലത്തായാലും വൈകി വരിക, എത്രയും വേഗം വേഷം തീർത്ത് അരങ്ങിലേക്ക് പോവുക, ഇതൊക്കെ അദ്ദേഹത്തിൻറെ ചിട്ടയിൽപെട്ട  കാര്യങ്ങളാണ്.  ഒരിക്കൽ ധൃതി പിടിച്ചു വേഷം തീരുന്നതിനിടയിൽ തിരുമേനി എന്നെ അടുത്തേക്ക് വിളിച്ചു ചോദിച്ച. ഇത്രാം തീയതി (തീയതി ഓർമ്മയിലില്ല) പീതാംബരന് കളിയുണ്ടോ? 

ഇല്ല, എനിക്ക് കളിയില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. 


"ഹരിപ്പാടിന് അടുത്ത് രാമപുരം ക്ഷേത്രത്തിലെ കളിക്ക് പോകണം. വേഷം കല്യാണസൗഗന്ധികത്തിൽ ഭീമൻ. എനിക്ക് പകരം ഞാൻ പീതാംബരനെ കളി ഏൽപ്പിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കണം. പരാതി ഒന്നും വരുത്തരുത് ". 

തികച്ചും അപ്രതീക്ഷിതമായ സംഭവം. എന്നെ പോലുള്ള ഒരു കലാകാരന് കഥകളി ജീവിതത്തിൽ കിട്ടാത്ത അംഗീകാരം. അതുമല്ലെങ്കിൽ എൻ്റെ കഥകളി ജീവിതത്തിലെ വിലമതിക്കാൻ കഴിയാത്ത അംഗീകാരം. 
പരിപാടി ദിവസം രാമപുരം ക്ഷേത്രത്തിലെത്തി. ചുമതലക്കാരെ പരിചയപ്പെട്ടു. തിരുമേനിയുടെ പ്രതിനിധിയായി ചെന്നതുകൊണ്ടു കമ്മിറ്റിക്കാരിൽ തൃപ്തിക്കുറവൊന്നും കണ്ടില്ല. എൻ്റെ കഥകളി ജീവിതത്തിലെ അഭ്യുദയകാംക്ഷിയായിരുന്ന  പന്തളം കേരളവർമ്മ തമ്പുരാനായിരുന്നു ഹനുമാൻ. എൻ്റെ പോരായ്മകൾ മനസിലാക്കി തമ്പുരാൻ ആ കുറവുകൾ പരിഹരിച്ചു് കളി കഴിച്ചുകൂട്ടി. ഞങ്ങൾ അരങ്ങത്തു പോകുന്നതിനു മുൻപ് പരസ്പര ധാരണ വരുത്തിയിരുന്നതുകൊണ്ട്, കഥകളി ഭാഷയിൽ പറഞ്ഞാൽ  കളി 'പടിയാകാതെ' (മോശമാകാതെ) കഴിഞ്ഞു. ഞാൻ പ്രതീക്ഷിക്കാത്ത പ്രതിഫലവും ലഭിച്ചു.

ദിവസങ്ങൾക്കു ശേഷം മറ്റൊരു കളിസ്ഥലത്തു തിരുമേനിയോടൊപ്പം സഹകരിക്കുവാൻ അവസരം ലഭിച്ചു. കണ്ടമാത്രയിൽ തന്നെ സന്തോഷത്തോടെ എന്നെ അടുത്തേക്ക് വിളിച്ചു  ഇങ്ങിനെ പറഞ്ഞു." അന്ന് ഭീമൻ നന്നായെന്നാണ് രാമപുരത്തുകാർ പറഞ്ഞത്. എനിക്ക് പീതാംബരനെ വിശ്വാസമാണ്. അതുകൊണ്ടാണ് എനിക്ക് പകരം പീതാംബരനെ ഏൽപ്പിച്ചത് ". തിരുമേനിയിൽ നിന്നും ഈ അഭിനന്ദനം കൂടി കിട്ടിയപ്പോൾ എൻറെ  സന്തോഷത്തിനു അതിരില്ലാതെയായി. 
ഞാൻ ഒരിക്കലും അദ്ദേഹത്തിനെന്നല്ല, മറ്റാരുടെയും പകരക്കാരനാവാൻ യോഗ്യനല്ലെന്നു വിശ്വസിക്കുന്നു. എൻറെ കഴിവുകളും കഴിവുകേടും എനിക്ക് മാത്രമുള്ളതാണ്. അതിൽ ഞാൻ തൃപ്തനുമാണ്. 


