പേജുകള്‍‌

2015, മേയ് 3, ഞായറാഴ്‌ച

ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന് ബാഷ്പാഞ്ജലി


ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാൻ കൊട്ടാരക്കരയ്ക്ക് സമീപം വെളിനല്ലൂർ കിഴക്കേമേലതിൽ ശ്രീമതി പാർവതിയമ്മയുടെയും തുള്ളൽ വിദഗ്ദൻ.   ശ്രീ.പുത്തൻ മഠത്തിൽ ശങ്കരപ്പിള്ളയുടെയും  പുത്രനായി   26-06-1936 -ൽ ജനിച്ചു. ചെറുപ്പകാലം   മുതലേ നാദസ്വരത്തിലും സംഗീതത്തിലുമുള്ള     അഭിരുചി മനസിലാക്കിയ അദ്ദേഹത്തിൻറെ  മാതുലന്റെ സഹായത്തോടെ   ശ്രീ. കടയ്ക്കാവൂർ വേലുക്കുട്ടി നായരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. ഈ അവസരത്തിൽ  ശ്രീ. വൈക്കം വാസുദേവൻ നായരുമായി പരിചയപ്പെടുവാനും ഉപദേശങ്ങൾ നേടുവാനും അദ്ദേഹത്തിനു സാധിച്ചു.   17 -മത്തെ വയസ്സിൽ കേരള കലാമണ്ഡലത്തിൽ ചേർന്ന്  കഥകളി   സംഗീതം അഭ്യസിച്ചു. ശ്രീ. ശിവരാമൻ നായർ, ശ്രീ. മാധവപ്പണിക്കർ, ശ്രീ. നീലകണ്ഠൻ നമ്പീശൻ എന്നിവരായിരുന്നു ഗുരുനാഥന്മാർ.  ഇരുപത്തി ഒന്നാമത്തെ വയസ്സിൽ കലാമണ്ഡലത്തിൽ വെച്ച് അരങ്ങേറ്റം നടത്തി.   ആറുവർഷത്തെ സംഗീത അഭ്യസനം പൂർത്തിയാക്കിയ അദ്ദേഹം എഴാം വർഷത്തിൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. കലാമണ്ഡലം കളരിയിൽ നിന്നും കഥകളി സംഗീതജ്ഞന്മാരായി പുറത്തുവന്ന നാൽപ്പതിലധികം കലാകാരന്മാരെയാണ് ആശാൻ സംഗീതം അഭ്യസിപ്പിച്ചത്.  

                                                     
                                                              ശ്രീ. ഗംഗാധരൻ ആശാൻ

1991-ൽ  വൈസ്പ്രിൻസിപ്പാൾ  പദവിവഹിച്ചുകൊണ്ട്   അദ്ദേഹം കലാമണ്ഡലത്തിൽ നിന്നും വിരമിച്ചു.  ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പ് എന്നീ ഗായകരുടെ ശിങ്കിടി ഗായകനായി അരങ്ങിൽ പ്രവർത്തിക്കാൻ സാധിച്ചത് മഹാഭാഗ്യമായിട്ടാണ് ആശാൻ വിശ്വസിച്ചിരുന്നത്.   കേരള കലാമണ്ഡലം പുരസ്കാരം,സംഗീത  നാടക അക്കാഡമി പുരസ്കാരം, കൊട്ടാരക്കര തമ്പുരാൻ പുരസ്കാരം എന്നിങ്ങനെ അനേകം പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്. കേരളകലാമണ്ഡലം ചുമതല വഹിച്ച ധാരാളം വിദേശയാത്രകളിലൂടെ ഒട്ടനവധി നാടുകൾ സന്ദർശിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.   
  2015 ഏപ്രിൽ 26 -ന്   അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 


  
ആശാനും  കുടുംബവും 
                                                 
                                                    ശ്രീ. മടവൂർ ആശാനും ശ്രീ. ഗംഗാധരൻ ആശാനും.