                                                                    ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി

മാങ്കുളം തിരുമേനിയോടൊപ്പം പങ്കെടുക്കുന്ന കൂട്ടുവേഷങ്ങൾ എല്ലാം എൻ്റെ കഥകളി ജീവിതത്തിലെ മുഹൂർത്ഥങ്ങളാണ്. ദേവയാനീചരിതത്തിൽ  എന്റെ ശുക്രൻ അദ്ദേഹത്തിൻറെ കചൻ, സന്താനഗോപാലത്തിൽ അദ്ദേഹത്തിൻറെ ബ്രാഹ്മണൻ എന്റെ അർജുനൻ, നളചരിതം ഒന്നാം ദിവസത്തിലെ അദ്ദേഹത്തിൻറെ നളൻ എന്റെ നാരദൻ, കർണ്ണശപഥത്തിൽ എന്റെ ദുര്യോധനൻ അദ്ദേഹത്തിൻറെ കർണ്ണൻ എന്നിങ്ങനെ വലുതും ചെറുതുമായ കൂട്ടുവേഷങ്ങൾ കെട്ടാൻ അവസരം കിട്ടിയിട്ടുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം പുരാണപരമായ ആട്ടക്രമങ്ങൾ എന്നെ പഠിപ്പിച്ചത് കഥകളി രംഗത്തു പിടിച്ചു നിൽക്കുവാൻ എനിക്ക് സഹായകരമായിത്തീർന്നു. 

                                                                    ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി

ഇത്തരുണത്തിൽ  മറ്റൊരു കാര്യം ഓർമ്മയിൽ വരുന്നുണ്ട്. തിരുമേനിയുടെ ചുമതലയിൽ ബോംബയിൽ രണ്ടു ദിവസത്തെ കളിയിൽ പങ്കെടുക്കുവാൻ അവസരം കിട്ടി. തിരുമേനിയും അദ്ദേഹത്തിൻറെ ശിഷ്യന്മാരും അല്ലാതെ മറ്റൊരാളായിട്ട് ഞാൻ മാത്രമേയുള്ളൂ സംഘത്തിൽ.  അദ്ദേഹത്തോടൊപ്പം അങ്ങോട്ടും ഇങ്ങോട്ടുമുള്ള ട്രെയിൻ യാത്ര ഒരിക്കലും മറക്കുവാൻ പറ്റുന്ന അനുഭവമല്ല. കഥകളി സംബന്ധമായ വിഷയങ്ങൾ, പുരാണം, നാം കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങളുടെ പാത്രസ്വഭാവം, ആട്ടത്തിൻറെ   ഔചിത്യബോധം, മറ്റു കലാകാരന്മാരെ അംഗീകരിക്കുന്നതിൽ അദ്ദേഹത്തിൻറെ നിഷ്കളങ്കമായ സമീപനം എന്നിവ മനസിലായപ്പോൾ അദ്ദേഹത്തോടുള്ള ആദരവ് പതിന്മടങ്ങു വർദ്ധിച്ചു.
**************************************************************************************************************
ശ്രീ. പീതാംബരൻ ചേട്ടനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ കലാജീവിതത്തിൽ മാങ്കുളം തിരുമേനിയ്ക്കുള്ള സ്ഥാനം പൂർണ്ണമായും വ്യക്തമാക്കിയിരിക്കുന്നു. മുന്നോക്ക സമുദായാംഗങ്ങളാണ് കഥകളിയിലെ ഒട്ടുമിക്ക കലാകാരന്മാരും. കാലഘട്ടം നിലനിർത്തിയിരുന്ന പല ദുർപ്രവണതകൾ  കൊണ്ട്  ഒരു പിന്നോക്ക സമുദായാംഗം ഈ കലയിൽ ശോഭിക്കുവാൻ പല തടസ്സങ്ങളാകും ഉണ്ടാക്കുക.  ആ കാലഘട്ടത്തിലും ശ്രീ. പീതാംബരൻ ചേട്ടന് സ്നേഹാദരവ് നൽകി കഥകളി ലോകത്തിൽ അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവരുവാൻ മുൻവന്ന  ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ സന്മനസ്സിനു മുൻപിൽ  ശിരം താഴ്ത്തി വണങ്ങുകയും ചെയ്യുന്നു.
                                                                                                                             (തുടരും)

                                       
                                                                                                                           

2017 ഏപ്രിൽ 9, ഞായറാഴ്‌ച

സാമ്യമകന്നോരുദ്യാനം-1


കഥകളി കലാകാരനായ ശ്രീ. തോന്നയ്ക്കൽ പീതാംബരൻ ചേട്ടൻ അവർകൾ എഴുതി 2014 - ൽ പ്രസിദ്ധീകരിച്ച പുസ്തകം  "സാമ്യമകന്നോരുദ്യാനം" 2017 ജനവരി മാസത്തിൽ അദ്ദേഹം എനിക്ക് അയച്ചു തരികയുണ്ടായി.  പുസ്തകം വായിച്ചു് അഭിപ്രായങ്ങൾ അറിയിക്കണം എന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചെറുപ്പകാലം മുതൽ അച്ഛനോടൊപ്പം പല കളിസ്ഥലങ്ങളിലും എൻ്റെ സാന്നിദ്ധ്യവും  കലാകാരന്മാരുമായി ഞാൻ പുലർത്തിയിരുന്ന സ്നേഹ ബന്ധങ്ങളും കളികണ്ടശേഷമുള്ള എൻ്റെ പറയുന്ന അഭിപ്രായങ്ങളും എൻ്റെ പിതാവിനോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹ ബഹുമാനവും കൊണ്ടായിരിക്കണം അദ്ദേഹം എന്റെ അഭിപ്രായം അറിയുവാൻ താൽപ്പര്യം കാണിച്ചത്. ശാരീരികമായ അസ്വസ്ഥതകൾ നിമിത്തം കളിയരങ്ങുകളിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹത്തിന് ഒരു പക്ഷേ കഥകളി സ്നേഹികളുമായുള്ള സൗഹൃദ സംഭാഷണങ്ങൾ, അഭിപ്രായങ്ങൾ എന്നിവ  വളരെ ആശ്വാസം പകരുന്നതായിരിക്കാം.

"സാമ്യമകന്നോരുദ്യാനം" എന്ന അദ്ദേഹത്തിൻറെ ഓർമ്മക്കുറിപ്പുകളെ ശ്രദ്ധാപൂർവം   വായിച്ചു നോക്കുവാൻ സാധിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹം എന്നെ വിളിച്ച്‌  അഭിപ്രായം ആരാഞ്ഞു. ശ്രദ്ധാപൂർവം വായിച്ചില്ലെന്നും വായിച്ച ശേഷം ഞാൻ വിളിക്കാം എന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകുകയും വായിച്ച ഭാഗങ്ങളെ പറ്റിയുള്ള എന്റെ അഭിപ്രായം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. എൻ്റെ അഭിപ്രായങ്ങളെ സശ്രദ്ധം കേട്ടശേഷം പുസ്തകം മുഴുവൻ വായിച്ചശേഷമുള്ള അഭിപ്രായം അറിയുവാനുള്ള താൽപര്യത്തെ എന്നെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയും ചെയ്തു. 

എനിക്ക് 1981 - മുതൽ   തമിഴ് നാട്ടിൽ താമസിക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ കളിയരങ്ങുകളുടെ  മുന്നിൽ എൻ്റെ സാന്നിദ്ധ്യം വളരെ വിരളമായി. എങ്കിലും അതിനു മുൻപു കണ്ടിട്ടുള്ള കളികളുടെ ഓർമ്മകളും അനുഭവങ്ങളും എൻ്റെ സ്മരണയിൽ മായാതെ കിടപ്പുണ്ട്. ഈ ഓർമ്മകളിൽ ചിലത്  അദ്ദേഹവുമായുള്ള സംഭാഷണത്തിൽ ഞാൻ പങ്കുവെച്ചു. 

                                                         ശ്രീ. തോന്നയ്ക്കൽ പീതാംബരൻ അവർകൾ 

1981 -ന്  മുൻപ് ശ്രീ. പീതാംബരൻ ചേട്ടൻറെ ബാലിവിജയത്തിൽ രാവണൻ മൂന്നു തവണ കണ്ടിട്ടുണ്ട്. ആദ്യത്തെ രാവണൻ  കാണുന്നത് ആലപ്പുഴ ജില്ലയിലുള്ള മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച്‌ നടന്ന കളിക്കാണ്. ശ്രീ. കലാമണ്ഡലം രതീശൻറെ നാരദനും ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ ബാലിയും. പിന്നീട് കൊല്ലം ജില്ലയിലെ കടമ്പനാടിനു സമീപമുള്ള തൂവയൂർ മഹർഷിമംഗലം ക്ഷേത്രത്തിൽ ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാൻറെ നാരദനും ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരിയുടെ ബാലിയും. അടുത്തത് കോട്ടയം  ജില്ലയിലെ ചങ്ങനാശേരിയിലുള്ള  കാവിൽ ക്ഷേത്രത്തിൽ ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള ആശാൻറെ നാരദനും ശ്രീ. തലവടി അരവിന്ദൻ ചേട്ടൻറെ ബാലിയും. 