ശ്രീ. ഗംഗാധരൻ ആശാന്റെ ഏറ്റവും പ്രധാന ആത്മമിത്രമായി കണ്ടിരുന്നത്‌ ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാനെയായിരുന്നു. ശ്രീ.  ഓയൂർ ആശാൻ മരണപ്പെടുന്ന കാലംവരെ ആ ആത്മബന്ധം നിലനിർത്തുവാൻ ആശാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

 എന്റെ ചെറുപ്പകാലം മുതൽ അദ്ദേഹത്തിൻറെ ധാരാളം അരങ്ങുകളുടെ മുന്നിൽ  എത്തിച്ചേരുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കരുതുന്നു. ശിഷ്യന്മാരായ ശ്രീ. കലാമണ്ഡലം (വെണ്മണി) ഹരിദാസ്, ശ്രീ.കലാമണ്ഡലം  രാധാകൃഷ്ണൻ, ശ്രീ. കലാമണ്ഡലം രവീന്ദ്രൻ എന്നിവരുമൊത്ത് പ്രവർത്തിച്ച അരങ്ങുകൾ  മനസാസ്മരിച്ചു കൊണ്ട് ബഹുമാന്യനായ ഗംഗാധരൻ ആശാന് ഞാൻ   കണ്ണീർ അഞ്ജലി സമര്പ്പിക്കുന്നു.

ശ്രീ.ഗംഗാധരൻ ആശാന്റെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങൾ, ശിഷ്യന്മാർ, സുഹൃത്തുക്കൾ, ആസ്വാദകർ എന്നിവരോടൊപ്പം ഞാനും ദുഖത്തിൽ പങ്കുചേരുന്നു.  

  
പ്രത്യേക അറിയിപ്പ്: എന്റെ ഈ ബ്ലോഗിൽ ചേർത്തിട്ടുള്ള ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന്റെ എല്ലാ ഫോട്ടോകൾക്കും    ഫേസ്ബുക്കിലെ   പോസ്റ്റുകളോട് കടപ്പാട് അറിയിക്കുന്നു.  

5 അഭിപ്രായങ്ങൾ:

 1. കുറിപ്പിന് നന്ദി അംബുചേട്ടാ.
  ഒരു കാര്യം, ആശാന് വൈക്കം വാസുദേവൻ നായരുടെ ശിഷ്യത്വം ഉണ്ടോ?!
  കടക്കാവൂർ വേലുക്കുട്ടി ഭാഗവതരുടെ കീഴിലാണ് കർണാടക സംഗീതം പഠിച്ചത്. കടക്കാവൂർ വേലുക്കുട്ടി ഭാഗവതരുടേയും വൈക്കം വാസുദേവൻ നായരുടേയും ഗുരു ഒരാൾ തന്നെ , മന്നാർഗുഡി രാജഗോപാല പിള്ള, ആയിരുന്നു എന്ന് ആശാൻ പറഞ്ഞറിയാം.

  മറുപടിഇല്ലാതാക്കൂ
 2. Mr. Ratheesh: തിരുത്ത് ശ്രദ്ധിക്കുക.

  മറുപടിഇല്ലാതാക്കൂ
 3. കുറിപ്പു് നന്നായി. പരേതനെക്കുറിച്ചു് അരങ്ങനുഭവങ്ങള്‍ അല്പം കൂടി ആകാമായിരുന്നു എന്നു തോന്നി. കൂടുതല്‍ പിന്നീടു് ഉണ്ടാകുമെന്നു പ്രതീക്ഷിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 4. ശ്രീ. നിഷികാന്ത് കാട്ടിൽ : സംഗീതത്തെ കുറിച്ച് എഴുതുവാനുള്ള അറിവ് വളരെ കുറവ് തന്നെയാണ്. ശ്രീ. ഗംഗാധരൻ ആശാന് ഏറ്റവും യോജിച്ചിരുന്ന ശിങ്കിടി ശ്രീ. പി. ജി. രാധാകൃഷ്ണൻ എന്നാണ് എന്റെ അനുഭവം. ആശാൻ പാടുന്നത് പോലെ തന്നെ ശ്രീ. പി. ജി. രാധാകൃഷ്ണൻ പാടി കേട്ടിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