തൂവയൂരിലെ കളികഴിഞ്ഞുള്ള മടക്കയാത്രയും സ്മരണയിൽ ഉണ്ട്. ക്ഷേത്രത്തിൽ നിന്നും ബസ്സ്റ്റാൻഡിൽ എത്താൻ ഇന്നത്തെ പോലെ യാത്രാ സൗകര്യങ്ങൾ അന്ന് ഉണ്ടായിരുന്നില്ല. ഉറക്കച്ചടവോടെ നടക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല. എന്നാൽ ആ യാത്രയിൽ ലഭിക്കുന്ന ഒരു സുഖം ഇന്ന് അവർണ്ണനീയമാണ്. തൂവയൂരിൽ നിന്നും ബസ്സ്റ്റാൻഡ് വരെ കഥകളി അനുഭവങ്ങളുടെ  കഥകളുമായി  പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനും എൻ്റെ പിതാവും  മുൻപേയും അവരുടെ കഥകൾ സശ്രദ്ധം കേട്ടുകൊണ്ട് ഞാനും ശ്രീ. പീതാംബരൻ ചേട്ടനും പിന്നാലെയും. ഇടയിൽ എപ്പോഴോ ഞാൻ "ബാലിവിജയത്തിൽ രാവണനെ" പറ്റി ഒരു അഭിപ്രായം ശ്രീ. പീതാംബരൻ ചേട്ടനോട്  പറയാൻ ശ്രമിച്ചു.  

"മറ്റൊരു നടൻറെ രാവണൻ അങ്ങിനെയാണ് അല്ലെങ്കിൽ ഇങ്ങിനെയാണ്‌ ചെയ്യുന്നത് എന്ന് എന്നോട് പറയേണ്ട. എന്റെ രാവണിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ അത് ധൈര്യത്തോടെ  പറയുക. ആ കുറവുകൾ എനിക്ക് ബോധ്യപ്പെട്ടാൽ ഞാൻ പരിഹരിക്കാൻ ശ്രമിക്കും. അനുകരണം ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ മറ്റൊരു നടൻ ചെയ്യുന്ന ആശയം യുക്തമെന്നു തോന്നിയാൽ ആ ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് എൻറെതായ ശാരീരികഭാഷയിൽ ഞാൻ അവതരിപ്പിക്കും" എന്നാണു അദ്ദേഹം എന്നോട് പറഞ്ഞത്.



വർഷങ്ങൾ പലതു കഴിഞ്ഞ ശേഷം ഒരിക്കൽ ലീവിന് നാട്ടിൽ എത്തിയപ്പോൾ കൊല്ലം കഥകളി ക്ലബ്ബ് പ്രസിദ്ധീകരിച്ച ഒരു വാർഷിക പതിപ്പിൽ ശ്രീ. പീതാംബരൻ ചേട്ടൻ എഴുതിയ "കൈലാസോദ്ധാരണവും പാർവതീവിരഹവും" എന്നൊരു ആർട്ടിക്കിൾ കണ്ടു.  ഞാൻ അത് സശ്രദ്ധം വായിച്ചു എങ്കിലും അദ്ദേഹത്തിൻറെ ആർട്ടിക്കിൾ ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹത്തിൻറെ ബാലിവിജയത്തിൽ രാവണൻ പിന്നീട് കാണാൻ ഒരു അവസരം എനിക്ക് ഉണ്ടായില്ല. 

ഈ "രാവണവിശേഷങ്ങൾ" അദ്ദേഹവുമായി പങ്കുവച്ചപ്പോൾ  അദ്ദേഹം എന്റെ ഓർമ്മശക്തിയെ അങ്ങേയറ്റം അഭിനന്ദിക്കുകയും നിന്നിൽ കൂടി ഇപ്പോൾ എന്റെ ചെല്ലപ്പൻപിള്ള ചേട്ടനെ സ്മരിക്കുന്നു എന്നുമാണ് അഭിപ്രായപ്പെട്ടത്. 
                                                                                                                 (തുടരും)